കൊച്ചിയുടെ വടക്കേ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മുനമ്പം. ഇവിടെ 614 കുടുംബങ്ങളിലായി നാലായിരത്തിലധികം മനുഷ്യര്‍ അധിവസിക്കുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ലത്തീന്‍ കത്തോലിക്ക വിഭാഗത്തിലെ മത്സ്യത്തൊഴിലാളികളാണ്. പള്ളിയും അമ്പലവും റിസോട്ടുകളും ഹോംസ്റ്റേകളും ഉള്‍ച്ചേര്‍ന്നതാണ് ഈ തീരദേശഗ്രാമം. 1902 ല്‍ തിരുവിതാംകൂര്‍ രാജാവായിരുന്ന മൂലംതിരുനാള്‍ രാമവര്‍മ്മ, ഗുജറാത്തുകാരനായ അബ്ദുല്‍ സത്താര്‍ മൂസാ ഹാജിക്ക് കൃഷിക്കായി 414 ഏക്കര്‍ സ്ഥലം പാട്ടത്തിനു നല്‍കുന്നു. മൂസാഹാജിയുടെ അനന്തരവകാശിയായ സിദ്ദിഖ് സേട്ടിന് ഈ ഭൂമിയുടെ അവകാശം കിട്ടുന്നു. സിദ്ദിഖ് സേട്ട് 1950 നവംബര്‍ ഒന്നിന് കോഴിക്കോട്ടുള്ള ഫാറൂഖ് കോളേജിന്റെ ആവശ്യങ്ങള്‍ക്കായി ഗിഫ്റ്റ് ഡീഡ് ചെയ്യുന്നു.
കാലാന്തരത്തില്‍ 280 ഏക്കര്‍ ഭൂമി കടലെടുത്തുപോയി. ശേഷിച്ച 134 ഏക്കറിന്റെ സിംഹഭാഗത്തും കുടികിടപ്പുകാരുമായി. ഈ ഭൂമിയുടെ അവകാശത്തിനായി കുടികിടപ്പുകാരും ഫാറൂഖ് കോളേജുമായി വ്യവഹാരമുണ്ടായി. 1950 നവംബര്‍ ഒന്നിന് ഫാറൂഖ് കോളേജിനു സിദ്ദിഖ് സേട്ട് നല്‍കിയ ഭൂമി ഫാറൂഖ് കോളേജിന്റെ മാത്രം സ്വത്താണെന്ന് 1975 സെപ്തംബര്‍ 30 ന് കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് (AS 600/71) അസന്ദിഗ്ധമായി വിധിച്ചു.
പിന്നീട്, ഫാറൂഖ് കോളേജ് അധികൃതര്‍ കുടികിടപ്പുകാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയുണ്ടായി. ഈ ഭൂമി കുടികിടപ്പുകാര്‍ക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. വാങ്ങാനായി കുടികിടപ്പുകാരും തയ്യാറായി. അതിന്‍പ്രകാരം ഫാറൂഖ് കോളേജിന്റെ ഗവേണിംഗ് ബോഡി ഈ ഭൂമി മുഴുവനും വില്‍ക്കാനായി തീരുമാനമെടുത്തു. കോളേജിന്റെ മാനേജിംഗ് കൗണ്‍സില്‍ സെക്രട്ടറി ഹസന്‍കുട്ടിയെ വില്പനയുടെ പൂര്‍ണ്ണചുമതല കോളേജ് മാനേജിംഗ് ബോഡി അധികാരപ്പെടുത്തുന്നു. മുഴുവന്‍ കുടികിടപ്പുകാര്‍ക്കും അല്ലാത്തവര്‍ക്കുമായി 1983 മുതല്‍ 1993 വരെ 278 ആധാരങ്ങളിലൂടെ നിലവിലുണ്ടായിരുന്ന ഭൂമിമുഴുവന്‍ ഹസന്‍കുട്ടി ഒപ്പിട്ട് വിലയാധാരം നടത്തുന്നു. ഭൂമിവാങ്ങിയ മുഴുവന്‍ പേരും അവരവരുടെ ഭൂമിക്ക് പോക്കുവരവ് നടത്തി കരമടച്ചു വരികയായിരുന്നു. ഈ കാലത്തിനിടയില്‍ ഈ വസ്തു ഉടമകള്‍ വിറ്റതും അനന്തരാവകാശികള്‍ക്ക് കൈമാറിയതുമായ ആയിരത്തിലധികം രജിസ്‌ട്രേഷനുകള്‍ ഈ ഭൂമിക്കുമേല്‍ നടന്നിട്ടുള്ളതായാണ് കണക്ക്.
അങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ്, ഈ ഭൂമി വഖഫ് ചെയ്തിരിക്കുന്നതായി കാണിച്ച് 2019 ല്‍ റവന്യു വകുപ്പിന് വഖഫ് ബോര്‍ഡ് കത്ത് നല്‍കുന്നത്. ഇതിനെതിരെ വസ്തു ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ കേസില്‍ നിലവിലുള്ള പോക്കുവരവ് പ്രകാരം കരം അടച്ചുകൊടുക്കാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. വഖഫ് നിയമപ്രകാരം ഈ ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് ‘കേരള വഖഫ് സംരക്ഷണസമിതി’ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഡിവിഷന്‍ ബഞ്ച് 1995 ലെ വഖഫ് ഭേദഗതി നിയമം ചൂണ്ടിക്കാണിച്ചുകൊണ്ട് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമാവകാശം വഖഫ് ബോര്‍ഡിന്റേതാണെന്ന് ചൂണ്ടിക്കാണിച്ച് 2022 ല്‍ അവര്‍ റവന്യു വകുപ്പിന് കത്ത് നല്‍കി. അതുമുതല്‍ ഇവിടത്തെ ഭൂമിക്ക് വസ്തു ഉടമകള്‍ക്ക് കരം അടയ്ക്കാനാവുന്നില്ല. ഭൂമി പണയപ്പെടുത്തിയുള്ള വായ്പകളും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. പുതിയ വീടുവയ്ക്കാന്‍ അനുമതി ലഭിക്കുന്നില്ല. വിദ്യാഭ്യാസം, വിവാഹങ്ങള്‍ പോലുള്ള ആവശ്യങ്ങള്‍ക്കായി ഭൂമിയുടെ ഈടിന്മേല്‍ വായ്പ കണ്ടെത്താനാവാതെ ഇവര്‍ നട്ടം തിരിയുന്നു.
പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വഖഫ് ബോര്‍ഡിന്റെ കിരാത ഇടപെടലിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടുമോ എന്ന കടുത്ത ആശങ്കയിലേക്ക് ഇവര്‍ വഴുതിവീണിരിക്കുന്നതിനിടയിലാണ്, വഖഫ് നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ മുനമ്പത്തുകാരെ രക്ഷിക്കേണ്ടതില്ലല്ലെന്ന ലക്ഷ്യത്തോടെ വഖഫ് നിയമഭേദഗതിക്ക് എതിരെ ഇടതു-വലതു മുന്നണികള്‍ തോളില്‍ കൈയ്യിട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. 1995ലെ വഖഫ് നിയമ ഭേദഗതിയുടെ ബലത്തില്‍ വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ അവകാശം പിടിച്ചെടുത്ത് വഖഫ് ബോര്‍ഡിന് കൊടുക്കാനായാണ് ഇരുമുന്നണികളും കൈകോര്‍ത്തു പ്രമേയം പാസ്സാക്കിയത്. നിലവിലെ വഖഫ് നിയമം ഭേദഗതി വരുത്തിയാലേ മുനമ്പത്തുകാര്‍ക്ക് നീതി ലഭിക്കുകയുള്ളൂവെന്നറിയാത്തവരല്ല ഇരുമുന്നണികളും. ഇവരുടെ പ്രമേയത്തിന്റെ രത്‌നച്ചുരുക്കം വഖഫ് ബോര്‍ഡിന്റെ അധികാരത്തില്‍ തൊടരുതെന്നാണ്. ഇനി വഖഫ് ഭേദഗതി വന്നാല്‍ വകുപ്പില്‍ ഇന്ന് നിലനില്‍ക്കുന്ന നിഷ്ഠൂര നിയമങ്ങള്‍ ദുര്‍ബലപ്പെട്ടു പോകുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്, ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയാണ് നിയമസഭ പ്രമേയം പാസ്സാക്കിയതെന്നാണ്. വഖഫ് ബോര്‍ഡ് നിമയം ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരായ ലജ്ജാകരമായ നിയമങ്ങള്‍ ഉള്‍ക്കൊണ്ടതാണെന്ന് ഇവര്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഈ സത്യം കണ്ടാല്‍ മുസ്ലീം വോട്ടുകള്‍ ചോര്‍ന്നുപോകുമെന്ന ഭയമാണ് ഇവരെ ഭരിക്കുന്നത്. മറ്റു മതങ്ങളുടെ മതേതരചിന്ത നിമിത്തം, അവര്‍ വോട്ടുബാങ്കുകളായി മാറാത്തതിനാല്‍ അവരെ ഭയപ്പെടേണ്ട കാര്യവും ഇരുമുന്നണികള്‍ക്കുമില്ല. അതുകൊണ്ടാണ് വളരെ വര്‍ഷങ്ങളായി അവിടെ ജീവിച്ചു വരുന്ന മുനമ്പത്തുകാരുടെ ജീവിക്കാനുള്ള അവകാശങ്ങളും മാനുഷികമൂല്യങ്ങളും ഇവര്‍ പരിഗണിക്കാത്തത്; മുനമ്പത്തെ വീടുകളും ആരാധനാലയങ്ങളും ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നവരോട് മാറിനില്‍ക്കാന്‍ പറയാനുള്ള കെല്‍പ്പ് ഇവര്‍ക്ക് ഇല്ലാതെ പോകുന്നത്. വിലകൊടുത്തു വാങ്ങിയ ഭൂമിയുടെ ഉടമകളായ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ അവകാശത്തിനുമേല്‍ ജനാധിപത്യവും, മതേതരത്വവും ബാധകമല്ലേ? അസ്ഥാനങ്ങളില്‍ മതേതരത്വം, ജനാധിപത്യം, മൗലികാവകാശങ്ങള്‍, ഭരണഘടന എന്നൊക്കെ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നത് ഇവര്‍ പതിവാക്കിയിരിക്കുകയാണ്. ഇവിടെയും ഈ വാക്കുകള്‍ ദുരുപയോഗം ചെയ്തുകൊണ്ടാണ് നിയമസഭയില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്. മുനമ്പത്തെ വസ്തു ഉടമകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേ? വഖഫ് നിയമത്തിന്റെ കൊള്ളസാധ്യതകളെയും മനുഷ്യത്വവിരുദ്ധതയെയും പിന്താങ്ങാനാണ് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയിരിക്കുന്നത്. ഈ പ്രമേയത്തിന് ഒരു ദര്‍ഭപുല്ലിന്റെ വിലപോലുമില്ലെന്നത് വേറെ കാര്യം. വഖഫ് ബോര്‍ഡിന്റെ നിലപാടുകളാണ് മാറ്റേണ്ടതെന്നു പറയാന്‍ ഇവര്‍ക്കാവുന്നില്ല. ബോര്‍ഡിന്റെ പരിധിയിലല്ലാത്ത നിയമത്തിന്റെ ചുവടുപിടിച്ച് വിലകൊടുത്തു വാങ്ങിയവരുടെ ഭൂമി പിടിച്ചെടുക്കാനുള്ള വഖഫ് ബോര്‍ഡിന്റെ ക്രൂരമനോഭാവം ഇവര്‍ക്കൊരു പ്രശ്‌നമേയല്ല.
മുനമ്പത്ത് യാതൊരു ഒഴിപ്പിക്കലുമുണ്ടായില്ലെന്നാണ് ഇരുമുന്നണികളും ഇപ്പോള്‍ പറയുന്നത്. ഇപ്പറയുന്നതിന്റെ സാരം, വഖഫ് ബോര്‍ഡിന്റെ ദയാദാക്ഷിണ്യത്തില്‍ ഇവിടെ കഴിഞ്ഞുകൂടാമെന്നാണ്. നിലനിന്നിരുന്നതുപോലെ കരമടയ്ക്കാനും ഭൂമി ക്രയവിക്രയം ചെയ്യാനും പുതിയ വീട് വെയ്ക്കാനുമുള്ള അനുവാദമാണ് വേണ്ടത്. വഖഫ് ബോര്‍ഡിനെ കെട്ടിപ്പുണര്‍ന്നുകൊണ്ട് മുനമ്പത്തുകാരെ സംരക്ഷിക്കുമെന്നു പറയുന്നതു തന്നെ കാപട്യമാണ്. മുനമ്പത്തുകാരുടെ ആധാരം വാങ്ങി വഖഫ് ബോര്‍ഡിന് നല്‍കി ശരിയത്ത് വാഴ്ച നടത്താനാണ് ഇരുമുന്നണികളും കൂട്ടുനില്‍ക്കുന്നത്. മുനമ്പത്തുകാരുടെ അതിജീവനത്തിനായുള്ള ജനകീയ സമരത്തിലൂടെ നിലവിലെ കേരള രാഷ്ട്രീയത്തിലെ സമവാക്യങ്ങള്‍ മാറിമറിയുമെന്ന കാര്യം ഇവര്‍ ഓര്‍ക്കണം.
