കോഴിക്കോട്: ദേശകാലത്തിന് അനുസൃതമായുള്ള ക്ഷേത്രാചാരപരിഷ്കരണം അനിവാര്യമെങ്കില്‍ മാത്രമെ പാടുളളൂവെന്ന് സ്വാമി ചിദാനന്ദപുരി. അത് സ്വാഭാവികവും അനിവാര്യതയില്‍ നിന്നുമായിരിക്കണം. ഭക്തരുമായി കൂടിയാലോചന നടത്തി മാത്രമെ പരിഷ്കരണം പാടുളളൂവെന്നും അദ്ദേഹം പറഞ്ഞു. ധര്മ്മവിഷയത്തിലോ, ആചരണവിഷയത്തിലോ ഏതെങ്കിലും വിധത്തിലുള്ള സന്ദേഹം ഉണ്ടായാല്‍ യുക്തരായ പണ്ഡിതരില്‍ നിന്ന് സംശയനിവൃത്തി നേടണമെന്നും അദ്ദേഹം പറഞ്ഞു. കേസരി നവരാത്രി ആഘോഷത്തോടനുബന്ധിച്ച് സര്‍ഗ്ഗ സംവാദത്തില്‍ ‘ആചാരപരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നതെപ്പോള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശകാലാനുസ്ൃതമായി ആചരണങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ ശാസ്ത്രത്തിന് അനുസൃതമായിരിക്കണമെന്നാണ് ഭഗവദ്ഗീത പറയുന്നത്. സ്മൃതിയെന്നും ശ്രുതിയെന്നും ശാസ്ത്രത്തെ തരംതിരിക്കാം. ഇതില്‍ ശ്രുതിയെ മാറ്റാനാവില്ല. സ്മൃതി മാത്രമെ മാറ്റാനാവു. ശ്രുതിക്ക് അനുസൃതമായെ സ്മൃതിയിലും മാറ്റം വരുത്താനാവു. വിദ്വാന്മാര് വരുത്തുന്ന മാറ്റങ്ങള്‍ ഭരണാധികാരികള്‍ നടപ്പാക്കിയതായും എന്നാല്‍ സഹസ്രാബ്ദങ്ങളായി നമ്മുടെ ആചരണങ്ങളില്‍ കാലാനുസൃതമായ പരിഷ്കരണം സാധ്യമാക്കിയിട്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിയാണെങ്കിലും സമൂഹമാണെങ്കിലും ആചരണങ്ങളില്‍ വരുത്തുന്ന മാറ്റം സനാതനധര്‍മ്മത്തിലെ അടിസ്ഥാനത്തെ തള്ളിക്കൊണ്ടാവരുത്. സത്യപറയുകയും ധര്‍മ്മത്തില്‍ ചരിക്കുകയും സ്വാധ്യായങ്ങളില് നിന്ന് മടിച്ച് പിന്മാറാതിരിക്കുകയുമാണ് സനാതന ധര്‍മ്മത്തിന്റെ അടിസ്ഥാനം. നമ്മുടെ ആലസ്യത്തെ ദേശകാലങ്ങളുടെ മുഖംമൂടിയണിച്ച് ആചരണങ്ങളില്‍ നിന്ന് പിന്തിരിയുന്ന അവസ്ഥാവിശേഷം ഉണ്ടാവരുത്. നിത്യകര്‍മ്മങ്ങള്‍ ആചരിക്കണം. ആചരണം അത്തരത്തില്ലെങ്കില് മാനുഷികമാവില്ല. ചെയ്യുന്ന കാര്യങ്ങള്‍ ഈശ്വരീയമാവണം. ലോകം പ്രതീക്ഷാഭരിതമായി നമ്മെ ഉറ്റുനോക്കുന്ന കാലത്ത് മറ്റുള്ളവരെ അനുകരിച്ച് നമ്മുടെ സ്വത്വത്തെ നശിപ്പിച്ചാല്‍ ലോകത്തിന് നമുക്ക് എന്തുകൊടുക്കാനാവുമെന്നും അതുകൊണ്ട് യുക്തി ഭദ്രമായ ആചാരാനുഷ്ഠാനത്തെ വികസിതമായി വളര്‍ത്തി തലമുറയ്ക്ക് കൈമാറണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
സുജാത രാജഗോപാല്‍ അധ്യക്ഷയായി. നീന, പി.സി.ശുഭ എന്നിവര്‍ സംസാരിച്ചു. രുഗ്മായി ഭജനമണ്ഡലിയുടെ ഭജനയും മഞ്ജിര ധ്വനി ടീമിന്റെ സംഘനൃത്തവും പ്രസീന സുമോദിന്റെ ക്ലാസിക്കല്‍ ഭജന്‍സും നവരാത്രി മാതൃസമിതിയുടെ നൃത്തനൃത്യങ്ങളും അരങ്ങേറി