ന്യൂദല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രം. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ഭാരതത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ മന്ത്രി ആശങ്ക അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ബംഗ്ലാദേശിലെ എല്ലാ പൗരന്മാരുടെയും ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനാണ്. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ ന്യൂനപക്ഷങ്ങളുടെയും ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഭാരതസര്‍ക്കാര്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശിലെ പുതിയ സംഭവവികാസങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി സ്ഥിതിഗതികള്‍ വിവരിച്ചു. ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഭാരതം ശക്തമായ ഇടപെടലിലേക്ക് കടക്കാനാണ് സാധ്യത. സ്ഥാനഭ്രഷ്ടയായ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസിന്‍റെ സര്‍ക്കാരിനെതിരെ നിശിതമായ വിമര്‍ശനമാണ് നടത്തിയത്. ഭരണഘടനാവിരുദ്ധമായി അധികാരത്തിലെത്തിയ മുഹമ്മദ് യൂനുസ് രാജ്യത്തെ ന്യൂനപക്ഷസമൂഹത്തിനെതിരായ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഹസീന കുറ്റപ്പെടുത്തി.