അന്വേഷണ ത്വരയോടെ ഭൂതകാലം തേടി നടന്ന ഒരാള്‍ കൂടി അനശ്വരതയിലേക്ക് മറഞ്ഞിരിക്കുന്നു. മലയാണ്മയുടെ ചരിത്രവും ദക്ഷിണ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവും ചരിത്ര ഭാഷയില്‍ അടയാളപ്പെടുത്തിയ വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ ഇനി ഓര്‍മ്മ.
ചരിത്രരചനയെ ഒരു ധ്യാനം പോലെ കൊണ്ടുനടന്നയാളാണ് ഓര്‍മ്മയാകുന്നത്. വരും തലമുറയ്ക്ക് വേണ്ടി നാടിന്റെ ഭൗതികവും സാംസ്‌കാരികവുമായ ചരിത്രത്തെ സത്യസന്ധമായി രേഖപ്പെടുത്തി വയ്ക്കണമെന്ന് നിഷ്ഠയുണ്ടായിരുന്ന വേലായുധന്‍ പണിക്കശ്ശേരിയുടെ വേര്‍പാട് ചരിത്രാന്വേഷികള്‍ക്കും സാംസ്‌കാരിക ലോകത്തിനും വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്.
ജീവിത വ്യവഹാരങ്ങളില്‍ മറ്റൊന്നിനോടും താല്പര്യമില്ലാതെ ധ്യാനബുദ്ധിയോടെ ചരിത്രാന്വേഷണം മാത്രം ജീവിതവ്രതമാക്കിയ ഒരാളാണ് ഓര്‍മ്മയാകുന്നത്.
വ്യാജ ചരിത്രനിര്‍മിതികളുടെയും വ്യാജ ചെമ്പോലകളുടെയും വര്‍ത്തമാനകാലത്ത് സത്യസന്ധനായ ഒരു ചരിത്രകാരന്റെ വേര്‍പാട് സമൂഹത്തിന് സൃഷ്ടിക്കുന്ന നഷ്ടം ചെറുതല്ല. സാമൂഹ്യ ജീവിതത്തിന്റെ പുരോഗതിയും അതിനാധാരമായ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചരിത്രവുമാണ് വേലായുധന്‍ പണിക്കശ്ശേരി തേടിയത്.
ചരിത്രത്തിന്റെയും സമൂഹത്തിന്റേയും വര്‍ഗ്ഗീകരണത്തില്‍ ഉപരി സമൂഹമെന്ന നിലക്ക് മനുഷ്യന്‍ പ്രതിസന്ധികളെ അതിജീവിച്ചത് എങ്ങനെ എന്നന്വേഷിക്കുന്നതിലായിരുന്നു വേലായുധന്‍ പണിക്കശ്ശേരിക്ക് താല്‍പര്യം.
ദക്ഷിണ ഭാരതത്തിന്റെ ചരിത്രം, പ്രത്യേകിച്ച് ഡെക്കാണ്‍ പ്രദേശത്തിന്റെ ചരിത്രം ആഴത്തില്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്തതാണ് ചരിത്ര പഠനത്തിന് വേലായുധന്‍ പണിക്കശ്ശേരി നല്‍കിയ ഏറ്റവും മഹത്തായ സംഭാവന. പ്രാചീന, വേദ കാലഘട്ടം മുതല്‍ നിലനിന്ന തമിഴ് ഭാഷയും സംസ്‌കാരവും ദക്ഷിണ ഭാരതത്തിലെ സാമൂഹ്യ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതെങ്ങനെയെന്ന് അദ്ദേഹം ഗവേഷണ ബുദ്ധിയോടെ അന്വേഷിച്ച് കണ്ടെത്തി. മഹാശിലായുഗ കാലഘട്ടം മുതല്‍ ഡെക്കാണ്‍ പ്രദേശത്ത് നിലനിന്നിരുന്ന സാംസ്‌കാരിക ജീവിതത്തിന്റെ അടിവേരുകള്‍ ചൂഴ്‌ന്നെടുത്ത് വര്‍ത്തമാനകാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.
സംസ്‌കാരത്തിന്റെ പ്രവാഹം വടക്കുനിന്ന് തെക്കോട്ടാണ് എന്ന മുന്‍വിധികളെ തിരുത്തുന്നതായിരുന്നു പണിക്കശ്ശേരിയുടെ ഈ കണ്ടെത്തലുകള്‍. വടക്കും തെക്കും ഒരേസമയം ആര്‍ഷമായ ജ്ഞാനത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു വേലായുധന്‍ പണിക്കശ്ശേരിയുടെ ഈ കണ്ടെത്തലുകള്‍.
സരളമായ തമിഴ് ഭാഷയിലെ വേദാന്ത വിജ്ഞാനവും അദ്വൈത ദര്‍ശനവും ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളം ഉള്‍പ്പെടെ ദക്ഷിണ ഭാരതത്തില്‍ സംസാരിക്കുന്ന പത്തിലേറെ ഭാഷകളുടെ തമിഴ് സ്വാധീനവും വേദ സ്വാധീനവും പണിക്കശ്ശേരി കണ്ടെത്തി.
ചരിത്രമെഴുത്തില്‍ ഇളംകുളം ശൈലിയുടെ പിന്മുറക്കാരനായിരുന്നു വേലായുധന്‍ പണിക്കശ്ശേരി. ചരിത്രം അന്വേഷിച്ചു കണ്ടെത്തേണ്ടത് എങ്ങനെയെന്നും അത് വരും തലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തി വെക്കേണ്ടത് എങ്ങനെയെന്നും ഇളംകുളം കുഞ്ഞന്‍പിള്ളയില്‍ നിന്നുമാണ് വേലായുധന്‍ പണിക്കശ്ശേരി പഠിച്ചത്.
തൃശ്ശൂര്‍ ജില്ലയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ നിന്ന് ചരിത്രം തേടി മഹാശിലായുഗ കാലഘട്ടത്തോളം തീര്‍ത്ഥാടനം നടത്തിയ വേലായുധന്‍ പണിക്കശ്ശേരി നവതിയിലും കര്‍മ്മനിരതനായിരുന്നു. എന്നും സൗമ്യമായ ഭാവത്തോടെ സാധാരണക്കാരനായി ജീവിച്ച ഈ ചരിത്രപണ്ഡിതന്‍ ദേശീയ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കാനും മടി കാണിച്ചിട്ടില്ല. എഴുതി തീര്‍ക്കാതെ പോയ ഒരുപാട് ചരിത്രപാഠങ്ങള്‍ ബാക്കി വെച്ചാണ് വേലായുധന്‍ പണിക്കശ്ശേരി യാത്രയാവുന്നത്.