”Seeing is believing” എന്ന ചൊല്ല് വെറുതെ രൂപപ്പെട്ടതല്ല എല്ലാ പഴഞ്ചൊല്ലുകളും പോലെ ഇതും അനുഭവങ്ങളുടെ ചൂളയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. പൊതുസമൂഹം ഒന്നിന്റെയും യുക്തിയുടെ പിറകെ പോകാറില്ല. കാണുന്നതും കേള്‍ക്കുന്നതും യാഥാര്‍ത്ഥ്യവുമായി എന്തെങ്കിലും ബന്ധമുള്ളതാണോ എന്നൊന്നും അവര്‍ ചിന്തിക്കാറില്ല.
”മുന്‍പേ ഗമിച്ചീടിന ഗോവു തന്റെ
പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം”
എന്ന നമ്പ്യാര്‍ വചനവും ഇത്തരം അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടതുതന്നെ. സമൂഹത്തിന്റെ ഇത്തരം യുക്തിബോധമില്ലായ്മയാണ് പലതരത്തിലുള്ള തീവ്രവാദ വിധ്വംസക സംഘടനകള്‍ക്കും വഴിതെളിച്ചു കൊടുക്കുന്നത്. എന്തെങ്കിലും കേട്ടാലുടനെ സാധാരണ ജനങ്ങള്‍ അതു വിശ്വസിക്കുന്നു. സാധാരണക്കാരുടെ ഈ ദൗര്‍ബല്യത്തെ മുതലെടുക്കാനായി ജാതിമത സംഘടനകള്‍ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ചു കള്ളക്കഥകള്‍ പ്രചരിപ്പിക്കും. ജനങ്ങള്‍ അതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങും.
മുന്‍പൊരിക്കല്‍ ഈ പംക്തിയില്‍ ഈ വിഷയം സൂചിപ്പിച്ചതാണെങ്കിലും ഒരിക്കല്‍ കൂടി പറയേണ്ടതായി വന്നിരിക്കുന്നതുകൊണ്ട് ആവര്‍ത്തിക്കുന്നതില്‍ മാന്യവായനക്കാര്‍ ക്ഷമിക്കണം. ഈ ആവര്‍ത്തനത്തിനു മതിയായ കാരണമുണ്ട്. കേരളത്തില്‍ മാറുമറക്കുന്നതിന് കരം കൊടുക്കണമായിരുന്നുവെന്നും ആ കരത്തിനെതിരെ നങ്ങേലി എന്നൊരു സ്ത്രീ തന്റെ മുല കണ്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചുവെന്നും ഒരു കള്ളക്കഥ ഈയടുത്ത കാലത്ത് ചിലര്‍ ചേര്‍ന്ന് പ്രചരിപ്പിച്ചു. പഴയകാല വസ്തു രേഖകളില്‍ സ്ത്രീകള്‍ കൊടുക്കുന്ന ഭൂനികുതിയ്ക്കു മുലക്കരമെന്നും പുരുഷന്മാര്‍ കൊടുക്കുന്നതിന് തലക്കരമെന്നും രേഖപ്പെടുത്തിയിരുന്നു. ഈ പ്രചരണക്കാര്‍ അതിലെ ‘മുലക്കര’മെന്ന വാക്കിനെ ‘മുലയ്ക്കുള്ള കരം’ എന്നു പ്രചരിപ്പിച്ചു. വസ്തു സ്ഥിതി എന്തെന്നു മനസ്സിലാക്കാന്‍ ശ്രമിക്കാത്ത സാധാരണക്കാര്‍ ഇതൊക്കെ അപ്പടി വിശ്വസിച്ചു. പ്രചരണക്കാരുടെ ഉദ്ദേശ്യം ജാതീയമായ വിടവു സൃഷ്ടിക്കുക എന്നതായിരുന്നു. സംവരണം തുടങ്ങിയ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിന് ജാതീയമായി വലിയ പീഡനങ്ങള്‍ നടന്നിരുന്നു എന്നു വരുത്തിത്തീര്‍ക്കേണ്ടിയിരുന്നതിനാല്‍ പലരും യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടും നിശ്ശബ്ദരായി നിന്നു.
