തിരുവനന്തപുരത്തു ജനിച്ച് ശ്രീ എം എന്ന പേരിലറിയപ്പെടുന്ന ലോകപ്രശസ്ത ആത്മീയ നേതാവും ചിന്തകനും വിദ്യാഭ്യാസ ദാര്‍ശനികനുമാണ് മുംതാസ് അലിഖാന്‍. പഴയ തിരുവിതാംകൂറിലേയ്ക്ക് മഹാരാജാവിന്റെ അംഗരക്ഷകരായി പെഷവാറില്‍ നിന്നു വന്നവരാണ് പഷ്തൂണ്‍ വിഭാഗത്തില്‍പ്പെട്ട ഇദ്ദേഹത്തിന്റെ പൂര്‍വ്വികര്‍. സമ്പന്നമായ കുടുംബത്തില്‍ 1948ലാണ് ജനനം. 19-ാം വയസ്സില്‍ തന്റെ പരീക്ഷകള്‍ എഴുതിക്കഴിഞ്ഞശേഷം രക്ഷിതാക്കളെ അറിയിക്കാതെ ബേലൂരിലെത്തി രാമകൃഷ്ണമിഷനില്‍ ചേര്‍ന്നു.
പില്‍ക്കാലത്ത് ഭാരതത്തിന്റെ മുക്കിലും മൂലയിലും വിശിഷ്യ ഹിമാലയത്തിലും ആത്മീയ ചിന്തയുമായി ചുറ്റിത്തിരിഞ്ഞു. ഹരിദ്വാറില്‍ നിന്ന് കാല്‍നടയായി ഗംഗോത്രി,യമുനോത്രി, കേദാര്‍നാഥ,് ബദരീനാഥ് എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ബദരീനാഥിനപ്പുറത്തുള്ള പരുക്കന്‍ പ്രദേശങ്ങളിലൂടെ നടക്കുമ്പോള്‍ ഒരു ദിവസം വ്യാസ എന്ന പേരിലുള്ള ഒരു ഗുഹയില്‍ എത്താനിടയായി. ഇവിടെ വെച്ചാണ് അഗാധമായ ധ്യാനത്തിനായി തന്നെ പ്രേരിപ്പിച്ച മഹേശ്വര്‍ ബാബാജി എന്ന തന്റെ ഗുരുവിനെ അദ്ദേഹം കണ്ടെത്തുന്നത്. അതോടെ ജീവിതം മാറിമറിഞ്ഞു. പിന്നീട് കൃഷ്ണമൂര്‍ത്തി ഫൗണ്ടേഷന്റെ ട്രസ്റ്റിയായി മാറിയ അദ്ദേഹം സാരസ്വതബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ട ഒരു യുവതിയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോള്‍ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ സാമ്പത്തികമായി ദുര്‍ബലരായവര്‍ക്കും പിന്നാക്കക്കാര്‍ക്കുമായി ഒരു വിദ്യാലയം സ്ഥാപിച്ച് അവിടെ പ്രവര്‍ത്തിക്കുന്നു. “Apprenticed to a Himalayan Master” എന്ന വളരെ പ്രശസ്തവും ഏറെ വിറ്റഴിക്കപ്പെട്ടതുമായ ആത്മകഥയുള്‍പ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഇദ്ദേഹം തന്റെ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജീവിതം മാറ്റിവെച്ചിരിക്കുന്നു. ഹിന്ദു -മുസ്ലീം ബന്ധങ്ങളെപ്പറ്റി സുവ്യക്തവും ശക്തവുമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്ന ശ്രീ എം ഹിന്ദുസംസ്‌കാരത്തെ താലിബാനിസത്തെപ്പോലെയാക്കിമാറ്റാന്‍ കഴിയില്ലെന്നു ഉറപ്പിച്ചു പറയുന്നു.
2015 ല്‍ ശാന്തിക്കും സമാധാനത്തിനുമായി ‘പ്രത്യാശയുടെ നടത്തം’ (Walk of Hope) എന്ന പേരില്‍ ഒരു പദയാത്ര സംഘടിപ്പിക്കുകയുണ്ടായി. ജീവിതത്തിന്റെ നാനാതുറകളിലുള്ള പൗരന്മാരെ ഒരുമിച്ചുചേര്‍ത്തുകൊണ്ട് 16 മാസം ചെലവഴിച്ച് കന്യാകുമാരി മുതല്‍ കാശ്മീര്‍വരെ 7500കി.മീ. ദൂരം പതിനൊന്ന് ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ ഈ പദയാത്രയില്‍ അദ്ദേഹം സഞ്ചരിച്ചു. സമീപകാലത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനിടയില്‍ തിരുവനന്തപുരത്ത് വെച്ച് പ്രദീപ് കൃഷ്ണനുമായി സംസാരിക്കുകയുണ്ടായി. താന്‍ എന്തുകൊണ്ട് സ്വയം അഭിമാനിയായ ഹിന്ദുവാണെന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ പങ്കുവച്ചു. പ്രസക്തഭാഗങ്ങള്‍:
താങ്കളുടെ ആത്മീയ ഗുരുവുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കാമോ?
