കൊച്ചി: ആർ എസ് എസിനെ അപകീർത്തിപ്പെടുത്തി നിയമസഭയിലുയർന്ന പരാമർശങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ പറഞ്ഞു. തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസ്സാണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎൽഎയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവർ പറയുന്നത് അപലപനീയമാണ്. എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിഷയത്തിൽ ഗവർണറെയും സ്പീക്കറെയും കാണും. ആർഎസ്എസിനെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശ്യത്തോടെയാണ്. പൂരം സംബന്ധിച്ച വിവാദങ്ങളിൽ സംഘത്തിൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. മന്ത്രിയും എം എൽ എയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾ നേടാൻ പരസ്പരം വിഴുപ്പലക്കുന്നതിനിടയിൽ സംഘത്തിൻ്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല, ഇത്തരം വിവാദങ്ങളിലിടപെടാൻ ആർ എസ് എസിന് സമയമില്ല, താത്പര്യവുമില്ല, തൃശ്ശൂർ പൂരവും ശബരിമല തീർത്ഥാടനവുമടക്കം കേരളത്തിൻ്റെ തനിമയും സംസ്കൃതിയും അടയാളപ്പെടുത്തുന്ന എല്ലാ ഉത്സവങ്ങളെയും സംഘർഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിതമായ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ഇത്തരം ആരോപണങ്ങൾ. പി.എൻ. ഈശ്വരൻ ചൂണ്ടിക്കാട്ടി.