കോഴിക്കോട്: വിഘടനവാദികള്‍ രാഷ്ട്രശരീരത്തെ വെട്ടിമുറിക്കാന്‍ കൊണ്ടുവന്ന കട്ടിങ് സൗത്തിനുള്ള മറുമറുന്ന് തന്ത്രവിദ്യയൂന്നിയ ബ്രിഡ്ജിങ്ങ് സൗത്താണെന്ന് അഭിനവഗുപ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ആര്.രാമാനന്ദ്. വേദത്തിനുപരി തെക്കിനെയും വടക്കിനെയും തന്ത്രവിദ്യ കൂട്ടിയോജിപ്പിക്കുന്നു. മാധവ്ജി തന്ത്രത്തെ സാമൂഹികമായി നോക്കിക്കണ്ടു.സാധക ശരീരം തന്നെയാണ് രാഷ്ട്ര ശരീരമെന്ന് മനസ്സിലാക്കിയ മാധവ്ജി കട്ടിങ് സൗത്തിനുള്ള മറുമരുന്ന് താന്ത്രികതയിലൂന്നിയ ബ്രിഡ്ജിങ്ങ് സൗത്താണെന്ന് വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ തെക്കുംവടക്കും കൂട്ടിയിണക്കുന്ന ആത്മീയധാരകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രാമാനന്ദ്.
സാധകശരീരത്തിലെ ഓരോ ഭാഗവും രാഷ്ട്ര ശരീരത്തില്‍ കാണാം. രാജ്യം വെട്ടിമുറിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് കവലം ഭൂമിയല്ല, അത് രാഷ്ട്രശരീരം തന്നയാണെന്ന് നേരത്തെ തന്നെ മനസ്സിലാക്കിയത് കുല്സിതശക്തികകളാണ്. അവര്‍ ആ ശ്രമം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.
ഭാരതത്തിലെ ഓരോ തീര്‍ത്ഥാടന കേന്ദ്രങ്ങളും ശക്തിപീഠങ്ങളാണ്. രാഷ്ട്രശരീരത്തെ ശക്തിപ്പെടുത്തുന്ന ഭാരതത്തിലെ 51 ശക്തിപീഠങ്ങളില്‍ മൂന്ന് ശക്തിപീഠങ്ങള്‍ നമുക്ക് നഷ്ടമായി. ശക്തികേന്ദ്രങ്ങളെ കൈയ്യേറുന്നത് കേവലം അതിര്ത്തികളായതുകൊണ്ടല്ല, മറിച്ച് രാഷട്രശരീരത്തെ ദുര്‍ബലപ്പെടുത്താനാണ്. രാഷ്ട്രത്തിലെ ശക്തിപീഠങ്ങള്‍ ഇനിയും നഷ്ടപ്പെടാതിരിക്കാനംു പ്രതിരോധിക്കാനും രാഷ്ട്രീയനടപടി മാത്രം പോരെന്നും ശക്തിപീഠങ്ങള്‍ നഷ്ടപ്പെട്ടുകൂടെന്ന ചിന്ത ജനങ്ങളില്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രത്തിന്റെ ആത്മാവിനെക്കുറിച്ച് ബോധ്യമുള്ള ഒരുജനതയുടെ ഇച്ഛാശക്തിക്കുമാത്രമെ ഇനിയും ശക്തിപീഠങ്ങള്‍ നഷ്പ്പെടാതെ കാത്തുസൂക്ഷിക്കാനാവൂ.
തെക്കിനെയും വടക്കുന്ന കൂട്ടിയിണക്കുന്ന ചില കാര്യങ്ങള്‍ നടന്നു വരുന്നുണ്ട്. അതില്‍ പ്രധാനം കേരളത്തിലെ ശാക്തേയ കാവുകളിലെ സാധനയും അനുഷ്ഠാനങ്ങളുമാണ്. കശ്മീരിന് നഷ്ടപ്പെട്ട കശ്മീരിന്റെ കുലക്രമം സംരക്ഷിച്ചു നിര്‍ത്തുന്നത് കേരളത്തിലെ 13 കാവുകളിലാണ്. ലോകം മുഴുവനുമുള്ള യൂണിവേഴ്സിറ്റികളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കശ്മീരിന്റെ കുലക്രമം പുസ്തകത്തില്‍ മാത്രമെയുളളൂവെന്നാണ് അവയെ കുറിച്ച് പഠിക്കുന്ന വിദേശപണ്ഡിതന്മാര് ധരിച്ചിരിക്കുന്നത്. അവരുടെ ധാരണ തിരുത്തി കേരളത്തിലെ 13 ശാക്തേയ കാവുകളില്‍ കശ്മീരിന്റെ കുലക്രമം അനുഷ്ഠിക്കപ്പെടുന്ന കാര്യം ലോകത്തോട് നാം ഉദ്ഘോഷിക്കണം. വിഭജനത്തിന്റെ തിക്തഫലം അനുഭവിച്ച കശ്മീരും വിഭജനത്തിന്റെ വിത്തുകള്‍ പാകിയ കേരളവും തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന ഒന്ന് ഈ കാവുകളിലുണ്ടെന്ന് ഉദ്ഘോഷിച്ചാല്‍ വിദേശപണ്ഡിതര്‍ കേരളത്തില്‍ ഓടിയെത്തും. സ്വന്തം ശരീരം തന്നെയാണ് രാഷ്ട്രം എന്ന ബോധം ആവര്‍ത്തിക്കുന്ന താന്ത്രിക പദ്ധതിയിലൂടെ രാഷ്ട്രശക്തി ഉണര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. സുലോചന കാരോത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ആശാലത അധ്യക്ഷയായിരുന്നു. പി.ജി.പ്രിയ, ശോഭാ സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. സര്‍ഗോത്സവത്തില്‍ രാഗമാലിക കോഴിക്കോടിന്റെ ഭജനയും നിവേദിത സുധീഷിന്റെ നൃത്തവും ഡോ. എടനാട് രാജന് നമ്പ്യാരുടെ ചാക്യാര്‍ കൂത്തും ബാലഗോകുലം കോഴിക്കോടിന്റെ നൃത്തവും അരങ്ങേറി.