കുറച്ചുവര്‍ഷങ്ങളായി പാശ്ചാത്യരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഭാരതത്തിനെതിരായ അതിബൃഹത്തായ ഒരു ഗൂഢാലോചന നടക്കുന്നതായി പാശ്ചാത്യ ഭരണനേതൃത്വത്തിന്റെ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രതികരണങ്ങളില്‍ നിന്നും പ്രമുഖ പാശ്ചാത്യ മീഡിയകളുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും, ചില അമേരിക്കന്‍ സര്‍വ്വകലാശാലകളിലെ പഠന-ഗവേഷണ പ്രസിദ്ധീകരണങ്ങളില്‍ നിന്നും വ്യക്തമാകുന്ന വസ്തുതയാണ്. ഈ ഭാരത വിരുദ്ധത അടുത്ത കാലത്ത് പൂര്‍വ്വാധികം ശക്തിപ്രാപിച്ചതും ശ്രദ്ധേയമാണ്. പ്രധാനമായും ആറു വിഷയങ്ങളെ ബന്ധപ്പെടുത്തിയാണ് പാശ്ചാത്യ ഭാരത വിരുദ്ധ ആഖ്യാനങ്ങള്‍ ഏറ്റവുമൊടുവില്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. പൗരത്വ നിയമഭേദഗതിയും മുസ്ലിം വിരുദ്ധതയും, കാശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കല്‍, മോദി സര്‍ക്കാരിന്റെ ഏകാധിപത്യപ്രവണതയും ജനാധിപത്യധ്വംസനവും രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഹിന്ദുരാഷ്ട്രസ്ഥാപനത്തിനുള്ള നീക്കം, ജനാധിപത്യപരമല്ലാത്ത പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ്, അഴിമതിക്കേസ്സില്‍ കേജരിവാളിന്റെ അറസ്റ്റ് രാഷ്ട്രീയപകപോക്കല്‍ എന്നിവയാണ് ഈ ആറു വിഷയങ്ങള്‍.
അതോടൊപ്പം ഇസ്രായേല്‍ ഹമാസ് യുദ്ധത്തിലും റഷ്യ-യുക്രൈന്‍ യുദ്ധത്തിലും പ്രത്യേകപക്ഷം പിടിക്കാതെ നിഷ്പക്ഷമായി നിലപാടെടുത്തതും ദുരന്തമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ തയ്യാറായതും, പാശ്ചാത്യ ശക്തികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ജി-20 കൂട്ടായ്മയുടെ അദ്ധ്യക്ഷസ്ഥാനമലങ്കരിച്ച് ലോകരാജ്യങ്ങളുമായി സൗഹൃദബന്ധം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് അമേരിക്ക, കാനഡ തുടങ്ങിയ പാശ്ചാത്യ ശക്തികള്‍ക്ക് അസൂയയും അസ്വസ്ഥതയും സൃഷ്ടിച്ചിട്ടുണ്ട്. എല്ലാറ്റിലുമുപരിയായി ഭാരതം സ്വാശ്രയത്തിലൂന്നിക്കൊണ്ട് ഒരു വലിയ സാമ്പത്തികശക്തിയായി ഉയര്‍ന്നുവരുന്നത് അവര്‍ ഒരു ഭീഷണിയായാണ് വിലയിരുത്തുന്നത്. ഒരു വര്‍ഷത്തിനകം ബഹിരാകാശ ഗവേഷണമേഖലയിലും രാജ്യരക്ഷാ ഉപകരണങ്ങളുടെ ആഭ്യന്തര ഉല്പാദനത്തിലും കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളും അവരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇവയുടെയെല്ലാം ഫലമായാണ് ഇപ്പോഴത്തെ സംഘടിതമായ ഭാരതവിരുദ്ധ പ്രോക്‌സിവാറും വൈചാരിക യുദ്ധവും.
ഭാരതത്തിനെതിരായ വൈചാരിക ശൂഢാലോചനയില്‍ പരസ്പരം പോരടിക്കുന്ന പല ശക്തികളും പങ്കാളികളാണെന്നത് വിസ്മയകരമാണ്. ഒരു ഭാഗത്ത് അമേരിക്കന്‍ സ്റ്റെയിറ്റ് ഡിപ്പാര്‍ട്ട്‌മെന്റും കനേഡിയന്‍ ഗവണ്‍മ്മെന്റും ചില യൂറോപ്യന്‍ രാജ്യങ്ങളും മറുവശത്ത് ചൈനയും, പാകിസ്ഥാനും ജിഹാദി പ്രസ്ഥാനങ്ങളുമാണുള്ളത്. അവയോടൊപ്പം അമേരിക്കയിലേയും യൂറോപ്പിലേയും പ്രമുഖ പത്രങ്ങളും മീഡിയകളും, അന്താരാഷ്ട്രസന്നദ്ധസംഘടനകളും (International NGOs) അവര്‍ക്ക് യഥേഷ്ടം ഫണ്ടിങ്ങ് നല്‍കുന്ന ജോര്‍ജ് സോറസ്സിന്റെ ഓപ്പന്‍ സൊസൈറ്റി ഫൗണ്ടേഷന്‍ അടക്കമുള്ള അന്താരാഷ്ട്ര ഫണ്ടിങ്ങ് ഏജന്‍സികളും, ഹാര്‍വാഡ് അടക്കമുള്ള അന്താരാഷ്ട്ര അക്കാദമിക് സ്ഥാപനങ്ങളും ഈ ഇന്ത്യാവിരുദ്ധ പ്രസ്ഥാനങ്ങളുടെ അവിഭാജ്യഘടകങ്ങളാണ്. ഭാരതത്തിനെതിരായ പ്രോക്‌സിവാറില്‍ മുന്നിട്ടുനില്‍ക്കുന്നത് ചൈനയാണ്. അതേസമയം ഭാരതത്തിനെതിരായ വൈചാരിക യുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ കെന്നഡി സ്‌കൂളിലെ ചില ഭാരതീയ – ആഫ്രോ അമേരിക്കന്‍ ബുദ്ധിജീവികളും അക്കാദമീഷ്യന്മാരും ആക്ടിവിസ്റ്റുകളുമാണ്.
