വിജയദശമി വിജയത്തിന്റെ ഉത്സവമാണ്. ആസുരികതയുടെ മേല്‍ ദൈവികത നേടിയ വിജയത്തിന്റെ ആഘോഷമാണത്. ധര്‍മ്മ സംരക്ഷണത്തിനായി ശക്തി സമ്പാദിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ വിജയദശമിയും. ഭാരതീയ മനസ്സുകളില്‍ ചേക്കേറിപ്പാര്‍ത്ത സ്വാര്‍ത്ഥതയുടെയും അടിമമനോഭാവത്തിന്റെയും ഭീരുത്വത്തിന്റെയും വേരുകള്‍ പിഴുതെറിയാന്‍ ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ 1925ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിച്ചതും ഈ വിജയദിനത്തിലാണ്. സംഘം രാഷ്ട്രത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങിയിട്ട് നൂറാം വര്‍ഷത്തിലേക്ക് കടക്കാന്‍ പോകുന്നു. സമാജത്തില്‍ നിന്ന് സ്വാര്‍ത്ഥത നിര്‍മ്മാര്‍ജ്ജനം ചെയ്യുക, ഏതൊരു വിപരീത സാഹചര്യത്തിലും പ്രതിസന്ധിയിലും ആദര്‍ശത്തെ കൈവിടാതെ ഈ രാഷ്ട്രത്തിന്റെ ഭാവി രചിക്കാന്‍ കഴിവും ഗുണവും ഉള്ളവരെ സൃഷ്ടിക്കുക, അവരിലൂടെ മറ്റുള്ളവരിലും പരിവര്‍ത്തനം വരുത്തുക, അങ്ങനെയുള്ളവരെ ഒരുമിച്ച് ചേര്‍ത്ത്, രാഷ്ട്രത്തെ വൈഭവശാലിയാക്കാന്‍ പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യം മുന്നില്‍ വച്ചുള്ള ഈ യാത്രയില്‍ നമ്മള്‍ പിന്നിട്ട ദൂരത്തിലേക്ക് കണ്ണോടിക്കേണ്ടതും ഒരു അനിവാര്യതയാണ്. കാരണം ഇന്നലെകളുടെ കല്ലും മുള്ളും നിറഞ്ഞ പാതകളെ താണ്ടി ഇന്നിന്റെ സ്വീകാര്യതയില്‍ എത്തിനില്‍ക്കുന്ന സംഘയാത്ര അനുപമമാണ്. അഖണ്ഡമാണ്, അനിവരതമാണ്.
അനുപമ യാത്ര
കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടുകളായി ഭാരതീയ സമാജത്തില്‍ സദ്ഭാവന, ഏകാത്മത, സദാചരണം, സദ് വ്യവഹാരം ഇവ സൃഷ്ടിക്കുവാനും അച്ചടക്കത്തോടുകൂടി ഈ നാടിനായി ജീവിക്കുവാന്‍ തയ്യാറുള്ളവരെ നിര്‍മ്മിക്കുന്നതിനുമായി നടത്തിവരുന്ന സംഘപ്രവര്‍ത്തനം മറ്റൊന്നിനോടും ഉപമിക്കുവാന്‍ സാധ്യമല്ലാത്തതാണ്. കാരണം, ഈ രാഷ്ട്രത്തിന്റെ പ്രോജ്ജ്വലമായ ഭൂതകാലത്തെയും, നിലവിലുണ്ടായിരുന്ന ദുഃഖകരമായ വര്‍ത്തമാനകാലത്തെയും, വരേണ്ടിയിരിക്കുന്ന സമുജ്ജ്വലമായ ഭാവികാലത്തെയും കുറിച്ച് തന്റെ നീണ്ടകാലത്തെ സമാജ സേവനത്തിന്റെ അനുഭവങ്ങളും ദേശസ്‌നേഹത്തിന്റെ കരുത്തും നിസ്വാര്‍ത്ഥമായ മനസ്സും വാത്സല്യമാര്‍ന്ന ഹൃദയവും കൊണ്ട് ചിന്തിക്കുകയും പഠിക്കുകയും ചെയ്തതിന് ശേഷമാണ് സംഘസ്ഥാപകന്‍ സംഘത്തിന് ബീജാവാപം കൊടുത്തത്. സ്വയംസമര്‍പ്പിതമായ തന്റെ ജീവിതം മാതൃകയായി മുന്നില്‍ വച്ചുകൊണ്ട് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ തെളിച്ച വഴിയിലൂടെ കഴിഞ്ഞ ഒരു ശതകമായി തെല്ലും പതറാതെ, കാലിടറാതെ, ദിശതെറ്റാതെ അദ്ദേഹത്തിന് പിന്നാലെ നടന്നുവന്ന ലക്ഷോപലക്ഷം പിന്തുടര്‍ച്ചക്കാര്‍ ഈ നാടിനുവേണ്ടി ജീവിക്കുന്നതിനും മരിച്ചതിനും കാലം സാക്ഷിയാണ്. സമൂഹത്തിലെ സംഘടനയ്ക്കും, സമൂഹത്തിന്റെ സംഘടനയ്ക്കും അപ്പുറം സമൂഹത്തെ സംഘടിതമാക്കുന്നതിന് ഒരു സംഘടന എന്ന ചിന്ത തന്നെ പുതുമയാര്‍ന്നതായിരുന്നു. അധികാര വടംവലികള്‍ നടത്തുന്ന നേതാക്കളില്‍ നിന്നും, സ്വാര്‍ത്ഥലാഭം ലക്ഷ്യമാക്കി വരുന്ന അണികളില്‍ നിന്നും വ്യത്യസ്തമായി മാന്യ ദത്തോപന്ത് ഠേംഗിഡ്ജി പറഞ്ഞത് പോലുള്ള, സ്വന്തം സ്ഥാനമാനങ്ങളെക്കുറിച്ച് വേവലാതിപ്പെടാത്ത കാര്യകര്‍ത്താക്കളും സുഖഭോഗങ്ങള്‍ കാംക്ഷിക്കാത്ത പ്രവര്‍ത്തകരും ചേര്‍ന്ന് സംഘലക്ഷ്യത്തിലേക്ക് ക്ഷമാപൂര്‍വ്വം, സാവധാനത്തില്‍ നടന്നടുക്കുന്നത് സാകൂതം വീക്ഷിച്ച് അത്ഭുതം കൂറിയവര്‍ അനവധിയാണ്. ചിരാതില്‍ നിന്ന് ചിരാതിലേക്ക് ദീപനാളം തെളിയിക്കുന്നത് പോലെ ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ദേശസ്‌നേഹത്തിന്റെ, സംസ്‌കാരത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്ന കാഴ്ചയും പുതുമയായി തന്നെ നിലകൊള്ളുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ പഠിപ്പിക്കുന്നത് എങ്ങനെയാണെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതും മരിക്കുന്നതും എങ്ങനെയാണെന്നും സംഘം അതിന്റെ പ്രവര്‍ത്തന നാള്‍വഴികളിലൂടെ സമാജത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഹിന്ദുസമാജവും രാഷ്ട്രവും നേരിട്ട എല്ലാ വെല്ലുവിളികളും മുന്നില്‍ നിന്ന് ചെറുത്ത് വിജയിച്ചപ്പോഴും ഒരു വിജയത്തിന്റെയും മുന്നില്‍ തങ്ങളുടെ പേര് വരാതെ കാത്ത പ്രസിദ്ധിപരാങ്മുഖതയും പലരെയും അമ്പരപ്പിച്ചിരുന്നു. ഒരേ ദിശയില്‍, ഒരേപോലെ സഞ്ചരിച്ച്, ഒത്തൊരുമിച്ച് ലക്ഷ്യസ്ഥാനത്തില്‍ എത്തുന്ന രീതിയില്‍ ഹിന്ദുസമാജത്തെ ഒരുമിപ്പിക്കുവാനും, ആത്മവിശ്വാസപൂരിതമാക്കുവാനും സംഘത്തിന് സാധിക്കുന്നതും വേറിട്ടകാഴ്ചയായി. തികച്ചും നിസ്വാര്‍ത്ഥമായി സമാജകാര്യത്തിന് വേണ്ടി ദൈനംദിനം ഒത്തു കൂടുന്ന അനുശാസനാബദ്ധരായവരെ സൃഷ്ടിക്കുന്നതും അവര്‍ സ്വന്തം അധ്വാനത്തിന്റെ വിഹിതം യാതൊരു സങ്കോചവുമില്ലാതെ സമാജസേവയ്ക്കുവേണ്ടി ചിലവഴിക്കുന്നതും, കൃത്യതയ്ക്കും കൃത്യനിഷ്ഠയ്ക്കും പ്രാണനോളം പ്രാധാന്യം കൊടുക്കുന്നതുമൊക്കെ സംഘം വാര്‍ത്തെടുത്ത പുതുമകളായി നിലനില്‍ക്കുന്നു. ലക്ഷ്യത്തോളം തന്നെ പവിത്രമാകണം മാര്‍ഗമെന്നും, സ്വഭാവശുദ്ധിക്ക് സ്വജീവനോളം പ്രാമുഖ്യമുണ്ടെന്നും കാട്ടിത്തന്നതും സംഘമാണ്. സ്വന്തം വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ഒരു ചായ വാഗ്ദാനം ചെയ്യാന്‍ കഴിയാതിരുന്നത്ര ദാരിദ്ര്യത്തിലും തനിക്ക് പണം വാഗ്ദാനം ചെയ്ത ‘മണി മേക്കിംഗ് മിഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന മദന്‍ മോഹന്‍ മാളവ്യയോട്, ”പണമല്ല… നിങ്ങളെയാണ് ഞങ്ങള്‍ക്ക് വേണ്ടത്” എന്ന് പറഞ്ഞ കേശവന്റെ പിന്മുറക്കാര്‍ ഇന്നും നെഞ്ചോട് ചേര്‍ത്ത് കാ ത്തുസൂക്ഷിക്കുന്ന സ്വാവലംബത്വം സമാനതകളില്ലാത്തതാണ്. മൂല്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ തന്നെ, ധ്യേയത്തില്‍ അടിയുറച്ച് നിന്നുകൊണ്ട്, പുതുമയെ കൂട്ടിച്ചേര്‍ക്കാന്‍ മടിക്കാത്ത പ്രവര്‍ത്തനശൈലി സംഘത്തെ തലമുറകള്‍ക്കതീതമായി മുന്നോട്ട് നയിക്കുന്നു. എഴുതിയാല്‍ തീരാത്തത്രയും സവിശേഷതകളുമായി, താരതമ്യങ്ങള്‍ക്കതീതമായി സംഘഗംഗ അതിന്റെ പ്രയാണം തുടരുകയാണ്.
അനവരതമീ യാത്ര
സംഘഗംഗയുടെ പ്രയാണം ഒരിക്കലും സുഗമമായിരുന്നില്ല. ഇന്ന് സമാജത്തിന്റെ കേന്ദ്രബിന്ദുവായി സംഘം എത്തിനില്‍ക്കുന്നുവെങ്കില്‍ അതിനുപിന്നില്‍ നിശ്ചയിച്ച ലക്ഷ്യത്തില്‍ നിന്നും പിന്തിരിഞ്ഞോടാത്ത, ആദര്‍ശത്തെ ആത്മാവില്‍ ലയിപ്പിച്ച ഒത്തിരി സമര്‍പ്പിത ജീവിതങ്ങളുടെ ത്യാഗത്തിന്റേയും, ദൃഢനിശ്ചയത്തിന്റെയും, പോരാട്ടത്തിന്റെയും ഗാഥകളുണ്ട്. ഹിന്ദു സമാജത്തിന്റെ സംഘാടനവും രാഷ്ട്രത്തിന്റെ പരംവൈഭവവും ധ്യേയമാക്കി സംഘം മുന്നോട്ട് പോയപ്പോള്‍ അതില്‍ അസ്വസ്ഥരായവര്‍ക്കെല്ലാം സംഘം എതിരാളിയായി. ധര്‍മ്മസംരക്ഷണത്തിന് അവതാരമെടുത്തവര്‍ക്കെല്ലാം നേരിടേണ്ടി വന്നതുപോലെ സംഘത്തിനും എതിര്‍പ്പുകളും ആക്രമണങ്ങളും നേരിടേണ്ടി വന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തന്നെ തുടങ്ങിയ എതിര്‍പ്പുകള്‍ ഭാരത സ്വതന്ത്ര്യാനന്തരവും തുടര്‍ന്നുവന്നു. ഭാരതത്തിന്റെ ഉന്നമനവും ഹിന്ദുവിന്റെ ഏകതയും തടസ്സപ്പെടുത്താല്‍ ആഗ്രഹിച്ചവരെല്ലാം സംഘത്തെ വീഴ്ത്താന്‍ നിരവധി അരക്കില്ലങ്ങളും പത്മവ്യൂഹങ്ങളും തീര്‍ക്കുന്നതിനും കാലം സാക്ഷിയായി. ഗാന്ധിവധത്തിന്റെ ആരോപണമുന്നയിച്ചും, ഭരണഘടനയെ കാറ്റില്‍ പറത്തിക്കൊണ്ട് ഭാരതത്തിന് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കരിദിനങ്ങള്‍ സമ്മാനിച്ച അടിയന്തരാവസ്ഥ സമയത്തുമടക്കം നിരവധി തവണ സംഘത്തെ നിരോധിക്കുവാനും അവസാനിപ്പിക്കുവാനുമുള്ള പരിശ്രമങ്ങള്‍ നടന്നു. കുടുംബവാഴ്ചയുടെയും അധികാര ദുഷ്പ്രഭുത്വത്തിന്റെയും ഹുങ്കില്‍ നടത്തിയ അടിച്ചമര്‍ത്തലുകള്‍ക്കും, ആശയത്തെ തോല്‍പ്പിക്കാന്‍ ആയുധമെടുത്തിറങ്ങിയ മാര്‍ക്‌സിയന്‍ കാട്ടാളത്തത്തിനും, ദാറുല്‍ ഇസ്ലാമിനായി കച്ചകെട്ടിയ ജിഹാദി ഭീകരതയ്ക്കും, ഭാരതത്തിന്റെ വളര്‍ച്ചയില്‍ വിറളിപൂണ്ട വൈദേശിക രാജ്യങ്ങള്‍ക്കും, മതപരിവര്‍ത്തനത്തിന്റെ റൊട്ടിയും കുരിശുമായി വന്ന സുവിശേഷ ശക്തികള്‍ക്കും, ഭാരതമെന്ന വമ്പന്‍ വിപണി ലക്ഷ്യമാക്കി പറക്കുന്ന ആഗോള കുത്തക കഴുകന്മാര്‍ക്കും അടക്കം ഭാരതത്തെ ഉന്നമിട്ട സകലര്‍ക്കും വിലങ്ങുതടിയായി സംഘം നിലകൊണ്ടപ്പോള്‍, അവരൊത്ത് ചേര്‍ന്ന് പലവട്ടം സംഘത്തെ ആക്രമിക്കുന്നതിനും ഈ തൊണ്ണൂറാണ്ടുകള്‍ സാക്ഷ്യം വഹിച്ചു. എങ്കിലും ഇതിനിടയില്‍ ഒരിക്കല്‍പ്പോലും സംഘപ്രവര്‍ത്തനത്തിന്റെ നൈരന്തര്യത്തിന് വിഘാതം സൃഷ്ടിക്കുവാനോ, അതിനെ പരാജയപ്പെടുത്തുവാനോ ഇത്തരം ശക്തികള്‍ക്ക് സാധിക്കുകയുണ്ടായില്ല. നിരോധന സമയങ്ങളില്‍ പോലും കാര്യക്രമങ്ങളില്‍ ചെറിയ മാറ്റത്തോട് കൂടിയാണെങ്കിലും സംഘപ്രവര്‍ത്തനം അനവരതമായി തുടരുകയായിരുന്നു. ആറാമത്തെ തലമുറ സംഘപ്രവര്‍ത്തനത്തിലേക്ക് കാലുവയ്ക്കുമ്പോഴും എന്ത് ലക്ഷ്യത്തോടെയാണോ സംഘം പ്രവര്‍ത്തനം ആരംഭിച്ചത് ആ ലക്ഷ്യത്തില്‍ നിന്ന് തെല്ലും വിട്ടുവീഴ്ച ചെയ്യാതെ, നിത്യേന നിയമേന നടക്കുന്ന ശാഖയെന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ തയ്യാറാക്കിവരുന്ന വിവേകയുക്തരും കര്‍മ്മനിഷ്ഠരും യോഗ്യരും സമര്‍പ്പിതരുമായ കാര്യകര്‍ത്താക്കളെ നിരന്തരം ചേര്‍ത്തുകൊണ്ട് സംഘം പ്രവര്‍ത്തനത്തിന്റെ നൈരന്തര്യം കാത്തുസൂക്ഷിച്ചു പോരുന്നു. ഉത്തമമായ വീക്ഷണവും ഉദാത്തമായ ലക്ഷ്യവും ഉണ്ടായിരുന്ന നിരവധി പ്രസ്ഥാനങ്ങള്‍ അതിന്റെ സ്ഥാപകരുടെ മരണത്തോടെ നിലച്ചുപോയതിനും, തങ്ങളെന്തിനാണോ സ്ഥാപിതമായത് അതില്‍ നിന്നും ഉദരം നിമിത്തം വഴിമാറി സഞ്ചരിക്കുന്നതിനും നിരവധി ഉദാഹരണങ്ങള്‍ ഉള്ളിടത്ത് സംഘം അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് അണുവിട മാറാതെ, ഒരു വെല്ലുവിളികള്‍ക്ക് മുന്നിലും അടിയറ പറയാതെ, ‘സര്‍വേഷാം അവിരോധേന’ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട് നിലയ്ക്കാത്ത അതിന്റെ യാത്ര അനവരതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
അഖണ്ഡമീ യാത്ര
ഒരേ ആശയത്തിനും ലക്ഷ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന, തങ്ങള്‍ മുന്നോട്ട് വച്ചിരിക്കുന്ന ആശയം സമാജത്തിന് ഹിതകരമായാലും അല്ലെങ്കിലും അതിനായി സമര്‍പ്പിതരായവര്‍ ഒട്ടേറെയുള്ള നിരവധി പ്രസ്ഥാനങ്ങള്‍ ലോകത്തിന്റെ പല കോണിലായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരേ ഉദ്ദേശ്യ ലക്ഷ്യത്തിനായി ഒരുമിച്ച് യാത്ര തുടങ്ങിയ ഇവയില്‍ പലതും ഇന്ന് ചിതറിപ്പിരിഞ്ഞ് നിരവധി സംഘടനകളായി മാറി. സംഘം സ്ഥാപിതമായ 1925 ല്‍ തന്നെ കാണ്‍പൂരില്‍ സ്ഥാപിതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപി ഐ) വിഘടിച്ച് വിഘടിച്ച് ഇന്ന് 16 ല്‍ അധികം സംഘടനകളായി ഭാരതത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് കാണാം. ലോകം മുഴുവന്‍ ഇസ്ലാമികവത്കരിക്കാന്‍ ജിഹാദിനിറങ്ങിയ നിരവധി ഇസ്ലാമിക ഭീകര സംഘടനകള്‍ വഴിമധ്യേ തമ്മിലടിച്ച് പലതായി മാറിയതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഒരേ വിശ്വാസപ്രമാണങ്ങളുള്ള മതങ്ങളടക്കം നാലുവഴികളായി ചിതറിപ്പോയിരിക്കുന്നു. സദുദ്ദേശ്യപരവും സമാജഹിതത്തിനായി പ്രവര്‍ത്തനം ആരംഭിച്ചതുമായ നിരവധി പ്രസ്ഥാനങ്ങള്‍ ഇത്തരത്തില്‍ പല കഷണങ്ങളായി മാറിപ്പോയതിന്റെ ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഉണ്ട്. എന്നാല്‍ ശതാബ്ദിയിലെത്തുമ്പോഴും സംഘം അഖണ്ഡമായി തന്നെ തുടരുന്നു. ഒരേ ആശയത്തിനും ആദര്‍ശത്തിനും ലക്ഷ്യത്തിനും മാത്രം ഒരു സംഘടനയേയും പിളര്‍പ്പില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുകയില്ല എന്ന് പലതവണ കാലം തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സംഘത്തെ ഇതില്‍ നിന്ന് വ്യത്യസ്തമാക്കുന്ന സംഘടനാ സൂത്രം എന്താണ് എന്ന് ചിന്തിച്ചാല്‍ മനസ്സിലാവുക പൂജനീയ ഡോക്ടര്‍ജിയും ഗുരുജിയും തുടങ്ങി സംഘത്തിന്റെ കാര്യകര്‍ത്താക്കളെല്ലാം പറയുകയും ജീവിതത്തിലൂടെ കാണിച്ചു തരികയും ചെയ്ത ശുദ്ധവും സാത്വികവുമായ സ്‌നേഹമാണ് സംഘത്തിന്റെ അടിത്തറയും മന്ത്രവും എന്നതാണ്. നിര്‍ബന്ധിക്കാന്‍ സൗഹൃദമല്ലാതെ മറ്റൊന്നും നമ്മുടെ പക്കലില്ല എന്ന് പൂജനീയ സര്‍സംഘചാലക് മോഹന്‍ജിയും പറയുകയുണ്ടായി.
ഈ നൂറ് വര്‍ഷത്തെ യാത്രയില്‍ സംഘം അതിന്റെ കാര്യക്രമങ്ങളില്‍ കാലോചിതമായ നിരവധി മാറ്റങ്ങള്‍ വരുത്തുകയുണ്ടായതായി കാണാം. എന്നാല്‍ യാതൊരുവിധ സാങ്കേതികത്വത്തിനും വിട്ടുകൊടുക്കാതെ, യാതൊരു മാറ്റങ്ങള്‍ക്കും അടിപ്പെടാതെ, പുറമയുള്ള ഒരാള്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്ര അദൃശ്യവും എന്നാല്‍ ഏറെ ദൃഢവുമായി സംഘം കാത്തുസൂക്ഷിക്കുന്നത്; ശുദ്ധവും സാത്വികവുമായ സ്‌നേഹവും അതിലൂടെ ലഭ്യമാകുന്ന സമര്‍പ്പണഭാവവും സംവേദനശീലവും ഒക്കെ ചേര്‍ന്ന നൂലിനാലുള്ള പരസ്പര ബന്ധനമാണെന്ന് കാണാം. ആശ്രമജീവിതത്തെ പോലും ഉപേക്ഷിക്കാന്‍ ഗുരുജിയെന്ന പ്രേരിപ്പിച്ച ഡോക്ടര്‍ജിയുടെ സ്‌നേഹം, പഴയ വികൃതിക്കുട്ടിയായി ഇടയ്ക്ക് മാറാറുള്ള ദാദാജി പരമാര്‍ത്ഥിനെകൊണ്ട് കണ്ണീരാല്‍ കാല് നനയിച്ച ഗുരുജിയുടെ വാത്സല്യം തുടങ്ങി, ആര്‍ക്കുവേണ്ടിയും തുറന്ന് കിടക്കുന്ന വാതിലുകള്‍ ഉള്ള, എന്നാല്‍ ആരെയും വിട്ടുപോകാന്‍ അനുവദിക്കാത്ത ഹൃദയബന്ധങ്ങളുടെ ഒരായിരം ഉദാഹരണങ്ങള്‍ സംഘചരിത്രത്തില്‍ കാണുവാന്‍ സാധിക്കുന്നു. ശാഖയിലേക്ക് പുതുതായി കടന്നു വരുന്നയാള്‍ ആദ്യം ആ ശാഖയിലെ സ്വയംസേവകരെ സ്‌നേഹിക്കാന്‍ പഠിക്കുന്നു, പിന്നീട് ആ ഗ്രാമത്തിലെ സ്വയംസേവകരെ, അതില്‍ നിന്ന് വളര്‍ന്ന് മുഴുവന്‍ സമാജത്തെയും സ്വന്തം കുടുംബം പോലെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന മാന്ത്രികതയാണ് സംഘത്തിന്റെ ബലം. പരിചയപ്പെടുന്നതിനെയും മനസ്സിലാക്കുന്നതിനെയും മാത്രമേ നമുക്ക് സ്‌നേഹിക്കാന്‍ കഴിയൂ, സ്‌നേഹിക്കുന്നതിന് വേണ്ടി മാത്രമേ നമുക്ക് സമര്‍പ്പിക്കാന്‍ കഴിയൂ എന്നാണ് പറയുക. സംഘ പ്രവര്‍ത്തനമാകട്ടെ പരസ്പരം മനസ്സിലാക്കുന്നതിലും സമാജത്തെയും രാഷ്ട്രത്തെയും തൊട്ടറിയുന്നതിലും, അവയെ സ്വന്തമായി കണ്ട് സ്‌നേഹിക്കുന്നതിലും അടിസ്ഥാനമാക്കി നില്‍ക്കുന്നു. പരം പൂജനീയ ശ്രീഗുരുജി തന്നെ സംഘടനയെ ഒരിക്കല്‍ നിര്‍വ്വചിച്ചത് ഇങ്ങനെയാണ്. ”ഹൃദയത്തെ ഹൃദയം കൊണ്ട് ബന്ധിപ്പിക്കുക, ഹൃദയം കവരുക, സ്വന്തം വ്യക്തിത്വം പൂര്‍ണമായും വിസ്മരിക്കുക – ഇതാണ് സംഘടന.” സ്വന്തം വ്യക്തിത്വം വിസ്മരിച്ച് സംഘടനാ വ്യക്തിത്വം സ്വീകരിച്ചവര്‍ക്ക് ഖണ്ഡിതമാകാന്‍ എങ്ങനെയാണ് സാധിക്കുക. അതിനാല്‍ തന്നെ, സംഘം ഇന്നലെ അഖണ്ഡമായിരുന്നു, ഇന്ന് അഖണ്ഡമാണ്, നാളെയും അഖണ്ഡമായി തന്നെ തുടരും.
