നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം ഭരണം വന്നതോടെ രാഹുല്‍ ഗാന്ധിക്കും സീതാറാം യച്ചൂരിക്കും രാത്രി ഞെട്ടിയുണര്‍ന്ന് ‘ന്യൂനപക്ഷം ന്യൂനപക്ഷം’ എന്ന് പിച്ചും പേയും പറയുന്ന രോഗം കലശലായി എന്നാണ് കേള്‍ക്കുന്നത്. അവരുടെ നിഘണ്ടുവില്‍ ന്യൂനപക്ഷം എന്നാല്‍ ഒരര്‍ത്ഥമേയുള്ളൂ. അത് മുസ്ലിം എന്നാണ്. അതുകൊണ്ടു തന്നെ ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഒന്നും ആ പട്ടികയില്‍ വരില്ല. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വംശഹത്യക്ക് ഇരയാവുന്നത് അവര്‍ക്ക് വിഷയമേയല്ല. ഏതാനും വര്‍ഷം മുമ്പാണ് കേരളത്തില്‍ സെന്‍സസ് വകുപ്പ് ആരാധനാലയങ്ങളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി മുസ്ലിം പള്ളികളുടെ കണക്കെടുത്തത്. അതോടെ പള്ളികളുടെ കണക്കെടുക്കുന്നു, അടുത്ത ബാബരി കേരളത്തിലാണ് എന്ന പ്രചരണമായി ഈ നേതാക്കളുടെ പാര്‍ട്ടിക്കാര്‍. ചില സന്നദ്ധ സംഘടനകള്‍ ചില പഞ്ചായത്തുകളില്‍ ആരോഗ്യ സര്‍വ്വേ നടത്തിയപ്പോള്‍ മതപരമായ കണക്കെടുക്കുന്നു എന്ന് ബഹളം വെച്ചതും ഇക്കൂട്ടര്‍ തന്നെ. ഇപ്പോഴിതാ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഹിന്ദുക്കളായ ഉദ്യോഗസ്ഥരുടെ കണക്കെടുക്കാന്‍ പ്രസിഡന്റിന്റെ ഓഫീസ് തന്നെ ഉത്തരവിട്ടിരിക്കുന്നു. അവിടെ വംശീയ ഉന്മൂലനം നടക്കുന്ന സാഹചര്യത്തില്‍ ഗൗരവമുള്ള ഈ വിഷയത്തെക്കുറിച്ച് ഒരക്ഷരം പറയാന്‍ ഈ നേതാക്കളോ പാര്‍ട്ടിക്കാരോ തയ്യാറില്ല.
ഇക്കഴിഞ്ഞ ആഗസ്റ്റ് 29 നാണ് ബംഗ്ലാദേശ് പ്രസിഡന്റിന്റെ ഔദ്യോഗിക ഓഫീസും വീടുമായ ബംഗ്ല ഭവനില്‍ നിന്നും തന്റെ വകുപ്പിലെ ഹിന്ദു ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ വിവരം അന്വേഷിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ശ്രീകൃഷ്ണ ജയന്തിയും വിജയദശമിയും ദേശീയ അവധിദിനമായതിനാലാണ് ഈ പട്ടിക തയ്യാറാക്കുന്നത് എന്ന വിശദീകരണം വിശ്വസിക്കാന്‍ ആരെയാണ് കിട്ടുക. റൈറ്റ്‌സ് ആന്റ് റിസ്‌ക്‌സ് അലൈന്‍ ഗ്രൂപ്പ് ഡയറക്ടര്‍ സുഭാഷ് ഛഗ്മ സംശയിക്കുന്നത് ഇതു ഹിന്ദു വംശഹത്യക്കുള്ള തയ്യാറെടുപ്പാണെന്നാണ്. വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്ന പേരില്‍ ഹിന്ദുക്കളായ അക്കാദമിക വിദഗ്ദ്ധരെയും ഉദ്യോഗസ്ഥരെയും നിര്‍ബ്ബന്ധിച്ച് രാജിവെപ്പിക്കുന്നത് അവിടെ തുടരുകയാണ്. പ്രസിഡന്റിന്റെ വകുപ്പിനെ തുടര്‍ന്ന് ടെക്സ്റ്റയില്‍ ചണ വകുപ്പും ഹിന്ദു ഉദ്യോഗസ്ഥരുടെ പട്ടിക ചോദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഉന്മൂലന പദ്ധതിയുടെ ഭാഗമാണ് ഈ ലിസ്റ്റ് എടുക്കല്‍ എന്ന് ഭയപ്പെടുന്നവരുടെ ഒപ്പം നില്‍ക്കാന്‍ ന്യൂനപക്ഷ പ്രേമികള്‍ എന്ന ലേബല്‍ ഒട്ടിച്ച, രാഹുല്‍-യച്ചൂരി പ്രഭൃതികള്‍ക്കൊന്നും തോന്നുന്നില്ല. അവര്‍ക്ക് ആവേശം മോദി ഭരണത്തില്‍ ‘മുസ്ലിങ്ങള്‍ അപകടത്തില്‍’ എന്ന കള്ള പ്രചരണം നടത്തി രാജ്യത്തെ തന്നെ ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ നാണം കെടുത്താനാണ്. ഹിന്ദു ന്യൂനപക്ഷമായാല്‍ ആരും രക്ഷിക്കാന്‍ ഉണ്ടാവില്ല എന്ന് ഭാരതത്തിലെ മതേതര ജ്വരം കലശലായ ഹിന്ദുക്കള്‍ക്ക് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഈ പച്ചയായ അനുഭവത്തില്‍ നിന്നെങ്കിലും ബോധ്യപ്പെടുമോ?