കോഴിക്കോട്: ഈശ്വരനേയും ചോദ്യം ചെയ്യാനുള്ള അവകാശമാണ് മറ്റുമതങ്ങളില്‍നിന്ന് വ്യത്യസ്തമായി സനാതനധര്‍മ്മത്തെ അനശ്വരമാക്കുന്നതെന്ന് ഹിന്ദുഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. കേസരി നവരാത്രി സര്‍ഗ്ഗോത്സവത്തിലെ സര്‍ഗ്ഗസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തെറ്റ് ഭഗവാന് ചെയ്താലും ചോദ്യം ചെയ്യും. അറിയാന്‍ വേണ്ടി, കൂടുതല്‍ ജ്ഞാനം നേടാന്‍വേണ്ടി കൃത്യമായ ചോദ്യം ചോദിക്കുകയും അതിന് വ്യക്തമായി മറുപടി നല്‍കുകയും ചെയ്യുന്ന സംവാദത്തിന്റെ ഉത്തമമാതൃകയാണ് ഭഗവദ്ഗീത.
ജനാധിപത്യവും സമത്വവും സഹിഷ്ണുതയും സഹനവും ഇന്നത്തെ അര്‍ത്ഥത്തില്‍ ആശയങ്ങളോ വാക്കുകളോ ആകുന്നതിന് സഹസ്രാബ്ദങ്ങള്‍ മുമ്പ്, അവ നടപ്പാക്കിയതാണ് സനാതന ധര്‍മ്മം. അവിടെ സംവാദമാണ് മാര്‍ഗ്ഗവും രീതിയും. ആധുനിക വിദ്യാഭ്യാസം അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളാകണമെന്ന് പറയുന്നു. എന്നാല്‍, ഇന്നത്തെ കമ്യൂണിസമൊക്കെ ആശയംപോലുമാകുംമുമ്പേ, ‘സഖേ’ എന്നുവിളിച്ച് തമ്മില്‍ സംവദിച്ച് സംശയം തീര്‍ത്തവരാണ് അര്‍ജ്ജുനനും കൃഷ്ണനും.
സംവാദത്തിന്റെ സംസ്കാരം പറയുകയും അറിയുകയും ചെയ്യുന്നതാണ്. ഇന്ന് സംവാദം ഇല്ലാതായിരിക്കുന്നുവെന്നതാണ് സ്ഥിതി.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ അടിമത്തവും അടിച്ചേല്‍പ്പിക്കലുമാണ് മറ്റുചില മതങ്ങളുടെ രീതി. വിശ്വാസമെന്നാല് അടിമത്തമെന്ന ധാരണയാണ് അവ ഉണ്ടാക്കുന്നത്. അവര്‍ മതഗ്രന്ഥങ്ങളായി പൂജിക്കുന്നാവാകട്ടെ ചെയ്യാവുന്നതും അരുതാത്തതും വിവരിക്കുന്ന ഗൈഡുകള്‍ പോലെയാകുന്നു. അതല്ല സംവാദത്തിന്റെ രീതി. ഭയമില്ലാത്ത, അടിമത്തമില്ലാത്ത, ശരിയോ തെറ്റോ എന്ന് ചിന്തിക്കാന്‍ അവസരവും അധികാരവും കൊടുക്കുന്ന ഗ്രന്ഥങ്ങളിലൂടെ ശക്തിപ്പെടുത്തുന്ന സനാതന ധര്‍മ്മികളായ നമുക്ക്, മറിച്ചുള്ള ചിന്താധാരക്കാര്ക്ക് ശരി ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വമുണ്ട്, അതിന് വൈകിക്കൂടായെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പാഠപുസ്തകങ്ങളില്‍നിന്ന് പഠിക്കുന്നത് സ്വഭാവവും സംസ്കാരവുമാക്കാത്തതാണ് രാഷ്ട്രവിരുദ്ധ,സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണം. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചിലര്‍ പഠിപ്പിക്കുംപോലെ അറിവ് നിര്‍മ്മിക്കുകയല്ല വേണ്ടത്. അറിവിനെ അറിഞ്ഞ്, തിരിച്ചറിവാക്കി, സംവാദത്തിലൂടെ ഉള്‍ക്കൊള്ളാനും പ്രയോഗിക്കാനും കഴിയണം. അല്ലാത്ത വിദ്യാഭ്യാസം ഫലവത്താകില്ലെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ ഡോ.ഇ. ബബിത അദ്ധ്യക്ഷയായി. മാതൃസമിതി ഉപാദ്ധ്യക്ഷ സുജാത ജയഭാനു, കണ്‍വീനര്‍ സരളാ ദേവി സംസാരിച്ചു.
അഡ്വ.അര്ജുന് ബാബുവിന്റെ വയലിന് സോളോ, ആറ്റുവാശ്ശേരി മോഹനന് പിള്ളയുടെ സംഗീതക്കച്ചേരിയും ഡോ.മധു മീനച്ചില്‍ രചിച്ച് കലാമണ്ഡലം ധനുഷ സംവിധാനം ചെയ്ത നൃത്ത നാടകമായ സ്ത്രീപര്‍വ്വത്തിന്റെ അവതരണവും ഉണ്ടായിരുന്നു.