പഞ്ച പരിവര്‍ത്തന്‍
ശതാബ്ദി കൊണ്ടാടാന്‍ രൂപീകരിക്കപ്പെട്ട പ്രസ്ഥാനമല്ല സംഘമെന്നും സമാജ പരിവര്‍ത്തനത്തിലൂടെ രാഷ്ട്രത്തിന്റെ പരമമായ വൈഭവം എന്നത് എത്രയും വേഗം നടപ്പിലാക്കുകയാണ് വേണ്ടതെന്നും സംഘസ്ഥാപകന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സംഘടനയെക്കാള്‍ ഏറെ മുകളിലാണ് സംഘത്തെ സംബന്ധിച്ച് സമാജവും രാഷ്ട്രവും എന്നതിനാല്‍ തന്നെ സമാജത്തിന് വേണ്ടി ജീവിക്കാന്‍ തയ്യാറുള്ള നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കുക, രാഷ്ട്രഹിതത്തിന് വേണ്ടി എന്ത് സാഹസവും ചെയ്യാന്‍ അവരെ തയ്യാറാക്കുക, അവരിലൂടെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ കഴിവുള്ള ഒരു സമാജത്തെ കെട്ടിപ്പടുക്കുക എന്നതിന്റെ സാക്ഷാത്കാരം എല്ലായിടത്തും എല്ലാവരിലും എത്രയുംവേഗം എത്തിക്കണം. അതിനായി സംഘപ്രവര്‍ത്തനം സര്‍വ്വവ്യാപിയും സര്‍വ്വസ്പര്‍ശിയുമാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനോടൊപ്പം രാഷ്ട്രഹിതത്തോട് ചേര്‍ന്ന് പോകുന്ന സജ്ജനങ്ങളെ കൂടി ചേര്‍ത്ത് കൊണ്ട് ഭാരതത്തിന്റെ മുക്കിലും മൂലയിലും വരെ സമാജപരിവര്‍ത്തനത്തിന്റെ പഞ്ചസ്തംഭങ്ങള്‍ എന്ന നിലയില്‍ അഞ്ച് കാര്യങ്ങളില്‍ പരിവര്‍ത്തനം നടപ്പിലാക്കാന്‍ പ്രേരിപ്പിക്കണം. സാമാജിക സമരസത, പരിസ്ഥിതി സംരക്ഷണം (പര്യാവരണ്‍), കുടുംബപ്രബോധന്‍, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് കാര്യങ്ങള്‍ സ്വയം ആചരിക്കുവാനും മറ്റുള്ളവരെക്കൊണ്ട് ആചരിപ്പിക്കുവാനുമുള്ള പരിശ്രമം നടക്കണം. പരിവര്‍ത്തനം അഥവാ ഗുണപരമായ രൂപാന്തരം എന്നത് പരിണാമമായി മാറണം. നമ്മുടെ ഉള്ളില്‍ ക്രമാനുഗതമായി വികസിച്ച് മാറ്റമായി തീരണം. ഏതെങ്കിലും ഒരു സാഹചര്യത്തിന്റെ പ്രഭാവം കൊണ്ട് ഉണ്ടാകുന്ന താത്കാലികമായ പ്രതിഭാസമല്ല ആവശ്യം, സമഗ്രമായ പരിണാമമാണ്.
സാമാജിക സമരസത
ഹിന്ദവഃ സോദരാഃ സര്‍വ്വേ, ന: ഹിന്ദു പതിതോ ഭവേത്
ഹിന്ദു രക്ഷാ മമ ദീക്ഷാ, മമ മന്ത്ര സമാനതാ
1969 ലെ ഉഡുപ്പി സമ്മേളനത്തില്‍ ശ്രീഗുരുജി ധാര്‍മിക ഗുരുക്കന്മാരെക്കൊണ്ട് പ്രഖ്യാപിപ്പിച്ചതാണിത്. ഹിന്ദുക്കള്‍ എല്ലാവരും സഹോദരന്മാരാണ്, ഹിന്ദുക്കളില്‍ പതിതരില്ല, ഹിന്ദു രക്ഷയാണ് നമ്മുടെ വ്രതം, നമ്മുടെ മന്ത്രം സമാനതയാണ് എന്നര്‍ത്ഥം വരുന്ന ഈ സുഭാഷിതത്തിന്റെ പ്രഖ്യാപനം ഭാരത ചരിത്രത്തിലെ ഒരു നാഴികക്കല്ലായും വരികളാകട്ടെ നിത്യേന മനനം ചെയ്യേണ്ട ആദര്‍ശവാക്യമായും നിലകൊള്ളുന്നു. സാഹോദര്യ ഭാവത്തോടെ എല്ലാവരേയും ഒന്നായി കാണുവാന്‍ കഴിയണം എന്ന കാഴ്ചപ്പാട് സംഘത്തിന് പുതുതല്ല. എല്ലാവരിലും ഒരേ ചൈതന്യമാണ് കുടികൊള്ളുന്നത് എന്നും എല്ലാവരും ഒരേ ശക്തിയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവരാണെന്നും ഹൃദയം കൊണ്ട് അംഗീകരിക്കാന്‍ നമുക്ക് സാധിക്കണം. ഭാരതീയ പാരമ്പര്യത്തിലും വേദപുരാണങ്ങളിലും ഒന്നും നിലവിലില്ലാതിരുന്ന ഈ ദുരാചാരം നീണ്ടകാലത്തെ വൈദേശിക ആക്രമണങ്ങളുടെയും മറ്റും ഫലമായി നമ്മുടെ ഇടയിലേക്ക് കടന്ന് കയറിയതാണ്. ഈ ഭേദഭാവന പൂര്‍ണമായും ഇല്ലാതാക്കാന്‍ നമുക്ക് കഴിയണം. അടിമത്തത്തിന് എതിരെ പോരാടിയ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്റെ ഉദ്ധരണിയില്‍ പറയുന്നത് ‘A house divided against itself cannot stand’ അഥവാ സ്വയം വിഭജിക്കപ്പെട്ട വീടിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഉള്ളില്‍ തന്നെ ഭിന്നത സൃഷ്ടിക്കാന്‍ കുബുദ്ധികള്‍ കൊണ്ടുവന്ന ഇത്തരം വേര്‍തിരിവുകള്‍ക്ക് അന്ത്യം കുറിക്കണം. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ മന്ത്രം ഉരുവിടുന്നവര്‍ക്ക് എങ്ങനെയാണ് മറ്റൊരാളുടെ കണ്ണീര്‍ കാണാന്‍ കഴിയുക. ദുഃഖം ഉണ്ടാക്കുവാനോ, അന്യായം ചെയ്യുവാനോ സാധിക്കുക. ഒരിക്കല്‍ ദീനദയാല്‍ജി ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ പാടത്തിനരുകിലെ ഒരു ചാലിലേക്ക് വീഴുകയുണ്ടായി, അത് കണ്ട് കൂടെ യാത്ര ചെയ്തിരുന്ന ഒരാള്‍ അദ്ദേഹത്തിന് പിടിച്ച് കയറാനായി കൈകള്‍ നീട്ടി. അപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്രെ ”നിങ്ങള്‍ അല്‍പ്പം ഒന്ന് കുനിഞ്ഞാലല്ലേ എനിക്ക് പിടിച്ചു കയറാന്‍ സാധിക്കുകയുള്ളൂ”. സമാജത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നവര്‍ എന്ന് പറയുന്നവര്‍ ഒരല്‍പ്പം താഴേക്ക് കുനിഞ്ഞ് കൈകള്‍ നീട്ടുകയും, താഴ്ന്ന് നില്‍ക്കുന്നവര്‍ എന്ന് പറയുന്നവര്‍ ആ നീട്ടിയ കൈകളില്‍ പിടിച്ചു കയറുകയും ചെയ്യുമ്പോഴാണ് സമരസത സാധ്യമാകുക. ഇത് ആചരണത്തിലാണ് കൊണ്ടുവരേണ്ടത്. ആത്മീയത കലര്‍ന്ന സ്‌നേഹം ഉളളില്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് നമുക്കതിന് കഴിയുക. ഭാരതമാതാവ് എന്ന് നമ്മള്‍ കേവലം അധര വ്യായാമം നടത്തുകയാണോ, ഉള്ളില്‍ തട്ടി വിശ്വസിക്കുകയാണോ ചെയ്യുന്നത്. ഉള്ളില്‍ തട്ടി നമ്മള്‍ വിശ്വസിക്കുകയാണെങ്കില്‍ ഒരമ്മയുടെ മക്കള്‍ എങ്ങനെയാണ് അന്യരാവുന്നത്. താഴ്ന്നു നില്‍ക്കുന്നവര്‍ക്ക് ഇടയില്‍ പോയി എന്തെങ്കിലും സേവനം ചെയ്യുന്നതുകൊണ്ട് ഇത് സാധ്യമാകില്ല. സേവനം സ്വീകരിക്കുന്നതിന്റെ ബഹുമാനവും സ്‌നേഹവും നന്ദിയും ബാക്കിയാകുമെങ്കിലും സമരസത സാധ്യമാകണമെങ്കില്‍ കുറച്ചുകൂടി വിശാല ഹൃദയത്തോടെ നാം സമാജത്തിലേക്ക് ആഴ്ന്നിറങ്ങേണ്ടി വരും. അതിന് ‘റോട്ടി – ബേട്ടി വ്യവഹാര്‍’ അഥവാ പന്തിഭോജനവും മിശ്രവിവാഹം നടക്കണം. സംഘത്തിനുള്ളില്‍ ആര്‍ക്കും ആരുടെയും ജാതി അറിയില്ലാത്തതിനാല്‍ സ്വയംസേവകര്‍ക്ക് ഇതൊരു വലിയ പ്രശ്‌നമായി വരികയില്ല, പക്ഷേ ഹിന്ദു സമാജത്തില്‍ ചിലയിടങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഇത്തരം അനാചാരത്തെ മനസ്സിലാക്കുകയും അതിനെതിരെയുള്ള കരുത്തുറ്റ മാതൃകകള്‍ സൃഷ്ടിക്കുകയും വേണം. പേരുകളോടൊപ്പം ജാതി ചേര്‍ത്ത് മതില്‍ കെട്ടാതിരിക്കണം. ചരിത്രത്തില്‍ എല്ലാ മഹാപുരുഷന്മാരുടെയും ജീവിതം മുഴുവന്‍ സമാജത്തിനും വേണ്ടിയുള്ളതാണ്, അവരുടെ ജയന്തികള്‍ ജാതിയുടെ മതില്‍ക്കെട്ടുകള്‍ കെട്ടി വേര്‍തിരിച്ച് നടത്തുന്നതിന് പകരം, മുഴുവന്‍ സമാജവും ഏകമുഖമായി ആഘോഷിക്കുന്ന അന്തരീക്ഷം സംജാതമാകണം. പൂജനീയ ദേവറസ്ജിയുടെ വാക്കുകള്‍ പോലെ ‘അയിത്തം പാപമല്ലെങ്കില്‍, മറ്റൊന്നും തന്നെ പാപമല്ല’ എന്നത് സമ്പൂര്‍ണ സമാജത്തെയും ബോധ്യപ്പെടുത്താന്‍ കഴിയണം. ക്ഷേത്രം, ജലാശയം, ശ്മശാനം എന്നിവ എല്ലാവര്‍ക്കും ഒരുപോലെയാകണം, അവിടങ്ങളില്‍ ഏതെങ്കിലും തരത്തിലെ വേര്‍തിരിവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത്തരം വേര്‍തിരിവുകള്‍ക്ക് ഹിന്ദുസമാജത്തില്‍ സ്ഥാനമില്ല എന്ന സ്ഥിതിവിശേഷം വരണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ പൂര്‍ണമാകുന്നതല്ല സാമാജിക സമരസത, നമ്മുടെ മനസ്സിലും ഭവനത്തിലും അതിര്‍വരമ്പുകള്‍ വയ്ക്കാതെ ഏവര്‍ക്കും ഒരുപോലെ സ്ഥാനവും പ്രവേശനവും നല്‍കണം, നാട്യത്തിന്റെ കണികപോലും അവശേഷിക്കാതെ സ്വസഹോദരങ്ങളെ പോലെ സ്വീകരിക്കുവാന്‍ സാധിക്കണം. ഈ വിഷയത്തില്‍ ആദ്യ ചുവട് വയ്ക്കുവാനും മറ്റുള്ളവരെ പിന്നാലെ നയിപ്പിക്കുവാനും നാം തയ്യാറാകണം. മഹാകവി ഉള്ളൂര്‍ എഴുതിയത് പോലെ
”അടുത്ത് നില്‍പ്പോരനുജനെ
നോക്കാനക്ഷികളില്ലാത്തോര്‍ –
ക്കരൂപനീശ്വരനദൃശ്യനായാ –
ലതിലെന്താശ്ചര്യം”
സമാജത്തിലെ ഏവരെയും സാഹോദര്യത്തോടെ കാണുക തന്നെയാണ് നമ്മുടെ ധര്‍മ്മവും കര്‍മ്മവും.
പരിസ്ഥിതി സംരക്ഷണം
”മാതാ ഭൂമി: പുത്രോƒഹം പൃഥിവ്യാ:”
ഭൂമിയെ മാതാവായി കണ്ട് വളര്‍ന്ന ഭാരതീയ ജനതയ്ക്ക് പരിസ്ഥിതി സംരക്ഷണം എന്നത് തങ്ങളുടെ ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കേണ്ട ഒന്നാണ്. ഐക്യരാഷ്ട്ര സഭ ‘ലോക പരിസ്ഥിതി ദിനം’ ആചരിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്നേ അഥര്‍വ്വവേദത്തില്‍ പൃഥ്വി സൂക്തം എഴുതിവച്ച പൂര്‍വ്വിക പരമ്പരയാണ് നമ്മുടേത്. എന്നിട്ടും നമ്മള്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്നതിന് കാരണം വൈദേശിക ആക്രമണകാരികളുടെയും, പുറമേ നിന്ന് കടന്നുവന്ന സെമറ്റിക് മതങ്ങളുടെയും, ലാഭം മാത്രം ലക്ഷ്യമാക്കി നമ്മുടെ നാട്ടില്‍ വേരൂന്നിയ വ്യാവസായിക കുത്തക ഭീമന്മാരുടെയും സ്വാധീനം കൊണ്ട് നമുക്കുണ്ടായ മൂല്യച്യുതിയാലാണ്. ഗംഗയെയും തുളസിയെയും മാതാവായി ആരാധിച്ചിരുന്ന, വൃക്ഷപൂജയും, ഭൂമിപൂജയും ചെയ്തിരുന്നവര്‍ ദോഹനത്തില്‍ നിന്നു ചൂഷണത്തിലേക്ക് പതിയെ നടന്നതിന്റെ ഫലമാണ്. പശുക്കിടാവിന് മാതാവിന്റെ അകിടില്‍ പാല് ബാക്കി വച്ചിരുന്നതില്‍ നിന്നും സാങ്കേതിക വിദ്യയാല്‍ ചോരവരെ ഊറ്റിയെടുക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. വൈകിയ വേളയിലാണെങ്കിലും ഇന്ന് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് എല്ലാവരും ബോധവാന്മാരാണ്. കാട്, മണ്ണ്, മൃഗങ്ങള്‍ (ജംഗിള്‍, ജമീന്‍, ജാന്‍വര്‍) ഇവയെ സംരക്ഷിക്കണം, വായുവും ജലവും സംരക്ഷിക്കപ്പെടണം. അനുനിമിഷം മലിനമാക്കപ്പെട്ടുക്കൊണ്ടിരിക്കുന്ന ഇവയുടെ രക്ഷ നമ്മളില്‍ നിന്നും നമ്മുടെ വീടുകളില്‍ നിന്നും തുടങ്ങണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം ഭൂമി വിഷമയമാകുന്നത് അവസാനിക്കണം. ഇല്ലെങ്കില്‍ പ്രവചനാതീതമായി ഭൂമിയും, കാലാവസ്ഥയും പ്രതികരിക്കുമ്പോള്‍ വിലപിക്കാന്‍ മാത്രമേ നമുക്കാവൂ. വരും തലമുറകള്‍ക്കായി ഈ ഭൂമിയേയും ജലത്തേയും വായുവിനേയും സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. പരിസ്ഥിതി ദിനത്തില്‍ കേവലം വൃക്ഷത്തൈ നടലില്‍ ഒതുങ്ങുന്നതല്ല നമ്മുടെ കര്‍ത്തവ്യം. വ്യക്തി ജീവിതത്തില്‍ പകര്‍ത്തേണ്ടതും പകര്‍ന്ന് നല്‍കേണ്ടതുമായ ഒന്നാണത്.
-3 R കള്‍ – ഉപയോഗം കുറയ്ക്കല്‍ (Reduce), പുനരുപയോഗം (Reuse), പുനര്‍നിര്‍മ്മാണം (Recycle).
-സന്നദ്ധ പ്രവര്‍ത്തനം – ജലാശയവും ഭൂമിയും ശുചീകരിക്കുന്നതിന് സ്വയം തയ്യാറാവുക.
-വിദ്യാഭ്യാസം – പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്ന വിദ്യാഭ്യാസം.
-ജലാശയങ്ങളും കാവുകളും സംരക്ഷിക്കുക.
-ഒറ്റതവണ ഉപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക.
-ബുദ്ധിപൂര്‍വ്വം വാങ്ങുക – പ്ലാസ്റ്റിക് കവര്‍ ഉത്പന്നങ്ങളും സഞ്ചികളും പരമാവധി വാങ്ങാതിരിക്കുക, ആവശ്യമുള്ളത് മാത്രം വാങ്ങുക.
-വൈദ്യുതി ഉപയോഗം കുറയ്ക്കുക.
-ഒരു മരം നട്ട് സംരക്ഷിക്കുക.
-ജലവും മണ്ണും രാസവസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുക.
-ഫോസില്‍ ഇന്ധന (പെട്രോള്‍, ഡീസല്‍, കല്‍ക്കരി) ഉപയോഗം കുറയ്ക്കുക.
ഭൂമി നമ്മുടെ അമ്മയാണെന്ന ഭാവനയോടെ, സ്‌നേഹത്തോടെ, ബഹുമാനത്തോടെ, കരുതലോടെ പെരുമാറുക. അപ്പോള്‍ മുതല്‍ എന്ത് ചെയ്യണം, ചെയ്യരുത് എന്ന തിരിച്ചറിവിലേക്ക് നാം എത്തിച്ചേരും. എന്ത് ചെയ്യുമ്പോഴും, വരുംതലമുറയുടെ കുഞ്ഞു കണ്ണുകള്‍ നമ്മെ അനുകരിക്കാന്‍ വേണ്ടി തുറന്നിരിക്കുന്നെന്ന കരുതല്‍ ഉണ്ടാകട്ടെ. ‘ഈ ഭൂമി നമ്മുടെ പൂര്‍വ്വികരില്‍ നിന്നും അവകാശമായി ലഭിച്ചതല്ല, ഇത് നമ്മുടെ കുട്ടികളില്‍ നിന്നും കടം വാങ്ങിയതാണ്’ എന്ന അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ലെസ്റ്റര്‍ ബ്രണിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ മനുഷ്യവാസയോഗ്യമായി തന്നെ അതിനെ വരും തലമുറയ്ക്ക് കൈമാറുക.
കുടുംബ പ്രബോധന്‍
വസുധൈവ കുടുംബകം എന്ന കാഴ്ചപ്പാട് പിന്തുടരുന്ന നമ്മളെ സംബന്ധിച്ച് ഹിന്ദുരാഷ്ട്രം എന്നത് ഒരു വലിയ കൂട്ടുകുടുംബം തന്നെയാണ്. വര്‍ഷങ്ങളായി ഭാരതത്തില്‍ വികസിച്ചു വന്നതാണ് പകരം വയ്ക്കാനില്ലാത്ത കുടുംബ വ്യവസ്ഥിതി. സന്തുഷ്ടവും ആരോഗ്യകരവുമായ കുടുംബങ്ങളാണ് സമാജത്തിന്റെ നട്ടെല്ല്. ഭാരതത്തെ സംബന്ധിച്ച് വ്യക്തിത്വ വികാസം എന്നത് കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. പങ്കിടലും കരുതലും (sharing and Caring) ആരോഗ്യകരവും സമഗ്രവുമായ ഒരു കുടുംബത്തിന്റെ കാതലായി നിലകൊള്ളുന്നു. എല്ലാവര്‍ക്കും വേണ്ടി ഒരാള്‍, ഒരാള്‍ക്ക് വേണ്ടി എല്ലാവരും(one for all, all for one) എന്നതാണ് ഭാരതീയ കുടുംബങ്ങളുടെ വിജയസൂത്രമായി നിലകൊള്ളുന്നത് എന്ന് കാണാം. ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ സംരക്ഷകരും പ്രചാരകരുമാണ് നമ്മുടെ കുടുംബങ്ങള്‍. സംഘപ്രവര്‍ത്തനത്തെ വിലയിരുത്തിയാല്‍ സംഘത്തിന്റെ കാര്യക്രമങ്ങളില്‍ സ്ത്രീകള്‍ ഇല്ലെങ്കിലും സംഘകാര്യത്തില്‍ മുഴുവന്‍ കുടുംബവും പങ്കാളികളാണ്. നമ്മുടെ കാഴ്ചപ്പാട് പ്രകാരം മാതാപിതാക്കളും കുട്ടികളും മാത്രമടങ്ങുന്നതല്ല കുടുംബം, അതിനോടൊപ്പം രക്തബന്ധത്തില്‍ പെട്ട മറ്റ് ബന്ധുക്കള്‍ കൂടി ചേരുമ്പോള്‍ അത് കൂട്ടുകുടുംബമാകുന്നു, കുടുംബത്തിലെ മൃഗങ്ങളും വൃക്ഷലതാദികളും ചേരുമ്പോള്‍ വിശാലമായ കൂട്ടുകുടുംബമാകുന്നു, അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാല്‍ക്കാരനും വീട്ട് ജോലിക്കാരും, കടക്കാരനും ഒക്കെ ചേരുമ്പോള്‍ അതിവിശാലമായ കൂട്ടുകുടുംബമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ കേവലം രക്തബന്ധമോ, സോഷ്യല്‍ കോണ്‍ട്രാക്‌റ്റോ അല്ല ഭാരതീയ കുടുംബ സങ്കല്പം എന്നത്. ഇവയെല്ലാം പരസ്പരം സംരക്ഷിച്ച് മുന്നോട്ട് പോകണം എന്നത് പരമ്പരാഗത ഭാരതീയ മൂല്യങ്ങളാണ്. താന്‍ സമ്പാദിക്കുന്നത് തനിക്കും കുടുംബത്തിനും വേണ്ടി മാത്രമാണ് എന്ന ചിന്ത ഭാരതീയമല്ല, സമാജത്തില്‍ ആവശ്യക്കാരുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വേണ്ടിയുള്ളതാണ് തന്റെ സമ്പാദ്യം എന്നതാണ് നമ്മുടെ കാഴ്ചപ്പാട്. അതുകൊണ്ടാണ് പണ്ട് കാലങ്ങളില്‍ അത്താഴപഷ്ണിക്കാരുണ്ടോ എന്ന് ചോദിച്ചിട്ട് അത്താഴം കഴിക്കുന്ന ശീലം നമുക്കുണ്ടായിരുന്നത്, ഈ മൂല്യങ്ങള്‍ വരുംതലമുറയ്ക്ക് കൈമാറാന്‍ വേണ്ടിയാണ് ധര്‍മ്മക്കാരനുള്ള പങ്ക് കുഞ്ഞുങ്ങളുടെ കൈവശം കൊടുത്ത് വിട്ടിരുന്നത്, നിനച്ചിരിക്കാതെ കടന്നുവന്ന അതിഥിക്ക് അവശേഷിക്കുന്ന ഭക്ഷണം കൊടുത്തശേഷം വിശപ്പില്ലെന്ന് അമ്മമാര്‍ കള്ളം പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ഈ നാടിന്റെ പാരമ്പര്യത്തിന്റെ കാവലാളുകളായി നിലനിന്നിരുന്ന കുടുംബ വ്യവസ്ഥിതിയില്‍ ഉണ്ടാകുന്ന ഓരോ വിള്ളലും ഈ നാടിന്റെ ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് സംഘം കുടുംബങ്ങളുടെയും കുടുംബ മൂല്യങ്ങളുടെയും ദൃഢത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്.
