ഇന്ത്യയിലും വിദേശത്തും സഞ്ചരിക്കുന്നതിനിടയില്‍ ഒരുപാട് വിമാനത്താവളങ്ങള്‍ കാണാനിടവന്നിട്ടുണ്ട്. മിക്കവാറും എല്ലാ വിമാനത്താവളങ്ങള്‍ക്കും ആ നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടേയോ, മറ്റ് മഹദ് വ്യക്തികളുടേയോ പേര് നല്‍കി ആദരിച്ചിരിക്കുന്നതു കാണാം. നമ്മുടെ കൊച്ചു കേരളത്തിലുമുണ്ടല്ലോ നാല് വിമാനത്താവളങ്ങള്‍. ജഗദ്ഗുരു ആദി ശങ്കരാചാര്യരും, ശ്രീനാരായണഗുരുവും, ചിത്തിര തിരുനാള്‍ മഹാരാജാവും, പഴശ്ശിരാജാവുമൊന്നും നമ്മുടെ നേതാക്കള്‍ക്ക് ‘പോരാ’യിരിക്കുമെന്നു തോന്നുന്നു.
സെക്യൂരിറ്റി ജീവനക്കാര്‍ വിമാനത്തിനകത്തേക്ക് കടന്നുവന്ന് ഞങ്ങളുടെ ബോര്‍ഡിംഗ് പാസ്സുകള്‍ പരിശോധിച്ചു. ക്യാബിന്‍ ബാഗേജുകളുടെ യഥാര്‍ത്ഥ അവകാശികള്‍ ആരൊക്കെയാണെന്നു ചോദിച്ചു മനസ്സിലാക്കി. വേണുജി വര്‍ദ്ധിച്ച ആഹ്ലാദത്തോടെ എനിക്കും ജയകുമാറിനും ഹസ്തദാനം നല്‍കി. ബാക്കി എല്ലാവരോടും ക്ഷേമാന്വേഷണം നടത്തി. അപ്പോഴേക്കും എയര്‍ ഹോസ്റ്റസിന്റെ അറിയിപ്പുവന്നു – വിമാനം പറന്നുയരാന്‍ പോവുകയാണ്… എല്ലാരും കുത്തിരിക്കീന്‍!
മലകളും കുന്നുകളും താഴ്‌വരകളും പുഴകളും വീടുകളും വ്യക്തമായി കാണുന്ന തരത്തില്‍ താഴ്ന്നാണ് വിമാനം പറന്നിരുന്നത്. 7.30ന് ഗുവാഹത്തിയില്‍ നിന്നും പുറപ്പെട്ട വിമാനം 8.30ന് നാഗാലാന്റിലെ ദിമാപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഇത് ഒരു ആഭ്യന്തര വിമാനത്താവളമാണ്. രണ്ടാംലോക മഹായുദ്ധകാലത്ത് നിര്‍മ്മിച്ച ഈ വിമാനത്താവളത്തില്‍ നിന്നും ഗുവാഹത്തി, കൊല്‍ക്കത്ത, ഇംഫാല്‍, ഐസോള്‍, ഷില്ലോംഗ്, ദിബ്രൂഗഢ് എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകളുണ്ട്.
ബംഗളുരു, ഹൈദരാബാദ് യാത്രികര്‍ എത്തിയിട്ടില്ല. ഞങ്ങളുടെ ഗൈഡ് അസംകാരന്‍ പ്രാചുര്‍ജ്യദേക്ക എന്ന പ്രാചു രണ്ടു ടെംപോ ട്രാവലറുകളുമായി വന്നിരുന്നു. 28-30 വയസ്സുപ്രായമുള്ള പ്രാചു ഇംഗ്ലീഷിലാണ് ഞങ്ങളോട് സംസാരിച്ചത്.
കേരളത്തില്‍ നിന്നെത്തിയ 13 പേരെ പ്രാചുവിന്റെ (അസംകാരന്‍ ഗൈഡ്) കൂടെ ദിമാപ്പൂരിലെ ഹോട്ടല്‍ ‘സാരമതി’യിലെത്തിച്ചു. ഞങ്ങള്‍ക്കുവേണ്ടി അവിടെ ബ്രേക്ക് ഫാസ്റ്റ് ഒരുക്കിയിരുന്നു. ബ്രെഡ്, ബട്ടര്‍, ജാം, കോണ്‍ഫ്‌ളേക്‌സ്, ഓംലറ്റ്, ചായ, കാപ്പി എന്നിവയായിരുന്നു വിഭവങ്ങള്‍. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ട് എല്ലാവരും ആസ്വദിച്ച് ഭക്ഷണം കഴിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞങ്ങള്‍ പരിചയപ്പെടുകയും, ഇതുവരെ എത്രദൂരം യാത്ര ചെയ്തിട്ടുണ്ടാകും എന്ന് ചര്‍ച്ച ചെയ്യുകയുമുണ്ടായി.
