മഹാപണ്ഡിതനും പ്രഭാഷകനുമായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ വിട പറഞ്ഞിട്ട് ഏഴ് വര്‍ഷം. ആ മഹാമനീഷിയുടെ ‘മഹാഭാരത പര്യടനം-ഭാരത ദര്‍ശനം പുനര്‍വായന’ എന്ന ഗ്രന്ഥത്തില്‍ വേദവ്യാസന്‍ അവതരിപ്പിക്കുന്ന ത്യാഗസങ്കല്‍പ്പത്തെ ശരിയായി വിലയിരുത്തുന്നു.
‘ത്യാഗ’മെന്നത് ഇക്കാലത്ത് വളരെയധികം ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പദവും സങ്കല്‍പ്പവുമാണ്. രാഷ്ട്രീയക്കാരില്‍ പലരും അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു മറയിടാന്‍ പ്രയോഗിക്കുന്ന വാക്കായി അത് മാറി. രക്തസാക്ഷികളെ സൃഷ്ടിച്ച് അവരെ ത്യാഗത്തിന്റെ പ്രതീകങ്ങളായി വാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് ശൈലി നമുക്ക് അപരിചിതമല്ലല്ലോ. ഈ പശ്ചാത്തലത്തിലാണ് ത്യാഗസങ്കല്പത്തിന്റെ യഥാര്‍ത്ഥ മൂല്യം വിശദമാക്കുന്ന പ്രൊഫ.തുറവൂര്‍ വിശ്വംഭരന്റെ ‘മഹാഭാരത പര്യടനം-ഭാരത ദര്‍ശനം പുനര്‍വായന’ എന്ന മഹത്തായ കൃതി ശ്രദ്ധേയമാകുന്നത്.
ഭഗവദ്ഗീതയിലെ ഏറ്റവും മഹത്തായ ആദര്‍ശം ത്യാഗമാണെന്ന് ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടുള്ള വീക്ഷണം തികച്ചും ഉചിതം തന്നെ. കാരണം ഗീതയില്‍ ഉത്തമപുരുഷാര്‍ത്ഥത്തിനായുള്ള സാധനയില്‍ പരമപ്രാധാന്യം നല്‍കിയിട്ടുള്ളത് ത്യാഗത്തിനാണ്. ഇവിടെ ത്യാഗം കര്‍മ്മത്യാഗമല്ല, കര്‍മ്മത്തിനു പിന്നിലെ സ്വാര്‍ത്ഥപരമായ ഫലേച്ഛയുടെ ത്യാഗമാണ്. ഈ ത്യാഗത്തെയാണ് ഭഗവാന്‍ കൃഷ്ണന്‍ യഥാര്‍ത്ഥ സന്ന്യാസമായി അംഗീകരിക്കുന്നത്. ത്യാഗം കൂടാതെയുള്ള സന്ന്യാസം സന്ന്യാസമല്ല.
കര്‍മ്മമനുഷ്ഠിച്ചുകൊണ്ടുതന്നെ സന്ന്യാസിയാകുന്ന വിദ്യയാണ് ഭഗവദ്ഗീതയുടെ കാതല്‍. സ്വാര്‍ത്ഥലക്ഷ്യം ത്യജിക്കുകയും പകരം സാമൂഹിക സേവനം ലക്ഷ്യം വയ്ക്കുകയും ചെയ്യുന്ന വിദ്യയാണ് ഇതിലെ പ്രധാന പാഠം.
നിഷ്‌കാമ കര്‍മവും സന്ന്യാസവും
നിഷ്‌കാമ കര്‍മ്മമാകുന്ന യോഗ വിദ്യയനുഷ്ഠിക്കുന്ന കര്‍മ്മയോഗിയെയാണ് സ്ഥിതപ്രജ്ഞനായും യഥാര്‍ത്ഥ സന്ന്യാസിയായും ഗീത അവതരിപ്പിച്ചിട്ടുള്ളത്. സ്ഥിതപ്രജ്ഞര്‍ക്ക് ഉദാഹരണങ്ങളായി എടുത്തുകാട്ടുന്നത് ജനക മഹാരാജാവിനെയും ഭഗവാന്‍ കൃഷ്ണനെയുമാണ്. ഇപ്രകാരമുള്ള കര്‍മ്മയോഗികളുടെ സേവനത്താലാണ് സമൂഹവും സൃഷ്ടിയും പുഷ്ടിപ്രാപിക്കുന്നത്. മറിച്ച് സ്വന്തം മോക്ഷം കാംക്ഷിച്ചുകൊണ്ട് കര്‍മ്മം ഉപേക്ഷിച്ച് ഏകാന്തവാസമനുഷ്ഠിക്കുന്ന അകര്‍മ്മിയെ ശ്രേഷ്ഠോദാഹരണമായി ഗീത കാണുന്നില്ല. ഏകാന്തത വെടിഞ്ഞ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന സന്ന്യാസിമാരില്‍ പോലും ആത്മീയോപദേശം നല്‍കുന്നതിലും ശിഷ്യന്മാര്‍ക്കുവേണ്ടി ആശ്രമം സ്ഥാപിക്കുന്നതിലും മാത്രം വ്യാപൃതരായിക്കഴിയുന്നവരുണ്ട്. എന്നാല്‍ സാമൂഹിക സേവനാര്‍ത്ഥം സക്രിയരായിരിക്കുന്നവരെ പൊതുവെ സന്ന്യാസിമാരായി ആരും കണക്കാക്കാറില്ല. സ്വാര്‍ത്ഥം വെടിഞ്ഞ് സേവനമനുഷ്ഠിക്കുന്ന ഇവരുടെ ത്യാഗം യഥാര്‍ത്ഥ സന്ന്യാസം തന്നെയാണെന്ന ഗീതയുടെ സാരം ‘മഹാഭാരത പര്യടനം’ സുവ്യക്തമാക്കുന്നു.
അകര്‍മ്മം യഥാര്‍ത്ഥ സന്ന്യാസമാണെന്ന് ഗീത അംഗീകരിക്കുന്നില്ല, കാരണം കര്‍മ്മം ജീവികള്‍ക്ക് സ്വാഭാവികമാണ്. ഭൂലോകം ജീവാത്മാക്കളുടെ കര്‍മ്മമണ്ഡലമാണ്. നമ്മുടെ കരണങ്ങളെല്ലാം പ്രകൃത്യാതന്നെ കര്‍മ്മം ചെയ്യുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. അതിനാല്‍ കര്‍മ്മം ഉപേക്ഷിക്കലല്ല, മനസ്സിലെ സ്വാര്‍ത്ഥ മോഹങ്ങളുടെ ത്യാഗമാണ് യഥാര്‍ത്ഥ സന്ന്യാസം. നിസ്സംഗരായി ലോകമംഗളത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ കര്‍മ്മബന്ധനത്തിലാവുന്നില്ല. കര്‍മ്മഫലത്തില്‍ ഇവര്‍ക്ക് ആശങ്കയുമില്ല. അതിനാല്‍ ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കര്‍മ്മയോഗികള്‍ സന്ന്യാസിമാര്‍ തന്നെയാകുന്നു.
ഭീഷ്മര്‍ രാജ്യവും ദാമ്പത്യ ജീവിതവും ഉപേക്ഷിച്ചത് സത്യവതിയുടെ ക്ഷേമത്തിനു വേണ്ടിയായിരുന്നല്ലോ. അതേ സത്യവതി ഭീഷ്മരോട് പുത്രന്‍ വിചിത്രവീര്യന്റെ പത്നിമാരായ അംബികയിലും അംബാലികയിലും സന്തതികളെ ഉത്പാദിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചപ്പോള്‍ ഭീഷ്മര്‍ അത് നിരസിക്കുകയാണ് ചെയ്തത്. ഇവിടെ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെ മഹാഭാരത പുനര്‍വായന വ്യക്തമാക്കുന്നത്, ഭീഷ്മരുടെ ധര്‍മ്മസങ്കല്പത്തിന്റെ സങ്കുചിതത്വമാണ്. കാലത്തിന്റെ ആവശ്യാനുസരണം പ്രതിജ്ഞകളുടെയും ശപഥങ്ങളുടെയും ഗതി ചിലപ്പോള്‍ മാറ്റേണ്ടതായി വരും. പ്രതിജ്ഞാലംഘനം കൊണ്ട് നീതിനിഷേധം സംഭവിക്കുന്നില്ലെങ്കില്‍, പുതിയ സാഹചര്യത്തില്‍ അതാണ് അഭികാമ്യമെങ്കില്‍, ധര്‍മ്മത്തിന്റെ വ്യാപ്തി അളന്നുനോക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ഭീഷ്മര്‍ അതിനു തയ്യാറായില്ല. ഭീഷ്മര്‍ നിരസിച്ച കാര്യത്തിനായി സത്യവതി നിയോഗിച്ചത് സര്‍വ്വലോകവന്ദ്യനായ വേദവ്യാസനെയായിരുന്നുവല്ലോ. ബ്രഹ്മജ്ഞാനിയും തപസ്വിയുമായ വ്യാസന് അതില്‍ യാതൊരു അധര്‍മ്മശങ്കയുമുണ്ടായില്ലെന്ന പുനര്‍വായനയിലെ നിരീക്ഷണം ചിന്തോദ്ദീപകമാണ്. വ്യാസന് ആ നിയോഗം നിഷ്‌കാമസേവനമായിരുന്നു. ഇവിടെ യഥാര്‍ത്ഥ ത്യാഗമെന്താണെന്നു തെളിയുന്നു.
