ലിബറല്‍ മേലങ്കിയണിഞ്ഞ ലോകമെമ്പാടുമുള്ള തട്ടിപ്പുകാരും കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മിലൊരു അവിശുദ്ധ സഖ്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് ശക്തിപ്രാപിച്ച ആ സഖ്യം മൂക്കാല്‍ നൂറ്റാണ്ടിനിപ്പുറവും നിലനില്‍ക്കുന്നു. നെഹ്രുവിന്റെ പിന്മുറക്കാരനായ രാഹുല്‍ഗാന്ധിയും ഇന്ത്യാവിരുദ്ധനായ അമേരിക്കന്‍ വിവാദ വ്യവസായി ജോര്‍ജ്ജ് സോറസും തമ്മിലുള്ള ബന്ധം അതുകൊണ്ടുതന്നെ അത്ര അപ്രതീക്ഷിതമല്ല. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും അധികാരത്തിനായി അത്തരം രാജ്യവിരുദ്ധതയൊക്കെ ചെയ്യുമെന്ന മുന്‍വിധി ഇന്ത്യക്കാര്‍ക്കുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നൂറു കോടി ഡോളര്‍ ചിലവഴിക്കുമെന്ന് പ്രഖ്യാപിച്ചയാളാണ് ജോര്‍ജ്ജ് സോറസ്. സോറസിന്റെ വിശ്വസ്തര്‍ക്കൊപ്പം യുഎസ് സന്ദര്‍ശനം നടത്തി മോദി സര്‍ക്കാരിനെ കുറ്റംപറയുന്നത് ശീലമാക്കിയ വ്യക്തിയാണ് രാഹുല്‍ഗാന്ധി. വെറുപ്പിന്റെ കട പൂട്ടിച്ച് സ്നേഹത്തിന്റെ കട തുറക്കുമെന്ന് രാജ്യത്തിനകത്ത് പ്രസംഗിക്കുകയും വിദേശരാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധതയും വെറുപ്പും പ്രസംഗിക്കുകയും ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് രാഹുല്‍ഗാന്ധി. എന്താണോ ജോര്‍ജ്ജ് സോറസും അയാളുടെ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും ഇന്ത്യയ്ക്കെതിരെ പ്രചരിപ്പിക്കുന്നത് അത് അതിലേറെ ശക്തിയില്‍ പ്രചരിപ്പിക്കുന്ന വ്യക്തികൂടിയാണ് രാഹുല്‍ഗാന്ധി. ലോക്സഭയിലെ ചര്‍ച്ചയില്‍ ബിജെപി എംപിമാര്‍ രാഹുല്‍ഗാന്ധിയെ ഉന്നത സ്ഥാനീയനായ ഒറ്റുകാരന്‍ എന്നു വിളിച്ചത്് അതിനാല്‍ തന്നെ ഏറെ ഉചിതമായി. രാഹുല്‍ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും രാജ്യവിരുദ്ധശക്തികളുമായുള്ള ബന്ധം വിളിച്ചുപറയാന്‍ ബിജെപി എംപിമാര്‍ തയ്യാറായതോടെ നെഹ്രു കുടുംബത്തിന്റെ ദുരൂഹമായ വിദേശ ബന്ധങ്ങള്‍ രാജ്യത്ത് ഒരിക്കല്‍ക്കൂടി ചര്‍ച്ചയായി.