(റോഡ് മാര്‍ഗ്ഗമാണ് യാത്ര ചെയ്യുന്നതെങ്കില്‍ നാലഞ്ച് ദിവസമെങ്കിലും വേണ്ടിവരുമായിരിക്കും; ഇതിന്റെ രണ്ടിരട്ടി ദൂരവും കാണും- എന്ന് ഞാന്‍ ഊഹിക്കുന്നു)
ദിമാപ്പൂര്‍
നാഗാലാന്റിലെ ഏറ്റവും വലിയ പട്ടണമാണ് ദിമാപ്പൂര്‍. അസമിന്റെ അതിര്‍ത്തി പങ്കിടുന്ന ഈ പട്ടണം നാഗാലാന്റിന്റെ പ്രധാന വാണിജ്യകേന്ദ്രവുമാണ്. ധന്‍സിരി എന്ന നദിയുടെ തീരത്തു സ്ഥിതിചെയ്യുന്നതു കൊണ്ടാണ് ഈ സ്ഥലത്തിന് ദിമാപ്പൂര്‍ എന്ന പേര് കിട്ടിയത്. ദി=വെള്ളം; മാ=വലുത്; പുര്‍/പുരം=നഗരം. വെള്ളത്തിനു സമീപം (നദി) സ്ഥിതിചെയ്യുന്ന വലിയ നഗരം എന്നു ചുരുക്കം.
വേറൊരു കഥകൂടി പ്രചാരത്തിലുണ്ട്. ഭീമസേനന്റെ പത്‌നിയായ ഹിഡിംബയുടെ നഗരം – ഹിഡിംബാപ്പൂര്‍ – കാലക്രമേണ ലോപിച്ച് ദിമാപ്പൂര്‍ ആയതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
കേരളത്തില്‍ 50 വര്‍ഷം മുന്‍പ് കാണാറുണ്ടായിരുന്ന റോഡുകള്‍ ഞങ്ങള്‍ വീണ്ടും അവിടെ കണ്ടു. ടാറിട്ട വീതിയേറിയ റോഡുകള്‍ വിരളം. പൊടിപറക്കുന്ന, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചാഞ്ചാടിയാടിയാണ് ശകടത്തിന്റെ യാത്ര. വഴിയ്ക്ക് ഇരുവശത്തും ഇടതൂര്‍ന്ന വനങ്ങളാണ്. മുളങ്കൂട്ടങ്ങള്‍ കണ്ടപ്പോള്‍ തിരുനെല്ലിയിലേക്കു പോയ ഓര്‍മ്മവന്നു. ബ്രഹ്മപുത്രയുടെ കൈവഴിയായ ധന്‍സിരി നദി ഈ നഗരത്തെ ഫലഭൂയിഷ്ഠമാക്കുന്നു. ഒപ്പം ലക്ഷക്കണക്കിന് ജീവജാലങ്ങള്‍ക്ക് ദാഹജലവും നല്‍കുന്നു.
“Ruins of kachari Rajbari” എന്ന് പുരാവസ്തുവകുപ്പ് സ്ഥാപിച്ച ബോര്‍ഡിനടുത്ത് ഞങ്ങളുടെ വാന്‍ നിര്‍ത്തി. എല്ലാവരും പ്രാചുവിനോടൊപ്പം വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചിരിക്കുന്ന മൈതാനത്തെത്തി. അതിന്റെ പ്രത്യേകത എന്താണെന്ന് പ്രാചു വിവരിച്ചു തന്നു.
10-ാം നൂറ്റാണ്ടില്‍ നാഗാലാന്റില്‍ നിലനിന്നിരുന്ന കച്ഛരി എന്ന രാജ്യത്തിന്റെ അവശേഷിപ്പുകളിലൊന്നാണ് നമ്മളിപ്പോള്‍ കാണുന്നതെന്നു മനസ്സലാക്കി. കരിങ്കല്‍ തൂണുകളുടെയറ്റത്ത്, ഈയിടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സുലഭമായി കണ്ടുവരുന്ന മഷ്‌റൂമിന്റെ (കൂണ്‍) ആകൃതിയില്‍ ഒരു എടുപ്പ് കാണാം. ഈ തൂണുകള്‍ കണ്ടിട്ട് ആരുടെയോ ഭാവനയ്ക്ക് ചിറകുമുളച്ചു. ഹിഡിംബയുടേയും ഭീമസേനന്റേയും പൊന്നോമനപ്പുത്രന്‍ ഘടോത് കചന്‍ ചതുരംഗം കളിക്കാനുപയോഗിച്ച കരുക്കളാണത്രെ ഇവ! വാസ്തവം. നമ്മളെപ്പോലയുള്ളവര്‍ക്കൊന്നു അനക്കാന്‍ പോലും കഴിയാത്തത്ര തൂക്കമുള്ള കരിങ്കല്‍ തൂണുകളാണവ.
ദിമാപ്പൂരിനെപ്പറ്റി പ്രാചു ചില വിവരങ്ങള്‍ കൂടി പറഞ്ഞുതന്നു. 13-ാം നൂറ്റാണ്ടില്‍ ദിമാസ എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യയും ഇംപീരിയല്‍ ജപ്പാനും തമ്മില്‍ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെച്ച് പൊരിഞ്ഞയുദ്ധം നടന്നു. ഇവിടെ വിമാനത്താവളമുള്ളതുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യന്‍ പട്ടാളക്കാരെ കൊണ്ടുവരാനും ജപ്പാന്‍ സേനയെ (+INA) തുരത്താനും സാധിച്ചു.
യുദ്ധത്തിനുശേഷം അമേരിക്ക, യൂറോപ്പ് എന്നീ സ്ഥലങ്ങളില്‍ നിന്നും ക്രിസ്തുമത പ്രചാരകര്‍ നാഗാലാന്റിലെത്തുകയും (ദിമാപ്പൂര്‍ വഴി) ബഹുഭൂരിപക്ഷം ജനങ്ങളെയും ക്രിസ്തുമത വിശ്വാസികളാക്കി മാറ്റുകയും ചെയ്തു.
ദിമാപ്പൂരില്‍ നിന്നും മൂന്നുമണിക്കൂര്‍ കുലുങ്ങിക്കുലുങ്ങി യാത്ര ചെയ്ത്, 75 കിലോമീറ്റര്‍ താണ്ടി കൊഹീമയിലെത്തിച്ചേര്‍ന്നു. റോഡുകളില്‍ തിരക്കേറി. ഇടയ്ക്കിടയ്ക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. നാഗാലാന്റിലെ രണ്ടാമത്തെ വലിയ പട്ടണമാണ് കൊഹീമ. ദിമാപ്പൂരിനേയും കൊഹീമയേയും ബന്ധിച്ചുകൊണ്ടുള്ള നാലുവരിപ്പാതയുടെ നിര്‍മ്മാണം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്.
ഞങ്ങള്‍ക്കുവേണ്ടി ഹോട്ടല്‍ ഈഡന്‍ എന്ന, സാമാന്യം നല്ല സൗകര്യമുള്ള ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്തിരുന്നു. ഞങ്ങള്‍ക്കു കിട്ടിയ 205-ാം നമ്പര്‍ മുറിക്ക് നല്ലൊരു ബാല്‍ക്കണിയുമുണ്ടായിരുന്നു, നട്ടുച്ചയായിട്ടും മുറി എയര്‍കണ്ടീഷന്‍ ചെയ്തതുപോലെ ഊഷ്മാവ് വെറും 20°C. എല്ലാവരും കുളിച്ച് വൃത്തിയായി ഭക്ഷണം കഴിക്കാന്‍ ഡൈനിംഗ് ഹാളിലെത്തി. ചൂടു രോട്ടി, സബ്ജി, ദാല്‍, ചോറ്, പപ്പടം, സലാഡ് എന്നിവ രുചികരമായിരുന്നു. ഭക്ഷണത്തിനുശേഷം എല്ലാവരും വിശ്രമിച്ചു. ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചുകേരളത്തില്‍ നിന്നും വടക്കുകിഴക്കേ അറ്റത്തുള്ള നാഗാലാന്റിന്റെ തലസ്ഥാനത്ത് 2800 കിലോമീറ്ററോളം ആകാശമാര്‍ഗ്ഗം എത്തിയിരിക്കയാണ് ഞങ്ങള്‍. അതൊരു ചില്ലറക്കാര്യമാണോ?
കൊഹീമയില്‍ 2022 നവംബര്‍ 18.
ആരോ ഉറക്കെ സംസാരിക്കുന്നതുകേട്ട് ഞെട്ടിയുണര്‍ന്നു. പുറത്ത് കൂരിരുട്ട്. എത്ര മണിയായെന്ന് മൊബൈലില്‍ നോക്കിയപ്പോള്‍ വിശ്വസിക്കാനാകുന്നില്ല. വൈകിട്ട് 5 മണിയാകുന്നതേയുള്ളൂ. വീണ്ടും ഉറക്കെയുള്ള സംസാരം. ”സറസ്വതീ, നീ വായെ മൂട്” – ങേ, തമിഴിലാണല്ലോ സംഭാഷണം!! ഞങ്ങള്‍ ‘വാട്ട്‌സ് ആപ്പ്’ ഗ്രൂപ്പില്‍ ഏതോ ഒരു അയ്യരുടെ പേരുകണ്ടിരുന്നു. അദ്ദേഹമായിരിക്കും തമിഴില്‍ ഇത്ര ഉറക്കെ ഭാര്യയോട് സംസാരിച്ചത് എന്ന് ഊഹിച്ചു.
സന്ധ്യയ്ക്ക് ഏഴരയ്ക്ക് ഡൈനിംഗ് ഹാളില്‍ സത്‌സംഗ് ഉണ്ടായിരിക്കുമെന്ന് വാട്ട്‌സ് ആപ്പില്‍ സന്ദേശമുണ്ടായിരുന്നു. ഞങ്ങള്‍ ചൂടുവെള്ളത്തില്‍ കുളിച്ച്, വസ്ത്രം മാറ്റി, സ്വെറ്ററും ജാക്കറ്റുമണിഞ്ഞ് ഡൈനിംഗ് ഹാളിലേക്കു നടന്നു. ബാംഗളുരു ടീം – 5 പേര്‍ – അവിടെ എത്തിയിരിക്കുന്നു. അവരെ സൂം മീറ്റിംഗില്‍ കണ്ടിരുന്നു. അതുകൊണ്ട് പ്രത്യേകം പരിചയപ്പെടേണ്ട ആവശ്യം വന്നില്ല – ഉഷ, സന്ധ്യ, കുസുമ, ബസവണ്ണ, മഹാദേവ എന്നിവര്‍.
സത്‌സംഗില്‍ എല്ലാവരും സ്വയം പരിചയപ്പെടുത്തി. അതുകഴിഞ്ഞയുടനെ വേണുജി അപ്രതീക്ഷിതമായി ചോദിച്ചു – ”ആര്‍ക്കെങ്കിലും എല്ലാവരുടേയും പേരുപറയാന്‍ പറ്റുമോ?” കൈലാസയാത്രയ്ക്കിടയില്‍ എനിക്ക് ‘ആശമ്മ’ എന്ന പേര് ചാര്‍ത്തിക്കിട്ടിയിരുന്നു. ആ ഓര്‍മ്മയില്‍ വേണുജി പറഞ്ഞു ”Ashamma, you try first”” എന്ന്. ആളുകളുടെ എണ്ണം കുറവായതുകൊണ്ട് എല്ലാവരുടേയും പേര് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. എനിക്കുശേഷം ശങ്കര്‍ അയ്യര്‍ എന്ന ‘സ്വാമി’യും എല്ലാവരുടേയും പേരുകള്‍ കൃത്യമായി വളരെ ‘ഉറക്കെ’ പറഞ്ഞു. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പിന്നീട് സമ്മാനം നല്‍കുന്നതായിരിക്കുമെന്ന് വേണുജി പ്രഖ്യാപിച്ചപ്പോള്‍ കരഘോഷം മുഴങ്ങി.
രോട്ടി, പനീര്‍കറി, ആലുമട്ടര്‍, റൈസ്, ചിക്കന്‍ കറി എന്നിവയൊക്കെ കഴിച്ചതിനുശേഷം, പ്രാചു എല്ലാവരോടും സംസാരിച്ചു.
നാഗാലാന്റ്
നാലുവശത്തും കരകളാല്‍ ചുറ്റപ്പെട്ട (Land locked) സംസ്ഥാനമാണ് നാഗാലാന്റ്. അരുണാചല്‍പ്രദേശ്, അസം, മണിപ്പൂര്‍, മ്യാന്‍മര്‍ എന്നിവയാണ് അയല്‍ക്കാര്‍. തലസ്ഥാനം കൊഹീമ. ഏറ്റവും വലിയ പട്ടണം/സിറ്റി ദിമാപ്പൂര്‍. ഇന്ത്യയിലെ 16-ാമത്തെ സംസ്ഥാനമായ ഈ ഇത്തിരിക്കുഞ്ഞന്‍ 1963 ഡിസംബര്‍ 1ന് നിലവില്‍ വന്നു.
അധികവും പര്‍വ്വതപ്രദേശങ്ങളാണ് ഈ സംസ്ഥാനത്ത് കണ്ടുവരുന്നത്. പ്രധാന വരുമാനം (70%) കൃഷിയിലൂടെ ലഭിക്കുന്നു. ഇതുകൂടാതെ പെട്രോളിയം, പലതരം ധാതുലവണങ്ങള്‍ എന്നിവയും ഖനനം ചെയ്തുവരുന്നു. മുള, ചൂരല്‍, മരം എന്നിവ ഉപയോഗിച്ച് പലതരം കരകൗശല വസ്തുകള്‍ നിര്‍മ്മിക്കുന്ന കുടില്‍ വ്യവസായവും ജനങ്ങള്‍ക്ക് വരുമാനം നേടിക്കൊടുക്കുന്നു.
എങ്ങനെയാണ് നാഗാലാന്റിന് ആ പേരുകിട്ടിയത്? അതൊരു ബര്‍മ്മീസ് വാക്കാണെന്നു കരുതപ്പെടുന്നു. ‘നാ-കാ’ എന്ന വാക്കിന്റെയര്‍ത്ഥം ചെവി, മൂക്ക് എന്നിവ തുളച്ച് ആഭരണം ധരിക്കുന്നവര്‍ എന്നാണത്രെ.
16 തരം വനവാസികളാണ് ഈ സംസ്ഥാനത്തുള്ളത്. തലസ്ഥാനനഗരമായ കൊഹീമയില്‍ അംഗാമി എന്ന വനവാസി സമൂഹമാണ് പ്രധാനമായും കണ്ടുവരുന്നത്.
കൊഹീമ
രക്തപങ്കിലമായ ഒരു ഭൂതകാലത്തിന്റെ കഥ പറയാനുണ്ട് കൊഹീമയ്ക്ക്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ സൈന്യവും, ഇന്ത്യന്‍ നാഷണല്‍ ആര്‍മിയും ജപ്പാന്‍കാരും അടങ്ങുന്ന സൈന്യവും തമ്മില്‍ രൂക്ഷമായ പോരാട്ടം നടന്നു. രണ്ടുഭാഗത്തും കനത്ത ആള്‍ നഷ്ടമുണ്ടായി. ജപ്പാന്‍ സൈന്യവും ഐഎന്‍എയും തോറ്റു പിന്മാറി. “”stalingrad of the East” എന്നാണത്രെ ഈ യുദ്ധത്തെ അക്കാലത്ത് വിശേഷിപ്പിച്ചിരുന്നത്.
കൊഹീമയുടെ ആദ്യകാലനാമം ക്യൂഹി-റാ എന്നായിരുന്നുവത്രെ. ‘ക്യൂഹി’ എന്ന പുഷ്പം പൂക്കുന്ന നാട് എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ബ്രിട്ടീഷുകാരുടെ വരവോടെ പേരുമാറി. അവര്‍ക്ക് ക്യൂഹി-റാ എന്ന് ഉച്ചരിക്കാന്‍ പറ്റുന്നില്ല. അങ്ങനെയാണ് ‘കൊഹീമ’ എന്ന വാക്ക് നിലവില്‍ വന്നത്.
കൊഹീമയും – നാഗാലാന്റും – “”DRY” ആണ് – അതായത് മദ്യം ലഭിക്കാത്ത സ്ഥലം എന്നര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍, ജലദൗര്‍ലഭ്യമുള്ളതുകൊണ്ടും ഈ സംസ്ഥാനം ‘””DRY” ‘ ആണ്. വൈദ്യുതിയുടെ ഉല്‍പാദനവും കുറവാണ്. പല തവണ കറന്റ് പോകുന്നത് നിത്യസംഭവമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി.
സൂര്യന്‍ രാവിലെ നാലര-അഞ്ച് ആകുമ്പോഴേയ്ക്കും ഉദിക്കും; വൈകീട്ട് 4.50-5 ആകുമ്പോഴേക്കും അസ്തമിക്കും – പ്രത്യേകിച്ച് നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ശൈത്യകാലത്ത്.
നാളെ രാവിലെ നമ്മള്‍ ”ഖൊനോമ” എന്ന ഗ്രാമം കാണാന്‍ പോകുന്നതായിരിക്കും; രാവിലെ 7.30ന് ഭക്ഷണം കഴിച്ച് 8 മണിക്ക് പുറപ്പെടാം എന്നു പറഞ്ഞ്. മീറ്റിംഗ് അവസാനിപ്പിച്ചു മ്മ്‌ടെ പ്രാചു.
(തുടരും)