‘സംഭവങ്ങളെ യഥാതഥം നിരീക്ഷിക്കുകയും യുക്തിയുക്തം വിലയിരുത്തുകയും അതു നിര്‍ഭീകം തുറന്നുപറയുകയും ചെയ്യുന്നയാള്‍ മാത്രമേ പ്രശസ്തിക്കു പാത്രമാവുന്നുള്ളൂ’വെന്നു ഭാരതത്തിന്റെ പുരാതന ചരിത്രകാരനായ കല്‍ഹണന്‍ തന്റെ രാജതരംഗിണിയില്‍ രേഖപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാല്‍ യുക്തിബോധവും ആത്മാര്‍ത്ഥതയും സ്വപ്രത്യയസ്ഥൈര്യവും സിംഹവീര്യവുമുള്ള ഒരുവനുമാത്രമേ നല്ല എഴുത്തുകാരനാകാനാവൂ. ദയനീയമെന്നു പറയട്ടെ ഇതു പലപ്പോഴുമങ്ങനെയല്ല. ഇതിന്റെ പരിതാപകരമായ അവസ്ഥ ഇന്ന് ഏറ്റവും കൂടുതല്‍ പ്രകടമാവുന്നത് ഈ പറഞ്ഞ മൂല്യങ്ങള്‍ അനുപേക്ഷണീയങ്ങളായ പത്രപ്രവര്‍ത്തന മേഖലയിലാണ്. ഒരുപക്ഷേ മറ്റു മേഖലകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും പരിതാപകരവും ദേശദ്രോഹാത്മകങ്ങളുമായ പ്രവര്‍ത്തനങ്ങള്‍ വരെയും നടക്കുന്ന രംഗം നമ്മുടെ പത്രപ്രവര്‍ത്തനത്തിന്റേതാണെന്നു തോന്നിപ്പോകും. വെറും രേഖപ്പെടുത്തല്‍ മാത്രമല്ല അതോടൊപ്പം മൂല്യാധിഷ്ഠിതമായ നിരീക്ഷണങ്ങളും തത്സംബന്ധിയായ അഭിപ്രായപ്രകടനങ്ങളും ഇവിടെ ആവശ്യമായിരിക്കെ പലപ്പോഴും സമൂഹം സാക്ഷ്യം വഹിക്കുന്നത് അര്‍ത്ഥഗര്‍ഭവും നിര്‍ലജ്ജവുമായ മൗനങ്ങള്‍ക്കാണ്. തുറന്നുപറയുവാനുള്ള അധൈര്യം അല്ലെങ്കില്‍ അതു പറഞ്ഞാലുണ്ടാകാവുന്ന ലാഭനഷ്ടങ്ങളെപ്പറ്റിയുള്ള അങ്കലാപ്പ്. ചെന്നെത്തുന്നതോ സ്വന്തം വ്യക്തിത്വത്തിന്റെ അടിയറവു വയ്ക്കലിലും, അതോടൊപ്പം സിംഹവീര്യംകൊണ്ട് അലങ്കരിക്കേണ്ട ഒരു കര്‍മ്മമേഖലയെ ശ്വാനന്റെ ഓരിയിടല്‍ കൊണ്ടുള്ള തരം താഴ്ത്തലിലും. ഒരുപക്ഷെ വര്‍ത്തമാനത്തില്‍ നാണംകെട്ട ഈ മേഖലക്ക് ഉത്തുംഗവും ഉദാത്തവുമായ ഒരു പാരമ്പര്യമുണ്ടെന്നുള്ളത് പുതിയ തലമുറയ്ക്ക് അവിശ്വസനീയമാവും. അത്രമാത്രമായിക്കഴിഞ്ഞു മാനത്തുനിന്നും ‘മാപ്ര’യിലേക്കുള്ള, അല്ലെങ്കില്‍ അവരില്‍ ചിലര്‍തന്നെ സ്വയം വിളിക്കുന്നതുപോലെ ‘കുറിപ്പെഴുത്തുകാര്‍’ അല്ലെങ്കില്‍ ‘കുത്തിക്കുറിപ്പുകാര്‍’ (Scribes) എന്ന നിലയിലേക്കുള്ള പതനം!
പത്രപ്രവര്‍ത്തനത്തിന്റെ സിംഹഗര്‍ജ്ജനം ഭാരതം അല്ലെങ്കില്‍ ലോകം തന്നെ ഏറ്റവും കൂടുതല്‍ ശ്രവിച്ചത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരകാലത്തായിരുന്നു. എന്തെന്നാല്‍ ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധ നേടിയവരായിരുന്നു അന്നത്തെ സാഹിത്യകാരും എഴുത്തുകാരും. രവീന്ദ്രനാഥ ടാഗൂര്‍, ബാലഗംഗധര്‍ തിലക്, ഋഷി ബങ്കിംചന്ദ്രന്‍, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദന്‍, ശ്യാംസുന്ദര്‍ ചക്രവര്‍ത്തി, വിവേകാനന്ദസോദരനായ ഭൂപേന്ദ്രനാഥ് ദത്ത അങ്ങനെ പോകുന്നു അതികായന്മാരുടെ ആ നീണ്ടനിര. വൈദേശികാടിമത്തത്തില്‍ അമര്‍ന്ന ഭാരതത്തിന് ആര്‍ജ്ജവവീര്യം പകര്‍ന്നത് ഒരു നല്ല അളവുവരെ ഈ രാഷ്ട്രദാര്‍ശനികരുടെയും രാജ്യസ്‌നേഹികളുടെയും രചനകള്‍ തന്നെയായിരുന്നു. രാഷ്ട്രബോധമുണര്‍ത്തുന്ന രചനകള്‍ നേരത്തേതന്നെ ഭാരതത്തിനു സ്വായത്തമായിരുന്നു (ഔറംഗസീബിനെ സംബോധന ചെയ്ത് ഛത്രപതി ശിവാജി മഹാരാജ് അയച്ച കത്തുകള്‍ സ്മരണീയം). എന്നാല്‍ അവ കൂടുതല്‍ ശ്രദ്ധേയമായത് ആയിരത്തിയെണ്ണൂറുകളുടെ അവസാനവും ആയിരത്തിത്തൊള്ളായിരങ്ങളുടെ ആദ്യവുമായിരുന്നു.