തെളിവുകള്‍ നിരത്തി ഈ കള്ളക്കഥ പൊളിക്കാന്‍ എത്ര ശ്രമിച്ചാലും എളുപ്പമല്ല. കാരണം സമൂഹമനസ്സില്‍ കഥകള്‍ ഉറച്ചുകഴിഞ്ഞു. ചിലര്‍ ചേര്‍ന്ന് ആലപ്പുഴക്കടുത്ത് ഒരു സ്ഥലത്തിന് ‘നങ്ങേലിമുക്ക്’ എന്നു പേരും കൊടുത്തിരിക്കുന്നു. അവിടെ നങ്ങേലി ജീവിച്ചിരുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചിട്ടും നാട്ടുകാര്‍ പോലും തങ്ങള്‍ക്കു പരിചയമേതുമില്ലാത്ത അക്കഥയ്‌ക്കെതിരെ പ്രതികരിക്കാന്‍ മുതിര്‍ന്നില്ല. കാരണം അതൊന്നും അവരുടെ ദൈനംദിന ജീവിതവുമായി ഒരു തരത്തിലും ബന്ധപ്പെടാത്ത കാര്യമായിരുന്നു. അതിന്റെ നിജസ്ഥിതി അന്വേഷിച്ചു പോകാന്‍ സാധാരണ മനുഷ്യര്‍ ഗവേഷകരൊന്നുമല്ലല്ലോ.
ഇക്കഥ ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ കാരണം മലയാളം വാരികയില്‍ (ആഗസ്റ്റ് 19) ‘പി.കെ റോസിയുടെ തിരിച്ചുവരവ്’ എന്ന പേരില്‍ പ്രേംചന്ദ് എന്നൊരാള്‍ എഴുതിയിരിക്കുന്ന ഒരു ലേഖനം വായിച്ചതാണ്. നങ്ങേലിയുടെ കെട്ടുകഥ പോലെ ഒന്നാണ് പി.കെ. റോസിയ്ക്കു നേരേയുള്ള ജാതികലാപവും. ‘വിഗതകുമാരന്‍’ എന്ന ചലച്ചിത്രമാണ് മലയാളത്തിലെ ആദ്യചലച്ചിത്രം എന്ന സങ്കല്പം മൊത്തത്തില്‍ ഉറച്ചു കഴിഞ്ഞതിനാല്‍ അതിനെ ഇനി തിരുത്തേണ്ട കാര്യം ഇല്ല. എന്നാല്‍ വിഗതകുമാരന്‍ ഇറങ്ങി എന്നു പറയുന്നതിനു (1928) ശേഷം 1933ല്‍ പുറത്തിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മയാണ് ആദ്യ മലയാള ചിത്രം എന്ന് അവകാശപ്പെടുന്ന ചിലര്‍ ഉണ്ട്. അവരുടെ വാദഗതിയ്ക്കു കാരണം മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിന്റ് ഇന്നു ലഭ്യമാണ്; വിഗതകുമാരന്റെ പ്രിന്റ് ലഭ്യമല്ല എന്നുമാത്രമല്ല കാര്യമായ തെളിവുകളൊന്നും ലഭ്യമല്ല. ഒന്നോ രണ്ടോ സ്റ്റില്ലുകള്‍ ലഭിച്ചിട്ടുണ്ടെന്നു മാത്രം. മറ്റൊരു തെളിവും ഇല്ല. എന്നാല്‍ പ്രശസ്ത ചലച്ചിത്ര നിരൂപകനും ചരിത്രകാരനും സംവിധായകനുമായ വിജയകൃഷ്ണനെപ്പോലുള്ളവര്‍ പറയുന്നത് സിനിമ കണ്ടിട്ടുള്ള നാഗവള്ളി ആര്‍.എസ്. കുറുപ്പ്, കെ.ഗോപിനാഥ്, ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തുടങ്ങിയവരുടെ സാക്ഷ്യം ഉണ്ടെന്നാണ്. വിഗതകുമാരന്‍ ആദ്യ മലയാള ചലച്ചിത്രമാണെന്നുള്ള സങ്കല്പം കേരളത്തില്‍ നേരത്തേതന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ അതിലെ നായികയെക്കുറിച്ച് ആദ്യകാലത്ത് പ്രചരിച്ചിരുന്ന കഥ അതൊരു ആംഗ്ലോ ഇന്ത്യന്‍ യുവതി ആയിരുന്നുവെന്നാണ്.
പില്‍ക്കാലത്ത് വിജയകൃഷ്ണനെപ്പോലുള്ളവര്‍ നടത്തിയ വലിയ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പി.കെ. റോസി എന്ന നടി രാജമ്മ എന്ന യുവതി പേരുമാറിയതാണെന്ന വിവരം പുറത്തുവന്നത്. കൂടുതല്‍ അന്വേഷിച്ച ചിലര്‍ക്ക് അക്കാലത്ത് അഭിനയിച്ചിരുന്ന ദളിത് യുവതിയായ രാജമ്മയും പി.കെ. റോസിയെന്ന രാജമ്മയും ഒരാളാണെന്ന സംശയമുണ്ടായി. അതോടുകൂടി കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ കഥകള്‍ മെനയാന്‍ തുടങ്ങി. മുന്‍പെങ്ങും കേള്‍ക്കാത്ത കഥകള്‍. പി.കെ. റോസി താഴ്ന്ന ജാതിക്കാരി ആയിരുന്നുവെന്നും താഴ്ന്ന ജാതിക്കാരി നായര്‍ കഥാപാത്രത്തെ അവതരിപ്പിച്ചതിനാല്‍ ക്ഷുഭിതരായ പ്രമാണിമാര്‍ അവരെ ആക്രമിച്ചുവെന്നും ചലച്ചിത്രത്തെത്തന്നെ പരാജയപ്പെടുത്തിക്കളഞ്ഞു എന്നുമൊക്കെ കഥകള്‍ മെനഞ്ഞെടുത്തു.
1895 ഡിസംബര്‍ 28ന് പാരീസില്‍ ലൂമിയര്‍ സഹോദരന്മാര്‍ ഗ്രാന്റ് കഫേയില്‍ ആദ്യ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ അതിനെ സംശയത്തോടെ നോക്കിയ ചിലര്‍ ഉണ്ടായിരുന്നു. മാന്ത്രികവിദ്യയാണെന്നും പിശാചിന്റെ കളിയാണെന്നുമൊക്കെ കരുതിയവരുണ്ടായിരുന്നു. ലോകത്തു പലയിടത്തും ആദ്യകാല ചലച്ചിത്രങ്ങളെ ഭയപ്പാടോടും സംശയത്തോടും നോക്കിക്കണ്ട ജനങ്ങള്‍ ഉണ്ടായിരുന്നു. ചിലയിടത്തെങ്കിലും അക്രമങ്ങള്‍ കാണിച്ചവരുമുണ്ടായിട്ടുണ്ട്. എംജി.ആറിന് വില്ലനെ കുത്താനായി സ്വന്തം കത്തിയെടുത്ത് എറിഞ്ഞുകൊടുത്ത ഒരു പ്രേക്ഷകനെപ്പറ്റി സാധാരണ പറഞ്ഞു കേട്ടിട്ടുണ്ട്.
മലയാളത്തില്‍ ആദ്യമായി (നിശ്ശബ്ദ സിനിമയായിരുന്നതിനാല്‍ മലയാളത്തില്‍ എന്നു പറയുന്നതു ശരിയല്ല; കേരളത്തില്‍ എന്നു മതിയാകും) ഒരു നടി അഭിനയരംഗത്തേയ്ക്കു വന്നപ്പോള്‍ വലിയ അത്ഭുതത്തോടെ ഇവിടുത്തുകാര്‍ കണ്ടിട്ടുണ്ടാവാം. അസഹിഷ്ണുത തോന്നിയവര്‍ കൂക്കിവിളിച്ചിട്ടുണ്ടാവാം. തിരുവനന്തപുരത്തുകാര്‍ ഒരുപക്ഷേ നടിയെ തിരിച്ചറിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ പി.കെ. റോസി ആരെന്നോ രാജമ്മ ആരെന്നോ എന്നൊന്നും അറിഞ്ഞുകൂടല്ലോ. അവരാരും ഈ ദളിത് വിരോധത്തിന്റെ പേരില്‍ സിനിമയെ തഴയാനിടയില്ലല്ലോ.
