തങ്ങള്‍ക്ക് എന്തും എഴുതാം, ആരും തങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന നിലയിലാണ് ചില മാധ്യമരാജാക്കന്മാരുടെ ധിക്കാരപരമായ സമീപനം. എന്നാല്‍ താടിയുള്ളപ്പനെ പേടിക്കാതെ വയ്യ എന്ന് അവര്‍ക്കും ബോധ്യം വന്നു. ജമ്മുകാശ്മീര്‍ ഹൈക്കോടതി ഒന്നു വിരട്ടിയതും ‘ദി ഹിന്ദു’ പത്രം തലേന്ന് ഛര്‍ദ്ദിച്ച കള്ള വാര്‍ത്ത പിറ്റേന്ന് വിഴുങ്ങി മാപ്പപേക്ഷിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ സപ്തംബര്‍ 5 നാണ് മാപ്പപേക്ഷയും വാര്‍ത്ത പിന്‍വലിക്കലും വിശദീകരണവും വന്നത്. ജമ്മുകാശ്മീര്‍ ഹൈക്കോടതി ജസ്റ്റിസ് അതുല്‍ ശ്രീധരന്റെ കീഴിലുള്ള കെട്ടിക്കിടക്കുന്ന ഏതാനും കേസ്സുകളും ഹെബിയസ് കോര്‍പ്പസ് കേസ്സുകളും പുതിയ ബഞ്ചിലേക്ക് മാറ്റിയെന്നും അതു അസാധാരണ നടപടിയാണെന്നുമായിരുന്നു വാര്‍ത്ത. ജസ്റ്റിസ് ശ്രീധരന്‍ കര്‍ശനക്കാരനാണെന്നും അന്വേഷണ റിപ്പോര്‍ട്ടിലെ പിഴവ് കണ്ടെത്തി ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുമെന്നും വാര്‍ത്തയിലുണ്ട്. മുന്‍പു ജമ്മു മജിസ്‌ട്രേറ്റിന് പതിനായിരം രൂപ പിഴയിട്ടിരുന്നുവെന്നും വാര്‍ത്ത പറയുന്നു. ഈ അസാധാരണ നീക്കത്തെ പുറത്തു കൊണ്ടു വന്നു നീതിന്യായ വ്യവസ്ഥയെ തോണ്ടുകയായിരുന്നു പത്രത്തിന്റെ പരിപാടി എന്ന് മനസ്സിലാക്കാം.
എന്നാല്‍ ഹൈക്കോടതി കണ്ണുരുട്ടുക മാത്രമല്ല ശിക്ഷ കിട്ടുകയും ചെയ്യും എന്നു പറഞ്ഞതോടെ പത്രം വിനീതവിധേയനായി. ഇതില്‍ അസാധാരണ നടപടി എന്നു പറഞ്ഞത് ഉള്‍പ്പെടെ വാര്‍ത്ത തെറ്റാണെന്നും നീതിന്യായ വ്യവസ്ഥയെ അപമാനിക്കലാണെന്നും ഹൈക്കോടതി വിശദീകരിച്ചത് വാര്‍ത്തയാക്കി നല്‍കി പഴയ വാര്‍ത്ത പിന്‍വലിക്കുന്നതായും മാപ്പപേക്ഷിക്കുന്നതായും പത്രാധിപര്‍ വിശദീകരിക്കുകയും ചെയ്തു. ഇതുപോലെ എത്ര വാര്‍ത്തകളാണ് സ്ഥാപിതതാല്പര്യക്കാര്‍ക്കു വേണ്ടി ഈ പത്രമുള്‍പ്പെടെയുള്ളവര്‍ പ്രസിദ്ധീകരിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. അവ തെറ്റാണെന്നു പ്രതികരിക്കുന്നവരെ പുച്ഛത്തോടെ സമീപിക്കുന്ന ഇവര്‍ക്ക് കോടതിയുടെ ശിക്ഷ കിട്ടുമെന്ന് ബോധ്യം വന്നപ്പോഴാണ് തടി രക്ഷിക്കാനുള്ള പരാക്രമം കാട്ടുന്നത്.