ഉത്തരകേരളത്തിലെ ശാക്തേയക്കാവുകളില്‍ പ്രമുഖമായ വളപട്ടണം ശ്രീ കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അപൂര്‍വ ചുമര്‍ ചിത്രങ്ങള്‍ പുനര്‍ചിത്രീകരിച്ചു. സപ്തമാതൃ ശ്രീകോവില്‍ ഭിത്തിയില്‍ നൂറ്റാണ്ടു മുമ്പ് തെയ്യമ്പാടി നമ്പ്യാര്‍ വരച്ചതും നശിച്ചുപോയതുമായ അത്യപൂര്‍വ ചുമര്‍ചിത്രങ്ങളാണ് പുനരാവിഷ്‌ക്കരിച്ചത്. ഗണപതിയുടെയും ദേവിയുടെയും ചിത്രങ്ങള്‍ സപ്തമാതൃ ശ്രീകോവില്‍ ഭിത്തിയിലാണുള്ളത്. നാലു തൃക്കൈകളില്‍ വലത്ത് മുകളില്‍തോട്ടിയും താഴെ പഴവും ഇടത് മുകളില്‍ കയറും താഴെ ദന്തവുമായാണ് സര്‍വാഭരണഭൂഷിതനായി മൂഷിക വാഹനനായ ഗണപതി ഉള്ളത്. ഒരു രൂപത്തെ ചവിട്ടി നില്ക്കുന്ന അത്യപൂര്‍വ ദേവി ഭാവമാണ് മറ്റൊന്ന്.
അജ്ഞാനത്തിനു മുകളില്‍ ജ്ഞാനപ്രകാശമേകുന്ന ഭാവം. ദേവിയുടെ തലയില്‍ കിരീടം, ചന്ദ്രക്കല, മൂന്നു കണ്ണും രൗദ്ര ഭാവത്തില്‍ നാഗഭൂഷണങ്ങള്‍ അണിഞ്ഞ കഴുത്തില്‍ വലിയ തലയോട്ടിമാല, മുകളിലെ വലത്തെ തൃക്കൈയില്‍ വാള്‍, താഴെ വളഞ്ഞ കത്തി, മുകളിലെ ഇടത്തെ തൃക്കൈയില്‍ നീലത്താമര താഴെ പാനപാത്രം എന്നിങ്ങനെയാണ് ദേവീ ചിത്രഭാവം.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് സപ്ത മാതൃ ശ്രീകോവിലിന്റെ പുറം ഭിത്തിയില്‍ വരച്ച 63 ഇഞ്ച് ഉയരത്തിലും 53 ഇഞ്ച് വീതിയിലുമുള്ള ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഗുരുവായൂര്‍തോട്ടപ്പായ ശാസ്ത്ര ശര്‍മ്മന്‍ പ്രസാദ് നമ്പൂതിരിയാണ് 41 ദിവസമെടുത്ത് ഇപ്പോള്‍ പുനര്‍ ചിത്രീകരണം നടത്തിയത്.
ചിത്രമെഴുതിയത് തെയ്യമ്പാടി
കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്താന്‍ അവകാശമുണ്ടായിരുന്ന തെയ്യമ്പാടി നമ്പ്യാര്‍ സ്ഥാനിക കാരണവരാണ് നൂറ്റാണ്ടു മുമ്പ് ഭിത്തീചിത്രമെഴുതിയതത്രെ. ഇരിട്ടി പുന്നാട്ടെ നടോറ, കോട്ടാത്ത് എന്നീ തറവാട്ടുകാരായിരുന്നു ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളില്‍ കളമെഴുത്ത് അവകാശികളായ തെയ്യമ്പാടി നമ്പ്യാന്മാര്‍. അവരില്‍ പലരും ധൂളീ ചിത്രകാരന്മാര്‍ മാത്രമല്ല പ്രഗത്ഭരായ ഭിത്തീചിത്രകാരന്മാരുമായിരുന്നുവത്രെ. പഴയകാലത്ത് ചിത്രം വരച്ചത് ആരാണെന്ന് രേഖപ്പെടുത്തിവയ്ക്കാത്തതിനാല്‍ വരച്ച കലാകാരന്റെ പേര് അജ്ഞാതമാണ്.
