കോഴിക്കോട്: ദേശീയതയുടെ ജന്മഭൂമി ദിനപ്പത്രത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സുവര്‍ണ്ണ ജയന്തി ആഘോഷത്തിന് തിരിതെളിഞ്ഞു. അമ്പതാണ്ടിന്റെ നിറവില്‍ നിറശോഭയോടെ മാധ്യമ രംഗത്ത് വിരാജിക്കുന്ന ജന്മഭൂമിയുടെ, നാടിന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞുള്ള പ്രയാണത്തിനിടയിലെ നാഴികക്കല്ലാണ് ഈ സുവര്‍ണ്ണ ജയന്തി ആഘോഷം. അഞ്ച് ദിനരാത്രങ്ങള്‍ സംവാദത്തിന്റേയും കലയുടേയും വിജ്ഞാനത്തിന്റെയും പ്രതിഭകളുടെ സംഗമത്തിന്റെയും വേദിയായി മാറി. ‘സ്വ’ വിജ്ഞാനോത്സവം കോഴിക്കോടിന് പുതിയൊരു അനുഭവമായി. കേന്ദ്ര റെയില്‍വേ, ഐ.ടി – വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന്റെ കൈകളാല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ട ജന്മഭൂമിയുടെ സുവര്‍ണ്ണ ജയന്തി ആഘോഷം രാജ്യസഭ എം.പി ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ സാന്നിദ്ധ്യത്തില്‍ നടന്ന സമാപന സമ്മേളനത്തോടെ സമാപിച്ചു.
കേരളത്തില്‍ റെയില്‍വേയുടെ വന്‍കുതിപ്പ്
കേരളത്തിന്റെ റെയില്‍ വികസനത്തിന് ബൃഹദ് പദ്ധതികള്‍ പ്രഖ്യാപിച്ച് റെയില്‍- ഐടി- വാര്‍ത്താവിതരണ വകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ്. ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആ ഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടും തിരുവനന്തപുരത്തും റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഐടി ഹബ്ബുകള്‍ തുടങ്ങും. കോഴിക്കോട്ട് ഇതിനായി അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. വൈകാതെ അത് പ്രാവര്‍ത്തികമാക്കും. തിരുവനന്തപുരത്തും ഐടി ഹബ്ബ് വരും. ഒരു ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി. മൂന്ന് ബുള്ളറ്റ് ട്രെയിന്‍ കൂടി വരുന്നു. അതിലൊന്ന് ദക്ഷിണ ഭാരതത്തിലാണ്. കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍ നിര്‍മാണവും വിപുലീകരണവും നടക്കുകയാണ്. കേരളത്തിലെ റെയില്‍ വികസന ബജറ്റ് മുമ്പ് 370 കോടിരൂപയുടേതായിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അത് 3000 കോടിയുടേതായി. അതായത് എട്ടിരട്ടി. ഇത് ചരിത്രത്തിലാദ്യമാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ വേണ്ടത്ര സഹകരിക്കുന്നില്ല. രാജ്യവികസനത്തിലും ജനക്ഷേമത്തിലും രാഷ്ട്രീയം വേണ്ടെന്നതാണ് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയം. സംസ്ഥാനത്ത് റെയില്‍ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്തുകൊടുക്കാന്‍ കേരളത്തിന് 2100 കോടി രൂപകൊടൂത്തു. ഇവിടെ പാളങ്ങള്‍ ഇരട്ടിപ്പിക്കാന്‍ പദ്ധതികള്‍ ഉണ്ട്. പൈതൃകവും സംസ്കാരവും നിലനിര്‍ത്തി. എയര്‍പോര്‍ട്ട് നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കാനാണ് പദ്ധതി, അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് സ്വപ്ന നഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നിലവിളക്ക് കൊളുത്തി മന്ത്രി അശ്വിനി വൈഷ്ണവ് സുവര്‍ണ്ണ ജയന്തി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന് അധ്യക്ഷനായി. ജനറല്‍ മാനേജന്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. കുമ്മനം രാജശേഖരന് ആമുഖ പ്രഭാഷണം നടത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, സുവര്‍ണ്ണ ജയന്തി ആഘോഷ സമിതി അധ്യക്ഷ പി.ടി. ഉഷ എം.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, ജന്മഭൂമി പത്രാധിപര്‍ കെ.എന്‍.ആര്. നമ്പൂതിരി, മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണന്, ജന്മഭൂമിയിലെ ആദ്യകാല സബ് എഡിറ്റര്‍ രാമചന്ദ്രന് കക്കട്ടില്‍, എ.കെ. ഷാജി (മൈജി), കെ.അരുണ്‍ കുമാര്‍ (ലാന്‍ഡ് മാര്‍ക്ക്) എന്നിവര്‍ സന്നിഹിതരായിരുന്നു. ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എം. ബാലകൃഷ്ണന് നന്ദി പറഞ്ഞു.
