ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിളിക്കുകയും ആ തരത്തില്‍ വിശുദ്ധിയോടെ പൊതുജനങ്ങള്‍ കാണുകയും ചെയ്യുന്ന സ്ഥലമാണ് നിയമസഭ. ചീഞ്ഞ രാഷ്ട്രീയത്തിന് വേദിയാകുന്നതിന് പകരം ക്രിയാത്മകമായ, ഭാവാത്മകമായ നിയമനിര്‍മാണത്തിനും, പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം പ്രതിബദ്ധതയോടെ ചര്‍ച്ചചെയ്ത് പരിഹരിക്കാനും ഒക്കെയുള്ള വേദിയായിട്ടാണ് ഭരണഘടനാ ശില്പികള്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ രൂപപ്പെടുത്തിയത്. ആ ഭരണഘടനാ ശില്പികള്‍ ആരെങ്കിലും കേരള നിയമസഭയുടെ ഇന്നത്തെ പ്രവര്‍ത്തനവും പ്രകടനവും കണ്ടാല്‍ നിയമസഭ പിരിച്ചുവിടാന്‍ അപ്പോള്‍ തന്നെ ആവശ്യപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ജനാധിപത്യ സംവിധാനത്തിന്റെ കാവലാളായി നിലകൊള്ളുന്ന നിയമസഭ ഇന്ന് ആ രീതിയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനങ്ങള്‍ പോലും സംശയിക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി സീറ്റില്‍ ഉണ്ടായിരിക്കുക, സഭയില്‍ ഇല്ലാത്തവരെ കുറിച്ച്, സഭാ ചര്‍ച്ചകളില്‍ മറുപടി പറയാന്‍ കഴിയാത്തവരെ കുറിച്ച് മോശമായ പ്രതികരണങ്ങള്‍, പരാമര്‍ശങ്ങള്‍ നടത്താതിരിക്കുക തുടങ്ങിയവയൊക്കെ പാര്‍ലമെന്ററി ജനാധിപത്യത്തിലെ അന്തസ്സിന്റെയും കുലീനതയുടെയും പെരുമാറ്റത്തിന്റെയും ഭാഗമായിരുന്നു. സ്പീക്കര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് വന്നാലും പാര്‍ട്ടി അംഗത്വം രാജിവെച്ച് കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന് നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുക എന്നതും അംഗീകൃത കീഴ്‌വഴക്കമാണ്. ഈ കീഴ്വഴക്കം പോലും ഇന്ന് പൂര്‍ണമായും ലംഘിക്കപ്പെട്ടിരിക്കുന്നു. സ്വന്തം രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി മുഖ്യമന്ത്രിക്ക് വേണ്ടി സഭയ്ക്കുള്ളില്‍ നിലപാട് എടുക്കുന്ന രാഷ്ട്രീയക്കാരനായി ഇപ്പോഴത്തെ നിയമസഭാ സ്പീക്കറായി മാറിയിരിക്കുന്നു എന്ന ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയത് ശ്രദ്ധേയമാണ്.
കേരള നിയമസഭയില്‍ ആര്‍എസ്എസ് ശാഖയില്‍ പോയവരും സംഘത്തോട് രഹസ്യമായെങ്കിലും അനുഭാവം പുലര്‍ത്തുന്നവരും ഇപ്പോഴുമുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം ഈ രാഷ്ട്രത്തിന്റെ ഉന്നമനത്തിനും പരമ വൈഭവത്തിനും വേണ്ടിയാണ് എന്ന കാര്യം ബോധ്യപ്പെടുകയും സംഘത്തിന്റെ കാര്യകര്‍ത്താക്കളോട് രാഷ്ട്രീയത്തിന് അതീതമായി ഇക്കാര്യം തുറന്നുപറയുകയും ചെയ്ത നേതാക്കളും ഉണ്ട്. പക്ഷേ കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ ചര്‍ച്ചയില്‍ ഈ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ആര്‍എസ്എസിനെയും സംഘപരിവാര്‍ നേതാക്കളെയും പേരെടുത്ത് പറയുകയും വിമര്‍ശിക്കുകയും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. സഭയില്‍ ഔദ്യോഗികമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് അംഗത്വമില്ല. പരിവാര്‍ സംഘടനയില്‍ പെട്ട ബിജെപിക്ക് ഇപ്പോള്‍ നിയമസഭയില്‍ പ്രാതിനിധ്യവുമില്ല. പക്ഷേ എന്നിട്ടും നിയമസഭയില്‍ ആര്‍എസ്എസിനെതിരെ ആരോപണം ഉയര്‍ന്നു.
സഭയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍ ചോദ്യംചെയ്യാനാവില്ല എന്ന പ്രത്യേക അവകാശം ഉള്ളതുകൊണ്ട് മാത്രമാണ് നിയമസഭയെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത താന്തോന്നിത്തരങ്ങള്‍ പറയാനുള്ള വേദിയാക്കി മാറ്റുന്നത്. രാഷ്ട്രത്തിന്റെ പരമവൈഭവത്തിന് വേണ്ടി മാത്രം ജീവിക്കുകയും അതിനുവേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്ത ലക്ഷക്കണക്കിന് പ്രവര്‍ത്തകരാണ് ആര്‍എസ്എസില്‍ ഉള്ളത്. ഈ രാഷ്ട്രം പ്രതിസന്ധി നേരിട്ട എല്ലാ യുദ്ധങ്ങളിലും ജനാധിപത്യം ഇരുട്ടിലായ അടിയന്തരാവസ്ഥയിലും ഭാരതത്തെ രക്ഷിക്കാനും അതിന്റെ സ്വത്വം വീണ്ടെടുക്കാനും അതിര്‍ത്തികള്‍ സംരക്ഷിക്കാനും ആര്‍എസ്എസ് ഉണ്ടായിരുന്നു. മോര്‍വിയിലെ അണക്കെട്ട് തകര്‍ന്നത് മുതല്‍ കച്ചിലും ഭുജിലും കശ്മീരിലും ഭൂകമ്പം ഉണ്ടായപ്പോഴും കേരളത്തിലും കര്‍ണാടകയിലും ബീഹാറിലും ഗുജറാത്തിലും ഒക്കെ പ്രളയം ഉണ്ടായപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആര്‍എസ്എസ് എന്ന പ്രസ്ഥാനം കണ്ണിമ ചിമ്മാതെ കര്‍മ്മനിരതമായി. മോര്‍വി അണക്കെട്ട് തകര്‍ന്നതിനു ശേഷം അടിഞ്ഞുകൂടിയ മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ ആര്‍എസ്എസുകാരെ മാത്രമേ ഞാന്‍ കണ്ടുള്ളൂ എന്ന് പറഞ്ഞത് ബിജെപി നേതാക്കള്‍ അല്ല അന്നത്തെ പ്രധാനമന്ത്രിയായ ഇന്ദിര ആയിരുന്നു. കേരളത്തിലെ 2018ലെ പ്രളയത്തിലും അടുത്തിടെ നടന്ന വയനാട് ദുരന്തത്തില്‍ പോലും ആര്‍എസ്എസ് വഹിച്ച സേവനത്തിന്റെയും രക്ഷാദൗത്യത്തിന്റെയും പങ്ക് ആര്‍ക്കും തള്ളിക്കളയാന്‍ ആവുന്നതല്ല. എന്നിട്ടും ആര്‍എസ്എസിനെതിരെ നിയമസഭയില്‍ പരാമര്‍ശം നടത്തുമ്പോള്‍ കേരള നിയമസഭയുടെ പഴയകാല ചെയ്തികള്‍ കൂടി ഓര്‍മ്മിക്കാതിരിക്കാന്‍ ആവില്ല. ബോംബ് സ്‌ഫോടന കേസിലും ഭീകരാക്രമണങ്ങളിലും പ്രതിയായ അബ്ദുള്‍ നാസര്‍ മദനിയെ ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. അന്ന് പ്രമേയം അംഗീകരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ചാണ് നിലപാടെടുത്തത്. ആ യു ഡിഎഫ് നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിട്ടും കര്‍ണാടകത്തില്‍ മദനിയെ വിട്ടയക്കാന്‍ കഴിഞ്ഞോ? പ്രമേയം അംഗീകരിച്ച കേരള നിയമസഭ എന്തായി. ആ പ്രമേയത്തിന് എന്തെങ്കിലും വിലയുണ്ടോ എന്ന് ഇപ്പോഴത്തെ സാമാജികര്‍ ചിന്തിക്കണം. അതുപോലെതന്നെ സദ്ദാം ഹുസൈനെ വധശിക്ഷയ്ക്ക് വിധേയമാക്കിയപ്പോള്‍ പ്രമേയം പാസ്സാക്കിയ നിയമസഭയാണ് കേരളത്തിലേത്.