-കുടുംബങ്ങളിലെ സമ്മര്‍ദ്ദവും തര്‍ക്കങ്ങളും പരിഹരിക്കാനായി കൗണ്‍സിലിംഗ് സേവനങ്ങള്‍
-പരമ്പരാഗത ഉത്സവങ്ങളുടെ കുടുംബങ്ങള്‍ ഒത്തുചേര്‍ന്ന ആഘോഷം.
-കുടുംബ മിത്ര (കുടുംബങ്ങള്‍ക്ക് സൃഹൃത്തായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തക സേവനം, പരിശീലനം)
-കളികളിലൂടെ ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തല്‍.
-മാതൃശക്തി സമ്മേളനം
-സ്വദേശിയുടെ പ്രോത്സാഹനം
-സ്മാര്‍ട്ട് ഫോണ്‍ ബോധവത്കരണം, മൊബൈല്‍ പാര്‍ക്കിംഗ് സോണുകള്‍.
-ആഴ്ചയില്‍ ഒരു ദിവസം ഒരു നേരമെങ്കിലും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കല്‍.
-ഒരു മണിക്കൂര്‍ എങ്കിലും മൊബൈലും ടിവിയുമൊക്കെ ഒഴിവാക്കി കുടുംബം ഒത്തുചേര്‍ന്ന് രാഷ്ട്രീയവും സിനിമയും ക്രിക്കറ്റും ഫുട്‌ബോളും ഒന്നുമല്ലാത്ത ഏതെങ്കിലും വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യല്‍.
-ഒരുമിച്ച് ഭജന പാടുക, കീര്‍ത്തനങ്ങള്‍ ആലപിക്കുക.
-ക്രമേണ അയല്‍വാസികളെയും ഇതില്‍ പങ്കാളികളാക്കുകയും അവരുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുക. ഇങ്ങനെ തുടങ്ങി കുടുംബങ്ങളും സമൂഹവും നേരിടുന്ന സമകാലിക വെല്ലുവിളികളെ ആത്മീയമായ ഉള്‍ക്കാഴ്ചകളും പ്രായോഗികമായ പരിഹാരങ്ങളും ചേര്‍ത്ത് അഭിമുഖീകരിക്കുക എന്നതാണ് കുടുംബപ്രബോധന്‍ ലക്ഷ്യമിടുന്നത്. സ്‌നേഹവും കുടുംബബന്ധവും സമൂഹത്തില്‍ സ്വാഭാവികമായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി പരമ്പരാഗത മൂല്യങ്ങളെ ആധുനിക പരിഹാര മാര്‍ഗങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്നു.
സ്വദേശി
ദൈനംദിന ജീവിതത്തിലെ ദേശസ്‌നേഹത്തിന്റെ പ്രതീകമായാണ് സ്വദേശിയെ ദത്തോപന്ത് ഠേംഗിഡ്ജി വിശേഷിപ്പിച്ചിരുന്നത്. ‘സ്വ’ കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതിയിലൂടെ സ്വാവലംബിയായ ഭാരതം എന്നതാണ് നമ്മുടെ ലക്ഷ്യം. അതിര്‍ത്തിയില്‍ യുദ്ധം ഉണ്ടാകുമ്പോള്‍ ചൈനീസ് ഉത്പന്ന ബഹിഷ്‌കരണം നടത്തുക എന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല സ്വദേശി സ്‌നേഹം. രക്ഷകര്‍ത്തൃ ദിനത്തില്‍ സ്വന്തം മാതാപിതാക്കള്‍ക്ക് വേണ്ടത്ര പകിട്ട് തോന്നാത്തതു കാരണം അയല്‍ക്കാരനെ രക്ഷകര്‍ത്താവായി കൊണ്ടുപോകാന്‍ തോന്നിക്കുന്ന അപകര്‍ഷതാബോധമാണ് പലപ്പോഴും സ്വദേശി വസ്തുക്കളെ അവഗണിച്ച് വിദേശ വസ്തുക്കള്‍ക്ക് പിന്നാലെയുള്ള ഓട്ടപ്പാച്ചിലിന് പിന്നിലുള്ളത്. നമ്മുടെ നാടിന്റെ തനിമയെ അവയില്‍ കാണപ്പെടുന്ന ചെറിയ പോരായ്മകളോട് കൂടി തന്നെ സ്വീകരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.
സ്വഭാഷ – സ്വന്തം ഭാഷ വായിക്കുവാനും എഴുതുവാനും ശുദ്ധമായി സംസാരിക്കുവാനുമുള്ള ശേഷിയും അതില്‍ അഭിമാനവും ഉണ്ടാകണം.
സ്വഭൂഷ – നമ്മുടെ പരമ്പരയിലും അവര്‍ കൈമാറി തന്ന സാംസ്‌കാരികവും ആചാരപരവും കാലാവസ്ഥയ്ക്ക് അനുയോജ്യമായതുമായ വസ്ത്രധാരണം.
സ്വഭവനം – സ്വദേശി ആചരണം വ്രതമാക്കിയ വീടുകള്‍.
ഭ്രമണ്‍ – നാട് കാണാന്‍ തയ്യാറെടുക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ചരിത്രപരവും ആദ്ധ്യാത്മികപരവും വിനോദ സഞ്ചാരത്തിനുതകുന്നതുമായ സ്ഥലങ്ങള്‍ക്ക് പ്രാമുഖ്യം.
ഭജന്‍, ഭോജന്‍ (ഭക്ഷണം), സ്വസംസ്‌കൃതി ഇവയോടെല്ലാമുള്ള അഭിമാനത്തോടെയുള്ള സമീപനവും ഉള്‍ക്കൊള്ളലും ആചരണവുമാണ് സ്വദേശി. വിദേശ വസ്തുക്കളോടുള്ള അന്ധമായ എതിര്‍പ്പല്ല സ്വദേശിയെന്നത്, നമ്മുടെ നാട്ടില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ്. പ്രദേശികമായി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ വാങ്ങുമ്പോള്‍ അതിലൂടെ അതിന്റെ ഉത്പാദന വിപണനം നടത്തി കുടുംബം പുലര്‍ത്തുന്ന നമ്മുടെ ഒരു സഹോദരന് ചെയ്യുന്ന സഹായമായി കാണുവാന്‍ സാധിക്കണം. നിത്യജീവിതത്തിലും സ്വഭവനത്തിലും സ്വദേശി ശീലമെന്നത് അഭിമാനത്തോടെ നടപ്പിലാക്കണം.
