വായന കഴിഞ്ഞ പുസ്തകം തിരിച്ചുകൊടുക്കാന്‍ മുകുന്ദനുണ്ണിയുടെ വീട് വരെപോയതായിരുന്നു.
ചെന്ന പാടെ പുള്ളി ചോദിച്ചു.
‘അല്ല ഇന്നലെ അയ്യപ്പന്‍ വിളക്കിനു കണ്ടില്ലല്ലോ?’
‘ഇല്ല… ഞാന്‍ വന്നില്ല. എങ്ങനെ പതിവ് പോലെ നന്നായി നടന്നുവല്ലേ?’
‘ഉം… പതിവിലും ഗംഭീരം. ആനയുണ്ടായിരുന്നു എന്ന് മാത്രമല്ല. കലാപരിപാടികളും.’
‘ഇതാണ് ഒരു കാര്യം. അയ്യപ്പന്‍ വിളക്കിനു’ ആന നിര്‍ബ്ബന്ധാ അല്ലെ? ആന എന്തിനാ? പുലിയല്ലേ വേണ്ടത്? അയ്യപ്പന് പുലിയോടല്ലേ ഇഷ്ടം?’
‘ഹ.ഹ.ഹ’ മുകുന്ദനുണ്ണി ചിരിച്ചിട്ട് പറഞ്ഞു ‘എന്നാല്‍ നല്ല കൂത്താവും. ഈ ചൂടും പോകേം പന്തോം ചെണ്ടയും പടക്കോം ഒക്കെ എത്ര ഇണങ്ങിയ പുലിയും സഹിക്കുമോ?’
‘ശരിയാണ്. എന്നാല്‍ തൃശ്ശൂര്‍ പൂരക്കളിയിലെ ഒരു പുലിയെ വാടകയ്ക്ക് എടുത്താല്‍ പോരെ? അതാവുമ്പോ മൃഗസംരക്ഷണ വകുപ്പിന്റെ പേടിയും വേണ്ട, മൃഗസ്‌നേഹികളുടെ കണ്ണുരുട്ടലും വേണ്ട.’
‘ഹ.ഹ… ആലോചിക്കാം. അതല്ല ഇപ്പൊ പാലക്കൊമ്പ് എഴുന്നള്ളത്ത് വൈകിപ്പിച്ച് ആ സമയത്ത് സ്റ്റേജ് പരിപാടിയും ഉണ്ട്. ഇന്നലെ മോഹിനിയാട്ടവും മറ്റും ഉണ്ടായിരുന്നു.’
‘അതെന്താ? മോഹിനി അയ്യപ്പന്റെ അമ്മയായത് കൊണ്ടാണോ.. മോഹിനിയാട്ടം? ഓരോരോ പരിഷ്‌ക്കാരങ്ങള്‍. പിന്നെ ഇത് ആചാരമാവും. വാവരും യുദ്ധവും പള്ളിയും പള്ളി പൊളിക്കലും ഒക്കെ ഉണ്ടായിരുന്നില്ലേ?’
‘എല്ലാം മുറപോലെ. പക്ഷെ ഉണ്ണിപ്പിണ്ടിയും വാഴപ്പോളയും കൊണ്ട് ഉണ്ടാക്കുന്ന മന്ദിരങ്ങളും പള്ളിയും എല്ലാം മനോഹരം തന്നെ.’
‘അയ്യപ്പന്‍ വിളക്ക് ശരിക്ക് മദ്ധ്യമലബാറിന്റെ നാടന്‍ കലയാണ്. തെക്കോട്ട് ശാസ്താം പാട്ട് ആണ്. ഓരോ ഇടത്തില്‍ ഓരോ മാതിരി. ചിലയിടത്ത് കര്‍പ്പൂരാഴി, കിണ്ടി തലയില്‍ വെച്ച് നൃത്തം… എനിക്ക് തോന്നുന്നത് പണ്ട് മലബാറിലെ ജനങ്ങള്‍ക്ക് ശബരിമല വരെ പോയി വരുക എന്ന് വെച്ചാല്‍ വളരെ ദുഷ്‌കരമായ സാഹസമുള്ള പരിപാടിയായിരുന്നു അതിനാല്‍ അയ്യപ്പനെ ആരാധിക്കാന്‍ അവര്‍ കണ്ടുപിടിച്ച ഒരു സൂത്രപ്പണിയാണിത്. എന്തായാലും അയ്യപ്പന്‍ പാട്ടാണ് രസകരം.’
അത് പറഞ്ഞതോടെ വള്ളുവനാട്ടുകാരനായ മുകുന്ദനുണ്ണിയ്ക്ക് രസം കൂടി.
