- ദൈവക്കല്ല് (ഒരു കല്ലിന്റെ കഥ 1)
- കുഞ്ഞുണ്ണി (ഒരു കല്ലിന്റെ കഥ 2)
- കുഞ്ചാറുമുത്തന്‍ (ഒരു കല്ലിന്റെ കഥ 3)
”ഉണ്ണിക്ക് എവിടുന്നാ ഈ കല്ല് കിട്ടിയത്?” ത്രികോണാകൃതിയിലുള്ള ആ കരിങ്കല്‍ കഷണം തിരിച്ചും മറിച്ചും നോക്കിയശേഷം മുത്തശ്ശി ചോദിച്ചു.
”പൊഴേന്ന് കിട്ടിയതാണ്.” കണ്ണനുണ്ണി പറഞ്ഞു.
മുത്തശ്ശി ഒന്നു നെടുവീര്‍പ്പിട്ടു.
”ഉണ്ണീ, ഇതൊന്നും വീട്ടില്‍ കൊണ്ടുവരാന്‍ പാടില്ല. ഇത് ദൈവക്കല്ലാണ്. മനസ്സിലായോ?”
മുത്തശ്ശിയുടെ മുഖത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഗൗരവം.
കണ്ണനുണ്ണിക്ക് ഒന്നും മനസ്സിലായില്ല. അവന്‍ മുത്തശ്ശിയെ മിഴിച്ചു നോക്കി.
മുത്തശ്ശി തുടര്‍ന്നു:
”ഇത്തരം കല്ലുകള്‍ ആരെങ്കിലും ദൈവമായി സങ്കല്പിച്ച് ആരാധിച്ചുവന്നതായിരിക്കും. പിന്നീട് എന്തെങ്കിലും കാരണംകൊണ്ട് പുഴയില്‍ ഉപേക്ഷിച്ചതാവാം.”
”ഏതു ദൈവത്തിന്റെ കല്ലാണിത്?”
അല്പനേരത്തെ ആലോചനയ്‌ക്കൊടുവില്‍ കണ്ണനുണ്ണി ചോദിച്ചു.
”അങ്ങനെ ചോദിച്ചാല്‍… കണ്ടാകര്‍ണനോ, കറുപ്പസ്വാമിയോ, കാളിയോ, ചാത്തനോ ഒക്കയാവാം.”
”ഈ കല്ലോ!”
അവന് ആശ്ചര്യം അടക്കാനായില്ല.
”ഉണ്ണീ, ഒക്കെ ഓരോ സങ്കല്പങ്ങളാണ്. ഒരു ശില്പി കല്ലിലോ മരത്തിലോ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുന്നു. അതോടെ അത് കല്ലോ മരമോ അല്ലാതാകുന്നു. അതുപോലെയാണ് ഈ കല്ലും. ഇത് കണ്ടാകര്‍ണനാണെന്നു സങ്കല്‍പ്പിച്ചാല്‍ കണ്ടാകര്‍ണനായി. കാളിയെന്നു സങ്കല്പച്ചാല്‍ കാളി. ഉണ്ണിക്ക് മനസ്സിലാകുന്നുണ്ടോ?”
ഉണ്ണിക്ക് ഒന്നും മനസ്സിലായില്ല.
”എന്താ ഉണ്ണീ പ്രശ്‌നം?”
ഓഫീസില്‍ നിന്നും തിരിച്ചെത്തിയ അച്ഛന്‍ ചോദിച്ചു.
”അച്ഛാ, കല്ലും മണ്ണും മരവുമൊക്കെ ദൈവമാണോ?”
”തീര്‍ച്ചയായും. കല്ലും മണ്ണും മരവുമൊക്കെ പ്രകൃതിയുടെ ഭാഗമല്ലേ. പ്രകൃതി തന്നെയാണ് ദൈവം.”
”ഈ കല്ലും?” അവന്‍ പുഴയില്‍ നിന്നും കിട്ടിയ ത്രികോണക്കല്ല് ഉയര്‍ത്തിക്കാണിച്ചു.
”എന്താ സംശയം. ഈ കല്ലിലും പ്രകൃതിയുടെ കയ്യൊപ്പുണ്ട്.”
അച്ഛന്‍ ഉറപ്പിച്ചു പറഞ്ഞു.
ഉണ്ണിക്ക് ഒരു കാര്യം ഉറപ്പായി. അവന്‍ കൊണ്ടുവന്നിരിക്കുന്നത് ഒരു ദൈവക്കല്ലാണ്.
”നീ ഇത് കിട്ടിയിടത്തുതന്നെ കൊണ്ടു ചെന്നിട്.” മുത്തശ്ശി ഉപദേശിച്ചു.
”എന്തിന്?” അവന്റെ മുഖംവാടി.
”അല്ലെങ്കില്‍ പ്രശ്‌നമാണ്. ഇത് ഏതുമൂര്‍ത്തിയാണെന്ന് ആര്‍ക്കറിയാം. വല്ല ചാത്തനോ മറ്റോ ആണെങ്കില്‍ പണിയായി.”
”ചാത്തനോ?”
”അതെ, കുട്ടിച്ചാത്തന്‍.”
”ചാത്തന്‍ നല്ല കുട്ടിയല്ലേ. ഒരു സിനിമയില്‍ ചാത്തന്‍ നല്ല കുട്ടിയാണല്ലോ.”
”ഓ, നിനക്കതൊന്നും മനസ്സിലാവില്ല ഉണ്ണീ. നീ എത്രയും വേഗം ഇതിനെ പുഴയില്‍ കൊണ്ടു ചെന്നിട്.”
മുത്തശ്ശി നെറ്റി ചുളിച്ചു.
”ഉണ്ണിയിത് പുഴയിലൊന്നും കൊണ്ടിടണ്ട. ഈ കല്ല് ഒരു കുഴപ്പോം ഉണ്ടാക്കില്ല”
അച്ഛന്‍ അഭിപ്രായപ്പെട്ടു.
മുത്തശ്ശിക്ക് അപ്പറഞ്ഞത് തീരെ ഇഷ്ടമായില്ലെന്നു തോന്നുന്നു. മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ല.
കണ്ണനുണ്ണി ആ കല്ലുമായി അവന്റെ മുറിയിലേയ്ക്കു ചെന്നു. അവനത് മേശപ്പുറത്ത് പുസ്തകങ്ങള്‍ക്കരികിലായി വച്ചു. ഇതൊരു ചാത്തന്‍ കല്ലായിരുന്നുവെങ്കില്‍…
അവന്‍ അറിയാതെ ആഗ്രഹിച്ചുപോയി.
അത്താഴം കഴിഞ്ഞ് കിടന്നപ്പോഴും അവന്റെ ചിന്തകള്‍ ദൈവക്കല്ലിനെക്കുറിച്ചായിരുന്നു.
ആരായിരിക്കും ഇതിനെ പുഴയിലിട്ടത്? എന്തായിരിക്കും കാരണം? ഇതിലുള്ള ദൈവം മരിച്ചതുകൊണ്ടായിരിക്കുമോ? അതിന് ദൈവങ്ങള്‍ മരിക്കില്ലല്ലോ. പിന്നെന്തായിരിക്കും കാരണം?
ഉണ്ണി അങ്ങനെ പലതും ആലോചിച്ചു കൂട്ടി. അതിനിടയില്‍ അവന്‍ എപ്പോഴോ ഉറക്കത്തിലേയ്ക്കുവീണു.
(തുടരും)