എലിസബത്ത് രാജ്ഞിക്ക് മുമ്പ് ഇംഗ്ലണ്ടിലെ രാജാവായിരുന്നു ജോര്‍ജ്ജ് അഞ്ചാമന്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ജോര്‍ജ്ജ് രാജാവിനെയും രാജ കുടുംബത്തെയും തൃപ്തിപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ജോര്‍ജ്ജ് അഞ്ചാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഒരു പുതിയ നഗരം പണിയാന്‍ അവര്‍ തീരുമാനിച്ചു. കൊല്‍ക്കത്ത നഗരത്തോട് വിട പറഞ്ഞുകൊണ്ട്, സൂര്യനസ്തമിക്കാത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രതിബിംബമായി പുതിയ ഒരു നഗരം. അതിന് അവര്‍ തിരഞ്ഞെടുത്തത് ദല്‍ഹി ആയിരുന്നു. ഭാരതത്തിന്റെ ഭരണസിരാകേന്ദ്രമായ ദല്‍ഹി. ടോമാര്‍ രാജാവംശവും ചൗഹാന്‍ രാജവംശവും വാണിരുന്ന ഇന്ദ്രപ്രസ്ഥം, ഇസ്‌ലാമിക അധിനിവേശത്തിന് ഇരയായ ഇന്ദ്രപ്രസ്ഥം, മതത്തിന്റെ പേരില്‍ ഹൈന്ദവ സമൂഹം നിര്‍ദ്ദാക്ഷിണ്യം കൊല്ലപ്പെടുകയും ബാക്കി വന്നവരെ മതപരിവര്‍ത്തനം നടത്തുകയും അവരുടെ രക്തത്തിലൂടെ സിംഹാസനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്ത ഇന്ദ്രപ്രസ്ഥം. പുതിയ ബ്രിട്ടീഷ് ലോകത്തിന്റെ ഭരണസിരാകേന്ദ്രമായി ദല്‍ഹി മാറുകയായിരുന്നു. അങ്ങനെ ലുട്ടിയന്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനു വേണ്ടി സൃഷ്ട്ടിച്ച ദല്‍ഹിയുടെ കേന്ദ്രസ്ഥാനമായി രാജ്പഥ് അല്ലെങ്കില്‍ ‘kings way”മാറി. ഒട്ടനവധി തെരുവുകള്‍ക്കും റോഡുകള്‍ക്കും അവര്‍ അവരുടെ പൂര്‍വികരുടെ നാമം നല്‍കാന്‍ തുടങ്ങി. ഇതുവഴി നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു സംസ്‌കാരത്തെ ചരിത്രപുനര്‍നിര്‍മ്മിതികളിലൂടെ ആസൂത്രിതമായി മാറ്റിമറിക്കാന്‍ അവര്‍ ശ്രമിച്ചു. സ്വാതന്ത്ര്യത്തിനു ശേഷവും വര്‍ഷങ്ങളോളം ഈ സ്ഥിതി തുടര്‍ന്നു. റോഡുകളും തെരുവുകളും മാത്രമല്ല, സ്വതന്ത്ര ഭാരതത്തിന്റെ നാവികസേനയുടെ ചിഹ്നങ്ങളില്‍ പോലും കൊളോണിയല്‍ മുദ്ര ഉണ്ടായിരുന്നു. എന്നാല്‍ ഏകദേശം ആയിരത്തി ഇരുന്നൂറ് വര്‍ഷത്തിലേറെ നിലനിന്ന കൊളോണിയല്‍ സംസ്‌കാരത്തെ തച്ചുടയ്ക്കുന്നതാണ് കഴിഞ്ഞ പത്തു വര്‍ഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്.
കോളനിവല്‍ക്കരണം എന്നത് ഒരു രാഷ്ട്രത്തിലെ പൗരന്മാര്‍ മാതൃ രാഷ്ട്രവുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു മറ്റ് സമൂഹങ്ങളില്‍ കടന്നുചെന്നു കോളനികള്‍ സ്ഥാപിക്കുകയും, അതോടൊപ്പം കോളനിവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ അവരുടെ മാതൃരാഷ്ട്രത്തിന് വേണ്ടി ചൂഷണം ചെയ്യുകയും ചെയ്യുന്ന ഒരു പ്രക്രിയയെ സൂചിപ്പിക്കുന്നു. കോളനിവല്‍ക്കരണത്തിന്റെ നാല് രൂപങ്ങളെങ്കിലും ഇന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ചൂഷണ കൊളോണിയലിസം, കുടിയേറ്റ കൊളോണിയലിസം, സറോഗേറ്റ് കൊളോണിയലിസം, ആന്തരിക കൊളോണിയലിസം എന്നിവയാണവ. ഈ കൊളോണിയലിസത്തിന്റെ എല്ലാ വകഭേദങ്ങളും രൂപഭാവങ്ങളും നമ്മുടെ രാജ്യത്ത് പ്രകടമായിരുന്നു. ഖേദകരമെന്നു പറയട്ടെ, സ്വാതന്ത്ര്യം നേടിയതിനുശേഷവും, കൊളോണിയല്‍ ചിഹ്നങ്ങള്‍ വലിയൊരളവോളം നിലനിര്‍ത്തുകയും പിന്നീട് അവ നമ്മുടെ ചരിത്ര പൈതൃകത്തിന്റെ ഭാഗമായി വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. നമ്മുടെ കൊളോണിയല്‍ ഭൂതകാലം തുടച്ചുനീക്കാനും കൊളോണിയല്‍ യജമാനന്മാരെക്കൊണ്ട് അവര്‍ ചെയ്ത കൊടിയ തിന്മയ്ക്ക് കണക്ക് പറയിപ്പിക്കാനും നട്ടെല്ലുള്ള ഭരണാധികാരികള്‍ അന്നുണ്ടായിരുന്നില്ല എന്നതും ഒരു വസ്തുതയാണ്.
2014-ല്‍ യുഎന്‍ പൊതുസഭയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ തുടങ്ങി, അധികാരത്തില്‍ വന്നയുടനെ മോദി, മറ്റ് വിദേശ നേതാക്കളോടും അന്താരാഷ്ട്ര വേദികളിലും ഇംഗ്ലീഷില്‍ സംസാരിക്കുന്ന സമ്പ്രദായം മാറ്റി. 2017-ല്‍, രാഷ്ട്രീയക്കാരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും കാറുകളില്‍ കുപ്രസിദ്ധമായ കൊളോണിയല്‍ കാലഘട്ടത്തിലെ ചുവന്ന ബീക്കണ്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിരോധിച്ചു. ബ്രിട്ടീഷ് കാലം മുതല്‍ നിലനിന്നിരുന്ന ഒരു സമ്പ്രദായം എന്നന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ട് 2016-ല്‍ സര്‍ക്കാര്‍ റെയില്‍വേ ബജറ്റ് കേന്ദ്ര ബജറ്റില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചു. റെയില്‍വേ വകുപ്പിനെ വ്യക്തിപരമായി ഉപയോഗിച്ചുകൊണ്ടാണ് പല നേതാക്കളും സംസ്ഥാനത്ത് അധികാരത്തില്‍ വന്നത് എന്നത് ഒരു പച്ചയായ യാഥാര്‍ത്ഥ്യമാണ്. 2017 മുതല്‍ റെയില്‍വേ ബജറ്റ് യൂണിയന്‍ ബജറ്റിന്റെ ഭാഗമാക്കി ഈ വകുപ്പില്‍ നിലനിന്നുകൊണ്ടിരുന്ന അരാജകത്വത്തിന് അന്ത്യം കുറിക്കാനും മോദി സര്‍ക്കാരിന് സാധിച്ചു.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു രീതിയുണ്ടായിരുന്നു. ബജറ്റ് അവതരണത്തിന് മുമ്പേ ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്വര്‍ തന്റെ ബ്രീഫ്‌കേസ് ഉയര്‍ത്തിപ്പിടിച്ചു എല്ലാവരെയും കാണിക്കും. ബജറ്റ് അവതരണത്തിന്റെ ഈ ബ്രിട്ടീഷ് രീതി സ്വാതന്ത്ര്യാനന്തര ഭാരതം അതുപോലെ കടം കൊണ്ടു. 2019-ല്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ഷിക ബജറ്റ് പാര്‍ലമെന്റിലേക്ക് ബ്രീഫ്‌കേസില്‍ കൊണ്ടുപോകുന്നത് എന്നന്നേക്കുമായി അവസാനിപ്പിച്ചു. പകരം ദേശീയ ചിഹ്നം പതിച്ച ഒരു പരമ്പരാഗത ചുവന്ന തുണിയുടെ ലെഡ്ജറായ ബാഹി ഖാട്ടയില്‍ പൊതിഞ്ഞാണ് കൊണ്ടുപോയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍, ബ്രിട്ടീഷ് കാലഘട്ടത്തിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് പകരമായി വിശാലമായ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി ഭാരതീയരുടെ ആത്മനിര്‍ഭരതയുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കെട്ടിടത്തിന് സര്‍ക്കാരിന് ഏകദേശം 120 ദശലക്ഷം ഡോളര്‍ ചിലവായി. മോദി സര്‍ക്കാരിന്റെ മഹത്തായതും വിവാദപരവുമായ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ കേന്ദ്രബിന്ദുവാണിത്. 2800 ഏക്കറിലധികം വ്യാപിച്ചുകിടന്ന ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ പ്രതീകങ്ങളെ തച്ചുടച്ചുകൊണ്ട് ഒരു പുതിയ ഭാരതത്തിന്റെ ശിലാസ്ഥാപനം ആണ് ഇന്ദ്രപ്രസ്ഥത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
2020-ല്‍ സര്‍ക്കാര്‍ ഒരു പുതിയ വിദ്യാഭ്യാസനയം കൊണ്ടുവന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്നുവന്ന വൈദേശിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അത് കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. 2014-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ കോളനിവല്‍ക്കരിക്കപ്പെട്ട ഭാരതീയ മനസ്സുകളെ പറ്റി പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു, ‘1,200 വര്‍ഷത്തെ അടിമത്തത്തിന്റെ അടിസ്ഥാനമായി രൂപപ്പെട്ട മാനസികാവസ്ഥ ഇന്നും നമ്മെ അസ്വസ്ഥരാക്കുന്നു. പലപ്പോഴും, ഉയര്‍ന്ന ഉയരമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോള്‍, സംസാരിക്കാനുള്ള ശക്തി ശേഖരിക്കുന്നതില്‍ നമ്മളോരോരുത്തരും പരാജയപ്പെടുന്നു’. അധികാരത്തിന്റെ ആദ്യ നാളുകളില്‍ തന്നെ നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ വരാന്‍ പോകുന്ന വലിയ മാറ്റത്തിലേക്കുള്ള സൂചനകളായിരുന്നു.
