ഏതൊരു വ്യക്തിയും വിദേശത്തേക്ക് കുടിയേറുക കേവലം ഒരു പെട്ടിയും കൊണ്ടായിരിക്കുകയില്ല. മറിച്ച്, തന്റെ മതവിശ്വാസം, സംസ്‌കാരം, ഭാഷ, പെരുമാറ്റരീതി, ജീവിതത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട്, അഭിലാഷങ്ങള്‍ എന്നിവ കൂടാതെ തന്റെ അഭിമാനം, മുന്‍വിധി എന്നിവയോടൊപ്പമായിരിക്കും. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയ ഭാരതീയരുടെ കാര്യവും വ്യത്യസ്തമല്ല.
അമേരിക്കയിലേക്കുള്ള ഭാരതീയരുടെ കുടിയേറ്റം
അമേരിക്കയില്‍ ഭാരതീയരുടെ ചെറിയതോതിലുള്ള കുടിയേറ്റം ആരംഭിച്ചത് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. അന്നവര്‍ താമസമാക്കിയത് അവിടത്തെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ്. അപ്പോള്‍ അവര്‍ക്ക് ജോലി കിട്ടിയിരുന്നത് കൃഷി, ആക്രിസാധനങ്ങള്‍, റെയില്‍വെ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായശാലകളിലായിരുന്നു. അവിടത്തെ കുടിയേറ്റ നിയമങ്ങള്‍ ഭാരതീയരെ അകറ്റി നിര്‍ത്തുകയും യൂറോപ്യന്മാരെ അനുകൂലിക്കുകയും ചെയ്യുന്ന തരത്തില്‍ വിവേചനപരമായിരുന്നതിനാല്‍ 20-ാം നൂറ്റാണ്ടിന്റെ ആദ്യസമയം വരെ അമേരിക്കയില്‍ ഭാരതീയരുടെ സാന്നിധ്യം വളരെ പരിമിതമായിരുന്നു. 1946ല്‍ നടപ്പാക്കിയ ലുസ്-സെല്ലര്‍ നിയമപ്രകാരം ഒരു വര്‍ഷം ഭാരതീയ കുടിയേറ്റക്കാരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍, 1965ല്‍ നടപ്പാക്കിയ ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ട് ദേശകേന്ദ്രിതമായ വീതം (ക്വാട്ട) പൂര്‍ണമായും എടുത്തുകളയുകയും ഭാരതീയര്‍ക്ക് വലിയ സംഖ്യയില്‍ അവിടെ കുടിയേറാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ കൈമാറ്റ പരിപാടി, അത്യന്തം വൈദഗ്ദ്ധ്യമുള്ള തൊഴിലാളികള്‍ക്ക് ലഭിക്കുന്ന താത്കാലിക വിസകള്‍, വിപുലീകൃതമായ തൊഴിലധിഷ്ഠിത കുടിയേറ്റ മാര്‍ഗ്ഗങ്ങള്‍ എന്നീ സംവിധാനങ്ങളുടെ സഹായത്താല്‍ അനേകം അതിവിദഗ്ദ്ധരും അഭ്യസ്തവിദ്യരുമായ ഭാരതീയര്‍ സകുടുംബം അമേരിക്കയിലേക്ക് കുടിയേറി. 1980 നും 2019നും ഇടയ്ക്ക് അമേരിക്കയിലേക്ക് കുടിയേറിയ ഭാരതീയരുടെ ജനസംഖ്യ 13 മടങ്ങ് വര്‍ദ്ധിച്ചു. 2019 ആയപ്പോഴേക്കും ഏകദേശം 2.7 ദശലക്ഷം ഭാരതീയര്‍ അമേരിക്കയെ അവരുടെ രണ്ടാമത്തെ വീടാക്കി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇപ്പോള്‍ മെക്‌സിക്കക്കാര്‍ കഴിഞ്ഞാല്‍ ഭാരതീയരായ കുടിയേറ്റക്കാരാണ് രണ്ടാം സ്ഥാനത്ത്.
കൂടുതല്‍ ഭാരതീയര്‍ അമേരിക്കയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കി കുടുംബസമേതം അവിടെ താമസമാക്കിയതോടെ, തങ്ങളുടെ സംസ്‌കാരത്തെ സംരക്ഷിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യണമെന്ന പ്രേരണ അവരില്‍ ഉടലെടുത്തു. ഈ പ്രേരണ അഭിവ്യക്തമായത് ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിലൂടെയാണ്. ഭാരതീയരായ കുടിയേറ്റക്കാരില്‍ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയവരും മാനേജ്‌മെന്റ് തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണെന്നതിനാല്‍ ഉയര്‍ന്ന വരുമാനമുള്ളവരാണ്. അവരുടെ വര്‍ദ്ധിച്ചുവരുന്ന സംഖ്യ അവരുടെ സാമ്പത്തിക സമൃദ്ധി എന്നിവ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിന്, വിശിഷ്യാ അവിടത്തെ മഹാനഗരങ്ങളില്‍, വഴിയൊരുക്കി.