ലോക ചരിത്രത്തില്‍ തന്നെ ഇടം പിടിക്കേണ്ട ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ ബില്ലും ഒക്കെ കൊണ്ടുവന്ന നിയമസഭാ ചരിത്രത്തിലെ ഏറ്റവും പരിഹാസ്യമായ ജീര്‍ണ്ണാവസ്ഥയിലൂടെ കടന്നുപോകുമ്പോഴാണ് ലോകം മുഴുവന്‍ ആദരിക്കുന്ന, ഭാരതത്തിന്റെ റിപ്പബ്ലിക് പരേഡില്‍ സര്‍ക്കാര്‍ ക്ഷണിച്ച് പങ്കെടുപ്പിച്ച സംഘത്തിനെതിരെ പരാമര്‍ശം നടത്തുന്നത്.
തൃശ്ശൂര്‍പൂരം കലക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമിച്ചു എന്ന് വ്യംഗ്യമായി പറയാനാണ് ഭരണപക്ഷവും പ്രതിപക്ഷവും സഭയില്‍ ഒരേ പോലെ ശ്രമിച്ചത്. തങ്ങളുടെ സ്വന്തം തട്ടകം ആണെന്ന് വിശ്വസിക്കുകയും അനായാസ വിജയം പ്രതീക്ഷിക്കുകയും ചെയ്ത തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാര്‍ എന്ന മുന്‍ മന്ത്രി തോറ്റത് സിപിഐക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപമാനമായി മാറിയിട്ടുണ്ട് എന്ന കാര്യത്തില്‍ കേരള രാഷ്ട്രീയം പഠിക്കുന്നവര്‍ക്കും നിരീക്ഷിക്കുന്നവര്‍ക്കും സംശയമില്ല. സുരേഷ് ഗോപി വിജയിച്ചത് കഴിഞ്ഞ തവണ പരാജയപ്പെട്ടതിനു ശേഷം അഞ്ചു വര്‍ഷം ആ മണ്ഡലത്തില്‍ രാവും പകലുമില്ലാതെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് നിലയുറപ്പിച്ചതുകൊണ്ടാണ്. മാത്രമല്ല നരേന്ദ്രമോദി എന്ന ഭാരതം കണ്ട ഏറ്റവും ശക്തനായ ലോക നേതാവിന്റെ സാന്നിധ്യം സുരേഷ് ഗോപിയുടെ വിജയത്തിന് അടിത്തറയിട്ടു എന്ന കാര്യത്തിലും സംശയമില്ല. തൃശ്ശൂരില്‍ പൂരം കാരണമാണ് വിജയിച്ചത് എന്ന് വരുത്താനാണ് ശ്രമമെങ്കില്‍ ആറ്റിങ്ങലും തിരുവനന്തപുരത്തും വെറും പതിനാറായിരം വോട്ടുകള്‍ക്ക് മാത്രം പിന്നിലായതിനു കാരണവും തൃശ്ശൂര്‍പൂരമാണോ? ബിജെപിയുടെ നേതാക്കള്‍ക്കും ബിജെപി മുന്നോട്ടുവെക്കുന്ന വികസനത്തിന്റെ രാഷ്ട്രീയത്തിനും സാധാരണക്കാര്‍ക്കിടയില്‍ ഇന്ന് വിശ്വാസവും സ്വാധീനവും ഉണ്ടായിരിക്കുന്നു. അതിനെ പൂരത്തിന്റെ പേര് മാത്രം പറഞ്ഞ് താഴ്ത്തി ക്കെട്ടുന്നത് തൃശ്ശൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയും അവരെ അപമാനിക്കലുമാണ്.
തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയത് പൂരത്തിന്റെ ചുമതലക്കാരനായി അവിടെയെത്തിയ മന്ത്രി കെ.രാജന്റെയും പോലീസ് ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്റെയും വെളിവില്ലാത്ത പ്രവര്‍ത്തനങ്ങളാണ് എന്ന കാര്യം തൃശ്ശൂര്‍ നഗരത്തിലെ മുഴുവന്‍ പേര്‍ക്കും അറിയാം. പൂരം വരുന്ന വഴികളില്‍ അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ തടയാനും ബാരിക്കേഡ് വെക്കാനും പോലീസ് ശ്രമിച്ചപ്പോള്‍ തന്നെ മുഴുവന്‍ മാധ്യമങ്ങളും അക്കാര്യം റിപ്പോര്‍ട്ട് ചെയ്തതാണ്. പുലര്‍ച്ചെ മൂന്നിന് നടക്കുന്ന വെടിക്കെട്ടിനു വേണ്ടി രാത്രി 9 മണിക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ കേരള പോലീസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനോ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പൂരം നടത്താന്‍ അനുവാദം കൊടുക്കാനും കഴിയാത്ത മന്ത്രി നിയമസഭയ്ക്ക് ഉള്ളില്‍ ആര്‍എസ്എസിനെയും പരിവാര്‍ നേതാക്കളെയും കുറ്റം പറയുന്നത് നിയമസഭാംഗത്തിന്റെ പ്രത്യേക പരിരക്ഷ ഉള്ളതുകൊണ്ടാണ്. ആണത്തവും അന്തസ്സും ഉണ്ടെങ്കില്‍ ആര്‍എസ്എസിന് പ്രാതിനിധ്യം ഇല്ലാത്ത നിയമസഭയ്ക്ക് അകത്തു പറയുന്നതിന് പകരം ആരേപണങ്ങള്‍ പുറത്തുപറയാന്‍ മന്ത്രിയും എം.എല്‍ എ ബാലചന്ദ്രനും ശ്രമിക്കണം. വത്സന്‍ തില്ലങ്കേരി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന നേതാവാണ്. കേരളത്തിലെ ഹൈന്ദവസംഘടനകളുടെ പൊതുവേദിയാണിത്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനും അത് നന്നായി നടക്കുന്നു എന്ന് ഉറപ്പുവരുത്താനും കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹിന്ദു ഐക്യവേദി. തൃശ്ശൂര്‍ പൂരത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആറാട്ടിനും ആറ്റുകാല്‍ പൊങ്കാലയ്ക്കും ഒക്കെ എതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും വിശ്വഹിന്ദുപരിഷത്തിന്റെയും നേതാക്കള്‍ രംഗത്ത് വരും. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉത്സവാഘോഷങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താനുമാണ് അവര്‍ വരുന്നത്.
വത്സന്‍ തില്ലങ്കേരി ആയാലും കെ. സുരേന്ദ്രന്‍ ആയാലും എന്ത് രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. 1942ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എത്രയോ ദശാബ്ദങ്ങളായി ചൈനയുടെയും റഷ്യയുടെയും ഏജന്‍സിപ്പണി എടുത്ത് പണം പറ്റുന്ന രാഷ്ട്രവിരുദ്ധ ശക്തികളാണ് എന്ന കാര്യത്തില്‍രേഖകളടക്കം പുറത്തുവന്നില്ലേ? സ്വാതന്ത്ര്യാനന്തര ഭാരതം അഭിമുഖീകരിച്ച ഏറ്റവും വലിയ ജനാധിപത്യ കൊലപാതകമായ അടിയന്തരാവസ്ഥയില്‍ ദേശീയതലത്തില്‍ എസ്.എ.ഡാങ്കെയും കേരളത്തില്‍ സി.അച്യുത മേനോന്‍ അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസിനെ പിന്തുണച്ചില്ലേ? അന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പീഡനം നടന്ന കേരളത്തില്‍ കരുണാകരനൊപ്പം ഉരുട്ടാന്‍ കൂടിയത് സിപിഐ നേതാവായ അച്യുതമേനോന്‍ തന്നെയല്ലേ? തന്റെ മകനെ കാണാതെ പോയതിന് ഞാന്‍ എന്ത് ചെയ്യാനാണെന്ന് ഈച്ചര വാര്യരോട് ചോദിച്ച ആളാണ് അച്യുതമേനോന്‍. ഇവരുടെ പിന്മുറക്കാരാണ് ഇന്ന് വലിയ ജനാധിപത്യവാദികളായി ചമയുന്നത്.
മൂന്നു മണിക്കൂര്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്തിട്ട്എന്തെങ്കിലും ക്രിയാത്മകമായ ഫലം നിയമസഭയില്‍ ഉണ്ടായോ? തൃശ്ശൂര്‍ പൂരം നന്നായി നടക്കാന്‍ പറ്റാത്ത സാഹചര്യം സംജാതമായപ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവിടെത്തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപി സ്ഥലത്തെത്തി. പൂര കമ്മിറ്റിക്കാരും പോലീസുമായി സംസാരിച്ചു. സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയും നാട്ടുകാരനായ മന്ത്രി ഒന്നും ചെയ്യാന്‍ കഴിയാതെ നിസ്സഹായനാവുകയും ചെയ്ത സാഹചര്യത്തില്‍ തന്റേടമുള്ള, ആര്‍ജ്ജവമുള്ള ഒരാള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ച് പൂരം സുഗമമായി നടത്താന്‍ സഹായിച്ചു. പൂരം കലക്കിയത് പോലീസും സഖാക്കളും ആണെങ്കില്‍ പൂരം നന്നാക്കി നടത്താന്‍ ഇടയാക്കിയത് സുരേഷ് ഗോപിയുടെ ഇടപെടല്‍ ആണ്. അത്തരം ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതുകൊണ്ട് ഉണ്ടായതാണ്. എന്തുകൊണ്ടാണ് മന്ത്രിയും അല്ലെങ്കില്‍ ഉന്നത തലത്തിലുള്ള പോലീസ്-ജില്ലാ മജിസ്‌ട്രേറ്റ് അഥവാ കളക്ടര്‍ തലത്തിലുള്ളവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതിരുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം.
