രത്തന്‍ ടാറ്റയുടെ വിയോഗം ഭാരത സമൂഹത്തില്‍ നികത്താനാവാത്തൊരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭാരത രാഷ്ട്രത്തിനും ബിസിനസ്സ് ലോകത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ഒരിക്കലും മരണമില്ല. രത്തന്‍ ടാറ്റ ഒരു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വ്യവസായം, കച്ചവടം, പ്രകൃതി-മൃഗ സംരക്ഷണം, വിദ്യാഭ്യാസം അങ്ങനെ നീളുന്നു അദ്ദേഹം സ്പര്‍ശിച്ച മേഖലകള്‍. ബിസിനസ്സിനോടുള്ള തന്റെ അഭിനിവേശത്തെ സാമൂഹിക ക്ഷേമമെന്ന പ്രതിബദ്ധതയോട് സന്തുലിതമാക്കുവാന്‍ അദ്ദേഹമെന്നും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രത്തിനൊരു തീരാ നഷ്ടമാവുന്നതും. ഒരു വ്യവസായി എങ്ങനെയാവണമെന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അദ്ദേഹം. സ്വരാഷ്ട്രത്തെ സ്‌നേഹിക്കുകയും രാഷ്ട്രം തനിക്ക് നല്‍കുന്നതിന്റെ പതിന്മടങ്ങു സേവനം തിരികെ നല്‍കണമെന്ന് ആഗ്രഹിക്കുകയും ചെയ്ത ദേശസ്‌നേഹികള്‍ക്ക് എന്നെന്നും ഒരു മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
1937 ഡിസംബര്‍ 28 ന് മുംബൈയില്‍ ജനിച്ച അദ്ദേഹം ടാറ്റ ഗ്രൂപ്പിനെയും ബിസിനസ്സിനെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജംഷഡ്ജി ടാറ്റയുടെ ചെറുമകനായാണ് രത്തന്‍ ടാറ്റ ജനിക്കുന്നത്. അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ അദ്ദേഹം ബിരുദം നേടി. ശേഷം 1961-ല്‍ ടാറ്റ സ്റ്റീലിന്റെ ഒരു വില്‍പ്പനശാല ആരംഭിച്ചുകൊണ്ടാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാവുന്നത്. തുടര്‍ന്ന് ജംഷഡ്ജി ടാറ്റ 1991-ല്‍ വിരമിച്ചതിന് ശേഷം ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേല്‍ക്കുകയും 2012-ല്‍ വിരമിക്കുന്നതുവരെ അതിനെ നയിക്കുകയും ചെയ്തു. ഇതുകൂടാതെ രാജ്യത്തെ ഏറ്റവും വലിയ ജീവകാരുണ്യ ട്രസ്റ്റുകളിലൊന്നായ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും അധ്യക്ഷ സ്ഥാനവും അദ്ദേഹം വഹിച്ചു.
ഭാരതത്തിന് അഭിമാനമായ ഒരു ബ്രാന്റായി ഇന്ന് ടാറ്റ മാറിയെങ്കിലും ധാരാളം പ്രതിസന്ധികള്‍ നിറഞ്ഞ വഴിയായിരുന്നു ആ വ്യവസായ ശൃഖലയ്ക്ക് നേരിടേണ്ടി വന്നിരുന്നത്. ടാറ്റ ഗ്രൂപ്പിന്റെ നൂറ്റമ്പതിലധികം വര്‍ഷത്തെ ചരിത്രമെടുത്താന്‍ അത് കാണാനാവും. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് മുന്‍പ് തന്നെ ഇത്തരം പ്രശ്‌നങ്ങളെ രത്തന്റെ തൊട്ട് മുന്‍ഗാമിയായിരുന്ന ജെ.ആര്‍.ഡി ടാറ്റയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. 1930 കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ ഗാന്ധിയോട് ജവഹര്‍ലാല്‍ നെഹ്‌റു തന്റെ വിഷമം സൂചിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഗാന്ധിജിയുടെ അഭ്യര്‍ത്ഥന പ്രകാരം വ്യവസായ പ്രമുഖനായ ജി.ഡി.ബിര്‍ള നെഹ്‌റുവിനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ ഹിന്ദു നേതാക്കന്മാരെ സഹായിക്കുന്ന വ്യവസായിയെന്ന ധാരണ നെഹ്‌റുവിന് ബിര്‍ളയെക്കുറിച്ച് ഉണ്ടായിരുന്നതിനാല്‍ ബിര്‍ളയോട് നെഹ്‌റു അടുപ്പം കാട്ടിയെന്ന് മാത്രമല്ല താത്പര്യക്കുറവ് പ്രകടമാക്കുകയും ചെയ്തു. പകരം ജെ.ആര്‍.ഡി ടാറ്റയോട് ചങ്ങാത്തം കൂടുകയാണുണ്ടായത്.
