കോഴിക്കോട്: മുത്തശ്ശിക്കഥകളില്‍ നിന്നും വായനയിലേക്കും ഭാവനയിലേക്കും നമ്മുടെ ഭാവുകത്വം പരിണമിച്ചപ്പോള്‍ കഥാപാത്രങ്ങളെല്ലാം കൂട്ടുകാരായിമാറിയ ഭാരതത്തിന്റെ സ്വത്വത്തിന്റെ പ്രതീകമായ കൃതിയാണ് മഹാഭാരതമെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് സംസ്കൃത വിഭാഗം മേധാവി ഡോ.ലക്ഷ്മി ശങ്കര്‍ പറഞ്ഞു. കേസരി നവരാത്രി സര്‍ഗോത്സവത്തില്‍ മലയാള സാഹിത്യത്തിലെ മഹാഭാരത സ്വാധീനം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകസംസ്കാരത്തിന് ഭാരതത്തിന്റെ ഈടുവയ്പായകൃതിയാണെന്നറിയാതെയാണ് മഹാഭാരതം നമ്മെ സ്വാധീനിച്ചത്. നമ്മുടെ ചിന്തയെയും നീതി ബോധത്തെയും ലാവണ്യ ബോധത്തെയുമെല്ലാം അത് സ്വാധീനിച്ചു. മഹാഭാരതത്തെ ഉപജീവിച്ചാണ് മലയാളത്തിലെ കൃതികള്‍ അധികവും ഉണ്ടായത്. മഹാഭാരതത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് നമ്മുടെ വായനയും എഴുത്തും മുന്നോട്ടുപോകാന്‍ പറ്റാത്തവണ്ണം നമ്മുടെ സംസ്കാരവുമായി അത് ഇഴുകി ചേര്‍ന്നതായും അവര്‍ ലക്ഷ്മി ശങ്കര്‍ പറഞ്ഞു. പ്രൊഫ.സ്വര്‍ണ്ണകുമാരി അധ്യക്ഷയായി. ഭാവന സുരേഷ്, ഗീത പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പയ്യാനക്കല്‍ ശ്രീപദ്മം ഭജന്‍സിന്റെ ഭജന, ലക്ഷമി സുനീഷിന്റെ വയലിന് സോളോ, ശ്രീദേവി വെങ്ങാലിലും സംഘവും അവതരിപ്പിച്ച കഥക് നൃത്തം, സുധാ രഞ്ജിത്തിന്റെ സംഗീത കച്ചേരി എന്നിവ അരങ്ങേറി.