ഭീഷ്മരുടെ രാജ്യനിരാസം
ഭീഷ്മരുടെ രാജ്യനിരാസം സ്വകാര്യ സംബന്ധമായിരുന്നു, പിതാവിന്റെ സന്തോഷത്തിനു വേണ്ടിയായിരുന്നു. സന്ന്യാസിവര്യനായ വ്യാസനാകട്ടെ രാജപരമ്പരയ്ക്കായി പുത്രോല്‍പ്പാദനം നടത്താന്‍ തയ്യാറാവുന്നു. അതുകൊണ്ട് ബ്രഹ്മചര്യം നഷ്ടമാകുന്നില്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ വിവര്‍ജ്ജിച്ച തപസ്വിക്ക് നേടാനും നഷ്ടപ്പെടാനുമൊന്നുമില്ല.
വ്യാസന്റെ തേജസ്സ് സ്വീകരിക്കാന്‍ വേണ്ട വ്രതശുദ്ധിയും പാകതയുമില്ലാതിരുന്ന രാജപത്നി അംബിക മഹര്‍ഷിയെ നിന്ദിച്ചതുകാരണം അവള്‍ക്ക് അന്ധനായ പുത്രന്‍ ജനിച്ചു. അകവും പുറവും അന്ധകാരമയമായിരുന്ന ധൃതരാഷ്ട്രരുടെ ജനനം കുലനാശകരമായി ഭവിച്ചു. ഭീഷ്മര്‍ സ്വന്തം ത്യാഗത്തിന്റെ പോരായ്മ മനസ്സിലാക്കിയിരുന്നുവെങ്കില്‍, സത്യവതി ആവശ്യപ്പെട്ടപ്രകാരം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കുരുവംശത്തിന്റെ ദുര്‍ഗതി ഒഴിവാക്കാമായിരുന്നു. സ്വന്തം പ്രതിജ്ഞയുടെ തടവുകാരനായി കഴിഞ്ഞ ഭീഷ്മര്‍ ത്യാഗത്തിന്റെ വ്യാപ്തിയെക്കുറിച്ച് തികച്ചും അജ്ഞനായിരുന്നുവെന്നാണ് ഇവിടെ തെളിയുന്നത്.
ത്രികാലജ്ഞാനിയായിരുന്ന വ്യാസന്റെ സേവനം പരിഹാസ്യവും കുരുവംശത്തിന് നിഷ്പ്രയോജനകരവുമായി ഭവിച്ചതിന്റെ കാരണക്കാരന്‍ ഭീഷ്മര്‍ മാത്രമല്ല, അത് ആ വംശാവലിയുടെ തന്നെ പൂര്‍വ്വകര്‍മ്മ ദോഷഫലമായിരുന്നുവെന്നാണ് ഈ പുനര്‍വായന വ്യക്തമാക്കുന്നത്. ലൗകിക തൃഷ്ണയ്ക്ക് അധീനനായിരുന്ന യയാതി രാജ്യത്തെ ഭോഗവസ്തുവായിക്കണ്ടു. പിന്നീട് ശന്തനുവിന്റെ അഭിലാഷമായിരുന്നു ഭീഷ്മരെ ശപഥത്തിന് പ്രേരിപ്പിച്ചത്. രാജ്യതാല്പര്യത്തിനായി ശന്തനു അത് ത്യജിക്കാന്‍ തയ്യാറായിരുന്നിട്ടുപോലും ധര്‍മ്മത്തെക്കുറിച്ചുള്ള ഭീഷ്മരുടെ അപക്വമായ കാഴ്ചപ്പാടായിരുന്നു വഴിതെറ്റിച്ചത്.