ജോര്‍ജ് സോറസ് ഫണ്ട് ചെയ്യുന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട് (ഒസിസിആര്‍പി) എന്ന മാധ്യമ കൂട്ടായ്മ ഇന്ത്യയ്ക്കെതിരെ പ്രസിദ്ധീകരിച്ച ഏകപക്ഷീയ വാര്‍ത്തകള്‍ ഇന്ത്യയില്‍ രാഷ്ട്രീയ, ഭരണ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുകയെന്നതായിരുന്നു രാഹുല്‍ഗാന്ധിയുടെ ചുമതല. ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയാപാര്‍ട്ട് ഒസിസിആര്‍പിക്കും അതിന്റെ ഫണ്ടിംഗിന് പിന്നിലെ ശക്തികള്‍ക്കുമെതിരായി നടത്തിയ കണ്ടെത്തലുകള്‍ ഇന്ത്യയ്ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടന്ന ഗൂഢാലോചനകളുടെ തെളിവുകളായി മാറി. ഒസിസിആര്‍പിയുടെ പ്രധാന സാമ്പത്തിക സ്രോതസ് ജോര്‍ജ്ജ് സോറസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ്. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത തന്നെ കോണ്‍ഗ്രസ്-ഒസിസിആര്‍പി ബന്ധത്തിന്റെ തെളിവായി ബിജെപി ചൂണ്ടിക്കാണിക്കുന്നു. 324 മില്യണ്‍ ഡോളറിന്റെ കൊവാക്സിന്‍ കരാറില്‍ നിന്ന് 2021 ജൂലൈ 1ന് ബ്രസീല്‍ പിന്മാറുന്നതായി ഒസിസിആര്‍പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ച് രാജ്യത്ത് വാക്സിന്റെ ഗുണമേന്മയ്ക്കെതിരെ വലിയ തോതില്‍ പ്രചാരണം നടത്തി. എന്നാല്‍ കരാര്‍ ജൂണില്‍ തന്നെ റദ്ദായതും മറ്റു മാധ്യമങ്ങള്‍ അന്ന് തന്നെ അതു വാര്‍ത്തയാക്കുകയും ചെയ്തതാണെങ്കിലും ഒസിസിആര്‍പി അക്കാര്യം പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് അതിന്റെ പ്രചാരണ ദൗത്യം ഏറ്റെടുത്തത്. അദാനി ഗ്രൂപ്പിനെതിരെ ഒസിസിആര്‍പി പുറത്തുവിട്ട വാര്‍ത്തകളെല്ലാം തൊട്ടുപിന്നാലെ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും അതേപടി പ്രചരിപ്പിച്ചതും ഇവരുടെ ബന്ധത്തിന്റെ തെളിവുകളാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫണ്ടിംഗോടെ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി യുഎസിലെ ഡമോക്രാറ്റുകളുടെ ഇഷ്ടസ്ഥാപനം കൂടിയാണ്. അഴിമതിക്കേസുകളില്‍ അടക്കം രാഹുല്‍ഗാന്ധി രാജ്യത്ത് നേരിടുന്ന നിയമനടപടികള്‍ രാഷ്ട്രീയ സ്വാധീനത്താലുണ്ടാക്കിയതാണെന്ന ഒസിസിആര്‍പിയുടെ 2022 ജൂലൈയിലെ റിപ്പോര്‍ട്ട് ഇവരുടെ രാഹുല്‍ പക്ഷപാതിത്വത്തിന്റെ തെളിവാണ്.
ഇന്ത്യയില്‍ അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരമേറ്റെടുത്ത 1999ലാണ് ജോര്‍ജ്ജ് സോറസ് തന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിച്ചത് എന്നതാണ് ഏറ്റവും ഗൗരവകരമായ ഘടകം. 2004-2014 കാലത്ത് അഴിമതികളും കലാപങ്ങളും നിറഞ്ഞ, കലാപങ്ങളും നിറഞ്ഞ യുപിഎ ഭരണകാലത്തെപ്പറ്റി സോറസിന്റെ സംഘടനകള്‍ക്ക് മൗനമായിരുന്നു. എന്നാല്‍ 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വീണ്ടും സോറസും സംഘവും സജീവമായി. ദി വയര്‍ അടക്കമുള്ള മോദി വിരുദ്ധ മാധ്യമങ്ങള്‍ക്കും എന്‍ജിഒകള്‍ക്കും ദുരൂഹമുഖമുള്ള സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സോറസിന്റെ പണം വീണ്ടും എത്തിത്തുടങ്ങി. മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ 800 കോടി രൂപ ചിലവഴിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ സോറസിന് വേണ്ടി എന്തും എഴുതി നല്‍കാനും എന്തും പ്രചരിപ്പിക്കാനും എന്തും പ്രവര്‍ത്തിക്കാനും രാജ്യത്തെ മോദിവിരുദ്ധരും തയ്യാറായി.
ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കാത്ത, കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് മുറവിളികൂട്ടുന്ന ഫോറം ഫോര്‍ ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ദി ഏഷ്യാ പസഫിക് എന്ന കൂട്ടായ്മയുടെ അധ്യക്ഷരില്‍ ഒരാളാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയാഗാന്ധി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷ എന്ന നിലയിലാണ് സോണിയാഗാന്ധി ഫോറത്തെ നയിക്കുന്നത്. ചൈനീസ് എംബസിയുമായി സഹകരിച്ച് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പരിപാടികള്‍ നടത്തിയത് നേരത്തെ വിവാദമായിരുന്നു. ചൈനയില്‍ നിന്ന് ഫണ്ട് വാങ്ങിയതടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായെങ്കിലും കോണ്‍ഗ്രസിനും നേതാക്കള്‍ക്കും നാണമില്ലാത്തതിനാല്‍ അവരത് തുടര്‍ന്നു. ദോക്ക്ലാമില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ മാസങ്ങളോളം സംഘര്‍ഷം തുടര്‍ന്ന സമയത്തായിരുന്നു രാഹുല്‍ഗാന്ധിയുടെ ചൈനീസ് സഹകരണവും രാജീവ്ഗാന്ധി ഫൗണ്ടേഷന്റെ ചൈനീസ് സഹകരണവും എന്നതും ഏറെ ചര്‍ച്ചയായതാണ്.