പൗരധര്‍മം
എനിക്ക് വേണ്ടി രാഷ്ട്രം എന്തു ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്കിടയില്‍, അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്ന കാലഘട്ടത്തില്‍ രാഷ്ട്രത്തിന് വേണ്ടി നാം എന്ത് ചെയ്തു, അല്ലെങ്കില്‍ എന്തു ചെയ്യണമെന്നതിന്റെ അഥവാ രാഷ്ട്രവ്യവസ്ഥയുടെ ഭാഗമെന്ന നിലയില്‍ പൗരന്മാര്‍ നിര്‍വ്വഹിക്കേണ്ട കടമകളും, പൗരന് ലഭിക്കേണ്ട അവകാശങ്ങളും ചേര്‍ന്നതാണ് പൗരധര്‍മ്മം. പൗരധര്‍മ്മം എന്തൊക്കെയാണെന്നും, രാഷ്ട്രത്തിന്റെ വികാസത്തില്‍ അതിനെത്ര പ്രാധാന്യമുണ്ടെന്നും തിരിച്ചറിഞ്ഞ്, സ്വയമേവ അവ പാലിച്ചു വളരുന്ന തലമുറയാണ് നാടിന്റെ കരുത്ത്.
1976 -ല്‍ 42-ാം ഭേദഗതി പ്രകാരം ഭരണഘടനയുടെ 4-ാം ഭാഗത്തിന്റെ ആദ്യഖണ്ഡത്തിലെ 51 (മ)-ാമത്തെ ആര്‍ട്ടിക്കിളിലാണ് മൗലിക കര്‍ത്തവ്യങ്ങളെന്തെന്ന് വിശദമാക്കുന്നത്.
1. ഭരണഘടന അനുശാസിക്കുന്ന ആദര്‍ശങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുക. കൂടാതെ നമ്മുടെ ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക, സ്‌നേഹിക്കുക, ബഹുമാനിക്കുക.
2. ദേശീയ സ്വാതന്ത്ര്യത്തിന്റെ ഉദയത്തിന് കാരണമായ ഉദാത്തമായ ആദര്‍ശങ്ങളെ വിലമതിക്കുക, പിന്തുടരുക.
3. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
4. രാജ്യത്തെ സംരക്ഷിക്കാനും ആവശ്യപ്പെടുമ്പോള്‍ ദേശീയ സേവനം നല്‍കാനും തയ്യാറാവുക.
5. ഭാരതത്തിന്റെ സംസ്‌കാരിക പൈതൃകത്തിന്റെ അമൂല്യ സമ്പത്തിനെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
6. മതപരമോ ഭാഷാപരമോ പ്രാദേശികമോ വിഭാഗീയമോ ആയ വൈവിധ്യങ്ങള്‍ക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും ഇടയില്‍ ഐക്യവും പൊതു സാഹോദര്യത്തിന്റെ ചൈതന്യവും പ്രോത്സാഹിപ്പിക്കുക. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതികള്‍ ഉപേക്ഷിക്കുകയും ചെയ്യുക.
7. വനം, നദി, തടാകം തുടങ്ങി പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കുക; സഹജീവികളോട് കരുണ കാട്ടുക.
8. ശാസ്ത്രീയ മനോഭാവം, മാനവികത, അന്വേഷണത്തിന്റെയും പരിഷ്‌കരണത്തിന്റെയും മനോഭാവം എന്നിവ വികസിപ്പിക്കുന്നതിന് തയ്യാറാവുക.
9. പൊതുസമ്പത്തിനെ സംരക്ഷിക്കുക; അക്രമത്തെയും ഹിംസാ വൃത്തികളേയും എതിര്‍ക്കുക.
10. വ്യക്തിപരവും കൂട്ടായതുമായ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും മികവ് കൈവരിക്കുന്നതിന് പരിശ്രമിക്കുക, അങ്ങനെ നിരന്തരമായ പരിശ്രമത്തിന്റെയും നേട്ടങ്ങളുടെയും ഫലമായി രാഷ്ട്രത്തെ ഉയര്‍ന്ന തലങ്ങളിലേക്ക് ഉയര്‍ത്തുക.
11. 6-14 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക. ഇവയോടുള്ള അവഗണന, അശ്രദ്ധ എന്നത് രാഷ്ട്ര വികസനത്തിന്റെ വേഗത കുറയ്ക്കുന്ന പ്രക്രിയയാണെന്ന ബോധം ഓരോ പൗരനിലും അന്തര്‍ലീനമായിത്തീരണം.
പരംപൂജനീയ സര്‍സംഘചാലക് മോഹന്‍ജി മാര്‍ഗദര്‍ശനം നല്‍കിയതുപോലെ രാഷ്ട്രത്തിന് വേണ്ടി ജീവിക്കാന്‍ തയ്യാറുള്ളവരെ തയ്യാറാക്കുക, അതിനു തയ്യാറാവുക എന്ന സങ്കല്പം നടപ്പിലാക്കാന്‍ ഇറങ്ങിത്തിരിച്ചവരെ സംബന്ധിച്ച് മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഒന്നാണ് പൗരധര്‍മ്മത്തിന്റെ നിറവേറ്റല്‍. ‘ഹം ദിന്‍ ചാര്‍ രഹേ ന ര ഹേ, തേരാ വൈഭവ് അമര്‍ രഹേ മാ’ ഞങ്ങള്‍ എത്ര കാലം ജീവിക്കുന്നു എന്നതില്‍ കാര്യമില്ല, അമ്മനാടേ നിന്റെ വൈഭവം അമരമായിരിക്കട്ടെ എന്നത് ബീജമന്ത്രമായി ഉരുക്കഴിക്കുന്ന തലമുറകള്‍ പിറവി കൊള്ളണം. നൂറാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സംഘം നമ്മെ ഓര്‍മിപ്പിക്കുന്നത് എന്തെന്നാല്‍ രാഷ്ട്രത്തിന് വേണ്ടി മരിക്കുന്നത് മാത്രമല്ല ദേശസ്‌നേഹം, പൊതുവഴിയില്‍ മാലിന്യം എറിയാതിരിക്കുന്നതും ദേശസ്‌നേഹമാണ്, ട്രാഫിക് സിഗ്‌നല്‍ തെറ്റിക്കാതിരിക്കുന്നതും ദേശസ്‌നേഹമാണ്, വിശന്ന വയറിന് ഭക്ഷണം നല്‍കുന്നതും ദേശസ്‌നേഹമാണ്, കടയില്‍ പോകുമ്പോള്‍ ഒരു തുണിസഞ്ചി കരുതുന്നതും ദേശസ്‌നേഹമാണ്, ഒരു മരം നട്ട് വളര്‍ത്തുന്നതും ദേശസ്‌നേഹമാണ്, കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് കഥ പറയുന്നതും ദേശസ്‌നേഹമാണ്, അയലത്തെ കര്‍ഷകന്റെ പക്കല്‍ നിന്നും പച്ചക്കറി വാങ്ങുന്നതും ദേശസ്‌നേഹമാണ്. മനസ്സിന് മതില്‍ കെട്ടാതെ എല്ലാവരെയും ചേര്‍ത്തുപിടിക്കുന്നതും ദേശസ്‌നേഹമാണെന്നാണ്. ഇത്തരുണത്തില്‍ ആബാലവൃദ്ധം ഭാരതീയര്‍ക്കും ഈ നാടിന് വേണ്ടി തങ്ങളാലാകുംവിധം എങ്ങനെ ജീവിക്കാം എന്നാണ് ബോധ്യപ്പെടുത്തുന്നത്. വിജയദശമി ദിനത്തില്‍ ധര്‍മ്മസംരക്ഷണത്തിനായി സംഘടനാ രൂപത്തില്‍ പിറവിയെടുത്ത സംഘം അതിന്റെ പിറവിയുടെ തൊണ്ണൂറ്റിഒമ്പതാം വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത് ഭാരതീയരെന്നനിലയില്‍ ഏത് പ്രവര്‍ത്തി ചെയ്യുമ്പോഴും നാം ഈ നാടിനെ കുറിച്ച് ചിന്തിക്കണം എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ്.