സ്വാതന്ത്രാനന്തരവും നെഹ്‌റുവിന്റെ ഈ കാഴ്ചപ്പാട് മെച്ചപ്പെട്ടിരുന്നില്ല. നെഹ്‌റുവുമായുള്ള ഭിന്നത കാരണം പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ സ്റ്റീല്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള തന്റെ പദ്ധതി ബിര്‍ളയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. സോഷ്യലിസ്റ്റും റഷ്യന്‍ സ്‌നേഹിതനുമായിരുന്ന നെഹ്‌റു വിശ്വസിച്ചിരുന്നത് ഉരുക്ക് നിര്‍മ്മാണം പൊതുമേഖലയുടെ കടമയാണെന്നായിരുന്നു. എന്നിരുന്നാലും സര്‍ക്കാര്‍ പണ ദൗര്‍ലഭ്യംനേരിട്ടപ്പോള്‍ ടാറ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ നെഹ്‌റു തീരുമാനിച്ചു.
അദ്ദേഹം പാഴ്‌സി മതക്കാരനായ വ്യവസായിയാണെന്ന ഘടകമാണ് നെഹ്‌റുവിനെ ആകര്‍ഷിച്ചത്. 1937-ലെ പ്രചാരണ വേളയില്‍ ടാറ്റയുടെ വിമാനം ഉപയോഗിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഈ ബന്ധത്തില്‍ വിള്ളലുകള്‍ ഉടലെടുക്കുവാന്‍ തുടങ്ങി. നെഹ്രുവിന്റെ സാമ്പത്തിക നയങ്ങളെ ജെ.ആര്‍.ഡി ടാറ്റ അംഗീകരിച്ചിരുന്നില്ല. അദ്ദേഹം സര്‍ദാര്‍ പട്ടേലിന്റെ സാമ്പത്തിക വീക്ഷണങ്ങളോട് ചേര്‍ന്നു നിന്നു. ‘ലാഭം’ എന്ന വാക്ക് തനിക്ക് വെറുപ്പാണെന്ന് നെഹ്‌റു ഒരിക്കല്‍ ടാറ്റയോട് പറഞ്ഞതായി അദ്ദേഹത്തിന്റെ ഒരു അഭിമുഖത്തില്‍ പറയുന്നു. ”ജവഹര്‍ലാല്‍, ഞാന്‍ പറയുന്നത് പൊതുമേഖല ലാഭമുണ്ടാക്കുന്നതിനെക്കുറിച്ചാണ്,” ടാറ്റ മറുപടി നല്‍കി. എന്നാല്‍ ”ലാഭം എന്ന വാക്കിനെക്കുറിച്ച് എന്നോട് ഒരിക്കലും സംസാരിക്കരുത്; അതൊരു വൃത്തികെട്ട വാക്കാ”ണെന്നാണ് നെഹ്‌റു മറുപടി നല്‍കിയത്. നെഹ്‌റു ചെയ്തിരുന്നത് പോലെ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇടപെട്ട് സമയം പാഴാക്കരുതെന്ന അഭിപ്രായം ജെ.ആര്‍.ഡി ടാറ്റ പുലര്‍ത്തിയിരുന്നു.
ആഭ്യന്തരതലത്തില്‍ ഭാരതത്തെ കെട്ടിപ്പടുക്കണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ സോഷ്യലിസ്റ്റ് മനോഭാവത്തെക്കുറിച്ച് കൃത്യമായി ബോധ്യമുണ്ടായിരുന്ന ജെ.ആര്‍.ഡി ടാറ്റ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഒരു പ്രതിനിധി സംഘത്തില്‍ ചേരാനുള്ള അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു. ഇതേ വാദം ഉന്നയിച്ചുകൊണ്ട്, സ്വാതന്ത്ര്യാനന്തരം ഉയര്‍ന്നുവന്ന ആദ്യത്തെ പൊതുമേഖലാ വ്യവസായങ്ങളിലൊന്നായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സിന്റെ തലവനാകാനുള്ള നെഹ്‌റുവിന്റെ ക്ഷണവും അദ്ദേഹം നിരസിച്ചു. ഇതിന് പ്രതികാരമെന്നോണം ടാറ്റയുടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍, ഇന്‍ഷുറന്‍സ് സ്ഥാപനം എന്നിവ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു.
