റഷ്യയിലെ ടോംസ്‌കില്‍ ഭക്തിവേദാന്തപ്രഭുപാദരുടെ ഭഗവദ്ഗീത യഥാരൂപം എന്ന വ്യാഖ്യാനത്തെ അധികരിച്ചുണ്ടായ കോടതി വ്യവഹാരം ഭഗവദ്ഗീതയുടെ വ്യാഖ്യാനങ്ങളുടെ ആധികാരികപാഠത്തെ അരക്കിട്ടുറപ്പിച്ച ഒന്നാണ്. ടോംസ്‌കിലെ ഈ കോടതിവ്യവഹാരം ഭഗവദ്ഗീതയെസ്സംബന്ധിച്ച് ദൂരവ്യാപകഫലങ്ങള്‍ ആഗോളസമൂഹത്തില്‍ ഉളവാക്കുകയുണ്ടായി. റഷ്യയിലെ ടോംസ്‌കിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസില്‍ രണ്ടായിരത്തിപതിനൊന്ന് ജൂണില്‍ മതതീവ്രവാദത്തെ മുന്‍നിര്‍ത്തി ടോംസ്‌കിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പണ്ഡിതരുടെ വിലയിരുത്തല്‍പ്രകാരം ഭക്തിവേദാന്തപ്രഭുസ്വാമിയുടെ ഗീതാതര്‍ജ്ജമയും വ്യാഖ്യാനവും മതപരവും സാമൂഹികവുമായ വര്‍ഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഗലീനാബൂട്ടെന്‍കൊയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ ഹിയറിങ്ങില്‍ ടോംസ്‌ക് യൂണിവേഴ്‌സിറ്റി മാത്രമല്ല കെമെറാവോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയും രണ്ടായിരത്തി പതിനൊന്നു ഡിസംബര്‍ ഇരുപത്തിയെട്ടിന് ഈ നിരീക്ഷണത്തെ പിന്‍താങ്ങി. അതോടെ കേസ് ലോകമാദ്ധ്യമരംഗത്തു ശ്രദ്ധ ആകര്‍ഷിക്കപ്പെടുകയും കേസിനെ വിലയിരുത്തിക്കൊണ്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളുടെ കൊടുങ്കാറ്റുതന്നെയുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അതിനെപ്പറ്റിയുള്ള ശക്തമായ അഭിപ്രായപ്രകടനങ്ങളും നിരീക്ഷണങ്ങളുമായി റഷ്യയിലും ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും മാധ്യമങ്ങളും സോഷ്യല്‍നെറ്റ്‌വര്‍ക്കുകളും സജീവമായി. ഭാരത വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ, അജ്ഞതയുടെ പ്രചോദനത്താല്‍ വ്യക്തികള്‍ തെറ്റായി നയിക്കപ്പെടുന്നതായി വ്യവഹാരത്തെ വിലയിരുത്തിക്കൊണ്ടു പറഞ്ഞു. ഭഗവദ്ഗീതാവിചാരണക്കേസ് 2011 ലെ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം റിപ്പോര്‍ട്ടില്‍(United States Department of State “International Religious Freedom Report for 2011” (PDF) Bureau of Democracy, Human Rights and Labour, Retrieved 1 August 2012)മതസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന റഷ്യന്‍ഭരണകൂടത്തിന്റെ നിലപാടായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ഭക്തിവേദാന്തട്രസ്റ്റ് 1968ല്‍ പ്രസിദ്ധീകരിച്ച ഭഗവദ്ഗീത-യഥാരൂപം എന്ന കേസിനാസ്പദമായ കൃതി എണ്‍പതു ഭാഷകളില്‍ നൂറു ലക്ഷത്തോളം കോപ്പികള്‍ ആഗോളതലത്തില്‍ പ്രസിദ്ധീകരിച്ചു വിതരണം ചെയ്തു. ഇത് ഗീതയുടെ ആഗോളവ്യാപനത്തില്‍ നിര്‍ണായക പങ്കുവഹിച്ച സംഭവമാണ്. എന്നാല്‍, 2004 ലും 2005 ലും പുറത്തുവന്ന പതിപ്പുകളില്‍ കാണപ്പെട്ട ശൈലീപരമായ ചില വ്യതിയാനങ്ങളാണ് കേസിനാസ്പദമായിത്തീര്‍ന്നതെന്ന് വിലയിരുത്തപ്പെട്ടു. ഇത്തരത്തില്‍ അച്ചടിയും വിതരണവും തടയപ്പെട്ട ആയിരത്തോളം കൃതികളുണ്ട്. അതിലൊന്നാണ് മെയ്ന്‍കാംഫ്. ഇവ മതപരവും സാമൂഹികവുമായ വിരോധമുളവാക്കുന്നുവെന്നുവച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
