ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് മലയാള സിനിമാ മേഖലയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമായിരിക്കുന്നു. നാലര വര്‍ഷം എന്തിനാണ് ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്നചോദ്യത്തിന് സാംസ്‌കാരിക മന്ത്രിയില്‍ നിന്ന് പോലും ഒരു വിശദീകരണം ഉണ്ടായിട്ടില്ല. അതില്‍ നിന്നുതന്നെ ആരെ രക്ഷിക്കാനാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്നത് വ്യക്തമാണ്. തങ്ങളുടെ പുരോഗമന മുഖംമൂടി അഴിഞ്ഞുവീഴുമെന്നായപ്പോഴാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതും, വിവരാവകാശ കമ്മീഷന്‍ താക്കീത് നല്‍കിയപ്പോള്‍.
സിനിമ ഒരു പാശ്ചാത്യ സൃഷ്ടിയായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രതിഫലനങ്ങള്‍ അതില്‍ പ്രകടമായിരുന്നു. അതുകൊണ്ടാണ്, സെന്‍സര്‍ ബോര്‍ഡ് തന്നെ നിലവില്‍ വരാന്‍ കാരണം. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് പോലും അധികാരിവര്‍ഗ്ഗ താല്‍പ്പര്യങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നത് അടിയന്തരാവസ്ഥക്കാലത്ത് നാം കണ്ടതാണ്.
മറ്റെല്ലാം സിനിമകളെയും പോലെ, മലയാള സിനിമയും പുഴുക്കുത്തുകള്‍ നിറഞ്ഞതാണ്. ഈ കമ്മറ്റി റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പ് തന്നെ അത് പൊതുജനത്തിന് അറിയുന്ന കാര്യവുമാണ്. പിന്നെ എന്തിനാണ് കമ്മറ്റിയെ നിയോഗിച്ചത് എന്ന് ചോദിച്ചാല്‍, ഉത്തരവാദിത്തം ആരുടെയെങ്കിലും തലയില്‍ കെട്ടിവെക്കണമല്ലോ എന്നതാണ് ഉത്തരം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചാനലുകളെല്ലാം ഇപ്പോള്‍ തിളച്ചു മറിയുകയാണ്. ആരും അറിയാത്ത ഒരു നിഗൂഢ രഹസ്യം ഞങ്ങളിതാ പുറംലോകത്തെ അറിയിക്കുന്നു എന്ന ഭാവമാണ് എല്ലാ ചാനലുകാര്‍ക്കും! സിനിമാ ലോകത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്ത ആരെങ്കിലും കേരളത്തില്‍ ഉണ്ടാകുമോ?
സ്ത്രീ സ്വാതന്ത്ര്യത്തിനും, സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും വേണ്ടി വാതോരാതെ പ്രസംഗിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ വാവിട്ടു കരയുന്നതെന്നതാണ് ഏറ്റവും രസകരമായ വസ്തുത. പാശ്ചാത്യ സംസ്‌കാരം അതേപടി പകര്‍ത്തിയാല്‍ മാത്രം പോരാ, പ്രബുദ്ധ മലയാളികള്‍ അതുക്കും മേലെ പോകണം എന്ന് വാദിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ സിനിമാ മേഖല ഈജിയന്‍തൊഴുത്തായി എന്ന് മുറവിളി കൂട്ടുന്നത്! സാംസ്‌കാരിക അധഃപതനത്തെ കുറിച്ചോ, പാശ്ചാത്യ സാംസ്‌കാരിക അധിനിവേശത്തെ കുറിച്ചോ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ അറുപിന്തിരിപ്പന്‍ ആകുന്ന അവസ്ഥയായിരുന്നു കേരളത്തില്‍.
