ജി-20 എന്നത് ഇരുപത് വികസിത, വികസ്വര രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്മയാണ്. ലോകത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിച്ച് പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതില്‍ ഏറ്റവും സ്വാധീനമുള്ള രാജ്യാന്തര കൂട്ടായ്മയായ ജി-20യുടെ 19-ാം ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സമാപിച്ചു. റിയോയിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നവംബര്‍ 18,19 തീയതികളില്‍ നടന്ന ഉച്ചകോടിയുടെ പ്രഖ്യാപനങ്ങള്‍ ലോകത്തിന് വലിയ പ്രതീക്ഷകളുടെ വാതിലുകള്‍ തുറക്കുന്നു. ജി-20യുടെ മുന്‍ പ്രസിഡന്റ്, നിലവിലുള്ള പ്രസിഡന്റ്, വരാന്‍ പോകുന്ന പ്രസിഡന്റ് എന്നിവര്‍ ചേര്‍ന്ന സമിതിയാണ് ഓരോ വര്‍ഷവും ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്ന കോര്‍കമ്മിറ്റി. ഇതനുസരിച്ച് 2023ല്‍ ജി-20യ്ക്ക് നേതൃത്വം നല്‍കിയ ഇന്ത്യ, 2024ല്‍ ആതിഥേയരായ ബ്രസീല്‍, 2025-ല്‍ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ തലവന്മാരാണ് 2024-ലെ ഉച്ചകോടിയുടെ സംഘാടകനേതൃത്വം വഹിച്ചത്.
അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, സൗത്ത് കൊറിയ, തുര്‍ക്കി, യുകെ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ എന്നീ രാഷ്ട്രങ്ങളും കൂട്ടായ്മകളും ചേര്‍ന്നതാണ് ജി-20. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ് മെലോനി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടങ്ങിയവര്‍ ഉച്ചകോടിയിലെത്തിയ പ്രമുഖരാണ്. ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വയുടെ ആതിഥേയത്വം ഏറെ ശ്രദ്ധേയമായി. മൂന്ന് വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് സവിശേഷതയാണ്. അടുത്തവര്‍ഷം ദക്ഷിണാഫ്രിക്കയാണ് ജി-20യുടെ സാരഥ്യം വഹിക്കുന്നത് 2026ല്‍ യുഎസ്എയും, തുടര്‍ന്ന് ആതിഥേയത്വം വഹിക്കുവാന്‍ സൗദി അറേബ്യയും മുന്നോട്ടുവന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ മാറ്റത്തിന്റെ സൂചനയാണ്.
എല്ലാവര്‍ഷവും ജി-20 ഉച്ചകോടി ചേരുന്നുണ്ട്. 2009, 2010 വര്‍ഷങ്ങളില്‍ രണ്ടുതവണ വീതം ഉച്ചകോടി ചേര്‍ന്നു. ജി-20 ഒരു സ്ഥാപനമല്ല. സ്ഥിര ആസ്ഥാനമോ സംവിധാനമോ അതിനില്ല. 1997-98 കാലഘട്ടങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങളെ വെല്ലുവിളിച്ച അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലെ ധനമന്ത്രിമാരും ബാങ്ക് ഗവര്‍ണര്‍മാരും ഒരുമിച്ചുചേര്‍ന്ന് ജി-20 രാജ്യാന്തര സംയുക്തകൂട്ടായ്മയ്ക്ക് 1999-ല്‍ തുടക്കമിട്ടു. 2007-ല്‍ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമായപ്പോള്‍ ഈ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ നേരിട്ട് ജി-20യുടെ നേതൃത്വത്തില്‍ വരുകയും ഇത് രാഷ്ട്രത്തലവന്മാരുടെ കൂട്ടായ്മയായി മാറുകയും ചെയ്തു.
ഭാരതത്തില്‍നിന്ന് ബ്രസീലിലേയ്ക്ക്
2023 സപ്തംബര്‍ 9,10 തീയതികളില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ജി-20യുടെ 18-ാം ഉച്ചകോടിക്കുശേഷം 2024 നവംബര്‍ 18,19 വരെയുള്ള 14 മാസക്കാലം അംഗരാജ്യങ്ങളില്‍ വന്ന രാഷ്ട്രീയ ഭരണമാറ്റങ്ങളും വിദേശനയങ്ങളും കാഴ്ചപ്പാടുകളും ഒരുപരിധിവരെ ഉച്ചകോടി പ്രഖ്യാപനങ്ങളെയും ജി-20 രാജ്യാന്തര കൂട്ടായ്മയേയും സ്വാധീനിച്ചിട്ടുണ്ട്. അമേരിക്കയെ പ്രതിനിധാനം ചെയ്ത് ജോ ബൈഡന്‍ എത്തിയെങ്കിലും കരുത്തുചോര്‍ന്ന വാക്കുകള്‍ മാത്രം. കാരണം 2025 ജനുവരി 20ന് പുതിയ പ്രസിഡന്റായി മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരും. ഇനിയുള്ള നാലുവര്‍ഷക്കാലം ട്രംപിന്റെ കാലമായിരിക്കുമ്പോള്‍ ജി-20യില്‍ അമേരിക്ക ഇക്കുറി നിശബ്ദ സേവനമാണ് ചെയ്തത്.
യുകെയില്‍ ഋഷി സുനക്കില്‍ നിന്ന് കീര്‍ സ്റ്റാര്‍മനിലേയ്ക്ക് ഭരണം മാറി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും കുടിയേറ്റവിരുദ്ധ വലതുപക്ഷം കരുത്തരായി. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ തുടങ്ങി ഇറാനിലും ഭരണമാറ്റമുണ്ടായി. ഫ്രാന്‍സില്‍ മക്രോണ്‍ ഭരിക്കുന്നത് പ്രതിസന്ധിയിലൂടെയാണ്. അര്‍ജന്റീനയില്‍ 2023 ഡിസംബറിലെ ഭരണമാറ്റം ബ്രിക്‌സ് അംഗത്വത്തില്‍ നിന്നുപോലും പിന്മാറുന്ന സാഹചര്യം സൃഷ്ടിച്ചു. കാനഡയില്‍ തിരഞ്ഞെടുപ്പിനുമുമ്പുള്ള ഭരണപ്രതിപക്ഷ പോര് ശക്തമാകുന്നു. റഷ്യന്‍ പ്രസിഡന്റ് പുട്ടിന് ഉക്രൈന്‍ യുദ്ധത്തിന്റെ പേരില്‍ രാജ്യംവിട്ട് പുറത്തിറങ്ങാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം. ഇവരുടെയിടയില്‍ മൂന്നാമൂഴത്തിലും നരേന്ദ്രമോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി ജി-20യില്‍ സാന്നിധ്യമാകുമ്പോള്‍ മോദിയുടെ വാക്കുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നത് സ്വാഭാവികമാണ്.
മധ്യപൂര്‍വ്വദേശത്ത് ഭീകരവാദികള്‍ക്കെതിരെ ഇസ്രായേല്‍ തുടരുന്ന പോരാട്ടവും ഇറാനിലെ ആഭ്യന്തരപ്രശ്‌നങ്ങളും യുദ്ധസമാനമായ സാഹചര്യവും ഇന്നും അവസാനിക്കാത്ത റഷ്യ-ഉക്രൈന്‍ യുദ്ധവും ജി-20യുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാടുകള്‍ നിര്‍ണ്ണായകമാണ.് ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം റഷ്യയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുമായുള്ള അകല്‍ച്ച കുറയ്ക്കുവാനുള്ള ചൈനീസ് പ്രസിഡന്റിന്റെ നീക്കങ്ങളും ഉച്ചകോടിയിലെ ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രതിഫലിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമാണ്, ഇന്ത്യയില്‍ നിന്ന് ബ്രസീലിലേയ്ക്ക് ഉച്ചകോടി എത്തിയപ്പോള്‍ ഇന്ത്യ രാജ്യാന്തരതലത്തില്‍ കുടുതല്‍ കരുത്തരായി മാറി.
ഉച്ചകോടിയില്‍ ഭാരതം തിളങ്ങി
ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബ്രിയാന്തോ, നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍, പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി ലൂയി മോണ്ടിനെ ഗ്രോ തുടങ്ങി ഈജിപ്ത്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ തലവന്മാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. 2024ലെ ജി-7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുമായും ഇരുരാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുതകുന്ന തുടര്‍ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ആഗോളസ്വാധീനത്തേയും തന്ത്രപരമായ പങ്കാളിത്തത്തേയും മെലോണി പ്രശംസിച്ചു. 2025 മുതല്‍ 2029 വരെയുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനും പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും ചൈനീസ് പ്രസിഡന്റ് ലീയുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ജി-7, ബ്രിക്‌സ് പ്ലസ് എന്നീ രാജ്യാന്തര കൂട്ടായ്മയിലെ പ്രധാന രാജ്യങ്ങള്‍ ഒരുമിക്കുന്ന ഒരു വേദിയായി ജി-20 മാറിയെന്നതും സ്വാഭാവികമാണ്. ആഴ്ചകളിലെ ഇടവേളകള്‍ക്കുശേഷമുള്ള ഈ രാജ്യങ്ങളിലെ തലവന്മാരുടെ ഒത്തുചേരല്‍ അതിനാല്‍ത്തന്നെ കൂടുതല്‍ ഊഷ്മളമായിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാറിന്മേല്‍ തുടര്‍ചര്‍ച്ച 2025 ആദ്യവാരങ്ങളില്‍ പുനരാരംഭിക്കുവാന്‍ തീരുമാനമായി. 2022ല്‍ ബോറീസ് ജോണ്‍സന്റെ കാലത്ത് ആരംഭിച്ച ചര്‍ച്ചകള്‍ക്കാണ് വീണ്ടും ജീവന്‍ വെയ്ക്കുന്നത്. ഇതിന്‍പ്രകാരം ബ്രിട്ടനില്‍ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകും. ഇന്ത്യയും യുകെയും ചര്‍ച്ച ചെയ്യുന്ന വ്യാപാരക്കരാറിന്റെ 26 അദ്ധ്യായങ്ങളില്‍ ഭൂരിഭാഗവും അവസാനിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് ഇതിനുമുമ്പ് അവസാന ചര്‍ച്ചകള്‍ നടന്നത്. വിദ്യാഭ്യാസം, സുരക്ഷ, സാങ്കേതികവിദ്യ, കാലാവസ്ഥാവ്യതിയാനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍, പ്രതിരോധം, സാങ്കേതികവിദ്യ, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ കൂടുതല്‍ ആഴത്തിലുള്ള സഹകരണം ഉറപ്പിച്ചു. ഇന്തോ-പസഫിക് മേഖലയുടെ പ്രാധാന്യവും ഈ പ്രദേശത്ത് സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും ഇരു നേതാക്കളും നിര്‍ദ്ദേശങ്ങളും പങ്കുവെച്ചു. 2024 ജൂണില്‍ ഇറ്റലിയിലെ അവുലിയയില്‍ നടന്ന ജി-7 ഉച്ചകോടിയിലും നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ചര്‍ച്ചയാണ് ബ്രസീലിലും നടന്നത്.
ഭാരതത്തിന്റെ നിലപാട്
‘ബാക്ക് ടു ബേസിക്‌സ്, മാര്‍ച്ച് ടു ഫ്യൂച്ചര്‍’ എന്നതാണ് ഇന്ത്യ പങ്കുവെച്ച സമീപനം. തുടര്‍ച്ചയായി പതിനൊന്നാം തവണയാണ് നരേന്ദ്രമോദി ജി-20 ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ആഗോള സംഘര്‍ഷങ്ങള്‍ മൂലം ഭക്ഷണം, ഇന്ധന പ്രതിസന്ധികള്‍ രൂക്ഷമാക്കിയെന്ന് ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്മാര്‍ ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞു. വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെയുള്ള പോരാട്ടം എന്ന വിഷയത്തില്‍ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നു കരകയറ്റുവാനുള്ള പദ്ധതികളെക്കുറിച്ചും പരമ്പരാഗത രീതികളും മുന്നോട്ടുള്ള തന്ത്രങ്ങളും സംയോജിപ്പിക്കുന്ന ഇന്ത്യയുടെ കാഴ്ചപ്പാടുകളും സമീപനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കുവെച്ചു. ജൈവകൃഷിയില്‍ കൂടുതല്‍ ശ്രദ്ധയും അതേസമയം കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുടെ പ്രോത്സാഹനവും ഈ സമീപനത്തിന്റെയും ശ്രമങ്ങളുടെയും മുഖ്യഘടകങ്ങളാണെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഉച്ചകോടിയിലെ ചര്‍ച്ചകള്‍
‘ന്യായമായ ലോകവും സുസ്ഥിര ഗ്രഹവും നിര്‍മ്മിക്കുക’ എന്നതായിരുന്നു 19-ാം ഉച്ചകോടിയുടെ മുഖ്യവിഷയം. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന 2023ല്‍ ഇന്ത്യ മുന്നോട്ടുവെച്ച മുദ്രാവാക്യത്തിന്റെ തുടര്‍ച്ചയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മൂന്നു പ്രധാന അജണ്ടകളിലൂന്നിയായിരുന്നു ബ്രസീല്‍ ഉച്ചകോടി. ഒന്ന് സാമൂഹിക ഉള്‍പ്പെടുത്തലും പട്ടിണിക്കെതിരായ പോരാട്ടവും, രണ്ട് ഊര്‍ജ്ജ സംക്രമണവും അതിന്റെ സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വശങ്ങളിലൂന്നിയ സുസ്ഥിര വികസനവും, മൂന്ന് ആഗോള ഭരണസംവിധാനങ്ങളുടെ അഥവാ സ്ഥാപനങ്ങളുടെ കാലോചിതമായ പരിഷ്‌കരണം.
ആദ്യദിനംതന്നെ വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോളസഖ്യത്തിന് തുടക്കമായത് ഉച്ചകോടിയെ ലോകശ്രദ്ധയിലെത്തിച്ചു. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപാര സംവിധാനം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥ ദുരന്തങ്ങള്‍ നേരിടുന്നതിനുമുള്ള കൂട്ടായതും ക്രിയാത്മകവുമായ നടപടികളും പ്രവര്‍ത്തനപദ്ധതികളും ഉച്ചകോടിയില്‍ ചര്‍ച്ചചെയ്തു. വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്ന രാജ്യാന്തര നയങ്ങള്‍ രൂപീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക, ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്തുക, കോര്‍പ്പറേറ്റുകള്‍ക്കൊപ്പം ചെറുകിട ഇടത്തരം മേഖലയുടെ വളര്‍ച്ചയ്ക്കുതകുന്ന പദ്ധതികള്‍ രൂപകല്പന ചെയ്ത് നടപ്പിലാക്കുക, കാര്‍ഷിക-ഹരിത സമ്പദ്‌വ്യവസ്ഥ, കാര്‍ബണ്‍ കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചാപദ്ധതികളും യുവസംരംഭങ്ങളും പ്രത്യേകമായി ഉച്ചകോടിയില്‍ പരിഗണിക്കപ്പെട്ടു.
പ്രതീക്ഷകളേകുന്ന പ്രഖ്യാപനങ്ങള്‍
നീതിപൂര്‍വ്വകമായ ഒരു ലോകവും സുസ്ഥിരമായ ഒരു ഗ്രഹവും കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് ജി-20 ഉച്ചകോടിയുടെ 85 ഖണ്ഡികളിലുള്ള പ്രഖ്യാപനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളിലെ അന്താരാഷ്ട്ര സഹകരണത്തിനായുള്ള മുഖ്യവേദിയായി ജി-20യെ രാഷ്ട്രത്തലവന്മാര്‍ പ്രഖ്യാപിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുവാനുള്ള ഉത്തരവാദിത്തം ഉച്ചകോടിയില്‍ ഇവര്‍ ആവര്‍ത്തിച്ചു. 2030ല്‍ പൂര്‍ണ്ണമാകേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ വിലയിരുത്തി പ്രതിസന്ധികളും വെല്ലുവിളികളും രാജ്യാന്തര സഹകരണത്തിലൂടെയും രാഷ്ട്രീയ മുന്നേറ്റത്തിലൂടെയും നേരിടുവാനും അസമത്വം അവസാനിപ്പിക്കുവാനുമുള്ള പദ്ധതികളും പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതും സുസ്ഥിരമായ സാമ്പത്തികാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രതിബദ്ധതയെ ഉച്ചകോടി സ്വാഗതം ചെയ്തു.
വികസനം-ഊര്‍ജ്ജം-കാലാവസ്ഥ
സാമ്പത്തിക, സാമൂഹ്യ പാരിസ്ഥിതിക തലങ്ങളിലെ സുസ്ഥിരവികസനം ഉച്ചകോടി ഊന്നിപ്പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മരുഭൂവല്‍ക്കരണം, സമുദ്രത്തിന്റെയും കരയുടെയും തകര്‍ച്ച, വരള്‍ച്ച, മലിനീകരണം എന്നിവ മൂലമുണ്ടാകുന്ന പ്രതിസന്ധികളും വെല്ലുവിളികളും നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ ലോകരാഷ്ട്രങ്ങളോട് ഉച്ചകോടി അഭ്യര്‍ത്ഥിച്ചു. ഊര്‍ജ്ജസംക്രമണങ്ങള്‍ക്കായി വിശ്വസനീയവും വൈവിധ്യപൂര്‍ണ്ണവും ഉത്തരവാദിത്തമുള്ളതുമായ വിതരണശൃംഖലകളെ ആഗോളതലത്തില്‍ പിന്തുണയ്ക്കും.
ഗവേണന്‍സ് നവീകരണം
ഗ്ലോബല്‍ ഗവേണന്‍സ് സ്ഥാപനങ്ങളുടെ നവീകരണത്തെക്കുറിച്ചും ഉച്ചകോടി വ്യക്തത വരുത്തി. ആഗോളഭരണം ശക്തിപ്പെടുത്തുവാന്‍ യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ആര്‍ക്കിടെക്ച്ചര്‍, ഐഎംഎഫ് ബഹുമുഖ വായ്പാസംവിധാനങ്ങള്‍ എന്നിവയെല്ലാം കാലഘട്ടത്തിനനുസരിച്ച് നവീകരണത്തിന് വിധേയമാക്കണമെന്നും ഉച്ചകോടി നിര്‍ദ്ദേശിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളും വിനിയോഗങ്ങളും ചര്‍ച്ചകളിലും പ്രഖ്യാപനങ്ങളിലും ഇടംനേടിയത് പ്രതീക്ഷയുണര്‍ത്തുന്നു.
ഭീകരവാദ അക്രമങ്ങളും യുദ്ധങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. മധ്യപൂര്‍വ്വദേശത്തെ ആനുകാലിക സാഹചര്യങ്ങള്‍, ഉക്രൈന്‍-റഷ്യ യുദ്ധം എന്നിവയെ അപലപിച്ച ഉച്ചകോടി യുഎന്‍ നിര്‍ദ്ദേശങ്ങള്‍ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ആണവായുധമില്ലാത്തതും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായ ലോകം സൃഷ്ടിക്കുവാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ആവശ്യപ്പെട്ടു. ഭീകരതയെ തുടച്ചുനീക്കി സംഘര്‍ഷങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായ ലോകക്രമം സൃഷ്ടിക്കാന്‍ ഉച്ചകോടി ആഹ്വാനം ചെയ്തു.
വിശപ്പിനും ദാരിദ്ര്യത്തിനുമെതിരെ
കുറഞ്ഞത് 80 രാജ്യങ്ങളുടെ പിന്തുണയോടെ ദാരിദ്ര്യവും പട്ടിണിയും നേരിടാന്‍ ഒരു ആഗോള സഖ്യം പ്രഖ്യാപിച്ചതാണ് ജി-20 19-ാം ഉച്ചകോടിയുടെ ലോകത്തിനു നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ലോകമെമ്പാടുമുള്ള ദുര്‍ബല സമൂഹങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ള സുപ്രധാന നീക്കത്തെ അംഗരാജ്യങ്ങളും പ്രത്യേക ക്ഷണിതാക്കളും ഒറ്റക്കെട്ടായി സഹര്‍ഷം സ്വാഗതം ചെയ്തു.
ദാരിദ്ര്യം കുറയ്ക്കുന്നതിനും പട്ടിണി ഇല്ലാതാക്കുന്നതിനുമുള്ള മുന്നേറ്റങ്ങള്‍ക്ക് കോവിഡ് 19 നെത്തുടര്‍ന്ന് വലിയ തിരിച്ചടിയുണ്ടായി. പട്ടിണി നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. സ്ത്രീകളും കുട്ടികളും ഇതിന്റെ ഇരകളായി. ഈ പ്രതിസന്ധി വളര്‍ച്ചയേയും തൊഴിലവസരങ്ങളേയും സാരമായി ബാധിച്ചു. പട്ടിണി ഇല്ലാതാകണമെങ്കില്‍ ഭക്ഷ്യ ഉല്പാദനം വര്‍ദ്ധിപ്പിക്കണം. ദാരിദ്ര്യത്തിനെതിരെ പോരാടാനും പട്ടിണിയെ തോല്പ്പിക്കാനും നമുക്ക് അറിവോ വിഭവങ്ങളോ ഇല്ല. ഇതിനുവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്ന് വ്യക്തമാക്കിയാണ് ഉച്ചകോടി ആഗോളസഖ്യം പ്രഖ്യാപിച്ചത്. രാജ്യങ്ങള്‍, സംഘടനകള്‍, ബഹുമുഖവികസനബാങ്കുകള്‍, വിജ്ഞാനകേന്ദ്രങ്ങള്‍, ജീവകാരുണ്യസ്ഥാപനങ്ങള്‍ എന്നിവരെല്ലാം ഈ ഉദ്യമത്തില്‍ കൈകോര്‍ക്കും.
അസമത്വങ്ങള്‍ കുറയ്ക്കാനും സുസ്ഥിരതയ്ക്കായി ആഗോള പങ്കാളിത്തം പുനരുജ്ജീവിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. അഴിമതിക്കും അനധികൃത സാമ്പത്തിക ഒഴുക്കിനുമെതിരെ ഉച്ചകോടിയില്‍ ശബ്ദമുയര്‍ന്നു. അന്താരാഷ്ട്ര നികുതി സഹകരണങ്ങള്‍ക്ക് അനുകൂലമായ നിലപാട് രാഷ്ട്രത്തലവന്മാര്‍ സ്വീകരിച്ചു. ഒരു തലമുറയുടെ അസമമായ സാമൂഹിക ചലനാത്മകതയും അവസരങ്ങളും തുടര്‍ഫലങ്ങളും വരുംതലമുറയും നേരിട്ടു സ്വാധീനിക്കുന്നതിനാല്‍ വിവേചനപരമായ നിയമങ്ങള്‍, നയങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ ഒഴിവാക്കുകയും ഉചിതമായ നിയമനിര്‍മ്മാണങ്ങളും നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി നിര്‍ദ്ദേശിച്ചു. ഗവേഷണത്തിലും നവീകരണത്തിലും തുറന്നതും പരസ്പരപ്രയോജനകരവുമായ അന്താരാഷ്ട്രസഹകരണത്തിന് ഉച്ചകോടിയില്‍ പിന്തുണയേറി.
ആഗോള സമവായം അകലെ
പട്ടിണിക്കും ദാരിദ്ര്യത്തിനുമെതിരെ ആഗോളസഖ്യം പ്രഖ്യാപിച്ചെങ്കിലും ലോകരാഷ്ട്രങ്ങള്‍ അനുദിനം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ജി-20 കൂട്ടായ്മ വിജയിച്ചുവോയെന്ന ആശങ്ക ഉയരുന്നു. പല വിഷയങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിക്കുമ്പോഴും യോജിപ്പിന്റെ തലങ്ങളേക്കാള്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ വിവിധ രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ബ്രിക്‌സ് രാജ്യങ്ങളായ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചൈനയും റഷ്യയും ഇതില്‍നിന്ന് ഭിന്നരല്ല.
അമേരിക്ക, യൂറോപ്പ്, ആഫ്രിക്കന്‍ സമ്പദ്‌വ്യവസ്ഥകളും തകര്‍ച്ച നേരിടുന്നു. യുഎസ്എയുടെ കടം റിക്കാര്‍ഡ് വേഗത്തില്‍ കുതിക്കുന്നു. തൊഴിലവസരങ്ങള്‍ കുറയുന്നു. പണപ്പെരുപ്പം വേറെയും. ബൈഡനില്‍ നിന്ന് ട്രംപിലേയ്ക്കുള്ള ഭരണമാറ്റം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെയും ആഗോള ഭരണസംവിധാനങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ചിന്ത ജി-20 യിലെ അനൗദ്യോഗിക ചിന്തകളില്‍ ഉയര്‍ന്നിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളും പണപ്പെരുപ്പം, മത്സരക്ഷമതയുടെ പിന്നോക്കം എന്നീ പ്രശ്‌നങ്ങളെ നേരിടുന്നു. അമേരിക്കയും ചൈനയുമായുള്ള വ്യാപാരമത്സരം മുന്‍കാലങ്ങളിലേതുപോലെ വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യതയും ഇവമൂലം ആഗോള വ്യാപാരമേഖലയിലുണ്ടാകുന്ന ഭിന്നിപ്പും വെല്ലുവിളികളും ജി-20 രാജ്യങ്ങളില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
അംഗരാജ്യങ്ങളിലെ ആയുധവല്‍ക്കരണവും രാഷ്ട്രീയവല്‍ക്കരണവും ഭാവിയില്‍ കൂടുതല്‍ ദോഷം സൃഷ്ടിക്കും. വ്യാപാരം, നിക്ഷേപം, ഉല്പാദനം, വിതരണശൃംഖലകള്‍, മൂലധനം, കറന്‍സികള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ചുള്ള നയങ്ങള്‍ രൂപീകരിച്ച് മുന്നേറുവാന്‍ ജി-20യില്‍ കടമ്പകളേറെ. സന്തുലിതവും സുസ്ഥിരവുമായ വളര്‍ച്ചയില്‍ ആഗോളസമവായം രൂപപ്പെടുത്തുവാനുള്ള ശ്രമങ്ങളില്‍ ജി-20 ഉച്ചകോടി ലക്ഷ്യപൂര്‍ത്തിയിലെത്തിയിട്ടില്ലെന്നതാണ് വാസ്തവം.