രാമനും ഭീഷ്മരും അവരുടെ ത്യാഗവും
രാമന്റെ ത്യാഗത്തെക്കാള്‍ ശ്രേഷ്ഠമാണ് ഭീഷ്മരുടെ ത്യാഗമെന്ന കുട്ടിക്കൃഷ്ണമാരാരുടെ വിവക്ഷയെ പ്രൊഫ.വിശ്വംഭരന്റെ പുനര്‍വായന നിരാകരിക്കുന്നു. മാരാരുടെ വിലയിരുത്തലിലെ യുക്തിരഹിതമായ നിലപാട് തുറന്നു കാട്ടുന്നതോടൊപ്പം, ആ വിമര്‍ശന ശൈലി വ്യാസന്റെ ഉദ്ദേശ്യത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന അഭിപ്രായവും പ്രൊഫ. വിശ്വംഭരന്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘ത്രികാലജ്ഞാനത്തിന്റെ ദിവ്യാനുഭൂതി ശീലമായിത്തീര്‍ന്നൊരു മഹാദാര്‍ശനികന്‍, കെട്ടിപ്പടുത്തുയര്‍ത്തിയിരിക്കുന്ന ഇതിഹാസകാവ്യത്തെ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ചു നശിപ്പിക്കുകയെന്ന പ്രതിലോമകരമായ മൂല്യനിര്‍ണയ രീതിയാണ് മാരാര്‍ ഇവിടെ അവലംബിച്ചിരിക്കുന്നത്.’ മാരാരുടെ വിവക്ഷയിലെ അനൗചിത്യം ഒരൊറ്റ ചോദ്യത്തിലൂടെ തന്നെ വിശ്വംഭരന്‍ വ്യക്തമാക്കുന്നു: പൊതുജനങ്ങള്‍ക്കിടയില്‍ ‘രാമരാജ്യ’മെന്ന സങ്കല്പനത്തിനു പകരം ‘ഭീഷ്മരാജ്യം’ എന്തുകൊണ്ട് ഉരുത്തിരിഞ്ഞില്ല? കാരണം രാമരാജ്യം ഉയര്‍ത്തിക്കാട്ടിയ ആദര്‍ശമായിരുന്നില്ല ഭീഷ്മരെ നയിച്ചത്. ഭീഷ്മരുടെ ത്യാഗത്തിന്റെ ഫലമായി രാജ്യം ദുര്‍ബുദ്ധികള്‍ കയ്യടക്കി. എന്നാല്‍ ഒരിക്കല്‍ ത്യജിക്കേണ്ടി വന്ന രാജ്യഭരണം വീണ്ടും സ്വീകരിച്ച രാമന്‍ കാഴ്ചവച്ച ആദര്‍ശഭരണം എക്കാലത്തും മാതൃകയായി നിലകൊള്ളുന്നു.
സാമൂഹിക നന്മയുടെ അടിത്തറയുള്ള ത്യാഗത്തിന്റെ മഹത്വം വ്യക്തിഗത വികാരങ്ങള്‍കൊണ്ടു കെട്ടിപ്പടുക്കുന്നതിന് ഉണ്ടാവില്ല. രാമന്റെ അനാസക്തി ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങളിലെല്ലാം സ്പഷ്ടമാകുന്നു. രാമന്‍ തന്റെ രാജ്യത്യാഗം കൊണ്ട് പിതാവിന്റെ ധര്‍മ്മസങ്കടത്തിന് പരിഹാരം കണ്ടെന്നതു കൂടാതെ കൈകേയിയുടെ ആവശ്യവും നിറവേറ്റി. പക്ഷേ കൈകേയി നിഷ്‌ക്കര്‍ഷിച്ച കാനനവാസത്തിനു ശേഷം രാജ്യഭരണമേറ്റെടുത്ത രാമന്‍ കര്‍ത്തവ്യനിരതനാകുന്നു. പത്നിയെ അപഹരിച്ചുകൊണ്ടുപോയവനെ വധിച്ച് അവരെ വീണ്ടെടുത്ത രാമന്‍ അത് തന്റെ ധര്‍മ്മമായിരുന്നുവെന്ന് സീതാപരിത്യാഗം കൊണ്ടു