കോണ്‍ഗ്രസ് നേതാക്കളുടെ ജോര്‍ജ്ജ് സോറസ് ബന്ധം വലിയ ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്ന് കേന്ദ്രപാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു പാര്‍ലമെന്റില്‍ ആരോപിച്ചതോടെയാണ് ശീതകാല സമ്മേളനത്തില്‍ ഇക്കാര്യത്തില്‍ വലിയ ബഹളങ്ങള്‍ക്ക് തുടക്കമായത്. രാഹുല്‍ഗാന്ധിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് സോറസിന്റെ ഫണ്ടില്‍ നിന്നാണെന്നും രാഹുലിന്റെ രാഷ്ട്രീയ പ്രചാരണങ്ങള്‍ നിയന്ത്രിക്കുന്നത് സോറസിന്റെ സംഘമാണെന്നും ബിജെപി എംപി നിഷികാന്ത് ദുബെയും സഭയില്‍ ആരോപിച്ചു. സോറസിന്റെ ഓപ്പണ്‍ സൊസൈറ്റിഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായ സലില്‍ ഷെട്ടി രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നതും രാഹുലും സോറസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ്. രാഹുലിനൊപ്പം ഇയാള്‍ നടക്കുന്ന ചിത്രങ്ങള്‍ തന്നെ ഇതു സാക്ഷ്യപ്പെടുത്തുന്നു. ഒസിസിആര്‍പിയുടെ ഭാഗമായ ബംഗ്ലാദേശി മാധ്യമപ്രവര്‍ത്തകന്‍ മുഷ്ഫിഖുള്‍ ഫസല്‍ അന്‍സാരെയുമായി രാഹുല്‍ഗാന്ധി യുഎസ് സന്ദര്‍ശന വേളയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുലിന്റെ ഉപദേശകനായ സാം പിത്രോഡയുടെ ഉറ്റ സുഹൃത്തും ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം പ്രചാരണങ്ങള്‍ നടത്തുന്ന മാധ്യമ പ്രവര്‍ത്തകനും ആണ് ഫസല്‍ അന്‍സാരെ. ദല്‍ഹി കലാപ കാലത്ത് ഷാര്‍ജീല്‍ ഇമാമിന് ചൈനീസ് പണമെത്തിച്ച ആനന്ദ് മങ്ക്നാലെയും ഒസിസിആര്‍പിയുടെ ഭാഗമാണ്. ന്യൂസ് ക്ലിക്കില്‍ നിരന്തരം എഴുതിക്കൊണ്ടിരുന്ന ഇയാള്‍ ദല്‍ഹി കലാപ കാലത്ത് പ്രചരിപ്പിച്ച വാര്‍ത്തകളെല്ലാം ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് ദല്‍ഹിയില്‍ കലാപം നടന്നത് എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. യുഎസ് ഡീപ് സ്റ്റേറ്റ് നിയന്ത്രിക്കുന്ന ഡമോക്രാറ്റുകളും ഒസിസിആര്‍പി അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയും ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷവും മോദി-ട്രംപ് സൗഹൃദത്തെ ഇല്ലായ്മ ചെയ്യാനും അതുവഴി യുഎസ്-ഇന്ത്യ ബന്ധം തകര്‍ക്കാന്‍ നടത്തിയ വലിയ ഗൂഢാലോചനകളുടെ സൂചനകളിലേക്കുമാണ് ഇതെല്ലാം നമ്മെ എത്തിക്കുന്നത്. ഇന്ത്യയ്ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും നടക്കുന്നത് വലിയ അന്താരാഷ്ട്ര ഗൂഢാലോചനയാണ്. അതില്‍ ആരൊക്കെ രാജ്യത്തിനൊപ്പം നില്‍ക്കും ആരൊക്കെ ശത്രുക്കള്‍ക്കൊപ്പം നില്‍ക്കും എന്നത് വരും നാളുകളില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരും.