‘ചെന്നിരിക്കാന്‍ പൂമിയില്ല
പറന്നു പറ്റാന്‍ മരങ്ങളില്ല
പൂമിയമ്മേ പൂമിയമ്മേ
നല്ലവാതില്‍ തുറക്കവേണം’
കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു പാക്കനാര്‍ പാട്ടാണ്. മണ്ണില്ലാത്ത, ജീവനില്ലാത്ത ഒരു വിദൂര ഭൂതകാലത്തെ ഞെട്ടലോടെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം മണ്ണും മരവും ജലവും കുന്നും നദിയും വയലും ഇല്ലാത്ത വിരസമായ ഊഷരഭൂമിയില്‍ ജീവന്‍ സാധ്യമല്ലെന്നു കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നമ്മുടെ അറിവില്‍ ജീവനുള്ള ഒരേയൊരു ഹരിത ഗ്രഹം ഈ ഭൂമി മാത്രമാണ്. ദുരമൂത്ത മനുഷ്യന്റെ ആത്യാര്‍ത്തിമൂലം ഭൂമി ഇന്ന് വാസയോഗ്യമല്ലാതായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഉപഭോഗസംസ്‌കാരത്തില്‍ ആടിയുലഞ്ഞ കേരള കാര്‍ഷികരംഗത്തെ ഉണര്‍വിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂട്ടായശ്രമം നമുക്കിന്ന് അനിവാര്യമാണ്. ഒറ്റപ്പെട്ട ചില തുരുത്തുകള്‍ ആശ്വാസമേകുന്നുണ്ടെങ്കിലും കേരളത്തിലെ 80% ഭൂമികളും തരിശായി കിടക്കുകയാണ്. കാര്‍ഷിക ഉത്പ്പാദനചിലവ് ക്രമാതീതമായി വളര്‍ന്നത് ഒരു പ്രധാനകാരണമായി കര്‍ഷകര്‍ ചൂണ്ടി ക്കാണിക്കുന്നു. രണ്ടാമതായി കൃഷികളുടെ രോഗപ്രതിരോധശേഷിക്കുറവ്, കാലാവസ്ഥാ വ്യതിയാനം, ഫലഭൂയിഷ്ഠമായ മേല്‍മണ്ണിന്റെ അപര്യാപ്തത, ന്യായവില ലഭിക്കാത്ത അവസ്ഥ, കൃഷിയിടങ്ങളിലെ ഏകോപനമില്ലായ്മ, വന്യജീവികളുടെ ആക്രമം, അമിതമായ രാസവള പ്രയോഗം, യഥാര്‍ത്ഥ ജൈവവളങ്ങളുടെ ലഭ്യതക്കുറവ് തുടങ്ങി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ പഠിക്കാനോ പരിഹാരം നിര്‍ദ്ദേശിക്കാനോ കാര്‍ഷികരംഗത്തെ ഇന്നത്തെ വിദഗ്ധര്‍ക്ക് പോലും കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
കാര്‍ഷികപഠനവും കൃഷിവികസനഓഫീസും കൃഷിഭവനും ശീതീകരിച്ച മുറിയിലെ ഓഫീസ് പ്രവര്‍ത്തനം മാത്രമാകുമ്പോള്‍ മണ്ണിനെ സ്‌നേഹിച്ച, മണ്ണിനെ തൊട്ടറിഞ്ഞ, മണ്ണിന്റെ ഗന്ധമുള്ള യഥാര്‍ത്ഥ കര്‍ഷകന്റെ പഴമയുടെ നാട്ടറിവുകള്‍ നമുക്ക് അന്യംനിന്ന് പോകുന്നു. ഉത്പ്പാദനചെലവ് സാധാരണ കര്‍ഷകന് താങ്ങാവുന്നതില്‍ അപ്പുറമാണ്. ഒരേക്കര്‍ പുരയിടം കൃഷിയോഗ്യമാക്കാന്‍ ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നു. ദിവസക്കൂലി എണ്ണൂറും എണ്ണൂറ്റി അന്‍പതും ആയി. പലസ്ഥലങ്ങളിലും പലസമയരീതിയാണ് ഉള്ളത്. ചില സ്ഥലങ്ങളില്‍ ഉച്ചവരെ മാത്രമാണ് പണി സമയം. സാധാരണരീതിയില്‍ 9 മുതല്‍ 4.30 വരെ പണിയെടുക്കുന്ന ഒരാള്‍ അഞ്ച് സെന്റ് സ്ഥലം പോലും കൃഷിയോഗ്യമാക്കുന്നില്ല. തനത് കൃഷിരീതികള്‍ പിന്‍തുടരുന്ന തദ്ദേശവാസികളെ കാര്‍ഷിക ജോലിക്ക് ലഭിക്കുന്നില്ല എന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവര്‍ അനുവര്‍ത്തിച്ച് വന്ന കൃഷി സമ്പ്രദായങ്ങള്‍ മണ്ണിനും മനുഷ്യനും ഉപയോഗപ്രദമായിരുന്നു. നേന്ത്രവാഴയും (ഏത്തവാഴ) ചേനയും മറ്റും നടുന്നതിന് മുമ്പ് ചാണക മിശ്രിതത്തിലും മറ്റും മുക്കി ഉണക്കി നട്ടിരുന്നു. കൃഷി കീടങ്ങളേയും പിണ്ടിപ്പുഴുവിനേയും അത് നിയന്ത്രിച്ചിരുന്നു. ഇഞ്ചിയും ചീനിയും കാച്ചിലും കിഴങ്ങുവര്‍ഗ്ഗങ്ങളും കേരളത്തിലെ ഇന്നത്തെ കര്‍ഷകന് നാട്ടറിവ് മാത്രമായി.
പച്ചക്കറിയുടെ രോഗപ്രതിരോധശേഷിക്കുറവ് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. മനുഷ്യന്റെ ആഹാരരീതിയിലും ജീവിതരീതിയിലും വരുത്തിയ മാറ്റങ്ങള്‍ അവന്റെ ആരോഗ്യത്തെ നശിപ്പിച്ച് ജീവിതശൈലിരോഗത്തിനും സാംക്രമിക രോഗത്തിനും അടിമയാക്കിയതുപോലെ നമ്മുടെ മണ്ണും മലീമസമാക്കിക്കഴിഞ്ഞു. ചീനി, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗകൃഷികള്‍ നാമമാത്രമായി. തെങ്ങ് വംശനാശം വന്നുകഴിഞ്ഞു. തെങ്ങ് ഗവേഷണവും, നാളികേര ബോര്‍ഡും, അനുബന്ധ പ്രസ്ഥാനങ്ങളും മാസന്തോറും ശീതീകരിച്ച മുറിയില്‍ ഇരുന്ന് ലക്ഷങ്ങള്‍ മുടക്കി സര്‍വ്വരോഗ സംഹാരിക്കായി ഗവേഷണ പരമ്പര നടത്തിയിട്ട് ചെറിയ ചെല്ലിയെ പിടിക്കാനോ, നശിപ്പിക്കാനോയുള്ള വിദ്യപോലും വര്‍ഷങ്ങളായി കണ്ടെത്താനായിട്ടില്ല. അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിന തെങ്ങുകള്‍ ഇന്നും പേപ്പറിലല്ലാതെ കര്‍ഷകന്റെ പുരയിടത്തില്‍ എത്തിയിട്ടില്ല. മത്തന്‍, വെള്ളരി, കുമ്പളങ്ങ എന്നിവ നടാതെയും പരിപാലിക്കാതെയും തൊടിയില്‍ തന്നെ വളര്‍ന്ന് ആവിശ്യത്തിലധികം ഫലം നമുക്ക് തന്നിരുന്നു. ഇന്ന് അവ നട്ട് പരിപാലിച്ചാല്‍ നന്നായി വളരാന്‍ തന്നെ ബുദ്ധിമുട്ടാണ്. അഥവാ വളര്‍ന്നാല്‍ തന്നെ കായ്ഫലം നാമമാത്രമായി