പാശ്ചാത്യസിനിമകളെ വിമര്‍ശിക്കുകയല്ല. സിനിമയുടെ ഉത്ഭവവും വളര്‍ച്ചയും തളര്‍ച്ചയും പടിഞ്ഞാറ് നിന്ന് തന്നെയാണ്. ലോകോത്തര ഇതിഹാസ സിനിമകളില്‍ നിന്നും സിനിമാമേഖല കച്ചവട സിനിമക്കും, പോണ്‍ സിനിമയ്ക്കും വരെ വഴിമാറി. സ്ത്രീ കഥാപാത്രം ഉണ്ടെങ്കില്‍ സെക്‌സ് വേണം എന്നൊരു പതിവുരീതി തന്നെ സിനിമയില്‍ രൂപപ്പെട്ടു. ലൈംഗിക അരാജകത്വം സാംസ്‌കാരിക അധഃപതനത്തിലേക്കും അതുവഴി സുസ്ഥിരമായ ജീവിത പദ്ധതികളുടെ നാശത്തിലേക്കും നയിക്കുമെന്ന സത്യം ആരും തിരിച്ചറിഞ്ഞില്ല! അതാണു പുരോഗമനം എന്നുവരെ വായ്ത്താരികള്‍ ഉണ്ടായി. അതുകൊണ്ട് തന്നെ, ഇക്കിളി സാഹിത്യവും, അതിനു സമാനമായ ഇക്കിളി സിനിമകളും നമ്മുടെ കലാസാംസ്‌കാരിക രംഗത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങി!
എന്താണ് സിനിമാ മേഖലയില്‍ നടക്കുന്നത്?
മറ്റു കലാരംഗങ്ങളില്‍ നിന്നു ഭിന്നമായി സിനിമാ മേഖല ഒരു കൂത്തരങ്ങായി മാറിയിരിക്കുന്നു. എന്നാല്‍ അത് കോടികള്‍ അമ്മാനമാടുന്ന ഒരു മായാലോകം ആയത് കൊണ്ടും, മാധ്യമങ്ങള്‍ അതിന്റെ ഗുണഭോക്താക്കള്‍ ആയതുകൊണ്ടും അവിടെ നടക്കുന്ന അരുതായ്കകള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല. സ്വര്‍ണ്ണകള്ളക്കടത്ത് പോലെ, ആരെങ്കിലും ഒറ്റിക്കൊടുക്കാതെ ഈ അധോലോകത്തെ വാര്‍ത്തകള്‍ ആരും അറിഞ്ഞിരുന്നില്ല. അതിനുള്ള ഗുണ്ടാപ്പടയും, സെന്‍സര്‍ ബോര്‍ഡും അവര്‍ക്ക് സ്വന്തമായി ഉണ്ട്. താരസംഘടനകളുടെ ആള്‍ബലത്തില്‍ ഈ വെള്ളരിക്കാപട്ടണം എന്നും സുരക്ഷിതമായിരുന്നു. ചില പടലപ്പിണക്കത്തിന്റെ പേരിലാണ് സിനിമാമേഖലയിലെ മയക്കുമരുന്ന് പാര്‍ട്ടിയും മറ്റും പുറംലോകം അറിഞ്ഞത്. എന്നാല്‍, വാര്‍ത്ത വന്നതിലും വേഗത്തില്‍ അത് മാഞ്ഞുപോകുകയും ചെയ്തു. കാരണം, അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അത്ര സ്വാധീനം ഉള്ളവരാണ്. രാഷ്ട്രീയ സ്വാധീനവും, സാമ്പത്തിക സ്വാധീനവും അവിടെ വലിയ തോതില്‍ വിപണനം ചെയ്യപ്പെടുന്നു. കോടികള്‍ വെച്ചുള്ള കളിയായതിനാല്‍ ഈ മേഖലയില്‍ പണത്തിന് ഒരു പഞ്ഞവും ഉണ്ടായില്ല.
ഒരുകാലത്ത് മലയാള സിനിമാ മേഖല ഒട്ടേറെ നല്ല കലാകാരന്മാരുടെ വേദിയായിരുന്നു. ഒരു വശത്ത് കലാകാരന്മാരും, മറുവശത്ത് കലയെ സ്‌നേഹിക്കുന്ന കുറേ മുതലാളിമാരും സിനിമയെ തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ട് നയിച്ചു. എന്നാല്‍ ഗള്‍ഫ് കുടിയേറ്റ കാലം ആയപ്പോഴേക്കും പുത്തന്‍ പണക്കാരുടെ വരവായി. പ്രാദേശിക മുതലാളിമാരും പുത്തന്‍ പണക്കാരും തമ്മിലുള്ള കിടമത്സരം സിനിമയെ വല്ലാതെ സ്വാധീനിച്ചു. കലാമൂല്യമുള്ള സിനിമകള്‍ക്ക് പകരം കച്ചവട സിനിമകള്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചു. പിന്നീട് പിടിച്ചു നില്‍ക്കാന്‍ കണക്കില്ലാത്ത പണം പമ്പ് ചെയ്യേണ്ടി വന്നു. അങ്ങനെ പണക്കൊഴുപ്പ് കൂടിയപ്പോള്‍ അനുബന്ധമായി പല അനാശാസ്യ പ്രവര്‍ത്തനങ്ങളും ഈ രംഗത്തേക്ക് ഇരച്ചെത്തി. പണ്ടൊക്കെ കേട്ടിരുന്ന ഡയറക്ടര്‍, പ്രൊഡ്യൂസര്‍ തുടങ്ങിയവരെ ചേര്‍ത്തുള്ള അപൂര്‍വ്വം ഗോസിപ്പുകളില്‍ നിന്ന് ലൈറ്റ് ബോയി വരെ കേന്ദ്ര കഥാപാത്രങ്ങളായി വരാന്‍ തുടങ്ങി. ഒരാളെ തൃപ്തിപ്പെടുത്തുക എന്നതില്‍ നിന്ന് എല്ലാവരെയും തൃപ്തിപ്പെടുത്തുക എന്ന ‘വളര്‍ച്ച’ മലയാള സിനിമ നേടിയെടുത്തു! അതിനു സമ്മതമുള്ളവര്‍ മാത്രം ഫീല്‍ഡിലേക്ക് വന്നാല്‍ മതിയെന്ന് ലൈറ്റ് ബോയി അടക്കം ധിക്കാരം പറയാന്‍ തുടങ്ങി! അതിനുള്ള കാരണം അന്വേഷിക്കുമ്പോഴാണ് നമ്മുടെ സിനിമാലോകത്തെ പൊള്ളത്തരങ്ങള്‍ മനസ്സിലാകുക. അഭിനയിക്കാനുള്ള നൈസര്‍ഗ്ഗികശേഷി അവിടെ വിഷയമേ ആയിരുന്നില്ല. ‘ക്യാമറ ലുക്കും’ മാദകത്വവുമുള്ള സ്ത്രീ എന്ന സമവാക്യത്തിലേക്ക് നായികയെ ചുരുക്കിക്കെട്ടി! ആ മാദകത്വം ഇക്കിളി മനസ്സുള്ള മലയാളിയിലേക്ക് വിറ്റു കാശ് കൊയ്യാമെന്ന വ്യാമോഹമാണ് അവരെ നയിച്ചത്. മാത്രമല്ല, സിനിമയുടെ തലതൊട്ടപ്പന്മാര്‍ക്ക് ഹരം പകരാനും അവരെ ഉപയോഗിച്ചു. അതുകൊണ്ട് തന്നെ നായികയെ തേടി സംവിധായകന് കലാലയങ്ങള്‍ കേറി ഇറങ്ങേണ്ട ഗതികേട് ഇല്ലാതായി. ഏതെങ്കിലും ദേശത്ത് കലാവാസനയും, മുകളില്‍ പറഞ്ഞ നിശ്ചിത യോഗ്യതയുമുള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ ദല്ലാളുമാര്‍ വഴി സിനിമയിലേക്ക് അവള്‍ ആനയിക്കപ്പെടും. അവരെ വേണ്ടപ്പെട്ടവര്‍ പരമാവധി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. പിന്നീടുള്ളത് ക്യാന്‍വാസ് വര്‍ക്ക് ആണ്. അതു ചെയ്യാന്‍, മാധ്യമ പിണിയാളുകള്‍ പടിക്ക് പുറത്ത് കാവല്‍ നിന്നു. ഇത്തരം നായികമാരെ കുറിച്ച് മാധ്യമങ്ങള്‍ പരമ്പരകള്‍ സൃഷ്ടിക്കും. ലോകസിനിമയെ വെല്ലുന്ന നായിക ഇതാ ഈ കേരളക്കരയില്‍ ഉദയം ചെയ്തിരിക്കുന്നു എന്നാവും വായ്ത്താരി. ആരൊക്കെ വാഴണം, ആരൊക്കെ തഴയപ്പെടണം എന്ന് സിനിമ ദല്ലാളന്മാരുടെ ഒത്താശക്കനുസരിച്ചു മാധ്യമങ്ങള്‍ അച്ചുനിരത്തി!