ആധുനികഭാരതത്തിന്റെ പത്രപ്രവര്‍ത്തനത്തില്‍ അഗ്രേസരത്തം കാട്ടിയ വ്യക്തികള്‍ അനവധിയാണ്. അതില്‍ അഗ്രഗണ്യനായിരുന്നു വിശ്വസാഹിത്യത്തില്‍ മായാമുദ്ര പതിപ്പിച്ച ‘സാവിത്രി’യുടെ കര്‍ത്താവായ അരവിന്ദന്‍, മഹര്‍ഷി അല്ലെങ്കില്‍ വിശ്വോത്തര ദാര്‍ശനികനും ഭാരതത്തിന്റെ രാഷ്ട്രദാര്‍ശനികനുമായ അരവിന്ദ ഘോഷ്. രചന അരവിന്ദന് തപസ്യയായിരുന്നു. ഏതാണ്ട് ബിരുദപഠനകാലത്തുതന്നെ എഴുതപ്പെട്ട ‘ഹെക്ക്യൂബയും’ ‘ഫോക്‌സ് വീക്കിലി’യിലെ രചനകളും അന്നേ അദ്ദേഹത്തിനു ലോകശ്രദ്ധ നേടിക്കൊടുത്തവയായിരുന്നു. എങ്കിലും അരവിന്ദരചനകള്‍ അവയുടെ സിംഹഗര്‍ജ്ജനം നടത്തിയത് ഭാരതത്തില്‍ വച്ചായിരുന്നു. ഒരുപക്ഷേ തന്റെ ജീവിതത്തിലും ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലും അല്ലെങ്കില്‍ ആഗോള പത്രപ്രവര്‍ത്തനമേഖലയില്‍ തന്നെയും അവിസ്മരണീയമായവയായിരുന്നു ആയിരത്തിയെണ്ണൂറ്റിത്തൊണ്ണൂറുകളില്‍ ബോംബെയിലെ ‘ഇന്ദുപ്രകാശ്’ എന്ന പ്രസിദ്ധീകരണത്തിലൂടെയുള്ള അരവിന്ദഘോഷിന്റെ രചനകള്‍. ‘വൃദ്ധര്‍ക്കു പുതിയ വെളിച്ചങ്ങള്‍’ (New Lamps for old)) എന്ന ശീര്‍ഷകത്തില്‍ പ്രത്യക്ഷപ്പെട്ട ഈ ലേഖന പരമ്പര അന്നുവരെ ആലസ്യത്തിലാണ്ടുകിടന്നിരുന്ന ഭാരതസ്വാതന്ത്യസമരത്തിനും ഭാരതദേശീയതക്കുതന്നെയും ഒരു നവാനുഭവമായിരുന്നു.
വിദേശിയുടെ കൗടിലീയത്തില്‍നിന്നും പിറന്നുവീണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തികളും പാദസേവകരുമായി കഴിഞ്ഞുകൂടുകയെന്നത് വരദാനമായിക്കണ്ട കാലമായിരുന്നു അത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകനായ അലന്‍ ഒക്‌റ്റേവിയന്‍ ഹ്യുമിന്റെ വില്ല്യം വെഡര്‍ബേണ്‍ എഴുതിയ ജീവചരിത്രം വായിക്കുന്നവര്‍ക്ക് കോണ്‍ഗ്രസ്സ് സ്ഥാപനത്തിന്റെ പിന്നിലെ ചതി മനസ്സിലാവും). ഈ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്നതും അതു സ്ഥാപിച്ച സായ്വുമാര്‍തന്നെ തീരുമാനിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷം എങ്ങനെ പ്രവര്‍ത്തിച്ചുവോ അങ്ങനെ വേണം ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കാന്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി അതിനെ ശരിയാക്കുകയും ശാക്തീകരിക്കുകയും തദ്വാരാ ശാശ്വതവത്ക്കരിക്കുകയും ചെയ്യുകയെന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം! എന്തിന്, കോണ്‍ഗ്രസ്സ് സ്ഥാപിക്കുകവഴി ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രണ്ടാമത്തെ അടിസ്ഥാനശിലയാണ് തങ്ങള്‍ പാകിയതെന്നുള്ള സുരേന്ദ്രനാഥ് ബാനര്‍ജിയുടെ പ്രസ്താവന ആങ്ഗലേയതയില്‍ ആസ്വാദനം കണ്ടെത്തിയ ഒരു ഭാരതീയന്റെ നിര്‍ല്ലജ്ജതയെയാണ് സൂചിപ്പിച്ചത്. എന്തിനും വിദേശിയോടിരക്കുകയെന്ന സ്വഭാവമായിരുന്നു കോണ്‍ഗ്രസ്സ് രൂപീകരിച്ചത്. അങ്ങനെ ‘ഇരക്കുക, ഹര്‍ജികൊടുക്കുക, പ്രതിഷേധിക്കുക’ (Pray, Petition and Protest) എന്ന ഇരപ്പാളിയുടെ മുനയില്ലാത്രിശൂലം കോണ്‍ഗ്രസ്സിന്റെ ആലയില്‍നിന്നും പുറത്തുവന്നു. കോണ്‍ഗ്രസ്സിന്റെ ശൈശവം അങ്ങനെ ചരിത്രകാരുടെ ഭാഷയില്‍പ്പറഞ്ഞാല്‍ രാഷ്ട്രീയ ഭിക്ഷാടനത്തിന്റെ (Political Mendicancy)) കാലഘട്ടമായിരുന്നു.