‘അതിലും പൊലിപ്പാട്ട് ഏറെ രസകരം തന്നെ. പക്ഷെ ഇവിടെ കോഴിക്കോട്ട് ഭാഗത്ത് പൊലിപ്പാട്ടിന് അത്ര പ്രാധാന്യമില്ല. ഞങ്ങളുടെ നാട്ടില്‍ വൈകീട്ടത്തെ എഴുന്നള്ളത്ത് കഴിഞ്ഞാല്‍ തിരി ഉഴിച്ചില്‍ വരെ പൊലിപ്പാട്ട് ഉണ്ടാകും. പാതി രാത്രി തുടങ്ങുന്ന അത് ജനങ്ങളെ ഉറക്കമൊഴിക്കാന്‍ സഹായിക്കും. ഈ പൊലി എന്ന് പറഞ്ഞാല്‍ പാട്ടുകാര്‍ക്ക്, വിളക്ക് കഴിക്കുന്നവര്‍ക്ക്, കിട്ടുന്ന’അഡീഷണല്‍ ഡൊണേഷന്‍’ ആണ്.’
‘അതെ ഞാന്‍ കേട്ടിട്ടുണ്ട്. അയ്യപ്പന്റെ കഥ മുഴുവന്‍ പാട്ടിലൂടെ ചൊല്ലും വാവരുടെ ചരിത്രം, ശിവന്‍ പൂമരമായി നിന്നത്, പാത്തുമ്മയുടെ പൂമരം കാണുവാനുള്ള പുറപ്പാട്, എന്നിവയും പാട്ടിലുണ്ട്.
പൂമരം കണ്ട് പാത്തുമ്മയ്ക്ക് കോരിത്തരിച്ചുവത്രെ. അതിനു ശേഷമാണ് പാത്തുമ്മ വാവരെ പെറ്റത്. അങ്ങനെ ‘പാത്തുമ്മ പെറ്റ’ എന്ന പാട്ടുമുണ്ടായി… ഹ.ഹ..’
‘പൊലിപ്പാട്ട് തകര്‍ക്കും അതിനിടയില്‍ തങ്ങള്‍ക്ക് കിട്ടേണ്ടത് ഇങ്ങോട്ട് പോരട്ടെ എന്നും പാടും അല്ലെ? ‘ഹ..ഹ.’ മുകുന്ദനുണ്ണി ചിരിച്ചു.
‘അതെ.. കണ്‌ഠേനയ്യന് നേര്‍പൊലി ചെയ്താല്‍ കണ്ടകശ്ശനി വേരറ്റു പോകും’ എന്നൊക്കെയുള്ള വരികള്‍.’
മാത്രമല്ല ചിലപ്പോള്‍ അവര്‍ വിരട്ടും
‘നൂറിന്റെ നോട്ട് കയ്യിലില്ലെങ്കില്‍
അഞ്ഞൂറിന്‍ നോട്ട് പൊലിക്ക വേണം.
കാശ് പൊലിക്കാന്‍ കയ്യിലില്ലെങ്കില്‍
കടം വാങ്ങി പൊലിക്ക വേണം
കാശ് പൂത്തത് കീശേല് വെച്ച്
കണ്‌ഠേനയ്യന് പൊലി ചെയ്യായ്കില്‍
കണ്ണ് രണ്ടും തരികിട തിമിര്‍തൈ.’
‘അയ്യോ.. അത് കടന്നകൈ അല്ലെ?..’
‘അതെ.. സന്തതി, സമ്പത്ത്, സല്‍ബുദ്ധി എന്നിവയ്ക്കാണ് പൊലിപ്പാട്ട് പാടുന്നത്. എന്നാല്‍ ‘കഥയല്ലാത്തൊരു കഥ പാടുമ്പോള്‍ ശ്രദ്ധിച്ചു കേള്‍ക്കണേ നാട്ടുകാരേ’ എന്നവര്‍ പാടുന്നുണ്ട്, ക്ഷമിക്കാന്‍ പറയുന്നുമുണ്ട്.
ഈ പൊലിപ്പാട്ടുകാര്‍ യാഥാര്‍ത്ഥത്തില്‍ നല്ല നിമിഷകവികളാണ്. അല്ലെ?’
‘അതെ. അവര്‍ നല്ല നിരീക്ഷകരാണ്.. ഓരോരുത്തരെയും മൊത്തത്തിലും കാണികളെ നിരീക്ഷിച്ചും ഓരോന്ന് ചൊല്ലും.. പൊലിക്കാന്‍ വരുന്നവരെ കുറിച്ചും വരാത്തവരെയും കുറിച്ചും, താടിയുള്ളയാള്‍, വലിയ വയറുള്ളയാള്‍, തലേക്കെട്ട് ഉള്ള ആള്‍, പാന്റ് ഇട്ടയാള്‍, യുവതികള്‍, വൃദ്ധകള്‍ എല്ലാവരെ കുറിച്ചും ഓരോ തമാശ കലര്‍ന്ന വരികള്‍ ചൊല്ലും.
