കോഴിക്കോട്: കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ ഭാഗമായി മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും കോഴിക്കോട് ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സിനിമിനി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി കെ.എ. അഖിലേഷ് സംവിധാനം ചെയ്ത ‘ബര്‍സ’ തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകന് വി.എം. വിനു ചെയര്‍മാനും വിധുബാല, ഹരീഷ് പി. കടയപ്രത്ത്, യു.പി. സന്തോഷ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
15000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ഒന്നാം സമ്മാനം. പതിനായിരം രൂപയുടെ രണ്ടാം സമ്മാനം സുനിത് സോമശേഖരന്‍ സംവിധാനം ചെയ്ത ‘മായാത്ത മാരിവില്‍’ എന്ന ചിത്രത്തിനും 5000 രൂപയുടെ മൂന്നാം സമ്മാനം അനല്‍ ചന്ദ്രന്, ശരണ്‍കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘നിര്‍ഭയ’ എന്ന ചിത്രത്തിനും ലഭിച്ചു. ‘ബര്‍സ’യിലെ അഭിനയത്തിന് അശ്വതി രാംദാസ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അനില്‍ കെ.സി. സംവിധാനം ചെയ്ത ‘അവന്തിക’, ശ്രീജേഷ് സോമന് സംവിധാനം ചെയ്ത ‘കണ്ണശ്ശന്‍’ എന്നീ ചിത്രങ്ങള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി. മേളയിലെ മത്സരവിഭാഗത്തില്‍ സമ്മാനാര്‍ഹമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
അവാര്‍ഡുകള്‍ 12ന് വൈകിട്ട് 5.30ന് കേസരി ഭവനില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് സമ്മാനിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ അഖിലേഷ് കെ.എ., സുനിത് സോമശേഖരന്‍, അനല്‍ ചന്ദ്രന്, ശരണ്‍കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു. കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍. ആര്. മധു, ഹരീഷ് പി. കടയപ്രത്ത്, യു.പി. സന്തോഷ് എന്നിവര്‍ സംസാരിച്ചു.