കടലറിവുകള്‍ ശാസ്ത്ര വിജ്ഞാനവുമായി സംയോജിപ്പിക്കണം
മത്സ്യത്തൊഴിലാളികളുടെ കടലിനെപ്പറ്റിയുള്ള അറിവുകള്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലുമായി സംയോജിപ്പിച്ചാല്‍ സമുദ്രോല്പന്നമേഖലയ്ക്ക് ഗുണകരമാകുമെന്ന് ജന്മഭൂമി സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. കയറ്റുമതിയേക്കാള്‍ ആഭ്യന്തരവിപണിയ്ക്ക് പ്രാധാന്യം നല്കി രാജ്യത്തിന്റെ സാമ്പത്തിക രംഗം വിപുലപ്പെടുത്തണം. ഭക്ഷ്യസുരക്ഷയും വരുംതലമുറയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ സുസ്ഥിരത ഉറപ്പുവരുത്തിയാവണം മത്സ്യബന്ധനം. കേരളത്തിന്റെ 590 കിലോമീറ്റര്‍ വരുന്ന കടല്‍ ഒട്ടേറെ തൊഴില്‍സാധ്യതകളാണ് യുവാക്കള്‍ക്ക് നല്‍കുന്നതെന്നും സെമിനാര്‍ വിലയിരുത്തി.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ സഹകരണത്തോടെ ‘ബ്ളൂ റവല്യൂഷന്’ എന്ന പേരില്‍ നടന്ന സെമിനാര്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
തീരദേശ മേഖലയിലെ ജീവിതത്തെ നേര്‍ക്കുനേര്‍ കാണാനുള്ള സൗമനസ്യം ആരും കാണിക്കുന്നില്ല. എന്നാല്‍ ആ മേഖലയിലെ ജനങ്ങള്‍ക്കൊപ്പം നടന്ന ചരിത്രമാണ് ജന്മഭൂമിയുടേത്. മാറാടു മുതല്‍ മുനമ്പം വരെ നിരവധി സംഭവങ്ങളില്‍ ജന്മഭൂമി അത് തെളിയിച്ചിട്ടുണ്ടെന്നും കെഎന്‍ആര്‍ പറഞ്ഞു.
കേരള ഫിഷറീസ് സര്‍വ്വകലാശാല ഡീന്‍ ഡോ. എസ്.സുരേഷ് കുമാര്‍, സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റി ക്വാളിറ്റി മാനേജ്മെന്റ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എം.ആര്.സംഗീത, ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്റ് പി.പീതാംബരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് എന്നിവര്‍ സംസാരിച്ചു. എന്‍എഫ്ഡിബി ഗവേണിംഗ് ബോര്‍ഡ് അംഗം എന്‍.പി രാധാകൃഷ്ണന് മോഡറേറ്റര്‍ ആയിരുന്നു. കെ.രജിനേഷ് കുമാര്‍, സി.വി. അനീഷ് എന്നിവര്‍ സംസാരിച്ചു.
