ഒരു നാടിന്റെ വികസനത്തില്‍ അതിപ്രധാനമാണ് അടിസ്ഥാന സൗകര്യ വികസനം. അതില്‍ ഏറ്റവും പ്രധാനമാണ് ഗതാഗത സൗകര്യങ്ങളുടെ വികസനം. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് കേരളം ഉണ്ടാക്കിയ മുന്നേറ്റം അടിസ്ഥാന സൗകര്യ വികസനത്തില്‍ നമുക്കുണ്ടായില്ല. റോഡുകളുടെയും റെയിലിന്റെയും കാര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളം. റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുന്നവര്‍ക്ക് കേരളത്തിന്റെ അതിര്‍ത്തി കടന്നാല്‍ ഈ വ്യത്യാസം മനസ്സിലാകും. ഉല്‍പാദന മേഖല മുരടിക്കുകയും ഉപഭോക്തൃ സംസ്ഥാനമായി മാറുകയും ചെയ്ത കേരളത്തില്‍ റോഡുകളുടെയും റെയിലിന്റെയും പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല.
ഗതാഗതരംഗത്തെ അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്തം കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്ക് തന്നെയാണ്. തൊഴില്‍ തേടി വിദേശത്ത് പോയവരുടെ സംഭാവന കൊണ്ട് കേരളം വലിയ തോതില്‍ മുഖം മിനുക്കിയിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളത്തിന്റെ പിന്നാക്കാവസ്ഥ ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടുന്നതാണ്. റെയില്‍ വികസനത്തിന്റെ കാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ്. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം രാജ്യത്ത് റോഡ് റെയില്‍ ഗതാഗതരംഗത്ത് വികസന വിപ്ലവമാണ് നടക്കുന്നത്. സംസ്ഥാനത്തെ ദേശീയപാതകള്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നത് ഇക്കാര്യത്തിന് തെളിവാണ്. റെയില്‍വേയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമാനമായ രീതിയില്‍ ഉദാരസമീപനം സ്വീകരിച്ചിട്ടും കേരളത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. അവസരത്തിനൊത്തുയരാന്‍ കേരള സര്‍ക്കാരിനാവുന്നില്ല.
കഴിഞ്ഞ ദിവസം കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയുണ്ടായി. വിവിധ റെയില്‍വേ പദ്ധതികള്‍ക്കായി കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ റെക്കോഡ് തുകയാണ് കേന്ദ്രം കേരളത്തിന് കൈമാറിയിട്ടുള്ളത്. എന്നാല്‍ ഈ പണം കൈപ്പറ്റിയിട്ടും റെയില്‍വേ ആവശ്യപ്പെട്ട വികസന പദ്ധതികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ കേരളത്തിനായിട്ടില്ല. കേരളത്തില്‍ പുതിയ റെയില്‍ പാതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടെങ്കിലുമായിട്ടുണ്ട്. അങ്കമാലി-ശബരി പാതയാണ് അതില്‍ പ്രധാനം. പുതിയ റെയില്‍പാതകള്‍ വരണമെങ്കില്‍ പ്രാഥമികമായി വേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് കൊടുക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഉദാസീനത പുലര്‍ത്തുന്ന സര്‍ക്കാര്‍ കേരളത്തിന്റേതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ടുകള്‍ നല്‍കിയിട്ടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ആവശ്യമായ ഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന് മാസങ്ങള്‍ക്ക് മുന്‍പ് അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ കത്തിലും ഇതുതന്നെയാണ് അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും സമാനമായ ആശയം പങ്കുവെച്ചിരുന്നു. ഇന്ത്യയില്‍ റോഡ് വികസനത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിലാണെന്നും ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്നും ഗഡ്കരി പറയുകയുണ്ടായി. ട്രെയിന്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ പുതിയ പാതകള്‍ വരാതെ ഇനി കേരളത്തിന് മുന്നോട്ടുപോകാനാവില്ല എന്നതാണ് സ്ഥിതി. അങ്കമാലി-ശബരി റെയില്‍ പാതയും ഗുരുവായൂര്‍-തിരൂര്‍ പാതയും നിലമ്പൂര്‍-നഞ്ചന്‍കോട് പാതയും തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലും യാഥാര്‍ത്ഥ്യമായാല്‍ കേരളത്തില്‍ റെയില്‍വേ വികസനരംഗത്ത് വലിയ കുതിപ്പുണ്ടാകും. അങ്കമാലി-ശബരി പാതയ്ക്ക് 416 ഹെക്ടര്‍ ഭൂമിയാണ് ആകെ വേണ്ടത്. കാല്‍നൂറ്റാണ്ടെങ്കിലുമായി ഈ പാതയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കല്‍ തുടങ്ങിയിട്ട്. ഇതുവരെ ഏറ്റെടുക്കാനായത് 26 ഹെക്ടര്‍ മാത്രം. 416 ഹെക്ടര്‍ ഏറ്റെടുക്കാനായി 282 കോടി രൂപ കേന്ദ്രം കൈമാറിയിരുന്നു.
എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ചരക്കുനീക്കം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതുമായ പാതയാണ് അങ്കമാലി-ശബരി പാത. കേരളത്തിന്റെ വികസനത്തില്‍ ഒരു നാഴികക്കല്ലാകാന്‍ ഈ പാതയ്ക്ക് കഴിയും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവം ഈ പദ്ധതിക്ക് നല്‍കുന്നില്ല. തൃശ്ശൂര്‍- ഗുരുവായൂര്‍ റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കലും ഗുരുവായൂരില്‍ നിന്ന് തിരൂരിലേക്ക് പാത നീട്ടലും ഏറെക്കാലമായി ചര്‍ച്ച ചെയ്യുന്ന ആശയമാണ്. മെട്രോമാന്‍ ഇ.ശ്രീധരന്‍ വിശദമായ പദ്ധതി രേഖയും തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ മലബാറിലെ യാത്ര ക്ലേശം പകുതിയിലേറെ കുറയും. നിലവില്‍ തൃശ്ശൂരില്‍ നിന്ന് ഷൊര്‍ണൂര്‍ വഴിയാണ് മലബാറിലേക്ക് ട്രെയിനുകള്‍ പോകുന്നത്. ഈ ചുറ്റിവളഞ്ഞുള്ള യാത്ര ഒഴിവാക്കാനാകും. ഒരു മണിക്കൂറെങ്കിലും ലാഭിക്കാനുമാകും. അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരിന്റെ വികസനത്തിനും ഈ പദ്ധതി പ്രയോജനം ചെയ്യും.
പക്ഷേ ഭൂമി ഏറ്റെടുക്കല്‍ എന്ന കടമ്പ മറികടക്കാന്‍ സംസ്ഥാനത്തിനാവുന്നില്ല. തിരുവനന്തപുരം കന്യാകുമാരി പാതയ്ക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 32 ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ബാക്കി ഏറ്റെടുക്കാത്തത് മൂലം പണി തുടങ്ങാനാകുന്നില്ല. 1312 കോടി രൂപ റെയില്‍വേ ഇതിനായി അനുവദിച്ചു. ഇക്കഴിഞ്ഞ ബജറ്റില്‍ കേരളത്തിന് അനുവദിച്ച 2011 കോടി രൂപ റെയില്‍വേക്കായി ബജറ്റില്‍ ലഭിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന തുകയാണ്. ഇതിനുപുറമെയാണ് സ്ഥലം ഏറ്റെടുക്കാന്‍ 2100 കോടി രൂപ മോദി സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. ആകെ ഈ പദ്ധതികള്‍ക്കായി ഏറ്റെടുക്കേണ്ട 470 ഹെക്ടര്‍ ഭൂമിയില്‍ 64 ഹെക്ടര്‍ മാത്രമാണ് ഇതുവരെ സംസ്ഥാനം ഏറ്റെടുത്ത് കൈമാറിയിട്ടുള്ളത്.
പണം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതുമൂലം പദ്ധതി തുടങ്ങാനാകാത്ത അവസ്ഥയിലാണ് റെയില്‍വേ. ഇത്രയും വലിയ തുക കൈമാറിയിട്ടും ഒരു നേട്ടവും ഉണ്ടാകുന്നില്ല എന്ന ദുഃഖകരമായ സത്യം വെളിപ്പെടുത്തുന്നതാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മുഖ്യമന്ത്രിക്കുള്ള കത്ത്. എത്രയും പെട്ടെന്ന് സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ ഈ പദ്ധതികളെല്ലാം ഈ കേന്ദ്ര സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നതാണ് വസ്തുത. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള തുക എത്രയും പെട്ടെന്ന് അനുവദിക്കാമെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ മാത്രമല്ല ഈ നിഷേധാത്മക നിലപാട്. സംസ്ഥാനത്ത് റെയില്‍വേ വികസനത്തിനായി സമര്‍പ്പിക്കപ്പെട്ട നിരവധി പദ്ധതികളും സര്‍ക്കാര്‍ തിരസ്‌കരിക്കുകയായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് സബര്‍ബന്‍ റെയില്‍വേ എന്നത്. തിരുവനന്തപുരം -ചെങ്ങന്നൂര്‍, എറണാകുളം -തൃശൂര്‍, ഷോര്‍ണൂര്‍- കോഴിക്കോട് ലൈനുകളില്‍ സബര്‍ബന്‍ റെയില്‍ ആരംഭിച്ചാല്‍ അത് സംസ്ഥാനത്തിന്റെ യാത്രാപ്രയാസത്തിന് വലിയ പരിഹാരമാകും.
ആവശ്യമെങ്കില്‍ മൂന്നാമതൊരു ട്രാക്ക് കൂടി ഇതിനായി നിര്‍മ്മിക്കണം. അതിനും ഭൂമി കണ്ടെത്തേണ്ടിവരും. പലയിടത്തും നിലവിലുള്ള ട്രാക്കിന് സമീപത്തു തന്നെ റെയില്‍വേയുടെ ഭൂമിയുണ്ട്. ബാക്കി ഭൂമി കണ്ടെത്തേണ്ട ഇടങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഭൂമി കണ്ടെത്തി കൈമാറുകയാണ് വേണ്ടത്. എന്നാല്‍ ഈ പദ്ധതി തുടക്കത്തിലെ നിരാകരിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. സില്‍വര്‍ ലൈന്‍ എന്ന പേരില്‍ അര്‍ത്ഥ അതിവേഗ പാത എന്ന ആശയത്തിന് വേണ്ടിയാണ് സബര്‍ബന്‍ റെയില്‍ പദ്ധതി ഇടതു സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇപ്പോഴത്തെ നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികമാണെന്ന് ഈ രംഗത്ത് വിദഗ്ധരായ എല്ലാവരും വ്യക്തമാക്കിയിട്ടുള്ളതാണ്. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പ്രോജക്ടുകള്‍ മറ്റൊരു നല്ല ആശയമാണ്. കൊച്ചി മെട്രോ കൊച്ചിനഗരത്തിന്റെ ഗതാഗത രംഗത്ത് വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സമാനമായി തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ എന്ന ആശയം നടപ്പിലായാല്‍ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
സംസ്ഥാനത്ത് പുതിയ പാതകള്‍ നിര്‍മ്മിക്കാന്‍ കഴിയാതിരിക്കുകയും ഓരോ വര്‍ഷവും പുതിയതായി ട്രെയിനുകള്‍ അനുവദിക്കുകയും ചെയ്യുന്നതു വഴി ട്രെയിനുകളുടെ വേഗത കുറയുന്നുണ്ട്. നിലവിലുള്ള പാതയില്‍ പരമാവധി ട്രെയിനുകളാണ് ഇപ്പോള്‍ ഓടുന്നത്. ഇനി സംസ്ഥാനത്ത് പുതുതായി ട്രെയിന്‍ അനുവദിക്കണമെങ്കില്‍ പുതിയ പാതകള്‍ വേണ്ടിവരും. ഇപ്പോള്‍ തന്നെ വന്ദേ ഭാരത്, രാജധാനി, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകള്‍ക്ക് വേണ്ടി മറ്റു വണ്ടികള്‍ പിടിച്ചിടുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കില്‍ പുതിയ പാതകള്‍ വേണം. നിലവില്‍ പരിഗണനയിലുള്ള പാതകള്‍ക്ക് പുറമേ ഇപ്പോഴുള്ള മംഗലാപുരം -തിരുവനന്തപുരം ലൈനിന് സമാന്തരമായി ഒരു ലൈന്‍ കൂടി നിര്‍മ്മിക്കുന്നത് ഗുണകരമായിരിക്കും. അതോടൊപ്പം സംസ്ഥാനത്ത് ഓട്ടോമാറ്റിക് സിഗ്‌നലിംഗ് സംവിധാനം കൂടി നടപ്പിലാക്കിയാല്‍ ട്രെയിന്‍ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഇക്കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് താല്‍പര്യപൂര്‍വ്വമുള്ള ഇടപെടലുകളാണ് ആവശ്യം. എന്നാല്‍ വികസനോന്മുഖമായ നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നു. അതാണ് നിതിന്‍ ഗഡ്കരിയും അശ്വിനി വൈഷ്ണവും പലകുറി ചൂണ്ടിക്കാണിച്ചത്.
സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളെല്ലാം നവീകരണത്തിന്റെ പാതയിലാണ്. 50 വര്‍ഷമെങ്കിലും മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പദ്ധതികളാണ് റെയില്‍വേ സ്റ്റേഷനുകളില്‍ കേന്ദ്രം നടപ്പാക്കി കൊണ്ടിരിക്കുന്നത്. സ്റ്റേഷനുകളുടെ വികസനവും സൗകര്യങ്ങളും പൂര്‍ണമായ അര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടണമെങ്കില്‍ പുതിയ പാതകള്‍ കൂടി ഉണ്ടാകേണ്ടതുണ്ട്. അതിന് പ്രാഥമികമായി ഭൂമി ഏറ്റെടുപ്പ് പൂര്‍ത്തിയാകണം.