കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബു മരിച്ചതിന്റെ പിറ്റേന്നു മുതല്‍ ദിവസങ്ങള്‍ എണ്ണി, അതിന് ഉത്തരവാദിയായ പി.പി.ദിവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ത്, പാര്‍ട്ടി നടപടിയെടുക്കാത്തതെന്ത് എന്ന് ചോദിക്കുകയാണ് ചാനലിനകത്തിരുന്നു ചില മാധ്യമക്കാര്‍. കുറച്ചുമുമ്പു വരെ ഏ.കെ.ജി സെന്ററിലെ അറവുശാലയ്ക്ക് മുമ്പില്‍ കൂടി നിന്ന് അവിടെ നിന്നു കിട്ടുന്ന എല്ലിന്‍ കഷണത്തില്‍ തൃപ്തിപ്പെട്ടു കഴിഞ്ഞവരാണ് ഇവര്‍. ദില്ലിയിലെ പാര്‍ട്ടി ഓഫീസില്‍ വെച്ച് സീതാറാം യച്ചൂരിയെ ആര്‍.എസ്.എസ്സുകാര്‍ ആക്രമിച്ചു എന്ന കള്ളക്കഥ പ്രചരിപ്പിച്ച് നേതാക്കളെ സുഖിപ്പിച്ചവരുമാണ്. അങ്ങനെ എന്തൊക്കെ ‘സുന്ദര’ സേവനം ചെയ്തവരാണ് ഇപ്പോള്‍ ദിവ്യക്ക് നേരെ നടപടിയുണ്ടായില്ല എന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടെ ഇറച്ചിക്കടക്ക് പുറത്ത് ഇവരെ കാണാതായപ്പോള്‍ സംസ്ഥാന സമിതിയംഗം എന്‍.എന്‍. കൃഷ്ണദാസിന് ചെറിയ സംശയമുണ്ടായിരുന്നു. പ്രഭാതസവാരിക്കിടക്ക് പാലക്കാട് നഗരസഭാ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ കമ്മറ്റിയംഗവുമായ അബ്ദുള്‍ ഷുക്കൂറിന്റെ വീട്ടിനു മുമ്പില്‍ ഇവര്‍ കൂടി നില്ക്കുന്നത് അദ്ദേഹം കണ്ടു. അപ്പോഴാണ് മനസ്സിലായത് ‘പാലക്കാട് പാര്‍ട്ടിയില്‍ പൊട്ടിത്തെറി’എന്നു വാര്‍ത്ത കൊടുത്തത് ഇവരാണെന്ന്. അദ്ദേഹം ഓടിച്ചെന്ന് ഷുക്കൂറിനെ ചേര്‍ത്തു പിടിച്ച് അവരോട് ആക്രോശിച്ചു: ‘ഇറച്ചിക്കടക്കുമുമ്പില്‍ നില്‍ക്കുന്ന പട്ടികളാണ് നിങ്ങള്‍’ ഇതു കേട്ട് വികാരം വ്രണപ്പെട്ട പത്രക്കാര്‍ പാര്‍ട്ടി സംസ്ഥാന സെകട്ടറി ഗോവിന്ദന്‍ സഖാവിനോട് പരാതിപ്പെട്ടു. കൃഷ്ണദാസ് സുന്ദര പദമാണ് പ്രയോഗിച്ചത് എന്ന് സഖാവ് വിധിയെഴുതിയതോടെ പത്രക്കാര്‍ നിരാശരായി. പുതിയ സുന്ദര പദങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണത്തിലാണ് പാര്‍ട്ടി ചിന്തകര്‍. പരനാറി, കുലംകുത്തി തുടങ്ങിയ വാക്കുകള്‍ വിജയന്‍സഖാവ് സംഭാവന ചെയ്തു. എം.എം. മാണിയുടെ ഗവേഷണം സുന്ദരമായ ചില ആംഗ്യങ്ങളിലായിരുന്നു. കൊടച്ചക്രം എന്ന സുന്ദരപദം സംഭാവന ചെയ്തത് സജി ചെറിയാനാണ്. കൃഷ്ണദാസിന്റെ സംഭാവനയാണ് പട്ടി എന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ച ഗവേഷണം സംസ്ഥാന പാഠ്യപദ്ധതി കമ്മറ്റിയംഗം കൂടിയായ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടേതാണ്. ഒരൊറ്റ പ്രസംഗം കൊണ്ട് ഒരാളെ ഈ ലോകത്തു നിന്നു തന്നെ ഇല്ലാതാക്കാന്‍ ശക്തമായ സുന്ദര പദങ്ങളല്ലേ ആ വിപ്ലവവനിത പ്രയോഗിച്ചത്. അത്തരമൊരു ചെമ്പന്‍ മഹിള ക്രോമേഡിനെതിരെ പാര്‍ട്ടി നടപടിയെടുക്കണമെന്നും കേസെടുക്കണമെന്നും പറഞ്ഞാല്‍ പാര്‍ട്ടിക്ക് സഹിക്കുമോ? ദിവ്യയുടെ മൊഴിയെടുക്കാന്‍ പോലും പാടില്ല. പാര്‍ട്ടി അതിനു സമ്മതിക്കില്ല. ഇതൊന്നും തിരിച്ചറിയാന്‍ കഴിയാത്ത പത്രക്കാരെ പട്ടി എന്നല്ലാതെ വേറെ എന്ത് സുന്ദരപദം കൊണ്ടാണ് വിശേഷിപ്പിക്കുക? പുതിയ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ദിവ്യയുടെ പ്രസംഗം ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഗൗരവചിന്തയിലാണ് പാര്‍ട്ടി ഇപ്പോള്‍.