തെളിയിച്ചു. രാമരാജ്യത്തില്‍ പ്രജകളുടെ ഹിതമായിരുന്നു സ്വകാര്യ ജീവിതത്തെക്കാള്‍ പ്രധാനമെന്നതിന് ഉത്തമ നിദര്‍ശനമാണ് രാമന്റെ ആ മഹാത്യാഗം. മറിച്ച്, ഭീഷ്മരുടെ രാജ്യത്യാഗം പ്രജകള്‍ക്ക് വേണ്ടിയായിരുന്നില്ല, തികച്ചും സ്വകാര്യമായിരുന്നു. മാത്രമല്ല, പില്‍ക്കാലത്ത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം സത്യവതി ഭീഷ്മരോട് കുരുവംശത്തിന്റെ സന്താനത്തുടര്‍ച്ചക്കായി ശപഥമുപേക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും കര്‍മ്മവിമുഖനായി നിലകൊണ്ടു. ഇതിലുപരി, താന്‍ കുരുവംശപാലകനെന്ന മിഥ്യാധാരണ പുലര്‍ത്തിക്കൊണ്ട് കുതന്ത്രശാലികളും അധര്‍മ്മികളുമായ ധൃതരാഷ്ട്രരെയും സന്തതികളെയും മാത്രം പരിപാലിക്കുകയാണ് ചെയ്തത്. ഇതില്‍ എവിടെയാണ് രാജ്യത്തിനോ സാമൂഹിക നന്‍മയ്‌ക്കോ വേണ്ടി ഭീഷ്മര്‍ അനുഷ്ഠിച്ചിട്ടുള്ള ത്യാഗം എന്ന പ്രൊഫ.വിശ്വംഭരന്റെ ചോദ്യം ദാര്‍ശനിക നിരൂപണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. അതേസമയം നിഷ്‌കാമകര്‍മ്മയോഗിയായി സ്വധര്‍മ്മം നിറവേറ്റിയ രാജര്‍ഷിയായിരുന്നു രാമന്‍. എന്നാല്‍ ധര്‍മ്മത്തിന്റെയും ത്യാഗത്തിന്റെയും വ്യാപ്തിയും മഹത്വവുമറിയാതെ ത്യാഗികളും ധര്‍മ്മിഷ്ഠരുമെന്ന് സ്വയം ധരിക്കുന്നവര്‍ക്ക് ഉദാഹരണം മാത്രമാണ് ഭീഷ്മര്‍. ഇവര്‍ക്ക് വേണ്ടിയായിരുന്നു ഭഗവാന്‍ ഗീതയിലൂടെ അകര്‍മ്മം, വികര്‍മ്മം, നിഷ്‌കാമകര്‍മ്മം എന്നിവയുടെ വ്യാഖ്യാനത്തിലൂടെ കര്‍മ്മധര്‍മ്മങ്ങളുടെ വ്യാപ്തി വ്യക്തമാക്കുന്നത്.
പാഞ്ചാലീ വസ്ത്രാക്ഷേപം നിസ്സംഗതയോടുകൂടി കണ്ടിരുന്ന ഭീഷ്മര്‍ക്ക് കുരുക്ഷേത്ര യുദ്ധത്തിലും നിസ്സംഗനാകാമായിരുന്നു. എന്നാല്‍ ധര്‍മ്മിഷ്ഠരായ പാണ്ഡവര്‍ക്കെതിരെ ആയുധമെടുക്കാന്‍ ഭീഷ്മര്‍ മടിച്ചില്ല. കൗരവര്‍ യുദ്ധം ജയിച്ചാല്‍ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന ചിന്തയും പിതാമഹനെ അലട്ടിയില്ല. അഥവാ ഇതൊക്കെ മാനസിക സംഘര്‍ഷമുണ്ടാക്കിയിരുന്നെന്ന് വാദിക്കുകയാണെങ്കില്‍, അതിനര്‍ത്ഥം അപക്വമതിയായ ഭീഷ്മര്‍ മഹത്വപൂര്‍ണ്ണമായ വ്യക്തിത്വത്തിന് അര്‍ഹനായിരുന്നില്ലെന്നു മാത്രമാണ്.
ഭീഷ്മത്യാഗത്തിന്റെ പരിമിതികള്‍
‘ഭീഷ്മരുടെ മൂന്നു ധര്‍മ്മവിലോപങ്ങള്‍’ എന്ന തലക്കെട്ടില്‍ മഹാഭാരത പര്യടനം പുനര്‍വായന ചൂണ്ടിക്കാട്ടുന്നത് ഭീഷ്മരുടെ ത്യാഗത്തിന്റെ പോരായ്മയും, പാണ്ഡവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ക്രൂരമായ നീതിനിഷേധത്തില്‍ ഭീഷ്മരുടെ പങ്കുമാണ്. ഒരിക്കല്‍ ത്യജിച്ച രാജ്യം ഒരു തരത്തില്‍ ഭീഷ്മര്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന പുനര്‍വായനാ നിരീക്ഷണം ഏറെ അര്‍ത്ഥവത്താണ്. രാജകൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ ഭീഷ്മര്‍ ഉപേക്ഷിച്ചില്ലെന്നു മാത്രമല്ല, ഭരണ കാര്യങ്ങളിലിടപെട്ടും സേനാപതിസ്ഥാനം വഹിച്ചുകൊണ്ടും ഭീഷ്മര്‍ തന്നെയായിരുന്നു രാജ്യം ഭരിച്ചിരുന്നത്. ഇത് ഭീഷ്മരുടെ സ്ഥാനത്യാഗത്തെ അര്‍ത്ഥശൂന്യമാക്കി. പിതാമഹന്റെ ചില തീരുമാനങ്ങള്‍ അധര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നവയുമായിരുന്നു. ധൃതരാഷ്ട്രരും മകന്‍ ദുര്യോധനനും രാജ്യാവകാശത്തിന് അര്‍ഹരല്ലെന്ന് അറിയാമായിരുന്നിട്ടും പാണ്ഡവര്‍ക്ക് പകുതി രാജ്യം കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത് ഭീഷ്മരായിരുന്നുവെന്ന വിമര്‍ശനം ഉചിതം തന്നെയാകുന്നു. ഈ തീരുമാനം കാരണം പാണ്ഡവര്‍ക്ക് ഖാണ്ഡവ വനവും കൗരവര്‍ക്ക് ഹസ്തിനപുരവും നല്‍കിയത് തികച്ചും അന്യായമായിരുന്നു. മൂന്നാമത്, യുവരാജാവായിരുന്ന ധര്‍മ്മപുത്രരെ കുടുംബത്തോടൊപ്പം അരക്കില്ലത്തിലിട്ട് ദഹിപ്പിക്കാന്‍ തുനിഞ്ഞതിന് ദുര്യോധനന് ശിക്ഷകൊടുക്കാന്‍ മുതിരാത്ത രാഷ്ട്രതന്ത്രജ്ഞനായിരുന്ന ഭീഷ്മരുടെ അപരാധത്തിലേക്കും പ്രൊഫ. വിശ്വംഭരന്റെ വിശിഷ്ട ഗ്രന്ഥം വിരല്‍ ചൂണ്ടുന്നു.
അംബയുടെ പ്രതികാരം
കുരുക്ഷേത്രത്തില്‍ ഭീഷ്മരുടെ മൃത്യുവിന്റെ അന്ത്യശാസനവുമായി അര്‍ജ്ജുനനൊപ്പം മറ്റൊരു തേരില്‍ പ്രത്യക്ഷപ്പെട്ട അംബയുടെ പുനര്‍ജന്മമായ ശിഖണ്ഡിയെ അവതരിപ്പിച്ചതിലൂടെ, സ്ത്രീയോട് യുദ്ധം ചെയ്യുകയില്ലെന്ന ഭീഷ്മരുടെ സ്വഭാവമഹത്വം പ്രദര്‍ശിപ്പിക്കുകയായിരുന്നില്ല വ്യാസന്റെ ലക്ഷ്യമെന്ന് ഈ പുനര്‍വായന അടിവരയിട്ട് സമര്‍ത്ഥിക്കുന്നു. സ്ത്രീപുരുഷസമത്വം ഭീഷ്മരുടെ ന്യായസങ്കല്പത്തില്‍ ഇല്ലായിരുന്നുവെന്നു മാത്രമാണിതിനര്‍ത്ഥം. ഇക്കാര്യം തെളിയിക്കുന്നതാണ് കാശിരാജകുമാരിമാരെ ഭീഷ്മര്‍ അപഹരിച്ച സംഭവം.
