കേരളം ദൈവത്തിന്റെ സ്വന്തം നാടായാണ് അറിയപ്പെടുന്നത്. കനിഞ്ഞനുഗ്രഹിച്ച പ്രകൃതി, നാല്‍പ്പത്തിനാലോളം നദികളും പര്‍വതനിരകളും വനഭൂമിയും കൊണ്ട് സമ്പന്നവും പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സ്വയം പര്യാപ്തവുമായ സംസ്ഥാനം. ആദിശങ്കരന്‍ മുതല്‍ ബുദ്ധിശക്തിയില്‍ ആരെയും വെല്ലാന്‍ കെല്‍പ്പുള്ള ഒട്ടേറെ പേര്‍ക്ക് കേരളം ജന്മം നല്‍കി. എന്തിനെയും ആരെയും സ്വീകരിക്കുവാനുള്ള മലയാളിയുടെ മനസ്സ് ലോകപ്രസിദ്ധമാണ്. എന്നാല്‍ കേരളത്തിന്റെ പൊതു മനസ്സ് വലിയൊരളവോളം കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരനും കോണ്‍ഗ്രസുകാരനും മാത്രമല്ല ഇതര രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെ ഈ ഇടതുമനസ്സുണ്ട്. കേരളത്തില്‍ സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരുമായി അറിയപ്പെടുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഇത് തിരിച്ചറിഞ്ഞിട്ടാകാം, കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ച ആറുപതിറ്റാണ്ടുകാലവും, കേന്ദ്ര വിദ്യാഭ്യാസ-സാംസ്‌കാരികവകുപ്പിന്റെ കീഴിലുള്ള ഒരൊറ്റ സ്ഥാപനത്തിലേക്കും ഒരൊറ്റ കോണ്‍ഗ്രസുകാരനെ പോലും തിരഞ്ഞെടുത്തയച്ചില്ല. പകരം അവിടെയൊക്കെ കമ്മ്യൂണിസ്റ്റുകാര്‍ സ്ഥാനമുറപ്പിച്ചു. എന്തിന് സ്വാതന്ത്ര്യസമരചരിത്രമെഴുതാന്‍ പോലും നെഹ്‌റു സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരെയാണ് ആശ്രയിച്ചത്. അക്കാലത്ത് ഐസിഎച്ച്ആറില്‍ നിന്ന് പണം പറ്റി ചരിത്രം എഴുതാതിരുന്ന കെ.എന്‍.പണിക്കരെ പോലുള്ളവരെക്കുറിച്ച് ‘The Eminent Historians, Their Technology, Their Line, Their Fraud (പ്രമുഖ ചരിത്രകാരന്മാരുടെ എഴുത്തും വഞ്ചനയും എന്ന പേരില്‍ മലയാളത്തില്‍ അതിന്റെ വിവര്‍ത്തനം വന്നിട്ടുണ്ട്) എന്ന പുസ്തകത്തില്‍ മുന്‍കേന്ദ്രമന്ത്രിയും പത്രപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരി വിശദമായി എഴുതിയിട്ടുണ്ട്.
ഉടയ്ക്കപ്പെടേണ്ട പ്രതിമകള്‍
ഇടതുജ്വരം ബാധിച്ച കോണ്‍ഗ്രസ് നേതാക്കളില്‍ പ്രധാനിയാണ് ആദര്‍ശധീരനായ എ.കെ. ആന്റണി. അദ്ദേഹം അഴിമതിക്കാരനാണെന്ന് കടുത്ത എതിരാളികള്‍ പോലും പറയില്ല. എന്നാല്‍ കേരളത്തിലെ ഇടതുമനസ്സിന്റെ നേര്‍ത്തെളിവാണ് സ്വാര്‍ത്ഥബുദ്ധിയായ ഈ രാഷ്ട്രീയനേതാവ്. ചില മാധ്യമങ്ങളും ഇടതു കുബുദ്ധിജീവികളും മതമേധാവിത്വത്തിന്റെ പിന്തുണയോടെ സൃഷ്ടിച്ചെടുത്ത പ്രതീകമാണതെന്ന് പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല.
