ഭാഗ്യനഗറില്‍ (ഹൈദരാബാദില്‍) വെച്ച് നടന്ന ലോക്മന്ഥന്‍ 2024ന്റെ വിജയകരമായ പരിസമാപ്തിക്കു ശേഷം ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപര്‍ പ്രഫുല്ലകേത്കറുമായി സംസാരിച്ച പ്രജ്ഞാ പ്രവാഹിന്റെ ദേശീയ സംയോജകനും ലോക് മന്ഥന്‍ സംഘാടക സമിതിയുടെ പൊതുകാര്യദര്‍ശിയുമായ ജെ.നന്ദകുമാര്‍, ഈ സംരംഭത്തിന്റെ അദ്വിതീയത, ആഗോള പങ്കാളിത്തം, ഭാരതത്തിന്റെ പുനരുത്ഥാനത്തിനുതകുന്നവിധം അത് നല്‍കിയ അമൂല്യമായ സംഭാവന എന്നിവയെല്ലാം സംബന്ധിക്കുന്ന ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കുകയുണ്ടായി.
രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സംരംഭത്തിന്റെ നാലാമത്തെ പതിപ്പായിരുന്നല്ലൊ ലോക്മന്ഥന്‍ 2024. കഴിഞ്ഞ കാലത്തെ പതിപ്പുകളില്‍ നിന്ന് ഇത് വ്യത്യസ്തമാകുന്നതെങ്ങനെയാണ്.
♠മുന്‍കൂട്ടി തയ്യാറാക്കിയ കര്‍ക്കശമായ രൂപഘടനയെ പിന്തുടരുന്നതിനു പകരം ജൈവിക പരിണാമപ്രക്രിയയിലൂടെ രൂപപ്പെട്ടുവരുന്ന ഓരോ ലോക്മന്ഥനും സ്വന്തം നിലയ്ക്ക് അദ്വിതീയമാണ്. ഭാരതീയ സംസ്‌ക്കാരം പിന്തുടരുന്നവര്‍ക്കിടയില്‍ നടക്കുന്ന സംവാദങ്ങള്‍ ചര്‍ച്ചകള്‍ എന്നിവയുടെ ചലനാത്മക സ്വഭാവത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ഈ വര്‍ഷം ഭാഗ്യനഗറില്‍ നടന്ന സംരംഭം എന്തുകൊണ്ടും സവിശേഷതയാര്‍ന്നതാണ്. പങ്കാളിത്തത്തെക്കുറിച്ചു പറയുകയാണെങ്കില്‍, 32 സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധാനം ചെയ്യുന്ന 1520 പ്രതിനിധികളും 1568 കലാകാരന്മാരും പങ്കെടുത്തിരുന്നു. ഇദംപ്രഥമമായി, വിദൂരസ്ഥലങ്ങളായ അര്‍മേനിയ, റൊമാനിയ എന്നിവ ഉള്‍പ്പെടെ 13 വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ പ്രതിനിധികളായി വന്നിരുന്നു. അതോടൊപ്പം യസീദി സമൂഹത്തില്‍ പെട്ടവര്‍ അവരുടെ അനുപമമായ സാംസ്‌കാരിക സമ്പ്രദായങ്ങള്‍ കാഴ്ചവെച്ചതിലൂടെ നമ്മുടെ സംവാദം കൂടുതല്‍ പരിപുഷ്ടമാക്കി തീര്‍ത്തു. പൊതുജനങ്ങളുടെ പ്രതികരണം പോലും അഭൂതപൂര്‍വ്വമായിരുന്നു. സമാപനസമ്മേളന ദിവസം കാലത്തെ കണക്കനുസരിച്ച് 2,10,000ല്‍ അധികം ആളുകള്‍ പ്രദര്‍ശിനികള്‍ സന്ദര്‍ശിച്ചിരുന്നു. ആ ദിവസത്തെ അവസാനത്തെ കണക്കനുസരിച്ച് സന്ദര്‍ശകരുടെ സംഖ്യ 3 ലക്ഷത്തില്‍ കവിഞ്ഞിരുന്നു. ഹൈദരാബാദില്‍ നിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളായ തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുപോലും ലഭിച്ച സമാനതകളില്ലാത്ത ജനപിന്തുണ അത്യന്തം ഹൃദയസ്പര്‍ശിയായിരുന്നുവെന്ന് പറയേണ്ടിയിരിക്കുന്നു.
ഭാരതത്തിന് വെളിയില്‍ നിന്നുള്ള രാജ്യങ്ങളുടെ പങ്കാളിത്തം ലോക്മന്ഥന്റെ സാധ്യത വ്യക്തമായും കൂടുതല്‍ വ്യാപകമാക്കി തീര്‍ത്തിരിക്കയാണ്. ചരിത്രപരമായി നോക്കുമ്പോള്‍ ഈ സംരംഭത്തിന്റെ വേരുകള്‍ ചെന്നെത്തി നില്‍ക്കുന്നത് ഭാരതീയ പാരമ്പര്യങ്ങളിലാണ്. ഈ സാഹചര്യത്തില്‍, അന്തര്‍ദേശീയ ജനസമൂഹങ്ങളായ യസീദികള്‍ അര്‍മേനിയക്കാര്‍ എന്നിവരെ ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തിയെന്താണ്.
♠ലോക്മന്ഥന്‍ ആധുനിക ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും രാജനൈതികവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. അതിന്റെ അന്തഃസത്ത കുടികൊള്ളുന്നത് സാംസ്‌കാരിക ഭാരതത്തിന്റെ അതിര്‍ത്തി തേടി കണ്ടു പിടിക്കുന്നതിലാണ് – ഭൂപരമായ അതിര്‍ത്തികളെ അതിശയിക്കുന്ന സാംസ്‌കാരിക ഭാരതത്തെ! അബ്രഹാമിക് മതങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ലോകത്തെമ്പാടും നിലനിന്നിരുന്ന പതിവ് സമ്പ്രദായങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ നമുക്ക് കാണാനാവുക അവയ്ക്ക് ഭാരതീയ പാരമ്പര്യങ്ങളുമായി നിലനിന്നിരുന്ന അഗാധമായ സാംസ്‌കാരികവും ആദ്ധ്യാത്മികവുമായ ബന്ധമാണ്. ഉദാഹരണത്തിന്, യസീദികളടെ അനുഷ്ഠാനങ്ങള്‍ക്ക് ഭാരതത്തിലെ സൂര്യാരാധനയുമായി ശ്രദ്ധേയമായ സാമ്യമുണ്ട്. അവര്‍ മയില്‍പ്പീലിയെ പവിത്രതയുടെ പ്രതീകമായി പരിഗണിക്കുന്നതില്‍ കാര്‍ത്തികേയന്റെ അഥവാ സുബ്രഹ്മണ്യന്റെ സങ്കല്പം പ്രതിധ്വനിക്കുന്നതായി കാണാം. അതുപോലെ, അര്‍മേനിയയിലെ അഗ്നിയുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ നാം ഇവിടെ നടത്തുന്ന ഗണപതിഹോമവുമായി സാദൃശ്യമുള്ളവയാണ്. ഇത് പറയുന്നത് ഒരു സംസ്‌കാരം മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്ന് സമര്‍ത്ഥിക്കാനല്ല, മറിച്ച് ലോകത്താകമാനം നിലനില്‍ക്കുന്ന പാരമ്പര്യങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുവാനാണ്. നാനാത്വത്തിനു പിന്നിലെ ഏകത്വത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് എല്ലാവര്‍ക്കും പൊതുവായുള്ള സാംസ്‌കാരിക വേരുകളെ ആഘോഷിക്കാനുള്ള ഒരു വേദിയാണ് ലോക്മന്ഥന്‍ പ്രദാനം ചെയ്തത്.
ലോക്മന്ഥന്‍ 2024ന് മുന്നോടിയായി ഭാരത്തിലുടനീളം ഇതിന്റെ മുന്നൊരുക്കമെന്നോണം പരിപാടികള്‍ നടന്നിരുന്നു. ഇപ്പോള്‍ മുഖ്യപരിപാടി നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാനായത്? അതിന്റെ സ്വാധീനം തുടര്‍ന്നും നിലനിര്‍ത്താന്‍ വേണ്ടിയുള്ള താങ്കളുടെ പദ്ധതിയെന്താണ്.
♠ലോക്മന്ഥന്‍ 2024ന്റെ പ്രാഥമിക നേട്ടം സാംസ്‌കാരിക ഐക്യം സ്ഥിരീകരിക്കാനായി എന്നതാണ്. അഭിവന്ദ്യയായ രാഷ്ട്രപതി തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞ പോലെ, വനവാസികള്‍, ഗ്രാമവാസികള്‍, നഗരവാസികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഭാരതം എന്നിരിക്കലും ഭാരതീയരായ നാമെല്ലാം ഒറ്റക്കെട്ടാണ്. ഈ ആവേശം നിലനിര്‍ത്തുന്നതിനായി തുടര്‍പരിപാടികള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സാംസ്‌കാരിക സന്ദേശം കുഗ്രാമങ്ങളിലും വനവാസിമേഖലകളിലും ഏറ്റവും താഴത്തെ തട്ടിലും എത്തിക്കുന്നതിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് നല്‍കിയ നിര്‍ദ്ദേശത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ലോക്മന്ഥന്‍ ശൈലിയില്‍ വനമേഖലകളിലും നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ചെറിയ പരിപാടികള്‍ നടത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു. നിര്‍ണായകമായ മറ്റൊരു കാര്യം, പലരേയും അവരുടെ സാംസ്‌കാരിക അടിവേരുകളില്‍ നിന്നും അന്യവല്‍ക്കരിച്ച ഭാഗം തിരിച്ചുള്ള പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായത്തെ എതിര്‍ക്കുക എന്നതാണ്.
ഈ പ്രാവശ്യത്തെ ലോക്മന്ഥന്റെ പ്രമേയം ‘ലോക് ചിന്ത’, ‘ലോക് വ്യവസ്ഥിതി’, ‘ലോക് വ്യവഹാരം’ എന്നിവയായിരുന്നല്ലൊ. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാമോ.
♠ലോക്മന്ഥന്‍ ഉന്നം വെക്കുന്ന ലക്ഷ്യത്തിന്റെ അന്തഃസത്തയെ പ്രകടമാക്കുന്നതാണ് ഈ പ്രമേയം. ലോക് ജനങ്ങളുടെ സമഷ്ടിവാചിയായ ബോധത്തെയാണ് സൂചിപ്പിക്കുന്നത്. ലോക് ചിന്തയെ ആരായുന്നതിലൂടെ നാം അന്വേഷിക്കുന്നത് നമ്മുടെ നാഗരികതയുടെ താത്വികവും ആദ്ധ്യാത്മികവുമായ മാനങ്ങളെയാണ്. ലോക് വ്യവസ്ഥിതി പരിശോധിക്കുന്നത് സ്വദേശീയമായ ഭരണ മാതൃകകള്‍, സാമൂഹ്യ വ്യവഹാരങ്ങള്‍, സ്വയം സുസ്ഥിരത കാഴ്ചവെക്കുന്ന സമൂഹങ്ങള്‍ എന്നീ കാര്യങ്ങളെയാണ്. അവസാനത്തേതായ ലോക് വ്യവഹാരം പ്രതിഫലിപ്പിക്കുന്നത് ഉത്സവങ്ങള്‍ തൊട്ട് നാടോടി സമ്പ്രദായങ്ങള്‍ വരെയുള്ള നമ്മുടെ ദൈനംദിന സാംസ്‌കാരിക പ്രയോഗശൈലികളെയാണ്. ഈ ചട്ടക്കൂടിന്റെ സഹായത്തോടെ ജനങ്ങളെ ഭാരതീയ ലോകവീക്ഷണവുമായി വീണ്ടും ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. ഭൗതികതയെയും ആദ്ധ്യാത്മികതയെയും, വ്യക്തിയെയും സമൂഹത്തെയും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ജീവിത സമ്പ്രദായം സമൂഹത്തെ ശിഥിലമാക്കി തീര്‍ത്ത, അധിനിവേശ ശക്തികളും അധിനിവേശാനന്തര ശക്തികളും നടപ്പാക്കിയ ദ്വിവിധ (binary) സമ്പ്രദായത്തിന്റെ സ്വാധീനശക്തിയുടെ പശ്ചാത്തലത്തില്‍ ഈ സംവാദം എന്തുകൊണ്ടും നിര്‍ണായകം തന്നെയാണ്.
അധിനിവേശം ഭാരതത്തില്‍ എങ്ങനെ വിള്ളലുകള്‍ ഉണ്ടാക്കി എന്നതിനെക്കുറിച്ച് താങ്കള്‍ പറഞ്ഞു. ഭാരതത്തിന്റെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ വികലമാക്കുന്ന കള്‍ച്ചറല്‍ മാര്‍ക്‌സിസം മുതലായ പ്രത്യശാസ്ത്രങ്ങള്‍ കമ്പോള പ്രചോദിത ആഗോളവാദം എന്നിവ ഉയര്‍ത്തുന്ന വെല്ലുവിളികളെ ലോക്മന്ഥന്‍ എങ്ങനെയാണ് നേരിടാന്‍ പോകുന്നത്.
♠ഇത് അത്യന്തം ആശങ്കയുളവാക്കുന്ന പ്രശ്‌നമാണ്. കള്‍ച്ചറല്‍ മാര്‍ക്‌സിസവും നിരങ്കുശമായ ആഗോളവാദവും പലപ്പോഴും തദ്ദേശീയമായ സ്വത്വത്തെ മായ്ച്ചുകളഞ്ഞ് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക ആവിഷ്‌കാരങ്ങളെ ഏകതാനമാക്കാനാണ് ശ്രമിക്കുന്നത്. ഉദാഹരണത്തിന് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രങ്ങള്‍ ‘ജനകീയ പ്രസ്ഥാനം’ എന്ന ആശയം ദുരുപയോഗം ചെയ്യുമ്പോള്‍ തന്നെ, നഗരവാസികളെ ഗ്രാമവാസികള്‍ക്ക് എതിരാക്കിയും ഗോത്രവര്‍ഗക്കാരെ ഗോത്രവര്‍ഗക്കാരല്ലാത്തവര്‍ക്ക് എതിരാക്കിയും മറ്റും നമ്മുടെ സമൂഹത്തെ ശിഥിലമാക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്. ഭാരതത്തെ സംബന്ധിച്ച് ലോക്മന്ഥന്‍ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ജൈവികമായ ഒരു കാഴ്ചപ്പാടാണ് മുന്നോട്ടു വെക്കുന്നത്. ഗോത്രവര്‍ഗ സമൂഹങ്ങള്‍, ഗ്രാമീണ ആചാരങ്ങള്‍, നഗര സമ്പ്രദായങ്ങള്‍ എന്നിവയൊന്നും ഒറ്റപ്പെട്ടവയല്ല, മറിച്ച് ഒരു നാഗരികതയുടെ മുഖ്യപ്രകൃതിയുടെ അവിഭാജ്യഘടകങ്ങളാണ് എന്നതിനാണ് സംരംഭം ഊന്നല്‍ കൊടുക്കുന്നത്. സാംസ്‌കാരിക ബോധത്തില്‍ അധിഷ്ഠിതമായ സംവാദത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത് ബൗദ്ധികമായ വ്യക്തതയോടെ ഇത്തരം ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കാന്‍ ജനങ്ങളെ സജ്ജരാക്കലാണ്. അന്തര്‍ദ്ദേശീയ സാംസ്‌കാരിക സംഘങ്ങളെ ഇതിന്റെ ഭാഗമാക്കിക്കൊണ്ട് ഭാരതത്തിന്റെ സാംസ്‌കാരികമായ ആഗോളവീക്ഷണത്തിന് ആഗോള പ്രസക്തിയുണ്ട് എന്ന ആശയത്തെ ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം.
ലോക്മന്ഥന്‍ ആരംഭിച്ചത് ഡീകോളനൈസേഷന്‍ എന്ന പ്രമേയം മുന്നോട്ടു വെച്ചുകൊണ്ടാണ്. ഭാവിയില്‍ നടക്കാനിരിക്കുന്ന പതിപ്പുകളില്‍ ഈ പ്രമേയം ഏതു രീതിയില്‍ വെളിപ്പെടുമെന്നാണ് താങ്കള്‍ കണക്കാക്കുന്നത്.
♠ഡീ കോളനൈസേഷന്‍ ലോക്മന്ഥന്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനത്തിന്റെ കേന്ദ്രബിന്ദുവാണ്. അതേസമയം, ഡീകോളനൈസേഷന്‍ എന്നാല്‍ കേവലം ബാഹ്യ സ്വാധീനങ്ങളെ നിരാകരിക്കുക എന്നതല്ല എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മില്‍ അന്തര്‍ലീനമായ ശക്തികളെ വീണ്ടും കണ്ടെത്തുകയും നമ്മുടെ സാംസ്‌കാരത്തെ സംബന്ധിക്കുന്ന ദൃഢവിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതാണ് അതിനെക്കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഭാവിയിലെ പതിപ്പുകള്‍, ആനുകാലിക വെല്ലുവിളികളെ നേരിടുന്നതിന് നമ്മുടെ പരമ്പരാഗത പ്രയോഗങ്ങളെ എങ്ങനെ സംയോജിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് നടത്തുക. ഉദാഹരണത്തിന്, നമ്മുടെ സ്വദേശീയമായ കൃഷി സമ്പ്രദായങ്ങള്‍ പരിസ്ഥിതി സംരക്ഷണ സമ്പ്രദായങ്ങള്‍, സമഗ്രമായ ആരോഗ്യസംരക്ഷണ പദ്ധതികള്‍ എന്നിവക്ക് ആഗോള പ്രതിസന്ധികള്‍ക്ക് ഏത് തരത്തിലാണ് പരിഹാരം നിര്‍ദ്ദേശിക്കാനാവുക എന്നതിനെക്കുറിച്ചുള്ള അന്വേഷണം. കേവലം ഒരു സാംസ്‌കാരിക ഭണ്ഡാരം എന്നതിലുപരി ചിന്താമണ്ഡലത്തില്‍ ലോകത്തെ നായകസ്ഥാനത്തു നിന്ന് നയിക്കുന്ന ഭാരതത്തെ അവതരിപ്പിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം.
ലോക്മന്ഥന്‍ പ്രാരംഭംകുറിച്ച സാംസ്‌കാരിക പുനരുത്ഥാനത്തിന് പ്രജ്ഞാ പ്രവാഹ് പോലുള്ള സംഘടനകള്‍ക്ക് എന്ത് പങ്കാണ് നിര്‍വഹിക്കാനാവുക.
♠ലോക്മന്ഥന്‍ വിഭാവനം ചെയ്തതിലും സംഘടിപ്പിച്ചതിലും പ്രജ്ഞാപ്രവാഹിന് വലിയ പങ്കുണ്ട്. ഈ സംരംഭത്തിനപ്പുറം വര്‍ഷം മുഴുവന്‍ സാംസ്‌കാരിക ഗവേഷണം പഠനക്കളരി, അടിസ്ഥാനപരമായി മുന്‍കൈയ്യെടുക്കല്‍ എന്നിവ സുഗമമാക്കാന്‍ അത് പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ പരിഷ്‌കരണമാണ് ഞങ്ങള്‍ മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങളില്‍ ഒന്ന്. ലോക്മന്ഥന്‍ നടക്കുന്ന അവസരത്തില്‍ ഉയര്‍ത്തിക്കാട്ടിയതുപോലെ, കേവലം ഉള്ളടക്കം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് അപ്പുറം പോയി കാഴ്ചപ്പാട് മാറ്റിയെടുക്കുന്നതിന് വേണ്ടി വേണം നാം പ്രയത്‌നിക്കാന്‍.
ലോക്മന്ഥന്‍ ഭാവി ഭാരതത്തെ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് താങ്കളുടെ മനസ്സിലുള്ള ചിത്രമെന്താണ്.
♠ലോക്മന്ഥന്‍ കേവലമൊരു സംരംഭമല്ല, അതൊരു പ്രസ്ഥാനമാണ്. അതിന്റെ ആത്യന്തിക ലക്ഷ്യം ഭാരതത്തില്‍ ഒരു സാംസ്‌കാരിക നവോത്ഥാനത്തിനു തിരികൊളുത്തുക എന്നതാണ് നമ്മുടെ നാഗരികമായ മുഖ്യപ്രകൃതിയെ മുറുകെ പിടിക്കുമ്പോള്‍ തന്നെ ആധുനിക വെല്ലുവിളികളെ പരിഹരിക്കാന്‍ കൂടിയാവുന്ന തരത്തിലുള്ള ഒരു പുനരുദ്ധാരണം. സംവാദത്തെ പ്രോത്സാഹിപ്പിക്കുകയും വിടവുകളെ നികത്തുകയും നമ്മുടെ പൊതുവായ പൈതൃകത്തെ ആഘോഷിക്കുകയും ചെയ്തുകൊണ്ട് കൂടുതല്‍ ഒത്തൊരുമയും ആത്മവിശ്വാസവും പ്രകടിപ്പിക്കുന്ന ഭാരതത്തിന് അടിത്തറ പാകുകയാണ് ലോക്മന്ഥന്‍ ചെയ്യുന്നത്. സാംസ്‌കാരികമായ ഈ ആത്മവിശ്വാസം ആഗോള സമൂഹത്തിന് നമ്മുടെ പൂര്‍വ്വികരുടെ കാലാതീതമായ ജ്ഞാനത്തിലധിഷ്ഠിതമായ പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചുകൊണ്ട് അര്‍ത്ഥവത്തായ സംഭാവന നല്‍കാന്‍ നമ്മെ ശക്തരാക്കും.
ലോക്മന്ഥന്‍ 2024 കേവലം ഒരാഘോഷം എന്നതിനപ്പുറമായിരുന്നു, ആനുകാലിക ലോകത്ത് ഭാരതത്തിന്റെ അനശ്വരമായ ആദര്‍ശത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയും അതിന്റെ സാംഗത്യം വിളിച്ചോതുകയുമായിരുന്നു അതിന്റെ ലക്ഷ്യം. പരിണമിച്ചുകൊണ്ടിരിക്കുന്നതിന് അനുസൃതമായി ഈ സംരംഭം തങ്ങളുടെ അടിവേരുകളുമായി വീണ്ടും ബന്ധം സ്ഥാപിക്കാന്‍ തലമുറകളെ പ്രചോദിപ്പിക്കുകയും കൂടുതല്‍ ശോഭായമാനവും സംഘടിതവുമായ ഒരു ഭാവി വിഭാവനം ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും എന്ന് ഉറപ്പായും പറയാം.
വിവ: യു.ഗോപാല്‍ മല്ലര്‍
(കടപ്പാട്: ഓര്‍ഗനൈസര്‍)