ക്ഷേത്ര പുനരുദ്ധാരണ ഘട്ടത്തില്‍ സപ്തമാതൃ കോവിലിന്റെ ഭിത്തി തേച്ചു പുതുക്കിയപ്പോള്‍ പൂര്‍ണമായും നശിച്ചുപോയ ചുമര്‍ ചിത്രത്തിന്റെ, ഫോട്ടോ വളപട്ടണം വടക്കില്ലത്തെ സുജിത് കേശവന്‍ എടുത്തു വച്ചിരുന്നു. അതു നോക്കിയാണ് ഇപ്പോള്‍ ചിത്രംപുനരാവിഷ്‌ക്കരിച്ചിട്ടുള്ളത്. നാഗഭൂഷണ ആഭരണങ്ങളില്‍ അവ്യക്തതയുണ്ടായതിനാല്‍ പാരമ്പര്യ യുക്തിയനുസരിച്ചാണ് അത് വരച്ചതെന്ന് ശാസ്ത്ര ശര്‍മ്മന്‍ പ്രസാദ് പറഞ്ഞു. കളരി വാതുക്കല്‍ ക്ഷേത്രം മൂത്ത പിടാരര്‍ ആയിരുന്ന കളരിവാതുക്കല്‍വടക്കേ ഇല്ലത്ത് നമ്പ്യാത്തന്‍ മൂത്തപിടാരരുടെ മകന്‍ വടക്കേ ഇല്ലത്ത് കേശവ പിടാരരും മക്കളുമാണ് ചരിത്ര പ്രധാനമായ ചിത്രം പുനര്‍ ചിത്രീകരിക്കാന്‍ മുന്‍കൈ എടുത്തത്.
പ്രകൃതി വര്‍ണം കല്ലുകള്‍ ശേഖരിച്ചത് കുടജാദ്രിയില്‍ നിന്ന്
പൂര്‍ണമായും പ്രകൃതി വര്‍ണങ്ങള്‍ ഉപയോഗിച്ചാണ് ചുമര്‍ചിത്രങ്ങള്‍ പുനര്‍ ചിത്രീകരിച്ചത്. കര്‍ണാടകയിലെ കൊല്ലൂര്‍ കുടജാദ്രിയിലും സൗപര്‍ണികാ തീരത്തു നിന്നും മഞ്ഞയ്ക്കും ചുവപ്പിനും വേണ്ട കല്ലുകള്‍ ശേഖരിച്ചെത്തിച്ചു.
വെള്ളനിറത്തിന് ചുണ്ണാമ്പും ഇളനീര്‍ വെള്ളവും പച്ചയ്ക്കു നീലാമരി ഇല അരച്ചും നീലയ്ക്ക് കട്ട നീലവുംമഞ്ഞ നിറത്തിന് തെളിച്ചമുണ്ടാക്കാന്‍ മനയോലയും ചുവപ്പിന് ചായില്യവും ചേര്‍ത്തു. ഇരവി മരത്തിന്റെ കറയും ആര്യവേപ്പിന്റെ പശയും ഉപയോഗിച്ചാണ് വര്‍ണക്കൂട്ട് ഒരുക്കിയത്. നീലയ്ക്ക് പ്രാധാന്യം നല്കിയാണ് പഴയ ചുമര്‍ ചിത്രം പുനരാവിഷ്‌ക്കരണത്തിലും അതു പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ചുമര്‍ചിത കലാകാരന്‍ ശാസ്ത്ര ശര്‍മ്മന്‍ പ്രസാദ് പറഞ്ഞു.
സപ്തമാതൃ ശ്രീകോവിലിന്റെ കല്‍ഭിത്തിയിലായിരുന്നു ചുമര്‍ ചിത്രങ്ങള്‍ വരച്ചിരുന്നത്. നവീകരണ ഘട്ടത്തില്‍ കല്‍ഭിത്തി തേച്ചു മോടി വരുത്തിയപ്പോള്‍ പഴയ ചിത്രത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നശിച്ചു പോയി. ഫോട്ടോ മാത്രമായിരുന്നു പുനര്‍ചിത്രീകരണത്തിന് ആശ്രയമായതെന്ന് ശാസ്ത്ര ശര്‍മ്മന്‍ പ്രസാദ് പറഞ്ഞു.
ചിത്രഭാവം സോമേശ്വരിയുടേത്
ഉത്തര കേരളത്തില്‍ സപ്തമാതൃക്കളോടൊപ്പം അഷ്ട മാതൃ ആരാധനയും ഉണ്ടായിരുന്നുവെന്നതിന്റെ അത്യപൂര്‍വ്വമായ തെളിവാണ് കളരിവാതുക്കല്‍ ചുമര്‍ ചിത്രമെന്നും മാതൃദേവതാ ആരാധനയിലെ ജീവിക്കുന്ന തെളിവുകള്‍ അത്യപൂര്‍വമായി സംരക്ഷിക്കുന്നത് ഭിത്തീചിത്രങ്ങളിലാണെന്നും താന്ത്രിക പണ്ഡിതനും ചുമര്‍ചിത്രഗവേഷകനുമായ സുധീഷ് നമ്പൂതിരി അഭിപ്രായപ്പെട്ടു.
സപ്തമാതൃഗണത്തില്‍ ചന്ദ്രികാ ദേവി അഥവാ സോമേശ്വരിയും ഗണാധ്യക്ഷ സമഷ്ടിദേവതയായ ലക്ഷ്മീദേവിയും (ശ്രീഭഗവതി) കൂടിച്ചേരുന്നതാണ് അഷ്ടമാതൃഗണം. വൈദിക സരണി പിന്തുടരാത്തതിനാലാവാം കേരളത്തില്‍ അഷ്ടമാതൃക്കളുടെ ഗണോപാസന അത്യപൂര്‍വമായതെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ വടകര ഇടച്ചേരി കാളിയാംവള്ളി ശാക്തേയക്കാവിലും കണ്ണൂര്‍ വളപട്ടണം കളരിവാതുക്കലിലും അഷ്ടമാതൃആരാധന നടന്നിരുന്നുവെന്നതിന്റെ തെളിവാണ് നൂറ്റാണ്ടു പഴക്കമുള്ള ചുമര്‍ ചിത്രങ്ങളെന്നാണ് സുധീഷ് നമ്പൂതിരിയുടെ അഭിപ്രായം.
കേരളത്തില്‍ അഷ്ടമാതൃ ആരാധനയുണ്ടായിരുന്നുവെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നത് കളിയാമ്പള്ളി ചിത്രമാണ്. വടകര കാളിയാമ്പള്ളിക്കാവില്‍ ജഗദംബികയായ ലളിതാംബികയുടെ ഇരിപ്പിടമായ ശ്രീചക്രത്തിലെ തൃതീയാവരണത്തില്‍ കൗള സമ്പ്രദായത്തിലെ സംഹാര ക്രമം ദീക്ഷിക്കുന്ന, അനംഗ കുസുമാദി, അനംഗ മാലിനീപര്യന്തമുള്ള അഷ്ടദേവീ വിധാനക്രമമാണ് ചുമര്‍ ചിത്രമായി ആലേഖനം ചെയ്തിട്ടുളളത്.
സമഷ്ടി ദേവതയായ ത്രിപുരസുന്ദരി സ്ഥിതി ചെയ്യുന്ന സര്‍വ സംക്ഷോഭണ ചക്രത്തിന്റെ ആവരണ ദേവതകളാണ് അഷ്ട മാതൃക്കള്‍. ഗുപ്തതര യോഗിനികള്‍ എന്നും പറയും. ആവരണ ദേവതകളുടെ ഉപചാര തത്ത്വങ്ങള്‍ കളിയാമ്പള്ളിക്കാവിലെ ചിത്രത്തിലുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഗവേഷകനായ സുധീഷ് നമ്പൂതിരി പറയുന്നു.
‘സാധാരണയായിട്ടുള്ളൊരു ക്രമമല്ല ഈ ചിത്രത്തിന്റെ ആവരണ വിന്യാസത്തില്‍ അവലംബിച്ചിട്ടുള്ളത്. കൗളാചാര സിദ്ധാന്തപ്രകാരം അതിന്റെ യുക്തിയും സംഹാരക്രമത്തിന്റെ തത്ത്വവും നന്നായി അറിയുന്ന ശാക്തേയ ഉപാസകനുമാത്രമേ ഇത്തരമൊരു ചിത്രമെഴുതാന്‍ സാധിക്കൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചന്ദ്രികദേവിയെന്ന സോമേശ്വരി
കളരിവാതുക്കല്‍ ചിത്രത്തിലെ ദേവീഭാവം ചന്ദ്രിക ദേവിയെന്ന സോമേശ്വരിയുടെതാണ്. വിഗ്രഹശാസ്ത്രത്തിന്റെ അളവുകോലില്‍ ചുവര്‍ചിത്രം വായിച്ചെടുക്കരുതെന്നും കൗളസമ്പ്രദായത്തിന്റെയും സമയാചാരത്തിന്റെയും സൂക്ഷ്മവശങ്ങളാണ് ഈചിത്രം ധ്വനിപ്പിക്കുന്നതെന്നും സപ്തമാതൃക്കളെക്കുറിച്ചു വിശേഷ പഠന ഗവേഷണം നടത്തിയ സുധീഷ് നമ്പൂതിരി വിശദീകരിച്ചു. ദേവിയുടെ കാലിന്നടിയിലുള്ളത് അസുരനോ പ്രേതമോ അല്ലെന്നും അജ്ഞാനത്തെ കീഴ്‌പ്പെടുത്തി നില്‍ക്കുന്നത് ധ്വനിപ്പിക്കുന്ന രൂപചിത്രീകരണമാണെന്നും അദ്ദേഹം പറയുന്നു.
കഴുത്തിലണിഞ്ഞ തലയോട്ടിമാല 51 അക്ഷരങ്ങളുടെ പ്രതീകമായും കാലിനടിയിലെ രൂപം അജ്ഞാനത്തെയുമാണ് ധ്വനിപ്പിക്കുന്നത്. അജ്ഞാനത്തിനുമേല്‍ ജ്ഞാനപ്രകാശത്തിന്റെ ഉദയം – കൈയിലെ നീലത്താമര ആധ്വനിയെ കൃത്യമായി അടയാളപ്പെടുത്തുകയുമാണ്.
നൂറ്റാണ്ടു മുമ്പ് വരച്ച കളരിവാതുക്കലിലെ ചുവര്‍ ചിത്രത്തെക്കുറിച്ച് അനുഷ്ഠാനകലാ ഗവേഷകനായ സി. എം.എസ് ചന്തേരയുടെ പഠനത്തിലും സെന്‍സസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കേരള ക്ഷേത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക പഠന ഗ്രന്ഥത്തിലും പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ചന്ദ്രികദേവിയെന്ന സോമേശ്വരിയാണെന്ന് വിശദമായി പറഞ്ഞിട്ടില്ല.
തേമാനം വന്ന അപൂര്‍ണ്ണമായ ഒരു ചിത്രകാഴ്ചയെന്നാണ് സി.എം.എസ് ചന്തേര തന്റെ പഠനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ചിത്രത്തിന്റെ രചന അതിപ്രാചീനമാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. 150-200 വര്‍ഷത്തിനുള്ളില്‍ രചിച്ചതാവും ഈ ചിത്രങ്ങള്‍. കളരിവാതുക്കല്‍ കലശ പെരുംകളിയാട്ടത്തില്‍ മുഖ്യദേവതയായ കളരിയാല്‍ ഭഗവതിയെന്ന തായ്പരദേവതയ്‌ക്കൊപ്പം സോമേശ്വരിയുടെ തെയ്യവുമുണ്ട്.
തെയ്യമ്പാടി സമ്പ്രദായത്തിലെ ഭൂതവടിവ് രീതി ഗണപതിയുടെ ചുമര്‍ ചിത്രത്തില്‍ ദര്‍ശിക്കാം. എന്നാല്‍ പുനര്‍ചിത്രീകരണത്തില്‍ അത് ദേവവടിവായിട്ടാണ് ഗുരുവായൂര്‍ ശൈലിയില്‍ ചിത്രകാരന്‍ വരച്ചത്. ചന്തേര മാഷ് അപൂര്‍ണ്ണ ചിത്രം എന്ന് പറഞ്ഞത് ഗണപതിയുടെ ചിത്രമായിരിക്കുമെന്നും. ഇത് അപൂര്‍ണ്ണമാണെന്നും സുധീഷ് നമ്പൂതിരി അനുമാനിക്കുന്നു. കാരണം ഇവിടെ താല പ്രമാണം ദീക്ഷിച്ചതായി കാണുന്നില്ല. ഭൂതവടിവ് അനുസരിച്ചാണ് അത് എഴുതിയത്. വടക്കന്‍ കേരളത്തിലെ കളമെഴുത്തില്‍ തെയ്യമ്പാടി നമ്പ്യാന്മാരുടെ ശൈലിയാണ് ഭൂതവടിവ് – ആയതിനാല്‍ ചിത്രകാരന്‍ തെയ്യമ്പാടി തന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ഇരിട്ടിക്കടുത്ത പുന്നാട് തെയ്യമ്പാടി തറവാട്ടിലെ നടോറ അനന്തന്‍ നമ്പ്യാരും അദ്ദേഹത്തിന്റെ മരുമകന്‍ നടോറ കണ്ണന്‍ നമ്പ്യാരും വിവിധ ക്ഷേത്രങ്ങളില്‍ കളമെഴുത്തിനൊപ്പം ഭിത്തി ചിത്രങ്ങള്‍ വരച്ചതായി പഴമക്കാര്‍ പറയുന്നുമുണ്ട്. ആ പാരമ്പര്യത്തിന്റെ അവസാനത്തെ കണ്ണിയായിരുന്നു തെയ്യമ്പാടി നടോറ കണ്ണന്‍ നമ്പ്യാര്‍ മാഷ്. അദ്ദേഹം നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെന്ന് വിഖ്യാത കളമെഴുത്ത് കലാകാരനായിരുന്ന തെയ്യമ്പാടി കോട്ടാത്ത് കൃഷ്ണന്‍ നമ്പ്യാരുടെ മരുമകന്‍ തെയ്യമ്പാടി പ്രകാശന്‍ നമ്പ്യാര്‍ വ്യക്തമാക്കി. കോട്ടാത്ത് കൃഷ്ണന്‍ നമ്പ്യാരുടെ മറ്റൊരു മരുമകന്‍ മരുതായി സതീശന്‍ നമ്പ്യാരാണ് കളരി വാതുക്കലില്‍ ഇപ്പോള്‍ കളത്തിലരിയും പാട്ടും നടത്തുന്നത്.
തെയ്യമ്പാടി നമ്പ്യാര്‍ നടത്തുന്ന കളത്തിലരിയും പാട്ടും വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന സ്വരൂപ ദേവതകളായ തെയ്യങ്ങളുടെ കലശപെരുംകളിയാട്ടവും പിടാര സമുദായക്കാരുടെ പൂജയും നാന്തക വാളും തിടമ്പും എഴുന്നള്ളിക്കുന്ന ഉത്സവവുമുള്ള ശാക്തേയ സ്ഥാനമാണ് വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം.
വിഗ്രഹ ശാസ്ത്രത്തെക്കുറിച്ചും ചുമര്‍ ചിത്രങ്ങളെക്കുറിച്ചും ആധികാരിക ഗവേഷണം നടത്തിയ ചരിത്ര പണ്ഡിതനായ ഡോ. എം.ജി. ശശിഭൂഷണ്‍ കളരിവാതുക്കല്‍ ചിത്രത്തെ സംബന്ധിച്ച പറഞ്ഞത് ഇപ്രകാരമാണ്-
”പഴയ ചിത്രത്തിന്റെ ഫോട്ടോ പരിശോധിച്ചപ്പോള്‍ മനസ്സിലായത് കളരിവാതുക്കല്‍ ചിത്രം പരിചയ സമ്പന്നനായ ചുമര്‍ചിത്രകാരന്റേതല്ലെന്നാണ്” ചിത്ര ഭാവം സപ്തമാതൃക്കളില്‍ പെട്ട ദേവതയുടേയോ ഭദ്രകാളിയുടേതോ അല്ല. സോമേശ്വരി അഥവാ ചന്ദ്രികാ ദേവി എന്ന സങ്കല്പം കേരളത്തില്‍ അത്ര പ്രചാരവുമില്ല. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ കാളി അഥവാ ശ്യാമ ദുര്‍ഗ- ശ്വാമ താര ആണന്നൊക്കെ തോന്നിയേക്കാം. ഒറ്റനോട്ട ത്തിലുള്ള അഭിപ്രായമാണ്. എന്തായാലും ചിത്രത്തെ സൂക്ഷ്മ പഠനത്തിനു വിധേയമാക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രികാ ദേവി സങ്കല്പ ആരാധന കേരളത്തില്‍ അത്ര സജീവമല്ലെന്നാണ് ഡോ.ശശിഭൂഷണ്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വടക്കന്‍ കേരളത്തില്‍ സോമേശ്വരിയെ തെയ്യരൂപത്തിലും ആരാധിക്കുന്നുണ്ട്. അത്തരമൊരു സ്ഥാനം കൂടിയാണ് കളരിവാതുക്കല്‍ ക്ഷേത്രം. ഈയൊരു പശ്ചാത്തലത്തിലാണ് തന്ത്ര ശാസ്ത്ര – ചുമര്‍ ചിത്ര ഗവേഷകനും പണ്ഡിതനുമായ സുധീഷ് നമ്പൂതിരിയുടെ അഭിപ്രായം ശ്രദ്ധേയമാകുന്നത്.