1975 ജൂണ്‍ മാസത്തില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷപ്രസ്ഥാനങ്ങളിലെ ഒട്ടുമിക്ക നേതാക്കളെയും ജയിലിലാക്കി. കക്ഷിരാഷ്ട്രീയത്തിനുപരിയായി ഭാരതം ആദരിച്ച ലോകനായക് ജയപ്രകാശ് നാരായണനും ജയിലിലായി. തന്നെ തിരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളെയും ഇന്ദിരാഗാന്ധി വീട്ടുതടങ്കലിലാക്കി. പിന്നാക്ക സമുദായത്തില്‍ നിന്നുയര്‍ന്നുവന്ന ജഗജീവന്റാമും മഹാരാഷ്ട്രയുടെ ശബ്ദമായ വൈ.ബി. ചവാനും വീട്ടുതടങ്കലിന്റെ രുചി അനുഭവിച്ച കേന്ദ്രമന്ത്രിമാരാണ്. എന്നാല്‍ എ.കെ.ആന്റണി അടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ദിരാഗാന്ധിയുടെ പിന്നില്‍ പാറപോലെ ഉറച്ചുനിന്നു. അക്കാലത്ത് കേരളമുഖ്യമന്ത്രി വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സി.അച്യുതമേനോനും ആഭ്യന്തരവകുപ്പ്മന്ത്രി കെ. കരുണാകരനുമായിരുന്നു. ഇരുപത്തിയൊന്നു മാസക്കാലം കൊണ്ട് ഏഴായിരത്തിയഞ്ഞൂറു യുവാക്കളെയാണ് അന്ന് കേരള സര്‍ക്കാര്‍ ജയിലിലടച്ചത്. നിയമസംവിധാനങ്ങളുടെയും മാധ്യമങ്ങളുടെയും വായ മൂടിക്കെട്ടിയതുകൊണ്ട് ഇതൊന്നും പൊതുസമൂഹത്തില്‍ ചര്‍ച്ചയായില്ല.
1977 മാര്‍ച്ചില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നു. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോറ്റമ്പി. ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ്ഗാന്ധിയും അടക്കം കോണ്‍ഗ്രസ് നേതാക്കളൊക്കെ തിരഞ്ഞെടുപ്പ് ഗോദയില്‍ അടിതെറ്റി വീണു. പ്രധാനമന്ത്രിയായി ജനതാപാര്‍ട്ടി നേതാവ് മൊറാര്‍ജി ദേശായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ മുഖ്യമന്ത്രിയായി കെ. കരുണാകരന്‍ തന്നെ അധികാരമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട യുവാക്കളില്‍ പലരും ജീവച്ഛവങ്ങളായി ഇന്നും ജീവിക്കുന്നു. അന്ന് കാണാതായ രാജന്‍ എന്ന എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ പ്രഫ.ഈച്ചരവാര്യര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് കെ.കരുണാകരനു മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. എ.കെ. ആന്റണി മുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥയിലെ പാതകങ്ങള്‍ക്കൊക്കെ ഇന്ദിരാഗാന്ധിയെയും കെ. കരുണാകരനെയും പ്രതികളാക്കിക്കൊണ്ട് എ.കെ. ആന്റണി ആദര്‍ശധീരനായി ശിരസ്സുയര്‍ത്തി നിന്നു. തുടര്‍ന്ന് അദ്ദേഹം ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കൊപ്പം പോവുകയും ശ്രീമതി ഗാന്ധി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരികെ പോകുകയും ചെയ്തു.
സര്‍ സി.പി. രാമസ്വാമി അയ്യരും മണിയും
എ.കെ.ആന്റണി രണ്ടാംഘട്ടം മുഖ്യമന്ത്രിയായപ്പോഴാണ് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജിനു മുമ്പില്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ കെ.സി.എസ്.മണിയുടെ സ്മാരകം ഉദ്ഘാടനം ചെയ്തത്. 1947 ജൂലായ് 25 നു സ്വാതിതിരുനാള്‍ ശതാബ്ദിയാഘോഷങ്ങള്‍ നടന്നുവരവെയാണ് സര്‍ സി.പി.യെ അജ്ഞാതന്‍ വെട്ടിയത്. അക്കാലത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവായ എന്‍.ശ്രീകണ്ഠന്‍ നായരെ കുടുക്കുന്നതിന്റെ ഭാഗമായി, കെ.സി.എസ്. മണിയാണ് സര്‍ സി.പി.യെ ആക്രമിച്ചത് എന്ന പ്രചാരണം ചില ഭാഗങ്ങളില്‍ നിന്നുമുണ്ടായി. എന്നാല്‍ ആരാണ് ആക്രമിച്ചത് എന്നതിന് ഇപ്പോഴും വേണ്ടത്ര തെളിവ് ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പട്ടം താണുപിള്ളയ്ക്ക് പങ്കുണ്ടെന്ന കമ്മ്യൂണിസ്റ്റുകളുടെ പ്രചാരണം സര്‍ സി.പി.രാമസ്വാമി അയ്യര്‍ തന്നെ നിഷേധിച്ചു.
മണിയുടെ രാഷ്ട്രീയ ഗുരുനാഥനായ എന്‍.ശ്രീകണ്ഠന്‍നായര്‍ ഈ തീരുമാനത്തിന് എതിരായിരുന്നു എന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. (സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും, പേജ്. 98). സ്മാരകം ഉദ്ഘാടനം ചെയ്ത എ.കെ. ആന്റണിയ്ക്ക് ചരിത്ര വിഷയങ്ങളൊന്നും ബാധകമായിരുന്നില്ല. താന്‍ ആദര്‍ശധീരനെന്നു തെളിയിക്കുന്നതിനും ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അദ്ദേഹത്തിന് ഇതൊക്കെ ആവശ്യമായിരുന്നു. ഇവരുടെയൊക്കെ തട്ടിപ്പ് ബോധ്യപ്പെടണമെങ്കില്‍, അമ്പലപ്പുഴക്കാരനായ മണിയോടുള്ള ഇവരുടെയൊക്കെ സമീപനം നോക്കണം.
ഇടതുപക്ഷ എഴുത്തുകാരനായ ജി.യദുകുലകുമാര്‍ തന്നെ ആ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ്: ‘കെ.സി.എസ്.മണി രണ്ടുതവണ ഹൃദ്രോഗബാധിതനായി കിടന്നു. തിരിഞ്ഞു നോക്കാന്‍ ആരുമുണ്ടായില്ല. മണി തിരുവനന്തപുരത്തെത്തി. പുത്തന്‍തെരുവില്‍ സഹോദരിയുടെ വീട്ടില്‍ കിടപ്പായി. കരളില്‍ ക്യാന്‍സര്‍. ദുര്‍ഗ്ഗാഷ്ടമിയുടെ ഭക്തിസാന്ദ്രമായ ഒഴിവുകാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍പോലും ആളുണ്ടായില്ല. ഒടുവില്‍ പുലയനാര്‍ക്കോട്ട ക്ഷയരോഗാശുപത്രിയിലെ ജനറല്‍വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഉറ്റ കുടുംബാംഗങ്ങളും രണ്ടുമൂന്ന് സുഹൃത്തുക്കളും അന്വേഷിച്ചെത്തും. എല്ലാം എരിഞ്ഞടങ്ങുകയായിരുന്നു. അസാധാരണനായ മണിക്ക് ഒരു സാധാരണ മനുഷ്യനേക്കാള്‍ കൂടുതല്‍ സമയം മരണക്കിടക്കയില്‍ പിടഞ്ഞു കിടക്കേണ്ടിവന്നു. 1987 സപ്തംബര്‍ 20 ഉച്ചയോടെ ആ മരണം സംഭവിച്ചു. അമ്പലപ്പുഴയ്ക്കുള്ള ആ വിലാപയാത്രയില്‍ രണ്ടു കാറുകളേ ഉണ്ടായിരുന്നുള്ളൂ. ആ യാത്ര ആരും ശ്രദ്ധിച്ചതുമില്ല. അന്ത്യം വരെ മണിയെ പിന്തുടര്‍ന്ന അവഗണനയ്ക്ക് ഇന്നും അന്ത്യം ഉണ്ടായിട്ടില്ല’ (സിപിയെ വെട്ടിയ മണിയും സ്വാതന്ത്ര്യവും. പേജ്. 158). 1987 മാര്‍ച്ച് 26 മുതല്‍ 1991 ജൂണ്‍ 17 വരെ സഖാവ് ഇ. കെ. നായനാരായിരുന്നു കേരള മുഖ്യമന്ത്രി എന്നതും സ്മരണീയമാണ്.