സര്‍ഗാത്മകതയിലെ മാറ്റങ്ങള്‍ വിലയിരുത്തി സാഹിത്യ സെമിനാര്‍
ജന്മഭൂമി സുവര്‍ണജയന്തി ആഘോഷങ്ങളുടെ ഭാഗായി കോഴിക്കോട് ട്രേഡ് സെന്ററില്‍ നടന്ന സാഹിത്യ സെമിനാര്‍ പുതിയകാലം ഭാഷയിലും സാഹിത്യത്തിലും എന്തെന്ത് മാറ്റങ്ങള്‍ വരുത്തുന്നു എന്ന് വിലയിരുത്തി. സാമൂഹ്യജീവിതത്തിലും ടെക്നോളജിയിലും രാഷ്ട്രീയത്തിലുമെല്ലാം ഉടലെടുക്കുന്ന മാറ്റങ്ങള്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുമെന്ന നിരീക്ഷണത്തോട് ചേര്‍ന്നുനിന്നുകൊണ്ടാണ് സാഹിത്യത്തിലെ മാറുന്ന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്തവരെല്ലാം സംസാരിച്ചത്. രണ്ടാം ലോക മഹായുദ്ധത്തില്‍ അണുബോംബ് ആക്രമണത്തിനിരയാവുകയും ലോകത്തിലെ ഏറ്റവുമധികം ദുരവസ്ഥകളിലൂടെ കടന്നുപോകുകയും ചെയ്ത ജപ്പാനിലാണ് സാഹിത്യത്തില്‍ ഏറെ മാറ്റങ്ങളുണ്ടായതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത പ്രമുഖ നിരൂപകന് ആഷാ മേനോന് പറഞ്ഞു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ക്രിയാത്മക ഉപകരണം ഭാഷയാണെന്നും ഭാഷയ്ക്കൊപ്പമാണ് സാഹിത്യത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാഷാസിദ്ധി പോലും യന്ത്രങ്ങളിലുടെ നേടിയെടുക്കാന്‍ സാധിക്കുന്ന പുതിയ കാലത്ത് ഡിജിറ്റല്‍ സാങ്കേതിക വിദ്യ സര്‍ഗാത്മക മേഖലയിലേക്കുകൂടി കടന്നുവരാന്‍ പോകുകയാണെന്ന് അധ്യക്ഷത വഹിച്ച പ്രശസ്ത നിരൂപകനും ആകാശവാണി മുന്‍ ഡയറക്ടറുമായ കെ.എം. നരേന്ദ്രന് ചുണ്ടിക്കാട്ടി.
നിരൂപകനും ദല്‍ഹി സര്‍വ്വകലാശാലാ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.പി. ശിവപ്രസാദ്,എഴുത്തുകാരനും തപസ്യ സംസ്ഥാന ഉപാധ്യക്ഷനും സാമൂതിരി ഗുരുവായൂരപ്പന് കോളേജ് മലയാള ഗവേഷണ വിഭാഗം അദ്ധ്യക്ഷനുമായ ഡോ ശ്രീശൈലം ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തപസ്യ കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്ന സെമിനാറില്‍ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍ സ്വാഗതവും തപസ്യ സംസ്ഥാന സമിതിയംഗം ഗോപി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു
സ്ത്രീകള്‍ക്ക് അനുകൂലമായ പരിവര്‍ത്തനം അനിവാര്യം
സ്ത്രീ സുരക്ഷാ നിയമങ്ങള്‍ മാത്രമല്ല, സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലയിലും രണ്ട് സ്ത്രീകളുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്ന സാമൂഹിക പരിവര്‍ത്തനം വേണമെന്ന് ജന്മഭൂമി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ‘വനിത സംരക്ഷണ നിയമങ്ങള്‍ ഉണ്ട്, പക്ഷെ…’ എന്ന വിഷയത്തില്‍ നടത്തിയ വനിതാ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. പൊതു ഇടങ്ങള്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമാണെന്നും സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഉണ്ടായിട്ടും പൊതു ഇടങ്ങളില്‍ സമത്വവും സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുന്നതായും അഭിപ്രായമുയര്‍ന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷ വിജയഭാരതി സയാനി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സാമൂഹിക മാറ്റം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ നിയമങ്ങള്‍ അത്യന്താപേക്ഷിതമാണെങ്കിലും സാമൂഹിക മൂല്യങ്ങളില്‍ വിശാലമായ മാറ്റമില്ലാതെ അത്തരം നിയമങ്ങള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാകില്ല.
സ്ത്രീകളുടെ യഥാര്‍ത്ഥ സുരക്ഷ ശാരീരിക സംരക്ഷണത്തിന് അപ്പുറത്താണ്. അതിനാല്‍ എല്ലാ ഇടങ്ങളിലും സ്ത്രീകള്‍ക്ക് ബഹുമാനവും സമത്വവും അന്തസ്സും വളര്‍ത്തുന്ന ഒരു സാംസ്കാരിക പരിവര്‍ത്തനം ആവശ്യമാണെന്നും അവര്‍ പറഞ്ഞു സ്ത്രീ ചേതന അധ്യക്ഷയും മനശ്ശാസ്ത്രജ്ഞയുമായ എ.ആര്. സുപ്രിയ വിഷയാവതരണം നടത്തി.രാഷ്ട്രപതി ഭവനില്‍ ദീര്‍ഘകാലം സേവനം ചെയ്ത മുന്‍ അണ്ടര്‍ സെക്രട്ടറി ടി. രതി അധ്യക്ഷയായി.വനിതാ സെമിനാര്‍ കണ്‍വീനര്‍ ഭാവനാ സുമേഷ്, സേവാഭാരതി സംസ്ഥാന സെക്രട്ടറി നിഷി രഞ്ജന്‍, ജന്മഭൂമി യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി, ഷിനി രാജേഷ്, സി.എസ്. സത്യഭാമ എന്നിവര്‍ പങ്കെടുത്തു.
