ഭാരതീയ ജ്ഞാന പാരമ്പര്യം (Indian Knowledge System) എന്നത് പുതിയ കാലത്ത് ഭാരതത്തെ വികസിത ലക്ഷ്യത്തിലേക്ക് നയിക്കുന്ന വൈജ്ഞാനിക ഭൂമികയാണ്. സുസ്ഥിരവും സമഗ്രവുമായ വികസനത്തിന്റെ പരമ്പരാഗത മാര്‍ഗ്ഗത്തെ കുറിച്ചാണ് ഇത് പരാമര്‍ശിക്കുന്നത്. ഓരോ രാഷ്ട്രത്തിനും ഓരോരോ പ്രദേശത്തിനും അതിന്റെ വ്യത്യസ്തമായ ജ്ഞാനപാരമ്പര്യം അവകാശപ്പെടാവുന്നതാണ്. ചിരപുരാതനമായ ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യം നിത്യനൂതനമായി തന്നെ നിലകൊള്ളുന്നു എന്നത് ഒരു സവിശേഷതയാണ്.
ജ്ഞാനസങ്കല്പം ഗീതാദര്‍ശനം
അതിപ്രാചീനകാലം മുതല്‍ക്കെ ഭാരതം വൈജ്ഞാനികമായി സവിശേഷതയുള്ള ഒരു ഭൂപ്രദേശമായാണ് അറിയപ്പെട്ടിരുന്നത്. ഭാരതത്തിന്റെ ജ്ഞാന സമ്പത്ത് വേദേതിഹാസങ്ങളിലൂടെ വികസിച്ച് ആധുനിക ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഇന്നും സ്വാധീനം ചെലുത്തുന്നു. വേദേതിഹാസങ്ങളിലുടെ ഒഴുകിയെത്തുന്ന ഭാരതീയ ജ്ഞാന സങ്കല്പ്പം ഭഗവദ്ഗീതയില്‍ ഉടനീളം പരാമര്‍ശിക്കപ്പെടുന്നു. സകല പാപങ്ങളില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗമായി ഗീത ജ്ഞാനത്തെ കാണുന്നു. പാപത്തിന്റെ പാരാവാരം കടക്കാനുള്ള ഒരു യാനമായി അഥവാ ഒരു നൗകയായി (the ship of Knowledge to cross the ocean of sins) ഭഗവദ്ഗീത വിജ്ഞാനത്തെ കാണുന്നു.
എല്ലാ ഭയാശങ്കകള്‍ക്കും പരിഹാരം അറിവാണ്. ‘The fire of Knowledge destroys fear’ എന്നത് ഒരു ആംഗലേയ പഴഞ്ചൊല്ലാണ്. ഈ അറിവിന്റെ അഗ്‌നി ഉള്ളില്‍ കൊണ്ടുനടന്നവരായിരുന്നു മഹര്‍ഷിമാര്‍ മുതല്‍ മഹാത്മാഗാന്ധിവരെയുള്ള മഹാരഥന്മാര്‍. നമ്മുടെ എല്ലാ ശങ്കകളും, ആശങ്കകളും, സംശയങ്ങളും വിജ്ഞാനത്തിന്റെ അഗ്‌നിയില്‍ (the fire of knowledge) ഭസ്മമായി തീരുന്നു (സംശയാത്മാ വിനശ്യതി) എന്ന് ഭഗവാന്‍ വ്യക്തമാക്കുന്നു. ജ്ഞാന സ്വരൂപനാണ് ഭഗവാനും ഭക്തനും. ജ്ഞാനസൂര്യന്മാരാണ് മഹാഋഷികള്‍. ജ്ഞാനത്തോളം പവിത്രമായി മറ്റൊന്നും തന്നെ ഈ ലോകത്തില്‍ ഇല്ലെന്ന് അര്‍ത്ഥശങ്കക്കിടനല്‍കാതെ ഭഗവാന്‍ ഭഗവദ്ഗീതയില്‍ വ്യക്തമാക്കുന്നു. നമ്മുടെ ഉള്ളിലുള്ള പവിത്രമായ ഈ ജ്ഞാനമാണ് വിവേകാനന്ദന്റെ അഭിപ്രായത്തില്‍ വിദ്യാഭ്യാസത്തിലൂടെ പ്രകടമാക്കപ്പെടുന്നത്. ഈ വിദ്യാഭ്യാസ പദ്ധതിയാണ് ഭാരതീയ ജ്ഞാന പാരമ്പര്യം എന്ന പ്രായോഗിക വേദാന്തമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ആരംഭിച്ചിരിക്കുന്നത്.
ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യം
പരമ്പര, ദൃഷ്ടി, ലൗകിക പ്രയോജനം എന്നീ മൂന്ന് അടിസ്ഥാന ശിലകളിലാണ് ഭാരതീയ ജ്ഞാനപാരമ്പര്യം ഉറച്ചുനില്‍ക്കുന്നത്. തലമുറകളായി കൈമാറിവരുന്ന ഭാരതത്തിന്റെ ജ്ഞാന പാരമ്പര്യം അതിന്റെ മൂല്യവും തിളക്കവും നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുകയും അത് പുതിയ കാലത്തിനു പ്രയോജനപ്പെടുംവിധം അടുത്ത തലമുറയിലെത്തിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത്തെ കാര്യം. പൈതൃകമായി ലഭിച്ച ഈ ജ്ഞാനസമ്പത്ത് പുതിയ കാല അറിവിന്റെയും അനുഭവത്തിന്റെയും പശ്ചാത്തലത്തില്‍, നവീനമായ അറിവുകളുമായി സംയോജിപ്പിക്കുക എന്നതാണ് അടുത്തത്. ഇതാണ് ദൃഷ്ടി എന്ന് വിവക്ഷിക്കപ്പെടുന്നത്. ലൗകിക പ്രയോജനം എന്ന മൂന്നാമത്തെ കാര്യം ലക്ഷ്യമിടുന്നത് ആധുനിക പ്രശ്‌നപരിഹാരത്തില്‍ ഭാരതീയ ജ്ഞാനസമ്പത്തിന്റെ പ്രയോഗവത്ക്കരണമാണ്. പുതിയ കാലത്ത് ഭാരതീയ ജ്ഞാന സമ്പത്ത് ഒരു പ്രായോഗിക വേദാന്തമായി പരിണമിക്കപ്പെടുക എന്നതാണ് പ്രധാനം.
വിവിധ പഠനമേഖലകളെ സമന്വയിപ്പിച്ചുള്ള ഒരു സമഗ്ര ശാസ്ത്ര സാങ്കേതിക സംവിധാനമാണ് പുതിയകാല പ്രശ്‌നപരിഹാരത്തിന് ആവശ്യം എന്നത് ഇന്ന് പൊതുവെ അംഗീകരിക്കരിക്കപ്പെട്ട ഒരു കാര്യമാണ്. കല, സാഹിത്യ, കാര്‍ഷിക മേഖല, വിദ്യാഭ്യാസം, വാണിജ്യം, അടിസ്ഥാന ശാസ്ത്ര ശാഖ, സാമ്പത്തിക ശാസ്ത്രം, മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ ഈ സമന്വയം പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭാരതത്തിന്റെ ബഹുസ്വരതയും ഭാഷയിലെ വൈവിധ്യവും പ്രാദേശിക ഭാഷകളുടെ സ്വാധീനവും കണക്കിലെടുക്കേണ്ടത് ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ നവീന ആവിഷ്‌കാരത്തിന് അത്യാവശ്യമാണ്.