ഭാരതത്തിലെ 2024ലെ പൊതു തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തില്‍ ഇവരുടെ ശത്രുതാപരമായ പ്രചരണം പൂര്‍വ്വാധികം ശക്തമാക്കിയിരുന്നു. കാശ്മീരികളുടെ ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, കാശ്മീരികളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്ന, പൗരത്വനിയമഭേദഗതിയിലൂടെ മുസ്ലിങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുത്തുന്ന, മുസ്ലിംവിഭാഗത്തിന്റെ മതസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്ന, സെക്യുലറിസം മരണാസന്നമായിരിക്കുന്ന, ഭാരതത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഗൂഢാലോചന നടക്കുന്ന, ഭാരതത്തിലെ തിരഞ്ഞെടുപ്പ് വ്യവസ്ഥ ജനാധിപത്യത്തെ നശിപ്പിക്കുന്ന വിധമാണ് എന്നെല്ലാമുള്ള ആരോപണങ്ങളാണ് ഇവര്‍ നിരത്തുന്നത്. കേജ്‌രിവാളിന്റെയും മറ്റും അറസ്റ്റുകള്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും സര്‍ക്കാരിന്റെ ഏകാധിപത്യത്തിനും പ്രതിപക്ഷത്തെ തകര്‍ക്കാനുമുള്ള ആസൂത്രിത പദ്ധതിയാണെന്നും ഇതില്‍ ചിലര്‍ ആരോപിച്ചിരുന്നു. അതേസമയം ഓപ്പന്‍ എ.ഐ (Open AI) എന്ന ചാറ്റ് ജി.പി.ടി തിരഞ്ഞെടുപ്പിന് ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഭാരതത്തിലെ 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ വൈദേശിക ഇടപെടല്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇസ്രേലി കമേഴ്‌സ്യല്‍ സ്ഥാപനത്തിന് ഇതിനായി വലിയ തുക കൊടുത്തതായി പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഈ ഭാരിച്ച ഫണ്ടിങ്ങ് നടത്തിയത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണെന്ന് റിപ്പബ്ലിക് ടി.വി. വെളിപ്പെടുത്തുകയുമുണ്ടായി.
ജനാധിപത്യ ധ്വംസനമെന്ന മിഥ്യാരോപണം
അമേരിക്കയുടെ വിശ്വാസം അമേരിക്കയാണ് ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നും അമേരിക്കന്‍ മോഡല്‍ മാത്രമാണ് യഥാര്‍ത്ഥ ജനാധിപത്യവ്യവസ്ഥ എന്നുമാണ്. മറ്റൊന്നും തന്നെ ജനാധിപത്യവ്യവസ്ഥകളായി അവര്‍ അംഗീകരിക്കുന്നില്ല. അമേരിക്കന്‍ ജനാധിപത്യ മാതൃകയോടൊപ്പം അമേരിക്കന്‍ മൂല്യങ്ങളും മറ്റ് രാജ്യങ്ങള്‍ അതേപടി സ്വീകരിക്കണമെന്നതാണ് അവരുടെ നിര്‍ബ്ബന്ധം. രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ അമേരിക്കന്‍ സുഹൃത്തുകളും ഭാരതത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും കുറിച്ച് നടത്തിയ അടിസ്ഥാനരഹിതമായ പരാതികള്‍ പാശ്ചാത്യമീഡിയ ഏറ്റെടുത്തിട്ടുള്ളത് വ്യക്തമായ അജണ്ടയുടെ ഭാഗമാണ്. നരേന്ദ്രമോദി ഗവണ്‍മ്മെന്റിനെ താഴെയിറക്കി, ഇന്‍ഡി മുന്നണിയെ ഒരു പാവ സര്‍ക്കാരായി വാഴിച്ച് അമേരിക്കന്‍ താല്പര്യങ്ങള്‍ നടപ്പാക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. ചൈനയെ പ്രതിരോധിക്കാന്‍ ഭാരതത്തെ താവളമാക്കുക എന്നത് അമേരിക്കയുടെ എന്നത്തെയും ആഗ്രഹമാണ്.
ഏഷ്യയില്‍ ചൈനയുടെ സാമ്പത്തിക-സൈനിക വളര്‍ച്ചയില്‍ അസൂയയും ആശങ്കയുമുള്ള അമേരിക്ക 2000ല്‍ ബില്‍ക്ലിന്റന്റെ ഭാരതസന്ദര്‍ശനം മുതല്‍ ചൈനയ്‌ക്കെതിരായ ശാക്തികചേരിയില്‍ ഭാരതത്തെ പങ്കാളിയാക്കാനും, ഭാരതത്തിലൊരു താവളമൊരുക്കാനും പ്രത്യേക നയത്തിന് രൂപം കൊടുത്തിരുന്നു. എന്നാല്‍ വാജ്‌പേയി സര്‍ക്കാര്‍ ഈ കെണിയില്‍ വീഴില്ലെന്ന് വ്യക്തമായപ്പോള്‍ പല കാര്യങ്ങളിലും എതിര്‍പ്പും, പൊഖ്‌റാനിലെ ആണവ പരീക്ഷണത്തെ തുടര്‍ന്ന് സാമ്പത്തിക ഉപരോധവും ഏര്‍പ്പെടുത്തുകയാണുണ്ടായത്. വളരെ ജനപ്രീതിനേടിയിരുന്ന വാജ്‌പേയി സര്‍ക്കാരിനെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ അമേരിക്ക സി.ഐ.എയെ ഉപയോഗിച്ച് തിരഞ്ഞെടുപ്പിന് സ്വാധീനിച്ചു എന്ന് അക്കാലത്തു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ നരേന്ദ്രമോദി ഗവണ്‍മ്മെന്റിനെ താഴെയിറക്കാനും അമേരിക്കയെ പ്രേരിപ്പിക്കുന്നത് ഭാരതം സ്വതന്ത്രമായ നിലപാടുകള്‍ എടുക്കുകയും പാശ്ചാത്യശക്തികളുടെ ശാക്തിക ചേരിയില്‍ നിന്ന് വിട്ടു നിന്ന് ലോകരാജ്യങ്ങളുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നത് തന്നെയാണ്. ഇസ്രായേല്‍ – പാലസ്തീന്‍ യുദ്ധത്തിലും, റഷ്യ-യുക്രൈന്‍ യുദ്ധത്തിലും ഭാരതം സ്വീകരിച്ച സ്വതന്ത്രവും നിഷ്പക്ഷവുമായ നിലപാടും യുദ്ധക്കെടുതി അനുഭവിച്ചവര്‍ക്ക് സഹായമെത്തിക്കുകയും ചെയ്തത് അമേരിക്കന്‍ ഭരണകൂടത്തിനും യൂറോപ്പിലെ നാറ്റോസഖ്യത്തിലെ ചില രാജ്യങ്ങള്‍ക്കും ഉള്‍ക്കാള്ളാന്‍ കഴിയുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനകം ഭാരതം സാമ്പത്തിക രംഗത്തും സൈനികരംഗത്തും, ശാസ്ത്രസാങ്കേതികരംഗത്തും, ബഹിരാകാശ ഗവേഷണരംഗത്തും കൈവരിച്ച അസൂയാവഹമായ നേട്ടങ്ങള്‍ അമേരിക്ക ആശങ്കയോടും അസൂയയോടും കൂടിയാണ് വിലയിരുത്തുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയിലൂടെയും സ്വാവലംബി ഭാരതിലൂടെയും ഭാരതം ഇറക്കുമതി കുറക്കുന്നതും കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതും അവരെ ആശങ്കപ്പെടുത്തുന്നുമുണ്ട്.