ഫാറൂഖ് കോളേജിനു സിദ്ദിഖ് സേട്ട് ഗിഫ്റ്റ് ഡീഡ് എഴുതിക്കൊടുക്കുമ്പോള്‍ ഞാനിതു ഫാറൂഖ് കോളേജിന് ദാനം ചെയ്തിരിക്കുന്നുവെന്നതിനു പകരം വഖഫ് ചെയ്തിരിക്കുന്നുവെന്ന് എഴുതിയതുകൊണ്ടാണ്, ആ ഒരു വാക്കില്‍ തൂങ്ങിപ്പിടിച്ച് വഖഫ് ബോര്‍ഡ് മുനമ്പത്തെ ഭൂമിക്ക് അവകാശവാദം ഉന്നയിക്കുന്നത്. 1954 ലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് നിയമം കൊണ്ടുവരുന്നത്. 1950 നവംബര്‍ ഒന്നിനാണ് ഫാറൂഖ് കോളേജിനു സിദ്ദിഖ് സേട്ട് ഭൂമി നല്‍കുന്നത്. വഖഫ് നിയമം നിലവില്‍ വരുന്നതിനു മുന്‍പ് നടന്നൊരു ക്രയവിക്രയത്തിലെ ഒരു വാക്കില്‍ കടിച്ചുപിടിച്ചാണ് വഖഫ് ബോര്‍ഡ് 2019 ല്‍ അവകാശവാദം ആദ്യമായി ഉന്നയിച്ചിരിക്കുന്നത്. കുടികിടപ്പുകാരുമായുള്ള ഫാറൂഖ് കോളേജിന്റെ വ്യവഹാരത്തില്‍, ഈ ഭൂമി ഫാറൂഖ് കോളേജിന്റെ മാത്രമാണെന്ന അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ തന്നെ വിധി നിലനില്‍ക്കുമ്പോഴാണ് ഈ ഭൂമി തങ്ങളുടെ വകയാണെന്ന് അവകാശവാദം റവന്യു അധികാരികളെ വഖഫ് ബോര്‍ഡ് 2019 ല്‍ അറിയിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ നിര്‍ദ്ദേശം കിട്ടിയാല്‍ വസ്തു ഉടമയുടെ അവകാശം വില്ലേജില്‍ തടയണമെന്നാണ് 1995 ലെ ഭേദഗതി വ്യവസ്ഥ. തുടര്‍ന്നാണ് വഖഫ് ബോര്‍ഡുമായി വസ്തു ഉടമകള്‍ക്ക് കേസ് ഉടലെടുക്കുന്നത്. ഈ കേസില്‍ വസ്തു ഉടമകള്‍ കരമടച്ചുകൊടുക്കാന്‍ സിംഗിള്‍ ബഞ്ച് വിധിച്ചുവെങ്കിലും 1995 ലെ വഖഫ് നിയമഭേദഗതി നിയമപ്രകാരം സിംഗിള്‍ ബഞ്ചിന്റെ വിധിയെ 2022 ല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്യുകയാണുണ്ടായത്.
ഇത് വഖഫ് ബോര്‍ഡിന്റെ കേരള പതിപ്പ് മാത്രമാണ്. കേരളത്തില്‍ തന്നെ 3300 ഏക്കര്‍ ഭൂമിക്ക് ഇതിനകം വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചുകഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയുടെ സ്ഥലവിവരങ്ങള്‍ വെളിപ്പെടുത്തണം. തിരുച്ചിറപ്പള്ളിഗ്രാമം മുഴുവന്‍ വഖഫ് ഭൂമിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ഗ്രാമത്തിലാണ് 1500 വര്‍ഷം പഴക്കമുള്ള സുന്ദരേശന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വേളാങ്കണ്ണിപള്ളി ഉള്‍പ്പെടെയുള്ള ആ തീരഗ്രാമം മുഴുവന്‍ വഖഫ് ബോര്‍ഡിന്റെ ആസ്തിയാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്. അലഹബാദ് ഹൈക്കോടതി സ്ഥിതിചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്ന് അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള താജ്മഹല്‍ വഖഫ് ബോര്‍ഡിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ വഖഫ് ബോര്‍ഡ് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കരമടച്ചുകൊടുക്കണമെന്ന സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് 1995 ലെ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ച ഒരു ദുരന്തമാണ് 1995 ലെ വഖഫ് ഭേദഗതി നിയമം. ഇതിലെ ഭേദഗതിയുടെ 40-ാം അനുച്ഛേദ പ്രകാരം രാജ്യത്തെ ഏതു സ്വത്തും വഖഫ് ബോര്‍ഡിന് അവകാശപ്പെട്ടതാണെന്ന് തോന്നിയാല്‍ നിലവിലുള്ള ഏതു രജിസ്‌ട്രേഷന്‍ ആക്ടിനെയും മറികടന്ന് അത് വഖഫ് ബോര്‍ഡിന് സ്വന്തമാക്കാം. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ വസ്തു ഉടമയ്ക്ക് ആ ഭൂമിയിലുള്ള അവകാശം അതോടെ നഷ്ടമാകും. ഇവര്‍ക്ക് ഒരവകാശം ഉന്നയിക്കാന്‍ രേഖകളുടെ ആവശ്യമില്ല. തോന്നിയാല്‍ ആരുടെ സ്വത്തു വേണമെങ്കിലും വഖഫ് ലിസ്റ്റില്‍പ്പെടുത്താം. ഇതില്‍ സിവില്‍ കോടതിയ്ക്ക് ഇടപെടാന്‍ അധികാരമില്ല. ഹൈക്കോടതിയ്ക്കുപോലും പരിമിതമായ അധികാരമേ നിക്ഷിപ്തമാക്കിയിട്ടുള്ളൂ. ഇന്ത്യയിലെ ഏതുഭൂമിയും, തങ്ങളുടെതാണെന്ന് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ റവന്യു അധികൃതര്‍ ആ വാദം അംഗീകരിച്ച്, അളന്ന് തിട്ടപ്പെടുത്തി വഖഫ് ബോര്‍ഡിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തി കൊടുക്കണം. അതിനുവേണ്ട ചെലവ് പൊതുഖജനാവില്‍നിന്നും എടുത്ത് ഉപയോഗിക്കേണ്ടതുമാണ്. ഒരു ഇസ്ലാം വിശ്വാസി മറ്റൊരാളുമായി ഒരു ഭൂമിയിന്മേല്‍ വ്യവഹാരത്തില്‍പ്പെട്ടാല്‍ ആ തര്‍ക്കഭൂമി ആ ഇസ്ലാം വിശ്വാസി വഖഫ് ചെയ്താല്‍ എതിര്‍കക്ഷിക്ക് ഒരു നോട്ടീസ് പോലും നല്‍കാതെ വഖഫ് ബോര്‍ഡിനു സ്വന്തമാക്കാം. ഇതിനെതിരെ സിവില്‍ കോടതിയെ സമീപിക്കാന്‍ പോലും പാടില്ല. 1995 ലെ ഭേദഗതിയുടെ 108-ാം അനുച്ഛേദത്തില്‍ ഏതു നിമയത്തെയും മറികടക്കാനുള്ള പഴുതും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്.
1995 ലെ ഭേദഗതിയിലൂടെ മുകളില്‍പ്പറഞ്ഞ കല്ലേപ്പിളര്‍പ്പിക്കുന്ന നിയമാവകാശങ്ങള്‍ വഖഫ് ബോര്‍ഡിന് നല്‍കിയിട്ടും മതിവരാതെ 2013 ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും വഖഫ് നിയമം ഭേദഗതി ചെയ്തു. ഇതില്‍ വഖഫ് ഭൂമിയില്‍ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമില്ലെന്നാക്കി. വഖഫ് ഭൂമിയെന്ന് വഖഫ് ബോര്‍ഡ് കരുതുന്ന ഭൂമി വാങ്ങിയാല്‍ 2 വര്‍ഷം കഠിനതടവ് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടാല്‍ ഭൂമി അളന്നു തിട്ടപ്പെടുത്തി കൊടുക്കാന്‍ കളക്ടറും, എ.ഡി.എമ്മും അടങ്ങുന്ന സംഘം സ്ഥലത്ത് എത്തി വഖഫ് ബോര്‍ഡിന്റെ ആവശ്യം നിറവേറ്റിക്കൊടുക്കണം. നിലവിലെ വഖഫ് നിയമം മാറ്റണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തീരുമാനം എടുക്കേണ്ടതുണ്ടെന്നും 2013 ലെ ഭേദഗതിയില്‍ പറയുന്നുണ്ട്.
വഖഫ് ബോര്‍ഡുകള്‍ക്ക് വഖഫ് ഭൂമിയാണെന്ന് തോന്നി പിടിച്ചെടുക്കുന്ന ഭൂമിയില്‍ എതിര്‍കക്ഷികള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ വഖഫ് ട്രൈബ്യൂണലില്‍ പരാതി കൊടുക്കാനേ വകുപ്പുള്ളൂ. ട്രൈബ്യൂണലില്‍ എല്ലാം മുസ്ലീംങ്ങളായതിനാല്‍, വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിനെതിരെ ഒരു തീരുമാനമുണ്ടാകാനിടയില്ല. ട്രൈബ്യൂണിലിന്റെ തീരുമാനം സിവില്‍ കോടതി നടപ്പിലാക്കിക്കൊടുക്കാന്‍ ബാധ്യസ്ഥരാണ്. ട്രൈബ്യൂണലിന്റെ തീരുമാനം നടപ്പാക്കേണ്ട ഒരു ഏജന്‍സിയായി സിവില്‍ കോടതിയെ വഖഫ് നിയമം മാറ്റിയിരിക്കുന്നു. സാധാരണ വസ്തു തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി നമ്മള്‍ സിവില്‍ കോടതികളെയാണ് സമീപിക്കാറുള്ളത്. എന്നാല്‍, വഖഫ് തര്‍ക്കങ്ങളൊന്നും കേള്‍ക്കാന്‍ സിവില്‍ കോടതികള്‍ക്ക് അധികാരമില്ല. ട്രൈബ്യൂണല്‍ തീര്‍പ്പു കല്പിക്കും. വഖഫ് ട്രൈബ്യൂണല്‍ സി.ഇ.ഒയ്ക്ക് ഏത് ഭൂരേഖയും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള അധികാരം നല്‍കുന്നുണ്ട്. നോട്ടീസോ, ഹിയറിങ്ങോയില്ലാതെ തന്നെ ഭൂമി വഖഫ് ചെയ്യാന്‍ സി.ഇ.ഒയെ നിയമം അധികാരപ്പെടുത്തുന്നുണ്ട്. യാതൊരുവിധത്തിലുള്ള നഷ്ട പരിഹാരവും കൊടുക്കാതെയാണ് ട്രൈബ്യൂണല്‍ സി.ഇ.ഒ ഭൂമി പിടിച്ചെടുക്കുന്നത്.
വഖഫ് ഭൂമിയെന്നാല്‍ അള്ളാഹുവിനു വാക്കാലോ, രേഖാമൂലമോ ദാനം ചെയ്യുന്ന ഭൂമിയെന്നാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, ഇതില്‍ ഇങ്ങനെ വഖഫ് ചെയ്യാത്ത ഭൂമിയാണധികവും. 1947 ല്‍ ഇവിടെ നിന്നും മുസ്ലീങ്ങള്‍ ഉപേക്ഷിച്ചുപോയ ഭൂമിയെ നെഹ്‌റു സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന്റെ ലിസ്റ്റില്‍പ്പെടുത്തി. പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇവിടേയ്ക്ക് വന്ന ഹിന്ദുക്കളുടെ ഭൂമി, പാകിസ്ഥാനിലെ മുഹമ്മദാലി ജിന്ന സര്‍ക്കാര്‍ ഏറ്റെടുത്ത് ഇവിടെ നിന്നുപോയ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്തു. അന്ന് പാകിസ്ഥാനില്‍ നിന്നും എത്തിയ ഹിന്ദുക്കളില്‍ പലരും ഇന്നും ഒരു തുണ്ടു ഭൂമിയില്ലാതെ നമ്മുടെ തെരുവുകളില്‍ കഴിയുന്നുണ്ട്. സ്ത്രീകള്‍ക്ക് അവകാശം കൊടുക്കാതെ പിടിച്ചെടുത്ത ഭൂമിയും വഖഫ് ഭൂമിയായി മാറിയിട്ടുണ്ട്. ഇങ്ങനെയൊക്കെ 87 ലക്ഷം വസ്തുക്കളിലായി 