അമേരിക്കയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ വര്‍ദ്ധന
ലോകമതങ്ങളുടെ പാര്‍ലമെന്റിലെ വിഖ്യാതമായ തന്റെ പ്രസംഗത്തിനു ശേഷം 1890ല്‍ ന്യൂയോര്‍ക്കിലും സാന്‍ഫ്രാന്‍സിസ്‌കോവിലും സ്വാമി വിവേകാനന്ദന്‍ വേദാന്ത സൊസൈറ്റികള്‍ തുടങ്ങി. തുടര്‍ന്ന്, മറ്റ് നഗരങ്ങളിലും കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ അവയുടെ എണ്ണം വളരെ കുറവായിരുന്നു. 1920ല്‍ അമേരിക്കയിലെത്തിയ പരമഹംസ യോഗാനന്ദന്‍ അവിടെ യോഗ പ്രചരിപ്പിക്കുവാന്‍ സെല്‍ഫ് റിയലൈസേഷന്‍ ഫെലോഷിപ്പിന്റെ അനേകം കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. ‘ഒരു യോഗിയുടെ’ ആത്മകഥ എന്ന തന്റെ കൃതിയിലൂടെയായിരുന്നു അദ്ദേഹം യോഗ പ്രചരിപ്പിച്ചത്. 1950 ആയപ്പോഴേക്ക് അദ്ദേഹത്തിന്റെ സെല്‍ഫ് റിയലൈസേഷന്‍ ഫെലോഷിപ്പ് അമേരിക്കയിലെ ഏറ്റവും പ്രമുഖമായ ഹിന്ദു സംഘടനയായിത്തീര്‍ന്നു. 1960കളില്‍ പ്രതിസംസ്‌ക്കാരം ഉയര്‍ന്നു വന്നതോടെ അനേകം ഗുരുക്കന്മാരും സ്വാമിമാരും അമേരിക്കയിലെത്തി കേന്ദ്രങ്ങളും ആശ്രമങ്ങളും സ്ഥാപിച്ചു. അവയില്‍ ചിലവ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ ഭാരതീയര്‍ കുടുംബസമേതം അമേരിക്കയെ അവരുടെ രണ്ടാമത്തെ വീടാക്കിയതോടെ, അങ്ങിങ്ങായി മതസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്ന സ്ഥാനത്ത് ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള സംരംഭങ്ങള്‍ക്ക് തീവ്രത കൈവന്നു. 1960കളുടെ അവസാനത്തിലും 1970 കളിലും അമേരിക്കയില്‍ കുടിയേറിയ ഹിന്ദു വിദ്യാര്‍ത്ഥികളും പ്രൊഫഷണല്‍സും പലപ്പോഴും അവരുടെ വസതികളില്‍ ആരാധനക്കുവേണ്ടി മണ്ഡപങ്ങളും പൂജാമുറികളും നിര്‍മ്മിക്കുമായിരുന്നു. അവര്‍ മതകൂട്ടായ്മകളും സാംസ്‌കാരിക സമിതികളും സംഘടിപ്പിക്കുമായിരുന്നു. ഇത്തരം സമിതികളും ഹാളുകളും ചര്‍ച്ചുകളും സ്‌കൂള്‍ ആഡിറ്റോറിയങ്ങളും വാടകയ്‌ക്കെടുത്ത് ദീപാവലി, ഹോളി, നവരാത്രി മുതലായ ഹിന്ദു ഉത്സവങ്ങള്‍ കുടിയേറ്റ സമൂഹത്തെ ഒരുമിച്ച് ചേര്‍ത്ത് നടത്തുമായിരുന്നു. മതവിശ്വാസികള്‍ പലപ്പോഴും അംഗങ്ങളുടെ വസതികളില്‍ ഒരുമിച്ചുകൂടി പുരാണപാരായണം, പൂജകള്‍, ഭജന പരിപാടികള്‍ എന്നിവ നടത്തിയിരുന്നു. 1970 ആയപ്പോഴേക്ക് മതസംഘങ്ങളും സാംസ്‌കാരിക സമിതികളും, ഹിന്ദു കുടിയേറ്റക്കാര്‍ ധാരാളം അധിവസിക്കുന്ന മഹാനഗരങ്ങളില്‍ ‘ഹിന്ദു ക്ഷേത്ര സമിതികള്‍’ രൂപീകരിച്ചു തുടങ്ങി. സ്ഥിരം ക്ഷേത്രസംവിധാനം ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടി സ്വകാര്യഭവനങ്ങള്‍, പ്രവര്‍ത്തനരഹിതമായ ക്രിസ്ത്യന്‍ പള്ളികള്‍, ഗോഡൗണുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവ വിലക്കുവാങ്ങി ക്ഷേത്രങ്ങളാക്കി മാറ്റുകയായിരുന്നു പതിവ്. ചില അവസരങ്ങളില്‍ ഭൂമി വിലയ്ക്കുവാങ്ങി ആഗമശാസ്ത്രവിധി പ്രകാരം ക്ഷേത്രങ്ങള്‍ പണിയിച്ചിരുന്നു.
1977 ജൂണ്‍ 8ന് പ്രാണപ്രതിഷ്ഠ നിര്‍വ്വഹിച്ച ഹിറ്റ്‌സ്ബര്‍ഗിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം, 1977 ജൂലായ് 4ന് പ്രതിഷ്ഠാകര്‍മ്മം നടന്ന ന്യൂയോര്‍ക്കിലെ ഹിന്ദു ടെമ്പിള്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക നിര്‍മ്മിച്ച ക്ഷേത്രം എന്നിവ അമേരിക്കയില്‍ കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ നിര്‍മ്മിച്ച ആദ്യത്തെ ക്ഷേത്രങ്ങളാണ്. ഈ രണ്ടു ക്ഷേത്രങ്ങളുടെ വിജയകരമായ നിര്‍മ്മാണത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 1980കളിലും 1990കളിലും ഏറെക്കുറെ എല്ലാ മഹാനഗരങ്ങളിലും ഭവ്യമായ ക്ഷേത്രങ്ങള്‍ പണിതു. ന്യൂജെഴ്‌സിയിലെ റോബിന്‍സ് വില്ലിലെ അക്ഷര്‍ധാം ക്ഷേത്രം അമേരിക്കയിലെ ഏറ്റവും വലിയ ക്ഷേത്രമാണ്. 183 ഏക്കര്‍ സ്ഥലത്ത് 94 ദശലക്ഷം ഡോളര്‍ ചെലവാക്കി 12 വര്‍ഷം കൊണ്ടു പണിത ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 13000 ശില്പികളാണ് പങ്കെടുത്തത്. 213 അടി ഉയരമുള്ള മന്ദിരത്തില്‍ 10,000ത്തോളം ശിലാപ്രതിമകളാണ് ഉള്ളത്. ഇപ്പോള്‍ അമേരിക്കയില്‍ 196 ക്ഷേത്രങ്ങളാണുള്ളത്. കൂടാതെ പലതും നിര്‍മ്മാണത്തിലുമാണ്.
ക്ഷേത്ര മാനേജ്‌മെന്റ്
ചര്‍ച്ചുകള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ എന്നിവയെപ്പോലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കും മതസ്ഥാപനങ്ങളെന്ന നിലക്ക് നികുതി ഇളവിന് അര്‍ഹതയുണ്ട്. നികുതി ഇളവ് നല്‍കപ്പെട്ട സ്ഥാപനം ഒരു സംഘടനരൂപീകരിക്കണം. ഏറ്റവുമധികം ജനസമ്മതിയുള്ള സംഘടനാരൂപം കോര്‍പറേഷനാണ്. പൊതുവായി, മറ്റ് മതസ്ഥാപനങ്ങളെപ്പോലെ ക്ഷേത്രങ്ങളും അവ സ്ഥിതിചെയ്യുന്ന സ്റ്റേറ്റില്‍ റജിസ്റ്റര്‍ ചെയ്യുകയും പൊതുസുരക്ഷ, ക്ഷേമം എന്നിവയെ സംബന്ധിക്കുന്ന ഫെഡറല്‍, സ്റ്റേറ്റ്, പ്രാദേശിക നിയമങ്ങള്‍ എന്നിവ പാലിക്കുകയും വേണം. ക്ഷേത്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകില്ല.