മെയ് മാസത്തില്‍ ഭാരതത്തിലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇംഗ്ലണ്ടിലെ ഡെയിലി എക്‌സ്പ്രസ്സിന്റെ അസിസ്റ്റന്റ് എഡിറ്ററായ സാം സ്റ്റീവന്‍സന്‍, യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലുടനീളവും പത്രങ്ങള്‍ ഭാരതത്തെ കുറിച്ച് തെറ്റിദ്ധാരണാജനകമായ നെഗറ്റീവ് വാര്‍ത്തകളാണ് നല്‍കുന്നതെന്നും അതു തികച്ചും ലജ്ജാകരമായ പ്രവണതയാണെന്നും തുറന്നു പറഞ്ഞിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ നരേന്ദ്രമോദിയെ മുസ്ലിം വിരുദ്ധനായാണ് പ്രചരിപ്പിക്കുന്നതെന്ന് സാം സ്റ്റീവന്‍സന്‍ വെളിപ്പെടുത്തി. അതേസമയം അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകനായ ഇയാന്‍ ബ്രമ്മര്‍ എന്‍.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പാണ് ഭാരതത്തില്‍ നടക്കുന്നതെന്ന് വ്യക്തമാക്കുകയുണ്ടായി. നേരത്തെ സാംസ്റ്റീവന്‍സണും ഭാരതത്തിലെ വിപുലവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ അഭിനന്ദിച്ചുകൊണ്ട് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.
ഭാരതത്തിലെ തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രചരണത്തിന് റഷ്യന്‍ പ്രസിഡന്റിന്റെ പ്രതികരണം വളരെ ശ്രദ്ധേയമായിരുന്നു. ഭാരതത്തിലെ ജനാധിപത്യവ്യവസ്ഥയെ പുകഴ്ത്തുന്നതോടൊപ്പം അമേരിക്ക ഭാരതത്തിലെ തിരഞ്ഞെടുപ്പില്‍ അന്യായമായി ഇടപെടുന്നു എന്ന ആരോപണവും പുട്ടിന്‍ ഉന്നയിച്ചത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയായി. ഇതിന്റെ പ്രതികരണമായി ഭാരതത്തിലെ അമേരിക്കന്‍ അമ്പാസഡര്‍ 24 മണിക്കൂറിനകം പത്രസമ്മേളനം നടത്തി നേരത്തെ പാകിസ്ഥാനെ സഹായിച്ച അമേരിക്കന്‍ നയം തെറ്റായിപ്പോയി എന്ന് ക്ഷമാപണ രൂപേണ പ്രസ്താവിച്ചത് പുട്ടിന്റെ ആരോപണത്തില്‍ നിന്ന് താല്‍ക്കാലികമായി തലയൂരാനുള്ള തന്ത്രം മാത്രമായിരുന്നു.
അമേരിക്കയുടെ ഇരട്ടത്താപ്പ്
ഇന്ത്യ, റഷ്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളെ ”സെനഫോബിക്കുകള്‍” (രാഷ്ട്രഭ്രാന്തന്മാര്‍) എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ അടുത്ത കാലത്ത് വിശേഷിപ്പിച്ചത്. ഇത് തികച്ചും ദുരുദ്ദേശപരമായിരുന്നു. രോഹിഗ്യന്‍ അഭയാര്‍ത്ഥികളടക്കമുള്ള അഭയാര്‍ത്ഥികളെ ഈ രാജ്യങ്ങള്‍ സ്വീകരിക്കുന്നില്ല എന്നതാണ് ഇതിനു പ്രധാനകാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എന്നാല്‍ ഒരൊറ്റ അഭയാര്‍ത്ഥിയെപ്പോലും സ്വീകരിക്കില്ല എന്ന് പ്രഖ്യാപിച്ച പോളണ്ടിനെ ഇക്കൂട്ടത്തില്‍പെടുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. അതേസമയം അഭയാര്‍ത്ഥികളെ സ്വീകരിച്ചതിനെ തുടര്‍ന്ന് വലിയതോതില്‍ വംശീയ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളുടെ അവസ്ഥ പരിതാപകരമാണ്. യു.കെയും കുടിയേറ്റക്കാരെക്കൊണ്ട് വലിയ വംശീയഭീഷണികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്.
ഇവിടെയാണ് അമേരിക്കയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്തുവരുന്നത്. അമേരിക്കയില്‍ മുസ്ലിം കുടിയേറ്റക്കാരെ അനുവദിക്കുന്നില്ല. മാത്രവുമല്ല, പാസ്‌പോര്‍ട്ടും വിസയും ഉപയോഗിച്ച് അമേരിക്ക സന്ദര്‍ശിക്കുന്ന മുസ്ലിം നാമധാരികളെ പലവിധത്തിലുള്ള പരിശോധനകള്‍ക്കും വിധേയമാക്കി അപമാനിക്കുക കൂടി ചെയ്യുന്നുണ്ട്. ഭാരതത്തിലെ മുന്‍ രാഷ്ട്രപതി ഡോക്ടര്‍ അബ്ദുല്‍ കലാമിനു പോലും അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വളരെ അപമാനകരമായ അനുഭവമുണ്ടായതാണ്. അദ്ദേഹത്തിന് ദേഹപരിശോധന വരെ നടത്തുകയുണ്ടായി. അടുത്തകാലത്തു തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമലാഹാസന്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ എയര്‍പോര്‍ട്ടിലിറങ്ങിയപ്പോഴും ഹസന്‍ എന്നത് മുസ്ലിം നാമധേയമെന്ന് ധരിച്ച് വളരെ മോശമായ തരത്തില്‍ പരിശോധന നടത്തിയതായി മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരത്തില്‍ നിലപാടെടുക്കുന്ന രാജ്യത്തിന് മനുഷ്യാവകാശത്തിന്റെ പേരില്‍ ഭാരതത്തെ വിമര്‍ശിക്കാന്‍ എന്തര്‍ഹതയാണുള്ളത്.
പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്റര്‍ നിയമവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാമിയാ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് നടപടി എടുത്തതിന്റെ പശ്ചാത്തലത്തില്‍ 2019 ഡിസംബര്‍ 15 മുതല്‍ 2020 മാര്‍ച്ച് 24 വരെ ഷഹീന്‍ ബാഗില്‍ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ സംഘടിച്ചെത്തി നടത്തിയ സമരത്തിന് അമേരിക്കയിലെ ചില സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരുന്നു. സമരത്തെ നിയന്ത്രിച്ചിരുന്ന പോപ്പുലര്‍ഫ്രണ്ടിന്റെ അക്കൗണ്ടിലേയ്ക്ക് 120കോടി രൂപ കിട്ടിയിരുന്നു. ഈ ഫണ്ടിങ്ങുകള്‍ വഴിയാണ് വാള്‍സ്റ്റീറ്റ് ജേണല്‍, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ബി.ബി.സി തുടങ്ങിയ അന്താരാഷ്ട്രമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരണവും അന്താരാഷ്ട്ര പിന്തുണയും ലഭ്യമാക്കിയത്. അതേസമയം പാലസ്തീനിന് അനുഭാവം പ്രകടിപ്പിച്ച് 30 ഓളം അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ മൃഗീയമായി അടിച്ചമര്‍ത്താനാണ് അമേരിക്കന്‍ ഭരണകൂടം ശ്രമിച്ചത്. വിദ്യാര്‍ത്ഥികളെ അറസ്റ്റു ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അമേരിക്കക്കാരല്ലാത്ത വിദ്യാര്‍ത്ഥികളുടെ വിസ റദ്ദ് ചെയ്തു നാടുകടത്തുകയുമായിരുന്നു. ഭാരതത്തിലെ വിദ്യാര്‍ത്ഥി സമരത്തെ സര്‍വ്വാത്മനാ പിന്തുണച്ച പാശ്ചാത്യ മാധ്യമങ്ങളെല്ലാം ഈ സമരത്തെ തള്ളിപ്പറയുകയും ചെയ്തു. ഇത് അമേരിക്കന്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടെയും ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന സംഭവമാണ്.
അമേരിക്കന്‍ ഗവണ്‍മ്മെന്റും മുഖ്യാധാരാ മാധ്യമങ്ങളും എതിര്‍ത്തിരുന്ന പാലസ്തീന്‍ പിന്തുണ സമരക്കാര്‍ക്ക് ”സ്വതന്ത്രസോണുകള്‍” കാമ്പസ്സുകളില്‍ സൃഷ്ടിച്ച് പ്രതിഷേധിക്കാന്‍ സാമ്പത്തിക സഹായം എത്തിച്ചത് ജോര്‍ജ്ജ് സോറോസ്സിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍, റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ്ഫണ്ട്, പ്രെറ്റ് മാന്‍ഗര്‍ എന്ന കോര്‍പ്പറേറ്റ് ഭീമന്‍ തുടങ്ങിയ പല സംഘടനകളുമാണ്. ഇവരില്‍ പലരുമാണ് ഭാരതവിരുദ്ധ പ്രചരണത്തിനും സമരങ്ങള്‍ക്കും, ആഖ്യാനങ്ങള്‍ക്കുമെല്ലാം വലിയ സാമ്പത്തിക സഹായം നല്‍കുന്നത്.
അമേരിക്ക ബഹിരാകാശ പദ്ധതികളില്‍ ഇടപെട്ടു
ഭാരതം സാമ്പത്തികമായി ശക്തിയാര്‍ജിക്കുമ്പോഴും ശാസ്ത്ര-സാങ്കേതിക നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും അമേരിക്കയുടെ പ്രതികരണം അസഹിഷ്ണുതയോടും അവിശ്വാസത്തോടെയുമായിരുന്നു. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പൊഖ്‌റാനില്‍ ആണവവിസ്‌ഫോടനം നടത്തിയപ്പോള്‍ അമേരിക്ക സാമ്പത്തിക ഉപരോധമാണ് നടപ്പാക്കിയത്. പില്‍ക്കാലത്ത് ഭാരതത്തിന്റെ സ്വാശ്രയ വികസനത്തിന് അത് സഹായകരമായി മാറുകയാണുണ്ടായത്. റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നതും അമേരിക്ക എതിര്‍ത്തിരുന്നു. റഷ്യ ഭാരതത്തിന് ക്രയോജനിക് എഞ്ചിന്‍ നല്‍കാനായി ഒപ്പിട്ട കരാര്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ ഉപേക്ഷിക്കേണ്ടിവന്നു. 1991ല്‍ ഐ.എസ്.ആര്‍.ഒയ്ക്ക് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഗ്ലാവ്‌കോസ്‌മോസ്സുമായി (Glavkosmos) ക്രയോജനിക് എഞ്ചിന്‍ കൈമാറ്റക്കരാര്‍ ഒപ്പിട്ടിരുന്നു. അമേരിക്ക ഇതിനെ എതിര്‍ക്കുമെന്ന സംശയത്താല്‍ ഗ്ലാവ്‌കോസ്‌മോസ് ക്രയോജനിക്ക് എഞ്ചിന്‍ നിര്‍മ്മാണം കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനത്തിന് ഔട്ട്‌സോഴ്‌സ് ചെയ്യാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
എന്നാല്‍ 1992ല്‍ ഈ പദ്ധതി മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ രജീമിന്റെ (MTCR) ലംഘനമാണെന്ന് ആരോപിച്ച് ഐ.എസ്.ആര്‍.ഒക്കും ഗ്ലാവ്‌കോസ്‌മോസിനും അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഭാരതത്തിന്റെയും റഷ്യയുടേയും ബഹിരാകാശ പദ്ധതികളെ തുരങ്കംവെയ്ക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇത് എന്നത് വ്യക്തമാണ്. പിന്നീട് 1994ല്‍ ഭാരത-റഷ്യാകരാറിന്റെ ഭാഗമായി മൂന്ന് പൂര്‍ണ്ണമായി അസമ്പിള്‍ ചെയ്ത KVD1 എഞ്ചിനുകള്‍ ഭാരതത്തിലേക്ക് തന്ത്രപൂര്‍വ്വം കടത്തിയതിന്റെ പ്രതികാരമായാണ് സി.ഐ.എ വഴി ചാരക്കേസ്സ് സൃഷ്ടിച്ചതും ക്രയോജനിക്ക് എഞ്ചിന്‍ വികസനവുമായി ബന്ധപ്പെട്ട നമ്പിനാരായണന്‍, ശശികുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നതും. മാലിദ്വീപ് സ്വദേശിയായ മറിയം റഷീദയേയും ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. നമ്പിനാരായണനെ സി.ഐ.എ. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരമാവധി ദ്രോഹിച്ചതായി സി.ജെ. രാജശേഖരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.1 1997ല്‍ ഭാരതത്തിന്റെ ക്രയോജനിക് എഞ്ചിന്‍ സ്വപ്നത്തെ അട്ടിമറിച്ച വൈദേശിക ഇടപെടുലകളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായപ്പോള്‍, സതീഷ്ധവാന്‍, യു.ആര്‍.റാവു, യശ്പാല്‍, രോധം നരസിംഹ, കെ.ചന്ദ്രശേഖര്‍ തുടങ്ങിയ ശാ സ്ത്രജ്ഞരും, മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ടി.എന്‍.ശേഷനും ചേര്‍ന്ന്, നമ്പിനാരായണനും ശശികുമാരനും എതിരായി ഫയല്‍ ചെയ്ത ഔദ്യോഗിക രഹസ്യ കൈമാറ്റകേസ് കെട്ടിച്ചമച്ചതാണെന്നും, അവരെ കുറ്റവിമുക്തരാക്കണമെന്നും സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും ഐ.ബി. അവരെ പരമാവധി ദ്രോഹിക്കുകയാണുണ്ടായത്. പിന്നീട് വളരെ വര്‍ഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് അവര്‍ കുറ്റവിമുക്തരായത്. ഭാരതത്തിന്റെ ബഹിരാകാശപദ്ധതികള്‍ കാല്‍നൂറ്റാണ്ടോളം വൈകിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞു. അതിന് അന്നത്തെ ഭാരതത്തിലെ ഭരണാധികാരികള്‍ കൂട്ടുനില്‍ക്കാനുണ്ടായ കാര ണം അജ്ഞാതമാണ്.