കാശിരാജന്റെ മൂന്നു പുത്രിമാരുടെ സ്വയംവരത്തിന്റെ വിവരമറിഞ്ഞ് സത്യവതിയാല്‍ പ്രേരിതനായി അവിടേക്ക് പുറപ്പെട്ട ഭീഷ്മര്‍ ആ കന്യകമാരെ ബലമായി തേരില്‍ പിടിച്ചുകയറ്റി. മറ്റ് രാജാക്കന്മാര്‍ എതിര്‍ത്തെങ്കിലും മഹാരഥനായ ഭീഷ്മരോട് പരാജയമടഞ്ഞു. ഹസ്തിനപുരത്തേക്ക് പൊയ്ക്കൊണ്ടിരിക്കവെ വീണ്ടും ഒരു തടസ്സമുണ്ടാകുന്നു. ഇക്കുറി രാജകുമാരിമാരില്‍ മൂത്തവളായ അംബയുടെ ഇഷ്ടക്കാരനായിരുന്ന ശാല്വരാജാവായിരുന്നു ഭീഷ്മരെ എതിര്‍ത്തത്. ഈ രാജാവിനെ തോല്പിച്ച് ഭീഷ്മര്‍ ഹസ്തിനപുരം പൂകി. അവിടെവച്ച് അംബ തന്റെ രഹസ്യം ഭീഷ്മരെ അറിയിക്കുകയും, ഭീഷ്മര്‍ അംബയെ ശാല്വന്റെ അരികിലേക്ക് വിടുകയും ചെയ്യുന്നു. എന്നാല്‍ ശാല്വന്‍ അംബയെ നിരസിക്കുന്നു. തുടര്‍ന്നുള്ള സംഭവങ്ങളില്‍ ശ്രദ്ധേയമായിട്ടുള്ളത് ക്ഷത്രിയന്റെ ശൗര്യവും പ്രത്യേക അവകാശങ്ങളും മാത്രമല്ല, അവമൂലം നിസ്സഹായയും അനാഥയുമായ ഒരു സ്ത്രീയുടെ ആത്മാഭിമാനത്തിന്റെയും പ്രതികാരവാഞ്ഛയുടെയും വിജയഗാഥ കൂടിയാണ്.
പുരാതന ഭാരതത്തില്‍ സ്ത്രീകളുടെ ധര്‍മ്മം പൊതുവെ ഭര്‍ത്തൃശുശ്രൂഷയിലും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും ഗൃഹഭരണത്തിലും കേന്ദ്രീകൃതമായിരുന്നെങ്കിലും, പ്രത്യേക സന്ദര്‍ഭങ്ങളില്‍ സാഹചര്യത്തിനനുസരിച്ച് പുരുഷനു തുല്യം ധൈര്യവും സ്വാതന്ത്ര്യവും പ്രകടിപ്പിക്കാനുള്ള സ്ത്രീയുടെ കഴിവ് വ്യക്തമാക്കുകയാണ് അംബയിലൂടെ മഹാഭാരതകര്‍ത്താവ് ചെയ്യുന്നത്. ഇതിന് ഉപാധിയാക്കിയത് അജയ്യനായ ഭീഷ്മരെയാണെന്നത് യാദൃച്ഛികമല്ല, സ്ത്രീപുരുഷസമത്വ സങ്കല്പത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിക്കുകയായിരുന്നു. സ്വാതന്ത്ര്യവും അഭിമാനവും ഹനിക്കപ്പെട്ട അംബയുടെ മനസ്സിലെ പ്രതികാരാഗ്‌നി ശിഖണ്ഡിയുടെ രൂപത്തില്‍ ജന്‍മാന്തരത്തിലൂടെയും ഒടുവില്‍ കുരുക്ഷേത്രത്തിലെ ശരശയ്യയില്‍ ഭീഷ്മരെ തളയ്ക്കുന്നതുവരെയും ജ്വലിച്ചു നിന്നതിന്റെ കഥ ഇന്നത്തെ നവലിബറലുകള്‍ വായിച്ചറിയേണ്ടതാണ്. ഭാരതത്തിലെ സ്ത്രീകള്‍ വ്യക്തിത്വമില്ലാത്തവരാണെന്ന ഇക്കൂട്ടരുടെ ധാരണ അപ്പാടെ തെറ്റാണെന്നാണ് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ അംബയുടെ പ്രതികാരത്തിന്റെ കഥ പറയുന്നത്. ഭീഷ്മരെ നേരിടുന്നതിന് പരശുരാമനുപോലും സാധിക്കാതെ വന്നപ്പോള്‍ സ്വന്തം പരിശ്രമത്തിലൂടെ മുന്നേറുകയായിരുന്നു അംബ. തപസ്സിലൂടെ ഈശ്വരാനുഗ്രഹം പ്രാപ്തമാക്കുകയും ദേഹത്യാഗത്തിലൂടെ പുനര്‍ജന്മമെടുക്കുകയും, സൂക്ഷ്മശക്തിയെ ആവാഹിച്ച് പൗരുഷം വരമായി നേടുകയും ചെയ്ത അംബ ഭാരത സ്ത്രീയുടെ അഭിമാനത്തിന്റെകൂടി പ്രതീകമാണ്. ഭീഷ്മരുടെ അജയ്യതയും പ്രയത്നസഫലതയിലെ കാലതാമസവും ഒന്നും അംബയെ നിരുത്സാഹപ്പെടുത്തിയില്ല. അംബയുടെ പോരാട്ടം സാധാരണക്കാരനായ പുരുഷനോടല്ലായിരുന്നു, മറിച്ച് സര്‍വ്വശ്രേഷ്ഠ ധനുര്‍ധാരിയായ ഭീഷ്മരോടായിരുന്നുവെന്നത് നമുക്ക് തരുന്ന പാഠം, ഭാരതകഥ പുരുഷന്‍മാരുടെ വീരഗാഥകള്‍ മാത്രമല്ല, സ്ത്രീകളുടേതുമാണ് എന്നതാകുന്നു. സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പുരുഷനെ മുട്ടുകുത്തിക്കുന്ന കാഴ്ചയാണ് ഭീഷ്മരുടെ പതനത്തിലൂടെ വ്യാസന്‍ വരച്ചുകാട്ടുന്നത്.
രാജകുമാരിമാരെ ബലമായി തേരില്‍ പിടിച്ചു കയറ്റിയ വേളയില്‍ അതിനെ പ്രതിരോധിച്ച രാജാക്കന്മാരോട് ഭീഷ്മര്‍ ഇങ്ങനെ പറയുകയുണ്ടായി: ‘കന്യാഗ്രഹണം പലവിധമുണ്ട്. ശുല്‍ക്കം സ്വീകരിച്ച് ദാനമായി വേള്‍ക്കുക, ബലം പ്രയോഗിച്ച് കൊണ്ടുപോവുക, സമ്മതത്തോടെ ഹരിക്കുക, സമ്മതമില്ലാതെ ഹരിക്കുക. ഭീഷ്മര്‍ ഇവരെ ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നു.’ ഇവിടെ സ്വയംവരത്തിന്റെ ഉദ്ദേശ്യം സ്ത്രീയുടെ ഇഷ്ടവും സമ്മതവുമാണെന്ന കാര്യം ഭീഷ്മര്‍ അവഗണിക്കുന്നു. ആ ആചാരത്തിന്റെ മഹത്വത്തെ തൃണവല്‍ക്കരിക്കാനും സ്ത്രീയുടെ ആത്മാഭിമാനത്തെ ചവിട്ടിയരയ്ക്കാനും മടിയില്ലാത്ത ഭീഷ്മര്‍ക്ക് സ്ത്രീയോടുള്ള കരുതല്‍ എത്രയുണ്ടെന്ന് ആര്‍ക്കും മനസ്സിലാവുന്നതാണ്. അതിനാല്‍ ശിഖണ്ഡിയെ എതിര്‍ക്കാന്‍ തയ്യാറാവാത്തത് സ്വഭാവഗുണമായി കരുതാനാവില്ല. മറിച്ച്, സ്ത്രീ അബലയാണെന്ന ധാരണ കാരണം അവളോട് യുദ്ധം ചെയ്യുന്നത് തന്നെപ്പോലൊരു യുദ്ധവീരന് അപമാനകരമാണെന്ന പുച്ഛമാണ് ഭീഷ്മരെ നയിച്ചതെന്ന പരാമര്‍ശം ഉചിതം തന്നെ. നേരെ മറിച്ച്, രാമന്‍ സീതയെ ഉപേക്ഷിച്ചത് പരിത്യാഗത്തിന് മകുടോദാഹരണമാകുന്നു. കാരണം രാമന്റെ സ്വകാര്യജീവിതനിരാസം പ്രജാഹിതത്തിനും ധര്‍മ്മപരിപാലനാര്‍ത്ഥവുമാണ്.
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അദ്ധ്യക്ഷയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷയുമാണ് ലേഖിക)