അതേസമയം, 1947 ല്‍ കേരളം വിട്ട സര്‍ സി.പി.രാമസ്വാമി അയ്യര്‍ 1954 ജൂലായ് ഒന്നിന് ഇന്ത്യയിലെ ഏറ്റവും വലിയ സര്‍വകലാശാലയായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി നിയമിതനായി. അതിന്റെ സ്ഥാപകന്‍ മദനമോഹന മാളവ്യജിയായിരുന്നു എന്നതും നാം ഓര്‍ക്കണം. മാളവ്യജി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനുമായിരുന്നു. പോരാഞ്ഞ് 1955 ജനുവരി 26 മുതല്‍ അണ്ണാമലൈ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായും സി.പി. പ്രവര്‍ത്തിച്ചു. അതുവഴി ഒരേസമയം രണ്ടു സര്‍വകലാശാലയുടെ വൈസ്ചാന്‍സലറായി പ്രവര്‍ത്തിച്ച ആദ്യത്തെ ഇന്ത്യക്കാരനായി. 1956ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പുസ്തക പ്രസിദ്ധീകരണ വിഭാഗമായ നാഷണല്‍ ബുക്ക്ട്രസ്റ്റ് ഇന്ത്യ ആരംഭിക്കുവാന്‍ തീരുമാനിച്ചു. രൂപീകരണയോഗത്തില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേക ക്ഷണപ്രകാരം സര്‍ സി.പി. രാമസ്വാമി അയ്യര്‍ പങ്കെടുത്തു. എന്‍.ബി.ടിയുടെ പ്രവര്‍ത്തനരേഖ തയ്യാറാക്കിയത് സര്‍ സി.പിയാണ്. ആദ്യ ചെയര്‍മാനാകട്ടെ ഇന്ത്യയുടെ ആദ്യത്തെയും ഇന്നേവരെ അവസാനത്തെയും മലയാളിയായ ധനകാര്യവകുപ്പ്മന്ത്രി ജോണ്‍മത്തായി. സര്‍ സി.പി. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (1955), പഞ്ചാബ് കമ്മീഷന്‍ (1961), റീജിയണലിസം ദേശീയ ഏകീകരണ കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ സി.പി.രാമസ്വാമി അയ്യരും ഒരേകാലത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരായിരുന്നു എന്നതും സ്മരണീയമാണ്. കേരളത്തില്‍നിന്നും വെട്ടിയോടിച്ചു എന്ന് പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്നവര്‍ തന്നെ കേരളത്തിന് പുറത്ത് അദ്ദേഹത്തെ പച്ചപരവതാനിവിരിച്ച് സ്വീകരിച്ചു എന്നുള്ളതിനു ഇതില്‍പരം തെളിവുകള്‍ വേണോ?
1960ല്‍ കേരളകൗമുദി പത്രം പുതുതായി സ്ഥാപിച്ച റോട്ടറി പ്രസ് ഉദ്ഘാടനം ചെയ്തത് സര്‍ സി.പി.രാമസ്വാമി അയ്യരായിരുന്നു. 1962ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ രജത ജൂബിലി ആഘോഷവേളയിലും സര്‍ സി.പി. മുഖ്യാതിഥിയായി എത്തി. 1963 ല്‍ കേരള സര്‍വകലാശാലയുടെ രജത ജൂബിലി ആഘോഷചടങ്ങിലും സര്‍ സി.പി. മുഖ്യാതിഥിയായിരുന്നു. ഈ ചടങ്ങുകളൊക്കെ നടക്കുമ്പോള്‍ കേരളം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് ആയിരുന്നുവെന്നും ഓര്‍ക്കേണ്ടതാണ്. സര്‍ സി. പി. യുടെ തുടര്‍ചരിത്രവും, കെ.സി.എസ്. മണിയുടെ ദയനീയമായ അന്ത്യവും കേരള രാഷ്ട്രീയത്തിന്റെ ഇടതുമുഖത്തിന്റെ നേര്‍ക്കാഴ്ചയാണ്.
