കോഴിക്കോട്: കഥ പറഞ്ഞ് കഥ പറഞ്ഞ് കഥയ്ക്കുളളിലെ ശാസ്ത്രത്തെ പഠിക്കാതെ പോയതാണ് ഭാരതത്തിന് സംഭവിച്ച അപചയമെന്ന് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേസരി നവരാത്രി സര്‍ഗോത്സവം സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച കഥപറച്ചിലുകാര്‍ ഭാരതീയരാണ്. കഥാസരിത് സാഗരം, പഞ്ചതന്ത്രം തുടങ്ങി കഥയുടെ സാഗരമാണ് ഉള്ളത്. ഒരുകഥയ്ക്കകത്ത് മറ്റൊന്ന്, അതിനകത്ത് മറ്റൊന്ന് എന്നിങ്ങനെ കഥകള്‍ പറഞ്ഞവരാണ് ഭാരതീയര്‍. ഭാരതത്തില്‍ സൂതന്മാര് പോലും കഥ പറഞ്ഞു. യവനന്മാര്ക്ക് പോലും നമ്മെപ്പോലെ കഥപറയാനായില്ല.
നമ്മുടെ കഥകളൊന്നും അന്ധവിശ്വാസമല്ലെന്നും അത് ശാസ്ത്രം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രപഞ്ചമുണ്ടായത് മഹാവിസ്ഫോടനത്തിലൂടെയാണ്. ഇതിനെ നാം ആദിപരാശക്തിയെന്ന് വിളിച്ചു. ആദ്യമുണ്ടായ ശബ്ദമാണ് ആകാശം. നാദമാണ് ആദ്യമുണ്ടായത്. നാദത്തെ രൂപപ്പെടുത്തിയതാണ് നാദരൂപിണി. ആ നാദരൂപിണിയാണ് സരസ്വതി. നാദത്തിന്റെ ഭാഷയാണ് സ്വരം. ഭാവനകൊണ്ട് രൂപം നല്‍കിയതാണ് ഭാഷ. ആദിപരാശക്തിയെ നാം ദേവി എന്നു വിളിച്ചു. അതുകൊണ്ട് ആദിപരാശക്തിയെന്നത് അന്ധവിശ്വസമല്ല അത് ശാസ്ത്രമാണ്. പ്രപഞ്ചമുണ്ടായത് ശബ്ദത്തില്‍ നിന്നാണെന്ന് ആദ്യംപറഞ്ഞത് പാശ്ചാത്യരല്ല, ഭാരതീയരാണ്. പക്ഷെ നമുക്ക് നമ്മുടെ അറിവില്‍ ആത്മവിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ കഥയിലെ ശാസ്ത്രത്തെ നാം തിരിച്ചറിയണമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സട്രോക്കിനെ തുടര്‍ന്ന് മരണത്തെ മുഖാമുഖം കണ്ടതിനുശേഷം ആദ്യമായി പൊതുപരിപാടിയില്‍ പങ്കെടുത്ത താന്‍ സാഹസികമായാണ് എത്തിയതെന്നും നവരാത്രി ആഘോഷത്തിന് വരാന്‍ കാരണം ഭാരതീയനാണ് എന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കാലടി സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി അദ്ധ്യക്ഷയായി. എന്തിനെയും അതിവേഗം സ്വാംശീകരിക്കാനുളള കഴിവ് മലയാളിക്ക് ഉണ്ടെന്നും ലാസ്യരസപ്രധാനമായ ഗീത ഗോവിന്ദം മലയാളി സോപാനസംഗീതമാക്കി മാറ്റിയെന്നും അവര്‍ പറഞ്ഞു. സനാതനധര്‍മ്മ സ്വാധീനം മലയാള സാഹിത്യത്തില്‍ എന്ന വിഷയത്തില്‍ സാമൂതിരി ഗുരുവായൂരപ്പന് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന് പ്രഭാഷണം നടത്തി. നവരാത്രി സര്‍ഗ്ഗോത്സവം മാതൃസമിതി അദ്ധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണന്, മാതൃസമിതി കണ്‍വീനര്‍ ബീന സന്തോഷ് സംസാരിച്ചു. ചടങ്ങില്‍ ഹരേകൃഷ്ണ ഭജനസംഘത്തിന്റെ ഭജനയും രചന സുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച ഭരതനാട്യവും പ്രസന്ന പ്രകാശ് അവതരിപ്പിച്ച മോഹിനിയാട്ടവും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനി ടി. കൃഷ്ണപ്രിയയുടെ കുച്ചിപ്പുടിയും നല്ലീര്‍ സുധീന്ദ്രനാഥും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയും അരങ്ങേറി.