ഇരപ്പാളിത്തത്തില്‍ നിന്നും ആഢ്യതയിലേക്കുള്ള കോണ്‍ഗസ്സിന്റെ സമൂലപരിണാമം കാലത്തിന്റെ അനിവാര്യതയായിരുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ ബ്രിട്ടീഷ് ഭരണകൂടത്തിനുവേണ്ടി കുരയ്ക്കാനായി കല്‍ക്കട്ടക്കാരനായ വുമേഷ് ചന്ദ്ര ബോണര്‍ജിയുടെ അദ്ധ്യക്ഷതയില്‍ ജന്മമെടുത്ത കോണ്‍ഗ്രസ്സിന് പില്‍ക്കാലത്തു വന്ന ഒരുപറ്റം ദേശസ്‌നേഹികള്‍ സിംഹതേജസ്സു പകരുകയാണുണ്ടായത്. ഇവരില്‍ അഗ്രഗണ്യനായിരുന്നു അരവിന്ദ ഘോഷ്. തന്റെ കേംബ്രിഡ്ജ്കാലം കഴിഞ്ഞ് ഭാരതത്തിലേക്കു വന്ന അരവിന്ദനെക്കൊണ്ട് അദ്ദേഹത്തിന്റെ കേംബ്രിഡ്ജ് സഹപാഠിയായിരുന്ന കേശവ് ഗണേശ് ദേശ്പാണ്ഡെ താന്‍ തുടങ്ങിയ ‘ഇന്ദുപ്രകാശ്’ എന്ന പ്രസിദ്ധീകരണത്തില്‍ ലേഖനങ്ങളെഴുതിക്കാന്‍ തുടങ്ങി. ആദ്യത്തേത് 1893 ജൂണ്‍ 26 പ്രത്യക്ഷപ്പെട്ട ‘ഭാരതവും ബ്രിട്ടീഷ് പാര്‍ലമെന്റും’ (India and British Parliament) എന്ന ലേഖനമായിരുന്നു. പിന്നീടുവന്ന ലേഖനങ്ങള്‍ അന്നുവരെ കോണ്‍ഗ്രസ്സിനെ നയിച്ച മൂരാച്ചി വൃദ്ധന്മാര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നവയായിരുന്നു. ‘വൃദ്ധന്മാര്‍ക്ക് പുതിയ വെളിച്ചം’ എന്ന പരമ്പരയിലെ ഈ ലേഖനങ്ങള്‍ ഭാരതദേശീയതയുടേതു മാത്രമല്ല രാഷ്ട്രദാര്‍ശനികതയുടെ മേഖലയെത്തന്നെ ഇളക്കിമറിക്കുന്നവയായിരുന്നു. ഒരുപക്ഷെ ലോകംതന്നെ അന്നുവരെ കേട്ടിട്ടില്ലാത്ത രാഷ്ട്രസംസ്‌കൃതിയുടെ സിംഹഗര്‍ജ്ജനങ്ങളായിരുന്നു അവ. ആംഗലേയഭരണകൂടത്തിന്റെ ആജ് ഞാനുവര്‍ത്തിയായ കോണ്‍ഗ്രസ്സിനെ ‘അന്ധരാല്‍ കുഴിയിലേക്കു നയിക്കപ്പെടുന്ന അന്ധന്മാരുടെ കൂട്ടം’ (blind led by the blind into a ditch) എന്നായിരുന്നു മഹര്‍ഷി അരവിന്ദന്‍ വിലയിരുത്തിയത് (ഇന്ദുപ്രകാശ് 7 ആഗസ്റ്റ് 1893). ഭാരതത്തിന്റെ രാഷ്ട്രീയസമരങ്ങള്‍ പ്രകടമാക്കിയ കാപട്യത്തെയും കോണ്‍ഗ്രസ്സിന്റെ നേരും നെറിയുമില്ലാത്ത കാഴ്ചപ്പാടിനെയും വിമര്‍ശിച്ചുകൊണ്ട് കേശവ് ഗണേശ് ദേശ്പാണ്ഡെ അരവിന്ദന്റെ ലേഖനങ്ങള്‍ക്ക് ശക്തമായി ഇങ്ങനെ ആമുഖം കുറിച്ചു: ‘ഈ വരാന്‍ പോകുന്ന ലേഖനങ്ങള്‍ സാഹിത്യവാസനയുടെ ഔന്നത്യമുള്ള, ഗണ്യമായ ആംഗലേയാനുഭവവും മിതത്ത്വസംസ്‌കൃതിയും ലേഖനകലയില്‍ സാമര്‍ത്ഥ്യവുമുള്ള വിശിഷ്ഠ വ്യക്തിയുടേതാണ് – അവ വ്യക്തിനിഷ്ഠമായ ശൈലീവല്ലഭത്വമുള്ളവയായിരിക്കും… ചിന്തോദ്ദീപകങ്ങളായ ഈ ലേഖനങ്ങള്‍ രാഷ്ട്രമനസ്സുകളെ ശാക്തീകരിക്കുന്നവയായിരിക്കും’. ദേശ്പാണ്ഡെ അവതരിപ്പിച്ചതുപോലെതന്നെ അരവിന്ദന്റെ ലേഖനങ്ങള്‍ അസാധാരണമാംവണ്ണം സമരാത്മകങ്ങളായിരുന്നു. അനീതിയോട് ഒരു യുവാവിനുള്ള അസഹിഷ്ണുതയും ആദര്‍ശധീരതയും ഒരു യഥാര്‍ത്ഥ പ്രതിഭയുടെ ബൗദ്ധികതയും ആ ലേഖനങ്ങളുടെ മുഖമുദ്രകളായിരുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ കോണ്‍ഗ്രസ്സിനെതിരെ തുടക്കത്തിലേതന്നെ അദ്ദേഹം തൂലികയെടുത്തു. കോണ്‍ഗ്രസ്സിന്റെ ജനനത്തിനുശേഷം കാലമേറെക്കഴിഞ്ഞിട്ടും ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നും ചെയ്യാനതിനു കഴിഞ്ഞിരുന്നില്ല. ”ആംഗ്ലോ-ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ ഭിത്തികളിലൊരു വിള്ളലുണ്ടാക്കാന്‍ പോലും കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല. തത്ഫലമായി ഭാരതത്തിന്റെ മുകളിലൂടെ ദാരിദ്ര്യത്തിന്റെ മൂടാപ്പ് വിരിക്കുന്നതില്‍ ബ്രിട്ടണ്‍ പൂര്‍ണ്ണമായും വിജയിച്ചു’. ബ്രിട്ടീഷുകാരെക്കുറിച്ച് വലിയ ധാരണയുള്ള ഭാരതീയരുടെ മുമ്പില്‍ അവരുടെ അല്പത്തത്തെ ശക്തമായി അദ്ദേഹം തുറന്നുകാട്ടി. ഇംഗ്ലിഷുകാര്‍ ‘വെറും സാധാരണരാണ്. സാധാരണരെന്നുമാത്രമല്ല വെറും സാധാരണ ഇംഗ്ലീഷുകാര്‍. ഇടുങ്ങിയ തരംതാഴ്ന്ന മനസ്സുള്ള വെറും അസംസ്‌കൃതരായ മദ്ധ്യവര്‍ത്തികളായ കച്ചവടക്കാര്‍, നിലവാരം കുറഞ്ഞ മനസ്സുള്ളവരുടെ കൂട്ടത്തില്‍പ്പെടുന്നവര്‍’ (ഇന്ദുപ്രകാശ് 24 ആഗസ്റ്റ് 1893). (…really very ordinary men and not only ordinary men, but ordinary English men the type of middle class or philistine … with the narrow hearts and commercial habits of mind peculiar to that sort of people.) ‘ബ്രിട്ടീഷുകാരുടെ താഴ്ന്ന സ്വത്വത്തിന്റെ സീമകളെ ലംഘിക്കാത്തതിന് അവരോട്’ കുറേക്കൂടി അനുകമ്പയും വിശാലമനസ്‌കതയുമുള്ളവരാകണമെന്ന് യാചിക്കാറുണ്ടായിരുന്ന കോണ്‍ഗ്രസ്സുകാരുടെ മൂഢതയോട് ഈ പുരുഷകേസരിക്ക് അവജ്ഞയായിരുന്നു. കഴുതയില്‍ കുതിരയെ പ്രതീക്ഷിക്കുന്നതിനോളം വിഡ്ഢിത്തം മറ്റെന്തുണ്ട്? അദ്ദേഹം അത്ഭുതപ്പെട്ടു. ”ബ്രിട്ടീഷ് രാജ്ഞിയോട് കോണ്‍ഗ്രസ്സ്‌കാര്‍ കാട്ടുന്ന കാപട്യം നിറഞ്ഞ പതഞ്ഞുപൊങ്ങലിന്റെ’ കഴമ്പില്ലായ്മയെ അദ്ദേഹം തുറന്നുകാട്ടി. ‘വെറുമൊരു മര്യാദയുടെ പേരില്‍ രാജചക്രവര്‍ത്തിനിയെന്നു വിളിക്കപ്പെടുന്ന ഈ വയസ്സിയെ യഥാര്‍ത്ഥത്തില്‍ ഒരു ഭാരതീയനും മനസ്സിലാക്കിയിട്ടില്ല’, അരവിന്ദന്‍ നിര്‍ഭീകമായെഴുതി (7 ആഗസ്റ്റ് 1893).
ഭാരതത്തിനുവേണ്ടി ബ്രിട്ടീഷുകാര്‍ കൊണ്ടുവന്നുവെന്നു പറയപ്പെടുന്ന ആനുകൂല്യങ്ങള്‍ വെറും കാപട്യങ്ങളായിരുന്നു. ഇടക്കിടെ നടത്തിയ ഭരണപരിഷ്‌ക്കാരങ്ങളെല്ലാം കണ്ണില്‍ പൊടിയിടല്‍ മാത്രമായിരുന്നു. അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് സ്വയംഭരണത്തിനുവേണ്ടി ഭാരതജനത മുറവിളികൂട്ടിയപ്പോള്‍ മൂട്ടുശാന്തിക്കായി ഇംഗ്ലീഷുകാര്‍ നടപ്പിലാക്കിയ കേന്ദ്ര-പ്രവിശ്യാ കൗണ്‍സിലുകളിലെ കഴമ്പില്ലാത്ത പരിഷ്‌ക്കരണങ്ങളെയായിരുന്നു. 1892 ഇന്ത്യന്‍ കൗണ്‍സില്‍ ആക്റ്റിനെതിരെ നടത്തിയ പരിഹാസോദ്യതമായ വിമര്‍ശനം ജനാധിപത്യത്തിന്റെ ചരിത്രത്തിലേതന്നെ അവിസ്മരണീയ സ്മാരകമാണ്. അരവിന്ദഘോഷ് എഴുതി:
‘വര്‍ഷങ്ങളുടെ സ്ഥിരമായ അദ്ധ്വാനത്തിന്റെയും സമരത്തിന്റെയും ഫലമായി ഭാരതത്തിന്റെ നിയമനിര്‍മ്മാണ സഭകളെ പുനഃസംഘടിപ്പിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കി. എന്നാല്‍ ഇത് ഭാരതീയരോട് കാട്ടിയ അവഹേളനമായിരുന്നു. നാം ആവശ്യപ്പെട്ടത് ഗോതമ്പപ്പമായിരുന്നു. പക്ഷെ അതിന്റെ സ്ഥാനത്ത് നമുക്കു ലഭിച്ചതോ ഒരു കഷ്ണം പ്ലാസ്റ്റര്‍-ഓഫ്-പാരീസും. ഇതിനെതിരായി വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഗ്ലാഡ്സ്റ്റണ്‍ പറഞ്ഞത് ഭാരതത്തിലെ നിയമനിര്‍വ്വഹണാധികാരികള്‍ പ്ലാസ്റ്റര്‍-ഓഫ്-പാരീസിനെ ഗോതമ്പപ്പം പോലെ രുചിപ്പിക്കുന്നതരത്തിലുള്ള നടപടികളെടുക്കുമെന്നായിരുന്നു! ഈ ഉറപ്പു കിട്ടിയതോടെ പാവം ജനത തൃപ്തരായതുപോലെയായി… എന്നിട്ടോ ഈ പുതുസമ്മാനം കയ്യില്‍ക്കിട്ടിയതോടെ അവര്‍ക്കും പരാതിയില്ലാതെയായി. പ്ലാസ്റ്റര്‍-ഓഫ്-പാരീസിന്റെ അളവ് ഇത്തിരി കൂടിപ്പോയോ എന്നുള്ള പരാതിയേ അവര്‍ക്കുള്ളായിരുന്നു. ഇതൊക്കെയായിട്ടും ഇംഗ്ലീഷുകാരുടെ നീതിബോധത്തിനുമുമ്പില്‍ ഇപ്പോഴും നാം അപേക്ഷ നല്‍കിക്കൊണ്ടിരിക്കുകയാണ്’ (Indu Prakash, 26 June, 1893).