പില്‍ക്കാലത്ത് പ്രശസ്തയായിത്തീര്‍ന്ന എന്റെ നാട്ടിലെ ഒരു നടി ആദ്യകാലത്ത് സിനിമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തിയേറ്ററില്‍ കൂക്കിവിളിക്കുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാലങ്ങള്‍ക്കുശേഷം ഈ താരം തെന്തിന്ത്യ മുഴുവന്‍ പ്രശസ്തയായിത്തീര്‍ന്നപ്പോള്‍ കൂക്കിവിളിച്ച ബന്ധുക്കള്‍ തന്നെ അവരുടെ പേരില്‍ അഭിമാനം കൊള്ളുന്നതും കണ്ടിട്ടുണ്ട്. പ്രസ്തുത നടി ഇന്നത്തെ സാമൂഹ്യശാസ്ത്രജ്ഞന്മാരുടെ ഭൂതക്കണ്ണാടി വച്ചു നോക്കിയാല്‍ സവര്‍ണ്ണ കുലത്തില്‍ പെട്ടതാണെന്നു പറയാം. പി.കെ.റോസിയെ കൂക്കി വിളിച്ചിട്ടുണ്ടെങ്കില്‍ അതും ഈ മനോഭാവം കൊണ്ടാവാം. കൂക്കിവിളിച്ചു എന്നു പറഞ്ഞവര്‍ തന്നെ ജനം നിശ്ശബ്ദമായിരുന്നു സിനിമ കണ്ടു എന്നും എഴുതിയിട്ടുണ്ട്.
പി.കെ. റോസിയുടെ ദളിത് ഐഡന്റിറ്റി സ്ഥാപിച്ചെടുക്കാന്‍ തമിഴ് നാട്ടിലേയ്ക്ക് പോയവര്‍ക്ക് അവര്‍ ഒരു കേശവപിള്ളയുടെ ഭാര്യയായിരുന്നെന്നും മകന്റെ പേര് ഗോപിനാഥന്‍ നായര്‍ എന്നോ മറ്റോ ആണെന്നുമൊക്കെ കിട്ടിയെന്നല്ലാതെ രാജമ്മ എന്ന പി.കെ റോസി ഒരു ദളിത് സ്ത്രീ ആയിരുന്നുവെന്നതിന് ശരിക്കുള്ള തെളിവൊന്നും കിട്ടിയില്ല. എങ്കിലും രാജമ്മയെന്ന പി.കെ. റോസി ഒരു ദളിത് സ്ത്രീ ആയിരുന്നെന്നും ദളിത് ആയതിന്റെ പേരില്‍ അവരെ ആക്രമിച്ചുവെന്നുമൊക്കെ നേരത്തേ പറഞ്ഞ ‘നങ്ങേലി നിര്‍മ്മാതാക്കള്‍’ കഥകള്‍ ഉണ്ടാക്കി. സിനിമ തന്നെ പുറത്തിറങ്ങിയിട്ടില്ലെന്നു വാദിക്കുന്ന ചില ചലച്ചിത്ര ചരിത്രകാരന്മാരുണ്ട്. അത് ശരിയല്ല എന്ന് സമ്മതിക്കാമെങ്കിലും രാജമ്മ ദളിത് ആയതിനാല്‍ സിനിമയെ ആക്രമിച്ചുവെന്ന നുണക്കഥയ്ക്ക് ഒരു തെളിവും ഇല്ല. ലോകത്തൊരിടത്തും കലാകാരന്മാരുടെ ജാതിയോ മതമോ ആരും കണക്കിലെടുക്കാറില്ല. സഞ്ജയ് ദത്ത് തീവ്രവാദ സംഘങ്ങളുമായി ബന്ധം വച്ചിട്ടും തോക്കുകൈവശം വച്ചതിന് ജയിലില്‍ ആയിട്ടും അദ്ദേഹത്തിന്റെ സിനിമകള്‍ ആരും ബഹിഷ്‌ക്കരിച്ചില്ല. കലയ്ക്ക് അങ്ങനെയൊരു മാന്ത്രിക ശക്തിയുണ്ട്. ഹൃദയത്തെ സ്വാധീനിക്കുന്ന കലാപ്രകടനത്തെ തള്ളിപ്പറയാന്‍ ആര്‍ക്കും കഴിയില്ല. അത് ആസ്വദിക്കുന്ന നിമിഷങ്ങളില്‍ അവര്‍ എല്ലാവിഭാഗീയതയേയും മാറ്റിവയ്ക്കും. മതത്തിന്റെ പേരില്‍ സുരേഷ്‌ഗോപിയെ നിരന്തരം ആക്രമിക്കുന്നവര്‍ തന്നെ അദ്ദേഹത്തിന്റെ സിനിമ പുറത്തു വരുമ്പോള്‍ അറിയാതെ തിയേറ്ററിലെത്തുന്നതു കൊണ്ടാണല്ലോ അവയില്‍ പലതും വിജയിച്ചത്.
വിഗതകുമാരന്‍ പുറത്തുവരുന്നതിനും സുമാര്‍ അന്‍പതു വര്‍ഷം മുന്‍പ് ജനിച്ച ശുഭാനന്ദ സ്വാമികള്‍ എന്ന സന്ന്യാസിവര്യന്‍ അപ്പോഴേയ്ക്കും തന്റെ ജാതിയ്ക്ക് അതീതമായി കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരുന്നു. പറയസമുദായാംഗമായിരുന്നിട്ടും തിരുവിതാംകൂര്‍ രാജാവായിരുന്ന ചിത്തിര തിരുനാള്‍ മഹാരാജാവുപോലും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടിരുന്നത്. ശുഭാനന്ദഗുരുദേവന്റെ പ്രവര്‍ത്തനങ്ങളെ പല രീതിയിലും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ജാതിഭേദമെന്യേ എല്ലാഹിന്ദുക്കളുമുണ്ടായിരുന്നു. ജാതിയുടെ പേരില്‍ സ്പര്‍ദ്ധയൊക്കെ ചിലര്‍ കാണിച്ചിട്ടുണ്ടെങ്കിലും കലയ്ക്കും സന്ന്യാസത്തിനും ഒരുകാലത്തും ജാതി തടസ്സമായിരുന്നില്ല.
”കൊല്ലമങ്ങറുപതാണ്ടു മുന്നമേറെ ചിന്തിക്കുമ്പോള്‍ കാഞ്ഞങ്ങാടിയിത്ര വളര്‍ന്നിട്ടില്ല” അറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഞ്ഞങ്ങാടി ഇത്രമാത്രം വലുതായിരുന്നില്ല എന്ന പ്രസ്താവനയെ പദങ്ങള്‍ സ്ഥാനം മാറ്റി അവതരിപ്പിച്ചാല്‍ അതൊരു കവിതയാകുമോ? ആകും എന്നാണ് ബാലഗോപാലന്‍ കാഞ്ഞങ്ങാട് എന്ന കവി ‘കാഞ്ഞങ്ങാട്ടങ്ങാടിയില്‍’ എന്ന കവിതയിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് (മലയാളം വാരിക). കാഞ്ഞങ്ങാട് എന്ന സ്ഥലത്തിന്റെ നാമം ഉദ്ഭവിച്ചതിനെക്കുറിച്ചുള്ള ചരിത്രമെല്ലാം അദ്ദേഹം വൃത്തരഹിതമായ പദ്യത്തില്‍ എഴുതിയിരിക്കുന്നു. ഒരു ലേഖനം എഴുതിയിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുറച്ചുകൂടി സുവ്യക്തമായേനേ! ”പരിഷ്‌ക്കാരപെരുമ്പണം കുടിച്ചൊരാപെരുഞ്ചെനം ഇരവും പകലുമില്ലാസജീവമായി” എന്നൊക്കെയെഴുതുമ്പോള്‍ കവിതയുടെ ഒരു ചെറിയ തരിയൊക്കെ പാറിവീഴുന്നുമുണ്ട്.
സുബീഷ് തെക്കൂട്ട് മലയാളത്തിലെഴുതിയിരിക്കുന്ന കവിത ”വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്” പേരുപോലെ വന്ധ്യമല്ല. വയനാട് ദുരന്തത്തെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ സുബീഷ് അവതരിപ്പിച്ചിരിക്കുന്നു. ”എഴുതാനുള്ളതൊക്കെയും എഴുതിവച്ച് ഉറങ്ങാന്‍ കിടന്ന ഗ്രാമം എണീറ്റില്ല” എന്നു വായിക്കുമ്പോള്‍ ഭീതിദമായ ദുരന്തത്തിന്റെ ചിത്രം ആരുടെ ഹൃദയത്തിലും ഓടിയെത്തും. സുബീഷിന് അഭിനന്ദനങ്ങള്‍.