ഒരു കോര്‍പറേറ്റ് സ്ഥാപനം എന്ന നിലയ്ക്ക് ഒരു ക്ഷേത്രത്തിന് ഒരു ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് വേണം എന്നതോടൊപ്പം വീക്ഷണത്തെ സംബന്ധിക്കുന്ന പ്രസ്താവന, അംഗത്വത്തിനുള്ള അര്‍ഹത വ്യക്തമാക്കുന്ന മാനദണ്ഡം, ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന രീതി, അവരുടെ അധികാര കാലാവധി മുതലായ കാര്യങ്ങളെ സംബന്ധിക്കുന്ന ബൈലോ ആവശ്യമാണ്. ഡയറക്ടര്‍ ബോര്‍ഡ് കൂടാതെ കെട്ടിടം, പൂജ, സാമ്പത്തിക കാര്യങ്ങള്‍, സാംസ്‌കാരിക വിഷയങ്ങള്‍ എന്നിവ നോക്കി നടത്താന്‍ ക്ഷേത്രങ്ങള്‍ക്ക് സമിതികള്‍ ഉണ്ടാകും.
പൂജാരിമാരെ തിരഞ്ഞെടുക്കുക അവരുടെ യോഗ്യത, ആവശ്യകത എന്നിവ പരിഗണിച്ചായിരിക്കും. എല്ലാവരും അവരെ വളരെ ആദരവോടെ കാണുകയും അവര്‍ക്ക് ശമ്പളം, ആരോഗ്യസുരക്ഷ, ഇന്‍ഷൂറന്‍സ് പരിരക്ഷ, താമസവ്യവസ്ഥ എന്നിവ ലഭിക്കുകയും ചെയ്യും.
കേവലം ആരാധനാ കേന്ദ്രങ്ങളിലെന്നതിലുപരി അമ്പലങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹിന്ദു സംസ്‌കാരം, മതം എന്നിവയെക്കുറിച്ച് വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങള്‍ കൂടിയാണ്. പവിത്രമായ ഈ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് ഞായറാഴ്ച ദിവസങ്ങളില്‍ മതപഠനത്തിനും മുതിര്‍ന്നവര്‍ക്ക് താത്വികമായ ചര്‍ച്ചകള്‍ക്കും അവസരമൊരുക്കുന്നു. ഇവിടങ്ങളില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി ആരോഗ്യ ക്ലിനിക്കുകള്‍, സൂപ്പ് പാചകശാലകള്‍ മുതലായ സേവന പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇവിടെ നടക്കുന്ന ബഹുസംസ്‌കാര പ്രവര്‍ത്തനങ്ങളിലൂടെ സൗമനസ്യവും പരസ്പരധാരണയും വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ക്ഷേത്രങ്ങളുടെ മറ്റൊരു ഉദ്ദേശ്യം പരസ്പര താല്പര്യം മുന്‍നിര്‍ത്തി, ഇത്തരം ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുടെ പരിപാടികള്‍ ഏകോപിപ്പിക്കുകയും അവരുമായി സഹകരിക്കുകയും ചെയ്യുക എന്നതാണ്.
ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിലും അവ നടത്തിക്കൊണ്ടു പോകുന്നതിലും അമേരിക്കയില്‍ കുടിയേറിയ ഹിന്ദുക്കള്‍ കാഴ്ചവെച്ച നേട്ടം ശ്രദ്ധേയമാണെന്ന് പറയേണ്ടിയിരിക്കുന്നു. സര്‍ക്കാരിന്റെ മദ്ധ്യസ്ഥതയോ ഇടപെടലോ കൂടാതെ ഹിന്ദുക്കള്‍ക്ക് തങ്ങളുടെ ക്ഷേത്രങ്ങള്‍ കാര്യക്ഷമമായി നോക്കി നടത്താനാവും എന്നതിന്റെ സാക്ഷ്യം കൂടിയാണിത്. ഭാരതത്തിലെ ക്ഷേത്രങ്ങളെപ്പോലെ, ക്ഷേത്രങ്ങള്‍ ആരാധനാലയങ്ങള്‍ എന്നതോടൊപ്പം പഠന കേന്ദ്രങ്ങളും സാമൂഹ്യസേവനത്തിന്റെ മുഖ്യ ആകര്‍ഷണകേന്ദ്രങ്ങളുമാണെന്ന് അവര്‍ തെളിയിച്ചിരിക്കയാണ്. വെറും 50 വര്‍ഷം കൊണ്ട് വിദേശത്ത് താമസമാക്കിയ ഹിന്ദുസമാജം കൈവരിച്ച ഈ നേട്ടം ഹിന്ദുക്കള്‍ക്ക് അഭിമാനകരമാണെന്നതോടൊപ്പം ഭാരതത്തിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പ് പുനഃക്രമീകരിക്കാന്‍ പ്രചോദനമേകാന്‍ പോന്നതാണ്.
(കടപ്പാട് ഭവന്‍സ് ജേര്‍ണല്‍ ഡിസംബര്‍ 1-15, 2024)