കോണ്‍ഗ്രസ്സുകാരുടെ പൊതുസ്വഭാവമായ ഭയത്തെയും യാഥാര്‍ത്ഥ്യത്തിനുനേരേ കണ്ണടക്കുന്ന നിര്‍ലജ്ജതയെയും സത്യം തുറന്നു പറയാനുള്ള വ്യഗ്രതയില്ലായ്മയെയും ബ്രിട്ടീഷ് മേലാളന്മാരെ കൂടുതല്‍ അലോരസപ്പെടുത്തുന്നതിനുള്ള ധൈര്യമില്ലായ്മയെയും അരവിന്ദന്‍ നിശിതമായി വിമര്‍ശിച്ചു. ‘അന്ധന്‍ അന്ധനെ നയിച്ചാല്‍ രണ്ടും കുഴിയില്‍ പതിക്കുകയല്ലേയുള്ളൂ?’, കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ലക്ഷ്യമില്ലായ്മയെ വിമര്‍ശിച്ചുകൊണ്ടദ്ദേഹം ചോദിച്ചു. ”നിന്നെ തൂക്കിനോക്കി പക്ഷെ പോരാ’ എന്ന ബാബിലോണിയന്‍ കൊട്ടാരഭിത്തിയിലെ വാചകം (പഴയ നിയമത്തിലെ ഡാനിയെലിന്റെ സുവിശേഷം) അദ്ദേഹം കോണ്‍ഗ്രസ്സില്‍ കണ്ടു. കോണ്‍ഗ്രസ്സിന്റെ ഈ നാണംകെട്ട രാഷ്ട്രീയഭിക്ഷാടനത്തിനും ബ്രിട്ടീഷ് മേല്‍ക്കോയ്ക്കും അറുതി വരുത്താന്‍ അദ്ദേഹം തീരുമാനിച്ചു.
പിന്നെ ഭാരതം കണ്ടത് ഒരു ആദര്‍ശവാനായ പത്രപ്രവര്‍ത്തകന്റെ നിര്‍ദ്ദയങ്ങളായ നിശിതശരങ്ങളായിരുന്നു. ‘കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ലക്ഷ്യങ്ങളെന്നു പറയുന്നത് വെറും അലക്ഷ്യങ്ങളാണ്. ആത്മാര്‍ത്ഥതയോ വിശാലമനസ്‌കതയോ അവരെ തൊട്ടുതീണ്ടിയിട്ടില്ല. അവരുടെ മാര്‍ഗ്ഗങ്ങള്‍ ശരിയായ മാര്‍ഗ്ഗങ്ങളുമല്ല. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന നേതാക്കള്‍ നേതൃയോഗ്യതയുള്ളവരുമല്ല. ചുരുക്കിപ്പറഞ്ഞാല്‍ നമ്മളിന്ന് അന്ധരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരാണ്, കുറഞ്ഞപക്ഷം അര്‍ദ്ധാന്ധരെങ്കിലുമാണ്.’ ഭാരതത്തിലെ അദ്ധ്വാനിക്കുന്ന ജനതയെ (proletariat) നയിക്കാന്‍ സുഖലോലുപരെയും സാമ്പത്തികസംതൃപ്തരെയും കൊണ്ടുനിറഞ്ഞ കോണ്‍ഗ്രസ്സ് അപര്യാപ്തമാണെന്നായിരുന്നു അരവിന്ദഭാഷ്യം. ‘ഫിറോസ്ഷാ മേത്തയ്ക്കും അദ്ദേഹത്തിന്റെ കോണ്‍ഗ്രസ്സ് സുഹൃത്തുക്കള്‍ക്കും ഭാരതത്തിന്റെ അദ്ധ്വാനിക്കുന്ന ജനത അപ്രസക്തരാണെന്നു തോന്നുമെങ്കിലും ഇവരുടെ (പ്രോളിറ്റേറിയേറ്റിന്റെ) ഉന്നമനത്തിലൂടെയും പ്രബുദ്ധതയിലൂടെയുമല്ലാതെ ഒന്നും നേടാനാവുകയില്ലന്നുള്ളതാണ് യാഥാര്‍ത്ഥ്യം’. അധിനിവേശശക്തികള്‍ ഭാരതത്തെ പലപ്പോഴും പിടിച്ചെടുത്തത് ചെറുചെറു വിഭാഗങ്ങളില്‍നിന്നുമാണ്. എല്ലാ ഭാരതീയരും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ അധിനിവേശശക്തികള്‍ തുരത്തപ്പെട്ടേനെ, പ്രത്യേകിച്ചും എന്തിനും സന്നദ്ധരായ കര്‍ഷകരെ ഏകോപിപ്പിച്ചിരുന്നെങ്കില്‍.