മിക്ക മതഗ്രന്ഥങ്ങളിലും ഇതുപോലെ വിരോധമുളവാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നുവരുന്നതായി കോടതി നിരീക്ഷിച്ചു. ഇത് മിക്ക പുരാതനമതഗ്രന്ഥങ്ങളുടെയും സ്വഭാവമാകയാല്‍ അതൊന്നും ആ ഗ്രന്ഥങ്ങളുടെ നിരോധനത്തിനു തക്ക പ്രാധാന്യമുള്ളതായി കാണാത്ത കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതിന് റഷ്യന്‍ബൗദ്ധികസമൂഹത്തിന്റെയും അന്തര്‍ദ്ദേശീയതലത്തിലുണ്ടായ ചര്‍ച്ചകളുടെയും പിന്തുണയുണ്ടായി(Maurya Abha 22 Dec.2011 ‘Russias kick up and unholy law over holy book’ Times of India Retrieved 24 Dec. 2011). അതേവര്‍ഷം (2011) ഡിസംബര്‍ 28-ന് ഫെഡെറല്‍ ജഡ്ജ് ഗീതാനിരോധനം ശരിയല്ല എന്നു വിധിച്ചു. മാത്രമല്ല, പ്രസ്തുതവ്യാഖ്യാനം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ കാരണമായിട്ടില്ല എന്നും വിലയിരുത്തപ്പെട്ടു. രാഷ്ട്രീയമോ ആശയപരമോ മതപരമോ ആയ നിലപാടുകള്‍ ഒരു കൃതിയില്‍ കണ്ടുവെന്നതുകൊണ്ടുമാത്രം ആ കൃതി നിരോധിക്കുന്നതിലര്‍ത്ഥമില്ല എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു(“Siberian Court refuses to classify Bhagavad Gita as extremists book”, ITAR TASS 21 March 2012).2012 ജനുവരി 24ന് ടോംസ്‌ക് പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് കോടതിവിധി ചോദ്യംചെയ്ത് മേല്‍ക്കോടതിയെ സമീപിച്ചു (Russian Prosecutors to move higher court seeking Gitaban “The Economic Time 26 January 2012). റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ അലക്‌സാണ്ടര്‍ ബാക്‌സ്മാന്റെ ആഭിമുഖ്യത്തില്‍ 2012 ജനുവരി 16ന് വെളിപ്പെടുത്തിയത് പൊതുസമൂഹത്തിനുണ്ടായ തെറ്റിദ്ധാരണയാണ് കേസിനു തുടക്കംകുറിച്ചതെന്നായിരുന്നു. ഹൈന്ദവകൃതിയായ ഗീതയുടെ റഷ്യന്‍പരിഭാഷയ്ക്കു മേലുണ്ടായ വീക്ഷണഭേദമായിരുന്നു നിരോധനത്തിനു വഴിവച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 2021 ഫെബ്രുവരി 21ന് ടോം സ്‌കിലെ ആക്ടിവിസ്റ്റ് അലക്‌സാണ്ടര്‍ ദ്വാര്‍കിന്‍ ഭഗവദ്ഗീതായഥാരൂപം യഥാര്‍ത്ഥഗീതയുമായി അടുത്തബന്ധമില്ലെന്നും അതൊരു സ്വതന്ത്രകൃതിയാണെന്നും ഒരു യഥാര്‍ത്ഥവിവര്‍ത്തനമല്ലെന്നും അഭിപ്രായപ്പെട്ടു.
പ്രോസിക്യൂഷന്‍പ്രതിനിധിയുടെ വാദപ്രകാരം ജില്ലാക്കോടതി എക്‌സ്ട്രിമിസത്തിന്റെ വ്യാഖ്യാനത്തെ തെറ്റായി ഉള്‍ക്കൊണ്ടതായി റഷ്യന്‍ചിന്തകര്‍ നിരീക്ഷിക്കുകയുണ്ടായി. അതിനുകാരണമായ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലുംവിധത്തില്‍ ആ വ്യാഖ്യാനം പ്രകടിപ്പിച്ചതായിട്ടോ, പ്രത്യേകിച്ച്, പ്രവര്‍ത്തനരൂപത്തില്‍ ഏതെങ്കിലും നിയമലംഘനം നടത്തിയതായിട്ടോ ദ്വേഷം പുലര്‍ത്തുന്ന എന്തെങ്കിലും സമൂഹമദ്ധ്യേ നടത്തിയതായിട്ടോ ഇല്ലെന്നു നിരീക്ഷിച്ചു. അങ്ങനെ 2012 മാര്‍ച്ച് 21ന് കീഴ്‌ക്കോടതിയെ ശരിവച്ച് മേല്‍ക്കോടതിയും വാദികളുടെ പെറ്റീഷന്‍ നിരാകരിച്ചു. 2021 മേയ് 21ന് ടോംസ്‌ക് റീജിയണല്‍ പ്രോസിക്യൂട്ടര്‍ വാസിലിവ്യോഡ്കിന്‍ വാദികള്‍ക്കു വീണ്ടും അപ്പീലിനു പോകുന്നതു നിരസിക്കുകയും ഭഗവദ്ഗീത-യഥാരൂപം തീവ്രവാദത്തെ സാധൂകരിക്കുന്ന കൃതിയല്ലെന്ന് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു.
റഷ്യയിലെ ഈ കേസ് ആഗോളശ്രദ്ധ നേടുകയുണ്ടായി. ലോകത്തെവിടെയുമുള്ള മാദ്ധ്യമങ്ങളും ഇന്ത്യാ ഗവണ്മെന്റും ഇതില്‍ ഉചിതമായി ഇടപെടുകയും ചെയ്തു. പ്രസ്തുതകേസിനെ പ്രധാനമന്ത്രി (ഡോ. മന്‍മോഹന്‍ സിങ്)യുടെ ഓഫീസ് ‘ഈ വസ്തുത ഏറ്റവും ഉന്നതമായ ശ്രദ്ധയ്ക്കു പാത്രമാണ്’ എന്നു വിലയിരുത്തി. മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ റഷ്യന്‍ അതോറിറ്റിയോടൊപ്പം കേസ് പിന്‍വലിക്കുംവരെയോ തള്ളിപ്പോകുംവരെയോ പിന്തുടരാന്‍ ഔദ്യോഗികമായ അറിയിപ്പു നല്‍കി. ഇസ്‌കോണ്‍ അദ്ധ്യക്ഷന്‍ ഗോപാലകൃഷ്ണഗോസ്വാമി പ്രശ്‌നത്തിലെ തന്റെ വിലയിരുത്തല്‍ മുന്‍നിര്‍ത്തി യു.പി.എ. ചെയര്‍പേഴ്‌സന്‍ സോണിയാഗാന്ധി, വ്യവസായമന്ത്രി ആനന്ദ്ശര്‍മ്മ, വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ എന്നിവര്‍ക്ക് കത്തുകളയച്ചു.
