കോഴിക്കോട് :കേസരി ഭവനില്‍ വരുന്ന പത്തു ദിവസങ്ങളിലായി നടക്കാന്‍ പോകുന്ന നവരാത്രി സര്‍ഗ്ഗോത്സവത്തിന് മുന്നോടിയായി മഹാ സാരസ്വത പൂജ നടന്നു. വൈകിട്ട് 5.30ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര മുഖ്യ അര്ച്ചകന് സുബ്രഹ്മണ്യ അഡിഗകള്‍ ചടങ്ങിന് കാര്‍മികത്വം നല്കി. അദ്ദേഹത്തെ സര്‍ഗ്ഗോത്സവ സമിതി അധ്യക്ഷയും സിനിമാ താരവുമായ വിധുബാല പൂര്‍ണ്ണകുംഭം നല്കി കേസരി ഭവന്റെ പൂമുഖത്ത് കുടികൊള്ളുന്ന സരസ്വതിയമ്മന്റെ തിരുനടയിലേക്ക് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് ഭക്തര്‍ സമര്‍പ്പിച്ച വഴിപാടുകള്‍ ഏറ്റുവാങ്ങിയ ശേഷം മൂകാംബിക അഡിഗകള്‍ ഭക്തര്‍ക്ക് നവരാത്രി സന്ദേശം നല്കി. തുടര്‍ന്ന് മഹാ സാരസ്വതാര്‍ച്ചന നടന്നു.
ഒക്ടോബര്‍ 3ന് രാവിലെ 11ന് നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കേരളാ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വ്വഹിക്കും. ഇതോടെ പത്തുദിവസങ്ങളിലായി നടക്കുന്ന കോഴിക്കോട് സര്‍ഗ്ഗോത്സവത്തിന് തിരിതെളിയും.