കേന്ദ്രത്തിലെ മോദിസര്‍ക്കാര്‍ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ പോകുന്നത് ലോകസഭയില്‍ വലിയ ഒച്ചപ്പാടായതൊന്നും തിരുവനന്തപുരത്തെ ഏ.കെ.ജി. സെന്ററിലെ സഖാക്കള്‍ അറിഞ്ഞില്ലേ? ഏ.കെ.ജി സെന്ററില്‍ നിന്ന് ഇതു സംബന്ധിച്ച് ഒരു പ്രതിഷേധ പത്രക്കുറിപ്പില്ല! പാര്‍ട്ടിക്ക് പ്രതിഷേധ റാലി വേണ്ട! വഫഖ് നിയമ ഭേദഗതി കേരളം നടപ്പാക്കില്ല എന്ന് മുഖ്യന്‍ വിജയന്‍ സഖാവിന്റെ വിളംബരമില്ല!. സി.എ.എ കേന്ദ്രം കൊണ്ടുവന്നപ്പോഴും പൊതുസിവില്‍ നിയമം നടപ്പാക്കുമെന്നു പറഞ്ഞപ്പോഴും ഇതായിരുന്നില്ല പാര്‍ട്ടിയുടെ നിലപാട്. പൊതുസിവില്‍ നിയമത്തിനെതിരെ കല്ല് മുള്ള് മൂര്‍ഖന്‍ പാമ്പുവരെ സകല ഇസ്ലാമിക സംഘടനകളെയും ക്ഷണിച്ച് കാല്‍കഴുകി ആദരിച്ചായിരുന്നു കോഴിക്കോട് കടപ്പുറത്തെ സി.പി.എം റാലി. മുസ്ലിം ന്യൂനപക്ഷത്തിന്റെ സംരക്ഷകപാറ്റന്റ് പാര്‍ട്ടി തട്ടിയെടുത്തു എന്ന് ലീഗുകാര്‍ വരെ പേടിച്ചു പോയി. അത്രയ്ക്ക് മുസ്ലിം പ്രേമം വഴിഞ്ഞൊഴുകിയ പാര്‍ട്ടി ഇപ്പോള്‍ വഖഫ് നിയമ ഭേദഗതിക്കെതിരെ വായ തുറക്കുന്നില്ല. എന്നുമാത്രമല്ല വയനാട് പ്രകൃതി ദുരന്ത ദുരിതാശ്വാസത്തിന്റെ പേരില്‍ കാസര്‍കോടും മറ്റും പോര്‍ക്ക് ചാലഞ്ചും സംഘടിപ്പിച്ചിരിക്കുന്നു. എന്തുപറ്റി ഈ പാര്‍ട്ടിക്ക് എന്ന് സമസ്തക്കാര്‍ മൂക്കത്ത് വിരല്‍ വെച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് ചില മാറ്റം സംഭവിച്ചിരിക്കുന്നു. ഹിന്ദുത്വഫോബിയ എന്ന അസുഖത്തിന്റെ ലക്ഷണമാണ് കാണുന്നത്. തൃശ്ശൂരില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിച്ചതും പാര്‍ട്ടികേന്ദ്രങ്ങളില്‍ പോലും സ്വന്തം വോട്ട് ബി.ജെ.പിയിലേക്ക് ചോര്‍ന്നതും പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിച്ചിരിക്കുന്നു. പാര്‍ട്ടിയുടെ മുസ്ലിം പ്രീണനത്തിനുള്ള തിരിച്ചടിയാണിത് എന്ന് അവര്‍ക്ക് ബോധ്യമായി. ഹിന്ദു വോട്ടിന് വിലയില്ല എന്ന തോന്നലില്‍ മുസ്ലിം പ്രീണനത്തിന് ഇസ്ലാമിസ്റ്റുകളോട് വരെ മത്സരിക്കാന്‍ തയ്യാറായ സി.പി.എമ്മിനെ ഒരൊറ്റ തിരഞ്ഞെടുപ്പ് കൊണ്ട് ഹിന്ദുത്വ പേടിയുള്ളവരാക്കി മാറ്റാന്‍ കഴിയുമെങ്കില്‍ ബി.ജെ.പിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തു സീറ്റു നേടാന്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി? സംശയിക്കണ്ട കേരള രാഷ്രീയത്തിലെ മതപ്രീണന മത്സരം അറബിക്കടലിലെറിഞ്ഞ് ഇടതു വലതു രാഷ്ട്രീയക്കാര്‍ ആര്‍.എസ്.എസ്സിനെ വെല്ലുന്ന ഹിന്ദുത്വവാദികളായി മാറുന്ന കാഴ്ച നേരില്‍ കാണാന്‍ അധികകാലം വേണ്ടി വരില്ല.