ചുരുങ്ങി. നാട്ടിന്‍പുറത്തെ പുരയിടങ്ങളില്‍ സുലഭമായിക്കൊണ്ടിരുന്ന, പാണല്‍, ചെറിയ പെരുമരം, തുമ്പ, കാക്കത്തണ്ട് (കുട്ടികള്‍ സ്ലേറ്റ് തുടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു), അനച്ചകം തുടങ്ങി നിരവധി സസ്യജാലങ്ങള്‍ക്ക് വംശനാശം സംഭവിച്ചു കഴിഞ്ഞു. മണ്ണിരയും കുഴിയാനയും തീരെ ചെറിയ തുമ്പികളും ഇന്നത്തെ കുട്ടികള്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ലോകം കൈക്കുമ്പിളിലേക്ക് ഒതുങ്ങിയപ്പോള്‍ വിശാലമായ കൃഷിയിടങ്ങള്‍ തരിശായി ഇട്ട് വീടിന്റെ നാല് അതിരിലും, പുരപ്പുറത്തും, പുതിയൊരു കാര്‍ഷിക സമ്പ്രദായവും, സംസ്‌ക്കാരവും ഉടലെടുത്തു. പുതുതലമുറയ്ക്ക് കൃഷി എന്നാല്‍ മട്ടുപ്പാവ് കൃഷി എന്നായി അറിവ്. കാലാവസ്ഥയ്ക്ക് അനുസൃതമായി മണ്ണ് അറിഞ്ഞ് മണ്ണിനെ സ്‌നേഹിച്ച് കൃഷി ഇറക്കുന്ന രീതി അന്യം നിന്നു. കാര്‍ഷിക സംസ്‌കൃതിയെ നാം മറന്നു. ഓണവും വിഷുവും നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ വിളംബരമായിരുന്നു. ഞാറ്റുവേല കൃഷി സമ്പ്രദായങ്ങളും നാം പാടെ മറന്നു. സൂര്യന്റെ ഭ്രമണപഥമനുസരിച്ച് ഓരോ ജന്മനക്ഷത്രത്തിന്റെയും അരികിലൂടെ 131/2 ദിവസം സൂര്യന്‍ സഞ്ചരിക്കുമെന്നാണ് കണക്ക്. ഈ കാലയളവ് ആ നക്ഷത്രത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഞാറ്റുവേലക്കാലമാണ്. ഈ ഞാറ്റുവേലക്കനുസരിച്ച് നമ്മുടെ പൂര്‍വ്വികര്‍ കൃഷി രീതികള്‍ ക്രമീകരിച്ചിരുന്നു. രോഹിണി ഞാറ്റുവേല പയര്‍വര്‍ഗ്ഗങ്ങളില്‍പ്പെട്ട കൃഷിക്കും, കുരുമുളക് കൊടിക്ക് തിരുവാതിര ഞാറ്റുവേലയും അത്തം ഞാറ്റുവേല, വാഴ കൃഷിക്കും ഉത്തമമെന്ന് പൂര്‍വ്വികമതം. കുംഭമാസത്തിലെ വെളുത്തവാവ് ദിവസം സന്ധ്യയ്ക്ക് ചേന നടണമെന്ന് നാടന്‍പ്രമാണമാണ്. കുംഭപ്പറകുടം പോലെ എന്നൊരു നാടന്‍ ചൊല്ലുണ്ടല്ലോ. ഇതിനെയൊക്കെ തകിടം മറിച്ചു കൊണ്ട് നമ്മെ നാം അല്ലാതാക്കുന്ന സാംസ്‌ക്കാരികമായ നുഴഞ്ഞു കയറ്റം എഴുത്തിലും, വായനയിലും, ചിന്തയിലും മാത്രമല്ല തനത് കൃഷിയിടങ്ങളിലും വന്നു ചേര്‍ന്നിരിക്കുന്നു. വിത്തും കൈക്കോട്ടും വലിച്ചെറിഞ്ഞ നമ്മള്‍ കാലത്തിന്റെ വറുതിയിലേക്ക് വിഷം നിറച്ച പച്ചക്കറികള്‍ ചേക്കേറുന്നത് നിശ്ശബ്ദരായി നിസ്സഹായരായി നോക്കി നില്‍ക്കുകയാണ്.
മേടകൃഷിയും മകരക്കൊയ്ത്തും കേട്ട് കേള്‍വിയായി. പുഞ്ചവയലും മുണ്ടകന്‍ കൃഷിയും ഇരിപ്പുവിളവും ഒരിപ്പുകൃഷിയും അറിയാവുന്ന കര്‍ഷകകൂട്ടം അന്യംനിന്നു. കഞ്ഞിക്ക് മാത്രമായി കൃഷി ചെയ്തിരുന്ന അറുപതാംപിള്ളയും, കളിക്കുറുവ ചേറാടി, തവളാത്തമുണ്ടന്‍, അരിയന്‍, തവളക്കണ്ണന്‍, കയമ ചെന്നെല്ല്, ഓലനാരന്‍, വെളിയന്‍, ചോവാല, കൊച്ചുവിത്ത് തുടങ്ങിയ നാടിന്റെ ഗന്ധമുണ്ടായിരുന്ന നെല്ലിനങ്ങള്‍ക്കും വംശനാശം വന്നിരിക്കുന്നു. ഏതാണ്ട് 73 ല്‍ പരം നെല്ലിനങ്ങള്‍ നമുക്കുണ്ടായിരുന്നതായി പഴയ തലമുറ ഓര്‍ത്തെടുക്കുന്നു. നമ്മുടെ സംസ്‌കൃതിയെ തൊട്ടുണര്‍ത്തിയിരുന്ന കൃഷിസമ്പ്രദായങ്ങള്‍ നമുക്ക് ആവശ്യവും ആഘോഷവും ആഹ്ലാദവും ആയിരുന്നു. ഇവിടെ മാത്രമല്ല ലോകമെമ്പാടുമുള്ള മനുഷ്യര്‍ അവരവര്‍ ജീവിക്കുന്ന മണ്ണില്‍ അതാതു കാലത്തുണ്ടാകുന്ന അല്ലെങ്കില്‍ നമ്മള്‍ വിളയിക്കുന്ന ആഹാരമാണ് മുഖ്യമായും ഭക്ഷിച്ചിരുന്നത്.
അതുകൊണ്ടുതന്നെ എല്ലാ മനുഷ്യസംസ്‌കാരത്തിനും മണ്ണ് പരിപാവനമായിരുന്നു. ആത്മാഭിമാനത്തിന്റെയും, ജീവിതചര്യയുടെയും ഭാഗമായ മാതൃഭാഷയെപ്പോലെ നമ്മുടെ സംസ്‌കാരവും സ്വത്വവും തായ്മണ്ണില്‍ ഇഴുകിച്ചേര്‍ന്നിരുന്നു. നമ്മുടെ വ്യക്തിത്വത്തെയും പാരമ്പര്യത്തെയും ജന്മാന്തരങ്ങളായി നാം മെനഞ്ഞെടുത്ത മണ്ണുമായുള്ള ആത്മബന്ധവുമെല്ലാം മണ്ണില്‍ വിളഞ്ഞവയുടെ രുചിയും മണവുമായി നന്നായി ഇഴുകിചേര്‍ന്നിരുന്നു.
ഉപഭോഗസംസ്‌കാരത്തിന് അടിമകളായി ഒരു തലമുറയെ വാര്‍ത്തെടുത്തപ്പോള്‍ അവര്‍ മണ്ണിനെ മാത്രമല്ല മാതാപിതാക്കളെപ്പോലും പടിതള്ളാന്‍ തയ്യാറായി എന്നത് വര്‍ത്തമാനകാലചരിത്രം. ഇന്നത്തെതലമുറയ്ക്ക് മണ്ണുമായുള്ള ആശ്രിതബന്ധം പാടെ അറ്റുപോകുന്ന കാഴ്ചയാണ് കാണുന്നത്. മഴവീണ മണ്ണിന്റെ ഗന്ധം പോലും അവര്‍ക്ക് അന്യമായി കഴിഞ്ഞു. കഴിക്കുന്ന ആഹാരം വിളയുന്ന മണ്ണിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല. അങ്ങനെ മണ്ണിനെ തൊട്ടറിയാതെ മനുഷ്യമനസ്സിന് മണ്ണുമായുള്ള സ്‌നേഹബന്ധമാണ് കൃഷി എന്നു പറയാം. നമ്മുടെ ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ്. സത്യത്തില്‍ മണ്ണ് തന്നെയാണ് നമ്മുടെ അന്നവും. മണ്ണിന്റെ അടരുകളിലോരോന്നിലും വര്‍ഷബിന്ദുക്കള്‍ കുടിനീരായി പെയ്തിറങ്ങുമ്പോള്‍ ഏറ്റുവാങ്ങി നമുക്ക് കുടിനീരാമൃതം ചുരത്തുന്ന മണ്ണ്. സര്‍വ്വചരാചരങ്ങളുടെയും ജീവിതസമൃദ്ധിയുടെ ഉറവിടം. അത്ഭുതങ്ങളുടെ കലവറ. മണ്ണിന്റെ ചൈതന്യം അറ്റുപോയാല്‍ മനുഷ്യന്റെ മാത്രമല്ല ജീവജാലങ്ങളുടെയും താളലയത്തെ ബാധിക്കും. വര്‍ഷമേഘങ്ങളുടെ ചലനാത്മകതയില്‍ കൃഷി ഇറക്കിയിരുന്ന നമുക്ക് മഹാമാരിയും, മഹാപ്രളയവും കൃഷിയിടങ്ങളിലെ താളംതെറ്റിച്ചു. നാം വര്‍ഷങ്ങള്‍ കൊണ്ട് വരുത്തിവെച്ച പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമുക്ക് തന്നെ വിനയായി. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍ ഒരു ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടിവരും.