ഇത്തരം കാര്യങ്ങള്‍ കൃത്യമായി പരിഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ എഐസിടിയുടെ നേതൃത്വത്തില്‍ ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ പുതിയകാല ആവിഷ്‌കാരത്തിനും പ്രയോഗവല്‍ക്കരണത്തിനുമായി ഒരു പുതിയ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വിവിധ വിഷയങ്ങളുടെ സമഗ്ര പഠനത്തിനും ഗവേഷണത്തിനും ഈ സംവിധാനം ഊന്നല്‍ നല്‍കുന്നു. സുസ്ഥിര വികസനത്തിലൂടെ വികസിത ഭാരതം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിന്റെ ഈ സവിശേഷ സംവിധാനത്തിന്റെ ആപ്തവാക്യം ഋഗ്വേദത്തിലെ ”ഭദ്രായ സുമതൗ യതേമ” എന്ന മന്ത്രമാണ്. ലോക നന്മയെ ലക്ഷ്യമിടുന്ന ഒരു ജ്ഞാനസമ്പത്തിനായി നമുക്ക് പരിശ്രമിക്കാം എന്നാണ് ഈമന്ത്രത്തിന്റെ ഏകദേശ പരിഭാഷ.
ഭാരതീയ വിജ്ഞാനം പ്രായോഗിക വേദാന്തം
നമ്മുടെ പ്രാചീനമായ അറിവുകളെ പരിചയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം അതിനെ പുതിയ കാല മാറ്റങ്ങളുടെപശ്ചാത്തലത്തില്‍ നവീനമായ കണ്ടുപിടിത്തങ്ങളും കാഴ്ചപ്പാടുകളുമായി സമന്വയിപ്പിക്കുക എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍ ഇവയെ വേണ്ടുംവിധം പ്രയോജനപ്പെടുത്തുക എന്നതിനാണ് ഈ സംവിധാനം ഊന്നല്‍ കൊടുക്കുന്നത്. നമ്മുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയില്‍ ഭാരതീയ ജ്ഞാനപാരമ്പര്യത്തിന് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നു എന്നത് എടുത്തു പറയാവുന്ന ഒരു കാര്യമാണ്.
നമ്മുടെ പരമ്പരാഗത അറിവുകളെ പുതിയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നവീനങ്ങളായ അറിവുകളുമായി സമന്വയിപ്പിക്കുമ്പോള്‍ പ്രായോഗികമായി ഏറെ പ്രയോജനപ്പെടുന്ന ഒരു ജ്ഞാന മാര്‍ഗ്ഗമാണ് നമുക്ക് ലഭിക്കുന്നത്. ആനുകാലിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും യഥാവിധി അതിന് പരിഹാരം കാണാനും അത് നമ്മെ പ്രാപ്തരാക്കുന്നു. ഒരു മഹാമാരിയുടെ മുന്നില്‍ ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ ലോകത്തിനു മുമ്പില്‍ പ്രശ്‌നപരിഹാരമാതൃകയാകാന്‍ ഭാരതത്തിന് സാധിച്ചത് ഈ സമീപനത്തിന്റെ കരുത്തിലായിരുന്നു.
തലമുറകളായി നമുക്ക് കൈമാറി കിട്ടിയ അമൂല്യമായ ഈ ജ്ഞാനസമ്പത്തിനെ സംരക്ഷിക്കുകയും അതിനെ വര്‍ദ്ധിച്ച തോതില്‍ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് പുതിയ തലമുറയുടെ കര്‍ത്തവ്യമാണ്. ഈ ദൗത്യമാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. അനാദികാലം മുതലേ ഇവിടെ നിലനിന്നിരുന്ന ഒരു വൈജ്ഞാനിക സമ്പത്തിന്റെ നീരുറവയെ ഒരു നദിയായി, ഒരു മഹാപ്രവാഹമായി, ഒരു ജ്ഞാന ഗംഗയായി ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. കലയായാലും, കാര്‍ഷിക വൃത്തിയായാലും, വിദ്യാഭ്യാസമായാലും, വ്യവസായ സംരംഭമായാലും, ആയുര്‍വേദമായാലും ഇതര ആതുരസേവനമായാലും, ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയായാലും ഭാരതീയ ജ്ഞാനപാരമ്പര്യത്തിന്റെ സ്വാധീനം പുതിയ കാലത്തിലും പ്രകടമാണ്.