ഭാരതകര്‍ഷകരുടെ പ്രാധാന്യത്തെയും വൈഭവത്തെയും ശരിക്കും ഉള്‍ക്കൊണ്ടത് മറാത്താ സമ്രാട്ടായിരുന്ന ശിവാജി മാത്രമായിരുന്നെന്നും മഹര്‍ഷി അരവിന്ദന്‍ പറഞ്ഞു. ശിവാജിപ്പടയുടെ ഭൂരിഭാഗവും യുദ്ധോദ്യുക്തരായ കര്‍ഷകരായിരുന്നു. രാമദാസ് പ്രഭാഷണം നടത്തിയതും തുക്കാ പാടിയതുമായ സംസ്‌കൃതിക്കുവേണ്ടി ആത്മാഹുതി ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ യുദ്ധോദ്യുക്തരായ കര്‍ഷകരുടെ മുമ്പില്‍ പാളിവീണ മുഗള്‍ സാമ്രാജ്യത്തെപ്പറ്റി സ്വാമി വിവേകാനന്ദന്‍ പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ് ((Historical Evolution of India’). രാഷ്ട്രത്തിന്റെ പൂര്‍ണ്ണശക്തിയേയും യുദ്ധഭൂമിയിലേക്കാവാഹിക്കാന്‍ വീര ശിവാജിക്കു കഴിഞ്ഞതുകൊണ്ടാണ് മുഗള്‍ സാമ്രാജ്യം തകര്‍ന്നതെന്ന് വിവേകാനന്ദനെപ്പോലെ അരവിന്ദനും അഭിപ്രായപ്പെട്ടു. ചരിത്രത്തില്‍നിന്നും പാഠം പഠിക്കാത്ത ജനത ഒരിക്കലും ഗതിപിടിക്കുകയില്ല. അതുകൊണ്ട് ഭാരതത്തിന്റെ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിലുറങ്ങിയിരുന്ന ക്ഷാത്രവീര്യത്തെ ഉണര്‍ത്തിയാലേ, അവരെ സ്വാതന്ത്ര്യസമരത്തിന്റെ മുഖ്യധാരയിലേക്കിറക്കിയാലേ ഭാരതത്തിനു മുന്നേറ്റമുണ്ടാകൂയെന്ന് അരവിന്ദഘോഷ് എഴുതി. പക്ഷെ അദ്ധ്വാനിക്കുന്ന ജനതയെ അഭ്യസ്ഥവിദ്യരും പ്രബുദ്ധരുമാവുന്നതില്‍ നിന്നും പിന്നോട്ടുപിടിക്കുകയെന്നത് ഇന്നത്തെപ്പോലെതന്നെ അന്നും ഭാരതത്തിലെ രാഷ്ട്രീയക്കാരന്റെ അലിഖിതമായ സ്ഥിരം ഗൂഢപദ്ധതിയായിരുന്നു. മേലാളന്റെ മേല്‍ക്കോയ്മ സ്ഥിരം നിലനിര്‍ത്തണമെങ്കില്‍ അടിയാളന്റെ അടിമത്തവും തുടരണം. ദരിദ്രരെ സൃഷ്ടിച്ച് അതുവഴി നാടിനെ ദരിദ്രമാക്കി അതില്‍നിന്നും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമെന്ന ഉദരപൂരണത്തിനുള്ള ചുളുക്കുവിദ്യ കണ്ടെത്തിയ സമര്‍ത്ഥരായ രാഷ്ട്രീയദരിദ്രവാസികള്‍ ഉണ്ടായിരുന്നതൊഴിച്ചാല്‍ ഭാരതം ഒരിക്കലും ദരിദ്ര്യരാജ്യമായിരുന്നില്ല. നമ്മുടെ കര്‍ഷകസഹോദരരിലുള്ള ബ്രഹ്മതേജസ്സിനെയുണര്‍ത്തി അവരുടെ ബുദ്ധിവൈഭവത്തെ രാഷ്ട്രനവനിര്‍മ്മാണത്തിലേക്ക് ചാലുകീറിവിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അതിലൂടെ മാത്രമേ രാഷ്ട്രം പരമവൈഭവത്തിലേക്കെത്തുകയുള്ളുവെന്നും അദ്ദേഹം കണ്ടറിഞ്ഞു. അങ്ങനെ രാഷ്ട്രത്തിന്റെ സമ്പൂര്‍ണ്ണശക്തിയെ സമാഹരിച്ചാല്‍ ആംഗലേയശക്തിയെ വേഗത്തില്‍ തുരത്തി സ്വാതന്ത്ര്യം നേടാമെന്ന് അദ്ദേഹം വിശ്വസിച്ചു. ‘ഭാരതത്തിലെ ബ്രിട്ടീഷധികാരികള്‍ ശരിക്കും പറഞ്ഞാല്‍ അടിമകാളാല്‍ ചുറ്റപ്പെട്ട അഹങ്കാരികളും നിര്‍ദ്ദയരും അല്പന്മാരുമായ ഒരുകൂട്ടം ഗൂഢലക്ഷ്യക്കാര്‍ മാത്രമാണെങ്കിലും’ അവരോട് വിരോധമോ വിധേയത്തമോ കാട്ടേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍, നമ്മുടെ യഥാര്‍ത്ഥ ശത്രു നമ്മുടെയുള്ളില്‍ തന്നെയാണ്. അത് നമ്മുടെ ബലഹീനതയും സ്വാര്‍ത്ഥതയും കാപട്യവും ബ്രിട്ടീഷുകാരോടുള്ള അന്ധമായ വികാരവായ്പ്പുമാണ്. ഇംഗ്ലീഷ് ജാഡയുടെ പുറംപൂശ് നമ്മെ കണ്ണഞ്ചിപ്പിക്കുന്നില്ലാത്തപക്ഷം അവര്‍ നമ്മുടെ വിരോധം പോലുമര്‍ഹിക്കുന്നവരല്ലെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതുകൊണ്ട് ആത്മാഭിമാനമുള്ള രാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ അപേക്ഷ വെറും ബ്രിട്ടീഷുകാരുടെ ഇല്ലാത്ത നീതിബോധത്തോടാവരുത്. മറിച്ച് നമ്മുടെതന്നെ പൗരുഷത്തോടാവണം, നമ്മുടെ ആത്മാര്‍ത്ഥമായ സാഹോദര്യത്തോടാവണം… നമ്മുടെ നിശ്ശബ്ദമായി സഹിക്കുന്ന ഭാരതത്തിലെ സഹോദരരോടൊപ്പം നിന്നാവണം (ഇന്ദുപ്രകാശ് 21 ആഗസ്റ്റ് 1893).