9.40 ലക്ഷത്തിലധികം ഏക്കര്‍ ഭൂമി വഖഫ് ബോര്‍ഡുകളുടെ കീഴിലാക്കി കഴിഞ്ഞു. ഈ ഭൂമികള്‍ക്ക് 2 ലക്ഷം കോടിയിലധികം രൂപ വിലയുണ്ടെന്നാണ് കണക്ക്. ഈ ഭൂമികള്‍ കൈകാര്യം ചെയ്യുന്നകയാണ് വഖഫ് ബോര്‍ഡിന്റെ ജോലി. വഖഫ് ബോര്‍ഡില്‍ ഉന്നത വിഭാഗങ്ങളിലെ മുസ്ലീങ്ങള്‍ മാത്രമാണുള്ളത്. ഇവിടെ അഴിമതിയുടെ കൂത്തരങ്ങുകളാണ്. വരവുകള്‍ തോന്നിയതുപോലെ ഉപയോഗിക്കുന്നു. വഖഫ് ബോര്‍ഡിന്റെ അക്കൗണ്ടുകള്‍ക്ക് ഓഡിറ്റ് നിഷ്‌ക്കര്‍ഷിക്കുന്നില്ല. പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് വഖഫ് ബോര്‍ഡില്‍ നിന്നും ധനസഹായം ലഭിക്കുന്നില്ല. ഈ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അടയിരിക്കാതെ, ഭൂമിയില്ലാത്ത പട്ടിണി പാവങ്ങള്‍ക്ക് ഈ ഭൂമി വിതരണം ചെയ്യണം. അതായിരിക്കും ദൈവം കൂടുതല്‍ ഇഷ്‌പ്പെടുന്നത്. ഈ പ്രശ്‌നം മതപരമായ പ്രശ്‌നമല്ല, ഭൂമിയെ സംബന്ധിച്ച പ്രശ്‌നമാണ്.
വഖഫ് നിയമത്തിന് കാലോചിതമായ മാറ്റം അനിവാര്യമാണ്. ഇപ്പോഴത്തെ വഖഫ് നിയമം മനുഷ്യത്വരഹിതവും അന്യായവുമാണ്. പരിധിയില്ലാത്ത നിയമത്തിനു മുമ്പില്‍ ഭൂമി പിടിച്ചെടുക്കാനായി വഖഫ് ബോര്‍ഡ് കാണിച്ചുകൊണ്ടിരിക്കുന്നത് ക്രൂരതകളാണ്. വഖഫ് ബോര്‍ഡ് തങ്ങളുടെതാണെന്ന് അനുമാനിക്കുന്ന ഏതു ഭൂമിയും കൈവശപ്പെടുത്താമെന്ന അവരുടെ നിലവിലെ അവകാശം ഭരണഘടനാ വിരുദ്ധമാണ്. വഖഫ് നിയമം തന്നെ റദ്ദാക്കുകയാണ് വേണ്ടത്. എങ്കിലും, കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം സ്വാഗതാര്‍ഹമാണ്. ഈ ബില്‍ ഇപ്പോള്‍ ജെ.പി.സിക്ക് വിട്ടിരിക്കുകയാണ്. എത്രയും വേഗം വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ച് പാസ്സാക്കി നിയമമാക്കി പൗരന്മാരുടെ സ്വത്തു സംരക്ഷിച്ചുകൊണ്ട് അവര്‍ക്ക് ഇവിടെ സ്വസ്ഥമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തണം. നിലവിലെ വഖഫ് നിയമത്തിന്റെ മറവില്‍ ഭൂമിക്ക് അവകാശവാദം ഉന്നയിച്ചാല്‍, രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലല്ലാതെ പൗരന്റെ ഭൂമി തട്ടിയെടുക്കാനായി വഖഫ് ബോര്‍ഡിനു നല്‍കിയിരിക്കുന്ന അനിയന്ത്രിതമായ അധികാരത്തിനു കടിഞ്ഞാണ്‍ ഇടേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനുവേണ്ടിയുള്ളതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന വഖഫ് ഭേദഗതി നിയമം.