കണ്ണൂര്‍ എഡിഎം നവീന്‍ ബാബു മരണപ്പെട്ടതിനു കാരണം പി.പി.ദിവ്യയുടെ നാക്കാണെന്നു പറയുന്നവരെ നോക്കി വികാരാധീനനാകുകയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ്. ദിവ്യയെപ്പോലെ ഊര്‍ജസ്വലയായ ഒരു നേതാവുണ്ടോ എന്ന കാര്യത്തില്‍ ബ്രിട്ടാസിന് സംശയമില്ല. എസ്.എഫ്.ഐയുടെ തീപ്പൊരി നേതാവ്. ഏറ്റവും നല്ല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന അവാര്‍ഡ് ലഭിച്ചയാള്‍. ആ മഹിളാരത്‌നം സഖാവിനെയാണ് ദാവൂദ് ഇബ്രാഹിമിനെ പോലുള്ള കുറ്റവാളിയായി പത്രക്കാര്‍ ചിത്രീകരിക്കുന്നത്.ദൃശ്യമാധ്യമങ്ങള്‍ എയര്‍ സ്‌പെയ്‌സ് ചെലവഴിക്കുന്നതും പത്രങ്ങള്‍ മഷി കളയുന്നതും ഇതിനു വേണ്ടിയല്ലേ എന്ന് അദ്ദേഹത്തിന് പരിഭവം. എസ്.എഫ്.ഐയുടെ അഭിമാനസ്തംഭമാണ് ദിവ്യ എന്നു ചിന്തിക്കുമ്പോള്‍ ബിട്ടാസ് രോമാഞ്ചകഞ്ചുകിതനാകുന്നു.
ഇന്നത്തെ എസ്.എഫ്.ഐക്കാരുടെ പ്രചോദനകേന്ദ്രം പി.പി. ദിവ്യയാണ് എന്നതില്‍ ഒട്ടും സംശയം തോന്നേണ്ടതില്ല. ടി.പി.ശ്രീനിവാസന്റെ നെഞ്ചില്‍ കാലുകൊണ്ടു തൊഴിക്കല്‍, പ്രിന്‍സിപ്പാളിനെ മുറിയില്‍ പൂട്ടിയിട്ട് മൂത്രമൊഴിക്കാന്‍ പോലും പുറത്തുപോകാന്‍ അനുവദിക്കാതിരിക്കല്‍, മറ്റൊരു പ്രിന്‍സിപ്പാളിന് റീത്ത് വെക്കല്‍, വേറൊരു പ്രിന്‍സിപ്പാളിന്റെ കസേര തീയിടല്‍, തെറിയഭിഷേക പ്രസംഗം തുടങ്ങി എന്തൊക്കെ വിദ്യാഭ്യാസ വിപ്ലവങ്ങള്‍ക്കാണ് ആര്‍ഷോയെ പോലുള്ള ഇപ്പോഴത്തെ എസ്.എഫ്.ഐ നേതാക്കള്‍ക്ക് ദിവ്യയില്‍ നിന്ന് പ്രേരണ കിട്ടിയത്. അതുകൊണ്ടല്ലേ റവന്യു വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ദിവ്യയുടെ പേരില്‍ നടപടിയെടുക്കാന്‍ മുഖ്യമന്തി മടിച്ചു നില്‍ക്കുന്നത്.
ഇതൊക്കെ ചിന്തിച്ച് കുണ്ഠിതനായി നില്‍ക്കുന്ന ബ്രിട്ടാസിനെ തേടി ഒരു വാര്‍ത്ത പശ്ചിമ ബംഗാളില്‍ നിന്ന് എത്തി. പാര്‍ട്ടി അംഗവും മുന്‍ എം.എല്‍.എയുമായ തന്‍മൊയ് ഭട്ടാചാര്യയെ ലൈംഗിക പീഡന പരാതിയെ തുടര്‍ന്നു പാര്‍ട്ടി സസ്‌പെന്റ് ചെയ്തു എന്നാണാവാര്‍ത്ത. തന്നെ പീഡനത്തിനിരയാക്കി എന്ന ഒരു വനിതാപത്രപ്രവര്‍ത്തകയുടെ പരാതിയില്‍ ബാരനഗര്‍ പോലീസ് കേസ്സെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിയുടെ നടപടി. കുറ്റവാളിയെ പാര്‍ട്ടി സംരക്ഷിക്കില്ല എന്നാണ് ബംഗാള്‍ പാര്‍ട്ടി ഘടകത്തിന്റെ നിലപാട്. കേരളത്തിലെ സി.പി.എമ്മില്‍ നിന്ന് ബംഗാളിലെ പാര്‍ട്ടി ഒരു പാഠവും പഠിക്കുന്നില്ല എന്ന് ബ്രിട്ടാസ് തിരിച്ചറിയുന്നു. ഇവിടെ ഇങ്ങനെ കേസിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യുകയാണെങ്കില്‍ അതു തുടങ്ങേണ്ടത് മുഖ്യന്റെ ഓഫീസില്‍ നിന്നാകേണ്ടി വരും. കേസില്‍ പെട്ടവരെ പുറത്താക്കാന്‍ തുടങ്ങിയാല്‍ പാര്‍ട്ടിയില്‍ പിന്നെ ആരാണുണ്ടാവുക?