ഗ്യുലേര്‍മോ കബ്രേറ (Guillermo Cabrera Infante) ക്യൂബയിലെ ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരില്‍ ഒരാളാണ്. അദ്ദേഹം 2005 ഫെബ്രുവരിയില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ കബ്രേറ ക്യൂബയിലായിരുന്നില്ല; ലണ്ടനിലായിരുന്നു. ഒരുകാലത്ത് ക്യൂബന്‍ നേതാവായിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ പിന്തുണക്കാരനായിരുന്ന അദ്ദേഹത്തിന് 1965ല്‍ ലണ്ടനിലേയ്ക്ക് നാടുവിടേണ്ടിവന്നു. കാരണം അദ്ദേഹത്തിന്റെ രചനകളോട് ക്യൂബന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കു തോന്നിയ സംശയമാണ്. ഇംഗ്ലീഷ് എഴുത്തുകാരനായിരുന്ന ജെയിംസ് ജോയിസ്‌നെ(James Joyce) അനുകരിച്ച് അദ്ദേഹം എഴുതിയ നോവലാണ്. Tr’es Tristes Tigres (Three sad tigers or Three Trapped Tigers) ക്യൂബന്‍ റവല്യൂഷനു മുന്‍പുള്ള ഹവാനയിലെ രാത്രി ജീവിതമാണ് നോവലിലെ പ്രധാന ചര്‍ച്ചാവിഷയം. നിറയെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള നോവലില്‍ നമുക്കു പരിചയമുള്ള പല ചരിത്രപുരുഷന്മാരും എഴുത്തുകാരുമൊക്കെ മറ്റുപേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്ത എഴുത്തുകാരായ ഷെല്ലിയും കീറ്റ്‌സും നോവലില്‍ Sheets and Kelly ആണ്. അമേരിക്കന്‍ വന്‍കരയ്ക്ക് ആ പേരു നല്‍കാനിടയായ Amerigo Vespucci നോവലില്‍ Amerigoes Prepucci ആണ്. സോമര്‍സെറ്റ് മോം (Somerset Maugham) സോമര്‍ സോള്‍ട്ട് മോണ്‍ (Somersault Mon) ആണ്. അറബിക്കഥയിലെ ബാഗ്ദാദ് ഖലീഫ ഹാരോണ്‍-അല്‍ റഷീദ് – കബേറയുടെ ഭാവനയില്‍Hareum Al Hashish ആകുന്നു.
“”Life is music, Life is melody, Life is Bolero, Life is song” (Bolero – ഒരുതരം spanish നൃത്തമാണ്) എന്നിങ്ങനെ ജീവിതത്തെ സംഗീതം പോലെ കണ്ടിട്ടും അദ്ദേഹം സ്വന്തം സ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വേണ്ടി ചെറുത്തുനില്‍ക്കാന്‍ തയ്യാറായി. അത്തരം എഴുത്തുകാര്‍ ഇന്ത്യയില്‍ ഇല്ല. കേരളത്തില്‍ അവാര്‍ഡിനായി ചാടിക്കളിക്കുന്നവരേയുള്ളൂ. സ്വന്തമായി അഭിപ്രായമുള്ള, സത്യത്തോട് പ്രതിബദ്ധതയുള്ള, ഒരെഴുത്തുകാരനുമില്ല. ഇന്ത്യയില്‍ ധീരരായ എഴുത്തുകാര്‍ ഉണ്ടാകാത്തതിനു കാരണം ഇവിടെ എഴുത്തുകാര്‍ക്ക് അപരിമിതമായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒരാളുടെ സ്വാതന്ത്ര്യത്തേയും ഭരണകൂടം ഹനിക്കുന്നില്ല. അടിച്ചമര്‍ത്തല്‍ ഇല്ലാത്തതുകൊണ്ട് ചെറുത്തുനില്പിന്റെ ആവശ്യവുമില്ല.
കുമാരനാശാന്‍ ദുരവസ്ഥ എഴുതിയപ്പോള്‍ അക്കാലത്തെ മതതീവ്രവാദികള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ലത്രേ! കൃതി പിന്‍വലിക്കണമെന്ന് പലരും ആവശ്യപ്പെട്ടുപോലും. എന്നാല്‍ ധീരനായ ആശാന്‍ ഭീഷണികളെ തെല്ലും വകവച്ചില്ല. ഒരുവരിപോലും തിരുത്താനോ കൃതി പിന്‍വലിക്കാനോ ആശാന്‍ തയ്യാറായില്ല. ആശാനുണ്ടായിരുന്ന ആദര്‍ശധീരത ഇന്നത്തെ എഴുത്തുകാര്‍ക്കില്ല.