ഭൂമിയുടെ പാരിസ്ഥിക സന്തുലനാവസ്ഥ നിലനില്‍ക്കാന്‍ നൈസര്‍ഗ്ഗിക ഭൂതലവും സാംസ്‌ക്കാരിക ഭൂതലവും തമ്മിലുള്ള അനുപാതം തെറ്റാന്‍ പാടില്ല. അതായത് മനുഷ്യന്റെ ആയാസങ്ങളും, കൃഷിഭൂമിയും നിലനില്‍ക്കണമെങ്കില്‍ നൈസര്‍ഗികമായ പ്രകൃതി വ്യവസ്ഥകളും, കാടും, ജലവും, മണ്ണും, കുന്നും, നദിയും, സംരക്ഷിച്ചേ തീരൂ. ആവാസവ്യവസ്ഥയിലേക്ക് തത്വദീക്ഷയില്ലാത്ത മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയുടെ സന്തുലനാവസ്ഥ മാത്രമല്ല ജീവന്റെ തുടിപ്പിനേയും വന്ധീകരിക്കും. പര്‍വ്വതഭൂമിയില്‍ 70% എങ്കിലും വനഭൂമിയായി നമുക്ക് സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സമതല പ്രദേശത്ത് 40% ഭൂമിയെങ്കിലും സ്വാഭാവിക സസ്യാവരണത്തോടെ സംരക്ഷിക്കണം. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ നിരക്കും, ദുരമൂത്ത മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണവും, ഭൂമിയുടെ ജീവന്‍ താങ്ങാവുന്നതിലും അപ്പുറം നാം ചൂഷണം ചെയ്തു കഴിഞ്ഞു. അതുമൂലം മണ്ണ് ജീവസ്സറ്റ് മരണമണിമുഴക്കി തുടങ്ങി. കീര്‍ത്തികെട്ട നമ്മുടെ മെസപ്പൊട്ടേമിയ, സിന്ധൂനദീതടം, മൊഹന്‍ഞ്ചദാരോ തുടങ്ങിയ സംസ്‌ക്കാരങ്ങളെല്ലാം അസ്തമിച്ചത് മണ്ണിന്റെ മരണത്തോടെയാണെന്ന് കാണാം. ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം ലോകത്ത് അരഭാഗം മണ്ണും മൂല്യശോഷണത്തിലാണ്. അമേരിക്കയില്‍ ഫലഭൂയിഷ്ഠമായ മേല്‍മണ്ണിന്റെ അഭാവം മൂലം കൃഷിഭൂമിക്ക് വിശ്രമം നല്‍കാന്‍ ഭൂമി തരിശിടുന്ന കര്‍ഷകര്‍ക്ക് സബ്‌സിഡിവരെ ഏര്‍പ്പെടുത്തി കഴിഞ്ഞു. പ്രകൃതിയുടെയും ജീവന്റെയും ആധാരമായ മണ്ണ് നിലനില്‍പ്പിനായി കേഴുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. പ്രളയാനന്തര കേരളത്തിന് താങ്ങും തണലുമായ ലക്ഷക്കണക്കിന് മനുഷ്യസ്‌നേഹികളുടെ ആത്മാര്‍ത്ഥമായ സഹായസഹകരണം പോലും അര്‍ഹതപ്പെട്ടവരില്‍ എത്താതിരിക്കുമ്പോള്‍ കാര്‍ഷിക കേരളത്തെ വീണ്ടെടുക്കാന്‍ ഒരു പുനര്‍വായന നമുക്ക് അനിവാര്യമാണ്.
കവി വചനം പോലെ :
”ഏത് ധൂസരസങ്കല്‍പ്പങ്ങളില്‍
വളര്‍ന്നാലും
ഏത് യന്ത്രവല്കൃതലോകത്ത്
പുലര്‍ന്നാലും,
മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍
വെളിച്ചവും
മണവും, മമതയും, ഇത്തിരി കൊന്നപ്പൂവും”
-വൈലോപ്പിള്ളി