ഇതെഴുതുന്നയാള്‍ തീരേ കുട്ടിയായിരുന്ന കാലത്ത് കേരളത്തില്‍ ടെലിവിഷന്‍ ഇല്ല. 1959-ല്‍ തീരെ ചെറിയ രീതിയില്‍ ഇന്ത്യയില്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചിരുന്നുവത്രേ! പക്ഷേ കേരളത്തിലെത്താന്‍ വീണ്ടും രണ്ടു ദശാബ്ദം വേണ്ടിവന്നു. അക്കാലത്ത് ഏറ്റവും വലിയ അത്ഭുതമായി മലയാളികള്‍ കരുതിയിരുന്നത് റേഡിയോയേയും ആകാശവാണി പ്രക്ഷേപണത്തേയുമായിരുന്നു. ഇന്നത്തേക്കാള്‍ സ്‌പോര്‍ട്‌സ് ആവേശം അക്കാലത്തുണ്ടായിരുന്നുവെന്നു തോന്നുന്നു. നാട്ടിന്‍പുറങ്ങളിലെല്ലാം വോളിബോള്‍ മത്സരങ്ങള്‍ പതിവായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍ അതിന്റെ ആഘോഷമെന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് അവധി കൊടുത്തതായി ഓര്‍ക്കുന്നു. ഇപ്പോള്‍ അത്തരം ആവേശമൊന്നും എവിടെയും കാണാനില്ല. മലപ്പുറം ഭാഗത്തു മാത്രം കുറച്ചു ഫുട്‌ബോള്‍ ആവേശം കാണാനുണ്ട് അത്രമാത്രം.
ഒരുകാലത്ത് തിരുവനന്തപുരത്തുകാരുടെ പ്രിയപ്പെട്ട ടൂര്‍ണമെന്റായിരുന്നു ജി വി രാജ ഫുട്‌ബോള്‍ മത്സരങ്ങള്‍. ഇപ്പോള്‍ അതു നിലച്ചു പോയി എന്നു തോന്നുന്നു. സന്തോഷ്‌ട്രോഫിയും നെഹ്‌റുകപ്പും കേരളത്തില്‍ നടന്ന സമയങ്ങളിലും ജിവിരാജ കപ്പിലുമൊക്കെ അക്കാലത്ത് ആകാശവാണിയുടെ റണ്ണിങ്ങ് കമന്ററി ഉണ്ടാകുമായിരുന്നു. അന്നു കമന്ററി പറയുന്നതില്‍ സമര്‍ത്ഥന്മാരായ പലരുടേയും പേരുകള്‍ ഇന്ന് ഓര്‍മയില്ല. എന്നാല്‍ ഏറ്റവും രസകരമായി മത്സരം കണ്‍മുന്‍പില്‍ കാണുന്നതു പോലെ അവതരിപ്പിക്കുന്ന ഒരാളായിരുന്നു പ്രശസ്ത നോവലിസ്റ്റു കൂടിയായിരുന്ന നാഗവള്ളി ആര്‍.എസ്. കുറുപ്പ്. ചലച്ചിത്ര സംവിധായകന്‍ വേണുനാഗവള്ളിയുടെ പിതാവ്. മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റ് സിനിമയായി കണക്കാക്കുന്ന ‘ന്യൂസ് പേപ്പര്‍ ബോയി’യുടെ തിരക്കഥ രചിച്ചത് ഇദ്ദേഹമായിരുന്നു. തോട്ടികളുടെ ജീവിതം ആധാരമാക്കി മലയാളത്തില്‍ ആദ്യമുണ്ടായ നോവല്‍ തകഴിയുടെ ‘തോട്ടിയുടെ മകന്‍’ അല്ല എന്നും നാഗവള്ളിയുടെ ‘തോട്ടി’ ആണെന്നും മാതൃഭൂമിയിലെ പംക്തിയില്‍ (അക്ഷരം പ്രതി – മാതൃഭൂമി ഒക്ടോ.13-19) കെ.സി. നാരായണന്‍ പറയുന്നു.
