കോഴിക്കോട്: വിഗ്രഹാരാധന യുക്തിയില്ലാത്തതല്ലെന്ന് നടനും എഴുത്തുകാരനുമായ എൻ. നന്ദകുമാർ വിശദീകരിച്ചു. അപരിമിതമായതിനെ പരിമിതമായ രൂപത്തിലേക്ക് സങ്കൽപ്പിച്ച് അപരിമിതമായ അവസ്ഥയെ സാക്ഷാൽക്കരിക്കുകയാണ് വിഗ്രഹാരാധനയുടെ അടിസ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. കേസരി നവരാത്രി സർഗ്ഗോത്സവത്തിൽ, വിഗ്രഹാരാധന യുക്തിവിരുദ്ധമോ എന്ന വിഷയത്തിൽ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം.
രൂപമില്ലാതെ സങ്കൽപ്പങ്ങളില്ല. ഒരേ ആശയത്തിന് പലർക്കും പല രൂപങ്ങളായിരിക്കും. ബ്രഹ്മത്തെ ബ്രഹ്മമല്ലാത്ത കല്ലിൽ സങ്കൽപ്പിച്ച് ശിവനായി ആരാധിച്ച്, അതേസമയം വിഗ്രഹം ഈശ്വരനല്ലെന്ന് വി ശ്വസിച്ച്, രൂപത്തിനപ്പുറമുള്ള അപരിമിതമായതിനെ സാക്ഷാൽക്കരിക്കുകയാണ് ചെയ്യുന്നത്.
ഈ ആരാധനയ്ക്ക് സ്ഥൂലോപാസന, സൂക്ഷ്മോപാസന, പരോപാസന എന്നിങ്ങ നെയാണ് അവസ്ഥകൾ. ഇതിൽ താഴേപ്പടിയിലാണ് വിഗ്രഹാരാധന വരുന്നത്. വിഗ്രഹാരാധന ഇല്ലാതാകണമെങ്കിൽ മനുഷ്യരാശിയാകെ അപരിമിതമായ ഈശ്വര ചൈതന്യത്തെ ഉപാസിക്കുന്ന മാനസിക വികാസം ആർജ്ജിക്കേണ്ടതുണ്ട്. അപ്പോൾ അപരിമിതമായതിനെ പരിമിതമായ വസ്തുവിൽ സങ്കൽപ്പിച്ച് നടത്തുന്നതാണ് വിഗ്രഹാരാധന. അത് യുക്തി ഭദ്രവുമാണ്, നന്ദകിഷോർ പറഞ്ഞു.
യോഗത്തിൽ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ റിട്ട. സൂപ്രണ്ട് പത്മ.എൻ അദ്ധ്യക്ഷയായി. നവരാത്രി സർഗ്ഗോത്സവം മാതൃസമിതി ഉപാദ്ധ്യക്ഷ സുകന്യ മോഹൻ സ്വാഗതവും സുധാ വിജയൻ നന്ദിയും പറഞ്ഞു.