നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ധാര്‍മ്മികമാണെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തെയാകെ സംഘടിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. വ്യക്തിപരമായ കുറവുകളെ പരസ്പരമുള്ള സഹകരണത്തിലൂടെ ഒഴിവാക്കി പൂര്‍ണതയിലേക്ക് നയിക്കുകയാണ് സംഘടനയുടെ മര്‍മ്മം. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായിരുന്ന ശ്രീഗുരുജി ഗോള്‍വല്‍ക്കര്‍ ഇതിനെ ധര്‍മ്മമെന്ന് തന്നെയാണ് വിശേഷിപ്പിച്ചത്, മോഹന്‍ ഭാഗവത് പറഞ്ഞു. ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആഡിറ്റോറിയത്തില്‍ ഗുരുജിയുടെ എണ്ണച്ചായാചിത്രം അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
പരസ്പര സഹകരണത്തിലൂടെ ഓരോ വ്യക്തിയും കഴിവുകള്‍ ആര്‍ജിക്കണം. ചുറ്റുമുള്ള സമൂഹത്തെയും കഴിവുള്ളവരാക്കണം. അതിനായി ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലേ പ്രവര്‍ത്തിക്കൂ എന്ന് ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. ചെയ്യുന്ന എല്ലാ കാര്യത്തിലും ആത്മാര്‍ത്ഥതയും ആധികാരികതയും ഉണ്ടാവണം, മോഹന്‍ ഭാഗവത് പറഞ്ഞു. ശ്രീഗുരുജിയുടെ ജീവിതം ഇതിന് മാതൃകയാണ്. അദ്ദേഹം ഇടപഴകിയ എല്ലാവരിലും ഉറച്ച സൗഹൃദം സൃഷ്ടിച്ചു. അവരില്‍ ധാര്‍മ്മികബോധവും രാഷ്ട്രസ്‌നേഹവും നിറച്ചു. ആദര്‍ശത്തോടുള്ള അദ്ദേഹത്തിന്റെ അച്ചടക്കവും പെരുമാറ്റവും സമാജത്തെയാകെ സംഘബോധത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനത്തിന് ഊര്‍ജം പകര്‍ന്നു, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ധരംപേത്ത് മഹിളാ കോ-ഓപ് സൊസൈറ്റിയെ പ്രശംസിച്ച സര്‍മഹിളകളുടെ സഹകരണസംഘം സാമൂഹ്യസേവനത്തിന് മാതൃസഹജമായ ഇഴയടുപ്പം സൃഷ്ടിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. സ്ത്രീകളുടെ സ്വഭാവത്തില്‍ അടിസ്ഥാനപരമായി ഒരു വാത്സല്യം ഉണ്ട്. അതുകൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും ഏറെ ഹൃദയപൂര്‍വം ചെയ്യാന്‍ അവര്‍ക്കാവും, സര്‍സംഘചാലക് പറഞ്ഞു.
ധരംപേഠ് മഹിളാ സ്റ്റേറ്റ് കോ-ഓപ് സൊസൈറ്റി പ്രസിഡന്റ് നീലിമ ബവാനെ, വൈസ് പ്രസിഡന്റ് സരിക പെന്‍ഡ്‌സെ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.