കാര്‍ഷിക രംഗത്തെ പരമ്പരാഗത അറിവുകള്‍
പരമ്പരാഗത കാര്‍ഷിക അറിവുകള്‍ കാര്‍ഷിക രംഗത്തും ഭാരതത്തിന്റെ സാമ്പത്തിക രംഗത്തും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. നമ്മുടെ സാമ്പത്തികവും സാമൂഹികവുമായ മിക്ക രംഗങ്ങളിലും ഈ സ്വാധീനം വളരെ പ്രകടമായി കാണാവുന്നതാണ്. ഇന്നും വിവിധമേഖലകളില്‍ പരമ്പരാഗത കാര്‍ഷിക അറിവുകള്‍ ചെലുത്തുന്ന സ്വാധീനം അവഗണിക്കാനാവാത്തതാണ്. വികസന വഴികളുടെ വിവിധ രംഗങ്ങളില്‍ വേദേതിഹാസങ്ങളില്‍ ലഭ്യമായ ഈ അറിവുകള്‍ ഏറെ പ്രയോജനം ചെയ്യുന്നതാണ്. അനുഷ്ഠാനപരമായി ചെയ്യുന്ന ആചാരങ്ങളും ആഘോഷങ്ങളും കൃഷി രീതികളേയും കൃഷിയെ ആശ്രയിച്ചു കഴിയുന്ന സമൂഹത്തെയും ഏറെ സ്വാധീനിക്കുന്നു. ജൈവ കൃഷിയിലും അതിന്റെ ആദിമരൂപമായ ആത്മീയ കൃഷിരീതികളിലും (Spiritual Farming) ഈ സ്വാധീനം വ്യക്തമാണ്. മണ്ണിന്റെ ഗുണവും,വിത്തിന്റെ സവിശേഷതയും,നടീല്‍ രീതികളും, വളപ്രയോഗങ്ങളും, കാലാവസ്ഥാ നിരീക്ഷണങ്ങളും ഈ പരമ്പരാഗത അറിവുകളുടെ ഭാഗമാണ്. ഭാരതത്തിന്റെ കാര്‍ഷിക വികസനത്തിലും സാമ്പത്തിക വികസനത്തിലും ഈ അറിവുകള്‍ ഏറെ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധേയമാണ്.
ആരോഗ്യരംഗത്ത്, ചികിത്സാ രീതികളിലും ഭക്ഷണ സമ്പ്രദായത്തിലും ഭാരതീയ ജ്ഞാന പാരമ്പര്യം ചെലുത്തുന്ന സ്വാധീനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. അയ്യായിരം വര്‍ഷത്തെ പഴക്കം അവകാശപ്പെടാവുന്ന ആയുര്‍വേദം നമ്മുടെ പരമ്പരാഗത അറിവിന്റെ പര്യായമായി ആധുനികകാലത്തും നിലനില്‍ക്കുന്നു. മനുഷ്യ ശരീരത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള ഭാരതീയ ചികിത്സാ പദ്ധതി രോഗ ചികിത്സയെക്കാള്‍ പൂര്‍ണ ആരോഗ്യത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. അതിന് ഭഗവദ്ഗീതയില്‍ പരാമര്‍ശിക്കുന്ന യുക്തമായ ആഹാരവും പ്രകൃതി സൗഹൃദമായ ജീവിതരീതിയും സാത്വികമായ സ്വഭാവ സവിശേഷതകളുമാണ് ഏറ്റവും അഭികാമ്യം എന്ന് ആധുനിക ശാസ്ത്രവും അടിവരയിടുന്നു.
മനുഷ്യന്റെയും പ്രകൃതിയുടെയും സുസ്ഥിരതയ്ക്ക് അനുയോജ്യമായ ഒരു ജീവിതരീതിയെ കുറിച്ചാണ് ഇന്ന് ആഗോളമയി ആധുനിക ലോകം ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ല്‍ ഗ്ലാസ്‌ഗോവില്‍ വെച്ചു നടന്ന ഇരുപത്തിയാറാമത്തെ കാലാവസ്ഥാ ഉച്ചകോടിയില്‍ LIFE (Lifestyle for Environment) എന്ന പദ്ധതി മുന്നോട്ടുവെച്ചത്. വളരെ ആവേശത്തോടെയാണ് ഈ പദ്ധതിയെ ലോക രാഷ്ട്രങ്ങള്‍ വരവേറ്റത്. അതുകൊണ്ടു തന്നെയാണ് (POB), Pro Planet People (PPP), Prevention of Lifestyle Diseases, Prevention of Purchas Mania എന്നീ വിഷയങ്ങള്‍ ആധുനിക കാലത്ത് ആഗോളമായി ഏറെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്.