ആര്‍ക്കെങ്കിലും ഉറക്കം വന്നിട്ട് തൂങ്ങിയാല്‍ അതിനെ കളിയാക്കി.
‘അത്തിപ്പൊത്തിലെ നത്തിനെപ്പോലെ കുത്തിരുന്ന് തൂങ്ങ്ണ് കണ്ടോ.. ‘ എന്ന് പാടി ‘കണ്ടോ കണ്ടോ’ എന്ന് നീട്ടി പറയും അപ്പോള്‍ എല്ലാവരും ആരാണ് ഉറങ്ങുന്നത് എന്ന് തിരയും. അതോടെ എല്ലാവരുടെയും ഉറക്കവും പോകും.’
‘നല്ല പാട്ടുകാര്‍ പനമണ്ണ മുത്തുആശാന്‍, പൈങ്കുളം മഹേഷും, വളാഞ്ചേരി, കോട്ടയ്ക്കല്‍ പാങ്ങ് ഭാഗത്തെ വിളക്കുകാര്‍ എന്നിവരൊക്കെയാണ് എന്ന് കേട്ടുകേള്‍വി.’
‘എന്നാലും അധികം അധ്വാനിക്കാത്ത വിളക്കുകാരുമുണ്ട്. ചിലര്‍ അയ്യപ്പന്‍ വാവര്‍ യുദ്ധമൊക്കെ ഗംഭീരമാക്കും. പള്ളിയൊക്കെ ശരിക്ക് പൊളിച്ചിടും.’
‘മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയാണ് അയ്യപ്പ ഭക്തരുടെ വാവരുടെ പള്ളിയില്‍ പോകലും മറ്റും എന്ന് ഏഷ്യാനെറ്റില്‍ ഒരു ഡോക്യൂമെന്ററിയില്‍ കാണാനിടയായി. ഇതൊക്കെ വണ്‍ വേ ട്രാഫിക് ആണെന്ന് അവര്‍ പറയില്ല. ഹിന്ദുക്കള്‍ പൊതുവെ ബുദ്ധിമോശം കൊണ്ടും സമാധാന പ്രേമികളായതുകൊണ്ടും മാത്രമല്ല, ‘Love and respects for Tormentors’ ‘-ഉപദ്രവിച്ചോരോട് ബഹുമാനം കാണിക്കുക’ എന്ന തത്വചിന്തയിലും വിശ്വസിക്കുന്നവരാണ് എന്ന് ഈയിടെ ഒരു ലേഖനത്തില്‍ വായിച്ചതോര്‍ക്കുന്നു.’
‘ഇങ്ങോട്ട് ബഹുമാനം കാട്ടാത്തവരോട് എന്തിന് അങ്ങോട്ട് കാട്ടണം? ബഹുമാനം പോട്ടെ എന്നും അവഹേളനം മാത്രം കാട്ടുന്നവരോട് പ്രത്യേകിച്ചും.’
‘എരുലേിയില്‍ വാവരുടെ പള്ളിയില്‍ പോകരുത് എന്ന ക്യാമ്പയിന്‍ നടക്കുന്നുണ്ടല്ലോ അതിന്റെ ഭാഗമായിട്ടാണോ ഇത്?’
‘എന്തിന്റെ ഭാഗമായാലും ആളുകളെ സത്യം ധരിപ്പിക്കണം. വിഡ്ഢിവേഷം കെട്ടരുത് എന്നും പറയണം. ശബരിമല സമരക്കാലത്ത് ഈ എരുമേലി പള്ളിക്കമ്മിറ്റി എന്ത് നിലപാടാണ് സ്വീകരിച്ചത്? വാവര് അയ്യപ്പന്റെ അംഗരക്ഷകനായിരുന്നു എന്നല്ലേ പറയുന്നത്? അംഗരക്ഷകന്റെ പിന്മുറക്കാര്‍ തേങ്ങയും കുരുമുളകുമൊക്കെ വാങ്ങി വെച്ച് ഭസ്മം കൊടുക്കുന്നവര്‍, അങ്ങനെയാണോ ചെയ്യേണ്ടത്?’
മുകുന്ദനുണ്ണി ചൊടിച്ചു.