മാധ്യമങ്ങള്‍ ധര്‍മ്മം ശരിയായി നിര്‍വഹിക്കണം: സ്വാമി ചിദാനന്ദപുരി
ധര്‍മ്മത്തെ ശരിയായ രീതിയില്‍ നിര്‍വഹിക്കുമ്പോഴേ ലോകത്തെ ശ്രേഷ്ഠമാക്കുന്ന മഹാദൗത്യം മാധ്യമ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകൂ എന്നും ജന്മഭൂമിയെപ്പോലെയുള്ള പത്രങ്ങളുടെ പ്രാധാന്യം അതാണെന്നും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ശ്രേഷ്ഠരാജ്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ശ്രേഷ്ഠരായ മാധ്യമ പ്രവര്‍ത്തകരും ഉണ്ടാകണം. മികച്ച മാധ്യമ പ്രവര്‍ത്തകരാകാന്‍ മക്കളെ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. മാധ്യമ പ്രവര്‍ത്തനം അന്തസ്സുള്ള ജോലിയാണെന്നത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. ജന്മഭൂമി ‘സ്വ’ വിജ്ഞാനോത്സവത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ എം.പി. ജയലക്ഷ്മി ഉപഹാരം നല്കി. ടി. സുധീഷ് സ്വാഗതം പറഞ്ഞു.
അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകൂ: ഗോവ ഗവര്‍ണ്ണര്‍
അജണ്ട നിശ്ചയിക്കുന്നവര്‍ക്കേ ചരിത്രം സൃഷ്ടിക്കാനാകൂവെന്ന് ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ അജണ്ട നിശ്ചയിക്കുന്നതില്‍ ജന്മഭൂമി നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. ജന്മഭൂമിയില് വന്ന വാര്‍ത്തയുടെ പിന്നാലെ മറ്റ് മാധ്യമങ്ങള്‍ പോകുന്ന സാഹചര്യം ഇന്നുണ്ട്. ജന്മഭൂമി സുവര്‍ണജയന്തി ആഘോഷവേദിയില്‍ ‘മീറ്റ് ദ ഗവര്‍ണര്‍’ പരിപാടിയില്‍ ശ്രീധരന് പിള്ള പറഞ്ഞു.
ജന്മഭൂമിക്ക് മഹത്തായ പാരമ്പര്യമാണുള്ളത്. കേരളത്തിന്റേയും ദേശീയ രാഷ്ട്രീയത്തിന്റേയും ധാരകളെക്കുറിച്ച് വ്യക്തമായ ധാരണ നല്കാന് പത്രത്തിന് കഴിയുന്നു. ദേശീയ പ്രാധാന്യമുള്ള പല വാര്‍ത്തകളും പ്രസിദ്ധീകരിക്കാത്ത അപകടകരമായ പ്രവണത ഇന്നുണ്ട്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം അത്തരത്തില്‍ പുറത്തു വരാത്ത ഒന്നാണ്. സ്വന്തം ജന തയ്ക്കുനേരെ പട്ടാളത്തെക്കൊണ്ട് താന്‍ വെടിവെയ്പ്പിക്കില്ല എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ആരാധനാലയങ്ങളില്‍ വെടിയൊച്ച കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു രണ്ടും ചെയ്ത ഭരണകൂടങ്ങള്‍ നമുക്കുണ്ടായിരുന്നു. അന്നത്തേയും ഇന്നത്തേയും സര്‍ക്കാരുകളെ താരതമ്യം ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ ജനം അറിയണം. അതിന് മാധ്യമങ്ങള്‍ അവസരം നല്‍കുന്നില്ല. ശ്രീധരന് പിള്ള പറഞ്ഞു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാള വിഭാഗം മുന്‍ മേധാവി പ്രൊഫ. കെ.വി തോമസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂരപ്പന് കോളേജ് മലയാള വിഭാഗം മേധാവി ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന് സ്വാഗതവും സന്തോഷ് നായര്‍ നന്ദിയും പറഞ്ഞു.
ആഗോളവല്‍ക്കരണം മാധ്യമ മേഖലയുടെ അപചയ കാരണമായി: എസ്. ഗുരുമൂര്‍ത്തി
മാധ്യമങ്ങള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിനുള്ള മുഖ്യകാരണം ആഗോളവല്‍ക്കരണമാണെന്ന് പ്രമുഖ പത്രപ്രവര്ത്തകന് എസ്. ഗുരുമൂര്‍ത്തി. ആഗോളവല്ക്കരണത്തോടെ മാധ്യമ രംഗത്തേക്ക് പണത്തിന്റെ കുത്തൊഴുക്കുണ്ടായി. പണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ആത്മാവ് നഷ്ടമാക്കി. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷത്തിലെ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ എങ്ങോട്ട് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.
മുന്‍ കേന്ദ്രമന്ത്രി ഡോ. രാജീവ് ചന്ദ്രശേഖര്‍, ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്.ഹരിദാസ്, മാഗ്കോം ഡയറക്ടര്‍ എ.കെ.അനുരാജ്, മോഡറേറ്ററായി കണ്ണൂര്‍ എസ്.എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി. സതീഷ് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍. ആര്. നമ്പൂതിരി അദ്ധ്യക്ഷനായി. എം. സുധീന്ദ്രകുമാര്‍ സ്വാഗതവും എം.എന്‍. സുന്ദര്‍രാജ് നന്ദിയും പറഞ്ഞു.
പത്രപ്രവര്‍ത്തനം പത്രത്തിലൂടെ ഒരു യജ്ഞത്തെ ആധാരമാക്കിയുള്ള ചിന്തകളുടെ ആവിഷ്കരണാണ്. പണ്ഡിറ്റ് നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടേയും ഭരണ കാലത്ത് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നിയന്ത്രണങ്ങളും പോലെയൊന്നും ഇന്ന് മാധ്യമങ്ങളോട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ലെന്ന് ഗുരുമൂര്‍ത്തി വിശദീകരിച്ചു. ജനാധിപത്യവിരുദ്ധരായവര്ക്കേ അത്തരം നടപടികള്‍ എടുക്കാനാവൂ, എന്നാല്‍, ആഗോളവല്ക്കരണത്തോടെ എങ്ങനെയും പണം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗമായി മാധ്യമ മേഖലയെ കണ്ടതോടെ മൂല്യങ്ങള്‍ ഇല്ലാതായി. മാധ്യമ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. സത്യമാണോ നുണയാണോ എന്നറിയാതെ വാര്‍ത്ത കൊടുക്കുകയാണ്. ചില അജണ്ടകളോടെ പ്രചാരണം നടത്തുകയാണ്. സത്യസന്ധമായ റിപ്പോര്‍ട്ടിംഗിനേക്കാള്‍ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വാര്‍ത്തകള്‍ ഉപയോഗിക്കപ്പെടുന്ന അവസ്ഥ. ഇതു പൊതുജനാഭിപ്രായത്തെ അശാസ്ത്രീയമായി സ്വാധീനിക്കുന്നു, എസ്. ഗുരുമൂര്‍ത്തി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി, കണ്ണൂര്‍ എസ് എന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.പി. സതീഷ്, മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജ്,ജന്മഭൂമി മുന്‍ പത്രാധിപര്‍ കെ.വി.എസ്. ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
ഭാരതം ഒളിമ്പിക്സ് നടത്തും: ജാവ്ദേക്കര്‍
2036 ലെ ഒളിമ്പിക്സ് ഭാരതം നടത്തുകയും കൂടുതല്‍ മെഡലുകള്‍ നേടുകയും ചെയ്യുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കായിക മേഖലയ്ക്ക് നല്‍കിവരുന്ന പിന്തുണ സമാനതകളില്ലാത്തതാണ്.
ഒളിമ്പിക്സ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ അതിന്റെ പ്രതിഫലനം കാണുന്നുണ്ട്. ജന്മഭൂമിയുടെ സുവര്‍ണ ജയന്തിയാഘോഷ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്വ വിജ്ഞാനോത്സവത്തില്‍ കായിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തിലുടനീളം മികവു പുലര്‍ത്തുന്നവരാണ് കായികതാരങ്ങള്‍. ഏതുകാര്യം ഏറ്റെടുത്താലും അത് വിജയത്തിലെത്തിക്കാനുള്ള കഴിവ് കായിക താരങ്ങള്‍ക്കുണ്ട്. പരിശീലനം, ഏകഗ്രത, ലക്ഷ്യ ബോധം, കൃത്യത, സമയ നിഷ്ഠ തുടങ്ങിയവ ഇതിന് അവരെ സഹായിക്കുന്നു. സിനിമാതാരങ്ങളെപ്പോലെ സെലിബ്രിറ്റികളായി കായികതാരങ്ങളെ ജനം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ജാവ്ദേക്കര്‍ പറഞ്ഞു..
കായിക മേഖലയ്ക്ക് നിസ്തുല സംഭാവന നല്കിയ മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്റര്‍ കെ.അബൂബക്കര്‍, ജന്മഭൂമിയുടെയും ദ ഹിന്ദുവിന്റെയും മുന്‍ ഫോട്ടാഗ്രാഫര്‍ രമേശ് കുറുപ്പ്, മലയാള മനോരമ മുന്‍ ഫോട്ടാഗ്രാഫര്‍ പി. മുസ്തഫ എന്നിവരെ പ്രകാശ് ജാവ്ദേക്കര്‍ ആദരിച്ചു.
ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സ് വി.ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ മുഖ്യ പ്രഭാഷണം നടത്തി. എല്‍എന്‍സിപിഇ ഡയറക്ടര്‍ ഡോ.ജി. കിഷോര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫ് അലി, കേരള ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് വി. സുനില്‍കുമാര്‍, കാലിക്കറ്റ് സര്‍വകലാശാല കായിക വകുപ്പ് മേധാവി ഡോ. സക്കീര്‍ ഹുസൈന് എന്നിവര്‍ സെമിനാറില്‍ സംസാരിച്ചു.
പുതിയ സഹകരണ നിയമം മേഖലയില്‍ കുതിച്ചു ചാട്ടത്തിനിടയാക്കും: സതീഷ് മറാഠെ
കോഴിക്കോട്: പുതിയ സഹകരണ നിയമം ഈ മേഖലയില്‍ കുതിച്ചുചാട്ടത്തിനിടയാക്കുമെന്ന് ആര്‍ബിഐ ഡയറക്ടര്‍ സതീഷ് മറാഠെ. സഹകരണ നിയമം കേന്ദ്രമുണ്ടാക്കിയത് മേഖലയെ കൂടുതല്‍ ശക്തമാക്കാനാണ്. പരമാവധി സ്വയംഭരണവും അതേ സമയം മാനദണ്ഡങ്ങള്‍ പാലിക്കുന്ന നിയന്ത്രണവുമുള്ളതാണ് പുതിയ നിയമം അദ്ദേഹം പറഞ്ഞു.
സഹകാര്‍ ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. സദാനന്ദന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അഡ്വ.കരുണാകരന് നമ്പ്യാര്‍, ഏറാമല സര്‍വ്വീസ് സഹകരണബാങ്ക് ചെയര്മാന് മനയത്ത് ചന്ദ്രന്, കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ്, കെ.രാജശേഖരന്, എന്‍.ആര്. പ്രതാപന് എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ ചിന്തയെ മുഖ്യധാരയില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുന്നു
ദേശീയ ചിന്താഗതിയെ മുഖ്യധാരയില്‍നിന്ന് അകറ്റാന്‍ കേരളത്തില്‍ തീവ്രമായ ശ്രമം നടക്കുന്നതായി ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹും ജന്മഭൂമി എംഡിയുമായ എം.രാധാകൃഷ്ണന്. കേരളത്തെ ഭാരതത്തില്‍ നിന്ന് അടര്ത്തിമാററാന് പലരീതിയില്‍ പരിശ്രമിക്കുന്നു. സാംസ്കാരിക പരിപാടികളെന്ന പേരില്‍ കേരളത്തിന് നടക്കുന്ന പലതും ഈ ലക്ഷ്യം വെച്ചുള്ളതാണ്. ജന്മഭൂമി സുവര്‍ണ്ണജയന്തി ആഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഘോഷ സമിതി അധ്യക്ഷ പി.ടി. ഉഷ എംപി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികസനക്കുതിപ്പില്‍ തുടരുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജന്മഭൂമിയുടെ ദൗത്യം കൂടുതല്‍ ശക്തമായി തുടരട്ടെ എന്ന് ഉഷ ആശംസിച്ചു. ചടങ്ങില്‍ ജന്മഭൂമിയുടെ തുടക്കക്കാരില്‍ പ്രമുഖനായ കെ. രാമന്പിള്ളയെ ആദരിച്ചു. വൈകിട്ട് കലാസന്ധ്യയില്‍ ഭരതനാട്യവും ഹരിശ്രീ അശോകന് നയിച്ച മ്യൂസിക്കല്‍ മെഗാ ഷോയും അരങ്ങേറി.
.