കോവിഡു മരണം പെരുപ്പിച്ചു കാണിച്ചു
കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ നിര്‍മ്മിച്ച വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതോടൊപ്പം നിരവധി രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ സൗജന്യമായും അല്ലാതെയും നല്കി ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ മുന്നില്‍ നിന്ന് പൊരുതുകയായിരുന്നു ഭാരതം. നൂറ്റമ്പതോളം രാജ്യങ്ങള്‍ക്ക് ഭാരതം വാക്‌സിന്‍ എത്തിച്ചു നല്‍കിയിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ജനുവരി 2020 മുതല്‍ 2021 ഡിസംബര്‍ അവസാനം വരെ കോവിഡ് മൂലം ഭാരതത്തില്‍ മരണമടഞ്ഞത് 5.2 ലക്ഷം പേരാണ്. എന്നാല്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡവലപ്പ്‌മെന്റ് എന്ന വൈചാരികഗ്രൂപ്പ് 47.1 ലക്ഷം പേര്‍ ഭാരതത്തില്‍ കോവിഡു മൂലം മൃതിയടഞ്ഞതായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്2 പിന്നീട് ലോകാരോഗ്യസംഘടനയും (WHO) ഏറ്റെടുത്തു. അമേരിക്കയിലെ വാക്‌സിന്‍ കമ്പനിയെ വ്യാവസായികാടിസ്ഥാനത്തില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സമ്മതിക്കാതിരുന്നതിനുള്ള വൈരാഗ്യത്തോടൊപ്പം; യുപിയിലെ ജനസംഖ്യ മാത്രമുള്ള ഏറ്റവും സമ്പന്നവും വികസിതരാജ്യവുമായ അമേരിക്കയില്‍ 45 ലക്ഷത്തോളം പേര്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചതിന്റെ നാണക്കേട് മാറ്റാനുള്ള തന്ത്രം കൂടിയായിരുന്നു ഇത്. ഇന്ത്യയിലെ യഥാര്‍ത്ഥ മരണ നിരക്ക് 10 മടങ്ങ് കൂടുതലായിരുന്നുവെന്ന് ബി.ബി.സിയും പാശ്ചാത്യമാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
ശാസ്ത്ര – സാങ്കേതിക മേഖലകളിലെ കുതിച്ചു ചാട്ടത്തില്‍ അസ്വസ്ഥത
ഭാരതം അടുത്ത കാലത്ത് ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ നേടിയ അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ അമേരിക്കയ്ക്ക് അസ്വസ്ഥതയും അസൂയയും സൃഷ്ടിച്ചത് സ്വാഭാവികമാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായവ ബഹിരാകാശമേഖലയിലും രാജ്യരക്ഷാ ഉല്പന്നങ്ങളുടെ ഉല്പാദനത്തിലുമുണ്ടായ അസൂയാവഹമായ നേട്ടങ്ങളാണ്. ഭാരതത്തിന്റെ ചന്ദ്രയാന്‍ 2, 3 മിഷനുകളും, ആദിത്യമിഷനും ശേഷം ഗഗന്‍യാന്‍, ചന്ദ്രയാന്‍ 4, ശുക്രയാന്‍, മംഗള്‍യാന്‍ 2 തുടങ്ങിയവക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. അതോടൊപ്പം ഐ.എസ്.ആര്‍.ഒ. മറ്റ് രാജ്യങ്ങളുടെ സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകൊണ്ട് വലിയതോതില്‍ വിദേശനാണ്യവും നേടിത്തരുന്നുണ്ട്. 2023 ജൂലായ് 31 വരെ 34 രാജ്യങ്ങളുടെ 431 സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് 4000 കോടി രൂപയാണ് നേടിയത്. 2014നും 2023 ജൂലായ്ക്കും ഇടയ്ക്ക് മാത്രം 396 ഉപഗ്രഹങ്ങളും 70 ആഭ്യന്തര ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയുണ്ടായി.
ഡിഫന്‍സ് ഉല്പന്നങ്ങളുടെ കാര്യത്തിലും വലിയ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ ദശകത്തിനകത്ത് കൈവരിച്ചത്. ഇതും അമേരിക്കയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടേയും പിന്നീട് നടപ്പാക്കിയ ആത്മനിര്‍ഭര്‍ ഭാരതിന്റെയും ഭാഗമായി 70% ആഭ്യന്തര ഘടകങ്ങള്‍ ഉപയോഗിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ 928 തരം ഉല്പന്നങ്ങളുടെ ഇറക്കുമതി നിര്‍ത്തലാക്കുകയും ചെയ്തു. അഗ്നിമിസൈല്‍, ലൈറ്റ് കോംബാറ്റ് വിമാനങ്ങള്‍, ഐ.എന്‍.എസ്. വിക്രാന്ത് സീരിസിലുള്ള യുദ്ധക്കപ്പലുകള്‍ പുതിയ മുങ്ങിക്കപ്പലുകള്‍, പുതിയ തലമുറ പടക്കോപ്പുകള്‍, തോക്കുകള്‍ തുടങ്ങിയവയെല്ലാം ആഭ്യന്തരമായി ഉല്പാദിപ്പിക്കുകയും ഇവയില്‍ ചിലതെല്ലാം കയറ്റുമതി ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. നടപ്പുവര്‍ഷം 30,000 കോടി രൂപയാണ് ഡിഫന്‍സ് എക്‌സ്‌പോര്‍ട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ തുടങ്ങിയവയുടെ 80 ശതമാനവും ആഭ്യന്തരമായി അസംബിള്‍ ചെയ്യുകയോ ഇവിടെ ഉല്പാദിപ്പിക്കുകയോ ചെയ്യണമെന്ന നിബന്ധനയുമുണ്ട്. 2030 ഓടെ രാജ്യരക്ഷാ ഉല്പന്നങ്ങളുടെ കയറ്റുമതി 2 ലക്ഷം കോടിയായി ഉയര്‍ത്താനാണ് ഭാരതസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ള വിപണി കുറയ്ക്കുമെന്നതാണ് അവരുടെ എതിര്‍പ്പിനുള്ള മറ്റൊരു കാരണം. 2016നും 2020നും ഇടയ്ക്ക് ഭാരതത്തിന്റെ രാജ്യരക്ഷാ ഉല്പന്നങ്ങളുടെ ഇറക്കുമതി 33 ശതമാനം കുറഞ്ഞിട്ടുണ്ട്.
റഷ്യന്‍ ഓയില്‍ ഇറക്കുമതിയും രൂപയിലുള്ള വിനിമയവും
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡോയില്‍ ഇറക്കുമതി നിരോധിച്ചപ്പോള്‍, ഭാരതം കുറഞ്ഞ വിലക്ക് വലിയതോതില്‍ ഇറക്കുമതി ചെയ്തു റഷ്യയെ സഹായിച്ചത് പാശ്ചാത്യ ശക്തികളെ വിറളിപിടിപ്പിച്ചിരുന്നു. അതോടൊപ്പം ഡോളറിനെ മാറ്റി നിര്‍ത്തി രൂപയില്‍ ഇറക്കുമതി ചെയ്തത് അമേരിക്കയ്ക്ക് സഹിക്കാനാകുമായിരുന്നില്ല. റഷ്യന്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ച് യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തതുവഴി ഭാരതം വിദേശനാണ്യം നേടുകയും ചെയ്തു.
അടുത്തകാലത്ത് ഭാരതവുമായുള്ള വിദേശവ്യാപാരത്തിന് 18ല്‍ അധികം രാജ്യങ്ങള്‍ രൂപയെ ആധാരമാക്കിയതും അമേരിക്കക്കും പാശ്ചാത്യശക്തികള്‍ക്കും അപ്രിയമുണ്ടാക്കിയിട്ടുണ്ട്. ഭാരതവും ചൈനയുമെല്ലാം ഡോളറിനെ പിന്‍തള്ളുന്നത് ഡോളറിന്റെ അന്താരാഷ്ട്ര സ്വീകാര്യതക്കും മൂല്യത്തിനും ഭാവിയില്‍ ദോഷമുണ്ടാക്കുമെന്ന് അവര്‍ക്കറിയാം.
ഭാരതം ഒരു സാമ്പത്തിക സൂപ്പര്‍ പവറാകുമെന്ന ഭയം
പാശ്ചാത്യ രാജ്യങ്ങളില്‍ സാമ്പത്തിക മുരടിപ്പ് അനുഭവപ്പെട്ട കഴിഞ്ഞ ദശകത്തില്‍ ഭാരതം കൈവരിച്ച ത്വരിതസാമ്പത്തിക വളര്‍ച്ചയും വികസനവും അവര്‍ക്ക് അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. 2014ല്‍ ഔദ്യോഗിക ജി.ഡി.പിയുടെ അടിസ്ഥാനത്തില്‍ 10-ാം സ്ഥാനത്തായിരുന്ന ഭാരതം ഇപ്പോള്‍ 5-ാം സ്ഥാനത്തുനിന്ന് മൂന്നിലേക്കു കുതിപ്പിലാണ്. 2013-14ല്‍ 1.87ലക്ഷം ഡോളറായിരുന്ന ഭാരതത്തിന്റെ ദേശീയ വരുമാനം (ജി.ഡി.പി.) 2024ല്‍ 4 ലക്ഷം കോടിയിലെത്തിക്കഴിഞ്ഞു. പര്‍ച്ചേസിങ്ങ് പവര്‍ പാരിറ്റി (പി.പി.പി) അനുസരിച്ചുള്ള ജി.ഡി.പിയില്‍ ഒരു ദശകത്തിലധികമായി ഭാരതം മൂന്നാം സ്ഥാനത്തു തുടരുകയാണ്. 2040ന് മുന്‍പ് ഭാരതം 2-ാം സ്ഥാനത്തും 2050ന് മുമ്പ് ഒന്നാം സ്ഥാനത്തുമെത്തുമെന്നാണ് പ്രമുഖ ഏജന്‍സികളുടെ വിലയിരുത്തല്‍.
ഔദ്യോഗിക ജി.ഡി.പി. അനുസരിച്ച് 2025 ഓടെ ഭാരതം 4-ാം സ്ഥാനത്തും 2030 ഓടെ മൂന്നാം സ്ഥാനത്തും 2040ന് മുമ്പ് രണ്ടാം സ്ഥാനത്തുമെത്തുമെന്ന് ഈ മേഖലയില്‍ പഠനം നടത്തുന്ന പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രവചിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. 2050 ഓടെ ഭാരതം ലോകത്തെ ഏറ്റവും സമ്പന്നരാജ്യമാകുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പി.ഡബ്ല്യുസിയുടെ ദി വേള്‍ഡ് ഇന്‍ 2050 അനുസരിച്ച് 2050ല്‍ ഭാരതം ചൈനയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്തായിരിക്കും. ലോകബാങ്കിന്റെ റാങ്കിങ്ങും ഇതുപോലെതന്നെയാണ് 2050ല്‍ അമേരിക്കയുടെ ദേശീയ വരുമാനം 34.1 ലക്ഷം കോടി ഡോളറും ഭാരതത്തിന്റേത് 44.13 ലക്ഷം കോടി ഡോളറും ചൈനയുടേത് 58.50 ലക്ഷം കോടി ഡോളറുമായി ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. നിലവില്‍ അമേരിക്കയുടെ ദേശീയവരുമാനം ഭാരതത്തിന്റേതിനേക്കാള്‍ 7 മടങ്ങോളം അധികമാണെന്നത് ശ്രദ്ധേയമാണ്. ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ അസ്വസ്ഥതയ്ക്കുള്ള കാരണം തന്നെയാണ്.
ജോര്‍ജ് സോറസ്സിന്റെ ഭാരതവിരുദ്ധത
ജോര്‍ജ് സോറസ്സ് ഭാരതത്തിനെതിരായി നിരന്തരം വൈചാരിക-സാമ്പത്തിക യുദ്ധം നയിക്കുന്ന ആളാണ്. അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗുമായി ചേര്‍ന്ന് അദാനികമ്പനികളുടെ ഷെയറുകള്‍ ഷോര്‍ട്ട് സെല്ലിങ്ങിലൂടെ വിലയിടിക്കുകയും അദാനി അടക്കമുള്ള ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ഷെയറുകളെല്ലാം ഓവര്‍ വാല്യു ചെയ്തവയാണെന്നും ആരോപിച്ച് ഷെയര്‍മാര്‍ക്കറ്റില്‍ അസ്ഥിരതയും അവിശ്വാസവും സൃഷ്ടിച്ച് ഭാരതീയ കോര്‍പ്പറേറ്റ് മേഖലയെ തകര്‍ക്കാനുളള ഗൂഢാലോചനയാണ് നടത്തിയത്. വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി ഭാരതത്തിലേയ്ക്കുള്ള വമ്പിച്ചതോതിലുള്ള മൂലധന നിക്ഷേപത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുകയായിരുന്നു ഇവരുടെ യഥാര്‍ത്ഥ ലക്ഷ്യം. അതോടൊപ്പം ഭാരതത്തിലെ ജനാധിപത്യ വ്യവസ്ഥിതിയെയും ഭരണകൂടത്തേയുമെല്ലാം കിട്ടുന്ന അവസരങ്ങളില്‍ വളരെ നിശിതമായി വിമര്‍ശിക്കുന്നതും സോറസ്സിന്റെ സ്ഥിരം പരിപാടിയാണ്. അതേസമയം ഭാരതത്തെക്കുറിച്ചും പൊതുവെ ഭരണ സംവിധാനത്തെക്കുറിച്ചും കാര്യമായ ഒരു ധാരണയുമില്ലാത്ത വ്യക്തിയാണ് സോറസ്സ് എന്നാണ് സിഡ്‌നി സര്‍വ്വകലാശാലയിലെ പ്രമുഖ സോഷ്യോളജിസ്റ്റായ സാല്‍വറ്റോര്‍ പോബോണ്‍സ് തുറന്നടിച്ചത്. മണി കണ്‍ട്രോള്‍ മീഡിയ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് പോബോണ്‍സ്, ജോര്‍ജ് സോറസ്സിന്റെ അജ്ഞതയെകുറിച്ച് സംസാരിച്ചത്. മാത്രവുമല്ല ഭാരതത്തിലെ ചില ബുദ്ധിജീവികളും മറ്റുമാണ് സോറസ്സിനുവേണ്ട വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതെന്നും പോബോണ്‍സ് വ്യക്തമാക്കുകയുണ്ടായി. സോറസ്സില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന സന്നദ്ധസംഘങ്ങള്‍ (NGOs) ഗവേഷണസ്ഥാപനങ്ങള്‍, മീഡിയാസ്ഥാപനങ്ങള്‍ എന്നിവയുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കേണ്ടതായിട്ടുണ്ട്.
ഇതേവിധത്തില്‍ പാശ്ചാത്യ മീഡിയകളിലെ ഭാരതവിരുദ്ധ പ്രചാരണങ്ങള്‍ക്കും ആഖ്യാനങ്ങള്‍ക്കും ആവശ്യമായ വിവരങ്ങള്‍ യഥാസമയം ശേഖരിച്ചു നല്‍കുന്നത് പാശ്ചാത്യമീഡിയകളുമായി നല്ല അടുപ്പമുള്ള വ്യക്തികളും, സ്ഥാപനങ്ങളും തന്നെയാണെന്നും സാല്‍വറ്റോര്‍ പോബോണ്‍സ് ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണ്. ഇതില്‍ അര്‍ബന്‍ നക്‌സലൈറ്റുകള്‍, ജിഹാദിസംഘടനകള്‍, പാശ്ചാത്യ സ്ഥാപനങ്ങളില്‍ നിന്ന് ധനസഹായം കൈപ്പറ്റുന്ന മീഡിയ പ്രവര്‍ത്തകര്‍, അക്കാദമീഷ്യന്‍സ് തുടങ്ങിയവര്‍ക്കു പുറമെ, വിദേശസഹായികളും, മെന്റര്‍മാരുമുള്ള രാഹുല്‍ഗാന്ധിയെപ്പോലുള്ള ചില രാഷ്ട്രീയനേതാക്കളും ഉള്‍പ്പെടുന്നു. രാജീവ് മല്‍ഹോത്ര പ്രസിദ്ധീകരിച്ച ‘സ്റ്റെയ്ക്ക്‌സ് ഇന്‍ഡിഗംഗ: ബ്രേക്കിങ്ങ് ഇന്ത്യാ 2.’ എന്ന ഗ്രന്ഥത്തില്‍ പുലിറ്റ് സര്‍ സെന്റെറില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്ന 10 മീഡിയഗ്രൂപ്പുകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.3 ദി വയര്‍, ദി കാരവണ്‍, ദി നാഷനല്‍ ഹെറാള്‍ഡ്, തെഹല്‍ക്ക, സബ് രംഗ് (ഇത് ടീസാ സെതല്‍വാദിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും ഉടമസ്ഥതയിലുള്ളതാണ്) പി.എ.ആര്‍.ഐ. (PARI), ലൈവ്മിന്‍ട്. കോം, സുനോഇന്ത്യാ, ദി ഹിന്ദു, സ്‌ക്രോള്‍ ഇന്‍ എന്നീ സ്ഥാപനങ്ങളാണ് പുലിറ്റ്‌സര്‍ സെന്ററില്‍ നിന്ന് സാമ്പത്തിക സഹായം നേടുന്നവ. മറ്റ് പല ദേശീയ-പ്രാദേശിക മാധ്യമങ്ങളും വ്യത്യസ്ത വിദേശഫണ്ടുകള്‍ ലഭിക്കുന്നവയാണ്. ആയിരക്കണക്കിന് എന്‍.ജി.ഓകളും ഇതുപോലെ വിദേശസഹായം ലഭിക്കുന്നവയായിട്ടുണ്ട്. ഇവരെല്ലാം വ്യത്യസ്ത ഭാരതവിരുദ്ധ കൂട്ടായ്മകളുടെ നെറ്റ് വര്‍ക്കില്‍ ബന്ധിക്കപ്പെട്ടവയാണ്.
ഭാരതവിരുദ്ധത ഹിന്ദുഫോബിയയായിമാറി
ഇപ്പോള്‍ ഇന്ത്യാവിരുദ്ധത വര്‍ദ്ധിച്ച് ബോസ്റ്റണ്‍ ഹെറാള്‍ഡും ന്യൂയോര്‍ക്ക് ടൈംസും അടക്കമുള്ള പ്രധാന മീഡിയകള്‍ ഹിന്ദു ഫോബിയ ബാധിച്ചാണ് ഭാരതത്തെ വിമര്‍ശിക്കുന്നത്. രാജീവ് മല്‍ഹോത്രയുടെ പുസ്തകത്തില്‍ ഈ ഹിന്ദു ഫോബിയയുടെ പ്രഭവകേന്ദ്രം ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ കെന്നഡി സ്‌കൂളാണെന്ന് വിശദമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാണിച്ചിരുന്നു. ഈ വിഷയം മറ്റൊരു ലേഖനത്തില്‍ വിശദമായി പ്രതിപാദിക്കുന്നതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. ഒരു ചെറിയ വിഭാഗം ഭാരതവംശജരായ അക്കാദമിക് ആക്ടിവിസ്റ്റുകളും ആഫ്രോ അമേരിക്കന്‍ പ്രസ്ഥാനത്തിന്റെ ആക്ടിവിസ്റ്റുകളും ”ക്രിട്ടിക്കല്‍ കാസ്റ്റ്” തിയറിയ്ക്ക് രൂപം കൊടുത്ത്, ലോകത്തെടിവെയുമുള്ള റേഷ്യല്‍ ഡിസ്‌ക്രിമിനേഷന്റെ (Racial Discrimination)) മൂലകാരണം ഭാരതത്തിലെ ജാതിവ്യവസ്ഥയാണെന്ന് ശക്തിയുക്തം വാദിക്കുകയാണ്. ദളിതര്‍ക്കും മുസ്ലിങ്ങള്‍ക്കും നീതി ലഭിക്കണമെങ്കില്‍ ജാതിവ്യവസ്ഥ നിലനിര്‍ത്തുന്ന ഹിന്ദുമതത്തെ ഉന്മൂലനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുകയാണ്. ഈ ഹിന്ദുഫോബിയ വലിയതോതില്‍ മാധ്യമരംഗത്തേക്കും വളര്‍ന്നിട്ടുണ്ട്. 2019ല്‍ അമേരിക്കയിലെ നെയ്മാന്‍ ഫൗണ്ടേഷന്‍ ഫോര്‍ ജേര്‍ണലിസവും പുലിറ്റ്‌സര്‍ സെന്ററും ചേര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ശിര്‍ഷകം ‘””International Reporting Must Distinguish Hindu Nationalism from Hindutwa” എന്നായിരുന്നു. ഇത് ആഗോള റിപ്പോര്‍ട്ടിങ്ങിനുള്ള മാനദണ്ഡമായി അവര്‍ പ്രസിദ്ധീകരിച്ചത് മാധ്യമ റിപ്പോര്‍ട്ടുകളെ ഹിന്ദു ഫോബിയയിലൂടെ അവതരിപ്പിക്കാന്‍ പ്രേരിപ്പിയ്ക്കാനാണ്.
1973ല്‍ ജീന്‍ഷാര്‍പ്പിന്റെ 913 പേജുള്ള 3 വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ”പോളിറ്റിക്‌സ് ഓഫ് നോണ്‍ വയലന്റ് ആക്ഷന്‍” എന്ന പുസ്തകത്തിന്റെ രണ്ടാം വാല്യമായ മെത്തേഡ്‌സ് ഓഫ് നോണ്‍ വയലന്റ് ആക്ഷനില്‍ 198 അഹിംസാത്മകമായ സമരമുറകളെ അക്കമിട്ടു പറയുന്നുണ്ട്. ഇത് ഫലത്തില്‍ ഇപ്പോള്‍ പലപ്പോഴായി പലരൂപത്തില്‍ അരങ്ങേറുന്ന പ്രതിഷേധ സമരാഭാസങ്ങള്‍ക്കുള്ള ഒരു ടൂള്‍ക്കിറ്റായി മാറിയിരിക്കുന്നു. ഇതില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവിധ രീതിയിലുള്ള പ്രതിഷേധ സമരങ്ങള്‍, സ്‌ട്രൈക്കുകള്‍, കര്‍ഷകരെയും വിവിധ തൊഴിലാളികളെയും മറ്റും ഉപയോഗിച്ചുള്ള സമരമാര്‍ഗ്ഗങ്ങള്‍. വിവിധതരത്തിലുള്ള നിസ്സഹകരണ സമരങ്ങള്‍, നിയമസഭ, സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയവയെ ബോയ്‌ക്കോട്ട് ചെയ്യല്‍, അഹിംസാത്മകമായ ഭീഷണികള്‍, കുത്തിയിരുപ്പ് -നില്പുസമരങ്ങള്‍, വിവിധ തലങ്ങളിലുള്ള സാമൂഹ്യ – സാമ്പത്തിക രാഷ്ട്രീയ ഇടപെടലുകള്‍, ബദല്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ (ഉദാ: ഹലാല്‍) ജയില്‍ നിറക്കല്‍, നിയമനിഷേധം, അന്താരാഷ്ട്ര സമ്മര്‍ദ്ദതന്ത്രങ്ങള്‍, പാരലല്‍ സര്‍ക്കാരുകളും വ്യവസ്ഥകളും സൃഷ്ടിച്ച് അരാജകത്വം സൃഷ്ടിക്കല്‍ എന്നിവയും ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു ദശകത്തെ വിവിധ പ്രദേശങ്ങളിലും വിഷയങ്ങളിലും നടന്ന സമരങ്ങളെല്ലാം ഈ ടൂള്‍ക്കിറ്റുകള്‍ ഉപയോഗിച്ചുള്ളവയായിരുന്നുവെന്ന് ഏറെക്കുറെ വ്യക്തമാണ്.
ചുരുക്കത്തില്‍ ഭാരതത്തിനെതിരായ പാശ്ചാത്യ ഗൂഢാലോചനകള്‍ക്ക് നിരവധി തലങ്ങളും നിരവധി പങ്കാളികളുമുണ്ട് എന്നുകാണാം. വളരെ സങ്കീര്‍ണ്ണവും ബൃഹത്തുമായ ഒരു പ്രക്രിയയായി ഇത് മാറിയിരിക്കുന്നു. ഇവയ്ക്കുള്ള കാരണങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടവയാണ്. ഭാരതത്തിന്റെ സാമ്പത്തിക വികസനവും ഭാവിയില്‍ അമേരിക്കയെക്കാള്‍ വലിയ സാമ്പത്തികശക്തിയായി മാറുമെന്ന ഭീഷണിയോടൊപ്പം, ശാസ്ത്ര-സാങ്കേതിക രംഗത്തും, ബഹിരാകാശരംഗത്തും, ഡിഫന്‍സ് ഉല്പന്നങ്ങളുടെ ഉല്പാദനരംഗത്തുമുള്ള അസൂയാവഹമായ വളര്‍ച്ചയും പാശ്ചാത്യരാജ്യങ്ങളെ ആശങ്കാകുലരും അസ്വസ്ഥരുമാക്കിയത് സ്വാഭാവികമാണ്. എന്നാല്‍ ഈ ഭാരതവിരുദ്ധ ആഖ്യാനങ്ങളെയും പ്രചരണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വളരെ ആസൂത്രിതവും സമഗ്രവും സംയോജിതവുമായ മാസ്റ്റര്‍ പ്ലാനിന് അടിയന്തരമായി രൂപം കൊടുക്കേണ്ടതുണ്ട്.
റഫറന്‍സുകള്‍
1.J.Rajasekharan Nair, Spies from Space: The ISRO Frame up (1999) Konark Publishers. (Google Books)
2.Abhishek Anand, Justin Sandefur, and Arzaind Subramanian “Three New Estimated of India’s All – cause Excess Mortality During the COVID-19 Pandemic” Working paper No.589, July 2021, Centre for Global Development, www.egdece.org.
3.Rajiv Malhotra and Vijaya Viswanathan (2022) Snakes in the Ganga: Breaking India 2.0, Blue one Ink LLP Noida. P431.
4.Kalpana Jain, International Reporting Must Distinguish Hindu Nationalism from Hinduism, Dce 3, 2019. http; //niceman reports.org/articles/international-reporting-Also quoted by Malhotra. P 416.
5. സോറോസ്സിന്റെ ഭാരതവിരുദ്ധത വ്യക്തമാക്കുന്ന ഒരു പ്രസിദ്ധീകരണം. George soros, Frightening Setback in India, Democratically Elected Modi Creating Hindu State, 24, January 2020. http://the print/353960.