‘എല്ലാം കള്ളക്കഥകളാണ്. വാപുരനെ ചിലര്‍ വാവരാക്കിയതാണ് സമുദ്രതീരയുദ്ധം അറബികള്‍. എല്ലാം കെട്ടുകഥയാണ്. കുരുമുളക് ചുമ്മാ ഫ്രീയായി കിട്ടിയാല്‍ വന്‍ വിലയ്ക്ക് വിറ്റു ധനം നേടാനുള്ള മാര്‍ഗ്ഗം. ഒരാള്‍ അഞ്ച് ഗ്രാം കുരുമുളക് കൊണ്ടുവന്നാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊണ്ടുവരുന്ന കുരുമുളക് എത്ര ടണ്‍ കാണും? അങ്ങനെ എത്ര കാലം? ദക്ഷിണ എന്ന പേരില്‍ പണം വേറെയും. വെറുതെയല്ല പള്ളി കമ്മിറ്റി ധനികരായത്. ദേവസ്വം ബോര്‍ഡിന് ഒരു പൈസ കിട്ടില്ല. കണക്കു പോലും ചോദിക്കാന്‍ സാധ്യമല്ല. എന്നാലും വണ്‍ വേ ട്രാഫിക് ആയ മത സൗഹാര്‍ദ്ദം തകരാന്‍ പാടില്ലാ എന്നാണ്.’
ഞാന്‍ മുകുന്ദനുണ്ണിയെ തണുപ്പിക്കാന്‍ ചോദിച്ചു.
‘എന്നാലും നമുക്ക് അയ്യപ്പന്‍ വാവര്‍ യുദ്ധം അയ്യപ്പന്‍ വിളക്കിന് വേണം അല്ലെ?
‘അയ്യപ്പന്‍ വെട്ടുന്നു. വാവര് താ-ടുക്കുന്നു, അയ്യപ്പാ.. വെട്ടല്ലേ കയ്യുമ്മേ വെട്ടല്ലേ’ എന്ന പാട്ടു കേട്ടാല്‍ ചിരിക്കാത്തവരുണ്ടോ? വാവരോ ഓടി ഒളിച്ച് അള്ളോ എന്ന് വിളിച്ചു എന്തൊക്കെ തമാശകള്‍..
‘ഹ..ഹ ഹ..’ മുകുന്ദനുണ്ണി ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു.
‘ഒരു കാര്യം. യുദ്ധം കഴിഞ്ഞു. അയ്യപ്പന്‍ ജയിച്ചു. വാവര് തോറ്റു. വാവരുടെ പള്ളിയെല്ലാം പൊളിഞ്ഞു. വാവര് അയ്യപ്പമതം സ്വീകരിച്ച് വാവരുസ്വാമിയായി. അപ്പൊ പിന്നെ ആ ഘര്‍വാപസിയല്ലേ നാം ആഘോഷിക്കേണ്ടത്? ഇങ്ങനെ കരഞ്ഞു പിടിച്ച് നടക്കണോ?’
‘അത് ശരി’ എന്നായി മുകുന്ദുനുണ്ണി.
‘അപ്പോള്‍ ഇപ്പോഴത്തെ പള്ളിയെല്ലാം അവിടെ കിടക്കട്ടെ. ആരും പോകണ്ട. എരുമേലി അമ്പലത്തില്‍ ഒരു വാവരുസ്വാമിയുടെ കോവില്‍/അമ്പലം തുടങ്ങാം. എന്താ? കുരുമുളകും തേങ്ങയുമൊക്കെ അവിടെ കൊടുക്കട്ടെ, ദക്ഷിണയും.’
‘ദേവസ്വം ബോര്‍ഡ് അതിനു സമ്മതിക്കുമോ? അവര്‍ തീര്‍ത്തും ഹിന്ദു വിരുദ്ധരും ന്യൂനപക്ഷ പോഷകരുമല്ലേ?’
‘അവര് സമ്മതിക്കില്ലെങ്കില്‍ വേറെ എത്ര സംഘടനകള്‍ ഉണ്ട്. ക്ഷേത്ര സംരക്ഷണ സമിതി, അയ്യപ്പ സേവാ സമാജം, ഹിന്ദു ഐക്യവേദി അങ്ങനെ എത്രയെത്ര? സ്ഥലം വാങ്ങി അമ്പലം പണിയണം ഹേ. ഘര്‍വാപസി നടത്തിയ വാവരുസ്വാമിയുടെ കോവില്‍. അവിടെ നിന്നുള്ള ഭസ്മം യഥാര്‍ത്ഥ ഭസ്മം. ഡിമാന്‍ഡ് കൂടും. വിഡ്ഢിവേഷം കെട്ടല്‍ നില്‍ക്കും. നമ്മുടെ കിറ്റിയില്‍ നാല് കാശും വീഴും. ഒരു വെടിക്ക് രണ്ടോ മൂന്നോ പക്ഷികള്‍!’
‘ഇതെന്തുകൊണ്ട് ആര്‍ക്കും തോന്നിയില്ല. ഓരോന്നിനും ഓരോ കാലം ഉണ്ടല്ലേ?
‘ഹ.ഹ,ഹ.’ എന്ന് ചിരിച്ച് ഞങ്ങള്‍ പിരിഞ്ഞു.