എനിക്കു 9 വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് വഞ്ചിയൂരിലെ എന്റെ വീട്ടില്‍ വെച്ച് ആത്മീയ ഗുരുവിന്റെ അപൂര്‍ണ്ണമായ ദര്‍ശനം എനിക്കുണ്ടായത.് അതെന്റെ മനസ്സ് തുറപ്പിച്ചു. അദ്ദേഹത്തോടൊപ്പം 20 വയസ്സുള്ളപ്പോഴാണ് ഞാന്‍ ഹിമാലയത്തിലേക്ക് പോകുന്നത്. അദ്ദേഹത്തിന്റെ പേര് എനിക്കറിയില്ല. അദ്ദേഹത്തെ ഞാന്‍ ബാബാജി എന്നോ ‘മഹാരാജ്’ എന്നോ വിളിക്കുന്നു. അലഞ്ഞുതിരിയുന്ന സ്വഭാവക്കാരനായ അദ്ദേഹത്തിന് ആശ്രമമോ വലിയ അനുയായികളോ ഉണ്ടായിരുന്നില്ല. അദ്ദേഹത്തോടൊപ്പം മൂന്നരവര്‍ഷത്തോളം ഹിമാലയം മുഴുവന്‍ ഞാന്‍ അലഞ്ഞുതിരിഞ്ഞു. അദ്ദേഹം പഠിപ്പിച്ചതനുസരിച്ച് ഞാന്‍ ക്രിയായോഗം പരിശീലിച്ചു. എനിക്കൊരു മുസ്ലീം പശ്ചാത്തലം ഉണ്ടായിരുന്നെങ്കിലും മഹാന്മാരുമായി ബന്ധപ്പെടുത്തി കാവിയെ ആദരിക്കുന്ന ശീലം എന്നില്‍ വളര്‍ന്നുവന്നു. പരിത്യാഗത്തെയും സമര്‍പ്പണത്തെയും അതു പ്രതീകവത്കരിക്കുന്നു. ദുര്‍ലഭമായ ആത്മീയ കമ്പനത്തെ അതു സൂചിപ്പിക്കുന്നു. വന്ദേമാതരത്തോട് എനിക്കു വലിയ മതിപ്പാണ്. ആദ്യതവണ അതു കേട്ടപ്പോള്‍ത്തന്നെ അഗാധമായി ഞാന്‍ അതില്‍ ലയിച്ചുപോയി. നിങ്ങള്‍ ജനിച്ച നാട്ടില്‍ നിന്ന് നിങ്ങള്‍ക്കു സ്വയം വേര്‍പെട്ടുപോകാന്‍ കഴിയില്ല.
താങ്കളുടെ ആത്മകഥയില്‍ വിവരിച്ച പല സംഭവങ്ങളും വിശ്വസിക്കാന്‍ പ്രയാസമുള്ളവയാണ്. സയന്‍സ് ഫിക്ഷനുകള്‍ വായിക്കുന്നതുപോലെ അതനുഭവപ്പെടുന്നു. അത്തരം പുസ്തകങ്ങള്‍ വായിക്കുന്നത് ഏതു തരത്തിലാണ് ഒരാളുടെ ആത്മീയയാത്രയെ സഹായിക്കുന്നത്?
ഞാന്‍ വിവരിച്ചത് സാധാരണ അനുഭവങ്ങളല്ല എന്നതുകൊണ്ടാണ് താങ്കള്‍ക്ക് അത് അവിശ്വനീയമായി തോന്നുന്നത്. ഇന്ദ്രിയങ്ങളുടെ ധാരണാശക്തിക്കപ്പുറമാണ് അത്തരം സംഭവങ്ങള്‍. പൊതുവെ നാം ഇന്ദ്രിയപരമായ മുദ്രകള്‍ മാത്രം പരിചയിക്കപ്പെട്ടിരിക്കുന്നതിനാല്‍ സാധാരണ ആളുകള്‍ക്ക് ഇവ എളുപ്പത്തില്‍ ദഹിക്കുവാന്‍ പ്രയാസമുണ്ടാകും. സിന്ധുനദീതട സംസ്‌കാരത്തിനുമപ്പുറമുള്ള പ്രാചീനമായ ഭൂപ്രദേശത്തും സംസ്‌കാരത്തിലുമാണ് നാം ജീവിക്കുന്നത്. പുരാണങ്ങളും ഇതിഹാസങ്ങളും നാം വായിച്ചിട്ടുണ്ട്. വിവരിച്ചിട്ടുള്ള സംഭവങ്ങളും കഥകളും അവിശ്വസനീയമാണെങ്കിലും അവയെ കേവലം ഫിക്ഷനുകളായി നാം അവഗണിക്കുകയാണെങ്കില്‍ അത് നമ്മുടെ മുഴുവന്‍ സംസ്‌കാരത്തിന്മേലുമുള്ള ഭീകരമായ ഒരടിയായിരിക്കും.