പുന്നപ്ര വയലാര്‍ കലാപത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പങ്ക്
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ കടുത്ത ദാരിദ്ര്യം ലോകമെമ്പാടും ജനങ്ങളെ ദുരിതത്തിലാക്കി. ഒരു നേരത്തെ ആഹാരത്തിനുപോലും നിവൃത്തിയില്ലാതെ തിരുവതാംകൂറിലും ജനങ്ങള്‍ കഷ്ടത്തിലായി. കൊടിയ പട്ടിണിയും നാട്ടിലെ അരക്ഷിതാവസ്ഥയും പോലീസ് പേടിയും കൂടിയായപ്പോള്‍ തൊഴിലാളികള്‍ നിസ്സഹായരായി. ഇക്കാരണത്താലാണ് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളുടെ വിവിധ ഭാഗങ്ങളില്‍ കമ്മ്യൂണുകള്‍ ആരംഭിച്ചത്. അവര്‍ക്ക് ഒന്നിച്ചു കൂടുന്നതിനും സുരക്ഷിതരായിരിക്കുന്നതിനും കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഭക്ഷണം പാകംചെയ്ത് കഴിച്ച് വിശപ്പടക്കുന്നതിനും ഇത്തരം കമ്മ്യൂണുകള്‍ ആവശ്യമായിരുന്നു. വാടയ്ക്കല്‍, കളര്‍കോട്, പറവൂര്‍, പുന്നപ്ര, പനയ്ക്കല്‍, വണ്ടാനം, മാരാരിക്കുളം, മുഹമ്മ, വയലാര്‍, മേനാശ്ശേരി, പൊന്നാംവെളി, വെട്ടയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം കമ്മ്യൂണുകള്‍ ആരംഭിക്കുകയുണ്ടായി. ഈ കമ്മ്യൂണുകളില്‍ നാടന്‍ ആയുധങ്ങളുടെ സംഭരണവും പരിശീലനവും നേതാക്കളുടെ സ്റ്റഡി ക്ലാസുകളും പതിവായിരുന്നു. ഏതു സമയത്തും പോലീസ് തങ്ങളെ ആക്രമിക്കുമെന്നും അതിനെതിരായി ആയുധസംഭരണംവേണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. കവുങ്ങ് പൊളിച്ചത് കൊണ്ട് ഉണ്ടാക്കുന്ന വാരിക്കുന്തങ്ങള്‍ ഉപയോഗിച്ച് പോലീസിനെ നേരിടണമെന്നും അവരെ പഠിപ്പിച്ചു. ഇതിനോട് യോജിക്കാതെ വന്ന സമീപവാസികള്‍ ഭയവിഹ്വലരായി അന്യപ്രദേശങ്ങളിലെ ബന്ധുവീടുകളില്‍ അഭയം പ്രാപിച്ചു. ഇങ്ങനെ പൂഞ്ഞാറില്‍ പോയി രക്ഷപ്പെട്ടവര്‍വരെ പില്‍ക്കാലത്ത് വയലാറിലെ ധീരസഖാക്കളായി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ല എന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. പുന്നപ്ര വയലാറിന്റെ പൊള്ളത്തരം ആദ്യമായി ഈ ലേഖകനോട് സംസാരിച്ചത് യശ:ശരീരയായ കെ.ആര്‍.ഗൗരിയമ്മയാണ്. 1957ലെ ഇ.എം.എസ് മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മയുടെ ആലപ്പുഴയിലെ വീട്ടില്‍ 2007ല്‍ ഒരു ദിവസം പോകാനിടയായി. ‘അമ്മയെ വയലാറിന്റെ റാണി എന്ന് വിളിക്കുന്നുണ്ടല്ലോ’ എന്ന ചോദ്യത്തിന്റെ ഉത്തരം ‘ആ ഭ്രാന്തന്മാര്‍ പറയുന്നതാണ് ഇതൊക്കെ. ഞാന്‍ വയലാര്‍ സമരത്തിലൊന്നുമില്ല. ആ ദിവസം ഞാന്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു’ എന്നായിരുന്നു ആ സാധ്വിയുടെ ശക്തമെങ്കിലും നിഷ്‌കളങ്കമായ മറുപടി. പുന്നപ്രസമരത്തിന്റെ നേതാവ് ‘ടി.വി.തോമസ് ആയിരുന്നല്ലോ’ എന്ന ചോദ്യത്തിന്റെ ഉത്തരവും പൊടുന്നനെയായിരുന്നു. ‘ശുദ്ധ നുണ. അങ്ങനെയെങ്കില്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്യില്ലേ.’
‘പുന്നപ്ര റിസര്‍വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെപ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റസ്റ്റ് ഹൗസില്‍ കൊല്ലം ഡിഎസ്പി വൈദ്യനാഥയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണത്തെക്കുറിച്ച് ഡിഎസ്പിക്ക് വിവരം നല്‍കാന്‍ ചെന്ന മരിയാനും പീറ്ററും കണ്ടത് അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായ ഈ കാഴ്ചയായിരുന്നു (കമ്മ്യൂണിസം വഞ്ചനയുടെ തത്ത്വശാസ്ത്രം, ഡി.സുഗതന്‍, പേജ്. 39).
പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമണം നടക്കുന്നത് 1946 ഒക്ടോബര്‍ 24 നാണ്. 28 തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചു. അഞ്ചു പോലീസുകാര്‍ വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടു. വയലാര്‍ ക്യാമ്പിലേക്ക് പട്ടാളത്തിന്റെ വെടിവെപ്പ് ഉണ്ടാകുന്നതാകട്ടെ ഒക്ടോബര്‍ 27നും. വെടിവെപ്പില്‍ 103 ആളുകള്‍ കൊല്ലപ്പെട്ടു (വഞ്ചനയുടെ തത്ത്വശാസ്ത്രം ഡി.സുഗതന്‍. പേജ് 54). അത്ഭുതകരമായ വാര്‍ത്ത ക്യാമ്പില്‍ അണികള്‍ മാത്രമാണുണ്ടായിരുന്നത് എന്നതാണ്, നേതാക്കന്മാരൊക്കെ ആ സമയത്തേക്ക് സ്ഥലം വിട്ടിരുന്നു. വെടിവെപ്പ് ദിവസം രാവിലെ കൂടുതല്‍ ആളുകളെ കൂട്ടി വരാം എന്നു പറഞ്ഞു പോയ കുമാരപ്പണിക്കര്‍ (വയലാര്‍ സ്റ്റാലിന്‍ – സഖാവ് സി.കെ. ചന്ദ്രപ്പന്റെ അച്ഛന്‍) പിന്നെ പ്രത്യക്ഷപ്പെടുന്നത് രണ്ടുവര്‍ഷം കഴിഞ്ഞാണ്.
1946 സപ്തംബര്‍ രണ്ടിനു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായി ഇടക്കാല മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേറ്റിരുന്നു. സത്യത്തില്‍ പുന്നപ്രയിലെയും വയലാറിലെയും കൂട്ടക്കുരുതികള്‍ ആര്‍ക്കുവേണ്ടിയായിരുന്നു എന്നത് ചിന്തനീയമാണ്. കേരളം കണ്ട മികച്ച നാടകാചാര്യനും ഇടതു സഹയാത്രികനുമായ എന്‍.എന്‍.പിള്ള വയലാര്‍ വെടിവെപ്പിനെക്കുറിച്ച് തന്റെ ആത്മകഥയില്‍ (‘ഞാന്‍’- പേജ്. 429) ഇങ്ങനെ പറയുന്നു: ‘വയലാറിലെ ചൊരിമണലില്‍, ഓടാന്‍ പോലും ഇടം കിട്ടാതെ നൂറുകണക്കിന് പാവപ്പെട്ടവര്‍ കരഞ്ഞു വിളിച്ച് ചത്തുമലച്ചപ്പോള്‍ അവര്‍ക്കു മരണമന്ത്രം ഓതിക്കൊടുത്ത ഒരൊറ്റ നേതാവ് പോലും ആ പ്രദേശത്തെങ്ങും ഇല്ലായിരുന്നു. എല്ലാവരും വെടിയൊച്ച കേള്‍ക്കുന്നതിനു മുമ്പ് തന്നെ കായലിനക്കരെ പറ്റിയിരുന്നു. അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ, തലമുതിര്‍ന്ന ഒരൊറ്റ നേതാവ് പോലും പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നതായി അറിവില്ല. ആലപ്പുഴയിലെ സമര്‍ത്ഥനായ തൊഴിലാളി നേതാവ് ടി.വി. തോമസ് ആ സമരത്തെപ്പറ്റി അറിഞ്ഞ മട്ടില്ല.’
എന്‍.എന്‍.പിള്ള തുടരുന്നു: ‘ഞാനിന്നും മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്നു. ദേശകാലാനുയോജ്യമായ വിപ്ലവത്തില്‍ വിശ്വസിക്കുന്നു. മനുഷ്യ മഹത്വത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആണും പെണ്ണുംകെട്ട അറുംവഞ്ചനയില്‍ വിശ്വസിക്കുന്നില്ല. അതെന്തു മഹാമന്ത്രത്തിന്റെ പേരിലായാലും. പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണവും വയലാറിലെ കുരുതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കൃത്യമായി ആസൂത്രണം ചെയ്തതാണ്. പുന്നപ്ര വയലാര്‍ സമര ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ (ഡിക്ടേറ്റര്‍) കുന്തക്കാരന്‍ പത്രോസ് എന്നറിയപ്പെട്ട കെ.വി. പത്രോസാണ്. തിരുവിതാംകൂര്‍ കൊച്ചി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറിയാണ് പത്രോസ്. മനുഷ്യക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പത്രോസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അകന്നു പോയി. രാഷ്ട്രീയം വിട്ട് തെരുവ് കച്ചവടക്കാരനായി മാറിയ പത്രോസ് വേദനയോടെ കുറിച്ചതിങ്ങനെ: ‘എന്നെ പുന്നപ്ര വലിയചുടുകാട്ടില്‍ വയ്ക്കരുത്. എനിക്കു വയ്യ. അവരവിടെ ഉണ്ടല്ലോ (അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാക്കള്‍). അവിടെയും കിടന്ന് എനിക്ക് അവരോട് വഴക്കു വയ്യ. എനിക്കല്പം സ്വസ്ഥത വേണം.’
കലാപം നടന്നതിന്റെ തൊട്ടടുത്ത വര്‍ഷം(1947ല്‍) വയലാര്‍ രക്തസാക്ഷി ദിനം ആചരിക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. നിരപരാധികളെ ചതിച്ച് കൊലയ്ക്ക് കൊടുത്തതില്‍ നാട്ടുകാര്‍ക്ക് ശക്തിയായ പ്രതിഷേധം ഉണ്ടായിരുന്നു. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് രക്തസാക്ഷി വാരാചരണം തുടങ്ങിയത്. പിന്നീടത് ആഘോഷങ്ങളാക്കി മാറ്റി. കൂടുതല്‍ പേര്‍ വെടിയേറ്റ് വീണ നെയ്യാരപ്പള്ളികുടുംബം വക പുരയിടത്തിലാണ് ജന്മിയുടെ അനുവാദത്തോടെ രക്തസാക്ഷി അനുസ്മരണചടങ്ങുകള്‍ നടത്തിവന്നത്. 1971ല്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് സഖ്യം അധികാരത്തില്‍ എത്തിയപ്പോള്‍ ഈ പുരയിടത്തിലെ പത്തുസെന്റ് സ്ഥലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വാങ്ങിച്ചെടുത്തു. അങ്ങനെ 25 വര്‍ഷങ്ങള്‍ക്കു ശേഷം വയലാര്‍ രക്തസാക്ഷികളെ നെയ്യാരപ്പിള്ളി ജന്മിയുടെ കുടികിടപ്പുകാരാക്കി (വഞ്ചനയുടെ തത്വശാസ്ത്രം, പേജ്. 45).
പുന്നപ്ര പോലീസ് സ്റ്റേഷന്‍ ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസം (25.10.1946) പുന്നപ്ര പാതിശ്ശേരിയില്‍ വച്ചു കൂടിയ യോഗക്ഷേമ സഭയുടെ സമ്മേളനത്തില്‍ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് പ്രസംഗിച്ചിരുന്നുവെന്നു കമ്മ്യൂണിസ്റ്റ് നേതാവ് കെ.സി. ജോര്‍ജ് പുന്നപ്ര വയലാര്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ‘സഭാപ്രവര്‍ത്തനവും നമ്പൂതിരിമാരുടെ ജീവിതവും തമ്മില്‍ വേണ്ടത്ര ബന്ധം ഉണ്ടാക്കാന്‍ കഴിയാത്തതാണ് സഭ സജീവമാകാത്തതിന് കാരണമെന്ന് നമ്പൂതിരിപ്പാട് തെളിയിച്ചു എന്നാണ് യോഗക്ഷേമ മാസികയിലെ നവംബര്‍ 20ലെ റിപ്പോര്‍ട്ട്. ഇതില്‍ നിന്നും കമ്മ്യൂണിസ്റ്റ് ആചാര്യനായ നമ്പൂതിരിപ്പാടിന് പുന്നപ്ര-വയലാര്‍ കലാപത്തിലുള്ള താത്പര്യവും ബന്ധവും മനസ്സിലാക്കാം.
ഇടതു മനസ്സിന്റെ മറ്റൊരു കഥ ഇഎംഎസ്സിലൂടെ തന്നെ നമുക്ക് മനസ്സിലാക്കാം. 1960ല്‍ ഒരുദിവസം മദ്രാസിലേക്കുള്ള യാത്രാമധ്യേ സര്‍ സി.പി.യും ഇ.എം.എസും തമ്മില്‍ കാണുന്നു. ‘ഭരണഘടനയുടെ 356-ാം വകുപ്പ് അധികാരസ്ഥാനങ്ങളിലുള്ളവര്‍ ദുരുപയോഗം ചെയ്തതിന്റെ രക്തസാക്ഷിയാണ് താനെന്നു സാന്ദര്‍ഭികമായി സൂചിപ്പിച്ച ഇ.എം.എസ്. 1947ല്‍ തിരുവിതാംകൂറില്‍ ഉണ്ടായ താദൃശ്യ സംഭവങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു, രണ്ടുപേരും ചിരിച്ചു.’ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പത്രപ്രസ്താവന നടത്തിയ ആളായിരുന്നു സര്‍ സി.പി. രാമസ്വാമിഅയ്യര്‍ (സര്‍ സി.പി.തിരുവതാംകൂര്‍ ചരിത്രത്തില്‍, എ.ശ്രീധരമേനോന്‍, പേജ് 67).
പുന്നപ്ര വയലാര്‍ സമരകഥ ഇതുകൊണ്ടും അവസാനിക്കുന്നില്ല. കേരളം ഭരിച്ച ഇടതുമനസ്സുള്ള ഇരുമുന്നണികളും ബുദ്ധിജീവികളും ഇതിനെ സ്വാതന്ത്ര്യസമരമായി അംഗീകരിച്ചു കഴിഞ്ഞു. കലാപം നടക്കുമ്പോള്‍ കേന്ദ്രത്തില്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊട്ട് ഓര്‍മ്മയുമില്ലായിരുന്നു. 1150 കമ്മ്യൂണിസ്റ്റുകാര്‍ പുന്നപ്ര വയലാറിന്റെ പേരില്‍ പ്രതിമാസം 6000 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇതുവഴി പ്രതിവര്‍ഷം എട്ടു കോടി 28 ലക്ഷംരൂപ സംസ്ഥാനഖജനാവില്‍ നിന്ന് ചോര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് 1972 ആഗസ്റ്റ് 15 മുതല്‍ ഈ പെന്‍ഷന്‍ അനുവദിച്ചത്. അക്കാലത്തെ കേരള ഭരണം നടത്തിയിരുന്നത് കോണ്‍ഗ്രസ് വലതു കമ്മ്യൂണിസ്റ്റ് -ലീഗ് കൂട്ടുകെട്ടായിരുന്നു. ഇതോടൊപ്പം ലീഗിനെ തൃപ്തിപ്പെടുത്താന്‍ മലബാര്‍ കലാപവും സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചു.