1950 മുതല്‍ ഓരോ വര്‍ഷവും ഡിസംബര്‍ മാസം 10-ാം തീയതി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നു. 1948 ഡിസംബര്‍ 10 ന് പാരീസില്‍ വെച്ച് ചേര്‍ന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights) സംബന്ധിച്ച 217A(111)നമ്പറില്‍ ഉള്ള പ്രമേയം അംഗീകരിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് ഓരോ വര്‍ഷവും ഡിസംബര്‍ 10 അന്താരാഷ്ട്ര മനുഷ്യാവകാശദിനം ആയി ആചരിക്കാന്‍ തീരുമാനം എടുത്തത്. പ്രഖ്യാപനം പറയുന്നു ‘മനുഷ്യാവകാശങ്ങളുടെ ഈ സാര്‍വ്വത്രിക പ്രഖ്യാപനം എല്ലാ ജനങ്ങള്‍ക്കും എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉള്ള നേട്ടങ്ങളുടെ ഒരു പൊതു മാനദണ്ഡമാണ്. അവസാനം വരെ സമൂഹത്തിലെ ഓരോ വ്യക്തിയും സമൂഹത്തിലെ എല്ലാ ഘടകങ്ങളും ഈ പ്രഖ്യാപനം നിരന്തരം മനസ്സില്‍ വെച്ച് കൊണ്ട്, ഇതിന് അന്താരാഷ്ട്ര തലത്തില്‍ ഫലപ്രദമായ അംഗീകാരവും അതിന്റെ ആചരണവും ഉറപ്പ് വരുത്താന്‍ അംഗരാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലും അംഗരാജ്യങ്ങള്‍ക്കിടയിലും അവയുടെ അധികാര പരിധിയില്‍ ഉള്ള പ്രദേശങ്ങളിലും പുരോഗമനപരമായ നടപടികളിലൂടെയും അദ്ധ്യാപനത്തിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഈ അവകാശത്തിനോടും സ്വാതന്ത്ര്യത്തിനോടും ആദരവ് വളര്‍ത്തുന്നതിനായി പരിശ്രമിക്കും. മേല്‍ പ്രഖ്യാപനം നടപ്പില്‍ വരുത്തുന്നതിനായി 29 അനുച്ഛേദങ്ങളിലായി ഓരോ അവകാശങ്ങളും നിര്‍വചിച്ചുകൊണ്ട് മനുഷ്യാവകാശ നിയമത്തിനും അംഗീകാരം നല്‍കി. അനുച്ഛേദം ഒന്ന് പറയുന്നു. ‘എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തോടെ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്വവും അര്‍ഹിക്കുന്നവരുമാണ്. ബുദ്ധിയും മനഃസാക്ഷിയും ഉള്ള അവര്‍ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.’ അതെ തുടര്‍ന്നുള്ള 28 അനുച്ഛേദങ്ങളും മനുഷ്യജീവിതം യാതൊരുവിധ പ്രയാസങ്ങളും വരാതെ മുന്നോട്ട് കൊണ്ട് പോകാന്‍ വ്യക്തിയും, സമൂഹവും, രാജ്യവും, ലോകവും പാലിക്കപ്പെടേണ്ടതും, പരിത്യജിക്കേണ്ടതും ആയ കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. ഈ പ്രഖ്യാപനം അനുസരിച്ച് എല്ലാവരും ജീവിക്കുകയാണെങ്കില്‍ ലോകം സുന്ദരമാവും എന്നതില്‍ ഒരു സംശയവും വേണ്ട.
ലോകത്തിലെ അഞ്ഞൂറില്‍ ഏറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ രേഖയുടെ അടിസ്ഥാനത്തില്‍ അന്ന് റിപ്പബ്ലിക് ആയിരുന്ന രാജ്യങ്ങളും പിന്നീട് സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളും അവരുടെ ഭരണഘടനയില്‍ ഇത് പ്രകാരം ഉള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ഭരണഘടനയിലെ 14 മുതല്‍ 30 വരെയുള്ള അനുച്ഛേദങ്ങള്‍ ഭാരതത്തിലെ പൗരന്മാര്‍ക്കും സംഘടന, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും മൗലിക അവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഇവയില്‍ ഏതെങ്കിലും തരത്തില്‍ ലംഘനം ഉണ്ടാവുന്നു എങ്കില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ, വില്ലേജ് ഓഫീസ്, പോലിസ് സ്റ്റേഷന്‍ മുതല്‍ അങ്ങോട്ട് സുപ്രീം കോടതികളെ വരെ സമീപിക്കാന്‍ അവകാശം ഉണ്ട്. വ്യക്തികള്‍ക്കുള്ള അവകാശം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഉണ്ട്. മൗലിക അവകാശങ്ങള്‍ ലംഘിക്കുന്ന സമയം ഭരണഘടനയിലെ 226-ാം അനുച്ഛേദം പ്രകാരം സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെയും അനുച്ഛേദം 32 പ്രകാരം സുപ്രീം കോടതിയെയും സമീപിക്കാന്‍ ഉള്ള അവകാശം എല്ലാവര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം നടപ്പില്‍ ആവുന്നത് ഉറപ്പ് വരുത്താന്‍ ആയി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ എന്നൊരു സംവിധാനവും നിലവില്‍ വന്നു. വിപുലമായ അധികാരവും ഈ കമ്മീഷനുണ്ട്. ഇത് കൂടാതെ ലോകമാകെ നിയമം നടപ്പില്‍ ആവുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ ഇതിന് കീഴില്‍ മറ്റ് സംവിധാനങ്ങളും ഉണ്ട്.ഇവിടെ ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശം ലംഘിക്കുന്ന അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കമ്മീഷന് അധികാരമുണ്ട്. മനുഷ്യാവകാശ ലംഘനത്തിനെതിരെ വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാന്‍ കഴിയും. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടക്കുമ്പോഴും, ഏതെങ്കിലും രാജ്യത്ത് കലാപം നടക്കുമ്പോഴും ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ഉണ്ടാവുന്നതും മനുഷ്യാവകാശ നിയമം വെച്ച് കൊണ്ടുതന്നെയാണ്. അംഗരാജ്യങ്ങളിലെ സൈന്യത്തെ ഇത്തരം മേഖലകളില്‍ വിന്യസിച്ചുകൊണ്ട് സമാധാനം ഉറപ്പുവരുത്തുന്ന നടപടികളും ചെയ്യാറുണ്ട്. ഭാരതത്തിലെ സൈനികര്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അന്താരാഷ്ട്ര പ്രശംസക്ക് പാത്രമാവാറുണ്ട്.
മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മേഖല വിപുലപ്പെടുത്തി കൊണ്ട് 1966ല്‍ രാഷ്ട്രീയ അവകാശവും 1976ല്‍ സാമ്പത്തികവും, സാമൂഹികവും, സാംസ്‌കാരികവും ആയ അവകാശവും നിയമം വഴി ഐക്യ രാഷ്ട്ര സഭ ലോകജനതക്ക് ഉറപ്പ് വരുത്തി. ഭാരതത്തില്‍ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ആയി മനുഷ്യവകാശ കമ്മീഷന്‍ നിയമം രൂപം കൊള്ളുന്നത് 1993 ല്‍ മാത്രമാണ്. ഇത് പ്രകാരം ഒരു ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാനങ്ങള്‍ക്ക് ആയി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രൂപീകരിക്കാന്‍ ഉള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉണ്ട്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനം ദല്‍ഹിയില്‍ ആണ്. കേരളത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആസ്ഥാനം തിരുവനന്തപുരത്തും ആണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വിവിധ ജില്ലകളില്‍ സിറ്റിംഗ് നടത്തി പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാറുണ്ട്. ശരിയായ രീതിയില്‍ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ മേല്‍ പറഞ്ഞ സംവിധാനങ്ങള്‍ വെച്ച് കൊണ്ട് രാജ്യത്തെ മനുഷ്യാവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ കഴിയേണ്ടതാണ്.
മനുഷ്യാവകാശംആയുധവും മറയുമായി മാറുമ്പോള്‍?
മനുഷ്യര്‍ക്ക് അന്തസ്സും അഭിമാനവും ഉള്ള ജീവിതം ഉറപ്പുനല്‍കാന്‍ രൂപം കൊടുത്ത നിയമം ചൂഷണം ചെയ്യുന്ന ഒരു അവസ്ഥ ഭാരതത്തില്‍ കണ്ടു വരുന്നുണ്ട്. ജനങ്ങള്‍ക്കും സര്‍ക്കാരിനും എതിരെ പ്രവര്‍ത്തിക്കുന്ന മാവോ വാദികള്‍, മതതീവ്രവാദികള്‍ എന്നിവര്‍ രാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യാവകാശത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ടാണ്. രാജ്യത്തെ ജനങ്ങളെ പ്രദേശങ്ങളുടെയും, ജാതികളുടെയും, മതത്തിന്റെയും പേരില്‍ ചൂഷണം ചെയ്യുകയും വിഘടിപ്പിക്കുകയും ചെയ്യുന്നവര്‍ മനുഷ്യാവകാശത്തിന്റെ മേലങ്കി അണിഞ്ഞുകൊണ്ടാണ് പ്രവര്‍ത്തനം നടത്തുന്നത്. ജനങ്ങളെ സര്‍ക്കാരിന്റെ എതിരാളികള്‍ ആക്കി തീര്‍ക്കുന്നതും മനുഷ്യാവകാശ പ്രവര്‍ത്തകരായി നടിച്ചുകൊണ്ടാണ്. വനവാസികളുടെ ഇടയില്‍ അവരുടെ അന്ധവിശ്വാസം ചൂഷണം ചെയ്തുകൊണ്ട് മതപരിവര്‍ത്തനം നടത്തുന്നവരും ഭരണഘടനയിലെ വകുപ്പുകള്‍ ഉപയോഗിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. മതം ആചരിക്കാനും, പ്രചരിപ്പിക്കാനും ഭരണഘടനയിലെ മൗലികാവകാശത്തിലെ അനുച്ഛേദം 25 നല്‍കുന്ന പരിരക്ഷ ഉപയോഗിച്ച് കൊണ്ടാണ് സെമറ്റിക് മതസ്ഥര്‍ വിദേശത്തു നിന്ന് ലഭിക്കുന്ന പണവും അതുപോലെ ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 30 മതന്യൂനപക്ഷങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും ഉള്ള അവകാശം വെച്ചുകൊണ്ടുമാണ് ഭാരതത്തിന്റെ മതപരമായ ഘടനയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിന് ഇത്തരം വിഘടന പ്രവര്‍ത്തനം വരുത്തിവെയ്ക്കുന്ന വിനകള്‍ ചെറുതല്ല എന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങള്‍ ആയി രാജ്യത്ത് നടന്നു വരുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍ നമുക്ക് ബോധ്യം വരും. പല മേഖലകളിലും സെമറ്റിക് മതങ്ങളുടെ അനുപാതം ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഭാരതത്തിലെ ബഹുസ്വരത തകര്‍ത്തു കൊണ്ടിരിക്കുന്ന പ്രവൃത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു ഫലം പോലും മാറ്റി മറിക്കാനും രാജ്യത്ത് ജനാധിപത്യത്തിന് പകരം മാതാധിപത്യം വരാനും ഇത് ഇടയാക്കും. കേരളത്തില്‍ അടക്കം രാജ്യത്ത് പല മേഖലയിലും മാവോവാദികള്‍ പ്രവര്‍ത്തിക്കുന്നതും മനുഷ്യാവകാശ നിയമം ഉപയോഗിച്ച് കൊണ്ടാണ്. മനുഷ്യാവകാശത്തിന്റെ മറ ഉപയോഗിച്ച് കൊണ്ടാണ് കോടതികളില്‍ നിന്നും മതതീവ്രവാദികളും, മാവോവാദികളും രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. നഗര പ്രദേശങ്ങളില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ആയി കൊണ്ട് 2018 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ അര്‍ബന്‍ നക്‌സലുകള്‍ മനുഷ്യാവകാശത്തെ ചൂഷണം ചെയ്തു കൊണ്ടാണ് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതും കോടതികളില്‍ നിന്ന് ശിക്ഷ ഇളവുകള്‍ നേടിയെടുക്കുന്നതും. പാവപ്പെട്ട ജനങ്ങളെ കൊന്നൊടുക്കുന്നതും, സര്‍ക്കാരിനെതിരെ യുദ്ധം അഴിച്ചു വിടുന്നതും വരെ മനുഷ്യാവകാശത്തിന്റെ മറവില്‍ മാപ്പ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ ആയി മാറുന്നു. വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും എതിരെ പോലീസിനും പട്ടാളത്തിനും നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നുചേരുന്നതും മനുഷ്യാവകാശത്തിന്റെ മറവില്‍ തന്നെ ആണ്. മനുഷ്യാവകാശത്തിന്റെ പരിഗണന വെച്ചുകൊണ്ടാണ് ബോംബ് സ്‌ഫോടന കേസില്‍ പ്രതിയായ മദനിക്ക് ജയിലില്‍ നിന്ന് പുറത്ത് വരാന്‍ കഴിഞ്ഞത്. പാര്‍ലിമെന്റ് അക്രമ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന് വരെ മനുഷ്യാവകാശത്തിന്റെ മറവില്‍ ജനപിന്തുണ നേടിക്കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായതും നമ്മള്‍ കണ്ടതാണ്. ഹത്രാസ് കലാപ കേസില്‍ പിടിയിലായ സിദ്ധിഖ് കാപ്പന്‍ പൂട്ടിപ്പോയ തേജസ് പത്രത്തിന്റെ ഐ.ഡി.വെച്ച് കൊണ്ടായിരുന്നു അവിടെക്ക് സഞ്ചരിച്ചത്. ഇന്ത്യന്‍ മൗലികാവകാശ നിയമത്തിലെ അനുച്ഛേദം 19 നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു കൊണ്ടാണ് സിദ്ധിഖ് കാപ്പന്‍ കലാപ പ്രദേശത്ത് നുഴഞ്ഞു കടക്കാന്‍ ശ്രമിച്ചത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തില്‍ ഭാരതത്തില്‍ മുന്നിട്ടുനില്‍ക്കുന്നത് പത്രപ്രവര്‍ത്തകര്‍ ആണ്. എവിടെയും കടന്ന് ചെല്ലാനും തോന്നിയത് പോലെ റിപ്പോര്‍ട്ട് ചെയ്യാനും നമ്മുടെ രാജ്യത്തെ പത്രപ്രവര്‍ത്തകര്‍ അസാമാന്യ മിടുക്കാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. കലാപങ്ങള്‍ തടയാന്‍ ആയി ഇന്റര്‍നെറ്റ് നിയന്ത്രണം അടക്കം ഉള്ള സുരക്ഷ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സര്‍ക്കാരിനെതിരെ ജനാധിപത്യം അടിച്ചമര്‍ത്തുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന നടപടികളും മാധ്യമങ്ങള്‍ ചെയ്യുന്നു. പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തുന്ന ഉറവിടം വെളിപ്പെടുതാതിരുന്നാല്‍ അത് നിയമപരമായ ഒരു കുറ്റം ആയി കണക്കാക്കാന്‍ കഴിയില്ല എന്ന പരിരക്ഷ വെച്ച് കൊണ്ടാണ് പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനെതിരെ പലപ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അവര്‍ക്ക് ഇഷ്ടമില്ലാത്ത സര്‍ക്കാരിനെതിരെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും ബിസിനസ് സംഘങ്ങള്‍ക്ക് എതിരെയും പത്രത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി കൊണ്ടിരിക്കുന്നത് ഇവിടുത്തെ മാധ്യമങ്ങളുടെ സ്ഥിരം തൊഴിലാണ്. ഈയടുത്ത കാലത്തായി ലോകത്തിലെ തന്നെ രണ്ടാം നമ്പര്‍ ആയ അദാനി ഗ്രൂപ്പിനെതിരെ വ്യാജ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ ഭാരതത്തിലെ മാധ്യമങ്ങള്‍ പ്രത്യേകം ശുഷ്‌കാന്തി കാണിക്കുന്നുണ്ട് എന്ന് കാണാന്‍ സാധിക്കും. അദാനി അറസ്റ്റില്‍ ആവാന്‍ പോകുന്നു എന്നുവരെ മലയാള മാധ്യമങ്ങള്‍ ലീഡിങ് ന്യൂസ് കൊടുത്തു. ഇതിന് മുന്‍പും 2023ല്‍ യാതൊരുവിധ വിശ്വാസ്യതയുമില്ലാത്ത ഹിന്‍ഡര്‍ ബര്‍ഗ് റിപ്പോര്‍ട്ട് ഭാരതത്തില്‍ വലിയ തോതില്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ അവകാശം ദുരുപയോഗം ചെയ്തു കൊണ്ടാണ് മാദ്ധ്യമങ്ങള്‍ വ്യാപാരലോകത്തെ ഈ കള്ളക്കളിക്ക് കൂട്ടുനില്‍ക്കുന്നത്. പണം കൈപ്പറ്റിക്കൊണ്ട് അമേരിക്കന്‍ താല്പര്യ പ്രകാരം ഭാരതത്തെ സാമ്പത്തികമായി തകര്‍ക്കുക എന്നതാണ് മലയാളത്തിലെ വന്‍കിട പത്രങ്ങള്‍ അടക്കം ചെയ്തു കൊണ്ടിരിക്കുന്ന ഈ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. മനുഷ്യാവകാശത്തെ കവചമാക്കികൊണ്ടാണ് അര്‍ബന്‍ നക്‌സലുകളും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റില്‍ ആയ സ്റ്റാന്‍ സ്വാമി എന്ന സ്റ്റാനിസ്‌ലാന്‍ ലൂര്‍ദ് സ്വാമി ഒരു ജെസ്യുട്ട് ഫാദര്‍ എന്ന നിലയ്ക്കായിരുന്നു ജാര്‍ഖണ്ഡ്‌ലെ വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. വിശ്വസിക്കുന്ന മതം പ്രചരിപ്പിക്കാന്‍ ഭാരതത്തിലെ ഭരണഘടനയിലെ അനുച്ഛേദം 25 രാജ്യത്തെ പൗരന് അവകാശം നല്‍കുന്നുണ്ട്. ആ പരിരക്ഷ വെച്ച് കൊണ്ട് സ്റ്റാന്‍ സ്വാമി വനവാസികള്‍ക്കിടയില്‍ മാവോവാദി ആശയങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ഭീമ കോറിഗാവില്‍ 2018 ജനുവരി ഒന്നിന് നടന്ന കലാപത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അതില്‍ ഉള്‍പ്പെട്ട പ്രതികളുടെ ലാപ് ടോപ് പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വെച്ചാണ് സ്റ്റാന്‍ സ്വാമി, പ്രൊഫ. സായിബാബ എന്നിവര്‍ യു.എ.പി.എ. പ്രകാരം അറസ്റ്റില്‍ ആവുന്നത്. യു.എ.പി.എ നിയമം ഉണ്ടായതുകൊണ്ട് മാത്രം ആണ് ഈ വിധത്തില്‍ ഉള്ള രാജ്യദ്രോഹികള്‍ അറസ്റ്റില്‍ ആവുകയും കോടതികള്‍ക്ക് അവരെ ജയിലില്‍ അടയ്ക്കാന്‍ കഴിയുകയും ചെയ്യുന്നത്. അതല്ലെങ്കില്‍ ഈ കുറ്റവാളികള്‍ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുമായിരുന്നു.1818 ജനുവരിയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ 800 ഓളം വരുന്ന പട്ടാളക്കാര്‍ക്ക് എതിരെ പട്ടിക ജാതിക്കാര്‍ ആയ അഞ്ഞൂറോളം വരുന്ന പോരാളികള്‍ നടത്തിയ പോരാട്ടത്തില്‍ നേടിയ വിജയത്തിന്റെ ഇരുനൂറാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയില്‍ ആണ് അവിടെ അക്രമം നടന്നത്. അര്‍ബന്‍ നക്‌സല്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍ ആണ് ആഘോഷത്തില്‍ പെടുന്നവര്‍ അതിക്രമം അഴിച്ചു വിടാന്‍ കാരണമായത് എന്ന് പിന്നീട് പോലിസ് കണ്ടെത്തുകയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതും.
ഭരണഘടനയിലെ അനുച്ഛേദം 21 പ്രകാരം പൗരന് ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനും പരിരക്ഷ ലഭിക്കുന്നു. അനുച്ഛേദം 22 പ്രകാരം യതൊരാളെയും കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. കൂടാതെ അറസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന ആള്‍ക്ക് ഇഷ്ടമുള്ള അഭിഭാഷകനെ വെച്ച് കൊണ്ട് നിയമപരമായ പരിരക്ഷ തേടാനും ഉള്ള അവകാശം നല്‍കുന്നു. ഈ പരിരക്ഷ വെച്ച് കൊണ്ടാണ് കുറ്റവാളികള്‍ അറസ്റ്റില്‍ നിന്നും രക്ഷ നേടുന്നത്. വലിയ കുറ്റം ചെയ്തവര്‍ ആയാല്‍ പോലും മേല്‍ പറഞ്ഞ അവകാശങ്ങള്‍ വെച്ച് കൊണ്ട് കോടതികളില്‍ നിന്നും നിയമ പരിരക്ഷ നേടാന്‍ കഴിയുന്നു. കണ്ണൂര്‍ എ.ഡി.എം.നവീന്‍ ബാബുവിന്റെ മരണത്തിന് കാരണക്കാരിയെന്ന് പറയുന്ന സിപിഎം നേതാവ് പി.പി.ദിവ്യക്ക് വരെ കോടതി ജാമ്യം നല്‍കി എന്നത് ജനങ്ങളില്‍ അത്ഭുതം ജനിപ്പിച്ചതാണ്.
മനുഷ്യാവകാശനിയമം സാധാരണ ജനങ്ങള്‍ മറ്റ് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നേരിടുന്ന പീഡനത്തില്‍ നിന്നും അവര്‍ക്ക് രക്ഷ കൊടുക്കാന്‍ വേണ്ടി രൂപം നല്‍കിയതാണെങ്കിലും ഈ നിയമം ഉപയോഗിച്ച് കൊണ്ട് സമൂഹത്തില്‍ അക്രമം നടത്തുന്ന തീവ്രവാദികള്‍, വിഘടനവാദികള്‍ എന്നിവര്‍ ശിക്ഷകളില്‍ നിന്നും നിയമ സംരക്ഷണം നേടുന്ന ദുരവസ്ഥയാണ് ഇവിടെ ഉള്ളത്. മനുഷ്യാവകാശ നിയമം അനുസരിച്ചു കടുത്ത ശിക്ഷകള്‍ നല്‍കുന്നതും വധശിക്ഷ നല്‍കുന്നതും ഒക്കെ മാനവ വിരുദ്ധമാണ്. പരിഷ്‌കൃത രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന പല ശിക്ഷാനിയമങ്ങളും ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് എതിരാണ് എന്നതാണ് വസ്തുത. ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കുള്ള കാഠിന്യം പോലും ഇല്ലാത്ത അവസ്ഥയില്‍ രാജ്യത്തെ ക്രമസമാധാന പാലനം എത്ര മാത്രം ദുഷ്‌കരം ആവും എന്ന് ചിന്തിക്കാവുന്നതേ ഉള്ളു.
ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനവും അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനവും ഒരിക്കലും സത്യസന്ധമാവാറില്ല. ഭാരതം പോലുള്ള രാജ്യങ്ങളില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തുന്ന ഇടപെടലുകള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. 2019 ആഗസ്റ്റ് 5ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന് നിലവില്‍ ഉണ്ടായിരുന്നു 370-ാം വകുപ്പിന്റെ പരിരക്ഷ എടുത്ത് മാറ്റിയതിന് ശേഷം ഭാരത സര്‍ക്കാര്‍ തീവ്രവാദം അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ക്ക് എതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വലിയ തോതില്‍ അന്താരാഷ്ട്ര സമ്മര്‍ദം സൃഷ്ടിച്ചുകൊണ്ടിരുന്നിരുന്നു. തീവ്രവാദികളെയും, പാകിസ്ഥാന്‍ സര്‍ക്കാരിനെയും സഹായിക്കുന്ന നടപടികള്‍ ആയിരുന്നു അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. ഇത്തരം സംഘടനകള്‍ അമേരിക്ക അടക്കം ഉള്ള പാശ്ചാത്യ രാജ്യങ്ങളുടെയും, ഇസ്ലാമിക ലോകത്തിന്റെയും താല്പര്യം അനുസരിച്ചു കൊണ്ടാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്ഥാന്‍ ചെയ്തു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇവര്‍ ഒരിക്കലും ശബ്ദിക്കാറില്ല. എന്തിനേറെ പറയുന്നു ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഇവര്‍ കാണാറില്ല. എന്നാല്‍ ജമ്മു കശ്മീരില്‍ ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനായി അവിടെ ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചതിനെതിരെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വലിയ തോതില്‍ ബഹളം ഉണ്ടാക്കി. അവിടെ കുത്തിത്തിരിപ്പുകാര്‍ ആയ പത്രപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെയും ഇവര്‍ വലിയ ബഹളം ഉണ്ടാക്കി. ജിഹാദി പത്രപ്രവര്‍ത്തകരുടെ വാക്കുകള്‍ ഇവര്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ഭാരതത്തിലെ ചെയര്‍പേഴ്‌സന്‍ ആകാര്‍ പട്ടീല്‍ ഭാരത സര്‍ക്കാര്‍ ജമ്മു കശ്മീര്‍ മേഖലയില്‍ തീവ്രവാദികള്‍ക്കെതിരെയും പാകിസ്ഥാന്‍ നടത്തുന്ന അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനത്തിനെ ഇല്ലായ്മ ചെയ്യുന്നതിനും കൈക്കൊണ്ട നടപടികളെ മുഴുവന്‍ ജനാധിപത്യത്തിന്റെ അടിച്ചമര്‍ത്തല്‍ എന്ന രീതിയില്‍ ആണ് റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടിരുന്നത്. അവര്‍ ജമ്മു കശ്മീരില്‍ പോലീസും പട്ടാളവും ജനങ്ങളെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല എന്നും സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ കിരാത നിയമങ്ങള്‍ ഉപയോഗിച്ച് അടിച്ചമര്‍ത്തികൊണ്ടിരിക്കുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്നു. അവസാനം ഇന്ത്യന്‍ സര്‍ക്കാരിന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനം തന്നെ അവിടെ അവസാനിപ്പിക്കേണ്ടി വന്നു. ഭാരതത്തിനെതിരെ ഇവര്‍ കൃത്യമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ വനവാസികളും മറ്റും നടത്തുന്ന ചെറുത്ത് നില്‍പ്പിനെ ഭാരതത്തില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന രീതിയില്‍ കാലങ്ങള്‍ ആയി പ്രചരണം നടത്തി കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ജമ്മു കശ്മീരില്‍ സുഗമമായ രീതിയില്‍ തിരഞ്ഞെടുപ്പു നടന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം ലോകത്തുള്ള മുഴുവന്‍ ഭാരത വിരുദ്ധ പ്രസ്ഥാനങ്ങളും നടത്തിയ പ്രചരണം തെറ്റായിരുന്നു എന്ന് തെളിഞ്ഞു. മുന്‍ കാലങ്ങളില്‍ ഒക്കെ ഉണ്ടായിരുന്ന തിരഞ്ഞെടുപ്പുകളില്‍ നിന്നും ഉയര്‍ന്ന തോതില്‍ ജനങ്ങള്‍ വോട്ടെടുപ്പില്‍ പങ്ക് കൊണ്ടു. നേരത്തെ, പത്തും പന്ത്രണ്ടും ശതമാനം ജനങ്ങള്‍ വോട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇക്കുറി 63.88% ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി എന്നത് 2019 ആഗസ്റ്റ് മുതല്‍ 2024 ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ അവിടെ നടത്തി ക്കൊണ്ടിരുന്ന ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്. കേന്ദ്ര സര്‍ക്കാരിനെ എല്ലായ്‌പോഴും വിമര്‍ശിക്കുകയും പാകിസ്ഥാന്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു കൊണ്ടിരുന്ന ഇണ്ടി മുന്നണി സര്‍ക്കാര്‍ അവിടെ അധികാരത്തില്‍ വന്നു എന്നത് തിരഞ്ഞെടുപ്പിലെ നിഷ്പക്ഷത വെളിപ്പെടുത്തുന്നു. അതുകൊണ്ടു ബാഹ്യ ഇടപെടല്‍ ഇല്ലാതെ തികച്ചും സ്വതന്ത്രമായ രീതിയില്‍ ആണ് അവിടെ തിരഞ്ഞെടുപ്പു നടന്നത് എന്ന് രാഷ്ട്രത്തിന്റെ ശത്രുക്കള്‍ക്ക് പോലും പറയാതെ ഇരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയതായി കണ്ടില്ല.
ഐക്യരാഷ്ട്രസഭ എന്തൊക്കെ പറഞ്ഞാലും നിഷ്പക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന് നിരവധി തെളിവുകള്‍ ഉണ്ട്. 2023 മാര്‍ച്ച് 17 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുട്ടിന് എതിരെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് ഉക്രൈന് എതിരെ യുദ്ധം ചെയ്ത് കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ കൊല്ലപ്പെടാന്‍ ഉണ്ടായ സാഹചര്യത്തില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയുണ്ടായി. ഈ നവംബര്‍ 21ന് ഇതേ കോടതി ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലോകത്തില്‍ എല്ലായിടത്തും യുദ്ധം ചെയ്തു സ്ത്രീകളെയും കുട്ടികളെയും കൊന്നുകൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഇതേ രീതിയില്‍ ഒരു അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ചരിത്രം ഇല്ല. ലോകത്തിലെ മനുഷ്യാവകാശവും, അതിന്റെ സംരക്ഷണവും, ലംഘനവും ഒക്കെ തീരുമാനിക്കുന്നത് അമേരിക്കയാണ്. അമേരിക്കന്‍ പൗരന്മാര്‍ 2011 സപ്തംബര്‍ 11 ന് ഭീകരാക്രമണത്തിന് വിധേയരായപ്പോള്‍ അഫ്ഗാനിസ്ഥാന് എതിരെ അക്രമം നടത്താനും വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കാന്‍ കാരണക്കാരന്‍ ആയ അല്‍ക്ക്വയ്ദ നേതാവ് ബിന്‍ ലാദനെ പാകിസ്ഥാനില്‍ ചെന്ന് കണ്ടുപിടിച്ചു കൊന്ന് കടലില്‍ തള്ളാന്‍ അമേരിക്കക്ക് ഒരു തടസ്സവും ഉണ്ടായില്ല. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്‍, ഐക്യരാഷ്ട്ര സഭ ജനറല്‍ കൗണ്‍സില്‍ എന്നിവര്‍ക്കൊന്നും ഒരു മിണ്ടാട്ടവും ഇല്ലായിരുന്നു. മറ്റ് രാജ്യങ്ങള്‍ക്കും ഇതേ പോലെ പ്രവര്‍ത്തിക്കാന്‍ അവകാശം ഉണ്ട് എന്ന് ആരും കാണുന്നില്ല. ഭാരതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ വലിയ ഒച്ചപ്പാട് ഉണ്ടാക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍, അമേരിക്ക മുതലായവര്‍ പാകിസ്ഥാനില്‍ നടക്കുന്ന വലിയ തോതില്‍ ഉള്ള ന്യൂനപക്ഷ പീഡനം കാണാറേ ഇല്ല.
ലോകത്ത് എല്ലായിടത്തും നടക്കുന്ന യുദ്ധം, ഭരണകൂട ഭീകരത, രാഷ്ട്രീയ അസ്ഥിരത, രാഷ്ട്രീയ ഇടപെടല്‍, സ്വജനപക്ഷപാതം, അഴിമതി എന്നിവ കാരണം സാധാരണ മനുഷ്യരുടെ അവകാശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഓരോ രാജ്യത്തെയും കോടതികള്‍ പോലും നിഷ്പക്ഷമാണോ എന്ന സംശയം പലപ്പോഴും സമൂഹത്തില്‍ വളരുന്നുണ്ട്. കോടതികള്‍ അവരുടെ മുന്നില്‍ എത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് വിധികള്‍ പ്രസ്താവിക്കുന്നത്. ഇന്ത്യയില്‍ നമ്മള്‍ പലപ്പോഴും കാണുന്നത് ഭരണകൂടത്തിന്റെ കൂടി പിന്തുണയോടെ കുറ്റം ചെയ്യുന്നവര്‍ നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ഡിസംബര്‍ മാസം പത്തിനാണ് മനുഷ്യാവകാശ ദിനം ആയി കൊണ്ടാടുന്നത്. 22 കൊല്ലങ്ങള്‍ക്ക് മുന്‍പ് ഉള്ള ഒരു ഡിസംബര്‍ 1 ന് കണ്ണൂരിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റരെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം കൊലയാളികളെ പോലും നിയമത്തിന്റെ കണ്ണില്‍ കുറ്റക്കാര്‍ അല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടിരിക്കുന്നു എന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ മനുഷ്യാവകാശത്തിന് എത്ര മാത്രം വിലയുണ്ട് എന്ന് ബോധ്യപ്പെടും.
മനുഷ്യാവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നവര്‍ ഇത്തരം സംഭവങ്ങള്‍ കൂടി കാണേണ്ടതാണ്. സംഘടിതര്‍ ആയി മനുഷ്യാവകാശം ലംഘിക്കുന്നവരുടെ അവകാശം ആണ് പലപ്പോഴും സമൂഹത്തിനും, സംഘടനകള്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, മാദ്ധ്യമങ്ങള്‍ക്കും ഒക്കെ പ്രധാനമാവുന്നത്. തീവ്രവാദികളും ഭീകര വാദികളും ഒക്കെ സംരക്ഷിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും നിലനില്‍പ്പിനും തടസ്സം സൃഷ്ടിക്കും എന്നത് എല്ലാവരും ശ്രദ്ധിക്കുന്നത് നല്ലതാണ്.