യുക്തിപരമായ ധാരണക്കോ ബോധത്തിനോ സമരസപ്പെട്ടുപോകാത്തതും ഇന്ദ്രിയങ്ങളിലൂടെ വരുന്ന സംവേദനങ്ങളിലൂടെ മാത്രം മനസ്സിലാക്കാന്‍ കഴിയുന്നതുമായി ഏതെങ്കിലും കാര്യം താങ്കള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അവ ബുദ്ധിക്കോ യുക്തിക്കോ അപ്പുറത്തുള്ളതായിരിക്കും. അതീന്ദ്രിയ അനുഭവങ്ങളെന്ന യാഥാര്‍ത്ഥ്യമാണ് അത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് അവ സൂചിപ്പിക്കുന്നത്. ഒരുപാടു ശങ്കകള്‍ക്കുശേഷമാണ് ഞാന്‍ ആ പുസ്തകം എഴുതിയത്. എന്റെ ഗുരു ആജ്ഞാപിച്ചപ്പോള്‍ ഞാന്‍ വെറുതെ അനുസരിച്ചു. ആരെങ്കിലും യോജിക്കുമോ, വിശ്വസിക്കുമോ, അംഗീകരിക്കുമോ എന്നത് പ്രശ്‌നമല്ലെന്ന് ബാബാജി എന്നോടു പറഞ്ഞു. നീ അനുഭവിക്കുന്നത് പങ്കിടുകയെന്നത് നിന്റെ ചുമതലയാണെന്നും അത്തരം അനുഭവങ്ങള്‍ സാധ്യമാണെന്ന് നിലവിലുള്ള തലമുറക്ക് മനസ്സിലാക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ചില കാര്യങ്ങളെപ്പറ്റി നമുക്കറിയാത്തതിനാല്‍ രാമായണവും മഹാഭാരതവും കേവലം ഭ്രമകല്പനകളാണെന്നു കരുതി തള്ളിക്കളയാന്‍ പറ്റില്ലെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഒരു സാധകന്‍ തന്റെ ആത്മീയയാത്രയില്‍ ആത്മാര്‍ത്ഥമായി ആത്മീയ പരിശീലനം നടത്തുകയും സാധ്യതകളിലേയ്ക്കു മനസ്സ് തുറന്നിടുകയും ചെയ്യുമ്പോള്‍ ഇന്ദ്രിയാനുഭവം പ്രവര്‍ത്തിക്കാനാരംഭിക്കുന്നു. പുസ്തകത്തിന്റെ കേന്ദ്രഭാഗം എനിക്കുണ്ടായ അസാധാരണ അനുഭവങ്ങളെപ്പറ്റിയല്ല, മറിച്ച് ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള യഥാര്‍ത്ഥ ബന്ധത്തെപ്പറ്റിയാണെന്നു മനസ്സിലാക്കുക. ഒരു ആത്മാന്വേഷകന് അതു വളരെ പ്രധാനപ്പെട്ടതാണ്.
ഇപ്പോഴും ബാബാജി വരുകയും താങ്കളെ കാണുകയും ചെയ്യുന്നുണ്ടോ?
എന്റെ ഗുരു മഹേശ്വര്‍ ബാബാജി 1985ല്‍ സമാധിയായി. അതുകൊണ്ട് ഭൗതിക സാന്നിധ്യത്തെപ്പറ്റിയുള്ള ചോദ്യം അപ്രസക്തമാണ്. എന്നിരുന്നാലും ഞങ്ങളുടെ നാഥസമ്പ്രദായത്തില്‍ സദാശിവനെന്ന നിലയില്‍ ആദിനാഥന്‍ ശ്രീ ഗുരുബാബാജിയല്ലാതെ മറ്റാരുമല്ല. ശരിയായ ധാരണയുണ്ടെങ്കില്‍ അത്തരം ശക്തികളോട് ഏതു സ്ഥലത്തും സമയത്തും ബന്ധപ്പെടാന്‍ കഴിയും.
യഥാര്‍ത്ഥ ആത്മീയാന്വേഷകന് അത്തരം അനുഭവങ്ങളുണ്ടാകാന്‍ ആവശ്യമായ ഉപാധികളെന്തെല്ലാമാണ്?
ഒരു യഥാര്‍ത്ഥ ആത്മീയാന്വേഷകന്‍ ഒരിക്കലും അതീന്ദ്രീയനുഭവം ലഭിക്കുമെന്ന ആശയില്‍ ആരംഭിക്കുന്നില്ല. അയാള്‍ക്ക് പരിമിതമായ തന്റെ ദേഹസ്വത്വത്തിന്റെ തടങ്കലില്‍നിന്ന് സ്വതന്ത്രമാവേണ്ടതുണ്ട്. നമുക്കുള്ള എല്ലാ പ്രശ്‌നങ്ങളും പരിമിതമായ ദേഹം, മനസ്സ്, ബുദ്ധി എന്നീ താദാത്മ്യങ്ങള്‍ക്കു ചുറ്റും ഭ്രമണം ചെയ്തുപോകുന്നതാണ്. ഒരു യഥാര്‍ത്ഥ അന്വേഷകന്‍ താന്‍ ജനനത്തിനുമുമ്പ് എവിടെയായിരുന്നു, മരണശേഷം എന്തുസംഭവിക്കുന്നു എന്നിങ്ങനെ സ്വന്തം ജീവിതത്തെപ്പറ്റി അത്ഭുതപ്പെടും. അന്വേഷണം തുടരവേ പിന്നീട് ഒരുവന്റെ ഇന്ദ്രിയസംവേദനങ്ങള്‍ അപരിചിതമായ അനുഭവങ്ങളിലേക്കു തുറക്കുന്നു. അത്തരം അനുഭവങ്ങള്‍ ആത്മീയാന്വേഷകരെ തങ്ങളുടെ പാതയില്‍ നിന്നകറ്റുമെന്നതിനാല്‍ അവയെപ്പറ്റി എപ്പോഴും താക്കീതു നല്‍കുന്നു. മോക്ഷാര്‍ത്ഥിയായ ഒരു യഥാര്‍ത്ഥ ആത്മീയാന്വേഷകന് തന്റെ പ്രക്രിയകള്‍ക്കിടയില്‍ അത്തരം അനുഭവങ്ങള്‍ വന്നുചേരുന്നു.
ഒരു മുസ്ലീം കുടംബത്തില്‍ ജനിച്ച താങ്കള്‍ക്കു സനാതനധര്‍മ്മത്തിലെ നിരവധി സന്യാസിമാരുമായി വളരെ അടുത്ത സമാഗമം ഉണ്ടായിട്ടുണ്ട്. താങ്കളുടെ അന്വേഷണത്തിന് അത്തരം കൂടിക്കാഴ്ചകള്‍ അടിത്തറ പാകിയിട്ടുണ്ട്. യാഥാസ്ഥിതിക മുസ്ലീങ്ങളില്‍ നിന്ന് എപ്പോഴെങ്കിലും എതിര്‍പ്പുകള്‍ അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ?
ജീവിതം വളരെ ഹ്രസ്വമാണെന്നും ജീവിതത്തിന് യഥാര്‍ത്ഥത്തില്‍ വിലകല്‍പിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്ക് ഇസ്ലാം പ്രചരിപ്പിച്ചുകൂടായെന്നുമുള്ള സന്ദേശങ്ങള്‍ എനിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ ഹിന്ദുത്വത്തെപ്പറ്റി പറഞ്ഞു. എന്തിനാണ് ജീവിതം വെറുതെ കളയുന്നതെന്ന് അവര്‍ ചോദിക്കുന്നു. ഇസ്ലാം ഇന്നു വ്യാഖ്യാനിക്കപ്പെടുന്നതുപോലെ തീവ്രവാദം ആത്മീയതയ്‌ക്കോ മനുഷ്യക്ഷേമത്തിനോ നല്ലതല്ല. എനിക്കു ഒരു തീരുമാനമുണ്ട്. ഞാന്‍ എന്റെ ദേഹത്തെപ്പറ്റി വേവലാതിപ്പെടുന്നില്ല. അതു ഏതു സമയത്തും നശിച്ചുപോകുന്നതാണ്.
എന്തുകൊണ്ടാണ് സാമുദായിക അപസ്വരങ്ങള്‍ സ്ഥിരമായ ഒരു വ്യാധിയായി ഭാരതത്തില്‍ നിലനില്‍ക്കുന്നത്? എന്തുപരിഹാരമാണ് താങ്കള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്.
ഇന്ത്യയില്‍ ജനങ്ങള്‍ മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അവര്‍ അതിനെപ്പറ്റി അജ്ഞരായതുകൊണ്ടാണെന്ന് ഞാന്‍ വിചാരിക്കുന്നു. ജനങ്ങള്‍ വിശിഷ്യാ, ചെറുപ്പക്കാര്‍ സംസ്‌കൃതം പഠിക്കണമെന്ന് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. മതപരമായ അംശം മാറ്റിവെച്ചാല്‍ത്തന്നെ അതു മനോഹരമായ പ്രാചീന ഭാഷയാണ്. ജനങ്ങള്‍ മതത്തിന്റെ കേവലമായ ബാഹ്യതലങ്ങളില്‍ ഒട്ടിപ്പിടിക്കുന്നതിനു പകരം അതിന്റെ അഗാധതലങ്ങളിലേയ്ക്കു ഇറങ്ങിച്ചെല്ലേണ്ടതാണ്.
സുദീര്‍ഘകാലം ഹിന്ദുത്വവുമായി ഇടപഴകിയിട്ടും ഇസ്ലാമും ക്രൈസ്തവവിശ്വാസവും ഈ സംസ്‌കാരവുമായി ഇടകലരാത്തതായി തോന്നുന്നതെന്തുകൊണ്ടാണ്?
നിങ്ങള്‍ക്കു ബലം പ്രയോഗിച്ച് ഈ കൂടിച്ചേരല്‍ നടത്താന്‍ സാധിക്കുകയില്ല. എന്തുകൊണ്ടാണെന്നു ഞാന്‍ പറയാം. ഒരു പ്രവാചകനിലോ ഒരു ഗ്രന്ഥത്തിലോ വിശ്വസിക്കുന്ന ഏതു മതത്തിനും സവിശേഷമായ നിബന്ധനകളോ ദൃഢവിശ്വാസങ്ങളോ ഉണ്ട്. അവരുടെ വിശ്വാസത്തില്‍ അച്ചടക്കം പോലെയുള്ള നല്ലകാര്യങ്ങളെപ്പറ്റി പറയുന്നുണ്ടെങ്കിലും എല്ലായ്‌പ്പോഴും അത് അവയ്ക്കു പുറത്തായിരിക്കും. ഞാന്‍ ഒരു ഹിന്ദുമഠത്തില്‍ താമസിക്കുന്ന സമയത്ത് ആരോ ചിലര്‍ സമീപ പ്രദേശത്തെ മുസ്ലീംപള്ളിയിലെ ബാങ്കുവിളികേട്ട് സ്വാമിജിയോടു പരാതിപ്പെട്ടു. ശല്യങ്ങളിലേയ്ക്ക് ശ്രദ്ധകൊടുക്കാതെ തങ്ങളുടെ പ്രാര്‍ത്ഥനയിലേയ്‌ക്കോ ആരാധനയിലേയ്‌ക്കോ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്വാമിജി അവരെ ഉദ്‌ബോധിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരാന്‍ പര്യാപ്തമെന്ന നിലയില്‍ എല്ലമതങ്ങളും ഒരുപോലെയാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ടെങ്കിലും എല്ലാ മതങ്ങളും ഒരുപോലെയല്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ” ഏകം സദ് വിപ്രാ: ബഹുധാ വദന്തി”- എല്ലാമതങ്ങളും ആത്യന്തികമായി ഒരേ ലക്ഷ്യത്തിലേക്കുനയിക്കുന്നതാണെന്ന് ഋഗ്വേദം ഉദ്‌ഘോഷിച്ചത് സത്യമാണ്. നിങ്ങള്‍ക്കു ഒരാളുടെ മതത്തെ ബഹുമാനിക്കാം, എന്നാല്‍ മറ്റൊരു മതവുമായി ഇടകലരാന്‍ സാധ്യമല്ല.