ഭഗവദ്ഗീതയുടെ കാലിക പ്രസക്തി
ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ പ്രസക്തി ആഗോള തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ വ്യാസ ഭാരതവും, ഭഗവദ്ഗീതയും പ്രത്യേകമായി പരിഗണിക്കപ്പെടുന്നു. തോമസ് എഡിസന്റെ ഗ്രാമഫോണില്‍ ആദ്യമായി രേഖപ്പെടുത്തിയ മാക്‌സ് മുള്ളരുടെ ശബ്ദശകലം ഋഗ്വേദത്തിലെ ആദ്യ ശ്ലോകമായ അഗ്‌നിമീളേ പുരോഹിതം എന്ന സംസ്‌കൃത മന്ത്രമായിരുന്നു. ആദ്യ അണുബോംബ് പരീക്ഷണത്തിലെ അഗ്‌നിഗോളം കണ്ടപ്പോള്‍ നിര്‍മ്മാതാവായ ഓപ്പണ്‍ഹോമറുടെ മനസ്സില്‍ ആദ്യം തോന്നിയത് ”ദിവിസൂര്യ സഹസ്രസ്യ” എന്ന ഗീതാശ്ലോകമായിരുന്നു. ആയിരം സൂര്യനുദിച്ചപോലെ എന്ന വിസ്മയം കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന് തോന്നിയത് ഭഗവാന്റെ വിശ്വരൂപം കണ്ടപ്പോഴാണ്. നൊബേല്‍ ജേതാവായ രബീന്ദ്ര ടാഗൂര്‍ മുതല്‍ ഒളിമ്പിക് മെഡല്‍ ജേതാവായ മനു ഭാക്കര്‍ വരെ, സ്‌പേസ് ശാസ്ത്രജ്ഞനായ വിക്രം സാരാഭായി മുതല്‍ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് വരെ, മാക്‌സ് മുള്ളര്‍ മുതല്‍ മഹാത്മാഗാന്ധി വരെ നിരവധി പേര്‍ക്ക് വഴികാട്ടിയായി മാറിയ ഭഗവദ്ഗീത ബിസിനസ്സ് സ്‌കൂളുകളിലെ പ്രധാന പഠന വിഷയമാണ്.
ഭഗവദ്ഗീതയും, അര്‍ത്ഥശാസ്ത്രവും, ശുക്രനീതിയും, വിദുരവാക്യവും, തിരുക്കുറലും ഭാരതീയ ജ്ഞാന പാരമ്പര്യത്തിന്റെ തിളങ്ങുന്ന ഏടുകളാണ്. ഒരു മനുഷ്യ നിര്‍മ്മിതീ മന്ത്രമായ ഭഗവദ്ഗീത യുവാക്കളെ ഉത്തിഷ്ഠ ചിത്തരാക്കാനും, കര്‍മ്മകുശലരാക്കാനും സഹായിക്കുന്നു. ആയാസരഹിതമായും, മാനസിക സംഘര്‍ഷമില്ലാതെയും, കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പ്രവര്‍ത്തിച്ച് ലക്ഷ്യം കൈവരിക്കാനും ഭഗവദ്ഗീത അനുവാചകരെ സന്നദ്ധരാക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പകര്‍ച്ചവ്യാധി എന്ന് പരക്കെ അറിയപ്പെടുന്ന മാനസിക സംഘര്‍ഷത്തെ ഒഴിവാക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഗീത ഓരോരുത്തരെയും സന്നദ്ധരാക്കുന്നു. മാനേജര്‍മാരുള്‍െപ്പടെ മിക്കവരുടെയും കഴിവുകള്‍ വര്‍ദ്ധിപ്പിച്ച് അവരെ കാര്യക്ഷമതയുള്ളവരും കര്‍മ്മ കുശലരുമാക്കാന്‍ ഗീതാശ്ലോകങ്ങള്‍ സഹായിക്കുന്നു.
