കോഴിക്കോട്: ഭാരതത്തെ വിഭജിച്ച ശക്തികള്‍ ഇന്നും സജീവമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി . ബംഗ്ലാദേശ് മതന്യൂനപക്ഷ ഐക്യദാര്‍ഢ്യസമിതി സംഘടിപ്പിച്ച മുനഷ്യാവകാശ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ ഈ വിഭജന ശക്തികള്‍ മാധ്യമങ്ങളെ ഉള്‍പ്പെടെ സ്വാധീനിച്ചു. സേവ് ഗാസയെപ്പറ്റി പറയുന്നവര്‍ സേവ് ബംഗ്ലാദേശ് എന്നു പറയുന്നില്ല. വിഭജന ശക്തികളെ കണ്ടില്ലെന്നു നടിച്ചാല്‍ വിഭജനം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ശാക്തേയത്തിന്റെ നാടാണെന്നു പറഞ്ഞ കശ്മീരിലെ ജനങ്ങള്‍ ദല്‍ഹിയില്‍ അഭയാര്‍ത്ഥികളായി കഴിയേണ്ടി വന്നു. വിഭജനശക്തികള്‍ തന്നെ മനുഷ്യാവകാശത്തിനു വേണ്ടി കേഴും’; വിവിധ പേരുകളില്‍ ജമാഅത്തെ ഇസ്ലാമി ശക്തിപ്രാപിക്കുന്നതായും മതം സഹോദരനെ ഹിംസിക്കുന്ന മയക്കുമരുന്നാണെന്നും സ്വാമി പറഞ്ഞു.
എവിടെ മതേതരത്വം തകരുകയോ തളരുകയോ ചെയ്യുന്നുവോ അവിടെ മതതീവ്രവാദം രംഗം കീഴടക്കുമെന്നാണ് ബംഗ്ലാദേശ് നല്‍കുന്ന പാഠമെന്ന് എഴുത്തുകാരന്‍ ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു . മതത്തിന് ഒരു ജനതയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മതരാഷ്ട്രമായ പാക്കിസ്താന്‍ രൂപീകൃതമായി 25 വര്‍ഷത്തിനകം രണ്ടായി പിരിഞ്ഞ് ബംഗ്ലാദേശ് ഉണ്ടായി. ബംഗ്ലാദേശില്‍ മതേതരവാദിയായ മുജീബ് റഹ്‌മാന്റെ ഭരണത്തിൻ്റെ പതനത്തോടെ മതതീവ്രവാദികള്‍ രംഗം കീഴടക്കി. ഇറാനില്‍ ഷിയാകളും സുന്നികളും പോരടിച്ചു. തുര്‍ക്കിയില്‍ എര്‍ദോഗനും അഫ്ഗാനിസ്ഥാനില്‍ താലിബാനും ലിബറല്‍ മുസ്ലീംങ്ങളെ കൊന്നൊടുക്കി. ഇവിടെയെല്ലാം ഒരേ ജനതയെ തന്നെയാണ് കൊലചെയ്തത്. മതത്തിന് ഒര ജനതയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയില്ല എന്നതാണ് ഇത് കാണിക്കുന്നത്. ഇന്ത്യയിലും മതത്തിലെ ലിബറല്‍ ചിന്താഗതിക്കാര്‍ കൊലചെയ്യപ്പെട്ടതായും കേരളത്തില്‍ ചേകന്നൂര്‍ മൗലവിയെ കൊന്നത് മതതീവ്രവാദികളാണെന്നും അദ്ദേഹം പറഞ്ഞു. ഏതു മതത്തിലും ലിബറല്‍ ചിന്താഗതിക്കാരാണ് കൊലചെയ്യപ്പെടുന്നത്. ബംഗ്ലാദേശിലെ കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയമതമായ പൊളിറ്റിക്കല്‍ ഇസ്ലാമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ച് സംസാരിക്കണം. ഹിന്ദുവും മുസ്ലീമും സാംസ്‌കാരിക സഹോദരന്‍മാരാണെന്ന കാഴ്ചപ്പാട് മനസ്സില്‍ സൂക്ഷിക്കണമെന്നും ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
വികസിതഭാരതത്തെ തകര്‍ക്കാന്‍ ഭാരതത്തിന്റെ സഹായം പറ്റി വികസിച്ച ബംഗ്ലാദേശിനെ ഉപകരണമാക്കുകയാണെന്നും അമേരിക്കയും ചൈനയും ആഗോള ഇസ്ലാമിസ്റ്റും ചേര്‍ന്ന ഗൂഡാലോചയാണ് ഇതിന്റെ പിന്നിലെന്നും വിഷയം അവതരിപ്പിച്ച കേന്ദ്രസര്‍വ്വകലാശല മുന്‍ പിവിസി ഡോ. കെ.ജയപ്രസാദ് പറഞ്ഞു. വിഘടനവാദികളുടെ താവളമായ ബംഗ്ലാദേശ് കഴിഞ്ഞ 10 വര്‍ഷമായി ഇവര്‍ക്ക് അഭയം നല്‍കുന്നില്ല.
ബംഗ്ലാദേശിലെ പ്രശ്‌നത്തിനു നയന്ത്രത കൊണ്ടുമാത്രം പരിഹാരം കാണാനാവല്ല. ആഗോളതലത്തില്‍ പ്രതിഷേധമുയരണമെന്നും ഇസ്രായേല്‍ ഹിസ്ബുള്‍ മുജീഹിദിനെ കൈകാര്യം ചെയ്തതുപോലെ ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയെ ഭാരതം കാണണമെന്നും അദ്ദേഹം പറഞ്ഞു.
വേട്ടക്കാരന്‍ ഏത്പക്ഷക്കാരനാണെന്ന് ഉറപ്പിച്ചശേഷം മാത്രം ഇരയുടെ പക്ഷത്ത് നില്‍ക്കണോ വേണ്ടയോ എന്ന് ചിന്തിക്കുന്നവരാണ് ഇവിടത്തെ രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരുമെന്ന് എ.പി. അഹമ്മദും ബംഗ്ലാദേശിലെ മനുഷ്യഹത്യയ്‌ക്കെതിരെ മൗനം വെടിയണമെന്ന് അഡ്വ.എം.സ് സജിയും പറഞ്ഞു. ടി. അനൂപ് അധ്യക്ഷനായി. അഡ്വ. അരുണ്‍ ജോഷി, പി.ടി .ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു.