നവംബര്‍ 2 നിത്യചൈതന്യയതിയുടെ ജന്മശതാബ്ദി ദിനമായിരുന്നു.
(ഗുരു നിത്യചൈതന്യ യതിയുടെ ജന്മശതാബ്ദി വര്‍ഷമാണ് 2024. കേരളം ലോകത്തിനു സമ്മാനിച്ച ആചാര്യ ശ്രേഷ്ഠന്മാരില്‍ പ്രമുഖന്‍. ബ്രഹ്മവിദ്യയുടെ പുന:പ്രതിഷ്ഠക്കായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം രമണ മഹര്‍ഷിയില്‍ നിന്നാണ് ദീക്ഷ സ്വീകരിച്ചത്. യുഗപുരുഷനായ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ലോകത്താകമാനം പ്രചരിപ്പിക്കാന്‍ വേണ്ടി മൈസൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി വിമലാനന്ദ നാരായണ ഗുരുകുലത്തിന്റെ സ്ഥാപകാധ്യക്ഷനായ നടരാജ ഗുരുവിന് സമര്‍പ്പിച്ച നിത്യ ചൈതന്യം.)
സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീണ യുദ്ധപ്പറമ്പിലെ ഈ ശരശയ്യയില്‍ അദ്വൈതസാരം വളര്‍ത്തുവാനീ മണ്ണില്‍ തത്ത്വമസിയുടെ വിത്ത് വിതച്ചവരവാണ് ഋഷിമാര്‍. പാരെങ്ങും പറന്നുനടന്ന് മുനി നാടിന്റെ മുഖാകൃതിമാറ്റിയ നിത്യ ചൈതന്യങ്ങളായിരുന്നു അവര്‍.
ഋഷി പാരമ്പര്യത്തിന്റെ മാഹാത്മ്യത്തെ വയലാര്‍ തന്റെ രചനകളില്‍ കോറിയിട്ടത് ഇങ്ങനെയാണ്. ഗുരു-ശിഷ്യ ബന്ധത്തിന്റെ ഉദാത്തമായ ഈ പാരമ്പര്യം ഇന്നും പല കൈവഴികളിലായി പുലരുന്നുമുണ്ട്.
”ഉത്തിഷ്ഠത ജാഗ്രതാ പ്രാപ്യവരാന്‍ നിബോധത” എന്ന ഉപനിഷത്ത് സന്ദേശവുമായി ലോകത്തുടനീളം സഞ്ചരിച്ച ശ്രീരാമകൃഷ്ണ ശിഷ്യനായ സ്വാമി വിവേകാനന്ദന്റെ പേര് അക്കൂട്ടത്തില്‍ പ്രസിദ്ധമാണ്. ഇതുപോലെ പലമതസാരവുമേകം എന്ന ഏകാത്മകതയുടെ തത്ത്വം പഠിപ്പിക്കുന്നതിന് ജീവിതം സമര്‍പ്പിച്ച പരിവ്രാജകനാണ് ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരു. ഈ മഹാത്മാക്കള്‍ ഭൂഖണ്ഡാന്തര യാത്രകള്‍ നടത്തിയത് പ്രധാനമായും ഒരു കാര്യത്തിനായിരുന്നു. സിന്ധു-ഗംഗാനദീതീരം വളര്‍ത്തിയ ബ്രഹ്മവിദ്യയെ കാലത്തിന്‍ കൈനഖ കല പതിപ്പിച്ച് പുതുക്കി നിശ്ചയിച്ചയക്കുക, അതായിരുന്നു ലക്ഷ്യം.
ആ വിത്തിനെ പരിപാലിക്കാനും, അതിലെ വിരിഞ്ഞ പൂവിനേയും, വീണപൂവിനേയും ഒരുപോലെ വിരുന്നൊരുക്കാന്‍ ഒരു ശിഷ്യന്റെ മനോഭാവത്തോടെ സഞ്ചരിച്ച ജീവനകലയിലെ ലാവണ്യമായിരുന്നു ഗുരു നിത്യചൈതന്യ യതി.
പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ലെന്ന ഗ്രാമത്തില്‍ നിന്നും മുറിവില്ലാത്ത അറിവ് തേടിയുള്ള യാത്രയില്‍ വിവിധ തരത്തിലുള്ള മുനിജനങ്ങളെ കാണുകയും അവരില്‍ നിന്നെല്ലാം ഒരു പൂമ്പാറ്റ വിവിധ പൂക്കളില്‍ നിന്നും തേന്‍ നുകരുന്നതു പോലെ നിത്യമായ ചൈതന്യത്തെ അറിഞ്ഞ്, ആചരണത്തിലൂടെ അനുഭവിച്ച്, നിത്യ ചൈതന്യ യതി എന്ന പേര് അദ്ദേഹം അന്വര്‍ത്ഥമാക്കി.
ധൈഷണിക കേരളം ലോകത്തിന് സമ്മാനിച്ച മഹാപുരുഷന്മാരില്‍ പലതുകൊണ്ടും ശ്രദ്ധേയന്‍. ആധുനിക മനഃശാസ്ത്രം, തത്ത്വചിന്ത, ഭാഷാശാസ്ത്രം, സൗന്ദര്യശാസ്ത്രം, കല, സാഹിത്യം, വേദാന്തം എന്നിങ്ങനെയുള്ള വിജ്ഞാനത്തിന്റെ വിവിധ തലങ്ങളില്‍ അസാധാരണമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഉപനിഷത്തുക്കള്‍, ഭഗവത് ഗീത, പതഞ്ജലി യോഗസൂത്രം, ശ്രീനാരായണ ഗുരുദേവ കൃതികള്‍ തുടങ്ങിയവയുടെ വ്യാഖ്യാനങ്ങളടക്കം 112 കൃതികള്‍ മലയാളത്തിലും 50 എണ്ണം ഇംഗ്ലീഷ് ഭാഷയിലും അദ്ദേഹത്തിന്റെതായി ലഭിക്കുന്നുണ്ട്. ഇതുകൂടാതെ ഗുരുകുല ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ശിഷ്യന്മാര്‍ എന്നിവര്‍ക്ക് അയച്ച കത്തുകളും വിവിധ പുസ്തകങ്ങള്‍ക്ക് എഴുതിയ അവതാരികകളും അറിവിന്റെ അടരുകളിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ പര്യാപ്തമാണ്.
യതിയായി മാറിയ ജയചന്ദ്ര പണിക്കര്‍
അധ്യാപകന്‍, കവി, ചിന്തകന്‍, സന്യാസി, ഗ്രന്ഥകര്‍ത്താവ്, ദാര്‍ശനികന്‍, വ്യാഖ്യാതാവ്, മനോവൈജ്ഞാനികന്‍ നാരായണ ഗുരുകുലത്തിന്റെ ആചാര്യന്‍ എന്നീ നിലകളില്‍ സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ച ഉദാര മനസ്‌ക്കനായിരുന്നു നിത്യചൈതന്യ യതി.
1924 നവംബര്‍ രണ്ടിന് കവിയായ പന്തളം രാഘവ പണിക്കരുടേയും വാമാക്ഷിയമ്മയുടെയും മകനായി പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞകല്ല് എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.
ജയചന്ദ്ര പണിക്കര്‍ എന്നായിരുന്നു പേര്. രമണമഹര്‍ഷിയില്‍ നിന്നും സന്യാസദീക്ഷ സ്വീകരിച്ച ശേഷമാണ് ഗുരു നിത്യ ചൈതന്യയതി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. മാതാപിതാക്കളില്‍ നിന്ന് ലഭിച്ച ജീവിതമാതൃകയും മഹാ ഗുരുക്കന്മാരില്‍ നിന്ന് ലഭിച്ച ആത്മീയ ഉപദേശവും അനുഗ്രഹവുമാണ് ജയചന്ദ്രനെ നിത്യ ചൈതന്യ യതിയായി പാകപ്പെടുത്തിയത്. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവില്‍ നിന്നും ലഭിച്ച ശിക്ഷണത്തിലൂടെയാണ് യഥാര്‍ത്ഥത്തില്‍ യതിയുടെ ലോക ബോധത്തിലേക്ക് അദ്ദേഹം ഉയരുന്നത്. അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം എന്നിങ്ങനെയുള്ള യമ നിയമാദികളാകുന്ന യതമയെ ജീവിതത്തില്‍ ആചരിച്ചവരെയാണ് പൊതുവേ ‘യതി’ എന്ന് വിശേഷിപ്പിക്കുന്നത്.
കരള്‍ക്കാമ്പിലുല്‍കൃഷ്ടമാം, നീതിബോധം
നരര്‍ക്കേകി, രാഗാമൃതം തൂകി നിത്യം
ചരിക്കീജഗത്തില്‍ ‘ജയ’ ശ്രീപുലര്‍ത്തി
സ്ഫുരിപ്പൂ മഹല്‍ ജീവകാരുണ്യചന്ദ്രന്‍.
ഒന്‍പത് വയസു മാത്രം പ്രായമുള്ള ജയചന്ദ്രന് അച്ഛന്‍ നല്‍കിയ ഉപദേശമാണിത്. അച്ഛന്റെ ഉപദേശവും അമ്മ നല്‍കിയ വാല്‍സല്യവും പൂര്‍വാശ്രമത്തിലും സന്യാസാശ്രമത്തിലും ഒരുപോലെ കൊണ്ട് നടന്ന മനുഷ്യസ്‌നേഹി.
തന്റെ ജീവിതത്തിന്റെ നേര്‍രേഖ വരച്ച ഈ ഉപദേശവും സ്‌നേഹവും ജീവിതത്തിലുടനീളം പരിപാലിക്കാന്‍ ശ്രമിച്ച കാര്യം അദ്ദേഹം പല സന്ദര്‍ഭങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
മനുഷ്യകഥാനുഗായികളായ സാഹിത്യകാരന്മാരിലേക്ക് ചെറുപ്പത്തില്‍ തന്നെ ശ്രദ്ധ തിരിയാനുള്ള കാരണം അച്ഛന്‍ പകര്‍ന്നു നല്‍കിയ കാവ്യ സംസ്‌ക്കാരമാണ്. സ്‌നേഹമാണഖിലസാരമൂഴിയില്‍ സ്‌നേഹസാരമിഹ സത്യമേകമാം എന്ന് തുടങ്ങുന്ന ആശാന്‍ കവിതയിലെ വരികള്‍ ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിഞ്ഞത് മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ നിധിയാണെന്നും പില്‍ക്കാലത്ത് അദ്ദേഹം കുറിച്ചിട്ടുണ്ട്. കൊല്ലം എസ്.എന്‍ കോളേജിലേയും, മദ്രാസ് വിവേകാനന്ദ കോളേജിലേയും തത്ത്വശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ എന്ന നിലയില്‍ സേവനം അനുഷ്ഠിച്ച ശേഷമാണ് സന്യാസത്തിന്റെ വഴിയിലേക്ക് നീങ്ങിയത്.
രമണാശ്രമത്തില്‍ നിന്നും സന്യാസ ദീക്ഷ സ്വീകരിച്ചതിന് ശേഷം ഒരിക്കല്‍ മൈസൂരിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിലെ വിമലാനന്ദ സ്വാമികളുടെ അടുത്ത് ചെന്ന് അവിടെ അന്തേവാസിയാകാനുള്ള തന്റെ ആഗ്രഹം പറഞ്ഞു. ആ സമയത്ത് വിമലാനന്ദ സ്വാമികള്‍ പറഞ്ഞത് ഇങ്ങനെയാണ്.
‘കേരളത്തില്‍ രാമകൃഷ്ണ വിവേകാനന്ദ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ സന്യാസിമാര്‍ ധാരാളമുണ്ട്. നാരായണ ഗുരുവിന് ആരുണ്ട്? നടരാജന്‍ മാത്രം. അതുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകണം. ഊട്ടിയിലെ നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായ നടരാജനെ ഉടന്‍ പോയി കാണണം.’
സ്വാമികളുടെ ഉപദേശം ശിരസാ വഹിച്ച് ഊട്ടിയിലെ ഫേണ്‍ഹില്ലിലുള്ള നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായ നടരാജ ഗുരുവിന്റെ അടുത്തെത്തി. നടരാജ ഗുരുവാകട്ടെ ഏറെനാളായി കാത്തിരുന്ന ശിഷ്യനെ എന്നപോലെ അപ്പോള്‍ തന്നെ ഹൃദയം കൊണ്ട് സ്വീകരിച്ചു.
പിന്നീട് മുനിജനസേവ ഉപാസനയായി സ്വീകരിച്ച് അവിടെ കഴിഞ്ഞു. നടരാജഗുരുവിന്റെ മഹാസമാധിക്ക് ശേഷം നാരായണ ഗുരുകുലത്തിന്റെ രണ്ടാമത്തെ അധ്യക്ഷനായി നടരാജ ഗുരു എഴുതി വെച്ചിരിക്കുന്നത് നിത്യ ചൈതന്യ യതിയുടെ പേരായിരുന്നു. അങ്ങനെ ഗുരുകുലത്തിന്റെ ചുമതലയേറ്റ് ജീവിതാവസാനം വരെ നാരായണ ഗുരുകുലത്തിന്റെ നാരായവേരായി മാറുകയായിരുന്നു.
അഭിനവ വിവേകാനന്ദന്‍ എന്നറിയപ്പെടുന്ന ആഗമാനന്ദ സ്വാമികള്‍ കേരളത്തിന്റെ ആധ്യാത്മിക സാംസ്‌കാരിക രംഗത്തിന്റെ തലക്കുറി മാറ്റിയെഴുതിയ ആചാര്യനാണെന്ന് ഏവര്‍ക്കും അറിയാമല്ലോ. ശ്രീനാരായണ ഗുരുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന അദ്ദേഹം തന്നെ ജീവിതത്തില്‍ പാലിച്ചതും നടപ്പിലാക്കിയതും ഗുരുദേവന്റെ ഉപദേശങ്ങള്‍ ആയിരുന്നു. യഥാര്‍ത്ഥത്തില്‍ രാമകൃഷ്ണ വിവേകാനന്ദ സന്ദേശം പ്രചരിപ്പിക്കാന്‍ ഗുരുദേവന്‍ നല്‍കിയ സമ്മാനമാണ് ആഗമാനന്ദ സ്വാമികള്‍. അതിനുള്ള തൃപ്പാദ കാണിക്കയാവാം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സന്യാസി നിത്യ ഗുരുവിനെ നാരായണ ഗുരുകുലത്തിന് സമര്‍പ്പിച്ചത്.
മനുഷ്യ സംസ്‌കാരത്തിന്റെ തുടക്കം മുതല്‍ തന്നെ ലോകമെങ്ങുമുള്ള ചിന്തകന്മാര്‍ പ്രകൃതിയുടെ പൊരുള് തേടി തീര്‍ത്ഥയാത്രകള്‍ നടത്തിയിട്ടുണ്ട്. പ്രകൃതിയുടെ ആധാരമായി നിലകൊള്ളുന്ന പരം പൊരുളിനെ ഇപ്രകാരമാണ് പലരും തിരിച്ചറിഞ്ഞിട്ടുള്ളത്. വേദാന്തത്തില്‍ ബ്രഹ്മമെന്നും ഗ്രീക്ക് ചിന്തയില്‍ വിശ്വാധാരമെന്നും ഭൗതിക വാദത്തില്‍ ഊര്‍ജ്ജമെന്നും പ്ലേറ്റോ സത്തയെന്നും പറയുന്നു. ഇങ്ങനെ ഒരേ സത്യത്തെ അറിഞ്ഞ് അനുഭവിച്ചവര്‍ പല ഭാഷകളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യാ എന്നൊരു സ്ഥാപനത്തിന് ഗുരു നിത്യ തുടക്കം കുറിച്ചു.
ഇതിന്റെ ഭാഗമായി പാശ്ചാത്യ പൗരസ്ത്യ വിജ്ഞാനങ്ങളെ ആഴത്തില്‍ മനസ്സിലാക്കുകയും അവ തന്റേതായ വിശിഷ്ട ശൈലിയില്‍ പലതരത്തില്‍ ലോകത്തിനു പകര്‍ന്നു നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ കഴിവിന് ഉദാഹരണമാണ് 1980 നവംബര്‍ മാസത്തില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹെഗനിലെ നൈതിക സമ്മേളനം നൈതികതയുടെ പൊതു നയമായി ആത്മോപദേശശതകത്തിലെ ഇരുപത്തിരണ്ടാമത്തെ ശ്ലോകം തെരഞ്ഞെടുത്തത്.
പ്രിയമപരന്റെയതെന്‍ പ്രിയം,
സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ
നല്‍കും
ക്രിയയപരപ്രിയ ഹേതുവായി
വരേണം.
ഇതിന്റെ ആശയത്തെ അങ്ങേയറ്റം ആദരവോടെ സമ്മേളനത്തിന്റെ ഭാരവാഹികള്‍ പ്രഖ്യാപിത നയമായി സ്വീകരിച്ചതിന് കാരണം അവരുടെ മുന്നില്‍ ഗുരു നിത്യചൈതന്യ യതി അവതരിപ്പിച്ച രീതിയായിരുന്നു. നാരായണഗുരു എന്റെ ആത്മസാക്ഷാത്കാരത്തിന്റെ പ്രമാണം എന്ന പുസ്തകത്തില്‍ ഇക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാരതീയ കല, ദര്‍ശനം, ശാസ്ത്രം, സാഹിത്യം, യോഗ, വാസ്തുവിദ്യ, ഭാഷാദര്‍ശനം, സംഗീതം എന്നിവയെ സംബന്ധിച്ച് വിഖ്യാതരായ ശാസ്ത്രജ്ഞരോടും വിദ്യാഭ്യാസം, ആദ്ധ്യാത്മിക, കലാ രംഗത്തുള്ളവരോടും നിരന്തരം അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു. അവയെല്ലാം പില്‍ക്കാലത്ത് മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറിവിന്റെയും ആധ്യാത്മികമായ അനുഭൂതിയുടേയും വ്യത്യസ്ത തലങ്ങളില്‍ വിഹരിക്കുമ്പോഴും സാധാരണ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞാടാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. ശിഷ്യനും ഗുരുവും പിതാവും മുത്തച്ഛനും ജ്യേഷ്ഠനുമൊക്കെയായി പകര്‍ന്നാടാനും അവരുടെ ഭാഷയില്‍ സംസാരിക്കാനും, ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാനും നിത്യ ഗുരുവിന് വലിയ ഇഷ്ടമായിരുന്നു. ശിഷ്യന്മാരേയും ശിഷ്യകളേയും പിറക്കാതെ പോയ മക്കളായി കണ്ട അദ്ദേഹം അവരുടെ ജീവിതം, കുട്ടികള്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ ഒരു പിതാവിന്റെ ആകാംക്ഷയോടേയും ആശങ്കയോടേയുമാണ് അവരോട് ഇടപഴകിയിരുന്നത്. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും മനുഷ്യ രൂപമായിരുന്ന ഗുരു നിത്യയുടെ കരുതലില്‍ വളര്‍ന്ന നിരവധിയാളുകള്‍ ഇന്നും കേരളത്തിനകത്തും പുറത്തും ജീവിച്ചിരിക്കുന്നുണ്ട്. അവര്‍ക്കെല്ലാം ഗുരു നിത്യയെന്നത് വിവരിക്കാനാവാത്ത മൗനസാന്നിധ്യമാണ്.
ഒരുപക്ഷേ അത്തരക്കാരെ ഉദ്ദേശിച്ചാവണം അദ്ദേഹം വലിയ കാര്യങ്ങള്‍ ചെറിയ വാക്കുകളില്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുള്ളത്. ‘ഹൃദയത്തിന്‍ നിന്നും ഹൃദയത്തിലേക്ക് പകരുന്ന നിഷ്‌കളങ്കമായ കണ്ണുനീരിലാണ് ഏകലോകത്തിലേക്കുള്ള വഴി തെളിഞ്ഞിരിക്കുന്നത്.’ ശ്രീനാരായണ ഗുരുവിന്റെ ഏകലോക ദര്‍ശനത്തെ സംക്ഷേപിക്കുന്നത് ഇങ്ങനെയാണ്.
ഫിലോസഫര്‍ സത്യത്തെ സ്‌നേഹിക്കുന്നു, തത്ത്വജ്ഞാനി തത്ത്വത്തെ അനുഭവിക്കുന്നു. അതായത് ഒരാള്‍ മാമ്പഴത്തെ സ്‌നേഹിക്കുന്നു. മറ്റൊരാള്‍ മാമ്പഴം കഴിച്ച് അതിന്റെ രുചി അനുഭവിക്കുന്നു. ഫിലോസഫറേയും തത്ത്വജ്ഞാനിയേയും ലളിതമായി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്.
‘ദൈവമേ ഇതെല്ലാം നീ തന്നെ. കാണപ്പെടുന്ന പ്രപഞ്ചമായി പ്രകാശിക്കുന്നതു നീ മാത്രമാണ്. നിന്നെ തന്നെ ഞങ്ങള്‍ കുഞ്ഞുങ്ങളായി കാണുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി കാണുന്നു. അന്യരായി കാണുന്നു. ഈയവസരത്തില്‍ നീതന്നെയാണ് ഇതെല്ലാമെന്ന് ഞങ്ങള്‍ മറന്നു പോകുന്നു. അതുകൊണ്ട് ഞങ്ങളുടെ പെരുമാറ്റത്തില്‍ ഭവ്യത ഇല്ലാതായി തീരുന്നു. ഞങ്ങളുടെ വാക്കിലും പ്രവൃത്തിയിലും സത്യസന്ധത കുറഞ്ഞു പോകുന്നു. കാരുണ്യത്തിന്റെ നിറകുടമായ സര്‍വേശ്വരാ, ഞങ്ങളെ അനുഗ്രഹിച്ച് ഉള്‍ക്കണ്ണ് തുറന്നു തരുമാറാകേണേ.’
ഇതൊരു ഗദ്യപ്രാര്‍ത്ഥനയാണ്. ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്, വേദങ്ങളിലും ഉപനിഷത്തുകളിലും നിറഞ്ഞിരിക്കുന്ന ഉപദേശസാരം മുഴുവന്‍. ഇതുപോലെ ഏവര്‍ക്കും മനസ്സിലാകുന്ന ഭാഷയിലാണ് വലിയ തത്ത്വങ്ങള്‍ നിത്യഗുരു പ്രതിപാദിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പരമ്പരയിലെ മൂന്നാമനായാണ് ആധുനിക ലോകം അദ്ദേഹത്തെ വിലയിരുത്തിയിട്ടുള്ളത്. അദ്വൈത വേദാന്തം, ശ്രീനാരായണ ദര്‍ശനം എന്നീ വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുണ്ടായിരുന്ന അദ്ദേഹം വിവിധങ്ങളായ വിജ്ഞാനങ്ങളെ സമന്വയിപ്പിക്കുകയും അതിലൊക്കെ തന്റേതായ നിലപാടുകള്‍ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സൂഫി ഫക്കീര്‍മാരും, ജൈന-ബൗദ്ധ സന്യാസിമാരും വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ട ജ്ഞാനികളും, ആധുനിക ലോകത്തെ ശാസ്ത്രജ്ഞരുമെല്ലാം നിത്യ ചൈതന്യ യതിയുടെ വിജ്ഞാലോകത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥികളായിരുന്നു. അവരുമായി കലവറയില്ലാതെ സംവദിക്കുവാനും അവരിലേക്ക് നിറഞ്ഞൊഴുകാനും വലിയ ആവേശമാണ് അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരുന്നത്.
ഭഗവദ്ഗീതയേയും ഉപനിഷത്തുകളേയും പതഞ്ജലിയുടെ യോഗശാസ്ത്രത്തേയും അധികരിച്ച് അദ്ദേഹം എഴുതിയ പഠനങ്ങള്‍ വായനക്കാര്‍ക്ക് വേറിട്ട അനുഭവം പകരുന്നവയാണ്. ജീവിതത്തെ ഒരു മൗനമന്ദഹാസത്തോടെ സ്വീകരിക്കാന്‍ സഹായിക്കുന്ന അറിവുകളാണ് ഭഗവദ്ഗീത പകരുന്നത് എന്നാണ് ഭഗവദ്ഗീതയിലേക്ക് ഒരു പ്രവേശിക എന്ന കൃതിയില്‍ രേഖപ്പെടുത്തിയത്.
ഗീത മുന്നോട്ട് വെക്കുന്ന മാനേജ്‌മെന്റ് വിജ്ഞാനം ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ മുതല്‍ക്കൂട്ടാണെന്ന് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നുണ്ട്. കേവലമായ തത്ത്വചിന്തയെ അല്ല ഭാരതത്തില്‍ ദര്‍ശനം എന്ന് വിളിക്കുന്നത്. അത് പൂര്‍ണമായ അവബോധമാണ്. ദാര്‍ശനികന്മാരുടെ കവിചേതസ്സില്‍ ഉല്‍പ്രേക്ഷയായി വരുന്ന ദര്‍ശനം ഷഡ്ദര്‍ശന സംഗ്രഹമാണെന്ന് പറയാം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെയാണ്. അര്‍ജുനന് ഉണ്ടായ വിശ്വരൂപ ദര്‍ശനത്തിലും, ശങ്കരാചാര്യര്‍ക്ക് ഉണ്ടായ ചണ്ഡാല ദര്‍ശനത്തിലും, നാരായണഗുരുവിന് ഉണ്ടായ ശ്രീകൃഷ്ണ ദര്‍ശനത്തിലും ഉപനിഷത്ത് സാരസര്‍വസ്വം നിറഞ്ഞു നില്‍ക്കുന്നതു പോലെ ഭട്ടതിരിപ്പാടിന്റെ നാരായണീയത്തിലും ശ്രീകൃഷ്ണ ദര്‍ശനം കാണാം. ഇങ്ങനെ വ്യത്യസ്ത സമ്പ്രദായങ്ങളിലെ ദാര്‍ശനിക അനുഭൂതിയെ ഒന്നിലേക്ക് സമന്വയിപ്പിക്കുന്ന നിത്യ ഗുരുവിന്റെ പരിശ്രമം സമരസതയുടെ മാതൃകയാണ്.
പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയുമൊക്കെ അടങ്ങിയ അഖണ്ഡഭാരതം എന്ന സങ്കല്പം, ആദിശങ്കരന്‍, എഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍, ശ്രീരാമകൃഷ്ണ പരമഹംസന്‍, ചട്ടമ്പിസ്വാമികള്‍, വിവേകാനന്ദ സ്വാമികള്‍ തുടങ്ങിയ ആചാര്യ പരമ്പരയെ ബഹുമാനിക്കുന്ന സമീപനമായിരുന്നു യതിയുടേത്. ഇതെല്ലാം നിത്യ ചൈതന്യയതി ഏറെ പ്രാധാന്യത്തോടെ പലകൃതികളിലും വിവരിക്കുന്ന കാര്യങ്ങളാണ്. ശ്രീനാരായണ ഗുരുദേവന്റെ പേര് പറഞ്ഞ് മറ്റ് ആചാര്യന്മാരെ അവമതിപ്പോടെ കാണുന്ന മതേതര വാദികള്‍ക്കും ബുദ്ധിജീവികള്‍ക്കും ഈ നിലപാട് അന്നും ഇന്നും അത്ര ദഹിക്കുന്ന കാര്യമല്ല. ശങ്കര വിദ്വേഷം ഏറെയും പരത്തിയിട്ടുള്ളതും, ശ്രീനാരായണ ഗുരുദേവന് ഭാരതീയ ആധ്യാത്മിക പാരമ്പര്യവുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രചരിപ്പിക്കുന്നതും ഇത്തരക്കാരാണ്. ആധ്യാത്മിക മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ആചാര്യന്മാരെ തെറ്റായി പ്രചരിപ്പിച്ച് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിത്യ ചൈതന്യ യതിയെന്ന വ്യക്തിയെ ഒരിക്കലും ദഹിക്കില്ല. ”സരളാദ്വയ ഭാഷ്യകാരനാം ഗുരുവോയീയനുകമ്പ പൂണ്ടവന്‍” എന്നാണ് ശങ്കരാചാര്യരെ ശ്രീനാരായണഗുരുദേവന്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ബൃഹദാരണ്യക ഭാഷ്യത്തില്‍ ശ്രീശങ്കരന്‍ കാണിച്ച മാര്‍ഗ്ഗത്തിലൂടെയാണ് ഗുരുവും സഞ്ചരിച്ചിട്ടുള്ളത്. ബൃഹദാരണ്യക ഭാഷ്യവും ദര്‍ശനമാലയും ചേര്‍ത്ത് പഠിച്ചാല്‍ ഇക്കാര്യം മനസ്സിലാകും എന്ന് നടരാജഗുരു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
”1200 വര്‍ഷത്തിന് ഒടുവില്‍ ശങ്കരനെതിരെ തൊടുത്ത അക്രമണങ്ങള്‍ മനസ്സിലാക്കിയ ഗുരു സന്ദേഹങ്ങള്‍ ആവര്‍ത്തിക്കാത്ത രീതിയില്‍ പുനപ്രവചനം ചെയ്ത് തന്റെ ആധ്യാത്മികമായ കൂറിന് കോട്ടം വരാത്ത വിധം ഇക്കാര്യം അറിവ്, ബ്രഹ്മവിദ്യാപഞ്ചകം, ആത്മോപദേശശതകം, ദര്‍ശനമാല, അദ്വൈതദീപിക, ചിത്ജ്ജഡചിന്തനം തുടങ്ങിയ കൃതികളിലൂടെ അദ്വൈതത്തിന് മിഴിവുണ്ടാക്കി-” ശ്രീശങ്കരാചാര്യരെ കുറിച്ച് നിത്യ ചൈതന്യ യതി പറഞ്ഞ വാക്കുകളാണിത്. ഇങ്ങനെ അഭിപ്രായപ്പെട്ട അദ്ദേഹം ജനിച്ചത് കേരളത്തിലും പറഞ്ഞുറപ്പിച്ചത് ഭാരതീയ ജ്ഞാന വിജ്ഞാനവുമായിരുന്നു. ഈ കാരണത്താല്‍ കേരളത്തിന്റെ അക്കാദമികവും സാംസ്‌കാരികവുമായ കോവിലകങ്ങളില്‍ കുടിയിരിക്കുന്ന പെരുമാക്കന്മാര്‍ ഗുരു നിത്യയെ കണ്ടഭാവം നടിക്കാറില്ല. പുസ്തകങ്ങളെ സ്‌നേഹിച്ച് പുസ്തകങ്ങള്‍ സമ്മാനിച്ച നിത്യ ചൈതന്യ യതിയുടെ വിചാരങ്ങള്‍ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാത്തതിന് കാരണം ഇതൊക്കെയാണ്.
ബോംബെ, കാശി, ഹരിദ്വാര്‍, ഹൃഷികേശ് എന്നിവിടങ്ങളിലൂളള ആശ്രമങ്ങളില്‍ താമസിച്ചാണ് അദ്ദേഹം വേദാന്തം, ന്യായം, യോഗ തുടങ്ങിയ ശാസ്ത്രങ്ങള്‍ അഭ്യസിച്ചത്.1963 മുതല്‍ 1967 വരെ ദല്‍ഹിയിലെ സൈക്കിക് ആന്റ് സ്പിരിച്വല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു, 1984 മുതല്‍ 1999 മെയ്മാസം 14 ന് സമാധിയാകും വരെ ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തിന്റെ അധിപനുമായിരുന്നു. ആസ്‌ട്രേലിയ, അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സര്‍വ്വകലാശാലകളില്‍ വിസിറ്റിങ്ങ് പ്രൊഫസര്‍ എന്ന നിലയില്‍ പല പരിപാടികള്‍ക്കായി അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഭാരതത്തിന്റെ ആത്മീയവിദ്യ പഠിക്കാന്‍ അദ്ദേഹത്തെ തേടി നിരവധി പേര്‍ അവിടെ എത്തുമായിരുന്നു.
വേദാന്തപരിചയം, കുടുംബശാന്തി ഒരു മനഃശാസ്ത്രസാധന, ഗുരുവും ശിഷ്യനും, ഭഗവദ്ഗീതാ സ്വാധ്യായം, ഇമ്പം ദാമ്പത്യത്തില്‍, നടരാജഗുരുവും ഞാനും, രോഗം ബാധിച്ച വൈദ്യരംഗം, ജനനീ നവരത്‌നമഞ്ജരീ, മൂല്യങ്ങളുടെ കുഴമറിച്ചില്‍, ദൈവം സത്യമോ മിഥ്യയോ? സത്യത്തിന്റെ മുഖങ്ങള്‍, മനഃശാസ്ത്രം ജീവിതത്തില്‍, തത്ത്വമസി, തത്ത്വവും അനുഷ്ഠാനവും, ബൃഹദാരണ്യകോപനിഷത്ത് – ഇങ്ങനെ പോകുന്നു ഗുരു നിത്യയുടെ കൃതികളില്‍ ചിലത്.
കേരളത്തിന്റെ സൗഭാഗ്യമായ അദ്ദേഹത്തിന്റെ ഉപദേശങ്ങളും വിചാരങ്ങളും സജീവമായി നിലനിറുത്തുന്നതും പ്രചരിപ്പിക്കുന്നതും വര്‍ക്കല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാരായണ ഗുരുകുലമാണ്. മുനി ഗുരു നാരായണ പ്രസാദാണ് അദ്ദേഹത്തിന്റെ പാതകളെ പിന്‍തുടര്‍ന്നു ഗുരുകുലത്തെ ഇന്ന് നയിച്ചു കൊണ്ടിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക ചിന്തകളുടെ അടിസ്ഥാനത്തില്‍ നടരാജഗുരു അവതരിപ്പിച്ച ഏകലോകദര്‍ശനവും അതിനായുള്ള വിദ്യാഭ്യാസ മാര്‍ഗരേഖയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച വിഷയങ്ങളാണ്. നടരാജഗുരുവിന്റെ വിചാരങ്ങളേറേയും ഗുരു നിത്യയെ നിമിത്തമാക്കിയാണ് പകര്‍ന്നു നല്‍കിയിരുന്നത്. യഥാര്‍ത്ഥത്തില്‍ നടരാജഗുരുവിന്റെ ആശയങ്ങള്‍ പലതുമാണ് ഗുരു നിത്യ ചൈതന്യയതിയെന്ന ധിഷണാശാലിയുടെ വാക്കുകളിലൂടെ നമുക്ക് ലഭിച്ചിട്ടുള്ളതെന്ന് പറയാം. ആധുനിക മനഃശാസ്ത്രവും തത്ത്വചിന്തയും സൗന്ദര്യശാസ്ത്രവും ഭാഷാശാസ്ത്രവും ഉപനിഷത്ത് വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിലയിരുത്തിയിട്ടുള്ളത് ഏറേ ശ്രദ്ധേയമാണ്.
ഇപ്രകാരം അങ്ങേയറ്റം അനുകരണീയമായ മാതൃകകള്‍ രചിച്ച് മുന്നേ കടന്നു പോയ ഈ മഹാത്മാവ് കേരളീയ പൊതുസമൂഹത്തിന്റെയോ വിശേഷിച്ച് യുവാക്കളുടെയോ മാതൃകയായി മാറിയില്ല എന്ന കാര്യം നാം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാജ്യവിരുദ്ധതയുടേയും ചേരുവകളില്‍ നിന്നും ഉരുത്തിരിഞ്ഞ ഇടത് രാഷ്ട്രീയ വിചാരം തീണ്ടിയ കേരളീയ സമൂഹം ഈ നാടിന്റെ സംസ്‌കാരത്തേയും അത് പകര്‍ന്നു നല്‍കിയ ഗുരുപരമ്പരയേയും ബോധപൂര്‍വം തിരസ്‌കരിച്ചിരുന്നു എന്ന വസ്തുത ഇനിയും തിരിച്ചറിയേണ്ടതുണ്ട്.