‘ദൈവത്തെ കണ്ടിട്ടുണ്ടോ?’
എന്നു ഞാന്‍ ചോദിച്ചിടേ
സ്പന്ദനഗതിയിലൊ-
രുത്സവഭേരി കേട്ടു:
”നിന്നെ ഞാന്‍ കാണും പോലെ
ഈശ്വരനേയും കാണൂ,
കൂടുതല്‍ ദൃഢമാര്‍ന്ന
ഭാവത്താലെന്നു മാത്രം.”
സമഗ്രം അസംശയം
അങ്ങതന്‍ മറുപടി
ഇത്ര തന്റേടത്തോടെ
മറ്റാരും മൊഴിഞ്ഞില്ല.
നെടുനാളായെന്നുള്ളില്‍
പുകയും തമസ്സിനെ
ഭേദിച്ചുദിച്ചീടുന്നീ
ശ്രുതിതന്നഭയത്വം.
ഭൗതികമാര്‍ഗം തൊട്ടു
തീണ്ടാത്ത ഗ്രാമീണന്റെ
വാക്കിലുണ്ടാത്മാര്‍ഥത
എന്നാലുന്മത്തനാണോ?
പ്രാകൃതന്‍, നിരക്ഷരന്‍,
ക്ഷേത്രപൂജാരി ഭവാന്‍,
പാശ്ചാത്യപരിഷ്‌കാര
യുക്തിവാദകന്‍ ഞാനും.
പിന്നെയും കാര്‍മൂടുന്നു
ഉള്ളിലൊ വികല്പങ്ങള്‍
സത്യമോ അസത്യമോ
ഏതില്‍ ഞാന്‍ ശ്വസിച്ചീടും?
വര്‍ഷാര്‍ദ്ധം പിന്നിട്ടൊരു
നദിപോല്‍ സവിധത്തില്‍
കടന്നു ചെല്ലുന്നേരം
ഗ്രാമീണന്‍ കണ്ണീര്‍വാര്‍ത്തു.
പതുങ്ങി നിന്നീടാതെ
വരികെന്നരികിലായ്
കൊതിച്ചു, നിന്നെക്കാണാന്‍
കാത്തു കാത്തിരിപ്പൂ ഞാന്‍.
പുഞ്ചിരിതൂകി തിര –
മാലപോല്‍ ഗുരുനാഥന്‍
അകമേ മന്ത്രിച്ചുടന്‍
കണ്ണെന്നിലുറപ്പിച്ചു.
പാദദീക്ഷയാലെന്നെ
തെല്ലൊന്നു സ്പര്‍ശിച്ചിടേ
സമസ്തപ്രപഞ്ചവും
ഞൊടിയില്‍ മറഞ്ഞുപോയ്.
കാലമാം നെടുഞ്ചുഴി
കടന്നു കാണും നേരം
ഞാനിഹ വിമുക്തിയാല്‍
സമാധിപാദം ചൂടി.
വിഭുവിന്‍ വിഭൂതിയാല്‍
ആരുഢമുറച്ചിടെ
അശ്രു വിട്ടാനന്ദനായ്
പുരനാഥനെ കണ്ടു.
അചിന്ത്യമത്യത്ഭുതം
ചരിതം മഹാശ്ചര്യം
അനന്തമൂഹാതീതം
ദിവ്യമീ തപശ്ശക്തി.
ധര്‍മ്മമീ ഉടല്‍രൂപം
മറ്റെങ്ങു പിറന്നീടും
അദ്ധ്യാത്മനൈരന്തര്യ
സംക്രമം, സനാതനം.
ഇരുളിന്‍ മറനീങ്ങേ
സമഗ്രം അസംശയം
ത്യാഗവും തപസ്സുമെന്‍
ഗുരുവിന്‍ ദിവ്യോന്മാദം.
സ്വാര്‍ത്ഥതയ്ക്കായി
ബുദ്ധി ധര്‍മ്മത്തെക്കൊല
ചെയ്യും ലോകഹീനന്മാര്‍ക്കുള്ളില്‍
ദുര്‍ലഭം സുകൃതികള്‍.
ചരിത്രത്തെ അഗാധമാക്കിയ ഗുരു – എന്ന ഗ്രന്ഥത്തില്‍ ശ്രീനാരായണഗുരുവിന്റെ ദൈവാന്വേഷണത്തിന്, ഗ്രന്ഥകാരനായ കെ.പി. അപ്പന്‍ നല്‍കിയ തലക്കെട്ടാണ് ഈ കവിതയുടെയും തലക്കെട്ട്. എല്ലാ ആത്മീയ അന്വേഷകരുടെയും ജീവിതം അചുംബിതമായ ദുഃഖത്താല്‍ സമാനതകള്‍ നിറഞ്ഞതായിരുന്നു. നരേന്ദ്രന്റെ ജീവിതം മാറ്റി വരയ്ക്കും വരെയുള്ള ദുഃഖവും മറ്റൊന്നല്ല. എന്നാല്‍, നരേന്ദ്രനെ ഈ ദുഃഖത്തില്‍ നിന്ന് മോചിപ്പിച്ചത് ഭഗവാന്‍ ശ്രീരാമകൃഷ്ണദേവനായിരുന്നു.