പുതിയ കാലത്തെ എഴുത്തുകാര്‍ കൃതിയുടെ പ്രചാരത്തിനായി സാഹിത്യബാഹ്യമായ പൊടിക്കൈകള്‍ പ്രയോഗിക്കുന്നു. കൃത്രിമ വിവാദങ്ങള്‍ സൃഷ്ടിക്കുക, നോവലില്‍ കുറച്ചു പേജുകള്‍ ബ്ലാങ്ക് ആക്കി ഇടുക, ചില പുറങ്ങള്‍ മുഴുവനായും കറുപ്പ് അടിക്കുക. ഈ തന്ത്രങ്ങളൊക്കെ ഗ്യുലാര്‍മോ കബ്രേയും പ്രയോഗിക്കുന്നുണ്ട്.
2011ല്‍ ബ്രിട്ടനില്‍ ലേക് ഡിസ്ട്രിക്ടിലെ ഗ്രെറ്റ ഹാളില്‍ ഒരു കൂട്ടം കവികള്‍ ഡയബെറ്റിസ് ഫണ്ട് റൈസിങ്ങ് പ്രോഗ്രാമിന്റെ പേരു പറഞ്ഞ് നഗ്നരായി ഒരു ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. റോബര്‍ട്ട് സൗത്തിയും (Robert Southey) കോളി റിഡ്ജും ബൈറനുമൊക്കെ ഒത്തുകൂടിയിരുന്ന വേര്‍ഡ്‌സ് വര്‍ത്തിന്റെ പ്രിയപ്പെട്ട ലേക് ഡിസ്ട്രിക്റ്റില്‍ ആണ് ഇതും നടന്നത്. എറിക് ഗ്രിഗറിEric Gregory), ആന്റണി ഡണ്‍(Antony Dunn) അലന്‍ ബക്‌ലേ (Alan Buckley) തുടങ്ങി ഒരു ഡസനോളം കവികള്‍ ഫോട്ടോഷൂട്ടില്‍ നഗ്നരായത്രേ! പ്രശസ്തി നിമിത്തം ബഹുകൃതവേഷം!!
ഇംഗ്ലീഷില്‍ കവികളുടെ കവി (Poet’s poet) എന്നു വിളിക്കുന്നത് എഡ്മണ്ട് സ്‌പെന്‍സറി(Edmond Spensor) നെയാണ്. ചാള്‍സ് ലാമ്പ് (Charls Lamb) ആണ് അങ്ങനെയൊരു പദവി സെന്‍സറിനു നല്‍കിയത്. മലയാളത്തില്‍ അങ്ങനെയൊരു സ്ഥാനം നല്‍കേണ്ടി വന്നാല്‍ അത് വൈലോപ്പിള്ളിയും ഇടശ്ശേരിയും പങ്കിട്ടെടുക്കാനാണു സാധ്യത. ആശാനേയും ചങ്ങമ്പുഴയേയും പോലെ വലിയ പ്രശസ്തിയുള്ള കവികളുണ്ടെങ്കിലും കവികള്‍ നെഞ്ചില്‍ വച്ച് ആരാധിക്കുന്നത് വൈലോപ്പിള്ളിയേയും ഇടശ്ശേരിയേയും തന്നെയാണ്. കവിതയുടെ സൂക്ഷ്മസഞ്ചാരം ഈ കവികളില്‍ കാണുന്നതുപോലെ മറ്റാരിലും നമ്മള്‍ കാണുന്നില്ല. അത്യന്തം ശ്രദ്ധയോടെ പദങ്ങള്‍ തിരഞ്ഞെടുത്ത് ഗൗരവമുള്ള കവിത സൃഷ്ടിക്കുന്നതില്‍ ഇവരുടെ കവിതകള്‍ പരസ്പരം മത്സരിക്കുന്നതുപോലെയാണ്. രണ്ടുപേരിലും നമ്മള്‍ കാണുന്ന ഏറ്റവും വലിയ പ്രത്യേകത മോശം കവിതകളൊന്നും അവര്‍ എഴുതിയിട്ടില്ല എന്നതാണ്. ഇപ്പോഴത്തെ കവികള്‍ മെച്ചപ്പെട്ട രണ്ടു കവിതപോലും സൃഷ്ടിക്കാന്‍ പ്രാപ്തിയുള്ളവരല്ല എന്നതാണ് സത്യം. പലര്‍ക്കും ഒരു കവിതയുണ്ട്. പിന്നെ ഒന്നും കൂടി രചിക്കാന്‍ കഴിയുന്നില്ല.
കവികള്‍ അവരുടെ രചനകളിലൂടെ ഈ മഹാകവീശ്വരന്മാരെ നിരന്തരം ആദരിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ മാതൃഭൂമിയില്‍ ഗോപീകൃഷ്ണനെന്ന കവി (മാതൃഭൂമി സപ്തം.29 – ഒക്ടോബര്‍ 5) ‘വൈലോപ്പിള്ളി’ എന്ന പേരില്‍ത്തന്നെ ഒരു കവിതയെഴുതി മഹാകവിയെ ആദരിച്ചിരിക്കുന്നു. കവിതയില്‍ അര്‍ണോസ് പാതിരിയേയും ചങ്ങമ്പുഴയേയും പിയേയും ഇടശ്ശേരിയേയു കൂടി അനുസ്മരിക്കുന്നു. ഇടശ്ശേരിയെക്കുറിച്ച് കവി പറയുന്നത് ”അത് മഞ്ഞുപര്‍വ്വതം എന്ന് തോന്നിപ്പിക്കുന്ന കേരളത്തിലെ ഏക അഗ്നിപര്‍വ്വതമാണ്, പേര് ഇടശ്ശേരി” എന്നാണ്. ‘ഏക അഗ്നിപര്‍വ്വതം’ എന്ന പ്രയോഗത്താല്‍ കവി ഇടശ്ശേരിയുടെ അനന്യത നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. പൊട്ടകവികളെക്കൊണ്ടു നിറഞ്ഞ ഇന്നത്തെ കേരളത്തില്‍ നിന്നുനോക്കുമ്പോള്‍ കവിതയോടും കവികളോടും നമുക്ക് പുച്ഛം തോന്നുന്നത് സ്വാഭാവികം. ഇന്നാരും കവിതയെ ഗൗരവമായെടുക്കുന്നില്ല. അതുകൊണ്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന് സാഹിത്യ അക്കാദമി ഒരു ബംഗാളി തൊഴിലാളിക്കു കൊടുക്കുന്ന കൂലിപോലും കൊടുക്കാതിരുന്നത്. ഇത് അപചയകാലമാണ്. ഇനിയും ഒരു വസന്തകാലം വരാതിരിക്കില്ല.
പുതിയ കവികളെ വായിച്ചും വായിക്കാതെയും മനസ്സുമടുക്കുന്ന നമ്മള്‍ കവിത ഇത്രയേ ഉള്ളൂ എന്ന് തെറ്റിദ്ധരിക്കുന്നു. ഇടശ്ശേരിയേയും വൈലോപ്പിള്ളിയേയും ആശാനേയും ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ കവിത ഇതൊന്നുമല്ലെന്നും അതില്‍ അസാധാരണമായ എന്തോ ഉണ്ടെന്നും നമുക്കു തോന്നിപ്പോകുന്നു. ഗോപീകൃഷ്ണന്‍ എന്ന കവി പറയുന്നതുപോലെ ‘ഭ്രാന്തിന്റെ പേനുകളെ ലോകത്തിന്റെ തലച്ചോറില്‍ നിന്ന് നുള്ളിക്കളയണം വൈലോപ്പിള്ളി കരുതി ലോകം ചെരിയുമ്പോള്‍ ആളുകള്‍ക്കു പിടിച്ചു നില്‍ക്കാന്‍ കവിതയുടെ ഉരുക്കു വടം വേണം.’
കേരളത്തിലെ ജനസംഖ്യയുടെ .01% മനുഷ്യരേ കവിത വായിക്കുന്നുണ്ടാവൂ. അവരില്‍ത്തന്നെ നല്ല കവിത വായിച്ചു തിരിച്ചറിയാന്‍ കഴിയുന്നവര്‍ വീണ്ടും ഒരു .01 ശതമാനമേയുണ്ടാവൂ. എന്നിരിക്കിലും ഈ ചെറിയ ശതമാനത്തിന്റെ ഹൃദയത്തിലുണ്ടാകുന്ന സൗന്ദര്യവ്യതിയാനം അവര്‍ സമൂഹത്തിലേക്ക് പകരും. അതുവഴി സമൂഹത്തെ മൊത്തം മോടിപിടിപ്പിക്കാനും കൂടുതല്‍ ആര്‍ദ്രമാക്കാനും കവിതയ്ക്കു കഴിയും. കവിത ചെയ്യുന്ന ഈ സൂക്ഷ്മകര്‍മ്മം ആരും പ്രത്യക്ഷത്തില്‍ തിരിച്ചറിയുന്നില്ല. നമ്മളാരും തിരിച്ചറിയാതെ തന്നെ കവിത നമ്മുടെ ഹൃദയങ്ങളെ ഉര്‍വ്വരമാക്കുന്നുണ്ട്. ഈ മഹാദൗത്യം നിര്‍വ്വഹിക്കാന്‍ കവിതയ്‌ക്കേ കഴിയൂ. കവിത ഈ ദൗത്യം നിര്‍വ്വഹിക്കാന്‍ അപ്രാപ്തമാകുമ്പോള്‍ സമൂഹം വലിയ പൊട്ടിത്തെറിയിലേയ്ക്കു നീങ്ങും. കവിതയുടെ ഈ മാന്ത്രിക സ്പര്‍ശം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സമൂഹമാണ് ഇന്നത്തെ കേരളം. അതുകൊണ്ടാണ് ഇവിടെ വ്യാപകമായി ഐ.എസ്. റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കവിതയുടെ ഈ സംസ്‌കാര സിദ്ധിയെ സമൂഹം തിരിച്ചറിയണം. പുതിയ കാലത്തെ കവികള്‍ അപ്രാപ്തരാണെങ്കില്‍ പഴയ കവികളെ നമ്മള്‍ വീണ്ടും വീണ്ടും വായിക്കണം. ഇന്നത്തെ വിദ്യാഭ്യാസ രീതി മാറ്റിപ്പണിയണം. കൂടുതല്‍ ആഴത്തില്‍ കവിത പഠിപ്പിക്കപ്പെടണം.
പാതിരിമാര്‍ ഇന്ത്യയിലേക്കു വന്നത് നല്ല ഉദ്ദേശ്യത്തോടെയല്ല എന്ന് എല്ലാവര്‍ക്കുമറിയാം. ഇവിടെ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനും അതുവഴി യൂറോപ്യരുടെ കോളനിവല്‍ക്കരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുമായിരുന്നു അവരുടെ വരവ്. എങ്കിലും അവരില്‍ ചിലര്‍ ഇവിടെ വന്നശേഷം നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. നാട്ടുഭാഷയും സംസ്‌കാരവും പഠിച്ചാലേ ഇവിടത്തുകാരെ സ്വാധീനിക്കാനാവൂ എന്ന തിരിച്ചറിവില്‍ നിന്നാണ് അവരതിന് തുനിഞ്ഞത്. അക്കൂട്ടത്തില്‍ വലിയ സംഭാവനകള്‍ നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ വ്യക്തികളില്‍ ഒരാളാണ് അര്‍ണോസ് പാതിരി. Johann Ernst Hanxleden എന്നായിരുന്നുവത്രേ ശരിയായ പേര് ആ പേര്. അക്കാലത്ത് സാധാരണക്കാരുടെ തൊണ്ടയ്ക്ക് വഴങ്ങാത്തതുകൊണ്ടാവണം അവര്‍ അദ്ദേഹത്തെ അര്‍ണോസ് ആക്കിയത്. ഈശോസഭാ സന്യാസിയായിരുന്ന പാതിരി ജനിച്ചത് ജര്‍മ്മനിയിലെ ഓസ്റ്റര്‍കാപ്ലന്‍ എന്നയിടത്തായിരുന്നു. അദ്ദേഹം ജനിച്ച കാലത്ത് ഈ സ്ഥലം ഹംഗറിയുടെ ഭാഗമായതിനാല്‍ ഹംഗറിക്കാരനായാണ് പാതിരിയെ കണക്കാക്കുന്നത്. ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. ഈശോസഭയുടെ സന്ദേശം പ്രചരിപ്പിക്കുകയും ക്രിസ്തുമതത്തിലേക്ക് ആളുകളെ ചേര്‍ക്കുകയുമായിരുന്നു ഉദ്ദേശമെങ്കിലും പാതിരി നമ്മുടെ ഭാഷയെ വളരെയധികം സേവിച്ചുവെന്നുപറയാം.
ധാരാളം കാവ്യങ്ങള്‍ രചിച്ച പാതിരി അതില്‍കൂടി പറയാന്‍ ശ്രമിച്ചതെല്ലാം ക്രിസ്തുമതത്തിന്റെ മഹത്വമായിരുന്നു. ചതുരന്ത്യം, പുത്തന്‍ പാന, ഉമ്മാപര്‍വ്വം, ഉമ്മാടെ ദുഃഖം, വ്യാകുല പ്രബന്ധം, ആത്മാനുതാപം, ജനോവപര്‍വ്വം എന്നിവയൊക്കെ അദ്ദേഹത്തിന്റെ ക്രിസ്തീയ കാവ്യങ്ങളായിരുന്നു. ഉള്ളടക്കം ക്രൈസ്തവമാകയാലാവാം പില്‍ക്കാലത്ത് അവയൊന്നും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അവ നല്‍കുന്ന ഭാഷാപരമായ സംഭാവനകളെ വിസ്മരിക്കാന്‍ പറ്റില്ല. അക്കാലത്ത് പ്രയോഗത്തിലുണ്ടായിരുന്ന വൃത്തരൂപങ്ങളും മറ്റും കവിതാരചനയില്‍ പ്രയോജനപ്പെടുത്തി നമ്മുടെ ഭാഷയെ പാതിരി പോഷിപ്പിച്ചു.
മലയാള സംസ്‌കൃത നിഘണ്ടു; മലയാളം-പോര്‍ട്ടുഗീസ് നിഘണ്ടു, മലയാള പോര്‍ട്ടുഗീസ് വ്യാകരണം, സംസ്‌കൃത പോര്‍ട്ടുഗീസ് വ്യാകരണം, സംസ്‌കൃത-പോര്‍ട്ടുഗീസ് നിഘണ്ടു എന്നിവയൊക്കെ അദ്ദേഹം തയ്യാറാക്കി. ചിലതൊക്കെ അപൂര്‍ണ്ണമാണ്. അവയൊക്കെ സമഗ്രമോ തെറ്റുകുറ്റങ്ങളില്ലാത്തതോ ആണെന്നു പറയാനാവില്ല. എന്നാല്‍ നമ്മുടെ പ്രാദേശികഭാഷ തീരെ വളര്‍ച്ച നേടാതിരുന്ന ആ കാലഘട്ടത്തില്‍ അര്‍ണോസ് പാതിരിയുടേയും മറ്റ് അസംഖ്യം പാതിരിമാരുടേയും സേവനങ്ങള്‍ ഭാഷയെ തെല്ലൊന്നുമല്ല സഹായിച്ചത്. ഇവിടത്തെ ഭാഷാപണ്ഡിതന്മാരെ തര്‍ക്കിച്ചു തോല്പിച്ച പാതിരിയെക്കുറിച്ച് ധാരാളം കഥകളുണ്ട്. അതൊക്കെ ഭാഷാകുതുകികള്‍ക്ക് പരിചയമുള്ളവയാകയാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. പാതിരിയെന്ന പേരില്‍ ഒരു വൃക്ഷമുണ്ട്. ആ പേരുവച്ച് ഒരു ഇളയത് ഒരിക്കല്‍ അദ്ദേഹത്തെ കളിയാക്കിയ കഥ വളരെ പ്രശസ്തമാണ്. ‘പാതിരിവില്ലിനു ബഹുഭേഷാണ്’ എന്നു പറഞ്ഞ ഇളയതിനെ ‘ഇളയതായാല്‍ നന്ന്’ എന്നിങ്ങനെ അപ്പോള്‍ത്തന്നെ തിരിച്ചടിച്ച അദ്ദേഹത്തിന്റെ ഭാഷാസ്വാധീനം എത്രമാത്രം വിപുലമായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പി.എന്‍.ഗോപീകൃഷ്ണന്‍ തന്റെ കവിതയില്‍ അര്‍ണോസ് പാതിരിയുടെ പുത്തന്‍ പാനയിലെ ഏതാനും വരികള്‍ എടുത്തുചേര്‍ത്തിരിക്കുന്നു. അനവസരത്തിലാണെങ്കിലും ആ വരികള്‍ നമ്മുടെ ഭാഷയുടെ പഴങ്കാലത്തിലേക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കുന്നു. പുതിയ തലമുറയില്‍ പലരും അര്‍ണോസ് പാതിരിയെന്ന പേരുപോലും കേട്ടിരിക്കാനിടയില്ല. എല്ലാവര്‍ക്കും ഭാഷാ, ചരിത്രപണ്ഡിതന്മാര്‍ ആകാനാവില്ലെങ്കിലും മലയാളികള്‍ അവരുടെ ഭാഷാവഴികളെക്കുറിച്ച് ഏകദേശധാരണയുള്ളവരായിരിക്കണം.