നാഗവള്ളിയുടെ ‘തോട്ടി’ സ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ചതായി ഓര്‍ക്കുന്നു. എങ്കിലും ഇതിവൃത്തം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ‘ഒഴുക്കത്തു വന്ന വീട്’ എന്ന അതിമനോഹരമായ ഒരു നര്‍മ്മകൃതി വായിച്ചത് പക്ഷേ ഇപ്പോഴും ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു. കുട്ടനാട്ടില്‍ ഒരു വെള്ളപ്പൊക്കക്കാലത്ത് തടികൊണ്ടുണ്ടാക്കിയ ഒരു വീട് ഒഴുകിവരുന്നു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നീന്താന്‍ മിടുക്കന്മാരായ ആളുകള്‍ പിടിച്ചെടുക്കുന്നത് അക്കാലത്ത് പതിവായിരുന്നു. മരങ്ങളും തെങ്ങിന്‍ കുലയും വാഴക്കുലയുമൊക്കെ മുങ്ങല്‍ വിദഗ്ദ്ധന്മാരായ നാട്ടിന്‍ പുറത്തെ കരുത്തന്മാര്‍ പിടിച്ചെടുക്കുമായിരുന്നു. അത്തരത്തില്‍ കൈക്കരുത്തുളള ഒരു സംഘം തടി വീടില്‍ കയറിപ്പറ്റുന്നതും അവിടെ കഞ്ചാവു കലര്‍ന്ന ഒരു ലഹരി പദാര്‍ത്ഥം കഴിച്ച് ബോധശൂന്യനായ ഒരാളെ കണ്ടെത്തുന്നതും വീട്ടില്‍ കയറിപ്പറ്റുന്നവരും ലഹരി ഉപയോഗിച്ച് തടി വീടില്‍ പെട്ടു പോകുന്നതുമൊക്കെയാണ് കഥ. വെള്ളമിറങ്ങുമ്പോള്‍ മരവീട് ഒരു സ്ഥലത്ത് ഉറച്ചുപോകുന്നു. ഒടുവില്‍ വീടിന്റെ അവകാശത്തെച്ചൊല്ലി തര്‍ക്കമുണ്ടാവുന്ന എല്ലാക്കാലത്തേയ്ക്കും വായിച്ചുരസിക്കാവുന്ന ഇംഗ്ലീഷിലെ ജെറോം കെ.ജെറോമിന്റെ (Jerome J Jerome) നര്‍മ്മകഥകളേക്കാള്‍ വായിച്ചാസ്വദിക്കാന്‍ കഴിയുന്നതാണീകൃതി. എന്തുകൊണ്ടോ ഇന്നാരും നാഗവള്ളിയുടെ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നേയില്ല. സമഗ്രസംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. അന്‍പതിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ നാഗവള്ളി ആദ്യകാലത്ത് ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടിനേയും ന്റൂപ്പുപ്പാര്‍ക്കൊരാനേണ്ടാര്‍ന്നിനേയും ബാല്യകാലസഖിയേയും മഹത്തായ രചനകളെന്നു പറഞ്ഞു കൊണ്ടാടുന്ന മലയാളി യഥാര്‍ത്ഥ മഹത്വമുള്ള കൃതികളേയും രചനകളേയും കണ്ടതായി ഭാവിക്കുന്നേയില്ല. നാഗവള്ളിയെക്കുറിച്ചു പറഞ്ഞതുപോലെ മലയാളത്തിന്റെ എക്കാലത്തേയും മഹത്തായ നോവലുകളില്‍ ഉള്‍പ്പെടുത്തേണ്ട മലയാറ്റൂരിന്റെ യക്ഷിയേയും ഇപ്പോഴാരും ഓര്‍ക്കുന്നില്ല. യക്ഷിപോലെ ഗൗരവമുള്ള കൃതികള്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നതേയുള്ളൂ. ആ കൃതിയുടെ മഹത്വം വായിച്ചെടുക്കാന്‍ തക്ക പ്രാപ്തിയുള്ള നിരൂപകര്‍ അക്കാലത്ത് ഇല്ലാതിരുന്നതുകൊണ്ടാവണം വേണ്ടത്ര പ്രാധാന്യത്തോടെ ആ നോവലിനെ പഠിക്കാതിരുന്നത്. മനോവിശ്ലേഷണവും ഭ്രമാത്മകതയും സംയോജിക്കുന്ന ആ മഹത്തായ കൃതിയെ കൈരളി വീണ്ടും ചര്‍ച്ച ചെയ്യുമെന്നു പ്രതീക്ഷിക്കാം. എന്തുകൊണ്ടു കേരളം ഇത്രമാത്രം ഭാവനാശൂന്യമായി എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. മഹത്തായ രചനകളെ വലിച്ചെറിഞ്ഞ് ചില തട്ടിക്കൂട്ടുകൃതികള്‍ക്കു പിറകേ പോകുന്ന ഇന്നത്തെ മലയാളിയെ കാണുമ്പോള്‍ സഹതാപം തോന്നുന്നു.
ജി. അരവിന്ദന്റെ പഴയ കാര്‍ട്ടൂണ്‍ പരമ്പര ‘ചെറിയ മനുഷ്യരും വലിയ ലോകവും’ സമ്പൂര്‍ണ്ണമായി പ്രസിദ്ധീകരിക്കാന്‍ ഡി.സി. ഒരുങ്ങുന്നത് ഒരു നല്ല ലക്ഷണമാണെന്നു പറയാം. മെച്ചപ്പെട്ട സാഹിത്യത്തിലേയ്ക്കും കലയിലേയ്ക്കും മലയാളി മടങ്ങിപ്പോകാനൊരുങ്ങുന്നതിന്റെ ലക്ഷണമാണത്. ബുദ്ധി പരത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്നും ഒരു മടങ്ങിപ്പോക്ക് ഉണ്ടായേ മതിയാകൂ! പ്രതിഭാശാലികള്‍ ജീവിച്ചിരുന്ന ഈ മണ്ണിലാണിപ്പോള്‍ പാഴ്‌ച്ചെടികള്‍ തഴച്ചു വളരുന്നത്. രാഷ്ട്രീയവും മതവും ചേര്‍ന്ന് പ്രതിഭകളെ ചവിട്ടിയമര്‍ത്തി പാഴ്മരങ്ങള്‍ക്കു വളമിട്ടു. പ്രതിഭാപ്രസരമുണ്ടായിരുന്ന പോയകാല കേരളത്തിലേക്ക് ഇന്നത്തെ കേരളത്തെ നയിക്കാന്‍ ധൈഷണിക സിദ്ധിയുള്ളവരുടെ ഒരു കൂട്ടായ്മ ഉദയം കൊള്ളേണ്ടിയിരിക്കുന്നു. ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊക്കെ കൂടുതല്‍ ഗൗരവമുണ്ടാവേണ്ടിയിരിക്കുന്നു.
നെടുമുടി എന്ന നടന വൈഭവത്തെ കുറിച്ച് മലയാളം വാരികയില്‍ പി.എസ്.പ്രദീപ് എഴുതിയിരിക്കുന്ന ഓര്‍മ്മ ഏറ്റവും ഉചിതമായിരിക്കുന്നു. (സമകാലിക മലയാളം ഒക്ടോ. 14) പ്രദീപ് എഴുതുന്നു ”വേണുവിന്റെ മുഖഭാവങ്ങളും ശരീരഭാഷയും സംഭാഷണവും സിനിമാഭിനയത്തെ കഥകളിപോലെ സൂക്ഷ്മമായ ക്ലാസിക് തലത്തിലേയ്ക്കുയര്‍ത്തിയത് മലയാളി ഇനിയും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയമാണ്.” എത്ര കൃത്യവും സൂക്ഷ്മവുമായ വിലയിരുത്തല്‍. ഒരു പ്രദീപിനെങ്കിലും ഇതൊക്കെ മനസ്സിലായല്ലോ എന്നാലോചിക്കുമ്പോള്‍ സന്തോഷം. നിത്യജീവിതത്തില്‍ കാണിക്കുന്നതെല്ലാം അതുപോലെ കാണിച്ചാല്‍ അഭിനയമാകും എന്നു കരുതുന്ന ഇന്നത്തെ മലയാള ചലച്ചിത്ര നടന്മാര്‍ സത്യത്തില്‍ കലയ്ക്ക് അപമാനമാണ്. കുറച്ചു മിമിക്രിക്കാരല്ലാതെ അഭിനയം അറിയുന്ന ഒരു നടനും ഇപ്പോഴത്തെ സിനിമയില്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യം.
നിത്യ ജീവിതസന്ദര്‍ഭങ്ങളെന്നു തോന്നിപ്പിക്കാന്‍ നടനു കഴിയണം എന്നല്ലാതെ നിത്യ ജീവിതത്തില്‍ ഉള്ളതുപോലെ വെറുതെ നിന്നു വര്‍ത്തമാനം പറഞ്ഞാല്‍ അഭിനയമാകില്ല. Naturality എന്ന് പറയുന്നത് സ്വാഭാവികമെന്ന പ്രതീതി സൃഷ്ടിക്കലാണ് സ്വാഭാവികമായ വെറും വര്‍ത്തമാനമല്ല. അഭിനയകലയില്‍ മലയാളിക്കു തുല്യം നില്‍ക്കാന്‍ ലോകത്തൊരിടത്തും ആര്‍ക്കും കഴിയില്ല എന്ന ആത്മവിശ്വാസം നമുക്കുവേണം. കാരണം കൂടിയാട്ടത്തിന്റെയും കഥകളിയുടെയും അപൂര്‍വ്വമായ പാരമ്പര്യം നമുക്കേയുള്ളൂ. ലോകത്തൊരിടത്തും സാത്വികാഭിനയ പരിശീലനത്തില്‍ നമുക്കുള്ള വഴക്കമോ പരിശീലനമോ ഇല്ല. ഇത് മലയാളിയുടെ മിഥ്യാഭിമാനമല്ല. വാസ്തവമാണ്. ഈ പാരമ്പര്യത്തെ സമര്‍ത്ഥമായി സ്വാംശീകരിച്ച നടനാണ് നെടുമുടി. അത്രയും സാത്വികാഭിനയ സിദ്ധിയുള്ള ഒരു നടനും മലയാളത്തില്‍ മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല. അതൊക്കെ തിരിച്ചറിഞ്ഞത് അപൂര്‍വ്വ ആസ്വാദകര്‍ മാത്രം. നെടുമുടിയുടെ അപൂര്‍വ്വമായ അഭിനയവൈഭവം കേരളത്തിനു പുറത്തുള്ള പല വലിയനടന്മാരും തിരിച്ചറിഞ്ഞിട്ടുണ്ട്.
അഭിനയകലയില്‍ മുഖം പോലെ കൈകള്‍ക്കും പ്രാധാന്യമുണ്ട്. മുഖം മറച്ചുവച്ച് കൈകള്‍ കൊണ്ടു മാത്രം രസങ്ങള്‍ ധ്വനിപ്പിക്കുന്ന രീതിയില്‍ അഭിനയ പരിശീലനം നടത്തുന്ന പാശ്ചാത്യരുടെ ഒരു വീഡിയോ ഒരിക്കല്‍ കാണാനിടയായിട്ടുണ്ട്. കൈകളുടെ ഈ സാധ്യതയെ അഭിനയത്തില്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തിലും നെടുമുടിയ്ക്കു തുല്യം നടന്മാര്‍ വേറെയില്ല. കൈകള്‍ പാന്റ്‌സിന്റെ പോക്കറ്റിലിട്ടുനിന്നു വര്‍ത്തമാനം മാത്രം പറയുന്ന വരെ മഹാനടനെന്ന് വിശേഷിപ്പിക്കുന്ന മലയാളികളുടെ ആസ്വാദനം കാണുമ്പോള്‍ സഹതാപം തോന്നും. കാലം കഴിഞ്ഞാലും യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും. ജീവിച്ചിരുന്ന കാലത്ത് നെടുമുടിയുടെ മൂല്യം നമ്മള്‍ കാര്യമായി തിരിച്ചറിഞ്ഞില്ല. അദ്ദേഹം രംഗം വിട്ടു കഴിഞ്ഞപ്പോഴാണ് ആ കുറവ് ബോധ്യപ്പെടുന്നത്. മൂന്ന് തവണ ദേശീയ അം ഗീകാരവും ആറ് തവണ സംസ്ഥാനപുരസ്‌കാരവും ലഭിച്ചിട്ടുള്ള നെടുമുടിക്ക് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും ലഭിച്ചില്ല. നായകനടനായി അഭിനയിക്കുന്നവര്‍ക്കു മാത്രമേ നല്ല നടനുള്ള അവാര്‍ഡ് നല്‍കൂ എന്ന വിചിത്രമായ ന്യായം നമുക്കു മാത്രമേയുള്ളൂ എന്നു തോന്നുന്നു. ഇരുവര്‍ എന്ന ചലച്ചിത്രത്തില്‍ മോഹന്‍ലാലിന് ഏറ്റവും മികച്ച നടനുളള ദേശീയ പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനുശേഷം ചിത്രത്തില്‍ നായകന്‍ ലാലല്ല എന്ന കാരണം പറഞ്ഞ് മാറ്റിയതായി അന്നൊരു വാര്‍ത്ത വന്നിരുന്നു. ഇത്തരം വിചിത്രമായ രീതികള്‍ നമ്മുടെ നാട്ടിലേ ഉണ്ടാവൂ. നാടകത്തില്‍ നല്ല നടനെ തിരഞ്ഞെടുക്കുമ്പോള്‍ നായകനാണോ വില്ലനാണോ മുഴുനീള വേഷമുണ്ടോ എന്നൊന്നും നോക്കാറില്ല.
ഹാസ്യകഥാപാത്രങ്ങള്‍ക്കുപോലും ‘ബെസ്റ്റ് ആക്ടര്‍’ പട്ടം കൊടുക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ നല്ല നടന്‍ എപ്പോഴും നായകനായിരിക്കണമത്രേ. ‘മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തില്‍ നെടുമുടിക്ക് അവാര്‍ഡു നിഷേധിച്ചത് സിനിമ കുറെ വലിച്ചു നീട്ടിയതിനാലാണത്രേ! സിനിമ വലിച്ചു നീട്ടിയതിനു നടനെങ്ങനെ കുറ്റക്കാരനാവും; സംവിധായകനല്ലേ അതില്‍ പ്രതി. ആ പേരു പറഞ്ഞ് നടന്റെ പുരസ്‌കാരം എങ്ങനെ എടുത്തു മാറ്റാനാവും. ഇത്തരം വിചിത്ര ന്യായങ്ങളാല്‍ എത്രമാത്രം തമസ്‌ക്കരിച്ചാലും സത്യം എപ്പോഴെങ്കിലും അംഗീകരിക്കപ്പെടും. നെടുമുടിയ്ക്കു തുല്യം നെടുമുടി മാത്രം. ‘നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളും കലാജീവിതവും ഭാവി തലമുറയ്ക്ക് ഒരു പാഠപുസ്തകമാണ്’ എന്ന പ്രദീപിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
മലയാളം വാരികയില്‍ ടി.ഒ.ഏലിയാസ് എന്ന ഒരു പുതിയ ചരിത്രകാരനെ പരിചയപ്പെടുത്തുന്നു. ചരിത്രത്തില്‍ ആധികാരികമായി എന്തെങ്കിലും അഭിപ്രായം പറയാന്‍ ഇതെഴുതുന്നയാളിന് അര്‍ഹതയില്ലെങ്കിലും ചരിത്രകൃതികള്‍ കൗതുകത്തോടെ വായിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ചില സംശയങ്ങള്‍ ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്നതിനാല്‍ ഈ ചരിത്രകാരനോടു ചില സംശയങ്ങള്‍ ചോദിക്കാതെ വയ്യ. അദ്ദേഹത്തിന്റെ ചരിത്രരചനാ കാഴ്ചപ്പാടില്‍ ചിലതിനോടു യോജിപ്പും വിയോജിപ്പും തോന്നുന്നു. എ.ഡി. 7-ാം നൂറ്റാണ്ടുവരെ കേരളത്തിന് ശരാശരി 20 കിലോ മീറ്റര്‍ വീതിയേ ഉണ്ടായിരുന്നുള്ളൂ എന്ന് ഈ ചരിത്രകാരന്‍ പറയുന്നു. പിന്നീടുണ്ടായ പ്രകൃതി ദുരന്തത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണത്രേ ഇന്നത്തെ കേരളം. പക്ഷേ എ.ഡി. 52-ല്‍ തോമാശ്ലീഹ വന്നതിനോടു യോജിക്കുകയും ചെയ്യുന്നു. രണ്ടും കൂടി എങ്ങനെ പൊരുത്തപ്പെടും.
എ.ഡി. അഞ്ചാം നൂറ്റാണ്ടിനു മുന്‍പാണല്ലോ എ.ഡി.52. തോമാശ്ലീഹ കപ്പലിറങ്ങിയത് കൊടുങ്ങല്ലൂരാണെന്ന സങ്കല്പത്തോടു യോജിച്ചാല്‍ ഈ 20 കിലോ മീറ്റര്‍ വീതി കൊടുങ്ങല്ലൂര്‍ ഭാഗത്ത് ബാധിച്ചില്ലേ എന്നു ചോദിക്കേണ്ടി വരില്ലേ? അക്കാദമിക് ചരിത്ര രചനാരീതിയുടെ പരിമിതികളെക്കുറിച്ച് ടി.ഒ. ഏലിയാസ് പറയുന്നത് പൂര്‍ണമായും ശരിയാണ്. എന്നാല്‍ സമുദായങ്ങളുടെ ചരിത്രം മാത്രം കൊണ്ട് ചരിത്രം രചിക്കാനാവുമോ? ചരിത്രസൃഷ്ടിക്കുള്ള ഉപാദാനങ്ങളിലൊന്നായി സമുദായ ചരിത്രത്തെയും പരിഗണിക്കാമെന്നല്ലാതെ അതിനെ മുന്‍നിര്‍ത്തി ചരിത്രം രചിച്ചാല്‍ അതു വളരെ വികലമാകാനാണ് സാധ്യത. കാരണം എല്ലാ സമുദായങ്ങളും അവരുടെ പാരമ്പര്യത്തെക്കുറിച്ചും ആഭിജാത്യത്തെക്കുറിച്ചും പൊങ്ങച്ചങ്ങള്‍ പറയുന്നവരാണ്. അവയെയൊന്നും ആധികാരിക രേഖകളാക്കിയെടുക്കാനാവില്ല. രാജകൊട്ടാരത്തിലെ രേഖകള്‍ക്കും ഈ പ്രശ്‌നമുണ്ട്. ഒരു ഹോളിസ്റ്റിക് സമീപനമാണാവശ്യം. കേസരിയെപ്പോലുള്ളവരുടെ ചരിത്രപഠനരീതികളും പ്രാധാന്യമുള്ളതുതന്നെ. അതൊക്കെ ഭാവനയെന്നു പറയുന്ന അക്കാദമിക് ചരിത്രകാരന്മാരുടെ അഹന്ത നിഷ്പക്ഷമായ ചരിത്ര സൃഷ്ടിക്കു തടസ്സം നില്‍ക്കുന്നതാണ്.