പൊടുന്നനെ സിനിമാ മേഖല മാഫിയ സംഘം കയ്യേറി. മുന്‍പ് മുംബൈ സിനിമയെ ദാവൂദ് ഇബ്രാഹിം എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്, അതുപോലൊരു മാഫിയ സംഘം മലയാള സിനിമയിലും എത്തി. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പറയുന്നത് പതിനഞ്ച് പേരടങ്ങുന്ന ഈ സംഘമാണ് സിനിമയില്‍ ആരൊക്കെ അഭിനയിക്കണം, മറ്റു ജോലികള്‍ ആര്‍ക്കൊക്കെ കൊടുക്കണം, ആരെ വാഴ്ത്തണം, ആരെ വീഴ്ത്തണം എന്നൊക്കെ തീരുമാനിക്കുന്നത് എന്നാണ്. പ്രമുഖ നടന്മാരുടെ ഡേറ്റ് പോലും ഈ സംഘമാണ് തീരുമാനിക്കുക. എന്നാല്‍, ഹേമ കമ്മറ്റി പറയാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. അതിലൊന്ന്, ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്നു തീരുമാനിക്കുന്നത് ഈ സംഘമാണ് എന്ന കാര്യമാണ്.
സിനിമാ മേഖല ഒരു അധോലോകമാണ്. കോടികള്‍ മറിയുന്ന ഈ മേഖലയില്‍ ഒഴുകിയെത്തുന്ന പണത്തിന്റെ കണക്കുകള്‍ പുറത്തുവരാറില്ല. കിട്ടുന്ന വരുമാനത്തിനു മാത്രമേ കണക്കുള്ളൂ. കാരണം, കോടികള്‍ പ്രതിഫലം വാങ്ങുന്ന പലരും ചെക്കായി പണം വാങ്ങാറില്ല. എന്നാല്‍, മറ്റു ചിലരാകട്ടെ, ചെലവായതിന്റെ നൂറിരട്ടി പെരുപ്പിച്ചു കാണിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതും ഇവിടെ തന്നെ!
മുംബൈയിലെ അധോലോകം കാണിച്ച മാതൃക പിന്തുടര്‍ന്ന് കേരളത്തിലും ഇസ്ലാമിക തീവ്രവാദികള്‍ സിനിമയെ നിയന്ത്രിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതുതരം സിനിമയാണ് നിര്‍മ്മിക്കേണ്ടത്, തിരക്കഥ, സംഭാഷണം എന്നിവയൊക്കെ എങ്ങനെ ആയിരിക്കണം എന്ന് ഈ അദൃശ്യ വ്യക്തികള്‍ തീരുമാനിക്കുന്നു. മുന്‍പൊക്കെ മുസ്ലീം കഥാപാത്രങ്ങള്‍ക്ക് മതേതര പരിവേഷം നല്‍കി വെള്ളപൂശുകയും, ഹിന്ദു കഥാപാത്രങ്ങളെ പിന്തിരിപ്പന്മാരും, ദുഷ്ടന്മാരും ആയി ചിത്രീകരിക്കുകയുമായിരുന്നു രീതി. അതേ രീതി ഇന്നും മാറാത്തതുകൊണ്ട് ചോദ്യംചെയ്യാന്‍ ആളില്ലാതെ ഇസ്ലാമിക തീവ്രവാദം സിനിമയില്‍ ഒളിച്ചു കടത്തുകയാണ്. ഹൈന്ദവ നവോത്ഥാനത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിനിമാബുദ്ധിജീവികള്‍ക്ക് ഇസ്ലാമിലെ പിന്തിരിപ്പന്‍ ആചാരങ്ങളെക്കുറിച്ചു പറയാന്‍ പേടിയാണ്!
പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നൂറിലധികം പേജുകള്‍ മൂടിവെച്ചിരിക്കയാണത്രേ! കാരണം പറയുന്നത്, വ്യക്തികളെ അധിക്ഷേപിക്കുന്ന ഭാഗം മറച്ചുവെച്ചു എന്നാണ്. എന്ത് സാംഗത്യമാണ് ഈ വാദത്തിനുള്ളത്. ഏതെങ്കിലും വ്യക്തികളെ അധിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കോടതിയെയോ, കമ്മീഷനെയോ സമീപിച്ചു കൂടെ? അതിനു പകരം, മന്ത്രി പറയുന്നത്, പീഡനം നേരിട്ടവര്‍ പരാതിയുമായി വരട്ടെ, അപ്പോള്‍ നോക്കാം എന്നാണ്. അതിലൊരു ഭീഷണിയുടെ സ്വരമുണ്ട്. ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തികള്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുക്കുന്നില്ല? അപ്പോള്‍, കോടതിയെപ്പോലും വരുതിയില്‍ നിര്‍ത്താന്‍ കഴിവുള്ള സ്വാധീനമുള്ളവരാണ് ആരോപിതര്‍ എന്ന് കരുതേണ്ടിവരും?
ലൈംഗിക ചൂഷണം
സിനിമാ ലോകത്തെ ലൈംഗിക ചൂഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ടൊക്കെ ഒട്ടേറെ നായികമാര്‍ ഇത്തരം ചൂഷണത്തിനു ഇരയാകുന്നതിന്റെയും, സ്വമേധയാ വഴിപ്പെടുന്നതിന്റെയും ഒക്കെ കഥകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇത്ര വ്യാപകമായ ആരോപണം അന്നൊന്നും ഉയര്‍ന്നുവന്നിട്ടില്ല. കാരണം, അന്നൊക്കെ ചൂഷകര്‍ ഏതാനും പ്രമുഖ വ്യക്തികള്‍ മാത്രം ആയിരുന്നു. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. നടിമാര്‍ക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തേണ്ടി വരുന്നു. ഇത്തരം മോഹങ്ങളുമായി സിനിമയിലേക്ക് വരുന്ന നിര്‍മ്മാതാക്കള്‍ ഒട്ടേറെയുണ്ട്. അവരുടെ അരികു പറ്റി വരുന്നവരും ധാരാളമാണ്. എല്ലാത്തിനും ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു. പെണ്ണിന് പെണ്ണ്, കള്ളിന് കള്ള്, മയക്കുമരുന്ന്, ഉത്തേജക മരുന്നുകള്‍- എല്ലാം സുലഭമാണ്. അതെല്ലാം എത്തിക്കാനുള്ള ദല്ലാളുമാര്‍ ചുറ്റുമുണ്ട്. കാരണം, പത്തിരുപത് ലക്ഷം ബാങ്കില്‍ നിന്ന് ലോണെടുത്തല്ല സിനിമ നിര്‍മ്മിക്കുന്നത്. കോടികള്‍ക്ക് മുകളില്‍ കൊടികെട്ടിയാണ്! ചുരുക്കത്തില്‍, ഭൂരിപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍ സിനിമാമേഖല ശരിക്കും ഒരു ‘ബ്രോതെല്‍ ഹൗസ്’ (വേശ്യാലയം) ആണ്! പക്ഷെ, കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഈ ന്യൂനപക്ഷമായ ‘ഉത്സവക്കമ്മറ്റിയാണ്’. പക്ഷെ, ഇത് പുറത്തുപറയാന്‍ ആരും ധൈര്യം കാണിക്കാറില്ല. തിലകന്‍ മാത്രമാണ് സിനിമാ ലോകത്തെ വൃത്തികേടുകളെക്കുറിച്ച് വാചാലനാകാന്‍ ധൈര്യം കാണിച്ചത്. അതിനുള്ള ശിക്ഷയും അദ്ദേഹത്തിന് കിട്ടി. ഇപ്പോള്‍ ഏതാനും സ്ത്രീകള്‍ ഈ ചൂഷണങ്ങളെക്കുറിച്ച് പറയാന്‍ ധൈര്യം കാണിച്ചിരിക്കുന്നു. അത്രയെങ്കിലും നല്ലത്! പക്ഷെ, ഒന്നും സംഭവിക്കില്ല. സിനിമാമേഖലയില്‍ മാത്രമാണോ ലൈംഗിക ചൂഷണം നടക്കുന്നത് എന്നാണു ചിലര്‍ ചോദിക്കുന്നത്! അങ്ങനെ പറയുന്നവരെ നിലക്ക്‌നിര്‍ത്താനും, വായടപ്പിക്കാനും ഇവിടെ ആരും ഇല്ലാതെ പോയി.
എന്തുകൊണ്ടാണ് യുവതീയുവാക്കള്‍ സിനിമയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? ഒന്നാമതായി പേരും പ്രശസ്തിയും. അതിനെല്ലാം പുറമേ അമിതമായ പ്രതിഫലവുമാണ് കാരണം. ഒരു സിനിമയില്‍ അഭിനയിച്ചാല്‍ തന്നെ ആജീവനാന്തം ജീവിച്ചുപോകാനുള്ള പ്രതിഫലമാണ് ലഭിക്കുന്നത്. ഇത് സര്‍ക്കാര്‍ നിയന്ത്രിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഒരു നായകന് ഒന്നോ രണ്ടോ ലക്ഷത്തില്‍ കൂടുതല്‍ പ്രതിഫലം എന്തിന്റെ അടിസ്ഥാനത്തിലാണ് കൊടുക്കുന്നത്? ഏറിയാല്‍ അഞ്ചു ലക്ഷം. അതില്‍ കൂടുതല്‍ പ്രതിഫലം നല്‍കാന്‍ എന്തുമായാജാലം ആണ് അയാള്‍ കാണിക്കുന്നത്? തത്തുല്യമായി മറ്റുള്ളവര്‍ക്കും പ്രതിഫലം നിശ്ചയിച്ചാല്‍ എത്ര വലിയ സിനിമയും ഒരു കോടി രൂപ കൊണ്ട് നിര്‍മ്മിക്കാന്‍ കഴിയും. ഇതിന്റെ വിഹിതം പ്രേക്ഷകരിലേക്ക് കൂടെ തിരിച്ചു വിട്ടാല്‍ സിനിമ കാണുന്നവരുടെ ഭാരം കുറയുകയും, കാണികളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല, ഒട്ടേറെ പ്രതിഭാശാലികള്‍ ഈ രംഗത്തേക്ക് വരികയും, ലോകോത്തര സിനിമകള്‍ ഇവിടെ നിര്‍മ്മിക്കാനും കഴിയും. 50 രൂപയില്‍ കൂടുതല്‍ ഒരു പ്രേക്ഷകനില്‍ നിന്ന് വാങ്ങുന്നത് പിടിച്ചുപറിയും, പകല്‍ കൊള്ളയും ആണ്.
ചുരുക്കത്തില്‍, ഈജിയന്‍ തൊഴുത്തായി മാറിയ സിനിമാമേഖലയെ വൃത്തിയാക്കേണ്ട ചുമതല സര്‍ക്കാരിനും, പൊതുജനങ്ങള്‍ക്കും ഉണ്ട്. എല്ലാ വകുപ്പുകളും സുതാര്യമായിരുന്നാല്‍ മാത്രമേ മലയാള സിനിമ രക്ഷപ്പെടുകയുള്ളൂ. പൂച്ചയ്ക്ക് ആര് മണികെട്ടും എന്നതാണ് പ്രധാന പ്രശ്‌നം.