വൈദികമതത്തിന്റെ വൈശിഷ്ട്യം എന്താണ്?
വൈദികമതത്തിന്റെ ഏറ്റവും ഹൃദയസ്പര്‍ശിയായ വശം അത് പ്രകൃത്യാ കര്‍ക്കശമല്ല എന്നുള്ളതാണ്. ചെയ്യേണ്ടവയും അരുതുകളുമില്ല. അതു നിയമങ്ങളിലും നിയന്ത്രണങ്ങളിലും ചുറ്റിപ്പിണഞ്ഞുകിടക്കുന്നതല്ല. അന്വേഷണബുദ്ധിക്കു അവിടെ പ്രാമാണ്യമുണ്ട്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലവില്‍ വന്നതാണ് അതെന്നത് അത്ഭുതകരമാണ.് അതിന്റെ ഉല്പത്തിതന്നെ മാനുഷികമാണെന്നത് ഒരുവനെ അത്ഭുതപരതന്ത്രനാക്കുന്നു. ആ കാലത്ത് ഒരു ശരാശരി മനുഷ്യന് അന്വേഷണാത്മകമായും തുറന്ന മനസ്സോടെയും ചര്‍ച്ചചെയ്യാനും സംവാദങ്ങളിലേര്‍പ്പെടാനുമുള്ള കഴിവുകള്‍ ഉണ്ടായിരുന്നുവെന്നത് സംശയാസ്പദമാണ്. ജനങ്ങള്‍ വേദങ്ങളുടെ ദിവ്യമായ ഉല്പത്തിയെപ്പറ്റി സംസാരിക്കുമ്പോള്‍ ഈ അറിവുകള്‍ നമ്മളിലെത്തിച്ച ചില ശക്തികള്‍ അക്കാലങ്ങളില്‍ ഉണ്ടായിരുന്നതായി എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്. തങ്ങളുടെ അന്തര്‍ബോധംകൊണ്ട് അത്തരം അറിവുകള്‍ സ്വായത്തമാക്കിയിരുന്ന ഋഷികള്‍ ഉണ്ടായിരുന്നെങ്കില്‍പ്പോലും അവര്‍ അതിനുള്ള പ്രചോദനം നേടിയത് ഇത്തരം ശക്തികളില്‍നിന്നാവാം.
ബഹുഭൂരിപക്ഷം ഹിന്ദുക്കളും എല്ലാമാര്‍ഗങ്ങളും ഒരേ ലക്ഷ്യത്തിലേയ്ക്ക് നയിക്കുന്നുവെന്ന ആശയം സ്വീകരിക്കുമ്പോള്‍ മുസ്ലീം-ക്രൈസ്തവ സഹോദരങ്ങള്‍ക്ക് ഈ അടിസ്ഥാന യാഥാര്‍ത്ഥ്യത്തെപ്പറ്റി ശരിയായ രീതിയില്‍ പഠിപ്പിച്ചുകൊടുക്കുന്നില്ല എന്നതു ദൗര്‍ഭാഗ്യകരമല്ലേ?
സത്യം ഒരു പ്രത്യേക വിഭാഗക്കാര്‍ക്കു മാത്രമുള്ളതല്ലെന്നും അതിനാല്‍ത്തന്നെ മറ്റുള്ളവരെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ യുക്തിയില്ലെന്നും ഉദ്‌ഘോഷിക്കുന്ന അസംഖ്യം ഋഷിമാരും സന്യാസിമാരുമുള്ള ഹിന്ദുസംസ്‌കാരം ഒരു മഹാസാഗരംപോലെയാണ്. ലോകം മുഴുവന്‍ ജൂതന്മാര്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ഹൈന്ദവഭാരതം മാത്രമാണ് അവര്‍ക്ക് അഭയം നല്‍കിയത.് നേരെ മറിച്ച് വര്‍ഷങ്ങളായി സെമറ്റിക് മതങ്ങള്‍ പഠിപ്പിച്ചുപോന്നത് അവരുടേത് മാത്രമാണ് ഒരേയൊരു സത്യമായ മതമെന്നും അതു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണെന്നുമാണ്.
യഥാര്‍ത്ഥത്തില്‍ ജ്ഞാനിയായ ഗുരുവിനെയും ഒരു വഞ്ചകനെയും എങ്ങിനെയാണ് ഒരാള്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നത്?
യഥാര്‍ത്ഥമായ ഒരാളില്ലെങ്കില്‍ നിങ്ങള്‍ക്കു അപരനെ കണ്ടെത്താന്‍ കഴിയില്ല. കൂടുതല്‍ ശിഷ്യന്മാരെ സമാഹരിക്കാന്‍ താല്പര്യമുള്ളവനും സ്വയം പ്രാധാന്യം കൊടുക്കുന്നവനും രാഷ്ട്രീയത്തില്‍ കാര്യഗൗരവമില്ലാതെ പ്രവര്‍ത്തിക്കുന്നവനും ലാളിത്യമില്ലാത്തവനും പ്രചരണത്തില്‍ അഭിനിവേശമുള്ളവനുമായ ഗുരുവിനെ സംശയിക്കണം. അഹംബോധമില്ലാത്ത ലാളിത്യം, അതാണ് ഒരു യഥാര്‍ത്ഥ ഗുരുവിന്റെ ഉത്തമ സാക്ഷ്യം.
ആത്മസാക്ഷാത്കാരം നേടാന്‍ താങ്കളുടെ പ്രായോഗിക നിര്‍ദ്ദേശം എന്താണ്?
ആത്മസാക്ഷാത്കാരത്തിന് ഒരു പ്രമാണസൂത്രം നല്‍കാന്‍ എനിക്കു കഴിയില്ല. ഉള്ളില്‍ നിന്നുതന്നെ നടക്കേണ്ട ഒരു ശുദ്ധീകരണ പ്രക്രിയയാണത്. ഒരാള്‍ക്ക് ആത്മസാക്ഷാത്കാരത്തിനായി സത്യസന്ധമായ ആഗ്രഹമുണ്ടെങ്കില്‍ ഒരു ഗുരുവിന് അദ്ദേഹത്തിന്റെ ഗോത്ര പാരമ്പര്യമനുസരിച്ച് നയിക്കാന്‍ കഴിയും. ഞാനൊരു ഭക്തനും ക്രിയായോഗിയുമാണ്. സാധാരണയായി ആരെങ്കിലും ക്രിയാമാര്‍ഗ്ഗത്തില്‍ ദീക്ഷ ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ അയാളോട് കാത്തിരിക്കാന്‍ പറയും. കാരണം ഞാന്‍ സൂക്ഷിച്ചു മാത്രം തെരെഞ്ഞെടുക്കുന്ന ശീലമുള്ള ആളാണ്. സുഷുമ്‌നാ നാഡിയും അതിനോടനുബന്ധിച്ച കേന്ദ്രങ്ങളും ശുദ്ധീകരിക്കപ്പെടുന്ന പ്രക്രിയയാണ് ക്രിയായോഗം. വാണിജ്യപരമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്, എന്നതിനാല്‍ ധ്യാനം, ആത്മസാക്ഷാത്കാരം തുടങ്ങിയവ വിറ്റഴിക്കുന്ന ഒരുപാടു ഗുരുക്കന്മാരെ നമുക്കു കാണാന്‍ കഴിയും.
എന്തുകൊണ്ടാണ് മനുഷ്യര്‍ ക്ലേശമനുഭവിക്കേണ്ടിവരുന്നത്?
ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ് ക്ലേശവും സന്തോഷവും. ബുദ്ധിമുട്ടുകളും ആഹ്ലാദവും സന്തുലിതമാക്കാനാണ് ക്ലേശങ്ങള്‍ നമുക്കുതന്നിരിക്കുന്നത.് ക്ലേശങ്ങള്‍ ഒരാളെ ബോധവികാസത്തിനു സഹായിക്കും. എന്നാല്‍ സ്വയം ക്ലേശങ്ങള്‍ സ്വീകരിക്കണമെന്ന് അതിനര്‍ത്ഥമില്ല. എപ്പോഴാണോ ക്ലേശങ്ങള്‍ ആവശ്യപ്പെടാതെ വന്നുപെടുന്നത് ലോകത്തിന്റെ നിരര്‍ത്ഥകത തിരിച്ചറിയാന്‍ സഹായിച്ചുകൊണ്ട് അതൊരാളെ ശക്തനാക്കുന്നു. എവിടെയെല്ലാമാണോ ഒരാള്‍ക്കു മറ്റുള്ളവരുടെ ദുരിതങ്ങള്‍ ലഘൂകരിച്ചുകൊണ്ട് സഹായിക്കാന്‍ കഴിയുന്നത്, അതാണ് ഏറ്റവും മഹത്തായ സാധന. ദരിദ്രനാരായണസേവ ദുഷ്‌കര്‍മ്മങ്ങളെ ശുദ്ധീകരിക്കുന്നു എന്നുസ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ ഒരാളെ സഹായിക്കുകയാണെന്നിരിക്കട്ടെ. നിങ്ങളുടെ മനസ്സിനെ അതു ശുദ്ധീകരിക്കുമെന്നതിനാല്‍ അതു മറ്റുള്ളവരെയല്ല, നിങ്ങളെത്തന്നെയാണ് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത്.
ആത്മീയാനുഭവങ്ങള്‍ ആത്മനിഷ്ഠങ്ങളായതിനാല്‍ അതു ശാസ്ത്രീയമല്ല എന്നു വിമര്‍ശകര്‍ പറയുന്നു?
അവബോധമെന്ന മാധ്യമത്തെ ആശ്രയിക്കുമ്പോള്‍ ആത്മീയാനുഭവങ്ങള്‍ വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ ആകാം. ഈ കാലത്തുപോലും ഏറ്റവും ലഘുവായ കണങ്ങളെ നിര്‍വ്വചിക്കാന്‍ ശാസ്ത്രത്തിനു സാധിച്ചിട്ടില്ല. ക്വാണ്ടം തിയറിയുടെ അടിസ്ഥാനഘടകങ്ങളിലൊന്നായ സംഭാവ്യതാ സിദ്ധാന്തമനുസരിച്ച് ദ്രവ്യത്തെ കണമെന്നോ തരംഗമെന്നോ നിര്‍വ്വചിക്കാന്‍ സാധ്യമല്ല. അതു നിരീക്ഷകനെ ആശ്രയിച്ചിരിക്കുന്നു എന്നവര്‍ പറയുന്നു. ഇവിടെ സ്വാമി വിവേകാനന്ദനും ഡോ.ജോര്‍ജ് സുദര്‍ശനും ഒന്നിച്ചു ചേരുന്നതു ഇവിടെ ഞാന്‍ കാണുന്നു.
സനാതന ധര്‍മ്മത്തിന്റെ ഈ നാട് അകത്തുനിന്നും പുറത്തുനിന്നും ഗുരുതരമായ ഭീഷണികളെ നേരിടുകയാണ്. എന്താണ് മോചനമാര്‍ഗ്ഗം?
നല്ലവരും സംശുദ്ധരുമായ ആളുകള്‍ ധാരാളമായി രാഷ്ട്രീയ രംഗത്തുവരണം. രാഷ്ട്രീയക്കാരെ നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനാശയങ്ങള്‍ പഠിപ്പിക്കണം. ഉദാഹരണമായി വര്‍ണാശ്രമധര്‍മ്മം മഹത്തായ ഒരാശയമായിരുന്നു. പില്ക്കാലത്ത് അതു ദുഷിച്ചുപോയി. ഈ രാഷ്ട്രത്തെയും അതിന്റെ പ്രാചീന ഹൈന്ദവസംസ്‌കൃതിയെയും ഒരിക്കലും നശിപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലാക്കുക. ലോകത്തിന്റെ ആത്മീയ ഗുരുവാണത്. അതിനാല്‍ അതു നശിച്ചു പോകില്ല. ഈ നാടിന് മഹത്തായൊരു ഭാവിയുണ്ടെന്ന കാര്യത്തില്‍ ഞാന്‍ ശുഭാപ്തി വിശ്വാസമുള്ളവനാണ്. വിവേകാനന്ദന്‍ പറഞ്ഞപോലെ ലോകത്തിന്റെ ആത്മീയഗുരുവായ ഈ നാട്ടിലേയ്ക്ക് പഴയ കാലങ്ങളിലെപ്പോലെ ലോകത്തെങ്ങുമുള്ള ആളുകള്‍ വീണ്ടും വരും.
ലോകം മുഴുവന്‍ ഹിന്ദുത്വത്തിന് വന്‍ സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ സ്വന്തം മാതൃഭൂമിയില്‍ അപകടത്തിലാണ്?
സനാതനധര്‍മ്മം എല്ലാ ഭീഷണികളെയും അതിജീവിക്കും. കേവലമായ രാഷ്ട്രീയ അവസരവാദത്തിന്റെ ഫലമാണ് നിങ്ങള്‍ ഈ കാണുന്ന ഭീഷണിയെല്ലാം. ഔറംഗസേബിന്റെ സഹോദരനും അവിശ്വാസിയാണെന്ന് മുദ്രകുത്തി കൊലചെയ്യപ്പെട്ടയാളുമായ ദാരാഷിഖോവിനെപ്പറ്റിയുള്ള ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ ഞാന്‍ കാശ്മീരില്‍ പോയിരുന്നു. കാശ്മീരുകാരനായ ഒരു ഗുരു, ഷിക്കോവിനുണ്ടായിരുന്നു. പേര്‍ഷ്യന്‍ ഭാഷയിലേക്കു ഉപനിഷത്തുകള്‍ ആദ്യമായി വിവര്‍ത്തനം ചെയ്ത മഹാനായ ഒരു ദാര്‍ശനികനായിരുന്നു അദ്ദേഹം. പാശ്ചാത്യദാര്‍ശനികന്മാര്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനങ്ങളിലൂടെ മാത്രമാണ് ഉപനിഷത്തുക്കളെ അറിയാനിടയായത്. കാശ്മീരി പണ്ഡിറ്റുകള്‍ അവരുടെ വീടുകളിലേയ്ക്ക് ഒരു ദിവസം തിരിച്ചുപോകണമെന്ന വീക്ഷണമാണ് എനിക്കുള്ളത്. ഗുരുഗോവിന്ദസിംഹന്‍ സിക്കുമതം സ്ഥാപിച്ചത് ഹിന്ദുക്കളെ സംരക്ഷിക്കാന്‍വേണ്ടിയാണ്. ആരെങ്കിലും വന്നു വാതില്‍ തള്ളിത്തുറന്നു നിങ്ങളുടെ മകളെ പിടിച്ചുകൊണ്ടുപോകുകയാണെങ്കില്‍, അതു വേറെ കാര്യം. നിങ്ങള്‍ പ്രതികരിക്കുക തന്നെ വേണം.
ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ താങ്കള്‍ വിദ്യാലയം നടത്തിക്കൊണ്ട് പോകുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് താങ്കള്‍ മുന്നോട്ട് വയ്ക്കുന്നത് ?
എല്ലാ തലത്തിലുമുള്ള സംവാദങ്ങളും നമുക്കു പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. നമ്മുടെ മഹത്തായ സംസ്‌കൃതിയും ശാസ്ത്രീയമായ പാശ്ചാത്യചിന്തകളും പഠിപ്പിക്കുന്നതു നല്ലതാണ്. നിങ്ങള്‍ വേരുകളില്ലാത്തവനാകാന്‍ പാടില്ല. ചെറുപ്രായത്തില്‍ത്തന്നെ ഭഗവദ്ഗീത, ക്ലാസ്സിക്കല്‍ നൃത്തങ്ങള്‍, സംഗീതം, സംസ്‌കൃതം, ജ്യോതിശാസ്ത്രം എന്നിവ ഞങ്ങളുടെ വിദ്യാലയത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഓരോ വര്‍ഷവും കുട്ടികള്‍ സ്വയം ഒരു സംസ്‌കൃത നാടകം എഴുതി, സംവിധാനം ചെയ്ത് അവതരിപ്പിക്കാറുണ്ട്.
മതംമാറ്റത്തെപ്പറ്റി താങ്കളുടെ കാഴ്ചപ്പാടുകള്‍ ?
ഏതുതരത്തിലുള്ള മതംമാറ്റവും ബലപ്രയോഗമാണ്. വ്യക്തികളുടെ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യത്തെ അതു ഹനിക്കുന്നു. മറ്റാരു തരത്തില്‍ പറഞ്ഞാല്‍ ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ തന്റെ മതംമാറണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്ക് അതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം. ഹൈന്ദവ സമ്പ്രദായത്തിലുള്ള ചിന്തകള്‍ മതംമാറ്റുന്ന സമ്പ്രദായം സ്വീകരിക്കുന്നില്ല. അതു ഒരു വ്യക്തിക്കു അയാളുടെ മാര്‍ഗം തെരഞ്ഞെടുക്കുന്നതിന് മതിയായ സ്വാതന്ത്ര്യം നല്‍കുന്നു.
താങ്കള്‍ സ്വയം ഒരു ഹിന്ദുവായി കരുതുന്നുവോ?
ഞാന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നു. ഈ മഹത്തായ നാടിന്റെ സംസ്‌കൃതിയെ ഉള്‍ക്കൊള്ളുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഹിന്ദുവാണ്. അറബിഭാഷയില്‍ ഹിന്ദുവെന്നാല്‍ ഇന്ത്യയെന്നാണര്‍ത്ഥം. ഇന്ത്യയില്‍നിന്നു ഹജ്ജിനുപോകുന്നവരെ ഇതേയര്‍ത്ഥത്തില്‍ ഹിന്ദുമുസ്ലീം എന്നാണുവിളിക്കുന്നത്. അത്ഭുതകരമെന്നുപറയട്ടെ ഇന്ത്യയില്‍ നിന്നുള്ള മുസ്ലീങ്ങളെ ഹിന്ദുമുസ്ലീം എന്നുവിളിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു. ഞാന്‍ ഈ പ്രാചീനസംസ്‌കൃതിയുമായി ബന്ധപ്പെട്ടവനാണ്, അതില്‍ ഞാന്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഈ നാട്ടിലെ എല്ലാ മുസല്‍മാന്മാരും അവര്‍ ഇസ്ലാംമതം പിന്തുടരുന്നെങ്കിലും ആ ഒരര്‍ത്ഥത്തില്‍ സംസ്‌കാരം കൊണ്ട് ഹിന്ദുക്കളാണ്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കിടയില്‍ തെറ്റായ രീതിയിലുള്ള സിദ്ധാന്തങ്ങള്‍ ഉപദേശിക്കപ്പെടുന്നു.
വായനക്കാര്‍ക്കുള്ള സന്ദേശം എന്താണ്?
കരുണാര്‍ദ്രമല്ലെങ്കില്‍ ഒരു മതവും അര്‍ത്ഥപൂര്‍ണ്ണമാകുന്നില്ല. വെറുതെ അമ്പലത്തിലോ പള്ളിയിലോ പോകുന്നത് ഒരാളെ ധാര്‍മ്മികനാക്കുന്നില്ല. ഭഗവദ്ഗീത 12-ാമദ്ധ്യായത്തില്‍ ആരാണു താങ്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന് അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചപ്പോള്‍ കൃഷ്ണന്‍ പറയുന്നത് എല്ലാ ജീവികളുടേയും ക്ഷേമം ആരാണോ തന്റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് അയാളാണ് തനിക്കേറ്റവും പ്രിയപ്പെട്ടവന്‍ എന്നാണ്.
കടപ്പാട്: ഓര്‍ഗനൈസര്‍ വാരിക
വിവ: എം.എ.ശശി