ചെറുമകനായ രത്തന്‍ ടാറ്റ ബിസിനസ് നേതൃസ്ഥാനത്തെത്തുമ്പോള്‍ ലോകവും ഭാരതവും ഏറെ മാറിയിരുന്നു. എന്നാല്‍ ഭാരതത്തിന്റെ ആഭ്യന്തര തലത്തിലുള്ള വളര്‍ച്ചയ്ക്കും വിഷയങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന ടാറ്റ കുടുംബത്തിന്റെ അടിസ്ഥാന തത്വത്തില്‍ മാറ്റമുണ്ടായിരുന്നില്ല.
മുന്‍പ് സൂചിപ്പിച്ചത് പോലെ 1991 ലാണ് രത്തന്‍ ടാറ്റ വ്യവസായ സംരംഭങ്ങളുടെ തലപ്പത്തെത്തുന്നത്. ഭാരത സമ്പദ് വ്യവസ്ഥയും സമൂലമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന കലഘട്ടമായിരുന്നല്ലോ അത്. ആഗോള സാമ്പത്തിക വ്യവസ്ഥയിലേക്ക് ഭാരത സമ്പദ് വ്യവസ്ഥയെ സംയോജിപ്പിക്കുന്നതിനായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു വിവിധ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ വ്യാവസായിക പരിണാമത്തിന്റെയും ആഗോള അഭിലാഷങ്ങളുടെയും ഒപ്പം സഞ്ചരിച്ച ഒരു വ്യവസായിയാണ് രത്തന്‍ ടാറ്റയെന്നു ഉറപ്പിച്ചു പറയാം. അദ്ദേഹത്തിന്റെ സംരംഭങ്ങള്‍ ആഗോള വിപണികളിലേക്ക് ഭാരത സമ്പദ് വ്യവസ്ഥയെ എത്തിക്കുന്നതിലും അടയാളപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചു. എന്നാല്‍ പാശ്ചാത്യ നിയന്ത്രിത ലോക സമ്പദ് വ്യവസ്ഥയുടെ ഭാഗമായപ്പോഴും അമിതമായ ലാഭം, മനുഷ്യ-പ്രകൃതി ചൂഷണമെന്ന അതിന്റെ അടിസ്ഥാന സ്വഭാവത്തോട് ഇഴുകിച്ചേരുവാന്‍ രത്തന്‍ തയ്യാറായില്ലയെന്നുള്ളതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
വ്യവസായത്തിലും ബിസിനസ് മേഖലയിലും ധാര്‍മ്മിക രീതികളും മനുഷ്യസ്‌നേഹവും കൊണ്ട് ടാറ്റയുടെ നേതൃത്വം അടയാളപ്പെടുത്തി. ചുരുക്കത്തില്‍, ടാറ്റയുടെ നേതൃത്വം ടാറ്റ ഗ്രൂപ്പിനെ മാത്രമായി സാമ്പത്തികമായി വിജയത്തിലേക്ക് നയിക്കുന്നതായിരുന്നില്ല. മറിച്ച് അതിന്റെ വികാസത്തിനൊപ്പം ലോക വേദിയില്‍ ഭാരത രാഷ്ട്രത്തിന്റെ സാന്നിധ്യവും സ്വാധീനവും ഗണ്യമായി ശക്തിപ്പെടുത്തുന്നത് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പ് ആഗോളതലത്തില്‍ വിപുലീകരിക്കപ്പെട്ടു. ടെറ്റ്‌ലി, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍, കോറസ് തുടങ്ങിയ ആഗോള കമ്പനികളെ ഏറ്റെടുക്കുകയും ടാറ്റ നാനോ പോലുള്ള നൂതന ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ചെയ്തു. ഭാരതം സ്വയംപര്യാപ്തമാകണമെന്ന വീക്ഷണവും അദ്ദേഹം പുലര്‍ത്തിയിരുന്നു. 1998-ല്‍ രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലാണ് ടാറ്റ മോട്ടോര്‍സ് ഭാരത വാഹന ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവായ ടാറ്റ ഇന്‍ഡിക്കയെന്ന തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ യാത്ര വാഹനം നിര്‍മ്മിക്കുന്നത്. ഇത് രാജ്യത്തിന്റെ ഓട്ടോമോട്ടീവ് വ്യവസായത്തെ മാറ്റിമറിച്ച സംഭവമായിരുന്നു.