മുംബൈ ഹൈക്കോടതി ഭഗവദ്ഗീതയുടെ നിരോധനത്തെ മുന്‍നിര്‍ത്തി റഷ്യയിലെ ടോംസ്‌ക് കോടതിയില്‍ ഇന്ത്യന്‍ നിലപാടു വ്യക്തമാക്കാന്‍ ഇന്ത്യാഗവണ്മെന്റിനോടാവശ്യപ്പെട്ടു. ഇന്ത്യാ ഗവണ്മെന്റിന്റെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ ഭഗവദ്ഗീതാകേസു വിസ്താരത്തില്‍ സാധുത ഉണ്ടാകില്ലെന്നു ചൂണ്ടിക്കാട്ടി. അതിനുള്ള മറുപടി ഗവണ്മെന്റ് ബോധിപ്പിക്കണമെന്നും വിധിച്ചു. ഇത് ഇന്ത്യാ ഗവണ്മെന്റിന്റെ നിലപാടിനെ ശക്തിപ്പെടുത്തി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കക്ഷിരാഷ്ട്രീയഭേദമില്ലാതെ കേസിനെതിരെ അഭിപ്രായമുയര്‍ന്നത് വിദേശമാദ്ധ്യമങ്ങള്‍ വന്‍പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. 2011 ഡിസംബര്‍ 11 ന് ഭര്‍ത്തൃഹരി മഹ്ത്താബ് (ബിജു ജനതാദള്‍ പാര്‍ട്ടി) ഗീതാനിരോധനവിഷയം ലോകസഭയില്‍ അവതരിപ്പിച്ചു. സ്പീക്കര്‍ മീരാ കുമാര്‍ അതിന്മേല്‍ ചര്‍ച്ചയ്ക്കു ക്ഷണിക്കുകയും രാഷ്ട്രീയകക്ഷികള്‍ ഐക്യത്തോടെ കേസിനെതിരെ നിലപാടു വ്യക്തമാക്കുകയും ചെയ്തു. ഡിസംബര്‍ 19ന് ഇന്ത്യയുടെ മഹാഗ്രന്ഥമായ ഗീതയ്ക്കുവേണ്ടി ഏകത്വം പ്രകടിപ്പിച്ച സുവര്‍ണദിനമായി മാറി. ഡിസംബര്‍ 20ന് സുഷമാസ്വരാജ് ഗീതയെ ദേശീയകൃതിയായി പ്രഖ്യാപിക്കണമെന്നു വാദിച്ചു. ഭാരതീയജനതാപാര്‍ട്ടി വിദേശകാര്യവക്താവ് വിജയ് ജോളി റഷ്യന്‍ എംബസി മുഖേന ഒരു കത്തിനൊപ്പം ഭഗവദ്ഗീതയുടെ ഒരു കോപ്പി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മൊദെവ്‌ദ്ദെവിന് നല്‍കുകയുണ്ടായി. ആ കത്തില്‍ ഭഗവദ്ഗീത ”ഉദാത്തചിന്തയുടെയും സ്വയംനിയന്ത്രണത്തിന്റെയും ആത്മീയപ്രചോദനത്തിന്റെയും മനുഷ്യത്വത്തിന്റെയും കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കൃതിയാണെ”ന്ന് ചൂണ്ടിക്കാട്ടി. (https//en.wikipedia.org./wiki/BhagavadGita As it is trial in Russia).
ഇന്ത്യയിലെ മതസഹിഷ്ണുത പ്രോജ്ജ്വലിപ്പിക്കുന്ന ഒരു സന്ദര്‍ഭമായും ഗീതാകേസ് മാറുകയുണ്ടായി. 2012 ഡിസംബര്‍ 21 ന് ഇസ്‌ലാമിക് സെമിനാരി ദാറുല്‍ ഉലും ഡിയോബാന്‍സ് വൈസ്ചാന്‍സലര്‍ അബ്ദുള്‍ ഖാസിം നൊമാനി ഒപ്പിട്ട ഒരു പ്രസ്താവന – ‘റഷ്യന്‍ ഡിക്ടറ്റ് എഗയ്‌ന്‌സ്റ്റ് ദി ഹിന്ദു ഹോളി സ്‌ക്രിപ്ച്ചര്‍'(Russian diktat against the Hindu holy scripture) എന്ന ശീര്‍ഷകത്തില്‍ പുറപ്പടുവിച്ചു. അതില്‍ തീര്‍ത്തും അടിസ്ഥാനരഹിതവും എതിര്‍ക്കപ്പെടേണ്ടതുമാണ് റഷ്യന്‍ കേസ് എന്ന് അപലപിക്കുന്നു. ഇന്ത്യന്‍ഭരണഘടന നല്‍കുന്ന ബൗദ്ധികസ്വാതന്ത്ര്യം നിരാകരിക്കുന്ന റഷ്യന്‍ കൈകടത്തലായി പ്രസ്തുതപ്രസ്താവന റഷ്യന്‍കേസിനെ ചൂണ്ടിക്കാട്ടി. ഇസ്ലാമികപണ്ഡിതനായ ‘ലക്‌നൗ ഇസ്ലാമിക് സെന്ററി’ന്റെ തലവന്‍ മൗലാനാ ഖാലിദ് റഷീദും റഷ്യന്‍നടപടിയെ അപലപിച്ചു രംഗത്തുവന്നു. ഭാവിയിലും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തമായ നിലപാടു സ്വീകരിക്കാന്‍ ഇന്ത്യാ ഗവണ്മെന്റ് നിലകൊള്ളണമെന്നും അതിന് ഹിന്ദുക്കള്‍ക്ക് മുസ്ലീംപിന്തുണ ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2011 ഡിസംബര്‍ 23ന് മധ്യപ്രദേശിലെ ‘ഈസായ് മഹാസംഘ്’ എന്ന ക്രിസ്ത്യന്‍സംഘടന ഇക്കാര്യത്തില്‍ രംഗത്തുവന്നു. അവര്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിനെയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെയും അഭിസംബോധനചെയ്ത് ഭഗവദ്ഗീതാകേസില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. മധ്യപ്രദേശ് ഗവര്‍ണര്‍ റാം മഹേഷ് യാദവ് മുഖേന ഇന്ത്യന്‍ പ്രസിഡന്റിനും ന്യൂ ദല്‍ഹിയിലെ വത്തിക്കാന്‍ എംബസി മുഖേന മാര്‍പാപ്പയ്ക്കും ഈസായ് മഹാസംഘ് ജനറല്‍ സെക്രട്ടറി ജെറി പോള്‍ പ്രസ്താവന നല്‍കി. അവരുടെ പ്രസ്താവനയില്‍ ”കേസ് തീര്‍ത്തും ഗീതയ്‌ക്കെതിരാണ്. റഷ്യക്കാര്‍ക്ക് ഗീതയുടെ പ്രാധാന്യം അറിയില്ല. അതിലെ തത്ത്വചിന്തയും മൂല്യബോധവും അനേകം ഇന്ത്യാക്കാരുടെ ജീവിതങ്ങളെ സ്വാധീനിക്കുന്നതിനെപ്പറ്റിയും അതില്‍ അവരുടെ ജീവിതത്തിന്റെ സ്ഥാനത്തെപ്പറ്റിയും അവര്‍ക്കറിയില്ല” (https//en.wiki pedia.org./wiki/BhagavadGita As it is trial in Russia) എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയില്‍ റഷ്യന്‍നിലപാടിനെ രാഷ്ട്രീയമായും പ്രതിരോധിക്കുകയുണ്ടായി. ഗീതാതത്ത്വം മനുഷ്യത്വത്തെ അഗാധമായി സ്വാധീനിക്കുന്നതും ലോകവ്യാപകമായി അംഗീകരിച്ചതും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാല്‍ പ്രശംസിക്കപ്പെട്ടതുമാണെന്ന് ഡോ. പ്രവീണ്‍ തൊഗാഡിയ അഭിപ്രായപ്പെട്ടു. ഗീതാകേസ് തുടര്‍ന്നാല്‍ ഇന്ത്യയിലെ റഷ്യന്‍ ഓഫീസുകളും റഷ്യന്‍ ചരക്കുകളും തങ്ങള്‍ ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ‘രാഷ്ട്രവാദിസേന’ എന്ന സംഘടന റഷ്യന്‍പതാക കത്തിക്കുകയും ഗീതാനിരോധനം നീക്കാനായി ഇന്ത്യന്‍ പ്രസിഡന്റിനും റഷ്യന്‍ എംബസിക്കും മെമ്മോറാണ്ടം അയയ്ക്കുകയും ചെയ്തു. ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി അംഗീകരിച്ചു പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 26ന് റഷ്യന്‍ ദേശീയപതാക കത്തിച്ച് ശിവസേനക്കാരും ജമ്മുവില്‍ ശ്രീരാമസേനക്കാരും പ്രകടനങ്ങള്‍ നടത്തി. ഭാരതത്തിലെ തീവ്രവാദനിലപാടുകാര്‍ മാത്രമല്ല, ഇന്ത്യന്‍യുക്തിവാദിസംഘടനകളും ഭഗവദ്ഗീതാനിരോധനത്തെ എതിര്‍ത്തു രംഗത്തുവന്നു. ‘ഇന്‍ഡ്യന്‍ നാഷണലിസ്റ്റ് അസോസിയേഷ’ന്റെ പ്രസിഡന്റ് ഏതൊരു സാഹിത്യത്തെയും വായിക്കുന്നതിനുള്ള മനുഷ്യാവകാശത്തെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തെയും പരിഗണിച്ച് ഈ നിരോധനത്തെ പ്രതിരോധിക്കേണ്ടതാണെന്നു പ്രസ്താവിച്ചു. ”നിരോധനം എതിര്‍ക്കപ്പെടേണ്ടതാണെ”ന്ന് എത്തീസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ജയഗോപാല്‍ പ്രസ്താവിച്ചു. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവയിലെ റഷ്യന്‍സമൂഹവും നിരോധനത്തെ എതിര്‍ത്തു. ഗോവയിലെ റഷ്യന്‍കാര്യാലയത്തിലെ സമ്മേളനത്തില്‍വച്ച് ”എല്ലാ പൗരാണികഹിന്ദുഗ്രന്ഥങ്ങള്‍ക്കും വളരെ വലിയ പ്രാധാന്യമാണുള്ളത്. അത് ഇന്ത്യയുടേതു മാത്രമല്ല, മുഴുവന്‍ ലോകത്തിന്റേതുമാണെ”ന്ന് സമ്മേളനം വ്യക്തമാക്കി. 2011 ഡിസംബര്‍ 16ന് ഒരു ഓണ്‍ലൈന്‍ പെറ്റിഷന്‍ ഭഗവദ്ഗീതാ ട്രയല്‍ അവസാനിപ്പിക്കാനായി തുടങ്ങുകയും ഡിസംബര്‍ 22ന് നാല്പത്തി അയ്യായിരത്തോളം മനുഷ്യര്‍ പ്രത്യേകിച്ച് ലോകത്തെവിടെയുമുള്ള ഭാരതീയരുടേതായ ഒരു പെറ്റിഷന്‍ സമര്‍പ്പിക്കുകയുംചെയ്തു. സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഇത് വൈറലാവുകയും ഇന്ത്യന്‍ ട്വിറ്ററില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിത്തീരുകയും ചെയ്തു. കവി ജാവേദ് അക്തര്‍ ട്വിറ്ററില്‍ കുറിച്ചത്, ”ഗീത നിരോധിക്കുകയോ? ഹിന്ദുക്കള്‍ക്കു മാത്രമല്ല, ലോകത്തിനു മുഴുവന്‍തന്നെ ഇതു ജ്ഞാനത്തിന്റെ മഹത്തായ കൃതിയാണ്” എന്നായിരുന്നു. റഷ്യന്‍ ഇന്റര്‍നെറ്റുപത്രം ഗാസെറ്ററു ‘അയ്യായിരം വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു കൃതി എങ്ങനെയാണ് ഒരു തീവ്രവാദകൃതിയായിത്തീരുന്നതെ’ന്നു ചോദിച്ചുകൊണ്ട് ലേഖനം പ്രസിദ്ധപ്പെടുത്തി.
ഹരേകൃഷ്ണപ്രസ്ഥാനത്തിന് റഷ്യയില്‍ ഒരു ലക്ഷത്തോളം അനുയായികളും നൂറോളം കേന്ദ്രങ്ങളും ഉണ്ട്. ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഹരേകൃഷ്ണപ്രസ്ഥാനത്തിലെ സാധു പ്രിയാദാസിനെ ചെയര്‍മാനാക്കി ഈ വിഷയത്തില്‍ റഷ്യന്‍ ഓംബുഡ്‌സ്മാന്റെ അഭിപ്രായം ആരാഞ്ഞു. മോസ്‌കോ, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് എന്നിങ്ങനെ റഷ്യയുടെ ബൗദ്ധികകേന്ദ്രങ്ങളിലെല്ലാംതന്നെ ജനങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്ന ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. ഇത് റഷ്യന്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കി.
റഷ്യന്‍പണ്ഡിതന്മാരും മാദ്ധ്യമങ്ങളും ഗീതാനിരോധനത്തെ എതിര്‍ക്കുകയുണ്ടായി. റഷ്യന്‍ ന്യൂസ്‌പേപ്പര്‍ ‘മോസ്‌കോവ്‌സ്‌കംസൊമൊളെറ്റില്‍ റഷ്യന്‍ അക്കാദമിക് സയന്‍സിലെ ശാസ്ത്രജ്ഞരും കുറച്ചു മതപണ്ഡിതരും ചേര്‍ന്ന് പ്രസ്താവന ഇറക്കി. ”അടിസ്ഥാനമില്ലാത്ത ഗീതാനിരോധനക്കേസ് നടത്താന്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തുന്നത് മതപരമായ അനുഭവത്തിന് ഒരു വലിയ അധിക്ഷേപമാണ് എന്നും ഇന്‍ഡ്യന്‍ റഷ്യന്‍ബന്ധത്തിന് ഇത് ദോഷമാണെ”ന്നുമായിരുന്നു വിലയിരുത്തല്‍. ‘റഷ്യന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഫോര്‍ ദി ഹ്യുമാനിറ്റീസി’ലെ ‘ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ഹ്യുമാനിറ്റേറിയന്‍ സ്റ്റഡീസി’ലെ പ്രധാനി സെര്‍ജി സെറിബ്രിയാനി ‘എക്‌സ്ട്രിമിസം’ (ലഃൃേശാശാെ) എന്ന വാക്ക് കോടതി വ്യാപകാര്‍ത്ഥത്തില്‍ ഉപയോഗിച്ചതു ചൂണ്ടിക്കാട്ടി, ‘ഇസ്‌കോണനുയായികള്‍ക്കും തങ്ങളുടെ വിശ്വാസസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിനു തുല്യാവകാശമുണ്ട്; റഷ്യന്‍ ഫെഡറേഷനിലെ നീതിന്യായവ്യവസ്ഥിതി ഇതരമതവിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന നീതി അതിനും ഉറപ്പുവരുത്തേണ്ടതാണെ’ന്ന് പ്രഖ്യാപിച്ചു.
റഷ്യന്‍ ഇന്‍ഡോളജിസ്റ്റ് യെവഗെനിയ വാണിന, ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീ’സിലെ റഷ്യന്‍ അക്കാദമി ഓഫ് സയന്‍സില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതി; കോടതിക്കേസിനെ വിമര്‍ശിച്ചു. ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നിങ്ങനെ ഹിന്ദുക്കള്‍ ഉള്ളിടത്തും യൂറോപ്പിലുമെല്ലാം വായിക്കപ്പെടുന്ന ഗീത, ഹെര്‍ബര്‍, ഷേപ്‌നോവര്‍, ടോള്‍സ്റ്റോയ് തുടങ്ങിയവരാല്‍ ആദരിക്കപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി. 1788 മുതല്‍ ഹിന്ദുകൃതികള്‍ റഷ്യയിലേക്കു പരിഭാഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അക്കാലത്ത് റഷ്യ ഭരിച്ച യാഥാസ്ഥിതികഭരണകൂടംപോലും ഗീതയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. പക്ഷേ, കേസെടുത്തത് സെക്കുലര്‍ ഡെമോക്രാറ്റിക് റഷ്യയിലാണെന്നത് വൈരുദ്ധ്യമായി അവര്‍ ചൂണ്ടിക്കാട്ടി. പുരാതനഭാരതീയകൃതികള്‍ ഗൂഢാര്‍ത്ഥപ്രധാനങ്ങളായിരിക്കെ ഇതരമതഗ്രന്ഥങ്ങളിലും കടന്നുവരുന്ന തരത്തിലുള്ള പദങ്ങളെ മുന്‍നിര്‍ത്തി മാത്രമാണ് കോടതി ഗീതയില്‍ തീവ്രവാദം കല്‍പ്പിച്ചതെന്ന് റഷ്യന്‍ ഇന്‍ഡോളജിസ്റ്റ് യെവഗെനിയ വാണിന വിലയിരുത്തി. റഷ്യന്‍ ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് അവരുടെ വിശുദ്ധഗ്രന്ഥത്തെ മെയ്ന്‍കാംഫിനു തുല്യമുപമിച്ചാല്‍ വേദനാജനകമാകുന്നതുപോലെ സമാനാനുഭവമാണ് ഗീതാനിരോധനം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച് റഷ്യന്‍സന്ന്യാസിമാര്‍ ഇന്ത്യന്‍വസ്ത്രങ്ങള്‍ ധരിച്ച് ‘ഹരേ കൃഷ്ണ’ പാടുന്ന സമകാലസന്ദര്‍ഭത്തിലെന്നും അവര്‍ ലേഖനത്തില്‍ തുറന്നെഴുതി.
ഇന്‍ഡ്യയിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ കഡാക്കിന്‍, ”ഭഗവദ്ഗീത ബൗദ്ധികജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും സ്രോതസ്സാണെന്നും അത് ഇന്ത്യക്കാര്‍ക്കു മാത്രമല്ല, റഷ്യയ്ക്കും ലോകത്തിനാകെത്തന്നെയും” എന്നു വിലയിരുത്തുകയും ചെയ്തു. ഭഗവദ്ഗീതയോട് തങ്ങളുടെ രാജ്യത്തിനും ജനതയ്ക്കുമുള്ള ഉയര്‍ന്ന താത്പര്യം പരിശോധിക്കുന്നതിനുള്ള ഒന്നായി ഗീതാക്കേസ് മാറിത്തീരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. രണ്ടായിരത്തിപന്ത്രണ്ട് ഫെബ്രുവരി ഇരുപത്തിനാലിന് ടോംസ്‌ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ റഷ്യന്‍പണ്ഡിതരും ബൗദ്ധികവൃന്ദവും ”ഗീത-ചരിത്രത്തിലും ആധുനികസമൂഹത്തിലും” എന്ന വിഷയത്തില്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചു. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍ഡോളജിസ്റ്റ് ഐറിനഗ്ലൂഷ്‌കോവ, തത്‌സമ്മേളനത്തില്‍, ഹിന്ദൂയിസത്തില്‍ വ്യത്യസ്ത സ്‌കൂളുകളുള്ളതായും ഓരോ സ്‌കൂളിനും അതിന്റേതായ ആത്മീയഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ഉള്ളതായും ചൂണ്ടിക്കാട്ടി. അതനുസരിച്ച് മറ്റെല്ലാ വ്യാഖ്യാനങ്ങളെയും പുരാതനകൃതികളെയും പോലുള്ള നിലനില്പവകാശം ഭഗവദ്ഗീതാ യഥാരൂപത്തിനുള്ളതായി അവകാശപ്പെട്ടു.
2012 മാര്‍ച്ച് 12ന് ഇരുപതു പേരടങ്ങിയ റഷ്യന്‍തത്ത്വചിന്തകരുടെ ഒരു നേതൃനിര റഷ്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, നിയുക്ത-പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍ എന്നിവര്‍ക്ക് തുറന്നകത്തെഴുതി. കോപ്പികള്‍ അയച്ചു. റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍, നീതിന്യായമന്ത്രി എന്നിവര്‍ക്കും കോപ്പികള്‍ അയച്ചു. കേസ് അവരുടെയെല്ലാം വ്യക്തിഗതനിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് കത്തിലാവശ്യപ്പെട്ടു. ഈ കോടതിവ്യവഹാരം റഷ്യന്‍സംസ്‌കാരത്തിനും സാംസ്‌കാരികലോകത്തിനും മുന്‍പില്‍ റഷ്യന്‍ജനാധിപത്യത്തിനും ഇന്ത്യ-റഷ്യന്‍ബന്ധത്തിനും ഒട്ടും യോജിക്കുന്നതല്ല എന്നു മുന്നറിയിപ്പു നല്‍കി. (https//en.wiki pedia.org./wiki/BhagavadGita As it is trial in Russia)
ഭഗവദ്ഗീതാവ്യവഹാരം നല്കുന്ന പുതുഅവബോധം
ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട ഭഗവദ്ഗീതാവ്യവഹാരത്തെ അവലോകനം ചെയ്താല്‍ ഭഗവദ്ഗീതാവ്യാഖ്യാനങ്ങളെസ്സംബന്ധിച്ച ചില വസ്തുതകള്‍ അതു വ്യക്തമാക്കിത്തരുന്നുണ്ട്. വ്യത്യസ്തമായ അനുഭവപരിജ്ഞാനങ്ങളുള്ളവരുടെ വൈയക്തികസ്വാധീനതയാല്‍ സംഭവിച്ച വീക്ഷണഭേദങ്ങളാണ് കേസിനു കാരണമായത് എന്നു കണ്ടെത്താം. വ്യാസമഹാഭാരതത്തിലെ ഭഗവദ്ഗീത പില്‍ക്കാലവ്യാഖ്യാതാക്കളുടെ കൈകളിലെത്തുമ്പോള്‍ സ്വതന്ത്രവ്യാഖ്യാനങ്ങളായി പരിണമിക്കുന്നുണ്ട്. അത് സമൂഹത്തില്‍ അതിന്റെ ആധികാരികത ചിലപ്പോഴെങ്കിലും ചോദ്യംചെയ്യപ്പെടാനിടയാക്കിയേക്കാം; വിവിധ വാദകോലാഹലങ്ങള്‍തന്നെ സൃഷ്ടിക്കാം. ഭഗവദ്ഗീത യഥാരൂപത്തില്‍ ഭക്തിക്കു പ്രാധാന്യം നല്‍കി അതിന്റെ ആധികാരികപാഠത്തെ ഉപനിഷദ് ചിന്തകളോട് ചേര്‍ത്തിണക്കിയിട്ടുപോലും ശൈലീപരമായ വ്യതിയാനം ഇത്രയും നിരൂപണങ്ങളുണ്ടാക്കി, നിരോധനത്തിലേക്ക് എത്തിച്ചുവെങ്കില്‍ ഇക്കാലത്തും വരുംകാലത്തും അതിനുണ്ടായേക്കാവുന്ന, അത്യന്തം സ്വതന്ത്രവ്യാഖ്യാനങ്ങളാല്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങള്‍കൂടി ഈ കേസ് മുന്നറിയിപ്പു തരുന്നുണ്ട്. വ്യാഖ്യാനഭിന്നതയാല്‍ അന്തര്‍ദ്ദേശീയതലത്തില്‍ വാദപ്രതിവാദങ്ങള്‍ക്കും ചര്‍വിതചര്‍വണങ്ങള്‍ക്കും ഇടനല്‍കിയ ആദ്യഭാരതീയവ്യാഖ്യാന ഗ്രന്ഥം ഭഗവദ്ഗീതതന്നെ. ഇത് ‘ഭാഷ്യ’മെന്ന പുരാതനവും നിത്യനൂതനവുമായ ഭാരതീയസാഹിത്യരൂപത്തിന്റെ സാദ്ധ്യതയും വ്യത്യസ്തസ്‌കൂളുകളുടെ രൂപവത്കരണത്തില്‍ അതിനുള്ളപങ്കും ലോകഭാഷകള്‍ക്കും സാഹിത്യകാരന്മാര്‍ക്കും പുതിയ അവബോധം പകര്‍ന്നു നല്‍കി. ശരിയായ വസ്തുതത്ത്വബോധമുള്‍ക്കൊള്ളുന്ന ഒരു വ്യാഖ്യാനത്തെയും ഒരു കോടതിവ്യവഹാരംകൊണ്ടും നിരോധിക്കാനാകില്ലെന്നും വിധി ചൂണ്ടിക്കാട്ടുന്നുണ്ട്. ഗീതാവ്യാഖ്യാനങ്ങളുടെ നിയമസാധുതയിലേക്കു പരിണമിച്ച് തെളിവുതരുന്ന കേസ് ഒരു കൃതിയെന്ന നിലയ്ക്കുള്ള വ്യാഖ്യാനങ്ങളുടെ നിലനില്‍പ്പവകാശത്തെ പിന്തുണയ്ക്കുന്നു. ഇതോടൊപ്പം ലോകഭാഷകളില്‍ കൂടുതല്‍ വ്യാഖ്യാനങ്ങളുണ്ടാകാന്‍ വ്യവഹാരം സഹായിക്കുകയും ചെയ്തു. വസ്തുസാക്ഷാത്കാരം എന്ന ഒരേ ലക്ഷ്യത്തിന് വ്യത്യസ്തമായ വഴികളുണ്ടായിരിക്കുന്നതിനാല്‍ വ്യാഖ്യാനഭേദത്തെ അത് നീതിമത്കരിക്കുന്നുവെന്ന സത്യം ശുഭോദര്‍ക്കം തന്നെ. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പുരോഗമനാത്മകമായ ഇടപെടല്‍, സ്വതന്ത്രചിന്തകരുടെയും സാഹിത്യകാരന്മാരുടെയും പിന്തുണ ഉറപ്പാക്കല്‍ എന്നിവയും കേസുകൊണ്ടു സാധിച്ചു. ഇന്ത്യന്‍സമൂഹത്തിലുണര്‍ന്ന മതസഹിഷ്ണുതയും ഇതരവിഭാഗങ്ങള്‍പോലും കേസിനെതിരെ അണിനിരന്നതും ഏകത്വഭാവന വളര്‍ത്താന്‍ കാരണമായി. വര്‍ഗീയസംഘര്‍ഷങ്ങളല്ല; തുറന്നമനസ്സോടെയുള്ള ബൗദ്ധികസമീപനങ്ങളാണ് വിശ്വപ്രേമത്തിലധിഷ്ഠിതമായ ലോകപുരോഗതിയുടെ അടിസ്ഥാനമെന്ന സത്യം മനസ്സിലാക്കാന്‍ കേസ് സഹായിച്ചു. അന്തര്‍ദ്ദേശീയസാഹോദര്യം ഉള്‍ക്കൊള്ളുന്ന വിശ്വമാനവനെ സൃഷ്ടിക്കാന്‍ ഭഗവദ്ഗീതയ്ക്കു കഴിയുമെന്ന പ്രത്യാശയുമുളവായി. ലോകബൗദ്ധികസമൂഹം ഗീതയെ കേസില്‍നിന്നു മോചിപ്പിക്കാന്‍ അത്തരം വിശ്വപൗരന്മാരായി പ്രതികരിച്ചു. ഇത് കേസു പിന്‍വലിക്കുന്നതിനു കാരണമായി. ഭഗവദ്ഗീതാസന്ദേശത്തില്‍നിന്നുള്ള ഊര്‍ജ്ജപ്രസാരംതന്നെയാണ് ഇതിനു പിന്നിലെ പ്രേരകശക്തി എന്നു സംഭവഗതികള്‍ വ്യക്തമാക്കുന്നു.
”ഹിന്ദുഗ്രന്ഥനിരോധനത്തെ റഷ്യന്‍കോടതി തള്ളിക്കളഞ്ഞു” (“”Russian Court Rejects Proposed Ban of Hindu Text”)എന്ന എ.ബി.സി. (ABC) വാര്‍ത്ത (28 ഡിസംബര്‍ 2011), ”റഷ്യന്‍കോടതി ഹിന്ദുഗ്രന്ഥനിരോധനത്തെ നിരസിച്ചു” (“”Russian Court rejects ban on Hindu Text”)) എന്ന ഫ്രാന്‍സ് പ്രസ്സ് (2011 ഡിസംബര്‍ 28) പ്രസിദ്ധീകരിച്ച വാര്‍ത്ത, ബി.ബി.സി. ന്യൂസ് (2011 ഡിസംബര്‍ 28) പ്രസിദ്ധീകരിച്ച ”ഹിന്ദുഗ്രന്ഥം ഭഗവദ്ഗീതയ്ക്ക് നിയമസാധുത നല്കുന്നതായി റഷ്യന്‍കോടതി പ്രഖ്യാപനം” (“”Russian court declares Hindu Book Bhagavad Gita legal”) എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ ഗീതാവിഷയത്തിലുള്ള മാദ്ധ്യമശ്രദ്ധ വ്യക്തമാക്കുന്നു. ചിക്കാഗോ ട്രിബ്യൂണല്‍ (2011 ഡിസംബര്‍ 28) പ്രസിദ്ധീകരിച്ച ”ഹിന്ദുപുണ്യഗ്രന്ഥനിരോധനത്തെ റഷ്യന്‍കോടതി തള്ളിക്കളഞ്ഞു” (“”Russian Court rejects call to ban Hindu Holy Book”) എന്ന ലേഖനം, സി.എന്‍.എന്നിന്റെ (2011 ഡിസംബര്‍ 29) “””Russian Court rejects petition to ban Hindu scripture”,, ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധപ്പെടുത്തിയ (2011 ഡിസംബര്‍ 29) “Thread of Bhagavad Gita Ban Lifted in Russia”‘ വാഷിങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച “Russian Court says key text of Hare Krishna Movement is not ‘extremist” എന്നീ വാര്‍ത്തകളിലൂടെ ലോകമാകമാനമുള്ള പ്രസിദ്ധമാദ്ധ്യമങ്ങളുടെ ശ്രദ്ധ ഈ നിമിഷത്തില്‍ പതിഞ്ഞത് മറ്റേതൊരു വ്യാഖ്യാനകൃതിയെയുംകാള്‍ അതൊരു ഭഗവദ്ഗീതാവ്യാഖ്യാനമാണെന്ന സവിശേഷമൂല്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ.
ഇങ്ങനെ ലോകമാകമാനമുള്ള ജനകീയശ്രദ്ധയെ ഗീതാവ്യാഖ്യാനത്തില്‍ തട്ടി ഉണര്‍ത്തുന്ന ഒന്നായി ഭഗവദ്ഗീതാക്കേസ് പരിണമിച്ചു. ഇത് മനുഷ്യമനസ്സുകളില്‍ ഗീതാവ്യാഖ്യാനങ്ങളുടെ സ്ഥാനത്തെ ഔചിത്യത്തോടെ ഉന്നതശ്രേണിയില്‍ അടയാളപ്പെടുത്തുന്നു. കൂടാതെ വ്യാഖ്യാനങ്ങളുടെ നിലനില്പവകാശത്തിന് എക്കാലവും നിയമസാധുതനല്കി പിന്തുണ ഉറപ്പാക്കുന്നു. ഭഗവദ്ഗീതയുടെ ദേശീയവും അന്തര്‍ദ്ദേശീയവുമായ ജനസ്വാധീനതയ്ക്കും സാര്‍വജനീനതയ്ക്കും നിദാനമായി സംസ്‌കൃതഭാഷയില്‍ പ്രസ്ഥാനത്രയഭാഷ്യമേകി ധന്യത നല്‍കിയ ആദിശങ്കരന്‍ മുതല്‍ ഗീതയ്ക്കു ലോകത്തിലെ ബൃഹത്തായ ഭാഷ്യമൊരുക്കുന്ന ചിദാനന്ദപുരിസ്വാമിവരെയുള്ള മലയാളികളുടെ സ്വാധീനതയുണ്ടെന്ന കാര്യം അവിസ്മരണീയമാണ്. ചിദാനന്ദപുരിസ്വാമിയുള്‍പ്പെടെ ധാരാളം മലയാളികള്‍ ഇന്റര്‍നെറ്റിലൂടെ ലോകമാകെ ഗീതാപ്രഭാഷണങ്ങള്‍ എത്തിക്കുന്നുമുണ്ട്. ഇന്നും ലോകമാകെ നിരവധി വ്യാഖ്യാനങ്ങള്‍ ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭഗവദ്ഗീതക്ക് ഏറെ പരീക്ഷണാത്മകവ്യാഖ്യാനങ്ങളാല്‍ പരിശോഭ തീര്‍ക്കുന്നുണ്ട് മാതൃമലയാളവും.