ഇത്തവണ അധികാരമേറ്റതിനുശേഷം കേരളത്തിലെ സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടേണ്ടതാണ്. ഇ.ചന്ദ്രശേഖരന്‍ നായര്‍ എന്ന പ്രതിഭാധനനായ രാഷ്ട്രീയ നേതാവ് രൂപം കൊടുത്ത മാവേലി സ്റ്റോര്‍ മുതല്‍ ഹോര്‍ട്ടികോര്‍പ്പ് വരെയുള്ള സ്ഥാപനങ്ങളുടെ അവസ്ഥ ഇപ്പോള്‍ എന്താണ്? സിപിഐ നിയന്ത്രണത്തിലുള്ള വകുപ്പുകളില്‍ കൊടികുത്തി വാഴുന്ന അഴിമതിയും സ്വജനപക്ഷപാതവും കണ്ടില്ലെന്ന് നടിക്കാനാകുമോ? ശരാശരിക്ക് മുകളില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഏതെങ്കിലും ഒരു മന്ത്രി സിപിഐക്ക് ഉണ്ടോ? പൂരം കലക്കി എന്ന് സിപിഐ ആരോപിക്കുമ്പോള്‍ ചില ഇടപെടലുകള്‍ മാത്രമേ ഉണ്ടായുള്ളൂവെന്ന് മുന്‍ മന്ത്രി കൂടിയായ എ.സി.മൊയ്തീന്‍ പറഞ്ഞതും ശ്രദ്ധിക്കണം. ആ ഇടപെടലിന് എങ്ങനെ അവസരം ഉണ്ടായി. ആചാരങ്ങള്‍ക്ക് അനുസൃതമായി കാര്യങ്ങള്‍ നടത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ പൂരത്തില്‍ ഒരു ഇടപെടലും ഉണ്ടാകാതെ സുഗമമായി കാര്യങ്ങള്‍ പോകുമായിരുന്നു. പൂരത്തില്‍ പുലര്‍ച്ചെ സുരേഷ് ഗോപി ഇടപെട്ടത് മാത്രമാണ് അദ്ദേഹം വിജയിക്കാന്‍ കാരണമെന്ന് ഇന്നും സിപിഐ വിശ്വസിക്കുന്നുണ്ടെങ്കില്‍ നേതാക്കന്മാരുടെ മനോനില പരിശോധിക്കേണ്ട കാലം അതിക്രമിച്ചു എന്ന് പറയാതിരിക്കാന്‍ വയ്യ. പൂരത്തില്‍ ആര്‍എസ്എസിന്റെയോ പരിവാര്‍ സംഘടനകളുടെ ഏതെങ്കിലും തരത്തിലുള്ള മോശമായ ഇടപെടല്‍ ഉണ്ടായെങ്കില്‍ അന്വേഷണത്തില്‍ തെളിയിക്കട്ടെ. അതല്ലാതെ നിയമസഭയ്ക്കുള്ളില്‍ പ്രത്യേക പരിരക്ഷ ഉപയോഗിച്ച് ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ ഇറക്കിയാല്‍ അതിന് തെരുവില്‍ സമാധാനം പറയേണ്ടിവരും.