രത്തന്‍ ടാറ്റയുടെ സംഭാവനകള്‍ ബിസിനസ്സ് ലോകത്തിനപ്പുറത്തേക്ക് വ്യാപിച്ചിരുന്നു. ഒരു സംരംഭത്തിന്റെ വിജയം സമൂഹത്തിന്റെ ക്ഷേമത്തില്‍ അന്തര്‍ലീനമായിരിക്കുന്നുവെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതമന്ത്രം. ആ മന്ത്രം തന്നെയായിരുന്നു അദ്ദേഹത്തിന്റെ ബിസിനസിന്റെ ആത്മാവും തന്ത്രവും. ആ തന്ത്രം കേവലം ലാഭത്തിനു വേണ്ടി മാത്രമായിരുന്നില്ല. മറിച്ചു സമാജ ക്ഷേമവും കൂടി സംയോജിപ്പിച്ചു കൊണ്ടുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം, പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഗ്രാമവികസനം എന്നിവയില്‍ ഭാരതത്തില്‍ ദശലക്ഷക്കണക്കിന് ആളുകളില്‍ ശാശ്വതമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിനായി കമ്പനിയുടെ ലാഭത്തിന്റെ 65% സാമൂഹിക ക്ഷേമത്തിനായി അദ്ദേഹം ഉപയോഗിച്ചു. ഭാരതത്തിലെ വലിയ ചാരിറ്റബിള്‍ സംഘടനകളിലൊന്നായ ടാറ്റ ട്രസ്റ്റുകള്‍ ഈ മേഖലകളില്‍ വിവിധ പ്രോജക്റ്റുകള്‍ ചെയ്യുന്നു. ടാറ്റ ട്രസ്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ഭാരതത്തിലുടനീളമുള്ള വിവിധ പദ്ധതികളെ വലിയ തോതില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നു.
മുംബൈയിലെ ഭീകരാക്രമണത്തിന് ശേഷം അതിന്റെ ഇരകളെയും അവരുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് സഹായിക്കുന്നതിനായി ടാറ്റ ‘താജ് പബ്ലിക് സര്‍വീസ് വെല്‍ഫെയര്‍ ട്രസ്റ്റ്’ സ്ഥാപിച്ചത് അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിക്ക് ഏറ്റവും നല്ല ഉദാഹരണമാണ്.
ആഗോള പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ സഹായിക്കാനുള്ള തന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരിക്കെതിരെ പോരാടാന്‍ രത്തന്‍ ടാറ്റ 500 കോടി രൂപ സംഭാവന നല്‍കിയത് മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്. രത്തന്റെ സാമൂഹിക ഉത്തരവാദിത്ത ബോധം ഭാരതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതായിരുന്നില്ല. ഭാരതത്തിന്റെ പുറത്തേക്കും അത് വ്യാപിച്ചു. മികച്ച വിദ്യാഭ്യാസത്തിലൂടെ ഭാവി നേതൃനിരയെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിന് 50 മില്യണ്‍ ഡോളര്‍ സംഭാവന അദ്ദേഹം നല്‍കുകയുണ്ടായി.
ഭാരത മണ്ണില്‍ നിന്നും ആര്‍ജ്ജിച്ച സനാതന ധാര്‍മിക മൂല്യങ്ങള്‍ സാമ്പത്തിക ബിസിനസ് മേഖലയുമായി സംയോജിപ്പിച്ച്പുതിയൊരു ബിസിനസ് മാതൃക ഈ രാഷ്ട്രത്തിനും ലോകത്തിനും സംഭാവനയായി നല്‍കിയാണ് അദ്ദേഹം വിടവാങ്ങുന്നതെന്നുള്ളത് ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന കാര്യമാണ്. ഭാരതം ലോകത്തിന്റെ നെറുകയിലേക്കുയരുന്ന വേളയില്‍, ഭാവിയില്‍ ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ അദ്ദേഹത്തെ പോലെയുള്ള ദേശസ്‌നേഹിയായ, സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായ വ്യവസായിയുടെ വിയോഗം നികത്താനാവാത്ത വിടവ് തന്നെയാണ്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)