മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും ഇടത് സാംസ്‌കാരിക ചേരിയുടെ തലതൊട്ടപ്പനുമായ എം.എ. ബേബിക്ക് സമാനനായ ഒരാളുണ്ട് തമിഴ്‌നാട്ടില്‍. മദ്രാസ് മ്യൂസിക് അക്കാദമി ചെയര്‍മാന്‍ എന്‍. മുരളി . ഇംഗ്ലീഷ് ദേശാഭിമാനിയായ ‘ദി ഹിന്ദു’വിന്റെ പത്രാധിപര്‍ എന്‍. റാമിന്റെ സഹോദരന്‍. ബേബി സാംസ്‌കാരിക വകുപ്പ് മന്ത്രിയായപ്പോള്‍ രാജാ രവിവര്‍മ്മ പുരസ്‌കാരത്തിന് ഭാരതമാതാവിനെ നഗ്‌നയാക്കി വരച്ച് വിവാദപുരുഷനായ എം.എഫ്. ഹുസൈനെ പ്രഖ്യാപിച്ചപോലെ മുരളി എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത് ത്യാഗരാജസ്വാമികളെയും എം.എസ്. സുബ്ബലക്ഷ്മിയേയുമൊക്കെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടെടുത്ത ടി.എം. കൃഷ്ണയെയാണ്. എം.എസ്. ഹുസൈന്‍ ഭാരതമാതാവിനെ അധിക്ഷേപിക്കുന്നതിന് കലാപരമായ കഴിവ് ഉപയോഗിച്ചതാണ് ബേബി കണ്ട യോഗ്യത. അതിന് നല്‍കാന്‍ തീരുമാനിച്ച പുരസ്‌കാരമോ ഭാരതമാതാവിനെ ദേവീഭാവത്തില്‍ വരച്ച രാജാരവിവര്‍മ്മയുടെ പേരിലുള്ളതും. മുരളി ഇതു തന്നെ കോപ്പിയടിച്ചു. കര്‍ണ്ണാടക സംഗീതം സവര്‍ണരുടെ സംഗീതമാണെന്നു സിദ്ധാന്തിച്ച ടി.എം. കൃഷ്ണക്ക് ഭക്തിനിര്‍ഭരമായ കര്‍ണ്ണാടക സംഗീതാലാപനം വഴി ലോകത്തെ അതിശയിപ്പിച്ച എം.എസ്. സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്‌കാരം പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്.
ഈ പുരസ്‌കാര പ്രഖ്യാപനത്തിനെതിരെ കര്‍ണ്ണാടക സംഗീതത്തിലെ പ്രമുഖര്‍ ശക്തമായി പ്രതികരിക്കുകയും തീരുമാനം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബേബിയെപ്പോലെ മുരളിയും അധികാരത്തിന്റെ ഹുങ്കു കാട്ടി നിലപാടില്‍ ഉറച്ചു നിന്നു. സുബ്ബലക്ഷ്മിയുടെ മകന്‍ ശ്രീനിവാസന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പുരസ്‌കാരദാനത്തിന് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. തന്റെ കാലശേഷം തന്റെ പേരില്‍ ഒരു പുരസ്‌കാരവും നല്‍കരുതെന്ന് സുബ്ബലക്ഷ്മി എഴുതിയ വില്‍പത്രവും ഹാജരാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പുരസ്‌കാരദാനം ജഡ്ജി ജി.ജയചന്ദ്രന്‍ തടഞ്ഞു. അസുര വര്‍ഗ്ഗക്കാര്‍ സാംസ്‌കാരിക വകുപ്പുകളുടെ തലപ്പത്തിരുന്നാല്‍ ജനം എന്തൊക്കെ അനുഭവിക്കേണ്ടി വരും എന്നതിനുള്ള ഒരു സാമ്പിള്‍ മാത്രമാണിവ.