പുനര്‍ചിത്രീകരിച്ചത് യുവപ്രതിഭ
ചുമര്‍ചിത്രം പുനരാവിഷ്‌ക്കരിച്ച ടി.എസ്. ശാസ്ത്ര ശര്‍മ്മന്‍ പ്രസാദ് ഗുരുവായൂര്‍ തോട്ടപ്പായ മനശങ്കരന്‍ നമ്പൂതിരിയുടെയും രാധാ അന്തര്‍ജ്ജനത്തിന്റെയും മകനാണ്.
ഗുരുവായൂര്‍ ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ ചുമര്‍ചിത്രകലാകാരന്‍ കൃഷ്ണകുമാറിന്റെ കീഴില്‍ പഠിച്ച് കര്‍ണാടക ഓപ്പണ്‍ വാഴ്‌സിറ്റിയില്‍ നിന്ന് പിജി ബിരുദംനേടി. പ്രസിദ്ധചിത്രകലാനിരൂപകനും ഗവേഷകനുമായ ഡോ.വിജയകുമാര്‍മേനോന്റെ കീഴില്‍ കര്‍ണാടക ഓപ്പണ്‍യൂണിവേഴ്‌സിറ്റിയില്‍ ചുമര്‍ചിത്രങ്ങളുടെ പുനരുജ്ജീവനവും സംരക്ഷണവും എന്ന വിഷയത്തില്‍ ഗവേഷണ പഠനവും നടത്തിയിട്ടുണ്ട്.
2020ല്‍ കേരള ക്ഷേത്രകലാ അക്കാദമിയുടെ യുവ പ്രതിഭ പുരസ്‌കാരം ലഭിച്ചു. 16 വര്‍ഷമായി ചുവര്‍ ചിത്ര കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു.പാഞ്ഞാള്‍ ലക്ഷ്മീ നാരായണ ക്ഷേത്രത്തിലെ 300 വര്‍ഷം പഴക്കമുള്ള ചുവര്‍ചിത്രനവീകരണം നടത്തുന്നത് ശാസ്ത്ര ശര്‍മ്മന്‍ പ്രസാദാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലും ഗുരുവായൂരിലെ ചുവര്‍ചിത്രകലാകാരന്മാര്‍ക്കൊപ്പം 2008 ലാണ് ഭിത്തീചിത്രരംഗത്ത് ചുവടുറപ്പിച്ചത്. 2010 മുതല്‍ ഒറ്റയ്ക്ക് ചുവര്‍ചിത്രങ്ങള്‍ വരച്ചുതുടങ്ങി. ചൊവ്വല്ലൂര്‍, പാര്‍ക്കാടി, ബ്രഹ്മസ്വം മഠം തുടങ്ങി ഏഴോളം ക്ഷേത്രത്തില്‍ പൂര്‍ണമായും പ്രകൃതി വര്‍ണത്തില്‍ ചുമര്‍ ചിത്രം വരച്ചിട്ടുണ്ട്. സഹോദരിമാരായ സന്ധ്യ ജയന്തന്‍ ബാലുശ്ശേരിയേയും സിന്ധു ദിനേശന്‍ പെരിന്തല്‍മണ്ണയേയും ചുമര്‍ചിത്രം വരക്കാന്‍ പഠിപ്പിച്ചു. ഇപ്പോള്‍ സഹധര്‍മ്മിണി തിരുവില്വാമല ഞാര്‍ക്കോട്ട് ഭാഗ്യലക്ഷ്മിയും ശാസ്ത്ര ശര്‍മ്മന്‍ പ്രസാദിനൊപ്പം ചുമര്‍ചിത്ര രംഗത്തുണ്ട്.
കേരളത്തിലെ ശാക്തേയക്കാവുകളുടെ സവിശേഷത
കേരളത്തില്‍ സങ്കല്പിക്കുന്ന രുരുജിത്ത് ഭാവം കാശ്മീരിലും വംഗദേശത്തും കാളിയായി ആരാധിക്കുന്ന ദേവി തന്നെയാണ്. രുരു എന്ന അസുരനെ ജയിച്ചവള്‍ എന്നര്‍ത്ഥം. രുരുവിനെ ജയിച്ച ഭദ്രകാളി.
സപ്തമാതൃക്കളോടുകൂടി വിവിധങ്ങളായ വിധാനങ്ങളില്‍ ഭൈരവ ശിവസമേതത്തിലും അല്ലാതെയും കേരളത്തിലെ ശാക്തേയക്കാവുകളില്‍ മാത്രമാണ് ഈ ആരാധനാ രീതിയുള്ളത്. സാംഗം, സാംഗാന്തരം, നിരംഗം ഭിന്നം എന്നിങ്ങനെയുള്ള വിധാനങ്ങള്‍ തികച്ചും കേരളീയ പരിസരത്തില്‍ സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും ഉള്‍പ്പെടുന്ന സമ്പ്രദായം ദ്രാവിഡ ദേശത്തിന്റെ ഒരു പ്രത്യേകത കൂടിയാണ്.
രുരുജിത്ത് വിധാനം കാശ്മീരശൈവ മാര്‍ഗ്ഗത്തിലെ കാലസംഘര്‍ഷിണി, മഹാര്‍ത്ഥ എന്നീ സാധനാക്രമങ്ങളുമായി സാദൃശ്യം അവകാശപ്പെടാമെന്നും സുധീഷ് നമ്പൂതിരിയുടെ പഠനത്തില്‍ പറയുന്നുണ്ട് (കശ്മീരശൈവ സമ്പ്രദായത്തിന്റെ കേരളീയ പ്രഭാവവും സപ്തമാതൃ വിധാനങ്ങളും – തന്ത്ര ശാസ്ത്രപഠനം/സുധീഷ് നമ്പൂതിരി) കാ മേശ്വര ദേവതയായ സമയാചാര ഹാദി വിദ്യയാണ് കേരളത്തില്‍ പിന്തുടരുന്നത്.
അന്തര്‍യാഗപ്രധാനമായ സമയാചാരപദ്ധതിയുടെ അദ്വൈതഭാവത്തെ കൗലാചാര പദ്ധതിയായ കാദിവിദ്യ ബഹിര്‍ യാഗങ്ങളുടെ ക്രിയാപദ്ധതികളുമായി സമരസപ്പെടുത്തിയ മിശ്രസമ്പ്രദായമാണ് ഈ സങ്കല്പത്തിന്റെ പ്രവൃത്തിമാര്‍ഗ്ഗം. ഈ പശ്ചാത്തലത്തില്‍ വേണം കളരിവാതുക്കല്‍ ചുമര്‍ ചിത്ര ദേവീ ഭാവത്തെ പഠിക്കാന്‍.
കാലാനല രുദ്രകാളി കാശ്മീര ക്രമം അനുസരിക്കുന്ന കേരളത്തിലെ പന്ത്രണ്ടു കാവുകളിലൊന്നാണ് വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം. ഇവിടെ മുഖ്യദേവതയായ ശാക്തേയ ദേവി കാലാനല രുദ്രകാളിയാണ്. കാലാനല രുദ്രകാളി എന്നത് അഹമാണ്.
അഹം വിമര്‍ശാത്മക ഭാവമാണ്. അഹത്തെ അഥവാ അഹം ബോധത്തെ കാല്‍ക്കീഴില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ദേവി. ഇവിടെ അജ്ഞാനമാണ് അഹം എന്ന ബോധം. ആ അജ്ഞാനത്തെ കീഴടക്കുമ്പോള്‍ വിജ്ഞാനം ഉദിക്കും. നീലത്താമര അതിന്റെ രൂപകം ആണ്.
നീല നിറമാര്‍ന്ന ദേവി അനന്തതയുടെ പ്രതീകവുമാണല്ലോ. അനന്തമായ ജ്ഞാനം അഥവാ ബോധമുണ്ടാകുന്നത് അക്ഷരപരബ്രഹ്മത്തെ അറിയുന്നതിലൂടെയാണ്. ആ അക്ഷരപരബ്രഹ്മത്തെയാണ് തലയോട്ടി മാലയിലൂടെ പ്രതീകമാക്കുന്നത്. കയ്യിലുള്ള വാള്‍, കത്തി എന്നിവ അജ്ഞാനത്തെ അറുത്ത് മാറ്റാനും കുത്തി പിളര്‍ക്കാനും ഉപയോഗിക്കുന്ന ആയുധ വിശേഷണങ്ങളും. ചുരുക്കത്തില്‍ ശാക്തേയക്കാവുകളിലെ അപൂര്‍വ ചുമര്‍ചിത്രങ്ങള്‍ ദേവീ ഉപാസനയിലെ സമ്പ്രദായങ്ങളെ അടയാളപ്പെടുത്തുന്ന നിര്‍ണായക ചരിത്രരേഖയാണ്. സപ്ത മാതൃ ആരാധന മാത്രമല്ല അത്യപൂര്‍വമായ അഷ്ടമാതൃ ആരാധനയിലേക്കും ഈ ചിത്രങ്ങള്‍ വിരല്‍ചൂണ്ടുന്നു.
നേത്രോന്മീലനം
കളരിവാതുക്കല്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടു മുമ്പ് തെയ്യമ്പാടി നമ്പ്യാര്‍ വരച്ചതെന്നു പറയപ്പെടുന്ന ദേവിയുടെയും ഗണപതിയുടെയും ചുമര്‍ ചിത്രങ്ങള്‍ ഗുരുവായൂര്‍ തോട്ടപ്പായ ശാസ്ത്ര ശര്‍മ്മന്‍ നമ്പൂതിരി പുനര്‍ചിത്രീകരിച്ചതിന്റെ നേത്രോന്മീലനം വൃശ്ചികത്തിലെ മുപ്പെട്ട തിങ്കളാഴ്ച മുഹൂര്‍ത്ത രാശിയില്‍ നടന്നു.
ആചാര അനുഷ്ഠാന മുദ്രയായ ഉടവാളേന്തി ചിറക്കല്‍ കോവിലകം ഉത്രട്ടാതി തിരുന്നാള്‍ സി.കെ. രാമവര്‍മ്മ രാജയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനന്‍ നമ്പൂതിരിപ്പാട് നേത്രോന്മീലനം നിര്‍വഹിച്ചത്. നിറവിളക്ക് തെളിച്ച് ശംഖനാദം മുഴങ്ങും അന്തരീക്ഷത്തിലാണ് ചിത്രങ്ങളുടെ മിഴി തുറന്നത്. ചുമര്‍ ചിത്രങ്ങള്‍ക്ക് കണ്ണു വരച്ച് ജീവന്‍ നല്കുന്ന കര്‍മ്മമാണ് നേത്രോന്മീലനം.
ക്ഷേത്രം മൂത്ത പിടാരര്‍ താഴത്തില്ലത്ത് വടക്കനിയില്‍ കേശവന്‍ മൂസത്, വടക്കേ ഇല്ലത്ത് കേശവ പിടാരര്‍, ചിറക്കല്‍ കോവിലകം ദേവസ്വം മാനേജര്‍ സി.കെ. സുരേഷ് വര്‍മ്മ, കളരിവാതുക്കല്‍ ക്ഷേത്രം മാനേജര്‍ ചന്ദ്രശേഖരന്‍, വടക്കേ ഇല്ലത്ത് കേശവപിടാരര്‍, ആര്യംവള്ളി നടുവിലെ ഇല്ലത്ത് ഉഷ, രഞ്ജിത്ത്, കളരി വാതുക്കല്‍ സംഘ വഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട്, മാതൃസമിതി, കളരി വാതുക്കല്‍, വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
(കണ്ണൂര്‍ സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം, ഡയറക്ടറാണ് ലേഖകന്‍)