സ്വന്തം കര്‍ത്തവ്യം (Task) സമയബന്ധിതമായി (Time) സ്വതസ്സിദ്ധമായ കഴിവുകളുപയോഗിച്ചു (ഠTalent) പൂര്‍ത്തിയാക്കാന്‍ പ്രേരിപ്പിക്കുന്ന ഭഗവദ്ഗീത ആധുനിക 3ഠ മാനേജ്‌മെന്റിന് ഒരു നല്ല ഉദാഹരണമാണ്. Knowledge, Skill and Positive Attitude (KSA) എന്ന മൂന്നു ഘടകങ്ങള്‍ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഏറെ പ്രധാനപ്പെട്ടവയാണ്. ജ്ഞാനയോഗത്തിലൂടെയും (Knowledge), കര്‍മ്മയോഗത്തിലൂടെയും (Skill) ഭക്തിയോഗത്തിലൂടെയും (Attitude) ഭഗവദ്ഗീത ആധുനിക കാലത്ത് ഇത് പ്രാവര്‍ത്തികമാക്കുന്നു. ഈ തരത്തില്‍ ആധുനിക മാനേജ്‌മെന്റിലെ ഓരോ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഭാരതീയ ജ്ഞാനപാരമ്പര്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥമായ ഭഗവദ്ഗീതയ്ക്ക് സാധിക്കുന്നു. ലോകം ഇന്ന് അനുഭവിക്കുന്ന സാമ്പത്തികവും (economic), പാരിസ്ഥിതികവും (environmental), തൊഴില്‍പരവും(Employability – skill) മാനസികവും(Emotional – stress), നൈതികവുമായ (ethical) നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഗീതയുടെ വിശ്വദര്‍ശനങ്ങള്‍.
ഭാരതീയ ജ്ഞാനപാരമ്പര്യം ലക്ഷ്യമിട്ടത് ലോക കല്യാണമാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആപ്തവാക്യവും, വസുധൈവ കുടുംബകം എന്നതും ലോക സംഗ്രഹം എന്ന ഗീതാവചനവും ലോകത്തിന്റെ സുഖവും സന്തോഷവും സമാധാനവുമാണ് സൂചിപ്പിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ലോകം ഉറ്റു നോക്കുന്നത് ഭാരതത്തെയാണ്. പ്രതിസന്ധികളെ മനസ്സാന്നിദ്ധ്യത്തോടെ സമീപിക്കാനുള്ള സൂത്രവാക്യങ്ങളാണ് ഭാരതത്തിന്റെ ജ്ഞാന സമ്പത്തിന്റെ ആെകത്തുകയായ ഭഗവദ്ഗീതയില്‍ സൂക്ഷ്മരൂപത്തില്‍ ലഭ്യമായിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഭാരതത്തിന്റെ വികസനം പൂര്‍ണമാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് ഭാരതീയ ജ്ഞാനപാരമ്പര്യം ഏറെ പ്രയോജനം ചെയ്യുന്നതാണ്.
Amit Jha , Traditional Knowledge System In India, Atlantic Publishers, New Delhi 2024.
Arshi Abbasi, Transforming Teacher Education through the integration of Indian Knowledge system 2024.
Jayamani C.V., Lectures on Bhagavad Gita and Management, Vichara Kendram, Thiruvananth apuram 1997.
Nitish S. Chavan and others, IndianKnowledgeSystem, Himalaya Publishing House, New Delhi 2024
Soumya Jain, Bhagavad Gita, The Key Source of Modern Management, Speaking Mind, November 16, 2022.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനുമാണ് ലേഖകന്‍.)