മറ്റൊരവസരത്തില്‍ അമേരിക്കയിലെ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞത് ‘കഴിഞ്ഞ വര്‍ഷം ഇന്ത്യ 75 വര്‍ഷത്തെ സ്വാതന്ത്ര്യം ആഘോഷിച്ചത് 1,000 വര്‍ഷത്തെ വിദേശ ഭരണത്തിന് ശേഷം ആയിരുന്നു എന്നാണ്. ഇങ്ങനെ തന്റെ പത്തു വര്‍ഷത്തിലുടനീളം അദ്ദേഹം നഷ്ടപ്പെട്ട ഭാരതീയ സ്വത്വ ബോധത്തെ വീണ്ടെടുക്കാനും ഭാരതീയര്‍ക്ക് ഒരു പുതിയ ഉണര്‍വ്വ് നല്‍കാനും നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു.
ഉത്തര്‍പ്രദേശിലെ അലഹബാദും ഫൈസാബാദും ഇപ്പോള്‍ പ്രയാഗ്‌രാജും അയോദ്ധ്യയുമാണ്; മഹാരാഷ്ട്രയിലെ ഔറംഗബാദും ഒസ്മാനാബാദും ഇപ്പോള്‍ ഛത്രപതി സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ അറിയപ്പെടുന്നു. ഇത് സൂചിപ്പിക്കുന്നത് പ്രാദേശിക തലങ്ങളില്‍ തന്നെ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയാണ്. ഇന്ത്യാ ഗേറ്റിന് സമീപം വര്‍ഷങ്ങളോളം നിന്നിരുന്ന കിങ് ജോര്‍ജ്ജ് അഞ്ചാമന്റെ പ്രതിമ അവിടെ നിന്നു മാറ്റി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് രാജ് പഥിനെ കര്‍ത്തവ്യ പഥ് ആക്കി മാറ്റി ക്കൊണ്ട് ഒരു നവയുഗ പിറവിക്കാണ് മോദി തുടക്കം കുറിച്ചത്. നേതാജി ബോസിന് ആദരവ് അര്‍പ്പിച്ച് കൊണ്ട്, നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ മണ്ണില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് 2018 ഡിസംബര്‍ 30-ന്, ആന്റമാനിലെ റോസ് ദ്വീപിന്റെ പേര് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനര്‍നാമകരണം ചെയ്യുകയും നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും; ഹാവ്‌ലോക്ക് ദ്വീപിന്റെ പേര് സ്വരാജ് ദ്വീപ് എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി. ഇന്നിതാ പോര്‍ട്ട് ബ്ലെയര്‍ എന്ന ആന്റമാന്‍ ദ്വീപുകളുടെ തലസ്ഥാനത്തെ ‘ശ്രീ വിജയ നഗരം’ എന്ന് പുനര്‍നാമകരണം ചെയ്തിരിക്കുന്നു. നാം പോലുമറിയാതെ ചരിത്രത്താളുകളില്‍ നിന്ന് മായ്ക്കപ്പെട്ടുപോയ പൂര്‍വ്വകാല സ്മരണകളെ തിരികെ കൊണ്ടുവന്നുകൊണ്ട് ഭാരതത്തെ ലോകത്തിന്റെ അച്ചുതണ്ടായി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജെയിംസ് ഫ്രീമാന്‍ ക്ലാര്‍ക്ക് ഒരിക്കല്‍ പറയുകയുണ്ടായി, ‘ഒരു രാഷ്ട്രീയക്കാരന്‍ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നു, ഒരു രാഷ്ട്രതന്ത്രജ്ഞന്‍ അടുത്ത തലമുറയെ പറ്റി ചിന്തിക്കുന്നു’. ഇങ്ങനെ അടുത്ത ഒരു തലമുറയ്ക്ക് വേണ്ടിയുള്ള നവഭാരത നിര്‍മ്മിതി നടത്തുന്ന മോദിസര്‍ക്കാര്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെയായിരിക്കണം ജനപ്രാതിനിധ്യത്തിലൂടെ മൂന്നാമത് ഒരവസരം അദ്ദേഹത്തെ തേടിവരികയും ഒരു തരി പോലും മങ്ങാതെ ലോകത്തെ ഏറ്റവും മികച്ച ഭരണാധികാരിയായും രാഷ്ട്രതന്ത്രജ്ഞനുമായും അദ്ദേഹം മാറിയതും.