ആര്‍എസ്എസ് എന്ന പ്രസ്ഥാനം ജന്മശതാബ്ദിയിലേക്ക് കടക്കുകയാണ്. ഇന്ന് ഭാരതത്തിന്റെ പ്രഥമ പൗരയായ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോകസഭാ സ്പീക്കറും അടക്കം നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവര്‍ണറും ഒക്കെ ആര്‍എസ്എസ് സ്വയംസേവകരാണ്. ഈ രാഷ്ട്രത്തിനു വേണ്ടി സ്വന്തം ജീവിതവും ശരീരവും പതിക്കട്ടെ എന്ന് നെഞ്ചില്‍ കൈ വെച്ച് ദിവസവും പ്രാര്‍ത്ഥന ചൊല്ലുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ശാഖയില്‍ എത്തുന്നതും വിവിധ മേഖലകളില്‍ ആരും അറിയാതെ പ്രവര്‍ത്തിക്കുന്നതും. ഈ നാടിന് ഒരു പ്രശ്‌നമുണ്ടായാല്‍ ആരും പറയാതെ അവരെത്തുന്നു. സേവനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനല്ല. സ്വന്തം കടമയായി ഓരോ പ്രശ്‌നത്തെയും കണ്ട് പ്രതിഫലേച്ഛയില്ലാതെ നിഷ്‌കാമകര്‍മ്മം അനുഷ്ഠിക്കുന്ന സന്യസ്ഥരെ പോലുള്ള നൂറുകണക്കിന് സ്വയംസേവകരുണ്ട്. കഴിഞ്ഞ പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിലും വയനാട്ടിലെ ദുരന്തത്തിലും ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തകര്‍ രക്ഷാദൗത്യത്തിന് ഇടയില്‍ മരിച്ചിട്ടുണ്ടെങ്കില്‍ അത് ആര്‍എസ്എസിന്റെയും പരിവാര്‍ പ്രസ്ഥാനങ്ങളുടെയും മാത്രമാണ് എന്ന കാര്യം കൂടി ഓര്‍മിക്കണം. ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണെന്നും അവര്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കും എന്നുമൊക്കെ ഭീഷണിപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ മത വിഭാഗത്തില്‍ പെട്ടവര്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി ശാഖയിലേക്ക് എത്തുമ്പോള്‍, പരിവാര്‍ പ്രസ്ഥാനങ്ങളില്‍ അംഗത്വം എടുക്കുമ്പോള്‍ 11 രാഷ്ട്രീയപാര്‍ട്ടികള്‍ വീതം ഉള്ള യുഡിഎഫിനും എല്‍ഡിഎഫിനും നെഞ്ചിടിക്കും. ആ നെഞ്ചിടിപ്പിന്റെ പ്രതിഫലനമാണ് നിയമസഭയില്‍ കണ്ടത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഈ നെഞ്ചിടിപ്പ് കൂടും. ആര്‍എസ്എസിനെ ആര്‍എസ്എസിന്റെ വഴിക്ക് വിടുക. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം സുശീലമുള്ള നല്ല പൗരന്മാരെ വാര്‍ത്തെടുക്കലാണ്. ഈ രാഷ്ട്രത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന നിഷ്‌കാമകര്‍മ്മയോഗികളാണ്. സംഘദൗത്യം എന്താണെന്ന് ബോധ്യപ്പെടുത്താന്‍ കുടില്‍ മുതല്‍ കൊട്ടാരം വരെ അവരെത്തും. പ്യൂണ്‍ മുതല്‍ ചീഫ് സെക്രട്ടറി വരെ ഉള്ളവരെ കാണാനും സംഘ ദൗത്യവും ആശയവും ആദര്‍ശവും വിവരിക്കാനും അവരെത്തും. അസൂയപ്പെട്ടിട്ടും അലോസരപ്പെട്ടിട്ടും കാര്യമില്ല. ആദര്‍ശത്തിന്റെ തീച്ചൂളയില്‍ ഉരുക്കിയെടുക്കുന്ന അല്പം പോലും കാലുഷ്യമില്ലാത്ത അവരെ വെല്ലാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ആളില്ല എന്ന കാര്യം മനസ്സിലാക്കുക. ആര്‍ക്കും ഏതു രാഷ്ട്രീയക്കാര്‍ക്കും സംഘ ശാഖയില്‍ വരാം കാണാം മനസ്സിലാക്കാം. അതിനുപകരം നിയമസഭയിലെ സുഖശീതളിമയില്‍ പുലമ്പുന്ന വാക്കുകള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രതികരണം വലുതായിരിക്കും. അത് താങ്ങാനുള്ള ശേഷി സിപിഐ എന്ന ഈര്‍ക്കില്‍ പാര്‍ട്ടിക്കോ വാനപ്രസ്ഥത്തിലേക്ക് സ്വയം നടന്നടുക്കുന്ന സിപിഎമ്മിനോ ശരശയ്യയില്‍ രാഷ്ട്രീയമായി ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനോ ഇല്ല.