വോട്ട് എന്ന വാക്ക് ലാറ്റിന്‍ ഭാഷയിലെ വോവേര്‍ അഥവാ പ്രതിജ്ഞ അല്ലെങ്കില്‍ ആഗ്രഹം എന്നൊക്കെ അര്‍ത്ഥം വരുന്ന വാക്കില്‍ നിന്നാണ് രൂപം കൊണ്ടത്. വോട്ടില്‍ നിന്നാണ് അല്ലെങ്കില്‍ സമ്മതിദാനാവകാശത്തില്‍ നിന്നാണ് ജനാധിപത്യം അതിന്റെ പ്രായോഗികതലത്തിലേക്ക് പുരോഗമിക്കുന്നത് എന്ന വസ്തുതയാണ് ജനാധിപത്യ പ്രക്രിയയുടെ ഇന്ധനം. ഇതിനാല്‍ തന്നെ ഒരു രാഷ്ട്രം ആധുനിക കാലത്തിലേക്ക് മുന്നേറുമ്പോള്‍ തിരഞ്ഞെടുപ്പിന്റെ ശീലിച്ചുവന്ന വഴികളും രീതികളും മാറ്റത്തിന് വിധേയമാവേണ്ടത് അനിവാര്യമാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വികസിതമായ അവസ്ഥയില്‍ നിയമനിര്‍മ്മാണ, ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ അമിതാധികാരങ്ങള്‍ അപ്രസക്തമാവുകയും, ഗവണ്‍മെന്റ് എന്ന ആശയം അതിന്റെ മികവിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്നതോടെ പൗരന് തന്റെ അവകാശങ്ങള്‍ സ്വാഭാവികമായി ലഭിക്കുകയും ചെയ്യുന്നു. അദൃശ്യമായ എന്നാല്‍ അതീവ കാര്യക്ഷമമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജനാധിപത്യമാണ് പൗരന്, തന്റെ അവകാശങ്ങള്‍ യാതൊരു തടസ്സവും കൂടാതെ നേടിയെടുക്കാനും, തന്റെ വ്യക്ത്യാധിഷ്ഠിത സാദ്ധ്യതകളിലേക്ക് സമഗ്രമായ സാമ്പത്തിക സാമൂഹിക വികാസത്തിലൂടെ പരിപാകം വന്ന, അധികാരത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് അലോസരപ്പെടാത്ത ജനാധിപത്യ പരിസരങ്ങള്‍ വഴി എത്തിപ്പെടാനും ഉപകരിക്കും.
ഇത്തരം ഒരു കാര്യക്ഷമമായ രാഷ്ട്ര സംവിധാനം ഉരുത്തിരിയണമെങ്കില്‍ അതിനു വേണ്ടത് തിരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങളുടെ മടുപ്പിക്കുന്ന, സാമ്പത്തികമായി ഒരു രാഷ്ട്രത്തിന്റെ വിഭവങ്ങളെ വന്‍തോതില്‍ ഇടതടവില്ലാതെ ചെലവഴിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അടിയന്തിരമായുള്ള ആധുനികവല്‍ക്കരണമാണ്.
വണ്‍ നേഷന്‍ വണ്‍ ഇലക്ഷന്‍ (ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്) എന്ന ആശയം മുന്നോട്ടു വെക്കുന്നത് ഭരണഘടനാപരമായി രാഷ്ട്രം രൂപീകൃതമായതിന് ശേഷം തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ചു നടന്ന ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണ ഉദ്യമമാണ്.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരേ കാലയളവിലുള്ള തിരഞ്ഞെടുപ്പുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ അന്യമായ ആശയമല്ല. 1951-52, 1957, 1962, 1967 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഏകകാലികമായ തിരഞ്ഞെടുപ്പുകള്‍ നടത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ 1948ല്‍ അലഹബാദിലെ ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.കെ.ധറിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത പഠിക്കാന്‍ നിയമിച്ച കമ്മീഷന്‍ മുതല്‍, ജവാഹര്‍ലാല്‍ നെഹ്‌റു നിയമിച്ച ഫസല്‍ അലി കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുക വഴി ഇന്ത്യയില്‍ 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും രൂപീകരിക്കുകയും, 1960 ലെ ബോംബെ വിഭജനവും, പിന്നീട് നാഗാലാന്‍ഡ്, പഞ്ചാബ് പുനഃക്രമീകരണം, ഫ്രാന്‍സില്‍ നിന്ന് തിരിച്ചു നേടിയ ചന്ദേര്‍നഗോര്‍, യാനം, കാരക്കല്‍, പോര്‍ച്ചുഗീസില്‍ നിന്ന് തിരികെ നേടിയ ഗോവ, ദാമന്‍, ദിയു എന്നീ പ്രദേശങ്ങളുടെ പുനഃക്രമീകരണവും, മേഘാലയ, ഹിമാചല്‍ പ്രദേശ്, ത്രിപുര, മണിപ്പൂര്‍, സിക്കിം, മിസോറം, അരുണാചല്‍ പ്രദേശ്, ഗോവ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഉത്തരാഞ്ചല്‍ മുതല്‍ തെലങ്കാന വരെ ഇന്ത്യന്‍ റിപ്പബ്ലിക്ക് അതിന്റെ ഭാഷ, സാംസ്‌കാരിക, പ്രാദേശിക, ഭൂമിശാസ്ത്രപരമായ രീതിയില്‍ എല്ലാം തന്നെ കേന്ദ്ര ഭരണ പ്രദേശങ്ങളും, സംസ്ഥാനങ്ങളുമായി പുനഃക്രമീകരിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഈ സുദീര്‍ഘമായ പ്രക്രിയ തന്നെയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ മുന്‍കാലങ്ങളില്‍ നടക്കുന്നത് പോലെ മുന്നേറാത്തതിന്റെയും കാലക്രമേണ ചര്‍ച്ചകളില്‍ നിന്ന് മാഞ്ഞുപോവുകയും ചെയ്തതിന്റെയും പ്രാഥമിക കാരണം.
എന്നാല്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി തങ്ങളുടെ സുദീര്‍ഘമായ റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമര്‍പ്പിച്ചതിലൂടെയും, ചെങ്കോട്ടയില്‍ നിന്ന് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലും തുടര്‍ന്ന് രാംനാഥ് കോവിന്ദ് കമ്മിറ്റി ശുപാര്‍ശകള്‍ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കുകയും ചെയ്തതോടെയും ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ സജീവമാകുകയാണ്.
ഏകീകൃത തിരഞ്ഞെടുപ്പുകള്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ 1967 വരെ തുടര്‍ന്നു, എന്നാല്‍ 1968, 1969 വര്‍ഷങ്ങളില്‍ ചില നിയമസഭകളുടെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് സഭ പിരിച്ചുവിടല്‍ സംഭവിക്കുകയും, തുടര്‍ന്ന് 1970 ല്‍ ലോക്‌സഭ തന്നെ ഇത്തരത്തില്‍ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് 1971 ല്‍ നടത്തുകയും ചെയ്തത് വഴിയും ആറ്, ഏഴ്, ഒന്‍പത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ലോക്‌സഭകള്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് പിരിച്ചുവിട്ടതിനാലും ഏകീകൃത തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ പതിയെ ഇല്ലാതെയാകാന്‍ തുടങ്ങി. ഇതിനാല്‍ തന്നെ കഴിഞ്ഞ നാല്പത് വര്‍ഷമായി ഏകീകൃത തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നില്ല.
സൗത്ത് ആഫ്രിക്കയില്‍ ഏകീകൃത തിരഞ്ഞെടുപ്പുകള്‍ ഫെഡറല്‍, പ്രവിശ്യ നിയമ നിര്‍മാണ സഭകളിലേക്ക് അഞ്ചു വര്‍ഷത്തേക്കും, മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് അതിനു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷവും നടത്തിപ്പോരുന്നു.
സ്വീഡനില്‍ ദേശീയ നിയമസഭയിലേക്കും (റിക്ക്‌സ്ടാഗ്), പ്രവിശ്യാ നിയമ നിര്‍മാണ സഭ അഥവാ കൗണ്ടി കൗണ്‍സിലുകള്‍ (ലാന്‍ഡ്സ്റ്റിംഗ്), മുനിസിപ്പാലിറ്റികള്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു നിശ്ചിത ദിവസം ആണ് നടത്തുന്നത്.
എന്തുകൊണ്ട് ഏകീകൃത തിരഞ്ഞെടുപ്പുകള്‍?
തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഇലക്ഷന്‍ പ്രക്രിയ കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നു. സ്ഥിരമായി നടക്കുന്നത് ഭരണ നിര്‍വ്വഹണ പ്രവര്‍ത്തികള്‍ ഒഴികെ മറ്റെല്ലാ വികസന പദ്ധതികളും, ക്ഷേമ പദ്ധതികളും ഈ കാലയളവില്‍ പ്രവര്‍ത്തനരഹിതമായിരിക്കും. രാജ്യത്തെങ്ങും പല തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ മാതൃക പെരുമാറ്റ ചട്ടം നടപ്പിലിരിക്കുന്നു. ഇതിനാല്‍ തന്നെ വികസന പദ്ധതികളും ക്ഷേമ പദ്ധതികളും താളം തെറ്റുന്നു. പതിനാറാം ലോക്‌സഭയുടെ തിരഞ്ഞെടുപ്പ് കാലയളവില്‍ ഏകദേശം ഏഴ് മാസത്തോളമാണ് രാജ്യമൊട്ടാകെ വികസനപദ്ധതികള്‍ താളംതെറ്റിയത്. നീതി ആയോഗിന്റെ വിശകലനപ്രകാരം പല സംസ്ഥാനങ്ങളിലും ഏകദേശം രണ്ടു മുതല്‍ മൂന്നു മാസത്തോളമാണ്, സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കായി പെരുമാറ്റ ചട്ടം നിലവില്‍ വരുന്നതോടെ വികസന പദ്ധതികള്‍ നിശ്ചലാവസ്ഥയിലായത്.
വര്‍ദ്ധിച്ചുവരുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകള്‍ മറ്റൊരു പ്രതിസന്ധിയാണ്, നിലവില്‍ പൊതു തിരഞ്ഞെടുപ്പുകള്‍ കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചെലവുകള്‍ സംസ്ഥാന സര്‍ക്കാരുകളുമാണ് വഹിക്കുന്നത്, എന്നാല്‍ ഏകീകൃത തിരഞ്ഞെടുപ്പുകള്‍ ഉണ്ടായാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പ് ചെലവുകള്‍ പങ്കിടുന്ന സാഹചര്യം ഉണ്ടാവും.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, സര്‍ക്കാരുകള്‍ക്കും അടിക്കടിയുണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ വന്‍ ചെലവുകള്‍ വരുത്തിവെക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. 1951 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആകെ ചെലവ് 10.5 കോടി രൂപയാണെകില്‍ 2014 ല്‍ അതേ ചിലവ് 3870 കോടി രൂപയില്‍ എത്തി.
ഓരോ ആറുമാസത്തിനുള്ളിലും രണ്ടു മുതല്‍ അഞ്ചു വരെ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ മനുഷ്യവിഭവശേഷി ഉപയോഗം തിരഞ്ഞെടുപ്പുകളിലേക്ക് വലിയ തോതില്‍ ചുരുക്കപ്പെടുന്നു. പതിനാറാം ലോക്‌സഭയുടെ തിരഞ്ഞെടുപ്പ് വേളയില്‍ പത്ത് മില്യണ്‍ സുരക്ഷാ സേനാംഗങ്ങളെയാണ് സുരക്ഷാകാര്യങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത്. 9,30,000 പോളിംഗ് സ്റ്റേഷനുകളിലേക്ക് ഒരു പോളിംഗ്‌സ്റ്റേഷനില്‍ 10.75 സേനാംഗങ്ങള്‍ എന്ന തോതിലാണ് വിന്യസിക്കപ്പെട്ടത്.
രാജ്യം മുന്നോട്ടു പോകുന്നത് ആ സമൂഹം എങ്ങനെ ജനാധിപത്യ പ്രക്രിയയെ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിക്കുന്നു എന്ന ഏറെ ലളിതമായ എന്നാല്‍ വളരെയധികം മാറ്റങ്ങള്‍ സമസ്ത മേഖലയിലും പ്രചോദിപ്പിക്കാന്‍ കഴിവുള്ള നടപടിയില്‍ കൂടിയാണ്. കേവലമായ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ട് ഇത്തരം ഒരു സമഗ്ര പരിഷ്‌കാരത്തെ പിന്നോട്ടടിപ്പിക്കാതെ ജനാധിപത്യത്തിന്റെ മൂലാധാരശിലകളായ തിരഞ്ഞെടുപ്പുകളെ സമീപിക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തയാറാവണം. പൗരന്മാരുടെ വിലയേറിയ സമയം തിരഞ്ഞെടുപ്പുകള്‍ക്കായി മാത്രം ചെലവഴിക്കാനുള്ളതല്ല, ബ്യുറോക്രാറ്റിക്ക് പിടിവാശികളില്‍ നിന്ന് തിരഞ്ഞെടുപ്പുകളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.