അതിലും വലിയ സിംഹഗര്‍ജ്ജനങ്ങളായിരുന്നു അരവിന്ദഘോഷ് വന്ദേമാതരത്തിലൂടെ നടത്തിയത്. ഭാരതദേശീയതയുടെ ഈറ്റില്ലമായ വംഗഭൂമിയെ നശിപ്പിച്ചാല്‍ സ്വാതന്ത്ര്യസമരത്തെ ക്ഷയിപ്പിക്കാമെന്ന ഗൂഢലക്ഷ്യത്തോടെ ബ്രിട്ടീഷ് ഇന്ത്യയുടെ അന്നത്തെ ഗവര്‍ണ്ണര്‍ ജനറലായ കഴ്സണ്‍ പ്രഭു ബംഗാള്‍ വിഭജനമെന്ന ആശയം മുന്നോട്ടു വച്ചു. ബംഗാള്‍ വിഭജനത്തിന്റെ കാരണമായി കഴ്സണ്‍ ചൂണ്ടിക്കാട്ടിയത് ഭരണസൗകര്യത്തെയായിരുന്നു. പക്ഷെ പിന്നിലെ ഗൂഢോദ്ദേശ്യം ബംഗാളിലെ ഹിന്ദു-മുസ്ലീം ഐക്യത്തെ തകര്‍ക്കുകവഴി ബംഗാളികളുടെ ദേശീയ ഐക്യത്തിനു തുരങ്കം വയ്ക്കുകയെന്നതായിരുന്നു. ബംഗാള്‍, കിഴക്കന്‍ ബംഗാള്‍ എന്നീ രണ്ടു പ്രവിശ്യകളായ ബംഗാളിനെ വിഭജിക്കാന്‍ അയാള്‍ പദ്ധതിയിട്ടു. ഫലമോ കിഴക്കന്‍ ബംഗാളില്‍ മുസ്ലീങ്ങള്‍ ഭൂരിപക്ഷമാവും. ബീഹാറിനെയും ഒറീസ്സയേയും പശ്ചിമബംഗാളിനോടു ചേര്‍ക്കുന്നതോടെ പശ്ചിമബംഗാളില്‍ ബംഗാളികള്‍ ന്യൂനപക്ഷമാവും. ഇതോടെ ബംഗാളികളുടെ ദേശീയതയെയും സമരവീര്യത്തെയും കെടുത്താമെന്നതായിരുന്നു കഴ്‌സണിന്റെ കുടിലതന്ത്രം.
ബംഗാള്‍ വിഭജനത്തിനെതിരായി ഉയര്‍ന്ന സമരം ഭാരത സ്വാതന്ത്ര്യസമരചരിത്രത്തിലെ നാഴികക്കല്ലായിമാറി. എങ്കിലും ധാക്ക നവാബായ സലീമുള്ളാഖാന്റെ നേതൃത്വത്തില്‍ ബംഗാള്‍ മുസ്ലിങ്ങള്‍ ഇതിനെ സ്വാഗതം ചെയ്തു. സ്വദേശി പ്രസ്ഥാനക്കാരുടെ നേരെ ഇക്കൂട്ടര്‍ അക്രമമഴിച്ചുവിട്ടു. കോമില്ലയില്‍ സലീമുള്ളയുടെ നേതൃത്വത്തില്‍ മുസ്ലീങ്ങള്‍ അഴിച്ചുവിട്ട ലഹളയില്‍ അനവധി ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. തക്ക്ബീര്‍ മുഴക്കിക്കൊണ്ടു ഹിന്ദു ഭവനങ്ങള്‍ ഭേദിക്കുകയെന്നത് ദൈനംദിനപ്രതിഭാസമായി. സ്വദേശിപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അരവിന്ദഘോഷ് തന്റെ തൂലികയെ പടവാളാക്കി. തന്റെ പത്രമായ വന്ദേമാതരത്തെ ദേശീയതയുടെ ജയപാഞ്ചജന്യമാക്കി. ‘നവാബിനാല്‍ ഇളക്കിവിടപ്പെട്ട മുസ്ലീങ്ങളുടെയിടയിലെ തെമ്മാടികള്‍(the rowdy elements) നിയമവിരുദ്ധ ലഹളകള്‍ അഴിച്ചുവിട്ടു. ഹിന്ദുക്കളെ കണ്ടയിടങ്ങളില്‍ വെച്ചാക്രമിച്ചു. കടകള്‍ തകര്‍ക്കുകയും ഭവനഭേദനം നടത്തുകയും ചെയ്തു. ഹിന്ദുവിദ്യാര്‍ത്ഥികളെയും അഭിഭാഷകരെയും മറ്റു മാന്യമായ ഹിന്ദുക്കളെയും ആക്രമിച്ചു. സ്ത്രീകളെ ഉപദ്രവിക്കുന്നതും അസാധാരണമല്ലായിരുന്നു’, അദ്ദേഹം വന്ദേമാതരത്തിലൂടെ തുറന്നെഴുതി Comilla Incident’, Bande Mataram, 15 March, 1907). ഇന്നത്തെ ഭാരതത്തിലെ ഹിന്ദുക്കളുടെ അവസ്ഥതന്നെയായിരുന്നു അന്നു ബംഗാളിലെ ഹിന്ദുക്കളുടെയും അവസ്ഥ. ചില പത്രങ്ങളൊഴിച്ചാല്‍ ഭൂരിപക്ഷം പത്രങ്ങളും, പ്രത്യേകിച്ച് ആംഗ്ലോ ഇന്ത്യന്‍ പത്രങ്ങള്‍, ഈ ഹിന്ദുവംശഹത്യക്കെതിരെ ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ‘ഹൈന്ദവ അക്രാമികതയെപ്പറ്റിയും താരതമ്യേനയുള്ള മുസ്ലിം മിതത്ത്വത്തെപ്പറ്റിയും വാര്‍ത്തകൊടുക്കുന്നതില്‍ അവര്‍ ശ്രദ്ധാലുക്കളായിരുന്നു’വെന്ന് അരവിന്ദന്‍ എഴുതി. വിഭജനവിരുദ്ധ സമരത്തെ ബ്രിട്ടീഷ് ഭരണവും മുസ്ലീങ്ങളും ഒന്നിച്ചുകൂടിയായിരുന്നു അടിച്ചമര്‍ത്തിയത്. അക്രമവും ഭീഷണിയും ഗൂര്‍ഖാപോലീസും ബ്രിട്ടീഷ് ലാത്തിയുമുപയോഗിച്ചു ദേശീയസമരത്തെ അമര്‍ച്ചചെയ്യാമെന്നായിരുന്നു അന്നത്തെ ബംഗാള്‍ ഗവര്‍ണറായ ബാംപ്‌ഫൈല്‍ഡ് ഫുള്ളര്‍ ചിന്തിച്ചത്. ”ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആവനാഴിയില്‍ ഇന്നു രണ്ടസ്ത്രങ്ങളാണുള്ളത്. കൂടുതല്‍ ചിന്തിക്കാതെ മോര്‍ളിയോട് മൃഗതുല്ല്യമായ കൂറു കാട്ടുന്ന ചില തിര്യക്കുകളായ പാഴ്‌സികളും ഹിന്ദുക്കളുമാണൊന്ന്. മറ്റൊന്ന് മുസ്ലീങ്ങള്‍ക്കിടയിലെ സലീമുള്ളയുടെ കൂട്ടരുടെ സഹായത്തോടെ ഇടക്കിടെ തനിനിറം കാട്ടുന്ന ഫുള്ളറുടെ സ്ഥാപിത താത്പര്യവും”, അരവിന്ദഘോഷ് തുറന്നെഴുതി. ഒന്നാലോചിച്ചാല്‍ പശുസമാനമായി ജീവിക്കുന്ന ലക്ഷ്യബോധമില്ലാത്ത ഹിന്ദുക്കള്‍ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്നമാതിരി ഭാരതത്തിനെന്നും ആപത്തു വിളിച്ചുവരുത്തിയിരുന്നു. ചതിചെയ്യത്തില്ലായിരുന്നുവെന്നതുപോലെ ഈ പാവങ്ങള്‍ക്ക് ചതിക്കുന്നവനെ തിരിച്ചറിയുവാനുമുള്ള ബോധമോ വിവരമോ ഇല്ലായിരുന്നു. ആരുടെയോ നിര്‍ദ്ദേശമനുസരിച്ച് എങ്ങോട്ടൊക്കയോ ചരിക്കുന്ന കുറെ മനുഷ്യരൂപങ്ങള്‍. കോമില്ല ലഹള നടന്നത് നവാബ് സലീമുള്ളയുടെ പൊലീസിന്റെയും ബ്രിട്ടീഷ് നിയമപാലകരുടെയും കണ്‍മുന്നില്‍ വെച്ചായിരുന്നുവെന്നും സ്വദേശിപ്രസ്ഥാനക്കാരുടെ നേരേ മുസ്ലീങ്ങളഴിച്ചുവിട്ട അക്രമങ്ങള്‍ക്കെതിരെ ഒരു പത്രക്കാരനും മിണ്ടിയില്ലെന്നും അരവിന്ദന്‍ തന്റെ വന്ദേമാതരത്തിലെഴുതി(‘British Protection or Self-Protection’, Bande Mataram, 15 March, 1907). ഉയര്‍ന്നുവന്ന വിഭജനവിരുദ്ധസമരങ്ങളുടെ ഫലമായി ബംഗാള്‍ വിഭജനപദ്ധതി പിന്‍വലിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം നിര്‍ബന്ധിതമായെങ്കിലും ഇതുണ്ടാക്കിയ സാമൂഹികരാഷ്ട്രീയ ആഘാതങ്ങള്‍ ദൂരെവ്യാപങ്ങളായിരുന്നു. ബംഗാള്‍ വിഭജനമെന്ന ഗൂഢപദ്ധതിയായിരുന്നു പില്‍ക്കാലത്തു ഭാരതത്തിന്റെ വിഭജനത്തിലേക്കു നയിച്ചത്.
രാഷ്ട്രസംബന്ധിയും രാഷ്ട്രീയ സംബന്ധിയുമായ കാര്യങ്ങളില്‍ മാത്രമല്ല രചനയുടെ ഏതുമേഖലയിലും അസാധാരണമായ വ്യക്തിമുദ്രയാണ് ശ്രീ അരവിന്ദ ഘോഷ് പതിപ്പിച്ചത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ സാംസ്‌കാരിക ലേഖനങ്ങള്‍, ചരിത്രപരമായ ലേഖനങ്ങള്‍, വിമര്‍ശനരചനകള്‍ തുടങ്ങിയവ എഴുത്തിന്റെ ചരിത്രത്തില്‍ത്തന്നെ വിപ്ലവാത്മക സൃഷ്ടികളായിരുന്നു. ‘ഭാരത സംസ്‌കാരത്തിന്റെ സംരക്ഷണാര്‍ത്ഥം(A Defence of Indian Culture) എന്ന ശീര്‍ഷകത്തില്‍ അരവിന്ദന്‍ ‘ആര്യ’യിലെഴുതിയ പരമ്പര ഭാരതത്തിന്റെയെന്നുമാത്രല്ല ആക്രാന്തമായ വിശ്വസംസ്‌കൃതിയുടെ പോലും സംരക്ഷണത്തിനു പോരുന്നതായിരുന്നു. ഭാരത സംസ്‌കൃതിയെ ആക്ഷേപിച്ചു വില്ല്യം ആര്‍ച്ചര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ നിശിതമായി വിമര്‍ശിച്ചും ജോണ്‍ വിഡ്രോഫിന്റെ ‘ഭാരതം സംസ്‌കൃതയാണോ?’ എന്ന രചനയെ ശ്ലാഘിച്ചും മഹര്‍ഷി അരവിന്ദന്‍ ആര്യയില്‍ എഴുതിയ ലേഖനപരമ്പര ഭാരതത്തിന്റെ ശാസ്ത്രീയവും ആത്മീയവുമായ സൈദ്ധാന്തികഭൂമികയുടെ മാറ്റുരച്ചുദീരിതമാക്കുന്നവയാണ്. വിശ്വോത്തരങ്ങളായ ഈ ലേഖനങ്ങള്‍ ‘ഭാരത സംസ്‌കാരത്തിന്റെ അടിസ്ഥാനങ്ങള്‍'(The Foundations of Indian Culture)എന്ന ഗ്രന്ഥത്തില്‍ കാണാം. ഏതു വിഷയത്തെ ആവിഷ്‌ക്കരിക്കാനും പര്യാപ്തമായ അരവിന്ദന്റെ ഭാഷാപ്രയോഗത്തില്‍ പത്രഭാഷയും സാഹിത്യവും സമഞ്ജസം ഇഴുകിച്ചേര്‍ന്നിരുന്നു, അതും അസാധാരണമായ പ്രൗഢിയോടെ. ഒരുപക്ഷെ പ്രൗഢമായ ഭാഷാശൈലിയും അസാധാരണത്തം നിറഞ്ഞ പദാവലിയുമാണ് ആംഗലേയഭാഷാരചനയുടെ മേഖലയില്‍ത്തന്നെ ആഗോളതലത്തില്‍ അരവിന്ദനെ അനുവാചകര്‍ക്ക് അപ്രാപ്യനാക്കുന്നതും.